ചിത്ര ഛായാഗ്രഹണം—അതു നന്നായി നിർവഹിക്കുന്ന വിധം
പ്രിയ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഛായാചിത്രങ്ങളെക്കാൾ പ്രിയങ്കരമായി കരുതപ്പെടുന്നവ അധികമൊന്നുമില്ല. ഗുണനിലവാരമുള്ള ഛായാചിത്രം കേവലമൊരു ക്ഷിപ്രചിത്രത്തെക്കാൾ (snapshot) കവിഞ്ഞതാണല്ലോ; അത് ഒരുവന്റെ വ്യക്തിത്വത്തിന്റെ അന്തഃസത്തയെത്തന്നെ പിടിച്ചെടുക്കാൻ ഉദ്ദേശിച്ചുള്ള ഒരു പ്രതിഛായയാണ്!
സാങ്കേതിക മേന്മയുള്ള ഛായാചിത്രങ്ങൾ നമ്മിൽ ചിലരുടെ എത്തുപാടിൽ ഒതുങ്ങാത്തത്ര വിലപിടിപ്പുള്ളതായിരിക്കാമെന്നതാണ് പ്രശ്നം. ഇനി, നിങ്ങൾതന്നെ ഫോട്ടോയെടുക്കാൻ ശ്രമിക്കുകയാണെങ്കിലോ, കേവലം ലക്ഷ്യംപിടിച്ച് ഫോട്ടോയെടുക്കുന്നതിനെക്കാൾ വളരെ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നുവെന്നു നിങ്ങൾ പെട്ടെന്നു മനസ്സിലാക്കും. ഒരു നല്ല ചിത്രത്തിൽ വ്യക്തി മാത്രമല്ല, പ്രകാശം, പശ്ചാത്തലം, രംഗവിധാനം, നില, മുഖഭാവം, നിറം എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ കാരണം.
എന്നിരുന്നാലും, നിങ്ങൾക്ക് ഒരു കാമറ ഉണ്ടെങ്കിൽ, ചില അടിസ്ഥാന വിദ്യകൾ പഠിക്കാൻ മനസ്സൊരുക്കമുണ്ടെങ്കിൽ, നിങ്ങൾക്കു സംതൃപ്തികരമായ ഫോട്ടോകൾ എടുക്കാവുന്നതാണ്. എങ്ങനെ? ഉത്തരത്തിനായി ഈ രംഗത്തു പത്തിലധികം വർഷത്തെ പരിചയമുള്ള ഒരു വിദഗ്ധ ഫോട്ടോഗ്രാഫറോടു നമുക്കു ചില ചോദ്യങ്ങൾ ചോദിക്കാം.
•ആദ്യമായി, ഫോട്ടോയ്ക്കുവേണ്ടി ഒരുവനെ പുഞ്ചിരിപ്പിക്കുന്നതിലെ രഹസ്യമെന്താണ്?ഫോട്ടോയെടുക്കാൻ പറ്റിയ മാനസിക ഭാവത്തിലാണു വ്യക്തിയെന്ന് ഉറപ്പുവരുത്തുക! ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു കൊച്ചു പെൺകുട്ടിയുടെ ഫോട്ടോ എടുക്കണമെന്നു വിചാരിക്കുക. അവൾ ക്ഷീണിതയോ വിശന്നിരിക്കുന്നവളോ ആണെങ്കിൽ, വിജയകരമായി അവളുടെ ഫോട്ടോ എടുക്കുന്നതു ബുദ്ധിമുട്ടായിരിക്കും. മാത്രവുമല്ല, അവൾ ക്ഷീണിതയാണെങ്കിൽ മുഖത്തും കണ്ണുകളിലും പിരിമുറുക്കം ദൃശ്യമാകും. അതു ചിത്രത്തിന്റെ മേന്മ കുറയ്ക്കും. അതുകൊണ്ട് ഫോട്ടോയെടുക്കൽ തുടങ്ങുന്നതിനു മുമ്പ് അൽപ്പനേരം ഉറങ്ങാനും എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാനും അവളെ പ്രോത്സാഹിപ്പിക്കുക.
വ്യക്തിയുമായി ഇടപെടുന്നതും സഹായകമാണ്. പ്രസന്നവദനനും ആഹ്ളാദഭരിതനും ആയിരിക്കുക. സംഭാഷിച്ചുകൊണ്ട് അവളുടെ പിരിമുറുക്കത്തിന് അയവുവരുത്തുക, എന്നാൽ അവളെ വല്ലാതെ ചിരിപ്പിക്കാൻ ശ്രമിക്കരുത്. കണ്ണുകൾ പാതി അടഞ്ഞിരിക്കാനും മുഖം രക്തമയമാകാനും ഇത് ഇടയാക്കുന്നു. വിഭിന്ന മുഖഭാവങ്ങളിലുള്ള ഫോട്ടോകൾ എടുത്തുനോക്കുക. നിങ്ങൾ എത്ര കൂടുതൽ ഫോട്ടോകൾ എടുക്കുന്നുവോ, അത്ര കൂടുതലാണ് ആ വ്യക്തിയെ ഏറ്റവും നന്നായി എടുത്തുകാണിക്കുന്ന ഫോട്ടോ ലഭിക്കുന്നതിനുള്ള സാധ്യത.
•വസ്ത്രധാരണവും ചമയവും സംബന്ധിച്ചോ? ഗ്രൂപ്പ് ഫോട്ടോകളിൽ, വർണപ്പൊരുത്തം അഭികാമ്യമാണ്. ഉദാഹരണത്തിന്, നിങ്ങൾ ഒരു കുടുംബത്തിന്റെ ചിത്രമാണ് എടുക്കുന്നതെങ്കിൽ, പൊരുത്തപ്പെടുന്ന വർണങ്ങളിലുള്ള വസ്ത്രം ധരിക്കാൻ നിർദേശിക്കുക. അല്ലെങ്കിൽ ഒരുപക്ഷേ അവർ എല്ലാവരും ഒരേ വർണങ്ങളിലുള്ള വസ്ത്രം ധരിക്കട്ടെ. എന്നാൽ, വണ്ണമുള്ള ആളുകൾ കടും വർണങ്ങളിലും വണ്ണംകുറഞ്ഞ ആളുകൾ ഇളം വർണങ്ങളിലും ഏറ്റവും മെച്ചമായി കാണപ്പെടുന്നുവെന്ന് ഓർമിക്കുക.
നിങ്ങൾ വിശദാംശത്തിനും ശ്രദ്ധ നൽകണം: ഏറ്റവും കുറഞ്ഞ ചുളിവുകളോടെ വസ്ത്രം നേരെ കിടക്കുന്നുവോ? ടൈ കിടക്കുന്നതു നേരെയാണോ? തലമുടി ചീകി ഒതുക്കിയിരിക്കുന്നുവോ? നിങ്ങളുടെ കണ്ണുകൾ പാറിപ്പറന്നു കിടക്കുന്ന തലമുടി ശ്രദ്ധിച്ചില്ലെന്നുവരാം, എന്നാൽ കാമറ ശ്രദ്ധിക്കും! വ്യക്തി ഒരു സ്ത്രീ ആണെങ്കിൽ, അവൾ മേയ്ക്കപ്പ് ഉചിതമായി ചെയ്തിട്ടുണ്ടോ?
•കണ്ണടധാരികളെ സംബന്ധിച്ചോ? തിളക്കം നിമിത്തം ഇത് ഒരു പ്രശ്നമായിരിക്കാവുന്നതാണ്. ഒന്നാമതായി, അനാവശ്യമായ എന്തെങ്കിലും തിളക്കമുണ്ടോയെന്നു കാണാൻ വ്യൂഫൈൻഡറിലൂടെ നോക്കുക. ഉണ്ടെങ്കിൽ, പ്രതിഫലനം കണ്ണിന്റെ മധ്യത്തിൽനിന്നു നീങ്ങിപ്പോകുകയോ അപ്രത്യക്ഷമാകുയോ ചെയ്യുന്നതുവരെ വ്യക്തി തല സാവധാനം തിരിക്കട്ടെ. വ്യക്തി താടി താഴ്ത്തുന്നതു ചിലപ്പോൾ സഹായകമാകും, എന്നാൽ ഇരട്ടത്താടി വരാതിരിക്കാൻ ശ്രദ്ധിക്കുക!
•പശ്ചാത്തലത്തിൽ എന്തു പ്രത്യക്ഷപ്പെടുന്നുവെന്നത് പ്രാധാന്യമർഹിക്കുന്നുവോ? നിസ്സംശയമായും! വൈദ്യുത ലൈനുകൾ, റോഡുകൾ, അല്ലെങ്കിൽ മോട്ടോർ വാഹനങ്ങൾ തുടങ്ങിയവകൊണ്ട് അടുക്കുംചിട്ടയുമില്ലാത്ത തിരക്കേറിയ ഒരു പശ്ചാത്തലം നിങ്ങളുടെ ഫോട്ടോയുടെ ഗുണം കുറയ്ക്കുകയേ ഉള്ളൂ. അതുകൊണ്ട്, ഒരു വൃക്ഷം, പൂത്തുനിൽക്കുന്ന ഒരു ചെടിക്കൂട്ടം, ഒരു മരവേലി, ഒരു പഴയ കളപ്പുരയുടെ വശം തുടങ്ങി വ്യക്തിയോടു താത്പര്യം വർധിപ്പിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുന്ന ഒരു പശ്ചാത്തലം അന്വേഷിക്കുക.
•മുറിക്കകത്തെ രംഗവിധാനത്തിലാണ് നിങ്ങൾ ചിത്രം എടുക്കുന്നതെങ്കിലോ? ഇളം നിറമുള്ള ഒരു ഭിത്തിയുടെയോ മുറിക്കകത്തു വളരുന്ന ഒരു ചെടിയുടെയോ മുന്നിലുള്ള കസേരയിലോ സോഫയിലോ വ്യക്തിയെ ഇരുത്തിക്കൊണ്ട് നിങ്ങൾക്കു ഫോട്ടോയെടുത്തുനോക്കാവുന്നതാണ്. പശ്ചാത്തലത്തിൽ വർക്ക് ടേബിളോ, ഡെസ്ക്കോ, അല്ലെങ്കിൽ തയ്യൽ വസ്തുക്കളോ സഹിതം, വ്യക്തി ജോലി ചെയ്യുന്നതായോ ഇഷ്ടപ്പെട്ട വിനോദത്തിലോ പ്രവർത്തനത്തിലോ ഏർപ്പെട്ടിരിക്കുന്നതായോ ചിത്രീകരിക്കുന്നതു വിശേഷിച്ചും രസകരമാണ്.
•ആകർഷകമായൊരു പശ്ചാത്തലം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലോ? പശ്ചാത്തലം ഫോക്കസിനു വെളിയിലാക്കാൻ ശ്രമിക്കുക. വ്യക്തിയെ പശ്ചാത്തലത്തിൽനിന്ന് അകലത്തിൽ നിർത്താൻ കഴിയുന്ന, മുറിക്കു പുറത്തുവെച്ചുള്ള ചിത്രങ്ങളിൽ ഇത് ഏറ്റവും പ്രായോഗികമാണ്. എഫ്-സ്റ്റോപ്പ് അല്ലെങ്കിൽ ലെൻസ് ദ്വാരം (lens aperture) ക്രമീകരിച്ചുകൊണ്ട് ഇതു ചെയ്യാം. f5.6 പോലുള്ള ഒരു താഴ്ന്ന എഫ്-സ്റ്റോപ്പ് നമ്പർ വ്യക്തിയെ വ്യക്തമായ ഫോക്കസിലാക്കുകയും എന്നാൽ പശ്ചാത്തലം അവ്യക്തമാക്കുകയും ചെയ്യും.—ഒന്നാമത്തെ ഫോട്ടോ കാണുക.
•പൊരുത്തം സംബന്ധിച്ച് എന്തെങ്കിലും ഉപദേശമുണ്ടോ? ആദ്യംതന്നെ, നിങ്ങളുടെ കാമറ ഒരു മുക്കാലിയേൽ വെക്കുന്നതു സഹായകമാണ്. അപ്പോൾ നിങ്ങൾക്കു പൊരുത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്. സാധാരണമായി, ഛായാചിത്രങ്ങൾ മുഴുവനായുള്ളതോ മുക്കാൽ ഭാഗമുള്ളതോ (അരമുതൽ മേൽപ്പോട്ട്) അടുത്തുനിന്ന് എടുക്കുന്നതോ (തലയും തോളും അല്ലെങ്കിൽ തലമാത്രം) ആണ്. (രണ്ടാമത്തെ ഫോട്ടോ കാണുക.) 105 മില്ലിമീറ്ററിനും 150 മില്ലിമീറ്ററിനും ഇടയിലുള്ള ഏതു ലെൻസും ഫോട്ടോ എടുക്കുന്നതിനു തികച്ചും അനുയോജ്യമായിരിക്കും. നിങ്ങളുടെ കാമറയിലെ ലെൻസ് ക്രമീകരിക്കാനോ മാറ്റാനോ സാധിക്കാത്തതാണെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്ന പ്രതിബിംബം ലഭിക്കുന്നതുവരെ വ്യക്തിയോട് അടുത്തുവരുക, അല്ലെങ്കിൽ പിന്നോക്കംപോകുക. ഫോട്ടോയെടുക്കുമ്പോൾ തലയ്ക്കു മുകളിലും വശങ്ങൾക്കു ചുറ്റും പാദങ്ങൾക്കു താഴെയും കുറെ സ്ഥലം നൽകുന്നതു വിവേകമായിരിക്കും. ഫോട്ടോ വലുതാക്കുമ്പോൾ തലയോ പാദങ്ങളോ ഛേദിക്കപ്പെടുന്നത് അല്ലെങ്കിൽ തലയും കൈകാലുകളും ഇല്ലാതെവരുന്നത് ഇപ്രകാരം നിങ്ങൾക്ക് ഒഴിവാക്കാം. നിങ്ങൾ എത്രമാത്രം വലുതാക്കുന്നുവോ അത്രമാത്രം പ്രതിബിംബം, വലുതാക്കൽ പ്രക്രിയയിൽ നഷ്ടപ്പെട്ടേക്കാം, ഇതു ഫോട്ടോയുടെ ബോർഡറിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു.
റൂൾ ഓഫ് തേർഡ്സ് എന്നു വിളിക്കപ്പെടുന്നതാണു പ്രയോജനപ്രദമായ ഒരു മാർഗരേഖ. വ്യക്തിയുടെ മുഖമോ കണ്ണുകളോ, ചിത്രത്തിന്റെ മുകളിൽനിന്നും താഴെനിന്നും വശങ്ങളിൽനിന്നും ഉള്ള അകലത്തിന്റെ മൂന്നിലൊന്നു ദൂരത്തിൽ സ്ഥാപിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. (മൂന്നാമത്തെ ഫോട്ടോ കാണുക.) എന്നാൽ, കണ്ണുകൾ ചിത്രത്തിന്റെ മധ്യത്തിലായിരിക്കുന്നതു ചിലപ്പോൾ വളരെ ഫലപ്രദമാണ്.
•വ്യക്തിയെ പോസുചെയ്യിക്കുന്നതു സംബന്ധിച്ചെന്ത്? പിരിമുറുക്കം ഇല്ലാത്ത ഒരു നിലയിൽ വ്യക്തി കാമറയെ അഭിമുഖീകരിക്കട്ടെ, ഇരിക്കുകയോ നിൽക്കുകയോ ചാരിക്കിടക്കുകയോ ആകാം, എന്നാൽ വശത്തേക്ക് അൽപം ചെരിയണം. മുഖം വളരെ വൃത്താകാരമാണെന്നു തോന്നുന്നുവെങ്കിൽ, മുഖത്തിന്റെ പകുതിമാത്രം പ്രകാശിക്കേണ്ടതിന് വ്യക്തി തലയോ ശരീരമോ അൽപം തിരിക്കട്ടെ. കാമറയോട് ഏറ്റവും അടുത്തുവരുന്നത് നിഴലിലുള്ള പകുതിഭാഗമായിരിക്കണം. മുഖം ഇടുങ്ങിയതായി തോന്നാൻ ഇത് ഇടയാക്കും. നേരേമറിച്ച്, മുഖം മുഴുവനായി കാണപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വെളിച്ചത്താൽ മുഖം മുഴുവനും പ്രകാശിക്കുന്നതുവരെ വ്യക്തി തലയോ ശരീരമോ തിരിക്കട്ടെ.
കൈകൾക്കു പ്രത്യേക ശ്രദ്ധ നൽകുക. അവ ആയാസരഹിതമായി കാണപ്പെടുകയും സ്വഭാവികമായ ഒരു നിലയിലായിരിക്കുകയും വേണം, താടിക്കോ മുഖത്തിന്റെ വശത്തോ പതുക്കെ കൈകൊടുക്കുന്നതുപോലെ. വ്യക്തി നിൽക്കുകയാണെങ്കിൽ, കൈകൾ വശങ്ങളിൽ നേരേ താഴേക്കു തൂക്കിയിടുന്ന സർവസാധാരണമായ പിഴവ് ഒഴിവാക്കുക. കൈകൾക്കൊണ്ട് എന്തിനെയെങ്കിലും പിടിക്കുകയോ അവയെ സ്വഭാവികമായ നിലയിൽ ശാന്തമായി വെക്കുകയോ ചെയ്യുന്നതു നല്ലതാണ്.
•ദമ്പതിമാരുടെ ഫോട്ടോയെടുക്കുന്നതിനു വേണ്ടി എന്തെങ്കിലും ഉപദേശമുണ്ടോ? അവരുടെ തലകൾ പരസ്പരം അൽപം ചരിച്ച് ഫോട്ടോയെടുത്തു നോക്കുക. അവരിരുവരും ഒരേ ലെവലിൽ നിൽക്കുന്നത് ഒഴിവാക്കുന്നതു സാധാരണമായി വളരെ നല്ലതാണ്. ഒരു വ്യക്തിയുടെ കണ്ണുകൾ മറ്റേ വ്യക്തിയുടെ മൂക്കിന്റെ ലെവലിൽ ആയിരിക്കത്തക്കവണ്ണം നിങ്ങൾക്ക് അവരെ നിർത്താവുന്നതാണ്.—നാലാമത്തെ ഫോട്ടോ കാണുക.
•നമുക്കു പ്രകാശത്തെക്കുറിച്ചു സംസാരിക്കാം. മുറിക്കു വെളിയിൽവെച്ച് ഫോട്ടോയെടുക്കാനുള്ള ഏറ്റവും മെച്ചമായ പകൽ സമയം ഏതാണ്? അപരാഹ്നം. അപ്പോൾ അന്തരീക്ഷം സാധാരണമായി ശാന്തവും പ്രകാശത്തിന്റെ നിറം ഊഷ്മളവുമാണ്. സൂര്യപ്രകാശം മുഖത്തിന്റെ ഒരു വശത്തെ പ്രകാശിപ്പിക്കാൻ കഴിയത്തക്കവിധവും നിഴലിലുള്ള മുഖവശത്ത് കോണാകൃതിയിൽ മാത്രം പ്രകാശം പതിക്കത്തക്കവിധവും നിങ്ങളുടെ സുഹൃത്തിനെ നിർത്തി ഫോട്ടോയെടുത്തുനോക്കുക. ഇതു വ്യക്തിയുടെ കണ്ണ് കൂമ്പിപ്പോകാതിരിക്കാൻ സഹായിക്കും. മുഖത്തിന്റെ ഒരു പാർശ്വവീക്ഷണം എടുക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, മുഖത്തിന്റെ നിഴലുള്ള വശത്തേക്കു നിങ്ങളുടെ കാമറ തിരിക്കുക. കൂടാതെ, സൂര്യപ്രകാശത്തിൽനിന്നു നിങ്ങളുടെ കാമറാലെൻസ് നിങ്ങൾ മറയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
•പ്രകാശം വളരെ തീവ്രമാണെങ്കിൽ എന്ത്? സൂര്യൻ പിമ്പിലായിരിക്കത്തക്കവണ്ണം നിങ്ങളുടെ സുഹൃത്തിനെ നിർത്തി പടമെടുത്തുനോക്കുക.
•അയാളുടെ മുഖം നിഴലിൽ വരാൻ അതു കാരണമാവില്ലേ? ഉവ്വ്, എന്നാൽ നിഴൽവീണ ഭാഗം പ്രകാശിപ്പിക്കാനായി നിങ്ങൾക്കു ഫ്ളാഷ് ഉപയോഗിക്കാവുന്നതാണ്. ചില കാമറകൾ ഇതു സ്വയം ചെയ്യുന്നു. സഹായിയായി പ്രവർത്തിക്കാൻ ഒരു സുഹൃത്ത് ഉണ്ടായിരിക്കുകയെന്നതാണു മറ്റൊരു പരിഹാരമാർഗം. അയാൾക്ക് ഒരു പ്രതിഫലനിയോ വലിയ ഒരു കഷണം വെളുത്ത കാർഡ്ബോർഡോ ഉയർത്തിപ്പിടിച്ച് ചിതറിവീഴുന്ന സൂര്യപ്രകാശത്തിൽ കുറെ വ്യക്തിയുടെ മുഖത്തേക്കു പ്രതിഫലിപ്പിക്കാവുന്നതാണ്.
•മുറിക്കകത്തെ പ്രകാശം സംബന്ധിച്ചെന്ത്? വ്യക്തിയെ ജന്നലിനടുത്തു പോസ് ചെയ്യിച്ചുകൊണ്ട് നിങ്ങൾക്കു പ്രകൃതിദത്ത വെളിച്ചം ഉപയോഗിക്കാവുന്നതാണ്. പ്രകാശത്തെ ചിതറിക്കുന്നതിന് ഒരു നേരിയ കർട്ടൻ ഉപയോഗിക്കാൻ കഴിയും. മുഖത്തിന്റെ വളരെ ഇരുണ്ടതായി തോന്നുന്ന ഭാഗങ്ങളെ പ്രകാശിപ്പിക്കുന്നതിന് ആവശ്യമെങ്കിൽ നിങ്ങൾക്ക് ഫ്ളാഷ് ഫിൽ-ഇനോ ഒരു കാർഡ്ബോർഡ് പ്രതിഫലനിയോ ഉപയോഗിക്കാവുന്നതാണ്.—അഞ്ചാമത്തെ ഫോട്ടോ കാണുക.
•ലഭ്യമായ പ്രകാശം മതിയായതല്ലെങ്കിലോ? അത്തരം സാഹചര്യങ്ങളിൽ നിങ്ങൾ ഫ്ളാഷ് ഉപയോഗിക്കേണ്ടതുണ്ട്. വെളുത്ത പാർശ്വഭിത്തിയുള്ള ഒരു സ്ഥലത്തു വ്യക്തിയെ നിർത്തി ഫോട്ടോയെടുത്തു നോക്കുക. വെളിച്ചം പാർശ്വഭിത്തിയിൽ തട്ടി പ്രതിഫലിക്കത്തക്കവണ്ണം നിങ്ങളുടെ ഫ്ളാഷ് ചെരിക്കുക. വശത്തുനിന്നു പ്രകാശം വരുന്നതുകൊണ്ട് മുഖത്തിന്റെ എത്രമാത്രം ഭാഗം പ്രകാശിക്കണമെന്നുള്ള കാര്യത്തിൽ നിങ്ങൾക്കു കൂടുതൽ നിയന്ത്രണമുണ്ടായിരിക്കും.
തീർച്ചയായും, നല്ല ഫലങ്ങൾ ലഭിക്കുന്നതിനു ചില പരീക്ഷണ-പരാജയങ്ങൾ ആവശ്യമായിവരും. എന്നാൽ ചിത്ര ഛായാഗ്രഹണത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ ലളിതമാണ്. ശ്രദ്ധാപൂർവമായ ആസൂത്രണത്താലും വിശദാംശങ്ങൾക്കു ശ്രദ്ധനൽകുന്നതിനാലും നിങ്ങൾക്ക് ഏറ്റവും ലളിതമായ കാമറകൾകൊണ്ടുപോലും, നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും വരുംവർഷങ്ങളിൽ പ്രിയങ്കരമായി സൂക്ഷിക്കുന്ന നല്ല ഛായാചിത്രങ്ങൾ എടുക്കാൻ കഴിയും!