കണ്ണുനീരോടെ വിതെച്ച്, ആർപ്പോടെ കൊയ്യുന്ന
“സ്പെയിനിലെ അത്യന്തം നല്ല കാലാവസ്ഥയിൽ നിങ്ങളുടെ വിശ്രമജീവിതം ആസ്വദിക്കുക!” പ്രലോഭനീയമായ ഈ വാഗ്ദാനം സ്വീകരിച്ചുകൊണ്ടു ദശലക്ഷക്കണക്കിനു യൂറോപ്യന്മാർ അവിടേക്കു താമസം മാറ്റിയിട്ടുണ്ട്. എനിക്ക് 59 വയസ്സായപ്പോൾ, ഞാനും എല്ലാം വിറ്റ് ഇംഗ്ലണ്ടിൽനിന്നു സ്പെയിനിലേക്കു മാറിത്താമസിക്കാൻ തീരുമാനിച്ചു. എന്നാൽ, ഞാൻ നല്ല കാലാവസ്ഥയെയും വിശ്രമത്തെയുംകാൾ കവിഞ്ഞ ഒന്നിനുവേണ്ടിയാണു നോക്കിപ്പാർത്തിരുന്നത്.
നല്ല കാലാവസ്ഥയിൽ വിശ്രമിക്കുക എന്നതിൽനിന്നു വ്യത്യസ്തമായി എന്റെ ലക്ഷ്യം ഒരു മുഴുസമയ ശുശ്രൂഷകനായി സേവിക്കുക എന്നതായിരുന്നതിനാൽ, ഞാൻ സാൻറിയാഗോ ദെ കമ്പോസ്റ്റലായിലേക്ക്—സ്പെയിനിൽ ഏറ്റവും കൂടുതൽ മഴയുള്ള നഗരങ്ങളിലൊന്ന്—പോകാൻ തീരുമാനിച്ചു. ഇരുപത്തിരണ്ടു വർഷങ്ങൾക്കുമുമ്പ്, സ്പെയിനിലെ എന്റെ സുവിശേഷ ശുശ്രൂഷ ഉപേക്ഷിക്കുന്നതിനു സാഹചര്യങ്ങൾ എന്നെ നിർബന്ധിതനാക്കി. അവിടെ അത്തരം ശുശ്രൂഷയുടെ ആവശ്യം കൂടുതലുണ്ടായിരുന്നതിനാലായിരുന്നു ഞാൻ പോയത്. എന്നെങ്കിലും അവിടേക്കു മടങ്ങണമെന്നത് എല്ലായ്പോഴും എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ഒടുവിൽ ഞാനതിൽ വിജയിച്ചിരിക്കുന്നു.
പക്ഷേ പൊരുത്തപ്പെടുത്തലുകൾ വരുത്തുക എന്നതു ഞാൻ വിചാരിച്ച അത്ര എളുപ്പമല്ലായിരുന്നു. ആദ്യത്തെ മാസം തികച്ചും ഒരു പേടിസ്വപ്നമായിരുന്നു! ജീവിതത്തിലൊരിക്കലും എനിക്കിത്ര തളർച്ച അനുഭവപ്പെട്ടതായി ഞാൻ ഓർക്കുന്നില്ല. ഞാൻ ലിഫ്റ്റില്ലാത്ത ഒരു അപ്പാർട്ടുമെൻറിലെ അഞ്ചാം നിലയിലായിരുന്നു താമസിച്ചിരുന്നത്. എന്നും സാൻറിയാഗോയുടെ മലമ്പ്രദേശ തെരുവുകളിലൂടെയും എണ്ണമറ്റ പടിക്കെട്ടുകളിലൂടെയും ആയാസപ്പെട്ടു കയറിയിറങ്ങി സാധ്യമാകുന്നത്രയും ആളുകളോടു സുവാർത്ത പ്രസംഗിക്കാൻ ഞാൻ ശ്രമിച്ചു. തളർത്തിക്കളഞ്ഞ ആ ആദ്യത്തെ മാസത്തിനു ശേഷം, സംശയങ്ങൾ എനിക്കു സ്വൈര്യം തന്നില്ല. ശരിയായ തീരുമാനമാണോ ഞാൻ എടുത്തത്? എനിക്ക് ഇത്തരം പ്രവർത്തനത്തിനുള്ള പ്രായം കടന്നുപോയോ?
എന്നിരുന്നാലും, രണ്ടാമത്തെ മാസം എന്റെ ബലം തിരിച്ചുവരുന്നതായി ഞാൻ കണ്ടെത്തി. ഒരു ദീർഘദൂര ഓട്ടക്കാരന്റെ വീണ്ടെടുത്ത ഊർജം പോലെയായിരുന്നു അത്. വാസ്തവത്തിൽ, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷഭരിതമായ ഒരു ഘട്ടത്തിൽ ഞാൻ പ്രവേശിച്ചു. അനേകവർഷം കണ്ണുനീരോടെ വിതച്ചതിനു ശേഷം, ഞാൻ കൊയ്ത്തിന്റെ സന്തോഷം അനുഭവിക്കാൻ തുടങ്ങി. (സങ്കീർത്തനം 126:5) ഞാനതു വിശദീകരിക്കാം.
സന്തോഷത്തിന്റെ ഒരു കാലം
1961-ൽ ഞാനും ഭാര്യ പാറ്റും സ്പെയിനിലേക്കു താമസംമാറ്റി. അക്കാലത്ത്, യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷാ പ്രവർത്തനങ്ങൾക്ക് അവിടെ ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നില്ല. എന്നിട്ടും, ഞങ്ങൾക്കു സെവിൽ എന്ന ചൂടുള്ള പട്ടണത്തിലേക്കു പ്രസംഗവേലയ്ക്കുള്ള നിയമനം ലഭിച്ചു. അവിടെ സുവിശേഷവേലയിൽ 25 പേർ മാത്രമേ പങ്കുപറ്റിയിരുന്നുള്ളൂ.
ഞങ്ങളുടെ ശുശ്രൂഷയ്ക്കിടയിൽ ഒരുനാൾ, ഒരു വീടിനു പെയിൻറടിച്ചുകൊണ്ടിരുന്ന ഒരു ഫ്രഞ്ചുകാരനോടു ഞാൻ സംസാരിച്ചു. അതിനടുത്ത ദിവസം ഒരു സ്ത്രീ ഭാര്യയെയും എന്നെയും സമീപിച്ച് ഞങ്ങൾ തലേ ദിവസം ഒരു പെയിൻററോടു സംസാരിച്ചിരുന്നുവോ എന്നു ചോദിച്ചു. അദ്ദേഹം തന്റെ ഭർത്താവായ ഫ്രാൻതിസ്കോ ആണെന്ന് അവൾ പറഞ്ഞു. അദ്ദേഹം അവൾക്കു ഞങ്ങളെക്കുറിച്ച് വളരെ നല്ല ഒരു വിവരണം കൊടുത്തിരുന്നതിനാൽ അവൾക്കു ഞങ്ങളെ വളരെ വേഗം തിരിച്ചറിയാൻ കഴിഞ്ഞു. “നിങ്ങൾ അദ്ദേഹത്തെ സന്ദർശിക്കാനാഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹം ഇപ്പോൾ വീട്ടിലുണ്ട്” എന്ന് അവൾ ഞങ്ങളെ അറിയിച്ചു.
ആ ക്ഷണം സ്വീകരിക്കാൻ ഞങ്ങൾ ഒട്ടും അമാന്തിച്ചില്ല, ഏറെത്താമസിയാതെ മുഴു കുടുംബവും ഞങ്ങളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. കുറച്ചു കാലം കഴിഞ്ഞ്, ഫ്രാൻതിസ്കോ സാമ്പത്തിക കാരണങ്ങളാൽ ഫ്രാൻസിലേക്കു മടങ്ങി. ഞങ്ങൾക്ക് ഉത്കണ്ഠതോന്നി. അദ്ദേഹത്തിന് സാക്ഷികളുമായുള്ള ബന്ധം നഷ്ടപ്പെടുമോ? എന്നിരുന്നാലും, അദ്ദേഹത്തിന്റെ വേർപാടിനു ശേഷം അധികം താമസിയാതെ, ഞങ്ങൾക്ക് ആശ്വാസം പകർന്ന ഒരു കത്ത് അദ്ദേഹത്തിൽനിന്നു ലഭിച്ചു. അദ്ദേഹത്തിന്റെ പുതിയ തൊഴിലുടമ സ്പെയിനിൽ എത്ര മതങ്ങൾ ഉണ്ട് എന്ന് ചോദിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
“രണ്ടെണ്ണമുണ്ട്. കത്തോലിക്കാമതവും പ്രൊട്ടസ്റ്റൻറുമതവും,” ഫ്രാൻതിസ്കോ കരുതലോടെ മറുപടി പറഞ്ഞു. നമ്മുടെ വേലയ്ക്ക് അപ്പോഴും നിയമാംഗീകാരം ഇല്ലാതിരുന്നതിനാൽ കൂടുതലെന്തെങ്കിലും പറയുന്നതു വിഡ്ഢിത്തമാകും എന്ന് അദ്ദേഹം കരുതി.
“നിങ്ങൾക്ക് ഉറപ്പുണ്ടോ?” അദ്ദേഹത്തിന്റെ തൊഴിലുടമ ചോദിച്ചു.
“വാസ്തവത്തിൽ മൂന്നെണ്ണമുണ്ട്,” ഫ്രാൻതിസ്കോ മറുപടി പറഞ്ഞു, “ഞാനതിൽ മൂന്നാമത്തേതിലുൾപ്പെടുന്നു—അതു യഹോവയുടെ സാക്ഷികളാണ്.”
“അതേതായാലും നന്നായി,” അദ്ദേഹത്തിന്റെ തൊഴിലുടമ പ്രതികരിച്ചു. “ഞാൻ നിങ്ങളുടെ സഭയിലെ ഒരു ദാസനാണ്!” അന്നു വൈകുന്നേരം ഫ്രാൻതിസ്കോ യഹോവയുടെ സാക്ഷികളുടെ സഭായോഗത്തിനു ഹാജരായി.
1963-ൽ ഞങ്ങൾക്ക് സെവിലിൽനിന്ന് വാലൻഷ്യയിലേക്കും, ഏതാനും നാളുകൾക്കുശേഷം ബാർസിലോണയിലേക്കും സ്ഥലംമാറ്റം കിട്ടി. അവിടെവെച്ച് എനിക്ക് ഒരു സഞ്ചാരശുശ്രൂഷകനായി സേവിക്കുന്നതിനു പരിശീലനം ലഭിച്ചു. അതിനുശേഷം, വാലൻഷ്യയിൽ സഞ്ചാരശുശ്രൂഷ നടത്തുന്നതിനായി ഞങ്ങളെ അവിടേക്കു മടക്കി അയച്ചു. ഈ ആനന്ദകരമായ വേലയിൽ ഏതാനും വർഷം സേവിച്ചശേഷം പാറ്റിനു ശരീരസമനില നഷ്ടപ്പെട്ടു തുടങ്ങി. പെട്ടെന്നുതന്നെ, അവൾക്കു നടക്കുന്നതു ബുദ്ധിമുട്ടായിത്തീർന്നു. അങ്ങനെ ഞങ്ങൾ ‘കണ്ണുനീരോടെ വിതെച്ച’ ഒരു കാലം ആരംഭിച്ചു.—സങ്കീർത്തനം 126:5.
കണ്ണുനീരിന്റെ കാലം
മനസ്സില്ലാമനസ്സോടെ, ഞങ്ങൾ ഇംഗ്ലണ്ടിലെ വൈദ്യചികിത്സയ്ക്കായി സ്പെയിൻ വിട്ടു. പാറ്റിയുടെ രോഗലക്ഷണങ്ങളുടെ കാരണം എന്തായിരുന്നു? മൾട്ടിപ്പിൾ സ്ക്ലീറോസിസ്. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന, ക്രമേണ ഒരു വ്യക്തിയെ തളർത്തിക്കളയുന്ന ഒരു രോഗം. കാലക്രമത്തിൽ, മരുന്നുകളുടെ പാർശ്വഫലങ്ങളും ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും നിമിത്തം മരണം പോലും സംഭവിച്ചേക്കാം.
ഈ രോഗവുമായി പൊരുതുന്നതും ആ യാഥാർഥ്യം അംഗീകരിക്കുന്നതും വളരെ പ്രയാസകരമായ ഒന്നായിരുന്നു. എന്നാൽ അപ്പോഴെല്ലാം ഞങ്ങൾ സങ്കീർത്തനക്കാരന്റെ വാക്കുകളുടെ സത്യം മനസ്സിലാക്കി: “യഹോവ അവനെ [എളിയവനോടു പരിഗണനയോടുകൂടെ പെരുമാറുന്ന ഏതൊരുവനെയും] രോഗശയ്യയിൽ താങ്ങും.”—സങ്കീർത്തനം 41:3.
ഏകദേശം പത്തു വർഷത്തോളം, ഞങ്ങൾ ഓരോ വീടുകളിൽ മാറിമാറി താമസിച്ചു. ഉച്ചത്തിലുള്ള ബഹളങ്ങൾ കേട്ടാൽ പാറ്റ് വളരെ അസ്വസ്ഥയാകുമായിരുന്നു. അതുകൊണ്ട്, ഞങ്ങൾ അവൾക്കു ജീവിക്കാൻ പറ്റിയ ഒരു വീടു കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു—അതസാധ്യമാണെന്ന് ഒടുവിൽ ഞങ്ങൾ തിരിച്ചറിഞ്ഞു. പാറ്റിന് ഒരു വീൽച്ചെയർ ഉപയോഗിക്കാൻ പരിശീലിക്കേണ്ടിവന്നു. അവൾക്കു പാചകം ചെയ്യാനും മറ്റനേകം ജോലികൾ നിർവഹിക്കാനും സാധിച്ചിരുന്നുവെങ്കിലും, തന്റെ ചലനശേഷി നഷ്ടപ്പെട്ടതിൽ അവൾ വളരെ വിഷാദമഗ്നയായിരുന്നു. വളരെ ഊർജസ്വലയായ ഒരു വ്യക്തിയായിരുന്നതിനാൽ, ഈ ശാരീരിക വൈകല്യംമൂലം നിരന്തരമായ മനഃക്ലേശം ഉണ്ടാകുന്നതായി അവൾ കണ്ടെത്തി.
കണ്ണുനീരിനൊപ്പം ബലം
പാറ്റിനെ, എഴുന്നേറ്റിരിക്കാനും വസ്ത്രം മാറാനും കുളിക്കാനും കിടക്കാനും എഴുന്നേൽക്കാനും എല്ലാം സഹായിക്കുന്നതെങ്ങനെയെന്നു ഞാൻ പഠിച്ചു. ക്രമമായി ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുക എന്നത് ഒരു യഥാർഥ വെല്ലുവിളിയായിരുന്നു. പോകാൻ ഒരുങ്ങുന്നതിനു ഞങ്ങൾക്ക് ഒരു നല്ല ശ്രമംതന്നെ ആവശ്യമായിരുന്നു. എന്നാൽ, ഞങ്ങളെ ആത്മീയമായി ശക്തരാക്കി നിലനിർത്തുന്നതിനുള്ള ഒരേയൊരു മാർഗം ക്രിസ്തീയ സഹോദരന്മാരുമായുള്ള സഹവാസമാണെന്നു ഞങ്ങൾക്കറിയാമായിരുന്നു.
11 വർഷം പകൽസമയത്ത് ഒരു പ്ലാൻവരകാരനായി ജോലിചെയ്തുകൊണ്ട്, ഞാൻ പാറ്റിനെ വീട്ടിൽവെച്ചു പരിരക്ഷിച്ചു. അവസാനം, അവളുടെ ആരോഗ്യം കുറഞ്ഞതു നിമിത്തം, എനിക്കു പ്രദാനം ചെയ്യാനാകാത്ത സവിശേഷമായ പരിചരണം അവൾക്കാവശ്യമായി വന്നു. അതുകൊണ്ട്, അവൾ വാരം മുഴുവൻ ഒരു ആശുപത്രിയിൽ ചെലവഴിച്ചു, വാരാന്തത്തിൽ വീട്ടിൽവെച്ചു ഞാനവൾക്കു പരിചരണം നൽകി.
ഓരോ ഞായറാഴ്ചയും ഉച്ചഭക്ഷണത്തിനുശേഷം, ഞാൻ പാറ്റിനെ, പരസ്യയോഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനും കൊണ്ടുപോയി. ആ സമയമായപ്പോഴേക്കും അവൾക്ക് ആകെപ്പാടെ സംബന്ധിക്കാൻ സാധിച്ചിരുന്ന യോഗങ്ങൾ അവ മാത്രമായിരുന്നു. അതിനുശേഷം, ഞാൻ അവളെ തിരിച്ച് ആശുപത്രിയിൽ കൊണ്ടുപോയാക്കുമായിരുന്നു. ആ പതിവ് എന്നെ വളരെയേറെ തളർത്തിക്കളയുന്നതായിരുന്നുവെങ്കിലും, അതു തികച്ചും മൂല്യവത്തായിരുന്നു. കാരണം അതു പാറ്റിനെ ആത്മീയമായി ബലിഷ്ഠയാക്കി നിർത്തി. ചിലപ്പോൾ എനിക്കെത്രത്തോളം സഹിച്ചുനിൽക്കാൻ കഴിയും എന്നു ഞാൻ അത്ഭുതപ്പെട്ടു, പക്ഷേ യഹോവ തുടരാനുള്ള ശക്തി എനിക്കു നൽകി. ശനിയാഴ്ച രാവിലെ ഞാൻ പ്രസംഗവേലയ്ക്കായി ഒരു കൂട്ടത്തെ നയിക്കും. അതിനുശേഷം പാറ്റിനെ ആശുപത്രിയിൽനിന്നു കൂട്ടിക്കൊണ്ടുപോകും. കടുത്ത വൈകാരിക സമ്മർദത്തിന്റെ ഈ സമയത്ത്, എന്റെ ക്രിസ്തീയ ദിനചര്യ പിടിച്ചുനിൽക്കാൻ എന്നെ സഹായിക്കുന്നു എന്നു ഞാൻ കണ്ടെത്തി.
അതേസമയം, പാറ്റ് സുവിശേഷഘോഷണത്തിൽ തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ആശുപത്രിയിൽവെച്ച് അവൾക്കു തന്നെ ശുശ്രൂഷിച്ച രണ്ടു നേഴ്സുമാരുമായി ബൈബിളധ്യയനം ആരംഭിക്കുന്നതിനു സാധിച്ചു. ഹേസൽ എന്നു പേരുള്ള ഒരുവൾ, യഹോവയ്ക്കു സമർപ്പിക്കുന്ന പടിയോളം പുരോഗമിച്ചു. ദുഃഖകരമെന്നു പറയട്ടെ, പാറ്റിന് ഹേസലിന്റെ സ്നാപനച്ചടങ്ങിൽ പങ്കുപറ്റാൻ സാധിച്ചില്ല. കാരണം അവൾ അതിനു കുറച്ചു മുമ്പ്, അതായത് 1987 ജൂലൈ 8-നു മരിച്ചു.
പാറ്റിന്റെ മരണം, ഒരേ സമയം ആശ്വാസത്തിന്റെയും ദുഃഖത്തിന്റെയും സമയമായിരുന്നു. അവളുടെ ദുരിതത്തിനൊരവസാനം വന്നു കാണുന്നത് ആശ്വാസപ്രദമായിരുന്നു, പക്ഷേ എന്റെ സഖിയെ നഷ്ടപ്പെട്ടത് എന്നിൽ താങ്ങാനാകാത്ത ദുഃഖം ഉളവാക്കി. അവളുടെ മരണം ഒരു വലിയ വിടവ് അവശേഷിപ്പിച്ചു.
പുതു സന്തോഷം
വിചിത്രമായി തോന്നിയേക്കാം, പക്ഷേ പാറ്റും ഞാനും അടുത്തതായി ഞാൻ ചെയ്യേണ്ടതെന്താണെന്നു തീരുമാനിച്ചുകഴിഞ്ഞിരുന്നു. അവളുടെ ജീവിതം അവസാനത്തോടടുത്തു എന്നു ഞങ്ങളിരുവർക്കും അറിയാമായിരുന്നതിനാൽ, അവളുടെ മരണത്തിനുശേഷം എനിക്ക് എങ്ങനെ യഹോവയെ ഏറ്റവും മെച്ചമായി സേവിക്കാമെന്നതിനെപ്പറ്റി ഞങ്ങൾ സംസാരിച്ചിരുന്നു. ഞാൻ സ്പെയിനിലേക്കു മടങ്ങണമെന്നും, ഞങ്ങൾക്ക് ഉപേക്ഷിക്കേണ്ടിവന്ന ആ നിയമനം വീണ്ടും ഏറ്റെടുക്കണമെന്നുമായിരുന്നു ഞങ്ങളുടെ കൂട്ടായ തീരുമാനം.
പാറ്റ് മരിച്ച് മൂന്നു മാസത്തിനുശേഷം, ഞാൻ എവിടെ സേവിക്കുന്നതാണ് ഏറ്റവും നന്ന് എന്നറിയുന്നതിനായി യഹോവയുടെ സാക്ഷികളുടെ സ്പെയിനിലുള്ള ബ്രാഞ്ച് ഓഫീസിൽ ഞാൻ ചെന്നു. ധാരാളം മഴയുള്ള പട്ടണമായ സാൻറിയാഗോ ദെ കമ്പോസ്റ്റലായിലേക്ക് ഒരു പ്രത്യേക പയനിയർ ശുശ്രൂഷകനായി എനിക്കു നിയമനം ലഭിച്ചു.
അധികം താമസിയാതെ, എനിക്കു ബ്രാഞ്ച് ഓഫീസിൽനിന്നും മാക്സിമിനോ എന്നു പേരുള്ള ഒരു താത്പര്യക്കാരന്റെ മേൽവിലാസത്തോടുകൂടിയ ഒരു കുറിപ്പു ലഭിച്ചു. മൂന്നാഴ്ചത്തെ ശ്രമത്തിനുശേഷം ഒടുവിൽ ഞാൻ അദ്ദേഹത്തെ വീട്ടിൽ കണ്ടെത്തി. ഒരു പ്രാദേശിക ആശുപത്രിയിലെ ചുമട്ടുതൊഴിലാളിയായിരുന്ന മാക്സിമിനോയ്ക്ക് സമാധാനപൂർണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ ലഭിച്ചിരുന്നു. അതിനുശേഷം അദ്ദേഹം നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം ആവശ്യപ്പെടുകയും ചെയ്തിരുന്നു.a ഞാൻ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ, അദ്ദേഹം ആ പുസ്തകം അതിനോടകംതന്നെ മൂന്നുതവണ വായിച്ചു കഴിഞ്ഞിരുന്നു. ബൈബിൾ ഏറെയൊന്നും വായിക്കാഞ്ഞതിൽ—‘പഴയ ഭാഗം’ ഒരിക്കൽ മാത്രവും ‘പുതിയ ഭാഗം’ രണ്ടുതവണയും മാത്രം വായിച്ചിരുന്നു—അദ്ദേഹം ക്ഷമാപണം നടത്തി. ഇതെല്ലാം അദ്ദേഹം ചെയ്തത് ആരെങ്കിലും തന്നെ സന്ദർശിക്കാൻ വേണ്ടി കാത്തിരുന്ന സമയംകൊണ്ടാണ്.
നമ്മുടെ യോഗങ്ങളിലൊന്നിൽ പങ്കുപറ്റുക എന്ന ഉദ്ദേശ്യത്തോടെ താൻ രാജ്യഹാളിൽ പോകുകയും ചെയ്തു എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. എന്നിരുന്നാലും, വളരെ ലജ്ജാലുവായിരുന്നതിനാൽ യോഗസ്ഥലത്തേക്ക് അദ്ദേഹം പ്രവേശിച്ചില്ല. ഞാൻ അദ്ദേഹത്തോടൊപ്പം ഒരു ബൈബിളധ്യയനം ആരംഭിച്ചു, അതേ ആഴ്ചതന്നെ അദ്ദേഹം യോഗങ്ങൾക്കു ഹാജരാകുകയും ചെയ്തു. അദ്ദേഹം അത്യുത്സാഹത്തോടെ സത്യം ഉൾക്കൊണ്ടു, പക്ഷേ പുകയില ആസക്തിയോടു പൊരുതുക എന്നത് അദ്ദേഹത്തിന് ശരിക്കും ഒരു പ്രശ്നമായിരുന്നു. യഹോവയുടെ സഹായത്തോടെ, ഒടുവിൽ അദ്ദേഹം പുകവലി ശീലം ഉപേക്ഷിച്ചു. ഇപ്പോൾ അദ്ദേഹം സ്നാപനമേറ്റ ഒരു യഹോവയുടെ സാക്ഷിയാണ്.
ഏറെ സന്തോഷം, ഏറെ കണ്ണുനീർ
സ്പെയിനിലേക്കു മടങ്ങി ഒരു വർഷം കഴിഞ്ഞ്, ഒരു സഞ്ചാര ശുശ്രൂഷകനായി സേവിക്കാൻ എന്നെ ക്ഷണിച്ചു. എന്നാൽ, ആ നിയമനം സ്വീകരിക്കുന്നതിനു തൊട്ടുമുമ്പ്, എന്റെ ജീവിതം ഒരു അവിചാരിതമായ വഴിത്തിരിവിലെത്തിച്ചേർന്നു. സാൻറിയാഗോയ്ക്കടുത്തു സേവിച്ചുകൊണ്ടിരുന്ന പാക്ക്വീറ്റാ എന്നു പേരുള്ള ഒരു പയനിയറെ ഞാൻ കണ്ടുമുട്ടി. അവൾ അനേക വർഷങ്ങളായി മുഴുസമയ ശുശ്രൂഷയിലായിരുന്ന ഒരു വിധവയായിരുന്നു. വളരെ പെട്ടെന്നുതന്നെ ഞങ്ങൾക്കു സമാനമായി പല സംഗതികളുമുണ്ടെന്നു ഞങ്ങൾ കണ്ടെത്തി. 1990-ൽ, ഞാൻ സഞ്ചാരവേല ആരംഭിച്ച് വെറും ആറു മാസം കഴിഞ്ഞ്, ഞങ്ങൾ വിവാഹിതരായി—വീണ്ടും സന്തോഷം.
എന്നെപ്പോലെ, പാക്ക്വീറ്റായും ‘കണ്ണുനീരോടെ വിതയ്ക്കുകയായിരുന്നു.’ അവളുടെ ആദ്യത്തെ പയനിയർ നിയമനം ഒരു ദുരന്തത്തോടെയാണ് ആരംഭിച്ചത്. ഓറെൻസിലെ തങ്ങളുടെ പുതിയ ഭവനത്തിലേക്കു വീട്ടുസാമാനങ്ങൾ കൊണ്ടുപോകവേ അവളുടെ ഭർത്താവ് ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ടു—അദ്ദേഹം പോയിക്കൊണ്ടിരുന്ന വഴിയിലേക്ക് ഒരു ട്രക്ക് ലൈൻ മുറിച്ചു പാഞ്ഞുവന്ന് ഇടിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ മരണവാർത്ത അറിയുമ്പോൾ പാക്ക്വീറ്റായും അവളുടെ പത്തുവയസ്സുകാരി മകളും ഓറെൻസിലെത്തിക്കഴിഞ്ഞിരുന്നു. അതിദാരുണമായ ഈ നഷ്ടമുണ്ടായിട്ടുപോലും ശവസംസ്കാരച്ചടങ്ങു കഴിഞ്ഞു രണ്ടു ദിവസത്തിനു ശേഷം, പാക്ക്വീറ്റാ ആസൂത്രണം ചെയ്തതുപോലെതന്നെ തന്റെ പുതിയ നിയമനം ആരംഭിച്ചു.
വർഷങ്ങൾ കടന്നു പോകവേ, പാക്ക്വീറ്റാ മുഴുസമയ ശുശ്രൂഷയിൽ തുടർന്നു. അങ്ങനെയിരിക്കെ, ദുരന്തത്തിന്റെ പ്രഹരം വീണ്ടും. മറ്റൊരു കാറപകടം അപ്പോൾ 23 വയസ്സുണ്ടായിരുന്ന അവളുടെ മകളുടെ ജീവനപഹരിച്ചു. വ്യഥ വലിയതായിരുന്നു, ദുഃഖം ഏറെക്കാലം നീണ്ടുനിന്നു. മുമ്പത്തേപ്പോലെതന്നെ, ക്രിസ്തീയ ദിനചര്യയും സഹക്രിസ്ത്യാനികളിൽനിന്നു ലഭിച്ച പിന്തുണയും അവൾ പൂർവസ്ഥിതി പ്രാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഞാൻ പാക്ക്വീറ്റായുമായി പരിചയത്തിലായത് 1989-ലായിരുന്നു. അവളുടെ മകൾ മരിച്ചു രണ്ടു വർഷത്തിനുശേഷം.
1990-ലെ ഞങ്ങളുടെ വിവാഹത്തിനു ശേഷം, ഞങ്ങൾ സ്പെയിനിൽ സഞ്ചാരവേലയിൽ സേവിക്കുന്നു. കടന്നുപോയ ഏതാനും വർഷങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സംതൃപ്തിദായകമായ ഘട്ടമായിരുന്നുവെങ്കിലും, പ്രയാസങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു ഞങ്ങളുടേത്. എങ്കിലും അതിൽ ഞങ്ങൾക്കു ദുഃഖമില്ല. അവ ഞങ്ങളെ ഒരു ക്രിയാത്മകമായ വിധത്തിൽ കരുപ്പിടിപ്പിച്ചു എന്നു ഞങ്ങൾക്കുറപ്പുണ്ട്.—യാക്കോബ് 1:2-4.
ഞാൻ പഠിച്ച പാഠങ്ങൾ
ഏറ്റവും കഠിന പരീക്ഷകൾക്കുപോലും ക്രിയാത്മക വശങ്ങളുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു, കാരണം അവ നമ്മെ കുറെ പാഠങ്ങൾ പഠിപ്പിക്കുന്നു. സർവോപരി, പരിശോധനകൾ ഒരു ക്രിസ്തീയ മേൽവിചാരകന് അത്യന്താപേക്ഷിതമായ ഒരു ഗുണമായ സമാനുഭാവത്തിന്റെ പ്രാധാന്യം എന്നെ പഠിപ്പിച്ചു. ഉദാഹരണത്തിന്, കുറച്ചുകാലം മുമ്പ്, ഞാൻ വികലാംഗനായ മകനുള്ള ഒരു ക്രിസ്തീയ സഹോദരനുമായി സംസാരിച്ചു. ഓരോ ആഴ്ചയും തന്റെ മകനെ എല്ലാ യോഗങ്ങൾക്കും കൊണ്ടുവരുന്നതിന് അദ്ദേഹം നടത്തുന്ന വലിയ ശ്രമത്തെക്കുറിച്ച് എനിക്കു പൂർണമായും മനസ്സിലാക്കുന്നതിനു സാധിച്ചു. സംഭാഷണത്തിനു ശേഷം, അദ്ദേഹം എന്നോടു നന്ദി പ്രകടിപ്പിച്ചു. താനും തന്റെ ഭാര്യയും അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ യഥാർഥത്തിൽ ഒരുവൻ മനസ്സിലാക്കുന്നത് ഇതാദ്യമാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.
ഞാൻ പഠിച്ച മറ്റൊരു സുപ്രധാന പാഠം യഹോവയിൽ ആശ്രയിക്കുക എന്നതാണ്. എല്ലാം സുകരമായി പോകുമ്പോൾ നാം നമ്മുടെ സ്വന്തം ശക്തിയിലും കഴിവിലും ആശ്രയിക്കുന്നതിനു ചായ്വു കാണിച്ചേക്കാം. എന്നാൽ കഠിനമായ ഒരു പരീക്ഷ നമ്മെ വർഷങ്ങളായി പിന്തുടരുമ്പോൾ, സ്വന്തം ശക്തിയാൽ അതിനോടു പൊരുതുക അസാധ്യമാകുന്നു, നാം യഹോവയിൽ ആശ്രയിക്കാൻ പഠിക്കുകയും ചെയ്യും. (സങ്കീർത്തനം 55:22) ദൈവത്തിന്റെ സഹായകമായ കൈ എന്നെ മുന്നോട്ടു പോകാൻ സഹായിച്ചു.
തീർച്ചയായും, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എല്ലായ്പോഴും വളരെയെളുപ്പമായിരുന്നു എന്ന് ഇതിനർഥമില്ല. എന്റെ ആദ്യഭാര്യയുടെ അസുഖത്തിന്റെ സമയത്ത്, ചിലപ്പോഴൊക്കെ ഞാൻ കോപിഷ്ഠനാകുകയും എന്റെ അവസ്ഥയിൽ വളരെയേറെ ഇച്ഛാഭംഗമനുഭവിക്കുകയും ചെയ്തിട്ടുണ്ട്, പ്രത്യേകിച്ചും ഞാൻ ക്ഷീണിതനായിരുന്നപ്പോൾ. പിന്നീട്, എന്റെ വികാരങ്ങൾ സംബന്ധിച്ച് എനിക്കു കുറ്റബോധം തോന്നുമായിരുന്നു. ദീർഘകാലമായി രോഗങ്ങളുള്ളവരെ ചികിത്സിച്ചു പരിചയമുള്ള, സഹാനുഭൂതിയുള്ള ഒരു മൂപ്പനോട് ഞാൻ ഇതേപ്പറ്റി സംസാരിച്ചു. എന്റെ സാഹചര്യങ്ങൾക്കനുസരിച്ചു ഞാൻ ആ അവസ്ഥ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അപൂർണ മനുഷ്യർ ദീർഘകാലം നിലനിൽക്കുന്ന വൈകാരിക സമ്മർദം അഭിമുഖീകരിക്കുമ്പോൾ ഈ വിധത്തിൽ തെറ്റു സംഭവിക്കുന്നതു സ്വാഭാവികം മാത്രമാണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു.
പാക്ക്വീറ്റായും ഞാനും ഇപ്പോൾ ഞങ്ങളുടെ മുഴുസമയ ശുശ്രൂഷ അങ്ങേയറ്റം ആസ്വദിക്കുന്നു. ഞങ്ങൾ ഞങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങൾ എന്നെങ്കിലും നിസ്സാരമായെടുക്കുമെന്ന് എനിക്കു തോന്നുന്നില്ല. യഹോവ ഞങ്ങളെ അനേക വിധങ്ങളിൽ അനുഗ്രഹിക്കുകയും ഞങ്ങൾക്കു സംതൃപ്തിദായകമായ, ഒത്തൊരുമിച്ചു ചെയ്യാവുന്ന ഒരു വേല നൽകുകയും ചെയ്തിരിക്കുന്നു. കടന്നുപോയ വർഷങ്ങളിൽ ഞങ്ങളിരുവരും കണ്ണുനീരോടെ വിതച്ചിരിക്കുന്നു, എന്നാലിപ്പോൾ, യഹോവയുടെ അനുഗ്രഹത്താൽ ഞങ്ങൾ ആർപ്പോടെ കൊയ്യുകയാണ്.—റേമണ്ട് കർക്കപ്പ് പറഞ്ഞപ്രകാരം.
[അടിക്കുറിപ്പ്]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
[21-ാം പേജിലെ ചിത്രം]
പാക്ക്വീറ്റായും ഞാനും ഒത്തൊരുമിച്ചു ശുശ്രൂഷ ആസ്വദിക്കുന്നു