ലോകമതങ്ങളുടെ അന്ത്യം ആസന്നമോ?
സ്വീഡനിലെ ഉണരുക! ലേഖകൻ
‘അതെങ്ങനെ? ലോകമതങ്ങൾ ഇന്നു ഭൂമിയിലുടനീളം വളരെ ശക്തിയും സ്വാധീനവുമുള്ളവയല്ലേ?’ എന്നു ചിന്തിക്കാൻ ഈ ശീർഷകം നിങ്ങളെ പ്രേരിപ്പിക്കുന്നുവോ?
അതേ, ഒരു പ്രക്ഷുബ്ധ സാഗരത്തിൽകൂടിയാണു കടന്നുപോകുന്നതെങ്കിലും മതങ്ങൾ വളരെ ശക്തിയും സ്വാധീനവുമുള്ളതായി തോന്നുന്നു. മാനവചരിത്രത്തിൽ എന്നത്തേതിലുമധികമായി, ഈ 20-ാം നൂറ്റാണ്ടിൽ മതം ചോദ്യം ചെയ്യപ്പെടുകയും തുറന്നുകാട്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ബഹിരാകാശ ശാസ്ത്രജ്ഞർ തങ്ങളുടെ കൂറ്റൻ ദൂരദർശിനികൾകൊണ്ടു പ്രപഞ്ചത്തെ അരിച്ചുപെറുക്കിയിരിക്കുന്നു, ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശത്ത് അങ്ങോളമിങ്ങോളം യാത്രകൾ നടത്തിയിരിക്കുന്നു; സോവിയറ്റുകാരനായ ഒരു ബഹിരാകാശസഞ്ചാരി പറഞ്ഞതുപോലെ, അവർ “ദൈവത്തെയോ ദൂതന്മാരെയോ” കണ്ടില്ല. ഭൗതികശാസ്ത്രജ്ഞർ പദാർഥത്തെ കൂടുതൽ കൂടുതൽ സൂക്ഷ്മമായ കണങ്ങളായി വിഘടിപ്പിച്ചിരിക്കുന്നുവെങ്കിലും, ജീവൻ തുടങ്ങിവെച്ച ഏതെങ്കിലും ദിവ്യ പ്രചോദക ശക്തിയെ അവർ കണ്ടെത്തിയിട്ടില്ല. അമീബമുതൽ മനുഷ്യൻവരെയുള്ള സുദീർഘമായ പരിണാമചങ്ങല തങ്ങൾ പുനർനിർമിച്ചെടുത്തിരിക്കുന്നുവെന്നും ആ ചങ്ങലയിലൊരിടത്തും സൃഷ്ടിപരമായ ഇടപെടലിന്റെ അതിസൂക്ഷ്മമായ ഒരു കണ്ണിപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ജീവശാസ്ത്രജ്ഞരും പുരാജീവിശാസ്ത്രജ്ഞരും അവകാശപ്പെടുന്നു.
എന്നിരുന്നാലും, ലൗകിക ജ്ഞാനവും ഭൗതിക തത്ത്വശാസ്ത്രവും ഈ ഗ്രഹത്തിൽനിന്നു മതവികാരങ്ങളെ തുടച്ചുനീക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. നിരീശ്വരവാദാധിഷ്ഠിത രാഷ്ട്രീയ ശക്തികൾക്കും തത്ത്വശാസ്ത്രങ്ങൾക്കും അതിനെക്കാൾ ഒട്ടും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. 70 വർഷത്തിലേറെക്കാലം ഏകാധിപത്യ, നിരീശ്വരവാദാധിഷ്ഠിത കമ്മ്യുണിസം മതത്തെ മുദ്ര കുത്തിയത് അന്ധവിശ്വാസമെന്നും “മനുഷ്യരെ മയക്കുന്ന കറുപ്പ്” എന്നുമാണ്. അതു മതനേതാക്കന്മാരെ അധികാരസ്ഥാനത്തുനിന്നു മാറ്റുകയും അവരുടെ പ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തു. പള്ളികളും ആലയങ്ങളും നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തു, ആരാധകരെ മസ്തിഷ്കപ്രക്ഷാളനം നടത്തുകയും കൊല്ലുകയും ചെയ്തു; എന്നിട്ടും അത്തരം ചെയ്തികൾക്കു മതവികാരത്തെ തുടച്ചുനീക്കാനായില്ല. ആ ഗവൺമെന്റുകൾ നിലംപൊത്തിയതോടെ, മതം പുത്തനുണർവോടെ പിടഞ്ഞെണീറ്റു. മുമ്പ് കമ്മ്യുണിസം വാണിരുന്ന ദേശങ്ങളിൽ, തങ്ങളുടെ പൂർവികർ ചെയ്തിരുന്നതുപോലെ ആളുകൾ കൂട്ടത്തോടെ ദേവാലയങ്ങളിലേക്കു പോകുന്നു, മതഭക്തി പൂണ്ട് അവർ മുട്ടുകുത്തുന്നു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇപ്പോഴും മതവികാരം ആളിക്കത്തുന്നു. ഓരോ വർഷവും സൗദി അറേബ്യയിലെ മെക്ക ഭൂമിയിലെങ്ങുനിന്നുമുള്ള കോടിക്കണക്കിനു മുസ്ലീം തീർഥാടകർക്ക് ആതിഥ്യമരുളുന്നു. പാപ്പായെ ദർശിച്ച് അനുഗ്രഹം ഏറ്റുവാങ്ങാമെന്ന പ്രതീക്ഷയോടെ വരുന്ന കത്തോലിക്കാ വിശ്വാസികൾ വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ മിക്കപ്പോഴും തിങ്ങിനിറയുന്നു. ഭാരതത്തിലെ “പുണ്യ” നദികളുടെ തീരങ്ങളിലുള്ള നൂറുകണക്കിനു തീർഥാടനസ്ഥലങ്ങളിൽ കോടിക്കണക്കിനു ഹൈന്ദവഭക്തരുടെ പ്രവാഹം തുടരുന്നു. ഭക്തരായ യഹൂദർ യെരുശലേമിലെ വിലാപമതിലിങ്കൽ (Wailing Wall) പ്രാർഥിക്കാനും തങ്ങളുടെ ലിഖിത പ്രാർഥനകൾ മതിലിലെ വിടവിൽ വെച്ചിട്ടു പോകാനുമായി കൂടിവരുന്നു.
അതേ, മനുഷ്യവർഗത്തിൽനിന്നു മതത്തെ ഉന്മൂലനം ചെയ്യുക അസാധ്യമാണെന്നു തോന്നുന്നു. “മനുഷ്യൻ സഹജമായി മതബോധമുള്ള ഒരു ജീവിയാണ്,” ഐറിഷ് വംശജനായ എഡ്മണ്ട് ബുർക്കെ എന്ന രാജ്യതന്ത്രജ്ഞൻ പറഞ്ഞു. സ്ഥിതിവിവരക്കണക്കുകൾ വെച്ചുനോക്കുമ്പോൾ, ഭൂമിയിലെ ഓരോ 6 പേരിലും 5 പേരും ഏതെങ്കിലും മതത്തോടു ബന്ധമുള്ളവരാണ്. അടുത്ത കാലത്തെ കണക്കുകളനുസരിച്ച്, ലോകത്തിലെ സ്ഥാപിത മതത്തിന്റെ അനുവർത്താക്കളായി ഏതാണ്ട് 490 കോടി ആളുകളുണ്ട്. എന്നാൽ, മതവിശ്വാസമില്ലാത്തവർ ഏതാണ്ട് 84.2 കോടി മാത്രമാണ്.a
ഇതു കണക്കിലെടുക്കുമ്പോൾ, ലോകമതങ്ങളുടെ അന്ത്യം ആസന്നമാണെന്നു വിശ്വസിക്കുക ന്യായയുക്തമാണോ? അങ്ങനെയെങ്കിൽ അത് എപ്പോൾ, എങ്ങനെ സംഭവിക്കും? ഏതെങ്കിലും മതം അവശേഷിക്കുമോ? അടുത്ത രണ്ടു ലേഖനങ്ങളിൽ നമുക്ക് ഈ ചോദ്യങ്ങൾ പരിചിന്തിക്കാം.
[അടിക്കുറിപ്പ്]
a “മതവിശ്വാസമില്ലാത്തവരിൽ” ഉൾപ്പെടുന്നവർ ഇവരാണ്: “യാതൊരു മതവും അവകാശപ്പെടാത്തവർ, അവിശ്വാസികൾ, അജ്ഞേയവാദികൾ, സ്വതന്ത്ര ചിന്താഗതിക്കാർ, എല്ലാ മതത്തോടും ഉദാസീനതയുള്ള, മതവിശ്വാസം നഷ്ടപ്പെട്ട ലൗകികവാദികൾ.”
[3-ാം പേജിലെ ചിത്രം]
വത്തിക്കാൻ നഗരത്തിലെ സെൻറ് പീറ്റേഴ്സ് സ്ക്വയർ