ബൈബിളിന്റെ വീക്ഷണം
ഭൂമി തീയാൽ നശിപ്പിക്കപ്പെടുമോ?
ആണവ നാശത്തിൽ ചാരമാകും, വികസിച്ചുകൊണ്ടിരിക്കുന്ന സൂര്യനാൽ കത്തിച്ചാമ്പലാകും, കോപംപൂണ്ട ഒരു ദേവനാൽ ദഹിപ്പിക്കപ്പെടും എന്നിങ്ങനെ രീതി വ്യത്യസ്തമായിരുന്നേക്കാമെങ്കിലും, ഒരു സമൂലനാശത്തിന്റെ അഗ്നിയാൽ, ഒരു വിപുല വ്യാപക നാശത്താൽ, മനുഷ്യവർഗത്തിന്റെ ഭവനമായ ഭൗമഗ്രഹം അതിന്റെ അന്ത്യം കാണുമെന്നു നിരവധിയാളുകൾ ദൃഢമായി വിശ്വസിക്കുന്നു.
ഭൂമിക്കെതിരായുള്ള മമനുഷ്യന്റെ അതിക്രമങ്ങളുടെ ശിക്ഷയെന്നവണ്ണം ഒരു ദിവ്യനിയന്ത്രിത അഗ്നിനാശത്തെ സൂചിപ്പിക്കുന്ന ബൈബിൾ വാക്യങ്ങൾ ചിലർ ഉദ്ധരിക്കുന്നു. ഓസ്ട്രേലിയയിലെ അഡലൈഡെ സർവകലാശാലയിലെ പ്രൊഫസറായ പോൾ ഡേവിസിന്റെ അഭിപ്രായത്തെയാണ് മറ്റുള്ളവർ പ്രതിധ്വനിപ്പിക്കുന്നത്. അഗ്നിനാശത്തിലേക്കുള്ള ഭൂമിയുടെ ഒഴിവാക്കാനാവാത്ത വീഴ്ച എന്ന് താൻ കരുതുന്നതിനെക്കുറിച്ച് അദ്ദേഹം എഴുതുന്നു. അവസാനത്തെ മൂന്ന് മിനിറ്റുകൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം സിദ്ധാന്തീകരിക്കുന്നു: “സൂര്യൻ എന്നത്തേതിലുമധികമായി വികസിക്കുമ്പോൾ, അത് അതിന്റെ അഗ്നിവലയത്തിനുള്ളിൽ ഭൂമിയെ . . . ആഴ്ത്തിക്കളയും. നമ്മുടെ ഗ്രഹം ഒരു കരിക്കട്ടയായി അവശേഷിക്കും.” ഭൂമിയുടെ ഭാവി സംബന്ധിച്ചുള്ള സത്യമെന്താണ്? അഗ്നിനാശം മുൻകൂട്ടിപ്പറയുന്നതായി തോന്നിക്കുന്ന ബൈബിൾ വാക്യങ്ങൾ നാം എങ്ങനെ മനസ്സിലാക്കണം?
ദൈവം കരുതുന്നുവോ?
“യഹോവയോ സത്യദൈവം; . . . അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു”വെന്ന് യിരെമ്യാവു 10:10-12 നമ്മെ അറിയിക്കുന്നു. ദൈവം ഭൂമിയെ സൃഷ്ടിച്ച് അതിനെ ദൃഢമായി സ്ഥാപിച്ചു. അതുകൊണ്ട് ജ്ഞാനം, സ്നേഹം, വിവേകം എന്നിവയാൽ, മനുഷ്യവർഗത്തിനു വേണ്ടിയുള്ള ഒരു സുന്ദര ഭവനമെന്നനിലയിൽ എന്നേക്കും നിലനിൽക്കാനായി അവൻ ഭൂമിയെ ശ്രദ്ധാപൂർവം ഒരുക്കി.
ദൈവം മനുഷ്യവർഗത്തെ സൃഷ്ടിച്ചതിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പത്തി 1:27, 28) അവൻ തന്റെ സൃഷ്ടിപ്രവർത്തനം പൂർത്തീകരിച്ചപ്പോൾ “അതു എത്രയും നല്ലതു” എന്ന് അവനു നിസ്സന്ദേഹം ഉദ്ഘോഷിക്കാൻ കഴിഞ്ഞു. (ഉല്പത്തി 1:31) അത് അങ്ങനെ തുടരാൻ അവൻ ആഗ്രഹിച്ചു. മാതാപിതാക്കളാകാൻ പ്രതീക്ഷിക്കുന്നവർ ജനിക്കാനിരിക്കുന്ന ശിശുവിനു വേണ്ടി ഒരു മുറി രൂപകൽപ്പന ചെയ്ത് സജ്ജീകരിക്കുന്നതുപോലെ, ദൈവം മനോഹരമായ ഒരു തോട്ടം നിർമിച്ചിട്ട് അതിനെ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന് ആദാമിനെ അവിടെയാക്കി.—ഉല്പത്തി 2:15.
ആദാം പൂർണതയും ഭൂമിയെ പരിപാലിക്കാനുള്ള തന്റെ കർത്തവ്യവും ത്യജിച്ചു. എന്നാൽ സ്രഷ്ടാവു തന്റെ ഉദ്ദേശ്യം കൈവെടിഞ്ഞോ? ഇല്ലെന്ന് യെശയ്യാവു 45:18 സൂചിപ്പിക്കുന്നു: “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; . . . അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിനത്രെ അതിനെ നിർമ്മിച്ചതു.” (യെശയ്യാവു 55:10, 11 കൂടെ കാണുക.) മനുഷ്യൻ തന്റെ പരിരക്ഷണ കർത്തവ്യം അവഗണിച്ചെങ്കിലും, ഭൂമിയോടും അതിലെ നിവാസികളോടുമുള്ള തന്റെ കരാർ നടപ്പാക്കുന്നതിൽ ദൈവം തുടർന്നു. ഇസ്രായേൽ ജനതയ്ക്കു നൽകിയ ന്യായപ്രമാണം ഓരോ ഏഴാം സംവത്സരത്തിലും “ദേശത്തിനു പൂർണ സ്വസ്ഥത നൽകുന്ന ഒരു ശബ്ബത്താ”ചരിക്കാൻ ക്രമീകരണം ചെയ്തു. മൃഗങ്ങൾക്ക് ഒരളവോളം സംരക്ഷണം നൽകിയ കരുണാർദ്രമായ നിയമങ്ങൾ അതിൽ ഉൾക്കൊണ്ടിരുന്നു. (ലേവ്യപുസ്തകം 25:4, NW; പുറപ്പാടു 23:4, 5; ആവർത്തനപുസ്തകം 22:1, 2, 6, 7, 10; 25:4; ലൂക്കൊസ് 14:5) മനുഷ്യവർഗത്തിനും താൻ മമനുഷ്യന്റെ പരിരക്ഷണയിൽ ആക്കിവെച്ചിരിക്കുന്ന എല്ലാറ്റിനും വേണ്ടി ദൈവം കരുതുന്നുവെന്നു വ്യക്തമായി സൂചിപ്പിക്കുന്ന ബൈബിളിലെ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ് ഇവ.
“ഒന്നാമത്തെ ഭൂമി”
അതുകൊണ്ട്, പരസ്പര വിരുദ്ധമെന്നു തോന്നിക്കുന്ന ബൈബിൾ വാക്യങ്ങളെ നാം എങ്ങനെ പൂർവാപരബന്ധമുള്ളതാക്കും? അത്തരത്തിലുള്ള ഒരു വാക്യമാണ് 2 പത്രൊസ് 3:7. അത് ഇങ്ങനെ പറയുന്നു: “ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു.” മറ്റൊരു വാക്യം വെളിപ്പാടു 21:1 ആണ്. “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി” എന്ന് അതു പ്രസ്താവിക്കുന്നു.
പത്രൊസിന്റെ വാക്കുകൾ അക്ഷരീയമായി എടുക്കേണ്ടതും ഭൗമഗ്രഹം യഥാർഥ തീയാൽ നശിപ്പിക്കപ്പെടേണ്ടതുമാണെങ്കിൽ, അക്ഷരീയ ആകാശവും—നക്ഷത്രങ്ങളും മറ്റ് ആകാശ ഗോളങ്ങളും—തീയാൽ നശിപ്പിക്കപ്പെടണം. എന്നാൽ ഈ വിശദീകരണം, “നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ,” എന്നു പറയുന്ന മത്തായി 6:10-ഉം “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും,” എന്നു പ്രസ്താവിക്കുന്ന സങ്കീർത്തനം 37:29-ഉം പോലുള്ള തിരുവെഴുത്തുകളിൽ കാണുന്ന ഉറപ്പുമായി വൈരുദ്ധ്യത്തിലാണ്. അതിനുപുറമേ, ആണവ സ്ഫോടനങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന, ഇപ്പോൾതന്നെ തീവ്രമായി ചുട്ടുപഴുത്ത സൂര്യനിലും നക്ഷത്രങ്ങളിലും തീക്ക് എന്തു ഫലമാണുള്ളത്?
നേരെമറിച്ച്, “ഭൂമി” എന്ന പദത്തെ ബൈബിൾ മിക്കപ്പോഴും ഒരു ആലങ്കാരിക അർഥത്തിൽ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ഉല്പത്തി 11:1 [NW] പറയുന്നു: “ഇപ്പോൾ മുഴുഭൂമിയും ഒരു ഭാഷയായിത്തുടർന്നു.” ഇവിടെ “ഭൂമി” എന്ന പദം മനുഷ്യവർഗത്തെ അതായത് മനുഷ്യസമുദായത്തെ, പൊതുവായി അർഥമാക്കുന്നു. (1 രാജാക്കൻമാർ 2:1, 2; 1 ദിനവൃത്താന്തം 16:31 എന്നിവ കൂടി കാണുക.) 2 പത്രൊസ് 3:5, 6-ന്റെ സന്ദർഭം “ഭൂമി”യുടെ അതേ ആലങ്കാരിക ഉപയോഗത്തെ സൂചിപ്പിക്കുന്നു. ദുഷ്ട മനുഷ്യസമുദായം ജലപ്രളയത്തിൽ നശിപ്പിക്കപ്പെടുകയും നോഹയും കുടുംബവും അതുപോലെ ഭൂമി തന്നെയും സംരക്ഷിക്കപ്പെടുകയും ചെയ്ത നോഹയുടെ നാളിനെ അതു പരാമർശിക്കുന്നു. (ഉല്പത്തി 9:11) അതുപോലെ, “ഭക്തികെട്ട മനുഷ്യ”രാണ് നശിപ്പിക്കപ്പെടേണ്ടവർ എന്ന് 2 പത്രൊസ് 3:7-ൽ പറയുന്നു. ഈ വീക്ഷണം ബൈബിളിന്റെ മറ്റുഭാഗങ്ങളുമായി യോജിക്കുന്നു. മുമ്പ് ഉദ്ധരിച്ച വെളിപ്പാടു 21:1-ൽ പരാമർശിച്ചിരിക്കുന്ന “ഒന്നാമത്തെ ആകാശവും” നാശത്തിനായി അടയാളമിട്ടിരിക്കുന്ന ദുഷ്ട മനുഷ്യസമുദായമാണ്.
തീർച്ചയായും, പരിപാലന മനോഭാവമുള്ള ഒരു ഭൗമിക പിതാവു തന്റെ ഭവനത്തിന് അതിക്രമത്തിൽനിന്നുള്ള സുരക്ഷിതത്വം ഉറപ്പുവരുത്താൻ സാധ്യമായ എല്ലാ പടികളും സ്വീകരിക്കുന്നതുപോലെതന്നെ യഹോവയാം ദൈവം തന്റെ സൃഷ്ടിയെ സംബന്ധിച്ച് അങ്ങേയറ്റം തത്പരനാണ്. ഫലഭൂയിഷ്ഠമായ ജോർദാൻ താഴ്വരയിൽനിന്ന് അധാർമികരും ദുഷ്ടരുമായിരുന്ന ഒരു ജനതയെ അവൻ ഒരിക്കൽ നീക്കിക്കളഞ്ഞു. എന്നിട്ട് അവനുമായി ഒരു ഉടമ്പടിയിലായിരുന്ന, ആ പ്രദേശത്തിന്റെ പുതിയ പരിപാലകർക്ക്, തന്റെ ചട്ടങ്ങൾ പാലിക്കുന്നപക്ഷം, ‘അവർക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛർദ്ദിച്ചുകളഞ്ഞതുപോലെ അവർ അതിനെ അശുദ്ധമാക്കീട്ടു അവരെയും ഛർദ്ദിച്ചുകളയാ’ൻ ഇടവരില്ലെന്ന് അവൻ ഉറപ്പുനൽകി.—ലേവ്യപുസ്തകം 18:24-28.
“ഒരു പുതിയ ഭൂമി”
ലൈംഗികമായി ദുഷിച്ചതും അത്യന്തം മൃഗീയമായതും രാഷ്ട്രീയ അഴിമതിനിറഞ്ഞതുമായ മനുഷ്യസമുദായം ഇന്നു ഭൂമിയെ മലിനമാക്കിയിരിക്കുന്നു. ദൈവത്തിനു മാത്രമേ അതിനെ രക്ഷിക്കാൻ കഴിയൂ. അവൻ അതുതന്നെ ചെയ്യും. “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുമെന്നു വെളിപ്പാടു 11:18-ൽ അവൻ വാഗ്ദാനം ചെയ്യുന്നു. പുനഃസ്ഥിതീകരിക്കുകയും നവീകരിക്കുകയും ചെയ്ത ഭൂമിയിൽ ദൈവത്തെ ഭയപ്പെടുകയും തങ്ങളുടെ സഹമനുഷ്യരെ ആത്മാർഥമായി സ്നേഹിക്കുകയും ചെയ്യുന്ന ആളുകൾ അധിവസിക്കും. (എബ്രായർ 2:5; ലൂക്കൊസ് 10:25-28 താരതമ്യം ചെയ്യുക.) ദൈവത്തിന്റെ സ്വർഗീയ ഗവൺമെൻറിന്റെ കീഴിൽ നടക്കുന്ന മാറ്റങ്ങൾ തികച്ചും സമ്പൂർണമായിരിക്കും. ആയതിനാൽ “ഒരു പുതിയ ഭൂമി”യെക്കുറിച്ച്—ഒരു പുതിയ മനുഷ്യസമുദായത്തെക്കുറിച്ച്—ബൈബിൾ സംസാരിക്കുന്നു.
നാം സങ്കീർത്തനം 37:29 പോലുള്ള തിരുവെഴുത്തുകൾ വായിക്കുകയും മത്തായി 6:10-ലെ ക്രിസ്തുവിന്റെ പ്രസ്താവന ഗ്രഹിക്കുകയും ചെയ്യുമ്പോൾ, ബോധശൂന്യമായ പ്രകൃതി ശക്തികളോ തന്റെ സകല നശീകരണ ശക്തികൾസഹിതം മനുഷ്യനോ നമ്മുടെ ഗ്രഹത്തിന് ഒരു അന്ത്യം വരുത്തുകയില്ലെന്നു നമുക്കു ബോധ്യമാകുന്നു. അവ ദൈവത്തിന്റെ ഉദ്ദേശ്യത്തെ വിഫലമാക്കുകയില്ല. (സങ്കീർത്തനം 119:90; യെശയ്യാവു 40:15, 26) സൗന്ദര്യം വഴിഞ്ഞൊഴുകുന്ന, അനന്തമായ സന്തോഷം കളിയാടുന്ന അവസ്ഥകളിൽ വിശ്വസ്ത മനുഷ്യവർഗം ഭൂമിയിൽ ജീവിക്കും. ഭൂമിയുടെ ഭാവി സംബന്ധിച്ചുള്ള സത്യം അതാണ്. കാരണം, ഇതാണ് മനുഷ്യവർഗത്തിന്റെ സ്നേഹവാനായ സ്രഷ്ടാവിന്റെ ഇപ്പോഴും എല്ലായ്പോഴും ഉള്ള ഉദ്ദേശ്യം.—ഉല്പത്തി 2:7-9, 15; വെളിപ്പാടു 21:1-5.