ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—ക്യാമറയിലൂടെയോ ഇന്റർകോമിലൂടെയോ സാക്ഷീകരിക്കുമ്പോൾ
എന്തുകൊണ്ട് പ്രധാനം: കുറ്റകൃത്യങ്ങൾ വർധിക്കുന്ന ഇക്കാലത്ത്, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് വീടുകളിൽ ക്യാമറകളും ഇന്റർകോമുകളുംa പിടിപ്പിക്കുന്നവരുടെ എണ്ണം കൂടിക്കൂടിവരുകയാണ്. അങ്ങനെയുള്ള വീടുകളിൽ ചെല്ലുമ്പോൾ വീട്ടുകാർക്കു നമ്മളെ കാണാനും നമ്മൾ പറയുന്നതു കേൾക്കാനും കഴിയും, എന്നാൽ നമുക്ക് അവരെ കാണാൻ സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടുകാരെ നേരിട്ട് കാണാതെ അവരോടു സന്തോഷവാർത്ത പറയുന്നതു നമുക്കു ബുദ്ധിമുട്ടായിരുന്നേക്കാം. താഴെ പറയുന്ന ആശയങ്ങൾ, ആത്മവിശ്വാസത്തോടെ ക്യാമറയിലൂടെയോ ഇന്റർകോമിലൂടെയോ സാക്ഷീകരിക്കാൻ നമ്മളെ സഹായിക്കും.
എങ്ങനെ ചെയ്യാം:
വീട്ടുകാരെക്കുറിച്ച് നല്ല വീക്ഷണമുണ്ടായിരിക്കുക. ക്യാമറയോ ഇന്റർകോമോ ഉള്ള മിക്ക വീട്ടുകാരും ശരിക്കും നമ്മളോടു സംസാരിക്കാൻ താത്പര്യമുള്ളവരായിരിക്കും
നമ്മൾ വീടിന്റെ ബെല്ലടിക്കുന്നതിനു മുമ്പുതന്നെ ചില ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങും. നമ്മൾ വാതിലിന്റെ അടുത്ത് ചെല്ലുമ്പോൾത്തന്നെ വീട്ടുകാർക്കു നമ്മളെ കാണാനും കേൾക്കാനും കഴിയും
വീട്ടുകാരൻ നമ്മളോടു സംസാരിക്കുന്നെങ്കിൽ എന്തു ചെയ്യണം? ആ വ്യക്തിയോടു നേരിട്ട് എങ്ങനെ സംസാരിക്കുമോ, അതേ രീതിയിൽത്തന്നെ ഇന്റർകോമിലൂടെയോ ക്യാമറയിലേക്കു നോക്കിയോ സംസാരിക്കുക. പുഞ്ചിരിക്കുകയും സ്വാഭാവികമായ ആംഗ്യങ്ങളോടെ സംസാരിക്കുകയും ചെയ്യുക. അദ്ദേഹം നേരിട്ട് വന്നിരുന്നെങ്കിൽ എന്തു പറയുമായിരുന്നോ അതുതന്നെ പറയുക. ക്യാമറയിലൂടെയാണു സംസാരിക്കുന്നതെങ്കിൽ, മുഖം ക്യാമറയോട് ഒത്തിരി അടുത്ത് പിടിക്കരുത്. വീട്ടുകാരൻ സംസാരിക്കുന്നില്ലെങ്കിൽ, നമ്മുടെ സന്ദേശം അതിൽ റെക്കോർഡ് ചെയ്തുവെക്കരുത്
സംഭാഷണം അവസാനിച്ചുകഴിഞ്ഞാലും വീട്ടുകാരനു നമ്മളെ കാണാനും നമ്മൾ പറയുന്നതു കേൾക്കാനും കഴിയുമെന്ന് ഓർക്കുക
a ആളുകൾ അവരുടെ വാതിലുകളിലോ ഗേറ്റുകളിലോ ഘടിപ്പിക്കുന്ന, ടെലിഫോൺപോലെ പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് ഇന്റർകോം. വീടിനുള്ളിലുള്ളവരുമായി സംസാരിക്കുന്നതിനു സന്ദർശകർക്ക് ഇത് ഉപയോഗിക്കാൻ കഴിയും.