ഞങ്ങളുടെ വായനക്കാരിൽനിന്ന്
വിജ്ഞാനോത്കണ്ഠ വിജ്ഞാനോത്കണ്ഠ—അതു നിങ്ങളെ എങ്ങനെ ബാധിക്കുന്നു? (ജനുവരി 8, 1998) എന്ന ലേഖന പരമ്പര ഞാൻ വായിച്ചു. വിജ്ഞാനപ്പെരുപ്പത്തിനു ഭാഗികമായ കാരണം വാർത്തകളുടെയും മാസികകളുടെയും ആധിക്യം ആയിരിക്കാം എന്നു നിങ്ങൾ പ്രസ്താവിച്ചിരുന്നു. നിങ്ങളുടെ മാസികയും അതിനു സംഭാവന ചെയ്യുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. ആ സ്ഥിതിക്ക് നിങ്ങളുടെ ന്യായവാദത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ?
ജെ. കെ., ഐക്യനാടുകൾ
ഞങ്ങളുടെ മാസികയിലെ ലേഖന പരമ്പര “ഉപയോഗശൂന്യമായ” വിവരങ്ങളുടെ ബാഹുല്യത്തെ കുറിച്ചാണു പരാമർശിച്ചത്. “ഉണരുക!” തീർച്ചയായും അത്തരം വിവരങ്ങൾ അവതരിപ്പിക്കുന്നില്ല. “ഉണരുക!” പ്രസ്താവിക്കുന്ന പ്രകാരം അതിന്റെ ഉദ്ദേശ്യം, ‘ഉപരിതലത്തിനടിയിലേക്കു ചൂഴ്ന്നിറങ്ങി പരിശോധിക്കുകയും ഇപ്പോഴത്തെ സംഭവങ്ങളുടെ പിന്നിലെ യഥാർഥ അർഥത്തിലേക്കു വിരൽ ചൂണ്ടുകയും’ ആണ്. അത്തരം വിവരങ്ങൾ ഉപയോഗശൂന്യം ആണെന്ന് ഒരിക്കലും പറയാനാകില്ല.—പത്രാധിപർ
മറിയയും പുനരുത്ഥാനം പ്രാപിച്ച ക്രിസ്തുവും “ലോകത്തെ വീക്ഷിക്ക”ലിൽ വന്ന “ഉയിർപ്പിക്കപ്പെട്ട യേശുവിനെ ആദ്യം കാണുന്നത് മറിയയോ?” (ജനുവരി 8, 1998) എന്ന വാർത്താ ശകലത്തെ കുറിച്ചു പരാതിപ്പെടാനാണു ഞാൻ ഇത് എഴുതുന്നത്. നിങ്ങൾ തിരുവെഴുത്തുകളെ കുറിച്ച് അജ്ഞരാണെന്നും സത്യത്തിൽ തത്പരർ അല്ല എന്നുമാണ് അതു വെളിപ്പെടുത്തുന്നത്. യേശു പറഞ്ഞതും ചെയ്തതും ആയ പല കാര്യങ്ങളും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന് ഓർക്കണം. യോഹന്നാൻ 21:25 വായിച്ചു നോക്കൂ.
ജെ. ജി. ഐക്യനാടുകൾ
ഞങ്ങളുടെ ലേഖനം, “ലൊസെർവാറ്റോറെ റൊമാനോ” എന്ന വത്തിക്കാന്റെ ഔദ്യോഗിക വർത്തമാനപത്രത്തിലെ വിവരം റിപ്പോർട്ടു ചെയ്യുക മാത്രമായിരുന്നു. “ഉയിർപ്പിക്കപ്പെട്ട യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടതു സാധ്യതയനുസരിച്ച്” മറിയയ്ക്ക് ആയിരുന്നു എന്നു ജോൺ പോൾ രണ്ടാമൻ പാപ്പാ അവകാശപ്പെടുന്നതായി ആ പത്രത്തിൽ റിപ്പോർട്ടു ചെയ്തിരുന്നു. തങ്ങളുടെ ഇഷ്ടാനുസൃതം വിശ്വസിക്കാനുള്ള വായനക്കാരുടെ അവകാശത്തെ ഞങ്ങൾ ആദരിക്കുമ്പോൾ തന്നെ അത്തരം ഒരു അവകാശവാദത്തിനു ബൈബിൾ യാതൊരു തെളിവും പ്രദാനം ചെയ്യുന്നില്ല എന്നു വ്യക്തമാക്കിക്കൊള്ളട്ടെ.—പത്രാധിപർ
ട്രൂബഡോറുകൾ “ട്രൂബഡോറുകൾ—പ്രേമഗാന ഗായകർ മാത്രമായിരുന്നില്ല” (ഫെബ്രുവരി 8, 1998) എന്ന ലേഖനം, ആ ഗായക കവികൾ മധ്യകാലഘട്ട സമൂഹത്തിൽ വഹിച്ച പങ്കിനെ കുറിച്ചുള്ള ഒരു വിദഗ്ധ അപഗ്രഥനം ആയിരുന്നു. ഒരു സാഹിത്യ അധ്യാപിക എന്ന നിലയിൽ ഞാൻ പോർട്ടുഗീസ് ട്രൂബഡോറുകളെ കുറിച്ചു പഠിച്ചിട്ടുണ്ട്. നിങ്ങളുടെ ലേഖനം ആ കലാ പ്രസ്ഥാനത്തെ മുഴുവനായി മനസ്സിലാക്കാൻ സഹായിച്ചു. ഗുണമേന്മയുള്ള ഇത്തരം ലേഖനങ്ങൾ നിങ്ങളുടെ മാസികയ്ക്കു വിശ്വാസ്യത പകരുന്നു.
ആർ. എൻ. എ., ബ്രസീൽ
ആ ലേഖനം വായിക്കാൻ പ്രത്യേകം ശ്രമം ചെലുത്തേണ്ടി വന്നു എന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ, വായിച്ചു തുടങ്ങിയതേ അത് എന്റെ ശ്രദ്ധ പിടിച്ചുപറ്റി. പ്രത്യേകിച്ചും, “സ്ത്രീകൾക്കു മുൻഗണന” കൊടുക്കുന്ന സമ്പ്രദായം തുടങ്ങിവെച്ചത് സാധ്യത അനുസരിച്ച് അവരാണ് എന്ന് അറിയാൻ കഴിഞ്ഞതിൽ എനിക്കു വളരെ സന്തോഷം തോന്നി. “സ്ത്രീകൾക്കു മുൻഗണന” കൊടുക്കുന്ന സമ്പ്രദായം ജപ്പാനിൽ ഇല്ല. എന്നാൽ, ചെറുപ്പം മുതൽ യഹോവയുടെ സാക്ഷിയായി വളർത്തപ്പെട്ട എന്റെ ഭർത്താവ്, ഞങ്ങളുടെ വിവാഹ നിശ്ചയം മുതൽ മുടങ്ങാതെ അങ്ങനെ ചെയ്തിരിക്കുന്നു. (ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 4 വർഷം പൂർത്തിയായി.) ഞാൻ തികച്ചും സന്തുഷ്ടയാണ്.
വൈ. എൻ., ജപ്പാൻ
അമ്മയുടെയും മകന്റെയും പുനഃസമാഗമം “ഒരതുല്യ പുനഃസമാഗമം” (ഫെബ്രുവരി 22, 1998) എന്ന ലേഖനം എന്നെ ആഴത്തിൽ സ്പർശിച്ചു. എന്റെ പിതാവിനെ കുറിച്ച് അറിയാൻ കഴിഞ്ഞത് എന്നിൽ വൈകാരികമായി വളരെ മാറ്റങ്ങൾ ഉളവാക്കി. എന്റെ ഡാഡിയും മമ്മിയും തമ്മിൽ വിവാഹം കഴിച്ചിരുന്നില്ല. മിക്കപ്പോഴും ഞാൻ ഡാഡിയെ കുറിച്ചു ചിന്തിക്കുമായിരുന്നു. എന്നാൽ, ഡാഡിയെ കുറിച്ചു ചോദിക്കുമ്പോഴൊക്കെ മമ്മി മറുപടി ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കുമായിരുന്നു. കുറച്ചു നാൾ മുമ്പ് ഡാഡിയുടെ മുഴുവൻ പേര് ഞാൻ മമ്മിയോടു ചോദിച്ചറിഞ്ഞു. ഒരു ടെലഫോൺ ഡയറക്ടറി ഉപയോഗിച്ച് ഡാഡിയുടെ സഹോദരിയുമായി ബന്ധപ്പെടാൻ എനിക്കു സാധിച്ചു. ആന്റി ഒരു യഹോവയുടെ സാക്ഷി ആണെന്നത് എന്നെ ആശ്ചര്യപ്പെടുത്തി! 1980-ൽ ഡാഡി മൃതിയടഞ്ഞു എന്നും മരിക്കും വരെ വിവാഹം കഴിച്ചിരുന്നില്ല എന്നും ആന്റി പറഞ്ഞു. എങ്കിലും, മമ്മിയും ആന്റിയും അനർഥ കാലങ്ങളിൽ എനിക്കു വലിയ സാന്ത്വനം ആയിരുന്നിട്ടുണ്ട്. നിങ്ങളുടെ ലേഖനങ്ങളും അതിൽ ഒരു പങ്കു വഹിച്ചിരിക്കുന്നു.
എൽ. ഡി. ഐക്യനാടുകൾ