വ്യാജമതം അതിന്റെ നാശത്തിലേക്കു കുതിക്കുന്നു!
ഈ ലോകത്തിലെ മതങ്ങളുടെ അന്ത്യം ആസന്നമാണോ എന്നു കണ്ടെത്തുന്നതിനു ബൈബിളിലെ ഏറ്റവും വിസ്മയാവഹമായ പ്രവചനങ്ങളിലൊന്നു നമുക്കു സൂക്ഷ്മ വിശകലനം ചെയ്യാം. അത്, ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാടിൽ വർണിച്ചിരിക്കുന്ന നിഗൂഢ പ്രതീകാത്മക സ്ത്രീയെക്കുറിച്ചുള്ളതാണ്.
രാഷ്ട്രങ്ങളുടെമേൽ രാജ്ഞിയായി വാഴുകയും ചരിത്രത്തിലുടനീളം ജനകോടികളുടെമേൽ സ്വാധീനം ചെലുത്തുകയും ചെയ്തിരിക്കുന്ന ഒരു സ്ത്രീയെ, താമ്രവർണത്തിലും കടുഞ്ചുവപ്പു നിറത്തിലും ആഡംബരത്തോടെ വസ്ത്രധാരണം ചെയ്തിരിക്കുന്ന, സ്വർണവും വിലയേറിയ കല്ലുകളും മുത്തുകളും അണിഞ്ഞിരിക്കുന്ന ഒരു സമ്പന്ന സ്ത്രീയെ നിങ്ങൾക്കു ഭാവനയിൽ കാണാൻ കഴിയുമോ? അവളുടെ നെറ്റിമേൽ, “മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവു” എന്ന ഒരു നീണ്ട പേര്, ഒരു മർമം എഴുതിയിരിക്കുന്നു. ഭൂമിയിലെ ഭരണാധികാരികളുമായി “വേശ്യാവൃത്തി” ചെയ്ത അവളുടെ പ്രത്യേകതയാണു ധിക്കാരപരവും അനുവാദാത്മകവുമായ ജീവിതം. അവളുടെ പാപങ്ങൾ ആകാശത്തോളം കുന്നിച്ചിരിക്കുന്നു. അവൾ യാത്ര ചെയ്യുന്നത് ഏഴു തലയും പത്തു കൊമ്പുമുള്ള, കടുഞ്ചുവപ്പു നിറത്തിലുള്ള ഒരു ബീഭത്സ മൃഗത്തിന്റെ പുറത്താണ്.—വെളിപ്പാടു 17:1-6; 18:5.
ഈ സ്ത്രീയെ നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമെങ്കിൽ, ഒരു ദൂതൻ കൊടുത്ത ദർശനത്തിൽ യേശുവിന്റെ അപ്പോസ്തലനായ യോഹന്നാൻ കണ്ട പ്രാവചനിക നാടകത്തിലെ പ്രധാന കഥാപാത്രത്തെക്കുറിച്ചു നിങ്ങൾക്ക് ഒരു ധാരണ ലഭിക്കും. വെളിപ്പാടു 17, 18 അധ്യായങ്ങളിൽ അവൻ അതു വ്യക്തമായി വർണിക്കുന്നു. ആ അധ്യായങ്ങൾ നിങ്ങളുടെ ബൈബിളിൽനിന്നുതന്നെ വായിക്കുക. ഈ നിഗൂഢ സ്ത്രീയെ വെളിപ്പെടുത്തുന്നതുമുതൽ അവളുടെ മരണകരമായ അന്ത്യംവരെയുള്ള സംഭവപരമ്പരകൾ മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയും.
വേശ്യയെ തിരിച്ചറിയിക്കൽ
അവളുടെ താദാത്മ്യം അറിയുന്നതിനുള്ള ഒരു സൂചന, വേശ്യയും രാജ്ഞിയുമായി അവൾ പ്രതീകാത്മകമായി ഇരിക്കുന്ന രണ്ടു സംഗതികളിൽ കാണാൻ സാധിക്കും. “ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം” എന്നു വെളിപ്പാടു 17:8-ൽ അവളെ വർണിച്ചിരിക്കുന്നു. വെളിപ്പാടു 17:1, 15-ൽ പ്രകടമാക്കപ്പെട്ടിരിക്കുന്നതുപോലെ, ‘വംശങ്ങളെയും പുരുഷാരങ്ങളെയും ജാതികളെയും ഭാഷകളെയും’ അർഥമാക്കുന്ന “വെള്ള”ത്തിന്മേൽ ഇരിക്കാൻ ഇത് അവളെ അനുവദിക്കുന്നു. അതേ അധ്യായത്തിന്റെതന്നെ 3-ാം വാക്യം പറയുന്നതനുസരിച്ച്, ഏഴു തലയുള്ള ഒരു കാട്ടുമൃഗത്തിന്റെ പുറത്ത് അവൾ ഇരിക്കുന്നതായി കാണാം—ലൗകിക രാഷ്ട്രീയ അധികാരങ്ങളുടെയോ സംഘടനകളുടെയോ പ്രതീകങ്ങളായാണു മൃഗങ്ങളെ പൊതുവേ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്.
ഈ വേശ്യ, അതായത് മഹാബാബിലോൻ ഒരു ഉദ്ധത സാമ്രാജ്യത്തിന്റെ, മറ്റ് അധികാരങ്ങളെയും അവയുടെ പ്രജകളെയും ഭരിക്കുന്ന ഒന്നിന്റെ പ്രതീകമാണെന്ന് ഇതു സൂചിപ്പിക്കുന്നു. അതു ലോകവ്യാജമത സാമ്രാജ്യമായിരിക്കാനേ വഴിയുള്ളൂ.
രാഷ്ട്രത്തിന്റെ നയത്തോടു ബന്ധപ്പെട്ട കാര്യങ്ങളിലും രാഷ്ട്രീയത്തിലുമുള്ള മതനേതാക്കന്മാരുടെ സ്വാധീനം ചരിത്രത്തിലെ സുവിദിതമായ ഒരു ഭാഗമാണ്. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം പ്രസ്താവിക്കുന്നു: “പശ്ചിമ റോമാ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം [5-ാം നൂറ്റാണ്ട്], യൂറോപ്പിൽ മറ്റേതു വ്യക്തിയെക്കാളും കൂടുതൽ അധികാരം പാപ്പായ്ക്കു ലഭിച്ചു. . . . പാപ്പാ രാഷ്ട്രീയവും ആധ്യാത്മികവുമായ അധികാരം ചെലുത്തി. 800-ൽ ലിയോ III-ാമൻ പാപ്പാ ഫ്രാങ്കിഷ് ഭരണാധികാരിയായ ഷാർലമാനെ [മഹാനായ ചാൾസിനെ] റോമാക്കാരുടെ ചക്രവർത്തിയായി കിരീടമണിയിച്ചു. . . . ഒരു ചക്രവർത്തിയുടെ അധികാരം നിയമപരമാക്കുന്നതിനുള്ള പാപ്പായുടെ അധികാരം ലിയോ III-ാമൻ സ്ഥാപിച്ചെടുത്തു.”
കത്തോലിക്കാ സഭയും അതിന്റെ ‘രാജകുമാരന്മാരും’ ഭരണാധികാരികളുടെമേൽ ചെലുത്തിയ അധികാരത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു കർദിനാൾ തോമസ് വൂൾസി (1475?-1530). “അനേക വർഷക്കാലം ഇംഗ്ലണ്ടിലെ ഏറ്റവും പ്രബലനായിരുന്ന വ്യക്തി” എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. രാജാവായ ഹെൻട്രി VIII-ാമന്റെ ഭരണത്തിൻ കീഴിൽ അദ്ദേഹം “പെട്ടെന്നുതന്നെ ഭരണപരമായ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന വ്യക്തിയായിത്തീർന്നു. . . . രാജകീയമായ പ്രൗഢിയിൽ ജീവിച്ച അദ്ദേഹം അധികാരം കയ്യാളി.” ആ എൻസൈക്ലോപീഡിയയിലെ വിവരണം ഇങ്ങനെ തുടരുന്നു: “കർദിനാൾ വൂൾസി ഒരു രാജ്യതന്ത്രജ്ഞനും ഭരണാധികാരിയുമെന്ന നിലയിലുള്ള തന്റെ മഹത്തായ കഴിവുകൾ ഹെൻട്രി VIII-ാമനു വേണ്ടി ഇംഗ്ലണ്ടിന്റെ വിദേശ കാര്യം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമായി വിനിയോഗിച്ചു.”
രാഷ്ട്രത്തിന്റെ ലൗകിക കാര്യങ്ങളിന്മേലുള്ള കത്തോലിക്കാ അധികാരത്തിന്റെ മറ്റൊരു മുന്തിയ ഉദാഹരണമായിരുന്നു ഫ്രാൻസിലെ കർദിനാളായ റിഷല്യൂ (1585-1642). അദ്ദേഹമായിരുന്നു “18 വർഷത്തിലേറെ . . . ഫ്രാൻസിന്റെ യഥാർഥ ഭരണാധികാരി.” മുമ്പ് ഉദ്ധരിച്ച പ്രസിദ്ധീകരണം ഇങ്ങനെ പ്രസ്താവിക്കുന്നു: “അങ്ങേയറ്റം അധികാരമോഹിയായിരുന്ന അദ്ദേഹം പെട്ടെന്നുതന്നെ ഉന്നത സ്ഥാനത്തിനായി അക്ഷമനായിത്തീർന്നു.” 1622-ൽ കർദിനാളായി നിയുക്തനായ അദ്ദേഹം “പെട്ടെന്നുതന്നെ ഫ്രഞ്ച് ഗവൺമെൻറിലെ പ്രബല സ്വാധീനവുമായിത്തീർന്നു.” പ്രത്യക്ഷത്തിൽ, അദ്ദേഹം കർമധീരനായിരുന്നു. കാരണം, “ലാ റോച്ചെലെയുടെമേൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അദ്ദേഹംതന്നെയാണു രാജകീയ സൈന്യത്തെ നയിച്ചത്.” ആ ലേഖനം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “റിഷല്യൂവിന്റെ ഏറ്റവും വലിയ താത്പര്യം വിദേശ കാര്യങ്ങളിലായിരുന്നു.”
രാഷ്ട്രീയ അധികാരങ്ങളിലുള്ള വത്തിക്കാന്റെ തുടർച്ചയായ ഇടപെടൽ ലൊസെർവാറ്റോറെ റോമാനോ എന്ന വത്തിക്കാൻ പത്രത്തിൽ വിദേശ രാജ്യതന്ത്രജ്ഞർ പരമാധികാരിയായ പാപ്പായ്ക്കു തങ്ങളുടെ വിശ്വാസപത്രങ്ങൾ സമർപ്പിക്കുന്നതിനെക്കുറിച്ചുള്ള നിരന്തര അറിയിപ്പുകളിൽനിന്നു കാണാൻ സാധിക്കും. ലോകവ്യാപകമായുള്ള രാഷ്ട്രീയവും നയതന്ത്രപ്രധാനവുമായ സംഭവവികാസങ്ങൾ സംബന്ധിച്ചു പാപ്പായെ അറിയിച്ചുകൊണ്ടിരിക്കാൻ വിശ്വസ്ത കത്തോലിക്കരുടെ ഒരു ശൃംഖലതന്നെ വത്തിക്കാനിലുണ്ടെന്നതു സ്പഷ്ടമാണ്.
ലോക രാഷ്ട്രീയത്തിൽ—ക്രൈസ്തവലോകത്തിന് അകത്തും പുറത്തും—മതനേതാക്കന്മാർക്കുള്ള ശക്തമായ സ്വാധീനത്തെ എടുത്തുകാണിക്കുന്ന അനവധി ഉദാഹരണങ്ങൾ ഇനിയും നൽകാൻ സാധിക്കും. ആ പ്രതീകാത്മക വേശ്യ (‘വംശങ്ങളെയും പുരുഷാരങ്ങളെയും ജാതികളെയും’ പ്രതിനിധാനം ചെയ്യുന്ന) എല്ലാ “വെള്ള”ത്തിന്മേലും (ലോകത്തിലെ എല്ലാ രാഷ്ട്രീയ അധികാരങ്ങളെയും പ്രതിനിധാനം ചെയ്യുന്ന) കാട്ടുമൃഗത്തിന്മേലും ഇരിക്കുന്നു എന്ന വസ്തുതയും സൂചിപ്പിക്കുന്നത്, ജനതകളുടെയും രാഷ്ട്രങ്ങളുടെയും അധികാരങ്ങളുടെയും മേലുള്ള അവളുടെ സ്വാധീനം കേവലം രാഷ്ട്രീയ അധികാരത്തെക്കാൾ കവിഞ്ഞ, ഉന്നതമായ പ്രകൃതമുള്ളതാണെന്നാണ്. അത് എങ്ങനെയുള്ളതാണെന്നു നമുക്കു നോക്കാം.
അവളുടെ നെറ്റിമേലുള്ള ദീർഘമായ പേരിന്റെ ഒരു ഭാഗമാണ് “മഹതിയാം ബാബിലോൻ.” ഏതാണ്ട് 4,000 വർഷം മുമ്പ്, സത്യദൈവമായ “യഹോവയ്ക്കെതിരായിരുന്ന” നിമ്രോദ് സ്ഥാപിച്ച പുരാതന ബാബിലോനെക്കുറിച്ചുള്ള ഒരു പരാമർശമായിരുന്നു അത്. (ഉല്പത്തി 10:8-10) അവൾ ആ നാമം വഹിക്കുന്നത്, പുരാതന ബാബിലോന്റേതിനോടു സമാനമായ സവിശേഷതകളുള്ള, അതിന്റെതന്നെ വലുതായ പ്രതീകമാണ് അവളെന്നു സൂചിപ്പിക്കുന്നു. എന്താണ് ആ സവിശേഷത? ഗൂഢവിദ്യാപരമായ മതം, അധമമായ പാരമ്പര്യങ്ങൾ, വിഗ്രഹാരാധന, മന്ത്രവാദം, ജ്യോതിഷം, അന്ധവിശ്വാസം തുടങ്ങിയ സംഗതികൾ പുരാതന ബാബിലോനിൽ വ്യാപകമായുണ്ടായിരുന്നു—അവയെല്ലാം യഹോവയുടെ വചനം കുറ്റം വിധിക്കുന്ന കാര്യങ്ങളാണ്.
പൊ.യു.മു. 18-ാം നൂറ്റാണ്ടിൽ മർഡൂക്ക് “ബാബിലോനിലെ നഗരദൈവവും ഏതാണ്ട് 1300 ദേവന്മാർ വരുന്ന ദേവഗണമായ സുമേറിയൻ അക്കാഡിന്റെ ശിരസ്സുമായി” വാഴ്ത്തപ്പെട്ടു. അത് എല്ലാ മതപാരമ്പര്യങ്ങളെയും ഒരു സംവിധാനത്തിൻകീഴിൽ കൊണ്ടുവന്നു. . . . സ്വർഗത്തെ പിടിച്ചടക്കാൻ അഭിലഷിക്കുന്ന മനുഷ്യ അഹന്തയുടെ പ്രകടനമായി ബാബിലോനിലെ കൂറ്റൻ ആലയത്തിന്റെ നിർമാണത്തെ ഉല്പത്തി 11:1-9-ൽ മുദ്ര കുത്തിയിരിക്കുന്നു” എന്ന് ദ ന്യൂ ഇൻറർനാഷണൽ ഡിക്ഷ്നറി ഓഫ് ന്യൂ ടെസ്റ്റമെൻറ് തിയോളജി പറയുന്നു.
അങ്ങനെ, പുരാതന ബാബിലോൻ വ്യാജമതത്തിന്റെ സിരാകേന്ദ്രമായിരുന്നു. കാലക്രമേണ അതു മുഴു ലോകത്തിലേക്കും വ്യാപിച്ചു. ബാബിലോന്യ മതാചാരങ്ങളും ഉപദേശങ്ങളും പാരമ്പര്യങ്ങളും പ്രതീകങ്ങളും ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നുവെന്നു മാത്രമല്ല, ലോകത്തിലെ അനേകായിരം മതങ്ങളുടെ വ്യാമിശ്രതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രീയസ്വഭാവമുള്ള രാജ്യങ്ങളും സാമ്രാജ്യങ്ങളും വരുകയും പോകുകയും ചെയ്തിട്ടുണ്ട്, എന്നാൽ ബാബിലോന്യ മതം അവയെയെല്ലാം അതിജീവിച്ചിരിക്കുന്നു.
വധനിർവഹണം വളരെ ആസന്നമായിരിക്കുന്നത് എന്തുകൊണ്ട്?
ഈ മാസികയുടെ മുൻ ലക്കങ്ങളിൽ ആവർത്തിച്ചു വിശദീകരിച്ചിട്ടുള്ളതുപോലെ, ബൈബിൾ പ്രവചനവും 1914 മുതൽ ലോകത്തെ പിടിച്ചുകുലുക്കുന്ന സംഭവങ്ങളും നാമിപ്പോൾ ഈ “വ്യവസ്ഥിതിയുടെ സമാപന”ത്തിലാണു ജീവിക്കുന്നതെന്ന് തെളിവായി സൂചിപ്പിക്കുന്നു. (മത്തായി 24:3, NW) അതിന്റെ അർഥം മൃഗസമാനമായ ഈ ലോകവ്യവസ്ഥിതിയുടെയും വേശ്യ ഇപ്പോൾ സവാരി ചെയ്തുകൊണ്ടിരിക്കുന്ന പത്തു കൊമ്പും “കടുഞ്ചുവപ്പു”മുള്ള കാട്ടുമൃഗത്തിന്റെയും അന്ത്യം വളരെ വേഗം അടുത്തുകൊണ്ടിരിക്കുന്നുവെന്നാണ്. (വെളിപ്പാടു 17:3) തെളിവനുസരിച്ച് ഈ മൃഗം പ്രതിനിധാനം ചെയ്യുന്നതു ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളുടെയും തന്നെ സംയുക്തമായ ഐക്യരാഷ്ട്രങ്ങളെയാണ്. മനുഷ്യവർഗത്തിന്മേലുള്ള ഭിന്നിപ്പിക്കുന്ന, അഭക്ത രാഷ്ട്രീയ ഭരണാധിപത്യത്തെ നിർമൂലനം ചെയ്യുക എന്നാണു മുൻകൂട്ടിപ്പറയപ്പെട്ട അന്ത്യത്തിന്റെ അർഥം. എന്നാൽ മൃഗത്തിന്റെ പുറത്തു സവാരി ചെയ്യുന്ന വേശ്യയും രാജ്ഞിയുമായവളെ സംബന്ധിച്ചെന്ത്?
ദൈവദൂതൻ വിശദീകരിക്കുന്നു: “നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും. ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.”—വെളിപ്പാടു 17:16, 17.
രാഷ്ട്രീയ കാട്ടുമൃഗം നാശത്തിലേക്കു പോകുന്നതിനു തൊട്ടു മുമ്പ്, അത് അതിന്റെ പുറത്തു സവാരി ചെയ്യുന്നവളെ ദ്വേഷിക്കാൻ തുടങ്ങുകയും അവൾക്കെതിരെ തിരിയുകയും ചെയ്യുമെന്നു പ്രവചനം സൂചിപ്പിക്കുന്നു. എന്തുകൊണ്ട്? രാഷ്ട്രീയ അതിർത്തികൾക്കുള്ളിൽ പ്രവർത്തനത്തിലിരിക്കുന്ന സംഘടിത മതം തങ്ങളുടെ ശക്തിക്കും അധികാരത്തിനും ഭീഷണിയായിരിക്കുന്നതായി ഭരണാധിപന്മാരും ഗവൺമെൻറുകളും പ്രത്യക്ഷത്തിൽ വിചാരിക്കും. പെട്ടെന്നുതന്നെ, ഒരു പ്രബലമായ ശക്തിയാൽ പ്രോത്സാഹിപ്പിക്കപ്പെട്ട് വ്യഭിചാരിണിയും രക്തപങ്കിലയുമായ വ്യാജമതലോകസാമ്രാജ്യത്തെ നശിപ്പിച്ചുകൊണ്ട് അവ ദൈവത്തിന്റെ “ഹിതം,” അവന്റെ തീരുമാനം നിറവേറ്റും.a—യിരെമ്യാവു 7:8-11, 34 താരതമ്യം ചെയ്യുക.
ലോകത്തിലെ വ്യാജമതങ്ങൾ പ്രത്യക്ഷത്തിൽ സ്വാധീനം ചെലുത്തുന്നതും പ്രബലവുമായിരിക്കുന്ന ഘട്ടത്തിലായിരിക്കും അവയുടെ അന്ത്യം വരുക. അതേ, നശിപ്പിക്കപ്പെടുന്നതിനു തൊട്ടു മുമ്പ്, “രാജ്ഞിയായിട്ടു ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ദുഃഖം കാൺകയുമില്ല” എന്നു വേശ്യ ഹൃദയത്തിൽ പറയുമെന്നു പ്രവചനം പ്രകടമാക്കുന്നു. (വെളിപ്പാടു 18:7) എന്നാൽ, അവളുടെ നാശം ശതകോടിക്കണക്കിനു വരുന്ന അവളുടെ പ്രജകളിൽ അതിശയം ഉളവാക്കും. മാനവചരിത്രത്തിലെ ഏറ്റവും അപ്രതീക്ഷിതവും വിപത്കരവുമായ ഒരു സംഭവമായിരിക്കും അത്.
പുരാതന ബാബിലോൻ ഉദയം ചെയ്തതുമുതൽ, വ്യാജമതങ്ങൾ അവയുടെ നേതാക്കന്മാരിലൂടെയും പിന്തുണക്കാരിലൂടെയും ഉപദേശങ്ങളിലൂടെയും പാരമ്പര്യങ്ങളിലൂടെയും ആചാരങ്ങളിലൂടെയും അവയുടെ മതിപ്പാർന്ന ആരാധനാമന്ദിരങ്ങളിലൂടെയും അവയുടെ അവിശ്വസനീയമായ സമ്പത്തിലൂടെയും മാനവരാശിയുടെമേൽ ശക്തമായ പ്രഭാവം ചെലുത്തിയിരിക്കുന്നു. ആരും ശ്രദ്ധിക്കപ്പെടാതെ ആയിരിക്കുകയില്ല അവ തിരോഭവിക്കുക. “മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ടു ചുട്ടുകളയും; അവളെ ന്യായംവിധിച്ച ദൈവമായ കർത്താവു ശക്തനല്ലോ” എന്നു പ്രഖ്യാപിക്കുമ്പോൾ വേശ്യയുടെമേലുള്ള ന്യായവിധിസന്ദേശം അറിയിക്കാൻ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ദൂതൻ വെട്ടിത്തുറന്നു സംസാരിക്കുന്നു. അതുകൊണ്ട് മഹാബാബിലോന്റെ അവസാനം അപ്രതീക്ഷിതമായ ഒരു ഇടിമിന്നൽപോലെ പെട്ടെന്ന്, “ഒരു ദിവസത്തിൽ തന്നേ,” സംഭവിക്കും.—വെളിപ്പാടു 18:8; യെശയ്യാവു 47:8, 9, 11.
ദൂതന്റെ ശക്തമായ വാക്കുകൾ ഈ ചോദ്യത്തിലേക്കു നയിക്കുന്നു, ഏതെങ്കിലും മതം അവശേഷിക്കുമോ, എങ്കിൽ ഏത്, എന്തുകൊണ്ട്? പ്രവചനം എന്തു കാട്ടുന്നു? അടുത്ത ലേഖനത്തിൽ ഇതു കൈകാര്യം ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പ്]
a ഈ പ്രവചനങ്ങൾ സംബന്ധിച്ച വിശദമായ ഒരു പരിചിന്തനത്തിനു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 33-ാം അധ്യായം കാണുക.
[6-ാം പേജിലെ ചതുരം]
ആഫ്രിക്കയിൽ ക്രൈസ്തവലോകത്തിന്റെ രക്തപാതകം
“ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും” രക്തം മഹാബാബിലോനിൽ കാണുന്നുവെന്നു വെളിപ്പാടു 18:24-ൽ ബൈബിൾ പറയുന്നു. മതപരമായ വ്യത്യാസങ്ങൾ നിമിത്തവും മതനേതാക്കന്മാർ അവ ഒഴിവാക്കാൻ ശ്രമിക്കാഞ്ഞതു നിമിത്തവും ഉണ്ടായിട്ടുള്ള യുദ്ധങ്ങളെക്കുറിച്ചു ചിന്തിച്ചുനോക്കുക. റുവാണ്ടയിലെ വംശഹത്യ ഇതിന്റെ അടുത്ത കാലത്തെ ഉദാഹരണത്തിനു തെളിവായിരുന്നു. അതിൽ ഏതാണ്ട് 5,00,000 ആളുകളാണു കൊല്ലപ്പെട്ടത്—അവരിൽ മൂന്നിലൊന്നും കുട്ടികളായിരുന്നു.
കാനഡക്കാരനായ ഗ്രന്ഥകർത്താവ് ഹ്യൂ മക്കലം റുവാണ്ടയിൽനിന്ന് ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ധാർമിക നേതൃത്വം നൽകുന്നതിൽ സഭയ്ക്കുണ്ടായ പരാജയം വിവരണാതീതമാണെന്ന് കിഗാളിയിലെ [റുവാണ്ട] ഒരു ഹൂട്ടു പുരോഹിതൻ പറയുന്നു. റുവാണ്ടൻ സമൂഹത്തിൽ ബിഷപ്പുമാരുടെ നിലപാടു ബൃഹത്തായ വിധത്തിൽ പ്രധാനമായിരിക്കണമായിരുന്നു. കൂട്ടക്കുരുതി നടക്കുന്നതിനു ദീർഘനാൾ മുമ്പുതന്നെ ആസന്നമായ വിപത്തിനെക്കുറിച്ച് അവർക്ക് അറിയാമായിരുന്നു. ആ വംശഹത്യയെ തടയാൻ കഴിയുമായിരുന്ന ഒരു ശക്തമായ സന്ദേശം ഏറെക്കുറെ മുഴു ജനതയും കേൾക്കാൻ ഒരു അവസരം നൽകത്തക്കവിധം സഭകളിലെ അൾത്താരകളെ ഉപയോഗിക്കാൻ കഴിയുമായിരുന്നു. പകരം, നേതാക്കന്മാർ നിശബ്ദത പാലിച്ചു.”
1994-ലെ ഏറ്റവും നികൃഷ്ടമായ ആ കൂട്ടക്കുരുതിക്കുശേഷം, കിഗാളിയിലെ ഒരു പ്രസ്ബിറ്റേറിയൻ പള്ളിയിൽവെച്ചു നടന്ന ഒരു ചെറിയ യോഗത്തിൽ ഒരു സഭാമൂപ്പനായ ജസ്റ്റിൻ ഹാകിസിമേന ഇങ്ങനെ പറഞ്ഞു: “സഭ ഹാബ്യാരിമാനയുടെ [റുവാണ്ടയിലെ പ്രസിഡൻറ്] രാഷ്ട്രീയവുമായി കൈകോർത്തു. സംഭവിച്ചുകൊണ്ടിരുന്ന സംഗതിയെ നാം അപലപിച്ചില്ല, കാരണം നാം മലിനമായിപ്പോയിരുന്നു. നമ്മുടെ സഭകളിലൊന്നും, പ്രത്യേകിച്ച് കത്തോലിക്കർ, കൂട്ടക്കൊലകളെ കുറ്റം വിധിച്ചിട്ടില്ല.”
വംശഹത്യയ്ക്കുശേഷം റുവാണ്ടയിലെ മറ്റൊരു യോഗത്തിൽവെച്ച് ഒരു സഭയിലെ പാസ്റ്ററായ ആരൊൻ മൂഗെമേരാ ഇങ്ങനെ പറഞ്ഞു: “സഭയ്ക്കു നാണക്കേടുണ്ട്. . . . 1959 മുതൽ കൊലപാതകങ്ങൾ അരങ്ങേറിയിരിക്കുന്നു. അവയെ ആരും അപലപിച്ചില്ല. . . . നാം തുറന്നു സംസാരിച്ചില്ല, കാരണം നമുക്കു ഭയമായിരുന്നു. മാത്രമല്ല, നാം സുഖപ്രദരുമായിരുന്നു.”
[7-ാം പേജിലെ ചിത്രം]
ഈ “വേശ്യ” മുഴു ലോകത്തിന്മേലും സ്വാധീനം ചെലുത്തുന്നു
[കടപ്പാട്]
Globe: Mountain High Maps® Copyright © 1995 Digital Wisdom, Inc.