വ്രണപ്പെടുത്തുന്ന വാക്കുകളിൽനിന്ന് സുഖപ്പെടുത്തുന്ന വാക്കുകളിലേക്ക്
“മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.”—സദൃശവാക്യങ്ങൾ 18:21.
അധിക്ഷേപിക്കൽ—അവമതിക്കുന്ന, നിന്ദാപൂർവകമായ സംഭാഷണരീതി മനഃപൂർവം ഉപയോഗിക്കുന്ന സ്വഭാവം—ബൈബിളിൽ വ്യക്തമായി കുറ്റംവിധിക്കപ്പെട്ടിരിക്കുന്നു. മോശൈക ന്യായപ്രമാണത്തിൻ കീഴിൽ, തന്റെ മാതാപിതാക്കളെ അധിക്ഷേപിക്കുന്നവൻ മരണശിക്ഷയ്ക്കു വിധേയനാകുമായിരുന്നു. (പുറപ്പാടു 21:27) അതുകൊണ്ട്, യഹോവയാം ദൈവം പ്രസ്തുത സംഗതിയെ നിസ്സാരമായി വീക്ഷിക്കുന്നില്ല. ഒരുവൻ ദൈവത്തെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്നിടത്തോളം കാലം ‘അടഞ്ഞ വാതിലുകൾക്കു പിമ്പിൽ’ സംഭവിക്കുന്ന എന്തും അത്ര പ്രധാനമല്ല എന്ന ആശയത്തെ അവന്റെ വചനമായ ബൈബിൾ പിന്താങ്ങുന്നില്ല. ബൈബിൾ പ്രസ്താവിക്കുന്നു: “നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ. (യാക്കോബ് 1:26; സങ്കീർത്തനം 15:1, 3) അതുകൊണ്ട് ഒരു പുരുഷൻ തന്റെ ഭാര്യയെ വാക്കുകൾകൊണ്ട് അധിക്ഷേപിക്കുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ മറ്റെല്ലാ ക്രിസ്തീയ പ്രവർത്തനങ്ങളും ദൈവത്തിന്റെ ദൃഷ്ടിയിൽ പ്രയോജനരഹിതം ആയിരുന്നേക്കാവുന്നതാണ്.a—1 കൊരിന്ത്യർ 13:1-3.
കൂടുതലായി, അധിക്ഷേപകനായ ഒരു ക്രിസ്ത്യാനി സഭയിൽനിന്നുള്ള ബഹിഷ്കരണത്തെ അഭിമുഖീകരിച്ചേക്കാവുന്നതാണ്. ദൈവരാജ്യത്തിലെ അനുഗ്രഹങ്ങൾ അദ്ദേഹം കളഞ്ഞുകുളിക്കുകപോലും ചെയ്തേക്കാം. (1 കൊരിന്ത്യർ 5:11; 6:9, 10) വ്യക്തമായും, വാക്കുകൾകൊണ്ടു വ്രണപ്പെടുത്തുന്ന ഒരു വ്യക്തി ഒരു വലിയ മാറ്റം വരുത്തേണ്ട ആവശ്യമുണ്ട്. എന്നാൽ അത് എങ്ങനെ നിർവഹിക്കാൻ കഴിയും?
പ്രശ്നത്തെ വെളിച്ചത്തു കൊണ്ടുവരൽ
സ്പഷ്ടമായും, തനിക്കൊരു ഗൗരവാവഹമായ പ്രശ്നമുണ്ടെന്നു വ്യക്തമായി തിരിച്ചറിയുന്നില്ലെങ്കിൽ ഒരു അപരാധി മാറ്റം വരുത്തുകയില്ല. ദുഃഖകരമെന്നു പറയട്ടെ, ഒരു ഉപദേഷ്ട്രി പ്രസ്താവിച്ചതുപോലെ, ദൂഷണം പറയുന്ന അനേകം പുരുഷൻമാർ “തങ്ങളുടെ പെരുമാറ്റത്തെ ഒരു അധിക്ഷേപമായി വീക്ഷിക്കുന്നില്ല. ഈ പുരുഷൻമാർക്ക്, അത്തരം പ്രവർത്തനങ്ങൾ ഭർത്താക്കൻമാരും ഭാര്യമാരും പരസ്പരം ഇടപെടുന്ന തികച്ചും സാധാരണവും ‘സ്വാഭാവിക’വുമായ വിധമാണ്.” അതുകൊണ്ട്, പ്രസ്തുത സാഹചര്യം നേരിട്ട് അവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതുവരെ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യം അനേകരും മനസ്സിലാക്കുകയില്ല.
തന്റെ തന്നെയും കുട്ടികളുടെയും ക്ഷേമത്തെപ്രതിയും ദൈവവുമായുള്ള തന്റെ ഭർത്താവിന്റെ നില സംബന്ധിച്ചുള്ള ആകുലതനിമിത്തവും, സാഹചര്യം പ്രാർഥനാപൂർവം തൂക്കിനോക്കിയ ശേഷം കാര്യങ്ങൾ തുറന്നുപറയാൻ ഒരു ഭാര്യ മിക്കപ്പോഴും നിർബന്ധിതയാകും. തുറന്നുപറയുന്നതു കാര്യങ്ങളെ വഷളാക്കിയേക്കാനുള്ള സാധ്യത എല്ലായ്പോഴും ഉണ്ടെന്നുള്ളതു സത്യംതന്നെ. അവളുടെ വാക്കുകൾ നിഷേധിക്കലുകളുടെ ഒരു തിരത്തള്ളലിനെ നേരിടാനുമിടയുണ്ട്. താൻ വിഷയം എങ്ങനെ സംസാരിച്ചുതുടങ്ങുമെന്നു ശ്രദ്ധാപൂർവം മുന്നമേ ചിന്തിക്കുന്നതിനാൽ ഒരു ഭാര്യയ്ക്ക് ഒരുപക്ഷേ ഈ പ്രശ്നം തന്ത്രപൂർവം ഒഴിവാക്കാൻ കഴിയും. “തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ,” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 25:11) ശാന്തമായ സമയത്തെ സൗമ്യമായ, എന്നാൽ തുറന്ന ഒരു സമീപനം അദ്ദേഹത്തിന്റെ ഹൃദയത്തിൽ എത്തിച്ചേർന്നേക്കാം.—സദൃശവാക്യങ്ങൾ 15:1.
ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം, വ്രണപ്പെടുത്തുന്ന സംസാരം തന്നെ എങ്ങനെ ബാധിക്കുന്നുവെന്ന വീക്ഷണകോണത്തിൽനിന്ന് സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കുവാൻ ഭാര്യ ശ്രമിക്കണം. “ഞാൻ” എന്നു ചേർത്തുള്ള പ്രസ്താവനകൾ മിക്കപ്പോഴും വളരെ ഫലപ്രദമാണ്. ഉദാഹരണത്തിന്, ‘എന്നെ അതു വേദനിപ്പിച്ചു, എന്തുകൊണ്ടെന്നാൽ . . . ’ അല്ലെങ്കിൽ ‘നിങ്ങൾ എന്നോടു . . . പറഞ്ഞപ്പോൾ ഞെരുക്കപ്പെടുന്നതായി എനിക്കു തോന്നി.’ അത്തരം പ്രസ്താവനകൾ ഹൃദയത്തിലെത്തിച്ചേരാൻ കൂടുതൽ സാധ്യതയുണ്ട്. കാരണം അവ വ്യക്തിയെ ആക്രമിക്കാതെ പ്രശ്നത്തെ ആക്രമിക്കുന്നു.—ഉല്പത്തി 27:46–28:1 താരതമ്യം ചെയ്യുക.
ഭാര്യയുടെ ദൃഢമായ, എന്നാൽ നയപരമായ ഇടപെടൽ നല്ല ഫലങ്ങൾ കൈവരുത്തിയേക്കാം. (സങ്കീർത്തനം 141:5 താരതമ്യം ചെയ്യുക.) ഇത് അങ്ങനെയാണെന്ന് ഒരുവൻ മനസ്സിലാക്കി—നമുക്ക് അയാളെ സ്റ്റീവൻ എന്നു വിളിക്കാം. “എനിക്കു കാണാൻ കഴിയാതിരുന്ന എന്നിലെ അധിക്ഷേപകനെ ഭാര്യ തിരിച്ചറിഞ്ഞു. അത് എന്നോടു പറയാനുള്ള മനസ്സുറപ്പും അവൾക്കുണ്ടായിരുന്നു”വെന്ന് അദ്ദേഹം പറയുന്നു.
സഹായം സ്വീകരിക്കൽ
പ്രശ്നം സമ്മതിക്കാൻ ഭർത്താവു വിസമ്മതിക്കുന്നുവെങ്കിൽ ഭാര്യയ്ക്ക് എന്തു ചെയ്യാൻ കഴിയും? ഈ ഘട്ടത്തിൽ ചില ഭാര്യമാർ പുറത്തുനിന്നുള്ള സഹായം തേടുന്നു. അത്തരം വിഷമതകളുടെ നേരത്ത്, യഹോവയുടെ സാക്ഷികൾക്കു തങ്ങളുടെ സഭാ മൂപ്പൻമാരെ സമീപിക്കാവുന്നതാണ്. ദൈവത്തിന്റെ ആത്മീയ ആട്ടിൻകൂട്ടത്തെ മേയ്ക്കുമ്പോൾ സ്നേഹവും ദയയും ഉള്ളവരായിരിക്കാനും അതേ സമയം, ദൈവവചനത്തിന്റെ ആരോഗ്യാവഹമായ പഠിപ്പിക്കലിനോട് “എതിർ പറയുന്നവരെ ശാസിക്കാ”നും ബൈബിൾ ഈ പുരുഷൻമാരെ ഉദ്ബോധിപ്പിക്കുന്നു. (തീത്തൊസ് 1:9, NW; 1 പത്രൊസ് 5:1-3) അവർ വിവാഹിത ദമ്പതികളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള സ്ഥാനത്ത് അല്ലെന്നിരിക്കെ, ഒരു ഇണ മറ്റെയാളിന്റെ പരുഷ സംസാരത്താൽ കഷ്ടമനുഭവിക്കുമ്പോൾ മൂപ്പൻമാർ ഉചിതമായി ഉത്കണ്ഠയുള്ളവരാണ്. (സദൃശവാക്യങ്ങൾ 21:13) ബൈബിൾ നിലവാരങ്ങളോട് അടുത്തു പറ്റിനിന്നുകൊണ്ട്, ഈ പുരുഷൻമാർ ദൂഷണത്തെ നീതീകരിക്കുകയോ നിസ്സാരീകരിക്കുകയോ ചെയ്യുന്നില്ല.b
ഭർത്താവും ഭാര്യയും തമ്മിലുള്ള ആശയവിനിയമം സുഗമമാക്കാൻ മൂപ്പൻമാർക്കു കഴിഞ്ഞേക്കും. ഉദാഹരണത്തിന്, വർഷങ്ങളായി, സഹാരാധകനായ ഭർത്താവിന്റെ വാക്കുകളാൽ പ്രഹരമേറ്റെന്നു പറഞ്ഞ ഒരു സ്ത്രീ മൂപ്പനെ സമീപിച്ചു. അവർ ഇരുവരോടുമൊപ്പം കൂടിക്കാണാൻ മൂപ്പൻ ക്രമീകരിച്ചു. ഓരോരുത്തരും സംസാരിച്ചപ്പോൾ, ഇടയ്ക്കുകയറാതെ ശ്രദ്ധിക്കാൻ അദ്ദേഹം മറ്റേയാളിനോടു പറഞ്ഞു. ഭാര്യയുടെ അവസരം വന്നപ്പോൾ, ഭർത്താവിന്റെ പൊട്ടിത്തെറിക്കുന്ന കോപം മേലാൽ തനിക്കു സഹിക്കാൻ കഴിയുകയില്ലെന്ന് അവൾ പറഞ്ഞു. വർഷങ്ങളായി, ഓരോ ദിനാന്തത്തിലും അദ്ദേഹം വീട്ടിലേക്കു വരുമ്പോൾ ഇന്നും കോപാവസ്ഥയിലായിരിക്കുമോ എന്നോർത്ത് എനിക്ക് എന്നും ഭയമായിരുന്നുവെന്ന് അവൾ വിശദീകരിച്ചു. അയാൾ പൊട്ടിത്തെറിക്കുമ്പോൾ, അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അവളെക്കുറിച്ചുതന്നെയും തരംതാണ കാര്യങ്ങൾ അയാൾ പറയുമായിരുന്നു.
ഭർത്താവിന്റെ വാക്കുകൾ അവളിൽ എന്തു വികാരമുളവാക്കിയെന്നു വിശദീകരിക്കാൻ മൂപ്പൻ ആ ഭാര്യയോട് ആവശ്യപ്പെട്ടു. “ആർക്കും സ്നേഹിക്കാൻ കഴിയാത്ത, വെറുപ്പുളവാക്കുന്ന ഒരു വ്യക്തിയാണു ഞാനെന്ന് എനിക്കു തോന്നി. ‘മമ്മീ, മറ്റുള്ളവർക്ക് എന്നോടൊപ്പം കഴിയാൻ ബുദ്ധിമുട്ടുള്ളതരം വ്യക്തിയാണോ ഞാൻ?, ഞാൻ സ്നേഹിക്കപ്പെടാൻ കഴിയാത്തവളാണോ?,’ എന്നിങ്ങനെ ഞാൻ ചിലപ്പോൾ എന്റെ അമ്മയോടു ചോദിക്കുമായിരുന്നു” എന്ന് അവൾ മറുപടിപറഞ്ഞു. ഭർത്താവിന്റെ വാക്കുകൾ അവൾക്ക് എന്തു തോന്നാൻ ഇടയാക്കിയെന്ന് അവൾ വിശദീകരിക്കവേ അയാൾ കരയാൻ തുടങ്ങി. തന്റെ വാക്കുകൾകൊണ്ടു ഭാര്യയെ താൻ എത്ര ആഴമായി വ്രണപ്പെടുത്തിക്കൊണ്ടിരുന്നുവെന്ന് അയാൾക്ക് ആദ്യമായി കാണാൻ കഴിഞ്ഞു.
നിങ്ങൾക്കു മാറ്റം വരുത്താൻ കഴിയും
ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾക്കു ദൂഷണത്തോടുള്ള ബന്ധത്തിൽ ഒരു പ്രശ്നമുണ്ടായിരുന്നു. “കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ,” എന്ന് ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് അവരെ ഉദ്ബോധിപ്പിച്ചു. (കൊലൊസ്സ്യർ 3:8) എന്നാൽ, പരുക്കൻ സംസാരം നാവിനെക്കാളധികം ഹൃദയത്തിന്റെ ഒരു പ്രശ്നമാണ്. (ലൂക്കൊസ് 6:45) അതുകൊണ്ടാണു പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തത്: “പഴയ വ്യക്തിത്വത്തെ അതിന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞ്, പുതിയ വ്യക്തിത്വം ധരിച്ചുകൊള്ളുക.” (കൊലൊസ്സ്യർ 3:9, 10, NW) അതുകൊണ്ട് വ്യത്യസ്തമായി സംസാരിക്കുന്നതു മാത്രമല്ല വ്യത്യസ്തമായി ചിന്തിക്കുന്നതും മാറ്റത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
ക്ഷതപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കുന്ന ഒരു ഭർത്താവിനു തന്റെ പെരുമാറ്റത്തെ പ്രേരിപ്പിക്കുന്നത് എന്താണെന്നു നിശ്ചയിക്കുന്നതിനു സഹായം ആവശ്യമായിരുന്നേക്കാം.c സങ്കീർത്തനക്കാരന്റെ മനോഭാവം ഉണ്ടായിരിക്കാൻ അയാൾ ആഗ്രഹിക്കേണ്ടതാണ്: “ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു” നോക്കേണമേ. (സങ്കീർത്തനം 139:23, 24) ഉദാഹരണത്തിന്: ഇണയെ ഭരിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടെന്ന് അയാൾക്കു തോന്നുന്നതെന്തുകൊണ്ട്? വാക്കുകൾകൊണ്ടുള്ള ഒരു ആക്രമണത്തിനു വഴിമരുന്നിടുന്നത് എന്താണ്? അയാളുടെ ആക്രമണങ്ങൾ ആഴമായ നീരസത്തിന്റെ ഒരു ലക്ഷണമാണോ? (സദൃശവാക്യങ്ങൾ 15:18) ഒരുപക്ഷേ രൂക്ഷമായ വിമർശനങ്ങൾ കേട്ടു വളർന്നുവന്നതിൽനിന്ന് ഉളവായ, വിലകെട്ടവനാണെന്നുള്ള ചിന്തയിൽനിന്ന് അയാൾ യാതന അനുഭവിക്കുന്നുവോ? തന്റെ സ്വഭാവത്തിന്റെ വേരുകൾ അനാവരണം ചെയ്യാൻ അത്തരം ചോദ്യങ്ങൾ ഒരു പുരുഷനെ സഹായിച്ചേക്കാവുന്നതാണ്.
എന്നിരുന്നാലും, ദൂഷണത്തെ പിഴുതെറിയാൻ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് അത്, കുത്തുവാക്കുകൾ ഉപയോഗിച്ചിരുന്ന മാതാപിതാക്കളാലോ മേധാവിത്വ സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്കാരത്താലോ ഉൾനടപ്പെട്ടതാണെങ്കിൽ. എന്നാൽ സമയവും ശ്രമവുംകൊണ്ടു പഠിച്ചതെന്തും പിഴുതെറിയപ്പെടാവുന്നതാണ്. ഈ സംഗതിയിൽ ബൈബിളാണ് ഏറ്റവും വലിയ സഹായം. രൂഢമൂലമായ സ്വഭാവത്തെ പോലും കീഴ്മേൽ മറിക്കുന്നതിന് ഒരുവനെ സഹായിക്കാൻ അതിനു കഴിയും. (2 കൊരിന്ത്യർ 10:4, 5 താരതമ്യം ചെയ്യുക.) എങ്ങനെ?
ദൈവനിയമിത ധർമം സംബന്ധിച്ച ഉചിതമായ വീക്ഷണം
വാക്കുകൾകൊണ്ടു ക്ഷതപ്പെടുത്തുന്ന പുരുഷൻമാർക്കു മിക്കപ്പോഴും ഭർത്താവിന്റെയും ഭാര്യയുടെയും ദൈവനിയമിത ധർമങ്ങൾ സംബന്ധിച്ചു വികലമായ വീക്ഷണമാണുള്ളത്. ദൃഷ്ടാന്തത്തിന്, ഭാര്യമാർ തങ്ങളുടെ “ഭർത്താക്കൻമാർക്കു കീഴട”ങ്ങിയിരിക്കണമെന്നും “ഭർത്താവു ഭാര്യെക്കു തലയാകുന്നു”വെന്നും ബൈബിളെഴുത്തുകാരനായ പൗലോസ് പ്രസ്താവിക്കുന്നു. (എഫെസ്യർ 5:22, 23) ശിരഃസ്ഥാനം തനിക്കു പരിപൂർണ നിയന്ത്രണത്തിനുള്ള അധികാരം നൽകുന്നുവെന്നു ഭർത്താവു വിചാരിച്ചേക്കാം. എന്നാൽ ഇത് അങ്ങനെയല്ല. ഭാര്യ, കീഴടങ്ങിയിരിക്കുന്നുവെങ്കിലും, അയാളുടെ അടിമയല്ല. അവൾ അയാളുടെ “സഹായി“യും “പൂരക”വും ആണ്. (ഉല്പത്തി 2:18, NW) അതുകൊണ്ട് പൗലോസ് കൂട്ടിച്ചേർക്കുന്നു: “അവ്വണ്ണം ഭർത്താക്കൻമാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോററി പുലർത്തുകയത്രേ ചെയ്യുന്നതു.”—എഫെസ്യർ 5:28, 29.
ക്രിസ്തീയ സഭയുടെ ശിരസ്സെന്ന നിലയിൽ യേശു, വിമർശനത്തിന്റെ അടുത്ത പൊട്ടിപ്പുറപ്പെടൽ എപ്പോഴായിരിക്കുമെന്ന മട്ടിൽ, ആശങ്കാകുലരായിരിക്കാൻ തന്റെ ശിഷ്യൻമാരെ പ്രേരിപ്പിച്ചുകൊണ്ട്, ഒരിക്കലും അവരെ കഠിനമായി ശകാരിച്ചില്ല. പകരം, അവൻ ആർദ്രതയുള്ളവനായിരുന്നു, അങ്ങനെ അവരുടെ മാന്യത കാത്തുസംരക്ഷിച്ചു. അവൻ വാഗ്ദാനം ചെയ്തു: “ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ.” (മത്തായി 11:28, 29) യേശു തന്റെ ശിരഃസ്ഥാനം എങ്ങനെ പ്രയോഗിച്ചുവെന്നു പ്രാർഥനാപൂർവം ധ്യാനിക്കുന്നതു തന്റെ ശിരഃസ്ഥാനത്തെ കൂടുതൽ സമനിലയുള്ള ഒരു വിധത്തിൽ വീക്ഷിക്കുന്നതിന് ഒരു ഭർത്താവിനെ സഹായിച്ചേക്കാവുന്നതാണ്.
സമ്മർദങ്ങൾ ഉയരുമ്പോൾ
ബൈബിൾ തത്ത്വങ്ങൾ അറിയുന്നതു വളരെ ബുദ്ധിമുട്ടുള്ളതല്ല; സമ്മർദത്തിൻ കീഴിലായിരിക്കവേ അവ ബാധകമാക്കുന്നതു കൂടുതൽ ബുദ്ധിമുട്ടുള്ളതാണ്. സമ്മർദങ്ങൾ ഉയരുമ്പോൾ പരുഷ സംസാരശൈലിയിലേക്കു പിന്നോക്കം വഴുതിപ്പോകുന്നത് ഒരു ഭർത്താവിന് എങ്ങനെ ഒഴിവാക്കാൻ കഴിയും?
അസ്വസ്ഥനാകുമ്പോൾ വാക്കുകൾകൊണ്ട് ആക്രമിക്കുന്നത് ഒരു ഭർത്താവിനെ സംബന്ധിച്ചിടത്തോളം പുരുഷത്വത്തിന്റെ അടയാളമല്ല. ബൈബിൾ പ്രസ്താവിക്കുന്നു: “ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.” (സദൃശവാക്യങ്ങൾ 16:32) ഒരു യഥാർഥ പുരുഷൻ തന്റെ കോപാവേശത്തെ നിയന്ത്രിക്കുന്നു. ‘എന്റെ വാക്കുകൾ ഭാര്യയെ എങ്ങനെ ബാധിക്കുന്നു? ഞാൻ അവളുടെ സ്ഥാനത്തായിരുന്നുവെങ്കിൽ എനിക്ക് എന്തു തോന്നുമായിരുന്നു?’ എന്നിങ്ങനെ ചിന്തിച്ചുകൊണ്ട് അദ്ദേഹം സമാനുഭാവം കാണിക്കുന്നു.—മത്തായി 7:12 താരതമ്യം ചെയ്യുക.
എന്നിരുന്നാലും ചില സാഹചര്യങ്ങൾക്കു ദേഷ്യം ഇളക്കിവിടാനാവുമെന്നു ബൈബിൾ സമ്മതിക്കുന്നു. അത്തരം സാഹചര്യങ്ങളെക്കുറിച്ചു സങ്കീർത്തനക്കാരൻ എഴുതി: “കോപിച്ചുകൊള്ളുക, എന്നാൽ പാപം ചെയ്യരുത്; നിങ്ങൾ കിടക്കയിൽവച്ചു ധ്യാനിച്ചു മൗനമായിരിക്കുക.” (സങ്കീർത്തനം 4:4, പി.ഒ.സി. ബൈബിൾ) അത് ഈ വിധത്തിലും പ്രസ്താവിക്കപ്പെട്ടിരിക്കുന്നു: “കോപിഷ്ഠനായിരിക്കുന്നതിൽ ഒരു തെറ്റുമില്ല, എന്നാൽ പരിഹസിക്കുകയോ അവമതിക്കുകയോ തരംതാഴ്ത്തുകയോ ചെയ്തുകൊണ്ടു വാക്കുകളാൽ ആക്രമിക്കുന്നത് തെറ്റാണ്.”
തന്റെ സംസാരത്തിൽ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് ഒരു ഭർത്താവിനു തോന്നുന്നുവെങ്കിൽ, അദ്ദേഹത്തിന് ഒരു താത്കാലിക വിരാമം കുറിക്കാൻ പഠിക്കാവുന്നതാണ്. മുറിയിൽനിന്നു പുറത്തുപോവുകയോ നടക്കാൻ പോവുകയോ ശാന്തനാകുന്നതിന് ഒരു സ്വകാര്യ സ്ഥലം കണ്ടെത്തുകയോ ചെയ്യുന്നത് ഒരുപക്ഷേ ജ്ഞാനമായിരിക്കും. സദൃശവാക്യങ്ങൾ 17:14 [NW] പറയുന്നു: “കലഹം പൊട്ടിപ്പുറപ്പെടുംമുമ്പെ സ്ഥലംവിടുക.” മാനസിക സംഘർഷം കെട്ടടങ്ങുമ്പോൾ ചർച്ച പുനരാരംഭിക്കുക.
തീർച്ചയായും ആരും പൂർണരല്ല. പരുക്കൻ സംസാരത്തിന്റെ പ്രശ്നമുണ്ടായിരുന്ന ഒരു ഭർത്താവു പിന്നോക്കം പോയേക്കാം. ഇതു സംഭവിക്കുമ്പോൾ അദ്ദേഹം ക്ഷമാപണം നടത്തണം. “പുതിയ വ്യക്തിത്വം” ധരിക്കുന്നതു തുടർച്ചയായ ഒരു പ്രക്രിയയാണ്, എന്നാൽ അതു വലിയ പ്രതിഫലങ്ങൾ കൊയ്യുന്നു.—കൊലൊസ്സ്യർ 3:10, NW.
സുഖപ്പെടുത്തുന്ന വാക്കുകൾ
അതേ, “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.” (സദൃശവാക്യങ്ങൾ 18:21) വ്രണപ്പെടുത്തുന്ന സംസാരത്തിനു പകരം, വിവാഹത്തെ കെട്ടുപണിചെയ്യുകയും ബലിഷ്ഠമാക്കുകയും ചെയ്യുന്ന വാക്കുകൾ ഉപയോഗിക്കണം. ഒരു ബൈബിൾ സദൃശവാക്യം പറയുന്നു: “ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥിക്കൾക്കു ഔഷധവും തന്നേ.”—സദൃശവാക്യങ്ങൾ 16:24.
കെട്ടുറപ്പുള്ള കുടുംബങ്ങളെ ഫലപ്രദമായി പ്രവർത്തിക്കാൻ ഇടയാക്കുന്ന ഘടകങ്ങൾ ഏവയാണെന്നു നിശ്ചയിക്കാൻ ഏതാനും വർഷങ്ങൾക്കു മുമ്പ് ഒരു പഠനം നടത്തി. “ഈ കുടുംബങ്ങളിലെ അംഗങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടിരുന്നുവെന്നും തങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നുവെന്നു പരസ്പരം പറഞ്ഞുകൊണ്ടിരുന്നുവെന്നും പ്രസ്തുത പഠനം കണ്ടെത്തി”യതായി ദാമ്പത്യ വിദഗ്ധനായ ഡേവിഡ് ആർ. മേസ് റിപ്പോർട്ടു ചെയ്യുന്നു. “അവർ പരസ്പരം അംഗീകാരം ഉറപ്പുനൽകി, വ്യക്തിപരമായി വിലയുള്ളവരാണെന്നുള്ള തോന്നലുളവാക്കി. കൂടാതെ ന്യായയുക്തമായ എല്ലാ അവസരങ്ങളെയും സംസാരിക്കുന്നതിനും സ്നേഹവായ്പോടെ പെരുമാറുന്നതിനും വിനിയോഗിച്ചു. ഒരുമിച്ചായിരിക്കുന്നത് അവർ ആസ്വദിക്കുകയും തങ്ങളുടെ ബന്ധങ്ങളെ വളരെ സംതൃപ്തികരമാക്കിയ വിധങ്ങളിൽ പരസ്പരം ബലപ്പെടുത്തുകയും ചെയ്തുവെന്നതായിരുന്നു തികച്ചും സ്വാഭാവികമായ ഫലം.”
ഭാര്യയെ വാക്കുകൾകൊണ്ടു മനപ്പൂർവം വ്രണപ്പെടുത്തുന്നുവെങ്കിൽ, ദൈവഭയമുള്ള ഒരു ഭർത്താവിനും താൻ ഭാര്യയെ സ്നേഹിക്കുന്നുവെന്നു സത്യസന്ധമായി പറയാൻ കഴിയുകയില്ല. (കൊലൊസ്സ്യർ 3:19) തീർച്ചയായും അതു ഭർത്താവിനെ വാക്കുകൾകൊണ്ടു പ്രഹരിക്കുന്ന ഒരു ഭാര്യയെ സംബന്ധിച്ചും സത്യമാണ്. എഫെസ്യർക്കുള്ള പൗലോസിന്റെ ഉദ്ബോധനം പിൻപറ്റേണ്ടതു നിശ്ചയമായും ഇണകൾ ഇരുവരുടെയും കർത്തവ്യമാണ്: “കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുതു.”—എഫെസ്യർ 4:29.
[അടിക്കുറിപ്പുകൾ]
a കുറ്റക്കാരനെ ഞങ്ങൾ ഒരു പുരുഷനായി പരാമർശിക്കുന്നുവെങ്കിലും, ഇതിലെ തത്ത്വങ്ങൾ സ്ത്രീകൾക്കും തുല്യമായി ബാധകമാകുന്നു.
b ഒരു മൂപ്പനായി സേവിക്കാൻ യോഗ്യത പ്രാപിക്കുന്നതിന് അല്ലെങ്കിൽ ആ സേവനത്തിൽ തുടരുന്നതിന് ഒരുവൻ തല്ലുകാരനായിരിക്കരുത്. അദ്ദേഹത്തിന്, ആളുകളെ ശാരീരികമായി പ്രഹരിക്കുന്നവനോ മുറിപ്പെടുത്തുന്ന പരാമർശനങ്ങൾകൊണ്ട് അവരെ ഭയപ്പെടുത്തുന്നവനോ ആയിരിക്കാവുന്നതല്ല. മൂപ്പൻമാരും ശുശ്രൂഷാ ദാസൻമാരും തങ്ങളുടെ സ്വന്തം കുടുംബത്തിൽ നല്ല രീതിയിൽ അധ്യക്ഷത വഹിക്കുന്നവർ ആയിരിക്കണം. ഒരു പുരുഷൻ ഭവനത്തിൽ സ്വേച്ഛാധികാരിയാണെങ്കിൽ, മറ്റുള്ളയിടങ്ങളിൽ എത്ര ദയാപൂർവം പെരുമാറിയാലും അയാൾ യോഗ്യനല്ല.—1 തിമൊഥെയൊസ് 3:2-4, 12.
c ഒരു ക്രിസ്ത്യാനി ചികിത്സ സ്വീകരിക്കണമോ എന്നുള്ളത് ഒരു വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ, താൻ സ്വീകരിക്കുന്ന ഏതു ചികിത്സയും ബൈബിൾ തത്ത്വങ്ങളുമായി വിയോജിപ്പിലല്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരിക്കണം.
[9-ാം പേജിലെ ചിത്രം]
ആശയവിനിയമം ചെയ്യാൻ ദമ്പതികളെ സഹായിക്കുന്നതിന് ഒരു ക്രിസ്തീയ മൂപ്പനു കഴിഞ്ഞേക്കും
[10-ാം പേജിലെ ചിത്രം]
പരസ്പരം മനസ്സിലാക്കുന്നതിനു ഭാര്യാഭർത്താക്കൻമാർ ഒരു യഥാർഥ ശ്രമം നടത്തണം