കത്താരികൾ—അവർ ക്രിസ്തീയ രക്തസാക്ഷികളായിരുന്നുവോ?
“അവറ്റകളെയെല്ലാം കൊന്നുകളയൂ; ദൈവം തന്റേതിനെ തിരിച്ചറിഞ്ഞുകൊള്ളും.” 1209-ലെ ആ വേനൽക്കാല ദിവസം ദക്ഷിണ ഫ്രാൻസിലുള്ള ബേസ്യേയിലെ ജനതതി കൂട്ടക്കൊലചെയ്യപ്പെട്ടു. കത്തോലിക്കാ കുരിശുയുദ്ധക്കാരുടെ തലവനായി നിയമിക്കപ്പെട്ട, പാപ്പാപ്രതിനിധിയായിരുന്ന അർനോൾഡ് അമൾറീക് സന്ന്യാസി അൽപ്പംപോലും കരുണ കാണിച്ചില്ല. കത്തോലിക്കരെയും പാഷണ്ഡികളെയും എങ്ങനെ തിരിച്ചറിയുമെന്ന് അയാളുടെ ആളുകൾ ചോദിച്ചപ്പോൾ മുകളിൽ ഉദ്ധരിച്ച കുപ്രസിദ്ധമായ മറുപടി അയാൾ നൽകിയതായി അറിയപ്പെടുന്നു. കത്തോലിക്കാ ചരിത്രകാരന്മാർ അതിൽ വെള്ളം ചേർത്ത് ഇപ്രകാരമാക്കുന്നു: “വിഷമിക്കേണ്ട, ചുരുക്കം ചിലരേ മതപരിവർത്തനം ചെയ്തിട്ടുള്ളൂ എന്നാണ് എന്റെ ധാരണ.” അയാളുടെ മറുപടി എന്തുതന്നെയായിരുന്നാലും കത്തോലിക്കാ സഭയുടെ പുരോഹിതശ്രേഷ്ഠർ നയിച്ച 3,00,000 കുരിശുയുദ്ധക്കാരുടെ കൈകളാൽ നടന്ന, കുറഞ്ഞത് 20,000 പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അരുങ്കൊലയായിരുന്നു അതിന്റെ ഫലം.
ഈ കൂട്ടക്കൊലയ്ക്കു കാരണമെന്തായിരുന്നു? ദക്ഷിണ-മധ്യ ഫ്രാൻസിലെ ലങ്കഡാക്ക് പ്രവിശ്യയിൽ പാഷണ്ഡികളെന്നു പറയപ്പെടുന്നവർക്കെതിരെ ഇന്നസെൻറ് III-ാമൻ പാപ്പാ തുടങ്ങിവെച്ച അൽബീജെൻസിയൻ കുരിശുയുദ്ധത്തിന്റെ തുടക്കം മാത്രമായിരുന്നു അത്. ഏതാണ്ട് 20 വർഷത്തിനുശേഷം അത് അവസാനിക്കുന്നതിനുമുമ്പായി സാധ്യതയനുസരിച്ച് പത്തുലക്ഷം ആളുകൾക്ക്—കത്താരികൾക്കും, വാൾഡെൻസുകാർക്കും അനേകം കത്തോലിക്കർക്കുപോലും—തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു.
മധ്യകാല യൂറോപ്പിൽ മതഭിന്നിപ്പ്
പൊ.യു. (പൊതുയുഗം) 11-ാം നൂറ്റാണ്ടിൽ വാണിഭത്തിലുണ്ടായ ത്വരിതഗതിയിലുള്ള വളർച്ച മധ്യകാല യൂറോപ്പിൽ സാമൂഹിക-സാമ്പത്തിക ഘടനകളിൽ വലിയ മാറ്റങ്ങൾ കൈവരുത്തി. അധികമധികം ശില്പികളെയും കച്ചവടക്കാരെയും പാർപ്പിക്കാൻ പട്ടണങ്ങൾ മുളച്ചുപൊന്തി. ഇതു പുതിയ ആശയങ്ങൾക്കു വഴിതുറന്നു. യൂറോപ്പിൽ മറ്റെങ്ങുമില്ലാത്തപോലെ ഗണ്യമായ സഹനശക്തിയും പുരോഗമനചിന്താഗതിയുമുള്ള നാഗരികത അഭിവൃദ്ധി പ്രാപിച്ച ലങ്കഡാക്കിൽ മതപരമായ അഭിപ്രായവ്യത്യാസം ഉടലെടുത്തു. യൂറോപ്പിലെ ഏറ്റവും സമ്പന്നമായ മുഖ്യനഗരികളിൽ മൂന്നാമത്തതായിരുന്നു ലങ്കഡാക്കിലെ ടുളൂസ് നഗരം. ധീരോദാത്ത പ്രണയഭാവകാവ്യപ്രസ്ഥാനക്കാർ ഉന്നതി പ്രാപിച്ച സമയമായിരുന്നു അത്, അവരിൽ ചിലരുടെ ഭാവകാവ്യങ്ങൾ രാഷ്ട്രീയ-മത അനുഭാവികളെ പരാമർശിച്ചുള്ളവയായിരുന്നു.
11-ഉം 12-ഉം നൂറ്റാണ്ടിലെ മതപരമായ അവസ്ഥയെപ്പറ്റി വർണിച്ചുകൊണ്ട് റവ്യൂ ഡിസ്റ്റ്വാർ യേ ഡ ഫീലൊസൊഫീ റെലീഴിയോസ് ഇങ്ങനെ പ്രസ്താവിക്കുന്നു: “12-ാം നൂറ്റാണ്ടിൽ, മുൻ നൂറ്റാണ്ടിലെപ്പോലെ, വൈദികരുടെ സാന്മാർഗികത, ധനസമ്പത്ത്, ദ്രവ്യാധീനത, അധാർമികത എന്നിവ തുടർന്നും ചോദ്യംചെയ്യപ്പെട്ടു. എങ്കിലും, അവരുടെ സമ്പത്തും അധികാരവും വഞ്ചനയ്ക്കായി മതേതര അധികാരികളുമായുള്ള കൂട്ടുകെട്ടും ഒത്താശയുമാണു പ്രമുഖമായി വിമർശിക്കപ്പെട്ടത്.”
സഞ്ചാരപ്രസംഗകർ
യൂറോപ്പിൽ, പ്രത്യേകിച്ചും ദക്ഷിണ ഫ്രാൻസിലും ഉത്തര ഇറ്റലിയിലും വിമതരായ, സഞ്ചാരപ്രസംഗകരുടെ വർധനവിനു പഴിചാരേണ്ടതു സഭയ്ക്കുള്ളിൽ നടമാടിയ ക്രമാതീതമായ അഴിമതിയെയാണെന്ന് ഇന്നസെൻറ് III-ാമൻ പാപ്പാ പോലും തിരിച്ചറിഞ്ഞിരുന്നു. ഇവരിൽ ഭൂരിപക്ഷവും ഒന്നുകിൽ കത്താരികൾ അല്ലെങ്കിൽ വാൾഡെൻസുകാർ ആയിരുന്നു. “നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കാത്ത അപ്പമാണു ജനങ്ങൾക്കാവശ്യം” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം പുരോഹിതന്മാരെ പ്രസംഗിക്കാത്തതിന് അങ്ങേയറ്റം ശകാരിച്ചു. എങ്കിലും, ബൈബിൾ വിദ്യാഭ്യാസത്തിൽ പുരോഗമിക്കുന്നതിനു ജനത്തെ സഹായിക്കുന്നതിനു പകരം, “ലളിത ജീവിതം നയിക്കുന്നവർക്കും അനഭ്യസ്തർക്കും മാത്രമല്ല ബുദ്ധികൂർമതയും അറിവുമുള്ളവർക്കുപോലും മുഴുവനായി ഗ്രഹിക്കാനാവാത്തവിധം അത്രമാത്രം ആഴമുള്ളതാണു തിരുവെഴുത്തിലെ ദിവ്യ അറിവ്” എന്ന് ഇന്നസെൻറ് അവകാശപ്പെട്ടു. വൈദികർക്കൊഴികെ ആർക്കും ബൈബിൾ വായിക്കാൻ അധികാരമില്ലായിരുന്നു, അതും ലത്തീൻ ഭാഷയിൽ.
അഭിപ്രായവ്യത്യാസമുള്ള സഞ്ചാരപ്രസംഗകരെ എതിർക്കുന്നതിനുവേണ്ടി സന്ന്യാസിമാരായ പ്രസംഗകരുടെ അല്ലെങ്കിൽ ഡൊമിനിക്കരുടെ സംഘടന സ്ഥാപിക്കാൻ പാപ്പാ അനുമതി നൽകി. ധനികരായ വൈദികരിൽനിന്നു വ്യത്യസ്തമായി ഈ സന്ന്യാസിമാർ ദക്ഷിണ ഫ്രാൻസിലുള്ള “പാഷണ്ഡികൾ”ക്കെതിരെ കത്തോലിക്കാ ശാസ്ത്രനിഷ്ഠയ്ക്കുവേണ്ടി പ്രതിവാദം ചെയ്യുന്നതിനു സഞ്ചാരപ്രസംഗകരായിരിക്കണമായിരുന്നു. കത്താരികളുമായി ന്യായവാദം ചെയ്ത് അവരെ കത്തോലിക്കാ തൊഴുത്തിലേക്കു തിരികെ കൊണ്ടുവരുന്നതിനായി പാപ്പാ തന്റെ പ്രതിനിധികളെയും അയയ്ക്കുകയുണ്ടായി. ഈ ശ്രമങ്ങൾ പരാജയപ്പെടുകയും പാഷണ്ഡിയായിരിക്കാനിടയുള്ള ഒരുവനാൽ തന്റെ പ്രതിനിധികളിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തപ്പോൾ ഇന്നസെൻറ് III-ാമൻ 1209-ൽ അൽബീജെൻസിയൻ കുരിശുയുദ്ധത്തിനു കൽപ്പന പുറപ്പെടുവിച്ചു. അൽബീ കത്താരികൾ അധികമുണ്ടായിരുന്ന പട്ടണങ്ങളിൽ ഒന്നായിരുന്നു. തന്മൂലം സഭാ ചരിത്രകാരന്മാർ കത്താരികളെ അൽബീജെൻസസ് (ഫ്രഞ്ചിൽ അൽബീജിയോയിസ്) എന്നു പരാമർശിക്കുകയും വാൾഡെൻസുകാർ ഉൾപ്പെടെ ആ പ്രദേശത്തുള്ള സകല “പാഷണ്ഡികളെ”യും പരാമർശിക്കാൻ ആ പദപ്രയോഗം നടത്തുകയും ചെയ്തു. (താഴെയുള്ള ചതുരം കാണുക.)
കത്താരികൾ ആരായിരുന്നു?
“കത്താർ” എന്ന പദം “ശുദ്ധമായ” എന്നർഥമുള്ള കാത്തരോസ് എന്ന ഗ്രീക്കു പദത്തിൽനിന്ന് ഉരുവായതാണ്. 11 മുതൽ 14 വരെയുള്ള നൂറ്റാണ്ടുകളിൽ കത്താരിമതം ബാർഡീ, വടക്കേ ഇറ്റലി, ലങ്കഡാക്ക് എന്നിവിടങ്ങളിൽ പ്രത്യേകിച്ചും പ്രചരിക്കുകയുണ്ടായി. ഒരുപക്ഷേ വിദേശ വ്യാപാരികളും മിഷനറിമാരും ഇറക്കുമതിചെയ്ത പൗരസ്ത്യ ദ്വൈതവാദത്തിന്റെയും ജ്ഞേയവാദത്തിന്റെയും ഒരു മിശ്രിതമായിരുന്നു കത്താർ വിശ്വാസങ്ങൾ. ദി എൻസൈക്ലോപീഡിയ ഓഫ് റിലിജൻ കത്താരി ദ്വൈതവാദത്തെ നിർവചിക്കുന്നത് “രണ്ടു തത്ത്വങ്ങളി”ലുള്ള വിശ്വാസമായിട്ടാണ്: “ഒന്നാമത്തേത് ആത്മീയമായ സകലത്തെയും നയിക്കുന്ന നന്മ, രണ്ടാമത്തേത്, മനുഷ്യ ശരീരമുൾപ്പെടെയുള്ള സകല ഭൗതിക ലോകത്തിനും ഉത്തരവാദിയായ തിന്മ.” നാശത്തിനു സുനിശ്ചിതമായി കുറ്റംവിധിക്കപ്പെട്ടിരിക്കുന്ന ഭൗതികലോകത്തെ സൃഷ്ടിച്ചതു സാത്താനാണെന്നു കത്താരികൾ വിശ്വസിച്ചു. ഈ തിന്മനിറഞ്ഞ, ഭൗതിക ലോകത്തുനിന്നു രക്ഷപ്പെടാമെന്നായിരുന്നു അവരുടെ പ്രത്യാശ.
കത്താരികൾ പുരോഹിതർ, അൽമായർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. പുരോഹിതന്മാർ കൊൺസോലാമെന്റം എന്നു വിളിക്കപ്പെട്ടിരുന്ന പ്രഥമകർമമായ ഒരു ആത്മീയ സ്നാപനം ഏറ്റിരുന്നു. ഒരു വർഷത്തെ പരീക്ഷണഘട്ടത്തിനുശേഷം തലയിൽ കൈകൾ വച്ചുകൊണ്ടാണ് ഇതു നിർവഹിച്ചിരുന്നത്. ഈ ആചാരനടപടി അപേക്ഷകനെ സാത്താന്റെ ഭരണത്തിൽനിന്നു വിടുവിക്കുകയും അയാളെ സകല പാപങ്ങളിൽനിന്നും ശുദ്ധീകരിക്കുകയും അയാളുടെമേൽ പരിശുദ്ധാത്മാവിനെ പകരുകയും ചെയ്യുമെന്നാണു കരുതിപ്പോന്നത്. വിശ്വാസികളുടെ ശുശ്രൂഷകരായി പ്രവർത്തിക്കുന്ന പ്രമാണിവർഗത്തിന്റെ ഒരു ചെറിയ വിഭാഗത്തിന് “പുരോഹിതർ” എന്ന സ്ഥാനപ്പേരു നൽകാൻ ഇതു കാരണമായി. പുരോഹിതർ മദ്യപാനവർജനം, പാതിവ്രത്യം, നിർധനത്വം എന്നിവയ്ക്കുവേണ്ടി വ്രതമെടുത്തു. വിവാഹം ചെയ്യുന്നവർ തങ്ങളുടെ ഇണയെ ഉപേക്ഷിക്കണമായിരുന്നു, കാരണം ആദ്യപാപം ലൈംഗികബന്ധമായിരുന്നെന്നു കത്താരികൾ വിശ്വസിച്ചിരുന്നു.
സന്ന്യാസജീവിതം നയിച്ചില്ലെന്നുവരികിലും കത്താർ പഠിപ്പിക്കലുകൾ അംഗീകരിച്ച വ്യക്തികളായിരുന്നു അൽമായർ. പുരോഹിതന്റെ മുമ്പാകെ ആദരവോടെ മുട്ടുമടക്കി മെലിയോരാമെന്റം എന്ന കർമത്തിലൂടെ ക്ഷമയ്ക്കായും അനുഗ്രഹത്തിനായും അൽമായൻ യാചിക്കുമായിരുന്നു. സാധാരണജീവിതം നയിക്കാൻ തങ്ങളെ പ്രാപ്തരാക്കുന്നതിന് അൽമായർ മരണക്കിടക്കയിൽവെച്ചുള്ള ആത്മീയ സ്നാപനകർമം അഥവാ കൊൺസോലാമെന്റം നിർവഹിക്കുന്നതിനു പുരോഹിതന്മാരുമായി ഒരു കോൺവെനെൻസായിൽ അഥവാ ഒരു കരാറിൽ ഏർപ്പെട്ടിരുന്നു.
ബൈബിളിനോടുള്ള മനോഭാവം
കത്താരികൾ ബൈബിൾ വിപുലമായി ഉദ്ധരിച്ചുവെങ്കിലും അവർ അതിനെ പ്രമുഖമായും ദൃഷ്ടാന്ത കഥകളും കെട്ടുകഥകളുമായിട്ടാണു വീക്ഷിച്ചത്. എബ്രായ തിരുവെഴുത്തുകളുടെ അധികഭാഗവും പിശാചിൽനിന്നു വന്നതായി അവർ കണക്കാക്കി. ജഡത്തെയും ആത്മാവിനെയും വേർതിരിച്ചു പറയുന്നതുപോലെയുള്ള ഗ്രീക്കു തിരുവെഴുത്തുകളിൽനിന്നുള്ള ഭാഗങ്ങൾ അവർ തങ്ങളുടെ ദ്വൈതവാദ തത്ത്വശാസ്ത്രത്തിനു താങ്ങായി ഉപയോഗിച്ചു. അവർ കർത്താവിന്റെ പ്രാർഥനയിൽ “അന്നന്നുവേണ്ട ആഹാരം” എന്നതിനു പകരം “അത്യന്തം ശ്രേഷ്ഠമായ ആഹാര”മെന്നു (ആത്മീയ ആഹാരമെന്ന അർഥത്തിൽ) പ്രാർഥിച്ചു, കാരണം ഭൗതിക ആഹാരം അവരുടെ ദൃഷ്ടിയിൽ അവശ്യം തിന്മയായിരുന്നു.
പല കത്താർ പഠിപ്പിക്കലുകളും ബൈബിളിനു നേർവിപരീതമായിരുന്നു. ദൃഷ്ടാന്തത്തിന്, അവർ ആത്മാവിന്റെ അമർത്ത്യതയിലും പുനർജന്മത്തിലും വിശ്വസിച്ചിരുന്നു. (സഭാപ്രസംഗി 9:5, 10-ഉം യെഹെസ്കേൽ 18:4, 20-ഉം താരതമ്യം ചെയ്യുക.) അവർ ഉത്തര കാനോനിക ഗ്രന്ഥങ്ങളിലും തങ്ങളുടെ വിശ്വാസം അർപ്പിച്ചു. എന്നുവരികിലും, കത്താരികൾ നാട്ടുഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ തിരുവെഴുത്തു ഭാഗങ്ങൾ ഒരു പരിധിവരെ മധ്യയുഗങ്ങളിൽ ബൈബിളിനെ സുവിദിതമായ ഒരു പുസ്തകമാക്കിത്തീർത്തു.
ക്രിസ്ത്യാനികളല്ല
അപ്പോസ്തലൻമാരുടെ പിൻഗാമികളാണു തങ്ങളെന്നു പുരോഹിതർ സ്വയം കരുതിക്കൊണ്ട് “സത്യ” അല്ലെങ്കിൽ “നല്ല” എന്ന പദം ചേർത്തുകൊണ്ട് തങ്ങളെത്തന്നെ “ക്രിസ്ത്യാനികൾ” എന്നു വിളിച്ചു. വാസ്തവത്തിൽ അനേക കത്താർ വിശ്വാസങ്ങളും ക്രിസ്ത്യാനിത്വത്തിന് അന്യമായിരുന്നു. കത്താരികൾ യേശുവിനെ ദൈവപുത്രനെന്നു തിരിച്ചറിഞ്ഞിരുന്നെങ്കിലും അവൻ ജഡത്തിൽ ഭൂമിയിൽ വന്നുവെന്നും വിടുതലിനുള്ള ബലിയായി തന്റെ ജീവൻ അർപ്പിച്ചെന്നുമുള്ള വസ്തുത അവർ തള്ളിക്കളഞ്ഞു. ജഡത്തെയും ലോകത്തെയും സംബന്ധിച്ചുള്ള ബൈബിളിന്റെ കുറ്റംവിധിയെ തെറ്റിദ്ധരിച്ചുകൊണ്ടു സകലവും തിന്മയിൽനിന്ന് ഉരുത്തിരിയുന്നുവെന്ന് അവർ കണക്കാക്കി. തന്മൂലം, യേശുവിന് ആത്മീയ ശരീരം മാത്രമേ ഉണ്ടായിരുന്നിരിക്കാൻ ഇടയുള്ളുവെന്നും ഭൂമിയിലായിരുന്നപ്പോൾ ജഡികശരീരമുള്ളതായി കേവലം പ്രത്യക്ഷപ്പെടുക മാത്രമായിരുന്നുവെന്നുമുള്ള നിലപാട് അവർ സ്വീകരിച്ചു. ഒന്നാം നൂറ്റാണ്ടിലെ വിശ്വാസത്യാഗികളെപ്പോലെ കത്താരികൾ “യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത”വർ ആയിരുന്നു.—2 യോഹന്നാൻ 7.
എം. ഡി. ലാമ്പർട്ട് മധ്യകാല പാഷണ്ഡത (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ, കത്താരിമതം “ഒരു നിർബന്ധിത സന്ന്യാസത്തിലൂടെ ക്രിസ്തീയ ധാർമികതയ്ക്കു പകരം വേറൊന്നു സ്ഥാപിച്ചു, . . . [ക്രിസ്തുവിന്റെ മരണ]ത്തിന്റെ രക്ഷാശക്തിയെ അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ടു വിടുതലിനെ ഇല്ലായ്മചെയ്തു” എന്ന് എഴുതി. “പൗരസ്ത്യദേശത്തെ യോഗീവര്യന്മാരായിട്ടോ ചൈനയിലെ അല്ലെങ്കിൽ ഇന്ത്യയിലെ ബുദ്ധമതപുരോഹിതരും ഭിക്ഷുക്കളുമായിട്ടോ ഓർഫിയൻ നിഗൂഢതകളുടെ വിദഗ്ധരായിട്ടോ ജ്ഞേയവാദത്തിന്റെ ഉപദേഷ്ടാക്കന്മാരുമായിട്ടോ പുരോഹിതന്മാർക്കു നല്ല സാമ്യമുള്ളതായി” അദ്ദേഹം കണക്കാക്കുന്നു. കത്താർ വിശ്വാസത്തിൽ രക്ഷ ആശ്രയിച്ചിരുന്നത് യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിലായിരുന്നില്ല മറിച്ച് കൊൺസോലാമെന്റത്തിൽ അഥവാ പരിശുദ്ധാത്മാവിനാലുള്ള സ്നാപനത്തിലായിരുന്നു. അങ്ങനെ ശുദ്ധീകരിക്കപ്പെട്ടവർക്കു മരണം ജഡത്തിൽനിന്നുള്ള മോചനമേകും.
ഒരു അവിശുദ്ധ കുരിശുയുദ്ധം
വൈദികരുടെ ബലാത്കാരപൂർവകമായ ആവശ്യങ്ങളിലും വിപുലവ്യാപകമായ അധോഗതിയിലും മനംമടുത്ത ജനങ്ങൾ കത്താരികളുടെ ജീവിതരീതിയിൽ ആകർഷിതരായി. കത്തോലിക്കാ സഭയെയും അതിന്റെ പുരോഹിത സമ്പ്രദായത്തെയും വെളിപ്പാടു 3:9-ലും 17:5-ലും പരാമർശിച്ചിരിക്കുന്ന “സാത്താന്റെ പള്ളി”യും ‘വേശ്യമാരുടെ മാതാവു’മായി ഈ പുരോഹിതന്മാർ തിരിച്ചറിയിച്ചു. കത്താരിമതം അഭിവൃദ്ധി പ്രാപിക്കുകയും ദക്ഷിണ ഫ്രാൻസിലുള്ള സഭയുടെ സ്ഥാനം കവർന്നെടുക്കുകയുമായിരുന്നു. അൽബീജെൻസിയൻ എന്നു പറയപ്പെടുന്ന കുരിശുയുദ്ധം നടത്തുകയും അതിനുവേണ്ട ചെലവു വഹിക്കുകയും ചെയ്തുകൊണ്ടാണ് ഇന്നസെൻറ് III-ാമൻ പാപ്പാ പ്രതികരിച്ചത്. ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടവർക്ക് എതിരായി ക്രൈസ്തവലോകത്തിനുള്ളിൽ സംഘടിപ്പിച്ച ഒന്നാമത്തെ കുരിശുയുദ്ധമായിരുന്നു അത്.
കത്തുകളിലൂടെയും പാപ്പാപ്രതിനിധികളിലൂടെയും കത്തോലിക്കാ രാജാക്കന്മാരെയും ഇടപ്രഭുക്കളെയും നാടുവാഴികളെയും പ്രഭുക്കളെയും പാപ്പാ ബുദ്ധിമുട്ടിപ്പിച്ചു. “ഏതു വിധേനയും” പാഷണ്ഡത തുടച്ചുനീക്കാൻ പോരാടുന്ന ഏവർക്കും അദ്ദേഹം പാപമോചനപത്രങ്ങളും ലങ്കഡാക്കിലെ സമ്പത്തുകളും വാഗ്ദാനംചെയ്തു. അദ്ദേഹത്തിന്റെ അഭ്യർഥന ശ്രദ്ധിക്കാതെ പോയില്ല. കത്തോലിക്കാ പുരോഹിതശ്രേഷ്ഠരുടെയും സന്ന്യാസിമാരുടെയും കീഴിലണിനിരന്ന, ഫ്രാൻസിന്റെ വടക്കുനിന്നും ഫ്ളണ്ടർസയിൽനിന്നും ജർമനിയിൽനിന്നുമുള്ള കുരിശുയുദ്ധക്കാരുടെ വിവിധ സൈന്യങ്ങൾ തെക്ക് റോൺ താഴ്വരയിലേക്കു യാത്രപുറപ്പെട്ടു.
ബേസ്യേയിൽ നടന്ന വിനാശം ലങ്കഡാക്കിനെ അഗ്നിയുടെയും രക്തത്തിന്റെയും ഉന്മത്തോത്സവത്തിൽ തുടച്ചുനീക്കിയ യുദ്ധത്തിന്റെ തുടക്കമായിരുന്നു. അൽബീ, കാർക്കസോൻ, കാസ്ട്ര, ഫ്വാ, നാർബാൻ, ടേർമ, ടുളൂസ് എന്നിവിടങ്ങളെല്ലാം രക്തദാഹികളായ കുരിശുയുദ്ധക്കാരുടെ കരാളഹസ്തങ്ങളിലമർന്നു. കത്താരികളുടെ പ്രമുഖ നഗരങ്ങളായിരുന്ന കാസേ, മീനെർവ, ലവോർ എന്നിവിടങ്ങളിൽ നൂറുകണക്കിനു പുരോഹിതന്മാരെ സ്തംഭത്തിൽ ചുട്ടെരിച്ചു. സന്ന്യാസ-ചരിത്രകാരനായ പിയർ ഡെ വോഡസെർണേ പറയുന്നതനുസരിച്ച്, കുരിശുയുദ്ധക്കാർ ‘ആനന്ദാതിരേകത്തോടെ പുരോഹിതന്മാരെ സ്തംഭത്തിൽ ജീവനോടെ ചുട്ടെരിച്ചു.’ 20 വർഷത്തെ പോരാട്ടത്തിനും വിനാശത്തിനും ശേഷം 1229-ൽ ലങ്കഡാക്ക് ഫ്രഞ്ച് ഗവൺമെൻറിന്റെ അധീനതയിലായി. എങ്കിലും, അരുങ്കൊല അപ്പോഴും അവസാനിച്ചിരുന്നില്ല.
മതവിചാരണ മാരകാഘാതം ഏൽപ്പിക്കുന്നു
1231-ൽ ഗ്രിഗറി IX-ാമൻ പാപ്പാ സായുധ പോരാട്ടത്തിനു പിന്തുണ നൽകുന്നതിനു പാപ്പാ-മതവിചാരണ എന്നൊന്നിനു തുടക്കം കുറിച്ചു.a മതവിചാരണാ സമ്പ്രദായം ആദ്യമൊക്കെ കുറ്റാരോപണത്തിലും ബലാത്കാരത്തിലും പിന്നീട് ക്രമാനുഗതമായ പീഡനത്തിലും പര്യവസാനിച്ചു. വാളാൽ നശിപ്പിക്കാനാകാതെപോയവരെ തുടച്ചുനീക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. മതവിചാരണയിലെ ന്യായാധിപൻമാർക്കു—കൂടുതലും ഡൊമിനിക്കൻ, ഫ്രാൻസിസ്കൻ സന്ന്യാസിമാർ—പാപ്പായോടുമാത്രം കണക്കുബോധിപ്പിച്ചാൽ മതിയായിരുന്നു. പാഷണ്ഡതയ്ക്കുള്ള ഔദ്യോഗിക ശിക്ഷ എരിച്ചു കൊല്ലലായിരുന്നു. മതവിചാരണക്കാരുടെ മതഭ്രാന്തും മൃഗീയതയും കൂടിപ്പോയതിനാൽ മറ്റുസ്ഥലങ്ങൾക്കു പുറമേ അൽബീ, ടുളൂസ് എന്നിവിടങ്ങളിലും ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. അവിന്യോണേയിൽ മതവിചാരണസഭയിലെ അംഗങ്ങളെല്ലാം കൂട്ടക്കൊലയ്ക്ക് ഇരകളായി.
1244-ൽ പുരോഹിതന്മാരിൽ അനേകരുടെയും ഒടുവിലത്തെ സങ്കേതസ്ഥലമായിരുന്ന മോണ്ട്സേഗ്വറിലുള്ള പർവതകോട്ട കീഴടങ്ങിയതോടെ കത്താരിമതത്തിന്റെ മരണമണി മുഴങ്ങി. 200-ഓളം സ്ത്രീ-പുരുഷന്മാരെയാണ് അവിടെവെച്ചു സ്തംഭത്തിൽ കൂട്ടത്തോടെ ചുട്ടെരിച്ചത്. മതവിചാരണ വർഷങ്ങളിലുടനീളം, ശേഷിച്ചിരുന്ന കത്താരികളെ സങ്കേതസ്ഥലത്തുനിന്നു തുരത്തുകയുണ്ടായി. ഒടുവിലത്തെ കത്താരി 1330-ൽ ലങ്കഡാക്കിൽ സ്തംഭത്തിൽ ചുട്ടെരിക്കപ്പെട്ടതായി റിപ്പോർട്ടുചെയ്യപ്പെടുന്നു. “മതവിചാരണയുടെ ഏറ്റവും പ്രമുഖ നേട്ടം കത്താരികളുടെ പതനമാണെന്നു” മധ്യകാല പാഷണ്ഡത എന്ന പുസ്തകം അഭിപ്രായപ്പെടുന്നു.
കത്താരികൾ തീർച്ചയായും സത്യക്രിസ്ത്യാനികളല്ലായിരുന്നു. എന്നാൽ കത്തോലിക്കാ സഭയ്ക്കെതിരെ അവർ നടത്തിയ വിമർശനം ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവരാൽ നടത്തപ്പെട്ട അവരുടെ ക്രൂരമായ ഉന്മൂല നാശത്തെ ന്യായീകരിച്ചോ? പതിനായിരക്കണക്കിനു പ്രതിഷേധകരെ പീഡിപ്പിക്കുകയും കൊന്നൊടുക്കയും ചെയ്യുകവഴി അവരുടെ പീഡകരും കൊലപാതകികളുമായ കത്തോലിക്കർ ദൈവത്തോടും ക്രിസ്തുവിനോടും അനാദരവു കാണിക്കുകയും സത്യക്രിസ്ത്യാനിത്വത്തെ തെറ്റായി പ്രതിനിധീകരിക്കുകയുമാണു ചെയ്തത്.
[അടിക്കുറിപ്പ]
a മധ്യകാല മതവിചാരണയെപ്പറ്റി കൂടുതലായ വിശദാംശങ്ങൾക്കുവേണ്ടി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച, 1986 ഏപ്രിൽ 22 ഉണരുക!യിലെ (ഇംഗ്ലീഷ്) 20-3 പേജുകളിലുള്ള “ഭീകരമായ മതവിചാരണ” കാണുക.
[28-ാം പേജിലെ ചതുരം]
വാൾഡെൻസുകാർ
പൊ.യു. 12-ാം നൂറ്റാണ്ടിന്റെ ഒടുവിൽ, ലീയോണിലുണ്ടായിരുന്ന ഒരു സമ്പന്ന വ്യാപാരി പീയർ വാൾഡെസ് അഥവാ പീറ്റർ വാൾഡോ സംസ്ഥാനത്തെ വ്യത്യസ്ത ഭാഷയിലേക്ക്, ദക്ഷിണ ഫ്രാൻസിലും തെക്കുകിഴക്കൻ ഫ്രാൻസിലും സംസാരിച്ചിരുന്ന പ്രൊവെൻകാൾ എന്ന പ്രാദേശിക ഭാഷയുടെ ഉപഭാഷകളിലേക്കു ബൈബിളിന്റെ ചില ഭാഗങ്ങൾ തർജമ ചെയ്യുന്നതിനുള്ള ചെലവുവഹിച്ചു. ഒരു ആത്മാർഥ കത്തോലിക്കനായിരുന്ന അദ്ദേഹം തന്റെ ബിസിനസ് ഉപേക്ഷിക്കുകയും സുവിശേഷം പ്രസംഗിക്കുന്നതിനായി ജീവിതം സമർപ്പിക്കുകയും ചെയ്തു. അഴിമതിക്കാരായ വൈദികരെക്കൊണ്ടു സഹിക്കവയ്യാതായപ്പോൾ മറ്റനേകം കത്തോലിക്കർ അദ്ദേഹത്തെ അനുഗമിക്കുകയും സഞ്ചാരപ്രസംഗകരായിത്തീരുകയും ചെയ്തു.
വാൾഡോയുടെ പരസ്യ സാക്ഷീകരണം നിരോധിക്കാൻ തക്കവണ്ണം പാപ്പായെ വശത്താക്കിയ പ്രാദേശിക വൈദികരിൽനിന്നുള്ള എതിർപ്പിനെ അദ്ദേഹം പെട്ടെന്നുതന്നെ അഭിമുഖീകരിച്ചു. “ഞങ്ങൾ മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന് അദ്ദേഹം മറുപടി നൽകിയതായി റിപ്പോർട്ടുചെയ്യപ്പെടുന്നു. (പ്രവൃത്തികൾ 5:29 താരതമ്യം ചെയ്യുക.) നിർബന്ധം പിടിച്ചതിനാൽ വാൾഡോ സമുദായഭ്രഷ്ടനാക്കപ്പെട്ടു. വാൾഡെൻസുകാർ അഥവാ ലീയോണിലെ ദരിദ്രർ എന്നു വിളിക്കപ്പെടുന്ന അദ്ദേഹത്തിന്റെ അനുഗാമികൾ ഈരണ്ടായി ആളുകളുടെ വീടുകളിൽ പ്രസംഗിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മാതൃക പിൻപറ്റാൻ കഠിനശ്രമം ചെലുത്തി. തത്ഫലമായി ഫ്രാൻസിന്റെ തെക്കും കിഴക്കും മുഴുവനായും, വടക്കൻ ഫ്രാൻസിന്റെ ചില ഭാഗങ്ങളിലും വടക്കൻ ഇറ്റലിയിലും അവരുടെ പഠിപ്പിക്കലുകൾ പെട്ടെന്നു പരക്കാൻ തുടങ്ങി.
കൂടുതലായും അവർ ആദിമ ക്രിസ്ത്യാനിത്വത്തിന്റെ വിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും തിരികെ വരുന്നതിനു പ്രോത്സാഹിപ്പിച്ചു. മറ്റു പല പഠിപ്പിക്കലുകൾക്കും പുറമേ ശുദ്ധീകരണസ്ഥലം, മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥന, മറിയാരാധന, “പുണ്യാളന്മാ”രോടുള്ള പ്രാർഥന, കുരിശാരാധന, പാപമോചനപത്രങ്ങൾ, കുർബാന, ശിശുസ്നാനം എന്നിവയെ അവർ എതിർത്തു.b
വാൾഡെൻസുകാരുടെ പഠിപ്പിക്കലുകൾ കത്താരികളുടെ അക്രൈസ്തവ ദ്വൈതവാദ പഠിപ്പിക്കലുകളിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു, എന്നാൽ മിക്കപ്പോഴും അവരെ കത്താരികളെന്നു തെറ്റിദ്ധരിച്ചിട്ടുണ്ട്. വാൾഡെൻസുകാരുടെ പ്രസംഗത്തെ അൽബീജെൻസുകാരുടെ അല്ലെങ്കിൽ കത്താരികളുടെ പഠിപ്പിക്കലാണെന്നു കാണിക്കാൻ മനഃപൂർവം ശ്രമിച്ച കത്തോലിക്കാ വേദോപദേശകരാണ് ഈ തെറ്റിദ്ധാരണയ്ക്കു പ്രഥമ കാരണക്കാർ.
[അടിക്കുറിപ്പ്]
b വാൾഡെൻസുകാരെപ്പറ്റി കൂടുതൽ വിവരങ്ങൾക്കായി 1981 ആഗസ്റ്റ് 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 12-15 പേജുകളിലുള്ള “വാൾഡിസ്—പാഷണ്ഡികളോ സത്യാന്വേഷികളോ?” എന്ന ലേഖനം കാണുക.
[29-ാം പേജിലെ ചിത്രം]
കുരിശുയുദ്ധക്കാർ ബേസ്യേയിൽ 20,000 പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി, അവിടെയുള്ള വിശുദ്ധ മഗ്ദലനമറിയത്തിന്റെ പള്ളിയിൽവെച്ചുതന്നെ ഏഴായിരം പേർ മരിച്ചുപോയി