ലോകത്തെ വീക്ഷിക്കൽ
പുകയിലയും തൊഴിലും
ഐക്യനാടുകളുടെ ചില ഭാഗങ്ങളിൽ, “പുകയില ഉത്പന്നങ്ങൾക്കായുള്ള ചെലവു ചുരുക്കുന്നത് ജോലി വർധിപ്പിക്കും” എന്ന് ദ ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിലെ ഒരു റിപ്പോർട്ടു പറയുന്നു. മുമ്പു പുകയിലയ്ക്കായി ഉപയോഗിച്ചിരുന്ന ഫണ്ടുകൾ, രാജ്യവ്യാപകമായി തൊഴിലുകൾ കൂടുതലായി വർധിപ്പിച്ചുകൊണ്ട്, മറ്റു കാര്യങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു കമ്പ്യൂട്ടർ കണക്കുകൾ കാണിക്കുകയുണ്ടായി. പുകയില വ്യവസായം കണക്കാക്കുന്നതുപോലെ, പുകയില വളർത്തുന്ന പ്രദേശങ്ങളിൽ തൊഴിൽ വളരെയധികം നഷ്ടമാകുകയില്ലെന്നും ആ റിപ്പോർട്ടു പ്രസ്താവിക്കുന്നു. “പുകയില സംബന്ധിച്ചുള്ള പ്രാഥമിക ഉത്കണ്ഠ അത് ആരോഗ്യത്തിൽ ഉളവാക്കുന്ന ഹാനിയെക്കുറിച്ചുള്ളതായിരിക്കണം, അല്ലാതെ തൊഴിലിന്റെമേൽ അതുളവാക്കുന്ന ഫലത്തെക്കുറിച്ചായിരിക്കരുത്” എന്ന് ആ റിപ്പോർട്ട് പ്രസ്താവിക്കുന്നു. മാത്രമല്ല ലോസാഞ്ചലസ് ടൈംസ് പറയുന്നതനുസരിച്ച്, 13 പുകയില കമ്പനികളിലുള്ള തങ്ങളുടെ ഷെയറുകൾ വിൽക്കാൻ സ്റ്റോക്ക് വിപണിയിലെ നിക്ഷേപകരോട് അമേരിക്കൻ വൈദ്യസംഘടന ആഹ്വാനം ചെയ്തു. അമേരിക്കൻ ഹാർട്ട് അസോസിയേഷനിലെ സ്കോട്ട് ബാളിൻ ഇപ്രകാരം പ്രസ്താവിച്ചു: “ഈ രാജ്യത്തും വിദേശങ്ങളിലും രോഗവും മരണവും തുടർന്നും വിൽക്കുന്ന കമ്പനികളെ നാം പിന്താങ്ങരുത്.”
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങൾ
ഒരു നൂറ്റാണ്ടുകാലത്തിലാദ്യമായി, ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഇനി ഐക്യനാടുകളിൽ കാണാനാവില്ല. ഉയരമുള്ള കെട്ടിടങ്ങളെയും നഗര ആവാസത്തെയും സംബന്ധിച്ചുള്ള സമിതി—അംബരചുംബികളുടെ സാർവദേശീയ വിധികർത്തൃ സംഘടന—ആ സ്ഥാനം കൊടുത്തിരിക്കുന്നത് മലേഷ്യയിലെ ക്വാലാലംപൂരിലുള്ള പെട്രോണസ് ട്വിൻ ടവേഴ്സിനാണ്. നേരത്തത്തെ റെക്കോർഡ് സ്ഥാനമുണ്ടായിരുന്ന, ചിക്കാഗോയിലെ സിയേഴ്സ് ടവറിന്റെ മുകളിലുള്ള ടെലിവിഷൻ ഗോപുരങ്ങൾ കൂടി കണക്കിലെടുത്താൽ ഇപ്പോഴും ഏറ്റവും ഉയരമുള്ളത് അതിനായിരിക്കും. എന്നിരുന്നാലും, കെട്ടിടത്തിന്റെ നിർമിതിയുടെ അനിവാര്യ ഭാഗമല്ല ആ ഗോപുരങ്ങൾ എന്നു സമിതി തീരുമാനിച്ചു. ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ ഉയരമുള്ള കെട്ടിടങ്ങളുടെ നിർമാണം ആ പ്രദേശത്തുള്ള വമ്പിച്ച സാമ്പത്തിക വളർച്ചയുടെ പ്രതീകമായി പിന്തുണക്കാർ കരുതുന്നു. വാസ്തവത്തിൽ, ഏറ്റവും ഉയരമുള്ള എന്ന സ്ഥാനം പെട്രോണസ് ട്വിൻ ടവേഴ്സിന് നഷ്ടമാകാൻ പോകുകയാണ്. ഈ ദശകത്തിന്റെ അവസാനം ചൈനയിലെ ഷാങ്ഹയ് പണി പൂർത്തിയാകുന്നതിനായി പട്ടികപ്പെടുത്തിയിരിക്കുന്ന വേൾഡ് ഫൈനാൻഷ്യൽ സെന്ററായിരിക്കും ആ സ്ഥാനം കൈവരിക്കുക.
കടൽപ്പക്ഷി രക്ഷാപ്രവർത്തനമോ?
കരയോടടുത്തായി സമുദ്രത്തിൽ എണ്ണതൂകൽ സംഭവിക്കുമ്പോൾ, വന്യജീവികളുടെമേൽ അതിനുണ്ടായിരിക്കാൻ കഴിയുന്ന ഫലം വിനാശകമായിരിക്കാം. തങ്ങളാലാവുന്നതു ചെയ്യാൻ ചിലപ്പോൾ സംഘടനകൾ—അവയിലെ ജീവനക്കാർ പലരും സ്വമേധയാ പ്രവർത്തകരാണ്—രംഗത്തെത്തുന്നു. മുൻഗണനയിലൊന്ന് എണ്ണകൊണ്ട് മൂടിയ കടൽപ്പക്ഷികളെ വൃത്തിയാക്കുക എന്നതാണ്. എന്നാൽ ഇത് എത്ര ഫലപ്രദവും നിലനിൽക്കുന്നതുമാണ്? വൃത്തിയാക്കി ആവാസസ്ഥലത്തേക്കു വിട്ടിരിക്കുന്ന പലതും പത്തു ദിവസത്തിനുള്ളിൽ ചത്തുപോകുന്നതായി ആധുനിക ഗവേഷണം സൂചിപ്പിക്കുന്നു. എന്തുകൊണ്ട്? മനുഷ്യർ കൈകാര്യം ചെയ്യുന്നതുകൊണ്ടുള്ള ആഘാതത്തിനു പുറമേ, അവ കൊക്കുകൊണ്ടു തൂവലുകൾ വൃത്തിയാക്കുമ്പോൾ കുറച്ച് എണ്ണ ഉള്ളിൽ പോകുന്നു. ഇത് ഒടുവിൽ അവയെ കൊല്ലുന്നു. ഇത് ഒഴിവാക്കുന്നതിനു വേണ്ടി, ബ്രിട്ടനിൽ കൈകാര്യം ചെയ്യുന്ന പക്ഷികൾക്ക്, അവ വിഷം ഛർദിച്ചുകളയാൻ വെള്ളക്കളിമണ്ണും കരിക്കട്ടയും ഗ്ലൂക്കോസും അടങ്ങിയ ഒരു മിശ്രിതം കൊടുക്കുന്നു. എന്നിട്ടും, പ്രജനനം നടത്താറാകുന്ന കാലത്തോളം വളരെ കുറച്ചു പക്ഷികളേ ജീവിച്ചിരിക്കാറുള്ളൂ. വൃത്തിയാക്കലിനെ ഒരു “മിനുക്കുപണി”യായി മാത്രമേ വീക്ഷിക്കാനാവുകയുള്ളൂ എന്ന് ലണ്ടനിലെ ദ സൺഡേ ടൈംസിൽ ഉദ്ധരിക്കപ്പെട്ട ഒരു പരിസ്ഥിതിശാസ്ത്രജ്ഞൻ നിഗമനം ചെയ്യുന്നു.
സി-ടൈപ്പ് ഹെപ്പറ്റൈറ്റിസും രക്തവും
“ഫ്രാൻസിൽ 5,00,000-ത്തിനും 6,00,000-ത്തിനും ഇടയിൽ ആളുകളെ ഹെപ്പറ്റൈറ്റിസ്-സി വൈറസ് ബാധിച്ചിരിക്കുന്ന”തായി ഫ്രാൻസിലെ പൊതു ആരോഗ്യ ദേശീയ ശൃംഖലയുടെ ഒരു റിപ്പോർട്ട് നിഗമനം ചെയ്യുന്നു. പാരീസ് ദിനപത്രമായ ല മോൺട് പറയുന്നതനുസരിച്ച്, സി-ടൈപ്പ് ഹെപ്പറ്റൈറ്റിസിന്റെ വൈറസ് മൂലമുണ്ടാകുന്ന 60 ശതമാനം രോഗബാധയും രക്തപ്പകർച്ചയോ ഞരമ്പിലൂടെ മയക്കുമരുന്നു കുത്തിവെക്കുന്നതോ മൂലമാണ് ഉണ്ടാകുന്നത്. മാത്രമല്ല, ശരിയായ വിധത്തിൽ അണുനശീകരണം ചെയ്യാത്ത ഉപകരണങ്ങൾകൊണ്ടു ചികിത്സിക്കുന്ന സമയത്തും ചിലർക്കു രോഗബാധയുണ്ടായിട്ടുണ്ട്. സി-ടൈപ്പ് ഹെപ്പറ്റൈറ്റിസ് കരൾവീക്കത്തിനോ കരളിലെ അർബുദത്തിനോ കാരണമാകാം.
പുകവലി നിർത്തുമ്പോൾ
ഒരുവൻ പുകവലി നിർത്തി 20 മിനിറ്റിനുള്ളിൽ ശരീരത്തിൽ നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങുന്നു. ഒരാൾ പുകവലി നിർത്തിയശേഷം നിശ്ചിത സമയങ്ങളിലുണ്ടാകുന്ന പ്രയോജനകരമായ മാറ്റങ്ങളുടെ പിൻവരുന്ന പട്ടിക റീഡേഴ്സ് ഡയജസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇരുപതു മിനിറ്റു കഴിയുമ്പോൾ: രക്തസമ്മർദവും നാഡീസ്പന്ദനവും സാധാരണ നിലയിലേക്കു താഴുന്നു; കൈകാലുകളുടെ താപനില സാധാരണനിലയിലേക്ക് ഉയരുന്നു. എട്ടു മണിക്കൂർ കഴിയുമ്പോൾ: രക്തത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവു സാധാരണ നിലയിലേക്കു താഴുന്നു; രക്തത്തിലെ ഓക്സിജന്റെ അളവു സാധാരണ അവസ്ഥയിലേക്ക് ഉയരുന്നു. ഇരുപത്തിനാലു മണിക്കൂർ കഴിയുമ്പോൾ: ഹൃദയാഘാതത്തിനുള്ള സാധ്യത കുറയുന്നു. നാൽപത്തിയെട്ടു മണിക്കൂർ കഴിയുമ്പോൾ: നാഡീയഗ്രങ്ങൾ വീണ്ടും വളർന്നുതുടങ്ങുന്നു; രുചിയും മണവും അറിയാനുള്ള പ്രാപ്തി വർധിക്കുന്നു; നടക്കുന്നതിലെ ആയാസം കുറയുന്നു. രണ്ട് ആഴ്ചമുതൽ മൂന്നു മാസംവരെ കഴിയുമ്പോൾ: രക്തചംക്രമണം മെച്ചപ്പെടുന്നു; ശ്വാസകോശത്തിന്റെ പ്രവർത്തനം 30 ശതമാനത്തോളം വർധിക്കുന്നു. ഒന്നുമുതൽ ഒമ്പതുവരെ മാസം കഴിയുമ്പോൾ: ചുമ, കഫക്കെട്ട്, ക്ഷീണം, ശ്വാസോച്ഛ്വാസ ഹ്രസ്വത എന്നിവ കുറയുന്നു; ശ്വാസകോശത്തിലെ കോശങ്ങൾ വീണ്ടും വളരുന്നു. ഒരു വർഷം കഴിയുമ്പോൾ: ധമനീ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത പുകവലിക്കാരന്റേതിനെക്കാൾ പകുതിയായിരിക്കും.
ലൈംഗികതയും അക്രമവും ഗ്രന്ഥശാലയിൽനിന്ന്
കണക്റ്റിക്കട്ടിലുള്ള സ്റ്റാംഫോർഡിലെ ദി അഡ്വക്കേറ്റ് പറയുന്നതനുസരിച്ച് രതിബന്ധവും സജീവമായ അക്രമവും ചിത്രീകരിക്കുന്ന സിനിമാക്കാസെറ്റുകൾ കൊണ്ടുപോകാൻ യു.എസ്.എ.-യിലെ കണക്റ്റിക്കട്ടിലുള്ള ചില ഗ്രന്ഥശാലകൾ കുട്ടികളെ അനുവദിക്കുന്നു. ചിലപ്പോൾ, ഇൻറർനെറ്റുമായി ഘടിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകൾ ഉപയോഗിക്കാൻ കുട്ടികൾക്കു സാധിക്കുന്നു. കുട്ടികൾക്ക് ഏതെല്ലാം വിവരങ്ങളാണു പ്രാപ്യമായിരിക്കുന്നത് എന്നതു സംബന്ധിച്ച് ഇതു കൂടുതലായ ചോദ്യങ്ങൾ ഉയർത്തിവിടുന്നു. പല മാതാപിതാക്കളും ഇതിൽ ഞെട്ടൽ പ്രകടമാക്കി, എന്നാൽ ഗ്രന്ഥശാലയിൽനിന്നു കുട്ടികൾ എന്തു കൊണ്ടുപോകുന്നു എന്നു ശ്രദ്ധിക്കുന്നതിനുള്ള ഉത്തരവാദിത്വവും അവകാശവും മാതാപിതാക്കൾക്കു മാത്രമാണുള്ളതെന്ന നിലപാടാണു ഗ്രന്ഥശാലാ ഉദ്യോഗസ്ഥന്മാർക്ക്. “ഇതു വിഷമം പിടിച്ച ഒരു സ്ഥിതിവിശേഷമാണ്” എന്ന് അഭിപ്രായപ്പെട്ട ലൈബ്രേറിയനായ റെനേ പെസ് “അനേകം കൽപ്പിത സാഹിത്യവും കുട്ടികൾക്കു ചേർന്നവയല്ല” എന്നു പറഞ്ഞു.
സ്ത്രൈണ അംഗച്ഛേദനം
ഐക്യനാടുകളിൽ അഭയം ലഭിച്ച ഒരു ആഫ്രിക്കൻ യുവതി, സ്ത്രീകളുടെ ലൈംഗികാവയവ ഛേദനത്തിലേക്കു പുത്തൻ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നു എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അടിച്ചേൽപ്പിച്ച വിവാഹത്തിന്റെ ഒരു വ്യവസ്ഥയെന്ന നിലയിലുള്ള അംഗഛേദനത്തെ ഭയന്നു താൻ ഓടിപ്പോന്നതായി ആ സ്ത്രീ പ്രസ്താവിച്ചു. പല ആഫ്രിക്കൻ രാജ്യങ്ങളിലും, ശൈശവത്തിൽതന്നെയോ സ്ത്രീത്വത്തിലേക്കു പ്രവേശിക്കുന്ന ഘട്ടത്തിലോ പെൺകുട്ടികളുടെ ലൈംഗികാവയവങ്ങളുടെ ഭാഗങ്ങൾ ഛേദിച്ചുകളയുന്നു. മരവിപ്പിക്കാതെയോ ശുചിത്വ മുൻകരുതലുകൾ കൈക്കൊള്ളാതെയോ ആണ് ഇതു മിക്കപ്പോഴും നിർവഹിക്കുന്നത്. ഇതു വൈകാരികമായ ഹാനി വരുത്തുന്നതിനു പുറമേ, രോഗബാധ, രക്തസ്രാവം, വന്ധ്യത, മരണം എന്നിവയിലും കലാശിച്ചേക്കാം. (ഉണരുക!യുടെ 1993 ഏപ്രിൽ 8 ലക്കത്തിന്റെ 20-4 പേജുകൾ കാണുക.) ആ പത്രം പറയുന്നതനുസരിച്ച്, എട്ടു കോടിമുതൽ 11 കോടി 50 ലക്ഷംവരെ സ്ത്രീകൾ ഈ ആചാരത്തിനു വിധേയരായിട്ടുണ്ട്. ഇത് ഐക്യനാടുകളിൽ നിയമവിരുദ്ധമാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
തേനീച്ചകളുടെ സഞ്ചാരപഥം നിരീക്ഷിക്കൽ
ലോകത്തിലെ ഏറ്റവും ചെറിയ റഡാർ ആന്റെനകൾ, 16 മില്ലിമീറ്റർ മാത്രം ഉയരം വരുന്നവ, ചില ബ്രിട്ടീഷ് തേനീച്ചകളുടെ പുറത്ത് ഒട്ടിച്ചുവച്ചിരിക്കുന്നു. ആ തേനീച്ചകളുടെ സഞ്ചാരപഥം കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങളാണ് ആ ആന്റെനകൾ. ഈ പരീക്ഷണം അതിലും ചെറിയ ആന്റെനകൾ വികസിപ്പിച്ചെടുക്കുന്നതിലേക്കു നയിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. അവ പിന്നീട് ആഫ്രിക്കൻ സെസി ഈച്ചകളുടെ പറക്കൽ രീതികൾ നിരീക്ഷിക്കാൻ അവയുടെമേൽ ഘടിപ്പിക്കുന്നതായിരിക്കും. ഈ ഈച്ചകൾ പരത്തുന്ന നിദ്രാരോഗത്തിന്റെ നിയന്ത്രണം മെച്ചപ്പെടുത്താൻ ഇതിനു കഴിയും. ഈ ആന്റെനകളെ പ്രവർത്തിപ്പിക്കാനായുള്ള ഊർജത്തിനു ബാറ്ററികൾ ആവശ്യമില്ല. കാരണം, അവയ്ക്ക് ആവശ്യമായ ഊർജം മുഴുവൻ അവയിലേക്കു വരുന്ന സഞ്ചാരപഥനിർണയ സിഗ്നലുകളിൽനിന്നു കൈക്കൊള്ളാൻ സാധിക്കും. അതിലുപരി, തേനീച്ചക്കൂടുകൾ കൂടുതൽ ഫലപ്രദമായി കണ്ടെത്തുക എന്ന വീക്ഷണത്തോടെ തേനീച്ചകളുടെ ശീലങ്ങൾ സംബന്ധിച്ച തങ്ങളുടെ അറിവു മെച്ചപ്പെടുത്താനാകുമെന്നു ശാസ്ത്രജ്ഞർ പ്രത്യാശിക്കുന്നു.
ടിവി അപസ്മാരത്തോടു ബന്ധപ്പെട്ടിരിക്കുന്നു
ഇന്ത്യയിലേക്കുള്ള ഉപഗ്രഹ ടിവി-യുടെ—അതു ദിവസം 24 മണിക്കൂറും കാണാൻ ഉതകുന്നു—രംഗപ്രവേശം കുട്ടികളിൽ നാഡീസംബന്ധമായ പ്രശ്നങ്ങളിലെ വർധനവിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. അഖിലേന്ത്യാ നാഡീശാസ്ത്ര നവീകരണം—1996 എന്ന കോൺഫറൻസിലാണു പ്രമുഖ നാഡീരോഗവിദഗ്ധർ ഈ അവകാശവാദം നടത്തിയത്. അമൃത്സർ മെഡിക്കൽ കോളെജിലെ നാഡീശാസ്ത്രവിഭാഗത്തിന്റെ തലവനായ ഡോ. അശോക് ഉപ്പാൾ ഇങ്ങനെ പ്രസ്താവിച്ചു: “കുട്ടികൾ ഇപ്പോൾ ധാരാളം മണിക്കൂറുകൾ ടെലിവിഷൻ കാണുന്നു. അത് ‘ചിത്രപ്രചോദിതമായി ഉണ്ടാകുന്ന അപസ്മാരം അല്ലെങ്കിൽ ടെലിവിഷൻ പ്രചോദിതമായി ഉണ്ടാകുന്ന അപസ്മാരം’ എന്നു നാഡീരോഗവിദഗ്ധർ വിളിക്കുന്നതിനു കാരണമാകുന്നു.” കുട്ടികളുടെ ടെലിവിഷൻ കാഴ്ച പരിമിതപ്പെടുത്താൻ അല്ലെങ്കിൽ ഇടയ്ക്കിടയ്ക്കു കുട്ടികൾക്ക് ഇടവേള അനുവദിക്കാൻ ഉപ്പാൾ മാതാപിതാക്കളെ ഉപദേശിച്ചു.
മരണകാരിയെ തിരിച്ചറിഞ്ഞു
മെക്സിക്കൻ സ്ത്രീകളിൽ പുകവലിക്കാർ കുറവാണെങ്കിലും, 40-ൽ കൂടുതൽ പ്രായമുള്ള പലരും സാധാരണമായി പുകവലിയോടു ബന്ധപ്പെട്ടുള്ള ശ്വാസകോശരോഗങ്ങളാൽ ദുരിതമനുഭവിക്കുന്നതായി വാർത്താപത്രികയായ ഹെൽത്ത് ഇൻറർഅമേരിക്ക റിപ്പോർട്ടു ചെയ്യുന്നു. കാരണം? “വിറകടുപ്പിൽ പാചകം ചെയ്യൽ” ആണെന്നു ഗവേഷകർ അടുത്തയിടെ പറയുകയുണ്ടായി. വൈദ്യശാസ്ത്ര പ്രൊഫസറായ പീറ്റർ പാരെ പറയുന്നതനുസരിച്ച്, ഈ പ്രശ്നത്തിന് അധികം ശ്രദ്ധ ലഭിച്ചില്ല. കാരണം, “മിക്കപ്പോഴും വിറകിന്റെ പുക സാരമായ ഒരു ആരോഗ്യ അപകടമായി തിരിച്ചറിയപ്പെടാറില്ല. മരണകാരണം സാധാരണമായി ഹൃദയത്തകരാർ ആണെന്നാണു കണ്ടെത്താറുള്ളത്. എന്നാൽ പ്രശ്നത്തിന്റെ യഥാർഥ കാരണം വളരെയധികം വിറകുപുക ഏൽക്കുന്നതാണ്.” ലോകവ്യാപകമായി, 40 കോടി ആളുകൾ, അധികവും വായൂസഞ്ചാരം ശരിക്കില്ലാത്ത ചെറിയ കെട്ടിടങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കുന്ന ഗ്രാമീണ സ്ത്രീകൾ, അപകടാവസ്ഥയിലാണെന്നു ലോകാരോഗ്യസംഘടന കണക്കാക്കുന്നു. കെട്ടിടത്തിൽ പുകക്കുഴലുകൾ ഉണ്ടായിരിക്കുന്നതു നല്ലതാണ്. എന്നാൽ “ഏറ്റവും വലിയ വെല്ലുവിളി ആളുകൾ നൂറ്റാണ്ടുകളായി ശീലിച്ചിരിക്കുന്ന വിധം മാറ്റിയെടുക്കാൻ അവരെ ബോധവാന്മാരാക്കുക” എന്നതാണെന്നു ഡോക്ടർ പാരെ പറയുന്നു.