ട്രൂബഡോറുകൾ പ്രേമഗാന ഗായകർ മാത്രമായിരുന്നില്ല
ഫ്രാൻസിലെ ഉണരുക! ലേഖകൻ
ട്രൂബഡോറുകളും മധ്യകാലഘട്ടത്തിലെ സഞ്ചാരഗായകരും—ആ വാക്കുകൾ കേൾക്കുമ്പോൾ നിങ്ങൾക്കെന്താണ് ഓർമവരുക? ഒരുപക്ഷേ മധ്യകാലഘട്ടത്തെ പ്രേമത്തെയും സ്ത്രീകളോടു സഭ്യമായി പെരുമാറുന്ന പുരുഷൻമാരെയും സംബന്ധിച്ച ഗാനങ്ങളെക്കുറിച്ചായിരിക്കാം. നിങ്ങളുടെ ഓർമ ശരിതന്നെ. എങ്കിലും ട്രൂബഡോറുകളുടെ ചരിത്രം കേവലം അതിൽ ഒതുങ്ങിനിൽക്കുന്നില്ല. അവർ കാൻസോ ദാമോറിന് അഥവാ പ്രേമഗാനത്തിനു പുകൾപ്പെറ്റവരായിരിക്കാമെങ്കിലും—രാത്രിയിൽ വെളിയിൽ ലൂട്ടുമായി നിന്നുകൊണ്ട് ഒരു മഹിളാമണിക്കുവേണ്ടി പ്രേമഗാനം ആലപിക്കുന്നവരായി അതുകൊണ്ട് അവരെ ഒട്ടുമിക്കപ്പോഴും ചിത്രീകരിച്ചിരിക്കുന്നു—പ്രേമത്തിൽ മാത്രമായിരുന്നില്ല അവരുടെ ശ്രദ്ധ. ട്രൂബഡോറുകൾ തങ്ങളുടെ നാളിലെ സാമൂഹികവും രാഷ്ട്രീയവും മതപരവുമായ അനേകം വിവാദവിഷയങ്ങളിൽ ഉൾപ്പെട്ടിരുന്നു.
12-ഉം 13-ഉം നൂറ്റാണ്ടുകളിൽ ട്രൂബഡോറുകൾ ഇപ്പോൾ ദക്ഷിണ ഫ്രാൻസായിരിക്കുന്നിടത്തുടനീളം ഉന്നതി പ്രാപിച്ചു. അവർ ഒരേസമയം കവികളും സംഗീതജ്ഞരുമായിരുന്നു. ലത്തീനോത്പന്ന നാട്ടുഭാഷകളിൽവെച്ച് ഏറ്റവും ഉത്കൃഷ്ടമായ ഭാഷയിലാണ് അവർ കാവ്യങ്ങൾ രചിച്ചത്. ആ ഭാഷയുടെ പേര് ലാങ് ദോക്ക്a എന്നായിരുന്നു. ഫ്രാൻസിൽ ലൊവാർ നദിയുടെ തെക്കും ഇറ്റലിയുടെയും സ്പെയിനിന്റെയും അതിർത്തി പ്രദേശങ്ങളിലും പാർക്കുന്ന ഏതാണ്ട് മുഴു ജനതതിയുടെയും സാധാരണ ഭാഷയായിരുന്നു ഇത്.
“ട്രൂബഡോർ” എന്ന പദത്തിന്റെ ഉത്ഭവം സംബന്ധിച്ച് വളരെയധികം വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. എങ്കിലും, അത് “രചിക്കുക, കണ്ടുപിടിക്കുക, അല്ലെങ്കിൽ കണ്ടെത്തുക” എന്നർഥമുള്ള ട്രോബാർ എന്ന ഓക്സിറ്റാൻ ക്രിയാപദത്തിൽനിന്നുണ്ടായതായി കാണപ്പെടുന്നു. അതുകൊണ്ട്, തങ്ങളുടെ സുന്ദര കാവ്യത്തിനു യോജിച്ച പദമോ പ്രാസമോ കണ്ടെത്താൻ ട്രൂബഡോറുകൾക്കു കഴിഞ്ഞിരുന്നു. അവർ തങ്ങളുടെ കാവ്യത്തിന് യോജിച്ച സംഗീതം കൊടുത്ത് പാടി. പലപ്പോഴും ഷോങ്ഗ്ലറുകൾ എന്നു വിളിക്കപ്പെടുന്ന പ്രൊഫഷണൽ ഗായകരുമായി പട്ടണം തോറും സഞ്ചരിച്ചിരുന്ന ട്രൂബഡോറുകൾ കിന്നരം, ഫിഡിൽ, ഓടക്കുഴൽ, ലൂട്ട്, ഗിത്താർ ഇവയിലേതെങ്കിലും ഉപയോഗിച്ച് ഗാനങ്ങളാലപിച്ചിരുന്നു. ധനികരുടെ മണിമേടകളിലായാലും ചന്തസ്ഥലങ്ങളിലായാലും ടൂർണമെൻറുകളിലായാലും പ്രദർശനമേളകളിലായാലും ഉത്സവങ്ങളിലായാലും സദ്യകളിലായാലും സംഗീതപരിപാടികൾ സാധാരണഗതിയിൽ ഏത് ഔദ്യോഗിക വിനോദപരിപാടിയുടെയും ഭാഗമായിരുന്നു.
വ്യത്യസ്ത പശ്ചാത്തലങ്ങൾ
ട്രൂബഡോറുകൾ വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ളവരായിരുന്നു. ചിലർ ഉന്നതകുലജാതരായിരുന്നു; ഏതാനും പേർ രാജാക്കൻമാരായിരുന്നു; മറ്റു ചിലർ കൂടുതൽ താഴ്ന്ന ജീവിത പശ്ചാത്തലങ്ങളിൽനിന്ന് ട്രൂബഡോറുകളുടെ നിരയിലേക്ക് ഉയർന്നുവന്നവരായിരുന്നു. ചിലർ വലിയ പദവിയിൽ എത്തിച്ചേർന്നു. പലരും വിദ്യാസമ്പന്നരും ധാരാളം യാത്രചെയ്തിട്ടുള്ളവരുമായിരുന്നു. സ്ത്രീകളോടുള്ള സഭ്യമായ പെരുമാറ്റം, മര്യാദ, കാവ്യം, സംഗീതം എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ എല്ലാവർക്കും വിപുലമായ പരിശീലനം ലഭിച്ചു. ഒരു നല്ല ട്രൂബഡോർ “എല്ലാ വർത്തമാന സംഭവങ്ങളെക്കുറിച്ചും നന്നായി അറിഞ്ഞിരിക്കാനും സർവകലാശാലകളിലെ ശ്രദ്ധേയമായ പ്രബന്ധങ്ങളെല്ലാം മനഃപാഠമാക്കാനും കൊട്ടാര അപവാദങ്ങളുടെ മുഴു വിശദാംശങ്ങളും മനസ്സിലാക്കിയിരിക്കാനും . . .” പ്രതീക്ഷിക്കപ്പെട്ടിരുന്നു. കൂടാതെ, “ഒരു പ്രഭുവിനോ പ്രഭ്വിക്കോ വേണ്ടി ക്ഷണനേരംകൊണ്ട് കവിതകൾ രചിക്കാനും കൊട്ടാരവാസികൾക്കു പ്രിയങ്കരമായിരുന്ന രണ്ടു വാദ്യോപകരണങ്ങളെങ്കിലും വായിക്കാനും അദ്ദേഹത്തിനു കഴിയണമായിരുന്നു.”
12-ാം നൂറ്റാണ്ടിലെ വാണിജ്യ വികസനത്തിന്റെ ഫലമായി ഫ്രാൻസിന്റെ തെക്കൻ ഭാഗങ്ങളിലേക്കു പണം ഒഴുകാൻ തുടങ്ങി. സമ്പദ്സമൃദ്ധി ഉണ്ടായതോടെ ഒഴിവുസമയവും വിദ്യാഭ്യാസവും ലഭ്യമായിത്തീർന്നു. കലാപരമായ അഭിരുചികൾക്കു പരിഷ്കൃതഭാവം കൈവന്നു, ജീവിത നിലവാരവും വളരെയധികം മെച്ചപ്പെട്ടു. ലാങ്ഗദോക്കിലെയും പ്രൊവാൻസിലെയും വലിയ പ്രഭുക്കന്മാരും പ്രഭ്വികളുമായിരുന്നു ട്രൂബഡോറുകളുടെ ഏറ്റവും അർപ്പിതരായ രക്ഷാധികാരികൾ. കവികൾക്ക് ഉന്നത സ്ഥാനം കൽപ്പിക്കപ്പെട്ടു. അവർ പ്രഭുജനങ്ങളുടെ അഭിരുചികളിലും ഫാഷനിലും പെരുമാറ്റരീതികളിലും വലിയ സ്വാധീനം ചെലുത്തി. അവർ യൂറോപ്പിലെ ബാൾറൂം നൃത്തങ്ങളുടെ പിതാക്കന്മാരായിത്തീർന്നു. എന്നിരുന്നാലും, “അരമനയിലെ സ്ത്രീകൾക്കു ചുറ്റും മുമ്പെങ്ങും നിലവിലില്ലാതിരുന്ന തരത്തിലുള്ള, സംസ്കാരത്തിന്റെയും സാമൂഹിക ബന്ധങ്ങളുടെയും വ്യതിരിക്തമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചതായിരുന്നു അവരുടെ വലിയ നേട്ടം” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു.
സ്ത്രീകളോട് ഒരു പുത്തൻ ആദരവ്
ഒരു പുരുഷൻ ഒരു സ്ത്രീക്കുവേണ്ടി വാതിൽ തുറന്നുകൊടുക്കുകയോ പുറംകുപ്പായം അണിയാൻ അവളെ സഹായിക്കുകയോ പശ്ചിമ യൂറോപ്പിൽ നൂറ്റാണ്ടുകളായി ആചരിച്ചുപോരുന്ന, “സ്ത്രീകൾക്കു മുൻഗണന” നൽകിക്കൊണ്ടുള്ള അനേകം മര്യാദാ പ്രവൃത്തികളിൽ ഏതെങ്കിലും അനുഷ്ഠിക്കുകയോ ചെയ്യുമ്പോൾ സാധ്യതയനുസരിച്ച് ട്രൂബഡോറുകൾ തുടങ്ങിവെച്ച ഒരു ആചാരം അയാൾ പിൻപറ്റുകയാണു ചെയ്യുന്നത്.
സ്ത്രീകളോടുള്ള മധ്യകാലഘട്ട മനോഭാവങ്ങളെ സഭയുടെ പഠിപ്പിക്കലുകൾ ഗണ്യമായി സ്വാധീനിച്ചിരുന്നു. മനുഷ്യൻ പാപം ചെയ്യുന്നതിനും പറുദീസയിൽനിന്നു പുറത്താക്കപ്പെടുന്നതിനുമുള്ള കാരണക്കാരിയായി അത് സ്ത്രീയെ വീക്ഷിച്ചു. വശീകരിക്കുന്നവളും പിശാചിന്റെ ഉപകരണവും ഒഴിച്ചുനിർത്താനാവാത്ത ഒരു തിന്മയും ആയി അവളെ കണ്ടു. വിവാഹജീവിതം മിക്കപ്പോഴും ജീവിതത്തിലെ ഒരു അധമ അവസ്ഥയായി കണക്കാക്കപ്പെട്ടു. സഭാ നിയമം ഭാര്യയെ തല്ലുന്നതിനും ഉപേക്ഷിക്കുന്നതിനും അനുമതി നൽകി. അങ്ങനെ സ്ത്രീകൾ അപമാനിക്കപ്പെട്ടു, വെറും അടിമകളെപ്പോലെയായി. മിക്കവാറും എല്ലാ സംഗതികളിലും സ്ത്രീ പുരുഷനെക്കാൾ തരംതാണവളായി കണക്കാക്കപ്പെട്ടു. എന്നാൽ, ട്രൂബഡോറുകളുടെ വരവോടുകൂടി പുരുഷൻമാർക്കു മനംമാറ്റം സംഭവിച്ചു തുടങ്ങി.
അറിയപ്പെടുന്ന ആദ്യത്തെ ട്രൂബഡോർ ആക്വിറ്റേനിലെ ഡ്യൂക്കായ വില്യം ഒമ്പതാമൻ ആയിരുന്നു. മധ്യകാലഘട്ടത്തെ പ്രേമം എന്നു വിളിക്കപ്പെടാനിടയായിത്തീർന്ന, പ്രേമത്തെ സംബന്ധിച്ച ട്രൂബഡോറുകളുടെ അതുല്യ സങ്കൽപ്പത്തിന്റെ സവിശേഷ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ആദ്യത്തെ കാവ്യം അദ്ദേഹത്തിന്റേതായിരുന്നു. പ്രൊവാൻസിലെ കവികൾ അതിനെ വെറേയാമോർ (യഥാർഥ സ്നേഹം) അല്ലെങ്കിൽ ഫിനാമോർ (ഉത്തമ സ്നേഹം) എന്നു വിളിച്ചു. അതു വിപ്ലവാത്മകമായിരുന്നു, എന്തുകൊണ്ടെന്നാൽ പുരുഷനെക്കാൾ അങ്ങേയറ്റം തരംതാണവളായി സ്ത്രീകൾ മേലാൽ കണക്കാക്കപ്പെട്ടില്ല.
ട്രൂബഡോർ കാവ്യം സ്ത്രീക്ക് വളരെയധികം അന്തസ്സും ബഹുമാനവും ആദരവും നൽകി. അവൾ ഉത്കൃഷ്ടമായ സദ്ഗുണങ്ങളുടെ മൂർത്തീകരണമായിത്തീർന്നു. ചില ഗാനങ്ങൾ ആരാധകരായ ഗായകകവികളോടുള്ള സ്ത്രീകളുടെ തണുപ്പൻ ഭാവത്തെക്കുറിച്ചു വിലപിച്ചു. താത്ത്വികമായിട്ടെങ്കിലും, ട്രൂബഡോറിന്റെ പ്രേമം നിർമലമായിരിക്കേണ്ടിയിരുന്നു. അവന്റെ മുഖ്യ ലക്ഷ്യം മഹിളാമണിയെ സ്വന്തമാക്കുകയായിരുന്നില്ല. പകരം, അവളോടുള്ള പ്രേമത്താൽ പ്രചോദിതനായി ധാർമിക സംശുദ്ധി കൈവരിക്കുകയായിരുന്നു. തന്നെത്തന്നെ യോഗ്യതയുള്ളവനാക്കിത്തീർക്കുന്നതിന് ഉത്കർഷേച്ഛുവായ കവി താഴ്മ, ആത്മനിയന്ത്രണം, ക്ഷമ, വിശ്വസ്തത എന്നിവയും അവൾക്കുണ്ടായിരുന്ന എല്ലാ ഉത്കൃഷ്ട ഗുണങ്ങളും നട്ടുവളർത്താൻ നിർബന്ധിതനായിത്തീർന്നു. ഈ വിധത്തിൽ, പ്രേമം തീരെ മര്യാദകെട്ട പുരുഷൻമാരെപ്പോലും മര്യാദക്കാരാക്കി മാറ്റുമായിരുന്നു.
സാമൂഹികവും ധാർമികവുമായ സംശുദ്ധിയുടെ ഉറവ് മധ്യകാലഘട്ടത്തെ പ്രേമമാണെന്നും മര്യാദാ പ്രവൃത്തികളും ശ്രേഷ്ഠ കൃത്യങ്ങളും ഉടലെടുക്കുന്നത് പ്രേമത്തിൽനിന്നാണെന്നും ട്രൂബഡോറുകൾ വിശ്വസിച്ചു. ഈ ആശയം വികസിത രൂപം കൈക്കൊണ്ടപ്പോൾ അത് മുഴു പെരുമാറ്റ സംഹിതയുടെയും അടിസ്ഥാനമായിത്തീരുകയും ക്രമേണ സമൂഹത്തിന്റെ ഇടത്തട്ടുകളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്തു. സംസ്കാരശൂന്യവും മൃഗീയവുമായിരുന്ന ഫ്യൂഡൽ സമുദായത്തിൽനിന്നു വ്യത്യസ്തമായ ഒരു പുതിയ ജീവിതരീതി ഉയിർക്കൊണ്ടിരുന്നു. പുരുഷന്മാർ ആത്മത്യാഗമനോഭാവവും പരിഗണനയും ദയയും ഉള്ള മാന്യവ്യക്തികളായിരിക്കാൻ സ്ത്രീകൾ പ്രതീക്ഷിച്ചു.
പെട്ടെന്നുതന്നെ, യൂറോപ്പിന്റെ നല്ലൊരു ഭാഗം ട്രൂബഡോറുകളുടെ കലയെ സ്വാഗതം ചെയ്യാൻ തുടങ്ങി. സ്പെയിനും പോർട്ടുഗലും അവരുടെ പ്രമേയങ്ങളെ ആവേശത്തോടെ സ്വീകരിച്ചു. ഉത്തര ഫ്രാൻസിൽ ട്രൂവെറുകളും ജർമനിയിൽ മിനിസിങ്ങറുകളും ഇറ്റലിയിൽ ട്രോവാറ്റോറിയും ഉടലെടുത്തു. മധ്യകാലഘട്ടത്തെ പ്രേമം എന്ന ട്രൂബഡോറുകളുടെ പ്രമേയവും സ്ത്രീകളോടു സഭ്യമായി പെരുമാറുന്ന പുരുഷന്മാരുടെ ആദർശങ്ങളും ഒത്തുചേർന്ന് പ്രേമകഥb എന്നറിയപ്പെടുന്ന സാഹിത്യശൈലിക്കു രൂപം നൽകി. ഉദാഹരണത്തിന്, മധ്യകാലഘട്ടത്തെ പ്രേമം എന്ന ആദർശത്തെ കെൽറ്റ് വംശജനായ ബ്രിട്ടനിയുടെ ഐതിഹ്യങ്ങളുമായി കൂട്ടിക്കലർത്തിക്കൊണ്ട് ട്രൂവെർ ക്രേറ്റ്യെൻ ദെ ട്രൊവാസ്, കിങ് ആർതർ ആൻഡ് ദ നൈറ്റ്സ് ഓഫ് ദ റൗണ്ട് ടേബിൾ കഥകളിൽ ഉദാരമനസ്കത, ബലഹീനരുടെ സംരക്ഷണം തുടങ്ങിയ സദ്ഗുണങ്ങളുടെ മേന്മ ഏറ്റവുമധികം ഉയർത്തിക്കാട്ടി.
സമൂഹത്തിൽ അവർ ചെലുത്തിയ സ്വാധീനം
ട്രൂബഡോറുകളുടെ മിക്ക പാട്ടുകളും മധ്യകാലഘട്ടത്തെ പ്രേമത്തിന്റെ ഗുണവിശേഷങ്ങളെ പാടിപ്പുകഴ്ത്തിയപ്പോൾ അവരുടെ മറ്റുചില പാട്ടുകൾ അന്നാളിലെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചു ചർച്ചചെയ്തു. ട്രൂബഡോറുകൾ ‘അവരുടെ സമകാലീനരുടെ ഇടയിൽ പിളർപ്പിനിടയാക്കിയ പോരാട്ടങ്ങളിൽ സജീവമായി പങ്കെടുത്തുവെന്നും അവർ തങ്ങളുടെ രചനകളിലൂടെ ഏതെങ്കിലുമൊരു പക്ഷത്തിന്റെ വിജയത്തിനു സംഭാവനചെയ്യുകപോലും ചെയ്തെന്നും” ലാ വിയെ ഏ ലേപേയുടെ (ഫിഡിലും വാളും) ഫ്രഞ്ചുകാരനായ ഗ്രന്ഥകർത്താവ് മാർട്ടാൻ ഓറെൽ വിശദീകരിച്ചു.
മധ്യകാല സമൂഹത്തിൽ ട്രൂബഡോറുകൾ അലങ്കരിച്ച പ്രത്യേക സ്ഥാനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് റൊബർട്ട് സബാറ്റിയെർ പറയുന്നു: “മുമ്പൊരിക്കലും കവികൾക്ക് ഇത്രയും പ്രശസ്തി ലഭിച്ചിട്ടില്ല; മുമ്പൊരിക്കലും ആർക്കും ഇത്രയും സംസാര സ്വാതന്ത്ര്യവും ലഭിച്ചിട്ടില്ല. അവർ [ട്രൂബഡോറുകൾ] പ്രശംസിക്കുകയും ശാസിക്കുകയും ചെയ്തു, അവർ ആളുകൾക്കുവേണ്ടി സംസാരിച്ചു, അവർ രാഷ്ട്രീയ നയത്തെ സ്വാധീനിച്ചു, അവർ നവീന ആശയങ്ങളുടെ വാഹനമായിത്തീർന്നു.”—ലാ പൊയേസി ദ്യൂ മ്വായെൻ ആഷ്.
അവരുടെ നാളിലെ വാർത്താമാധ്യമങ്ങൾ
അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിന് ദീർഘനാൾ മുമ്പുതന്നെ ട്രൂബഡോറുകളും മറ്റു സഞ്ചാരഗായകരും അവരുടെ നാളിലെ വാർത്താമാധ്യമങ്ങളായി വർത്തിച്ചിരുന്നുവെന്ന് തീർച്ചയായും പറയാൻ കഴിയും. മധ്യകാലത്തെ സഞ്ചാരഗായകർ രാജ്യാന്തര യാത്രക്കാരായിരുന്നു. അവർ യൂറോപ്പിലെ അരമനകളിലെല്ലാം കയറിയിറങ്ങി—സൈപ്രസ് മുതൽ സ്കോട്ട്ലൻഡ് വരെയും പോർട്ടുഗൽ മുതൽ പൂർവ യൂറോപ്പു വരെയും, അവർ എവിടെയെല്ലാം പോയോ അവിടെയെല്ലാമുള്ള—വാർത്തകൾ ശേഖരിക്കുകയും കഥകളും ശ്രുതിമധുരമായ സംഗീതങ്ങളും ഗാനങ്ങളും കൈമാറുകയും ചെയ്തു. ഷോങ്ഗ്ലറിൽനിന്നു ഷോങ്ഗ്ലറിലേക്ക് വാമൊഴിയായി ദ്രുതഗതിയിൽ വ്യാപിക്കുന്ന ട്രൂബഡോർ ഗാനങ്ങളുടെ കർണാനന്ദകരമായ ഈണങ്ങൾ ആളുകൾ പഠിച്ചെടുത്തു. അവ പൊതുജനാഭിപ്രായത്തെ വളരെയധികം സ്വാധീനിക്കുകയും ഒരു കാര്യത്തിന് അല്ലെങ്കിൽ മറ്റൊരു കാര്യത്തിനു വേണ്ടി പ്രവർത്തിക്കാൻ പൊതുജനത്തെ പ്രേരിപ്പിക്കുകയും ചെയ്തു.
ട്രൂബഡോറുകൾ ഉപയോഗിച്ചിരുന്ന പല കാവ്യരൂപങ്ങളിലൊന്നിന്റെ പേര് സിർവാന്ത് എന്നായിരുന്നു. അതിന്റെ അക്ഷരീയ അർഥം “ഭൃത്യഗാനം” എന്നായിരുന്നു. ചിലത് ഭരണാധികാരികളുടെ അനീതി തുറന്നു കാട്ടി. മറ്റുചിലത് ധീരതയുടെയും ആത്മത്യാഗത്തിന്റെയും ഉദാരമനസ്കതയുടെയും കരുണയുടെയും പ്രവൃത്തികളെ പ്രശംസിക്കുകയും പ്രാകൃതമായ ക്രൂരതയെയും ഭീരുത്വത്തെയും കാപട്യത്തെയും തൻകാര്യതാത്പര്യത്തെയും വിമർശിക്കുകയും ചെയ്തു. 13-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ സിർവാന്തുകൾ ചരിത്രകാരൻമാരെ സംബന്ധിച്ചിടത്തോളം വലിയ പ്രക്ഷോഭത്തിന്റെ ഒരു കാലത്ത് ലാങ്ഗദോക്കിലെ രാഷ്ട്രീയ-മത അന്തരീക്ഷത്തിലേക്കുള്ള ജാലകമായി വർത്തിച്ചു.
സഭയുടെ നേരെ വിമർശനം
കുരിശുയുദ്ധങ്ങൾ പരാജയപ്പെട്ടതോടെ പലയാളുകളും കത്തോലിക്കാ സഭയുടെ ആത്മീയവും ലൗകികവുമായ അധികാരത്തെ സംശയിക്കാൻ തുടങ്ങി. തങ്ങൾ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നുവെന്നു വൈദികർ അവകാശപ്പെട്ടു. എന്നാൽ അവരുടെ പ്രവർത്തനങ്ങൾ ക്രിസ്തുവിന്റേതിന് ഏഴയലത്തുപോലും എത്തിയിരുന്നില്ല. അവരുടെ കപടഭക്തിയും അത്യാർത്തിയും ദുഷിപ്പും അങ്ങാടിയിൽ പാട്ടായി. എല്ലായ്പോഴും ധനവും രാഷ്ട്രീയാധികാരവും മോഹിച്ചുനടന്ന സഭാ ബിഷപ്പുമാരും പുരോഹിതന്മാരും ധനികരുടെ താളത്തിനൊത്തു തുള്ളി. പാവപ്പെട്ടവരുടെയും ഇടത്തട്ടുകാരുടെയും ആത്മീയ ആവശ്യങ്ങളോടുള്ള അവരുടെ അവഗണന തീർച്ചയായും വിയോജിപ്പിന് ഇടയാക്കി.
ലാങ്ഗദോക്കിലെ ഇടത്തട്ടുകാരും ഉന്നതകുലജാതരുമായ പലരും വിദ്യാസമ്പന്നരായിരുന്നു. 12-ാം നൂറ്റാണ്ടിലെ സഭ “അത് അനുകരിക്കുന്നതെന്ന് അവകാശപ്പെട്ട പുരാതന മാതൃകകളിൽനിന്നു വളരെ വ്യത്യസ്തമായിരുന്നതായി” അഭ്യസ്തവിദ്യരായ അൽമായർ കണ്ടെത്തിയെന്ന് ചരിത്രകാരനായ എച്ച്. ആർ. ട്രേവർ-റോപർ പ്രസ്താവിച്ചു. പലയാളുകളും പിൻവരുന്നപ്രകാരം ചിന്തിക്കാൻ തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “കോൺസ്റ്റന്റൈനു മുമ്പുണ്ടായിരുന്ന രാഷ്ട്രീയത്തിൽ കൈകടത്താതിരുന്ന സഭ, അപ്പോസ്തലന്മാരുടെ സഭ, . . . പീഡനങ്ങൾക്കു വിധേയമായ സഭ . . . എത്ര വ്യത്യസ്തമായിരുന്നു: പാപ്പായോ ഫ്യൂഡൽ ബിഷപ്പുമാരോ ധനികരുടെ സംഭാവനകളോ പുറജാതീയ പഠിപ്പിക്കലുകളോ സമ്പത്തും അധികാരവും വർധിപ്പിക്കുന്നതിനുവേണ്ടി രൂപകൽപ്പനചെയ്തിരിക്കുന്ന പുതിയ വ്യവസ്ഥകളോ ഇല്ലായിരുന്ന ഒരു സഭ!”
ലാങ്ഗദോക്ക് സഹിഷ്ണുതയുടെ നാടായിരുന്നു. ടുളൂസിലെ കൗണ്ടി പ്രഭുക്കമാരും മറ്റു തെക്കൻ ഭരണാധികാരികളും ആളുകൾക്കു മതസ്വാതന്ത്ര്യം അനുവദിച്ചു. വാൾഡെൻസുകാർc ബൈബിൾ ലാങ് ദോക്ക് ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. അവർ ഈരണ്ടീരണ്ടായി ദേശം മുഴുവനും സഞ്ചരിച്ച് അതിനെക്കുറിച്ചു തീക്ഷ്ണതയോടെ പ്രസംഗിക്കുകയും ചെയ്തിരുന്നു. കൂടാതെ, കത്താരികളും (അൽബീജെൻസുകൾ എന്നും വിളിക്കപ്പെട്ടു) അവരുടെ പഠിപ്പിക്കൽ പ്രചരിപ്പിക്കുകയും ഉന്നതകുലജാതരായ പലരെയും മതം മാറ്റുകയും ചെയ്തു.
ട്രൂബഡോറുകളുടെ പല സിർവാന്തുകളും കത്തോലിക്കാ വൈദികർ മൂലം ആളുകൾക്കുണ്ടായ നിരാശയെയും ആ വൈദികരോടുള്ള ആളുകളുടെ അനാദരവിനെയും വെറുപ്പിനെയും പ്രതിഫലിപ്പിക്കുന്നവയായിരുന്നു. ഗി ദെ കാവായൊൺ രചിച്ച ഒരു സിർവാന്ത് ലൗകികമായ താത്പര്യങ്ങൾക്കുവേണ്ടി “പ്രഥമ ദൈവനിയോഗം ഉപേക്ഷിച്ചു”കളഞ്ഞതിനു വൈദികരെ കുറ്റപ്പെടുത്തുന്നതാണ്. ട്രൂബഡോറുകളുടെ ഗാനങ്ങൾ നരകാഗ്നി, കുരിശ്, കുമ്പസാരം, “ആനാംവെള്ളം” എന്നിവയെ അപഹസിച്ചു. അവ ദണ്ഡവിമോചനത്തെയും സ്മാരകാവശിഷ്ടങ്ങളെയും അധിക്ഷേപിക്കുകയും അധാർമികരായ പുരോഹിതന്മാരെയും നീചന്മാരായ ബിഷപ്പുമാരെയും “ചതിയന്മാരെന്നും നുണയൻമാരെന്നും കപടഭക്തരെന്നും” വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിനെതിരെയുള്ള സഭയുടെ പോരാട്ടം
എങ്കിലും, റോമൻ സഭ എല്ലാ സാമ്രാജ്യങ്ങളുടെയും രാജ്യങ്ങളുടെയും പരമാധികാരിയായി സ്വയം കണക്കാക്കിപ്പോന്നു. യുദ്ധം അധികാരം നേടിയെടുക്കുന്നതിനുള്ള അതിന്റെ ഉപകരണമായിത്തീർന്നു. രാജകുമാരൻമാരെ കീഴ്പെടുത്താനും ഫ്രാൻസിന്റെ തെക്കൻ പ്രദേശങ്ങളിലെ വിയോജിപ്പിന്റെ സകല നാളങ്ങളെയും തല്ലിക്കെടുത്താനും കഴിവുള്ള ഏത് സൈന്യത്തിനും ലാങ്ഗദോക്കിലെ മുഴു സമ്പത്തും കൊടുക്കാമെന്ന് ഇന്നസെൻറ് മൂന്നാമൻ പാപ്പാ വാക്കു കൊടുത്തു. അത് ഫ്രഞ്ച് ചരിത്രത്തിലെ പീഡനത്തിന്റെയും കൊലപാതകത്തിന്റെയും ഏറ്റവും രക്തപങ്കിലമായ ഒരു കാലഘട്ടത്തിനു നാന്ദികുറിച്ചു. അത് അൽബീജെൻസിയൻ കുരിശുയുദ്ധം (1209-29) എന്ന് അറിയപ്പെട്ടു.d
ട്രൂബഡോറുകൾ അതിനെ വ്യാജ കുരിശുയുദ്ധം എന്നു വിളിച്ചു. അവരുടെ ഗാനങ്ങൾ, വിയോജിപ്പു പ്രകടിപ്പിക്കുന്നവരോടുള്ള സഭയുടെ ക്രൂരമായ പെരുമാറ്റത്തിലും ക്രിസ്ത്യാനിത്വ വിരോധികളായി കണക്കാക്കപ്പെട്ട മുസ്ലീങ്ങളെ കൊന്നപ്പോഴും വിയോജിപ്പു പ്രകടമാക്കിയ ഫ്രഞ്ചുകാരെ കൊന്നപ്പോഴും പാപ്പാ ഒരേപോലെ ദണ്ഡവിമോചനം വാഗ്ദാനം ചെയ്തതിലും ഉള്ള ഉഗ്രരോഷം പ്രകടിപ്പിച്ചു. അൽബീജെൻസിയൻ കുരിശുയുദ്ധത്തിന്റെ സമയത്തും അതിനെത്തുടർന്നു നടന്ന മതവിചാരണയുടെ സമയത്തും സഭ അതിനെത്തന്നെ നല്ലവണ്ണം കൊഴുപ്പിച്ചു. ജനങ്ങളുടെ കുടുംബാവകാശം എടുത്തുകളയുകയും അവരുടെ വീടും സ്ഥലവും കണ്ടുകെട്ടുകയും ചെയ്തു.
കത്താരികളായ പാഷണ്ഡികളായി കുറ്റം ചുമത്തപ്പെട്ട ട്രൂബഡോറുകളിൽ മിക്കവരും ശത്രുത കുറഞ്ഞ നാടുകളിലേക്ക് ഓടിപ്പോയി. ഈ കുരിശുയുദ്ധം ഓക്സിറ്റാൻ സംസ്കാരത്തിന്റെയും അതിന്റെ ജീവിതരീതിയുടെയും കവിതയുടെയും അവസാനം കുറിച്ചു. മതവിചാരണാ നിയമം, ട്രൂബഡോറുകളുടെ ഗാനമാലപിക്കുന്നതോ മൂളുന്നതോ പോലും നിയമവിരുദ്ധമാക്കിത്തീർത്തു. എങ്കിലും അവരുടെ പൈതൃകം നിലനിന്നു. വാസ്തവത്തിൽ, അവരുടെ വൈദികവിരുദ്ധ ഗാനങ്ങൾ മതനവീകരണത്തിനു വേദിയൊരുക്കി. തീർച്ചയായും, ട്രൂബഡോറുകൾ പ്രേമഗാന ഗായകർ മാത്രമായിരുന്നില്ല.
[അടിക്കുറിപ്പുകൾ]
a റോമൻ ഭടൻമാരിൽനിന്നു പഠിച്ചെടുത്ത, റോമൻ എന്നു വിളിക്കപ്പെട്ട ലത്തീൻ ഭാഷ അപ്പോഴേക്കും ഫ്രാൻസിൽ രണ്ടു നാട്ടുഭാഷകളായി വികാസംപ്രാപിച്ചിരുന്നു: ദക്ഷിണ ഫ്രാൻസിലെ ആളുകൾ ലാങ് ദോക്ക് (ഓക്സിറ്റാൻ അഥവാ പ്രോവെൻസാൾ എന്നും അറിയപ്പെടുന്നു) എന്ന ഭാഷ സംസാരിച്ചപ്പോൾ ഉത്തര ഫ്രാൻസിലെ ആളുകൾ ലാങ് ദ്വാലാണ് (പഴയ ഫ്രഞ്ച് എന്ന് ചിലപ്പോൾ വിളിക്കപ്പെടുന്ന ഫ്രഞ്ചിന്റെ ഒരു ആദിമ രൂപം) സംസാരിച്ചത്. ഉവ്വ് എന്നതിനുള്ള പദമാണ് ഈ രണ്ടു ഭാഷകളെയും വേർതിരിച്ചിരുന്നത്. തെക്ക് അത് ഓക്കും (ലത്തീനിലെ ഹോക്കിൽനിന്നുണ്ടായത്) വടക്ക് ഓയിലും (ലത്തീനിലെ ഹോക്ക് ഇലെയിൽനിന്നുണ്ടായത്) ആയിരുന്നു. ഓയിൽ ആണ് ആധുനിക ഫ്രഞ്ചിലെ വീ ആയിത്തീർന്നത്.
b വടക്കൻ നാട്ടുഭാഷയിലോ തെക്കൻ നാട്ടുഭാഷയിലോ എഴുതപ്പെട്ട ഏതു കൃതിയും റോമൻ എന്നു വിളിക്കപ്പെട്ടു. സ്ത്രീകളോടു സഭ്യമായി പെരുമാറുന്ന പുരുഷന്മാരെക്കുറിച്ചുള്ള ഈ കഥകളിൽ പലതും മധ്യകാലഘട്ടത്തെ പ്രേമത്തെക്കുറിച്ച് ചർച്ചചെയ്യുന്നവയായിരുന്നതിനാൽ റൊമാൻസോ (പ്രേമകഥ) റൊമാൻറിക്കോ (ശൃംഗാരീയം) ആയി കണക്കാക്കപ്പെടുന്ന സകലത്തിന്റെയും മാനദണ്ഡമായിത്തീർന്നു അവ.
c വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 1981 ആഗസ്റ്റ് 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 12-15 പേജുകൾ കാണുക.
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
അച്ചടിക്കാരന്റെ ചിഹ്നങ്ങൾ/by Carol Belanger Grafton/Dover Publications, Inc.
Bibliothèque Nationale, Paris
[19-ാം പേജിലെ ചിത്രം]
12-ാം നൂറ്റാണ്ടിലെ ഒരു കൈയെഴുത്തു പ്രതിയിൽനിന്നുള്ള ചിത്രം
[കടപ്പാട്]
Bibliothèque Nationale, Paris