ഞങ്ങളുടെ വായനക്കാരിൽനിന്ന്
നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കുക ലൈംഗിക ദുഷ്പെരുമാറ്റങ്ങൾക്ക് ഇരയാകേണ്ടി വന്ന ചില കുട്ടികൾക്കു സംരക്ഷണമേകുന്ന ഒരു യുവതിയെ ഞാൻ കണ്ടുമുട്ടി. ഞാൻ അവർക്ക് “നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കുക!” എന്ന പരമ്പരയോടുകൂടിയ 1993 ഒക്ടോബർ 8, ലക്കം നൽകി. ഞാൻ വീണ്ടും അവരെ സന്ദർശിച്ചപ്പോൾ അവർ പറഞ്ഞു: “ഈ പുതിയ സാഹചര്യത്തെ കൈകാര്യം ചെയ്യാൻ ആ ലേഖനങ്ങൾ എന്നെ സഹായിച്ചിരിക്കുന്നു. ജുവനയിൽ കോടതിയിൽ എനിക്കു പോകേണ്ടിയിരുന്ന ഒരു ദിവസം ഞാൻ മാസിക കൂടെക്കൊണ്ടുപോയി. ഞാൻ അത് പ്രോസിക്യൂട്ടറെ കാണിച്ചു. അവർക്കും അതുപോലെതന്നെ ജഡ്ജിക്കും ലേഖനങ്ങളോടു വളരെ മതിപ്പു തോന്നി. മറ്റ് അഭിഭാഷകർക്കിടയിലും അതു വിതരണം ചെയ്യപ്പെടാൻ അവർ ആഗ്രഹിച്ചു.” ഈ യുവതി കൂടുതൽ സാഹിത്യങ്ങൾ ആവശ്യപ്പെടുകയുണ്ടായി. ഇപ്പോൾ അവർ ഞങ്ങളോടൊത്തു ബൈബിൾ പഠിക്കുന്നു.
ഇ. റ്റി. വി., ബ്രസീൽ
പദപ്രശ്നങ്ങൾ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഞാനും എന്റെ പേരക്കുട്ടിയും 1995 ഡിസംബർ 8, ഉണരുക! (ഇംഗ്ലീഷ്) വായിക്കുകയായിരുന്നു. അപ്പോഴാണ് പദപ്രശ്നങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടത്. “എനിക്കു പദപ്രശ്നങ്ങൾ ഇഷ്ടമാണ്!” അവൾ ഉത്സാഹത്തോടെ പറഞ്ഞു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് തിരുവെഴുത്തുകൾ പരിശോധിച്ചു. ഉത്തരങ്ങൾ തന്നെത്താൻ കണ്ടെത്താൻ അവളെ അനുവദിച്ചു. ഞങ്ങൾ വളരെ ആനന്ദപ്രദമായി ഒരുമിച്ച് അരമണിക്കൂറോളം ചെലവഴിച്ചു. തുടർന്നും അത് പ്രസിദ്ധീകരിക്കുക. അടുത്ത പദപ്രശ്നത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു.
എം. ജി., കാനഡ
എനിക്ക് ഒമ്പതു വയസ്സുണ്ട്. എനിക്കു നിങ്ങളുടെ മാസിക ഇഷ്ടമാണ്. പക്ഷേ എനിക്കേറ്റവും ഇഷ്ടം പദപ്രശ്നങ്ങളാണ്. കാരണം, ബൈബിളിലെ സംഭവങ്ങളെയും ആളുകളെയും ഓർമിക്കാൻ അത് എന്നെ സഹായിക്കുന്നു. ഈ വിശേഷ ഇനത്തിനു വളരെ നന്ദി.
ജെ. എം. റ്റി., ബ്രസീൽ
കൊലയാളി രോഗങ്ങൾ “കൊലയാളിരോഗങ്ങൾ—മനുഷ്യനും രോഗാണുവും തമ്മിലുള്ള യുദ്ധം” (ഫെബ്രുവരി 22, 1996) എന്ന വിപുലവും വ്യക്തവും കൃത്യവുമായ പരമ്പരയ്ക്കു നന്ദി. രോഗാണുവിന്റെ അപാര സങ്കീർണതയെയും ശാരീരികമായി അതിനു വരുത്തിത്തീർക്കാൻ കഴിയുന്ന നാശത്തെയും കുറിച്ച് ഞാൻ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല.
സി. എൽ., ഐക്യനാടുകൾ
മാസിക തക്കസമയത്തു വന്നെത്തി. എനിക്ക് ന്യൂമോണിയ പിടിപെട്ടിരുന്നതു മൂലം ആൻറിബയോട്ടിക്കുകൾ കഴിക്കേണ്ടി വന്നിരുന്നു. ആദ്യം മരുന്നു കഴിച്ചപ്പോൾ സൗഖ്യം തോന്നേണ്ടതിനുപകരം എന്റെ നില കൂടുതൽ വഷളായതിന്റെ കാരണം മനസ്സിലാക്കാൻ ലേഖനങ്ങൾ എന്നെ സഹായിച്ചു. എളുപ്പത്തിൽ മനസ്സിലാകാവുന്ന തരത്തിൽ അവതരിപ്പിച്ച ഈ ലേഖനത്തിനു നന്ദി.
ഐ. ഡബ്ലിയു., ജർമനി
എത്യോപ്യ “മനംകവരുന്ന എത്യോപ്യ” (ഫെബ്രുവരി 22, 1996) എന്ന ലേഖനം വായിച്ചശേഷം എന്റെ ഹൃദയം കൃതജ്ഞത കൊണ്ടു നിറഞ്ഞിരിക്കുന്നു. യഹോവയുടെ സാക്ഷികളല്ലാത്ത എത്യോപ്യക്കാരായ ഒട്ടേറെ ബന്ധുക്കൾ എനിക്കുണ്ട്. നമ്മുടെ മഹാദൈവമായ യഹോവയെക്കുറിച്ചു പഠിക്കുന്നതിനുള്ള താത്പര്യം അത് അവരിൽ ജനിപ്പിക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. കാരണം, ആ ലേഖനം അത്രയ്ക്കു മനോഹരമായിരുന്നു.
ജെ. ആർ., ലക്സംബർഗ്
മുൻ ജാപ്പനീസ് നർത്തകി “ഒരു തവളക്കുഞ്ഞ്” (ഫെബ്രുവരി 22, 1996) എന്ന ലേഖനം എന്നെ ആഴത്തിൽ സ്പർശിച്ചു. എന്റെ അമ്മയുടെ സ്വാധീനം മൂലം നന്നേ ചെറുപ്പത്തിൽ തന്നെ ഞാൻ ശാസ്ത്രീയ ബാലേനൃത്തം അഭ്യസിച്ചിരുന്നു. ഞാൻ യഹോവയുടെ സാക്ഷികളിലൊരാളായിത്തീർന്നപ്പോൾ ബാലേനൃത്തം ഞാൻ അത്യന്തം ഇഷ്ടപ്പെട്ടിരുന്നെങ്കിൽകൂടി അത് ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഈ ലേഖനം എന്നെ പ്രോത്സാഹിപ്പിച്ചു. ഇത്തരം ത്യാഗങ്ങൾ സഹിച്ച മറ്റു ക്രിസ്ത്യാനികൾ ഉണ്ടെന്നു കാണാൻ അതെന്നെ സഹായിച്ചു. ഞാൻ നിങ്ങൾക്കു ഹൃദയംഗമമായ നന്ദി പറയുന്നു.
വൈ. എസ്., ജപ്പാൻ
തന്റെ സന്തുഷ്ട ദിവ്യാധിപത്യ കുടുംബത്തോടൊപ്പമുള്ള സോവോക്കോ ടോക്കോഹോഷിയുടെ ഫോട്ടോ കണ്ടപ്പോൾ എനിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞകാലങ്ങളിൽ ഞാൻ അനുഭവിച്ച യാതനകൾ എന്റെ ജീവിതത്തിൽ ദീർഘകാലമായി നിറഞ്ഞുനിൽക്കുന്നു. ഞാൻ ഒരു ബലിയാടായല്ലോ എന്ന തോന്നൽ എന്റെ ജീവിതത്തെ ദുരിതത്തിലാഴ്ത്തി. എന്റെ കഴിഞ്ഞകാല അപരാധങ്ങൾ യഹോവ ക്ഷമിക്കുമെന്ന അറിവ്, സ്നാപനമേറ്റ ഒരു സാക്ഷിയായിത്തീരാൻ പരിശ്രമിക്കുന്നതിനുവേണ്ട ധൈര്യം എനിക്കു നൽകിയിരിക്കുന്നു.
എം. കെ., ജപ്പാൻ
ഞാൻ വായിച്ചിട്ടുള്ളതിലേക്കും ഏറ്റവും വിജ്ഞാനപ്രദവും ഹൃദ്യവുമായ കഥകളിലൊന്നായിരുന്നു അത്. പൂർവികാരാധനയിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാനും അതെന്നെ സഹായിച്ചു. ഈ ആത്മകഥ വായിക്കുന്നതുവരെ ഈ ആരാധനാരൂപത്തെക്കുറിച്ചു പൂർണമായി മനസ്സിലാക്കാൻ എനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല.
പി. വൈ., ഐക്യനാടുകൾ