ദൂഷണത്തിന്റെ വേരുകൾ അനാവരണം ചെയ്യൽ
“ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നതു.”—മത്തായി 12:34.
ഏകദേശം രണ്ടു സഹസ്രാബ്ദങ്ങൾക്കു മുമ്പ് യേശുക്രിസ്തു മേൽപ്പറഞ്ഞ വാക്കുകൾ പ്രസ്താവിച്ചു. അതേ, ഒരു വ്യക്തിയുടെ വാക്കുകൾ മിക്കപ്പോഴും അയാളുടെ ഏറ്റവും ആഴത്തിലുള്ള വികാരങ്ങളെയും പ്രചോദനങ്ങളെയും പ്രതിഫലിപ്പിക്കുന്നു. അവ സ്തുത്യർഹമായിരിക്കാം. (സദൃശവാക്യങ്ങൾ 16:23) നേരേമറിച്ച്, അവ വഞ്ചകമായിരിക്കാം.—മത്തായി 15:19.
തന്റെ ഇണയെ സംബന്ധിച്ച് ഒരു സ്ത്രീ പറഞ്ഞു: “അദ്ദേഹം അപ്രതീക്ഷിതമായി കോപിഷ്ടനാകുന്നതായി തോന്നുന്നു, അദ്ദേഹത്തോടൊപ്പം ജീവിക്കുന്നതു മിക്കപ്പോഴും ഒരു മൈൻപാടത്തുകൂടെ നടക്കുന്നതുപോലെയാണ്—ഒരു സ്ഫോടനത്തിനു വഴിമരുന്നിടുന്നത് എന്താണെന്നു നിങ്ങൾ ഒരിക്കലും അറിയുന്നില്ല.” തന്റെ ഭാര്യയോടുള്ള ബന്ധത്തിൽ സമാനമായ ഒരു സാഹചര്യം റിച്ചാർഡ് വിവരിക്കുന്നു. അയാൾ പറയുന്നു: “ലിഡിയ എല്ലായ്പോഴും ഒരു പോരാട്ടത്തിനായി ഒരുങ്ങിയിരിക്കുന്നു. അവൾ വെറുതെ സംസാരിക്കുകയില്ല; ഒരു കൊച്ചുകുട്ടിയോടെന്നപോലെ എന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ടു പോരാട്ടജ്വരം കയറിയമട്ടിൽ അവൾ വാക്കുകൾകൊണ്ട് ആക്രമിക്കുകയാണ്.”
ഏറ്റവും മെച്ചപ്പെട്ട വിവാഹങ്ങളിൽ പോലും വാദപ്രതിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടേക്കാം. പിന്നീടു ഖേദിക്കേണ്ടിവരുന്ന കാര്യങ്ങൾ എല്ലാ ഭർത്താക്കൻമാരും ഭാര്യമാരും പറയുന്നു. (യാക്കോബ് 3:2) എന്നാൽ വിവാഹത്തിലെ ദൂഷണം അതിൽ കവിഞ്ഞതാണ്; ഒരുവന്റെ ഇണയെ ഭരിക്കാനോ നിയന്ത്രിക്കാനോ ഉദ്ദേശിച്ചുള്ള തരംതാഴ്ത്തുന്നതും വിമർശനാത്മകവുമായ സംസാരം അതിൽ ഉൾപ്പെടുന്നു. ഉപദ്രവകരമായ സംസാരത്തിനു ചിലപ്പോൾ സൗമ്യതയുടെ പരിവേഷം ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, സങ്കീർത്തനക്കാരനായ ദാവീദ്, പുറമേ മൃദുഭാഷിയായ എന്നാൽ അകമേ ദുഷ്ടലാക്കുള്ള ഒരുവനെ വിവരിക്കുന്നു: “അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.” (സങ്കീർത്തനം 55:21; സദൃശവാക്യങ്ങൾ 26:24, 25) പുറമേ ദ്രോഹകരമായതോ മറയ്ക്കപ്പെട്ടതോ ആയിരുന്നുകൊള്ളട്ടെ, പരുക്കൻ സംസാരത്തിന് ഒരു വിവാഹത്തെ നശിപ്പിക്കാൻ കഴിയും.
അത് ആരംഭിക്കുന്ന വിധം
ദൂഷണത്തിന് ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നത് എന്താണ്? സാധാരണമായി, ഒരുവൻ കാണുകയോ കേൾക്കുകയോ ചെയ്യുന്ന കാര്യങ്ങളുമായാവാം അത്തരം സംസാരം ബന്ധപ്പെട്ടിരിക്കുന്നത്. അനേകം രാജ്യങ്ങളിൽ കുത്തുവാക്ക്, അപമാനിക്കൽ, അവമതിക്കൽ എന്നിവ സ്വീകാര്യയോഗ്യമായും തമാശയായി പോലും പരിഗണിക്കുന്നു.a “യഥാർഥ” പുരുഷൻമാരെ മേധാവിത്വം പുലർത്തുന്നവരും ആക്രമണോത്സുകരുമായി മിക്കപ്പോഴും ചിത്രീകരിക്കുന്ന മാധ്യമങ്ങളാൽ വിശേഷാൽ ഭർത്താക്കൻമാർ സ്വാധീനിക്കപ്പെട്ടേക്കാം.
സമാനമായി, തരംതാഴ്ത്തുന്ന വിധത്തിൽ സംസാരിക്കുന്ന അനേകർ വളർന്നുവന്നത്, മാതാപിതാക്കളിൽ ഒരാളുടെ കോപം, നീരസം, അവജ്ഞ എന്നിവ പതിവായി അണപൊട്ടിയൊഴുകിയിരുന്ന ഭവനങ്ങളിലാണ്. അങ്ങനെ, ഈ വിധത്തിലുള്ള പെരുമാറ്റം സാധാരണമാണെന്നുള്ള സന്ദേശമാണു ചെറുപ്പം മുതലേ അവർക്കു ലഭിച്ചിരിക്കുന്നത്.
അത്തരം സാഹചര്യത്തിൽ വളർന്ന കുട്ടി ഒരു സംസാര മാതൃകയെക്കാളധികം പഠിച്ചേക്കാം; തന്നെയും മറ്റുള്ളവരെയും കുറിച്ച് ഒരു വികലമായ വീക്ഷണം അവൻ ഉൾക്കൊണ്ടേക്കാം. ഉദാഹരണത്തിന്, പരുക്കൻ സംസാരം കുട്ടിയുടെ നേരെ തിരിച്ചുവിടുന്നെങ്കിൽ, വിലകെട്ടവൻ ആണെന്നുള്ള തോന്നലോടെയോ, കോപിഷ്ഠനായിരിക്കാൻ പ്രകോപിപ്പിക്കപ്പെടുന്നവനായോ പോലും അവൻ വളർന്നു വന്നേക്കാം. തന്റെ പിതാവ് മാതാവിനെ വാക്കുകൾക്കൊണ്ടു പ്രഹരിക്കുന്നതു കുട്ടി കേൾക്കുന്നുവെങ്കിലോ? കുട്ടി വളരെ ചെറുപ്പമാണെങ്കിൽ പോലും, സ്ത്രീകളോടു തന്റെ പിതാവിനുള്ള പുച്ഛം അവന് ഉൾക്കൊള്ളാൻ കഴിയും. പുരുഷൻ സ്ത്രീകളെ നിയന്ത്രണത്തിൽ നിർത്തേണ്ടതുണ്ടെന്നും നിയന്ത്രണം നേടുന്നതിനുള്ള മാർഗം അവരെ ഭീഷണിപ്പെടുത്തുന്നതോ വ്രണപ്പെടുത്തുന്നതോ ആണെന്നും, പിതാവിന്റെ പെരുമാറ്റത്തിൽനിന്ന് ഒരു ആൺകുട്ടി പഠിച്ചേക്കാം.
കോപശീലമുള്ള ഒരു മാതാവോ പിതാവോ കോപശീലമുള്ള ഒരു കുട്ടിയെ വളർത്തിക്കൊണ്ടു വന്നേക്കാം. കാലക്രമത്തിൽ കുട്ടി “അനേകം അതിക്രമങ്ങൾ” ചെയ്യുന്ന “ഒരു ക്രോധ വീരനാ”യിത്തീരുന്ന ഘട്ടം വരെ വളർന്നേക്കാം. (സദൃശവാക്യങ്ങൾ 29:22, NW അടിക്കുറിപ്പ്) ക്ഷതപ്പെടുത്തുന്ന സംസാരത്തിന്റെ പൈതൃകം അങ്ങനെ ഒരു തലമുറയിൽനിന്നും അടുത്തതിലേക്കു കൈമാറപ്പെടാവുന്നതാണ്. നല്ല കാരണത്തോടെ പൗലോസ് പിതാക്കൻമാരെ ബുദ്ധ്യുപദേശിച്ചു: “നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കുന്നവരായിരിക്കരുത്.” (കൊലൊസ്സ്യർ 3:21, NW) അർഥവത്തായി, പുതിയനിയമത്തിന്റെ ദൈവശാസ്ത്ര നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, ‘പ്രകോപിപ്പിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്, “പോരാട്ടത്തിനു വേണ്ടി ഒരുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക” എന്ന അർഥം വഹിക്കാൻ കഴിയും.
മാതാപിതാക്കളുടെ സ്വാധീനം, മറ്റുള്ളവരെ വാക്കുകൾകൊണ്ടോ മറ്റുവിധങ്ങളിലോ ആക്രമിക്കുന്നതിനെ തീർച്ചയായും ന്യായീകരിക്കുന്നില്ല. എന്നാൽ പരുക്കൻ സംസാരത്തിനുള്ള പ്രവണതയ്ക്ക് എങ്ങനെ ആഴത്തിൽ വേരൂന്നാൻ കഴിയുമെന്നു വിശദീകരിക്കാൻ അതു സഹായിക്കുന്നു. ഒരു യുവാവു ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയില്ലായിരിക്കാം, പക്ഷേ തന്റെ വാക്കുകളും മാറിമറയുന്ന ഭാവങ്ങളുംകൊണ്ട് അയാൾ അവളെ ഉപദ്രവിക്കുന്നുവോ? സ്ത്രീകളോടുള്ള പിതാവിന്റെ പുച്ഛം താൻ ഉൾക്കൊണ്ടിരിക്കുന്നുവെന്ന് ആത്മപരിശോധന വെളിപ്പെടുത്തിയേക്കം.
പ്രസ്പഷ്ടമായും, മേൽ പ്രസ്താവിച്ച തത്ത്വങ്ങൾ സ്ത്രീകൾക്കും ബാധകമാക്കാൻ കഴിയും. ഒരു മാതാവു തന്റെ ഭർത്താവിനെ വാക്കുകൾകൊണ്ട് അധിക്ഷേപിക്കുന്നെങ്കിൽ, വിവാഹിതയാകുമ്പോൾ പുത്രി തന്റെ ഭർത്താവിനോടും അതേ വിധത്തിൽ പെരുമാറിയേക്കാം. “പരുഷ നാവും പകയുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലതു.” (സദൃശവാക്യങ്ങൾ 21:19, ദ ബൈബിൾ ഇൻ ബേസിക് ഇംഗ്ലീഷ്) എന്നിരുന്നാലും, പുരുഷൻ ഈ സംഗതിയിൽ വിശേഷാൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. എന്തുകൊണ്ട്?
അടിച്ചമർത്തുന്നവരുടെ ശക്തി
വിവാഹത്തിൽ സാധാരണമായി ഭർത്താവിനു ഭാര്യയെക്കാൾ വർധിച്ച ശക്തിയുണ്ട്. മിക്കവാറും എല്ലായ്പോഴും അദ്ദേഹം ശാരീരികമായി കൂടുതൽ ശക്തനാണ്. ഇതു ശാരീരിക ഉപദ്രവത്തിന്റെ ഏതു ഭീഷണിയെയും കൂടുതൽ ഭയാനകമാക്കുന്നു.b കൂടാതെ, പുരുഷനു മിക്കപ്പോഴും മെച്ചമായ തൊഴിൽ വൈദഗ്ധ്യവും ജീവിതമാർഗം കണ്ടെത്തുന്നതിൽ കൂടുതൽ സ്വാതന്ത്ര്യവും വർധിച്ച സാമ്പത്തിക നേട്ടങ്ങളും ഉണ്ട്. ആയതിനാൽ, വാക്കുകൾകൊണ്ടു പ്രഹരമേറ്റ ഒരു സ്ത്രീക്കു കെണിയിൽ അകപ്പെട്ടതായി തോന്നാനും ഏകാന്തത അനുഭവപ്പെടാനും ഇടയുണ്ട്. അവൾ ജ്ഞാനിയായ ശലോമോൻ രാജാവിന്റെ പ്രസ്താവനയോടു യോജിച്ചേക്കാം: “പിന്നെയും ഞാൻ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാൽക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല.”—സഭാപ്രസംഗി 4:1.
ഭർത്താവ് അതിരുകടന്ന നിലകൾക്കിടയിൽ ചാഞ്ചാടുന്നുവെങ്കിൽ, അതായത് ഒരു നിമിഷം മര്യാദയുള്ളവനും അടുത്ത നിമിഷം വിമർശകനും ആണെങ്കിൽ ഭാര്യ കുഴഞ്ഞ അവസ്ഥയിൽ ആയിത്തീർന്നേക്കാം. (യാക്കോബ് 3:10 താരതമ്യം ചെയ്യുക.) കൂടുതലായി, ഭർത്താവ് ഒരു മതിയായ ഭൗതിക ദാതാവാണെങ്കിൽ, പരുക്കൻ സംസാരത്തിന്റെ ഇരയായ ഭാര്യയ്ക്ക്, വിവാഹത്തിൽ എന്തോ കുഴപ്പമുണ്ടെന്നു ചിന്തിക്കുന്നതു നിമിത്തം കുറ്റബോധം അനുഭവപ്പെട്ടേക്കാം. ഭർത്താവിന്റെ പെരുമാറ്റത്തിന് അവൾ സ്വയം കുറ്റപ്പെടുത്തുക പോലും ചെയ്തേക്കാം. “ശാരീരികമായി പ്രഹരിക്കപ്പെട്ട ഒരു ഭാര്യയെപ്പോലെതന്നെ, ഞാനാണ് അതിന് ഉത്തരവാദി എന്ന് ഞാൻ എല്ലായ്പോഴും ചിന്തിച്ചിരുന്നു” എന്ന് ഒരു സ്ത്രീ സമ്മതിച്ചു പറയുന്നു. മറ്റൊരു ഭാര്യ പറയുന്നു: “അദ്ദേഹത്തെ മനസ്സിലാക്കാനും അദ്ദേഹത്തോടുള്ള ഇടപെടലിൽ ‘ക്ഷമയുള്ളവളായിരിക്കാ’നും ഞാൻ കേവലം കഠിന ശ്രമം ചെയ്തിരുന്നെങ്കിൽ ഞാൻ സമാധാനം കണ്ടെത്തുമായിരുന്നുവെന്നു വിശ്വസിക്കാൻ ഞാൻ പ്രേരിപ്പിക്കപ്പെട്ടു.” സങ്കടകരമെന്നു പറയട്ടെ, ദുഷ്പെരുമാറ്റം മിക്കപ്പോഴും തുടരുന്നു.
സ്നേഹിക്കാമെന്നും വാത്സല്യപൂർവം പരിപാലിക്കാമെന്നും തങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുള്ള സ്ത്രീയുടെമേൽ ആധിപത്യം പുലർത്തിക്കൊണ്ട് അനേകം ഭർത്താക്കൻമാർ തങ്ങളുടെ ശക്തി ദുരുപയോഗിക്കുന്നതു തീർച്ചയായും ദയനീയമാണ്. (ഉല്പത്തി 3:16) എന്നാൽ അത്തരം ഒരു സാഹചര്യം സംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും? “പിരിഞ്ഞുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അദ്ദേഹം എന്നെ അധിക്ഷേപിക്കുന്നത് ഒന്നു നിർത്തണമെന്നേ എനിക്ക് ആഗ്രഹമുള്ളൂ,” എന്ന് ഒരു ഭാര്യ പറയുന്നു. ഒമ്പതു വർഷത്തെ വിവാഹ ജീവിതത്തിനുശേഷം ഒരു ഭർത്താവ് ഇപ്രകാരം സമ്മതിക്കുന്നു: “ഞാൻ വാക്കുകൾകൊണ്ട് അധിക്ഷേപിക്കുന്ന ഒരു ബന്ധത്തിലാണെന്നും അധിക്ഷേപകൻ ഞാനാണെന്നും ഞാൻ തിരിച്ചറിയുന്നു. നിശ്ചയമായും ഞാൻ മാറ്റംവരുത്താൻ ആഗ്രഹിക്കുന്നു, പിരിഞ്ഞുപോകാനല്ല.”
തുടർന്നുവരുന്ന ലേഖനം പ്രകടമാക്കും പോലെ, വ്രണപ്പെടുത്തുന്ന സംസാരത്താൽ തങ്ങളുടെ വിവാഹം ബാധിക്കപ്പെട്ടിരിക്കുന്നവർക്കു സഹായമുണ്ട്.
[അടിക്കുറിപ്പുകൾ]
a സ്പഷ്ടമായും, ഒന്നാം നൂറ്റാണ്ടിലും അതു സത്യമായിരുന്നു. “എങ്ങനെ മറ്റുള്ളവരെ അപമാനിക്കാമെന്ന് അല്ലെങ്കിൽ ഒരുവനുതന്നെ എതിരായുള്ള അപമാനിക്കലുകളെ എങ്ങനെ സഹിക്കാമെന്ന് അറിയുന്നതു ഗ്രീക്കുകാരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ കലകളിൽ ഒന്നായിരുന്നു,” എന്ന് പുതിയനിയമ ദൈവശാസ്ത്രത്തിന്റെ പുതിയ അന്തർദേശീയ നിഘണ്ടു (ഇംഗ്ലീഷ്) അഭിപ്രായപ്പെടുന്നു.
b വാക്കുകൾകൊണ്ടുള്ള ആക്രമണത്തിനു ഗാർഹിക ആക്രമണത്തിലേക്കുള്ള ഒരു ചവിട്ടുകല്ലായിരിക്കാൻ കഴിയും. (പുറപ്പാടു 21:18 താരതമ്യം ചെയ്യുക.) പ്രഹരിക്കപ്പെടുന്ന സ്ത്രീകൾക്കായുള്ള ഒരു ഉപദേഷ്ട്രി പറയുന്നു: “തന്റെ ജീവിതത്തെ അപകടപ്പെടുത്തുന്ന പ്രഹരം, കുത്തിമുറിവേൽപ്പിക്കൽ, ശ്വാസംമുട്ടിക്കൽ മുതലായവയ്ക്കെതിരെയുള്ള ഒരു സംരക്ഷണ ഉത്തരവിനായി വരുന്ന ഓരോ സ്ത്രീയ്ക്കും ശാരീരികമല്ലാത്ത ഉപദ്രവത്തിന്റെ ദീർഘവും വേദനാജനകവുമായ ഒരു ചരിത്രംകൂടി ഉണ്ടായിരുന്നിട്ടുണ്ട്.”
[6-ാം പേജിലെ ആകർഷകവാക്യം]
ദയനീയമെന്നു പറയട്ടെ, സ്നേഹിക്കാമെന്നും വാത്സല്യപൂർവം പരിപാലിക്കാമെന്നും തങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുള്ള സ്ത്രീയുടെമേൽ ആധിപത്യം പുലർത്തിക്കൊണ്ട് അനേകം ഭർത്താക്കൻമാർ തങ്ങളുടെ ശക്തി ദുരുപയോഗിക്കുന്നു
[7-ാം പേജിലെ ചിത്രം]
മാതാപിതാക്കൾ പരസ്പരം ഇടപെടുന്ന വിധം ഒരു കുട്ടിയെ സ്വാധീനിക്കുന്നു