സ്വന്തമായി വിത്തുകൾ മുളപ്പിക്കുക
ഹവായിയിലെ ഉണരുക! ലേഖകൻ
പുതിയതും വാടാത്തതും പോഷകഗുണമുള്ളതുമായ പച്ചക്കറികൾക്കായി ചിലപ്പോഴൊക്കെ നിങ്ങൾ പ്രാദേശിക ചന്തയിൽ വ്യർഥമായി പരതാറുണ്ടോ? മേലാൽ പരതേണ്ടതില്ല! ഏറ്റവും കുറഞ്ഞ സമയവും ശ്രമവുംകൊണ്ട് സ്വന്തം വീട്ടിലോ അപ്പാർട്ടുമെൻറിലോ തന്നെ നിങ്ങൾക്കു പച്ചക്കറികൾ വളർത്താവുന്നതാണ്. എങ്ങനെ? വിത്തുകൾ മുളപ്പിക്കുന്നതിനാൽ!
ഒരു കുട്ടിക്കു പോലും സാധിക്കുന്നത്ര അനായാസം ചെയ്യാവുന്നതാണു മുളപ്പിക്കൽ. അതിന് അൽപ്പം സ്ഥലമേ ആവശ്യമുള്ളൂ, കിളയ്ക്കലോ, കളപറിക്കലോ, സങ്കീർണമായ രാസവസ്തുക്കളെ പ്രതിയുള്ള ആകുലതകളോ ഇല്ല. എല്ലാറ്റിലും മെച്ചമായി, വളരാൻ തുടങ്ങി നാലോ അഞ്ചോ ദിവസത്തിനു ശേഷം നിങ്ങളുടെ ഉത്പന്നം നിങ്ങൾക്ക് ആഹരിക്കാവുന്നതാണ്! എന്നാൽ പ്രയോജനങ്ങൾ കേവലം സൗകര്യങ്ങളെക്കാൾ കവിഞ്ഞതാണ്.
മുളപ്പിച്ച വിത്തുകൾ പോഷകഗുണം—ഒരുപക്ഷേ സാധാരണ പയറുകളെയോ വിത്തുകളെയോകാൾ കൂടുതൽ—ഉള്ളവയാണെന്നതാണ് ഒരു സംഗതി. ഗേ കോർട്ടിയറിനാലുള്ള ദ ബീൻസ്പ്രൗട്ട് എന്ന പുസ്തകം പറയുന്നു: “വിത്തുകൾ മുളയ്ക്കാൻ തുടങ്ങുന്നതോടെ അവയിലെ ജീവകത്തിന്റെ അളവും വർധിക്കാൻ തുടങ്ങുന്നു. പെൻസിൽവേനിയാ സർവകലാശാലയിൽ നടത്തിയ ഒരു പഠനത്തിൽ സോയാബീൻസിന്റെ ആദ്യ മുളകളിൽ (100 ഗ്രാം [ഏകദേശം 4 ഔൺസ്] വിത്തിൽ) വെറും 108 മില്ലിഗ്രാം ജീവകം സി അടങ്ങിയിരുന്നു. എന്നാൽ 72 മണിക്കൂറിനു ശേഷം ജീവകം സി-യുടെ അളവ് 706 മില്ലിഗ്രാമായി കുതിച്ചുയർന്നു!”
മുളപ്പിച്ച വിത്തുകൾ ലാഭകരവുമാണ്. ആവശ്യമുള്ള എല്ലാ ഉപകരണങ്ങളും സാധ്യതയനുസരിച്ച് നിങ്ങളുടെ പക്കൽത്തന്നെയുണ്ട്.
തയ്യാറാക്കൽ
ആദ്യമായി നിങ്ങൾക്കൊരു പാത്രം ആവശ്യമാണ്. ഗ്ലാസുകൊണ്ടോ പ്ലാസ്റ്റിക്കുകൊണ്ടോ ഉള്ള വലിയ ഒരു ജാർ, ലോഹനിർമിതമല്ലാത്ത ഒരു കുടം, ഗ്ലാസുകൊണ്ടോ കളിമണ്ണുകൊണ്ടോ ഉള്ള ഒരു ചട്ടി, ആഴമുള്ള ഒരു പാത്രം എന്നിവയിൽ ഏതെങ്കിലും ഒന്നു മതിയാകും. ഉണങ്ങിപ്പോകുന്നതു തടയാനായി രണ്ടു മടക്കുകളുള്ള നനഞ്ഞു നേർത്ത തുണിയുടെയോ കടലാസ് ടവലിന്റെയോ ഇടയ്ക്ക് ഒരു അടുക്കു വിത്തുകൾ നിരത്തിക്കൊണ്ട് ഒരു പരന്ന പാത്രം പോലും ഉപയോഗിക്കാൻ സാധിക്കും. ഏതു പാത്രം തിരഞ്ഞെടുത്താലും, വിത്തുകൾക്കു മുളയ്ക്കുന്നതിനും തുടർന്നും അവയ്ക്കു ചുറ്റും വായു സഞ്ചരിക്കുന്നതിനും ആവശ്യമായ ഇടമനുവദിക്കുന്നത്ര വലുപ്പമുള്ളതാണു പാത്രമെന്ന് ഉറപ്പുവരുത്തുക. ഞാൻ മനസ്സിലാക്കിയതനുസരിച്ച്, അൽഫാൽഫാ പോലുള്ള ചെറിയ വിത്തുകൾക്കു പറ്റിയത് ഗ്ലാസ് ജാറാണ്. താരതമ്യേന വലുപ്പംകൂടിയ ചെറുപയർ പോലെയുള്ള വിത്തുകൾക്കു മെച്ചം ആഴമുള്ള പാത്രമോ കുടമോ ആയിരിക്കാം. ഇത് അവയ്ക്കാവശ്യമായിരിക്കുന്ന അധിക സ്ഥലം പ്രദാനം ചെയ്യുകയും മുളകൾ ചീയുകയോ അമ്ലരുചിയുള്ളതായിത്തീരുകയോ ചെയ്യുന്നതിൽനിന്നു സംരക്ഷിക്കുയും ചെയ്യുന്നു.
നിങ്ങളുടെ പാത്രത്തിന് ഒരു മൂടിയും വേണം. ഒരു പ്ലാസ്റ്റിക് അരിപ്പയോ ഒരു കഷണം നേർത്ത തുണിയോ ഒരു പഴയ നൈലോൺ ഉറയോ മതിയാകും. ഇതുകൊണ്ട് പാത്രത്തിന്റെ വായ് മൂടിക്കെട്ടുന്നതിനു ബലമുള്ള റബർ ബാൻഡോ ചരടോ ആവശ്യമാണ്. ദിവസേന രണ്ടു തവണയെങ്കിലും വിത്തു കഴുകേണ്ടതുള്ളതിനാൽ, തീർച്ചയായും വെള്ളവും വെള്ളം ഒഴുക്കിക്കളയുന്നതിന് ഒരുപക്ഷേ ഒരു അരിപ്പപാത്രവും വേണം.
അവസാനമായി, വിത്തുകൾ ആവശ്യമാണ്. ഭക്ഷ്യയോഗ്യമായ ഏതു വിത്തും മുളപ്പിക്കാവുന്നതാണ്. (എങ്കിലും, രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുള്ള വിത്തുകൾ ഒഴിവാക്കാൻ ഞാൻ ശ്രദ്ധിക്കുന്നു.) ആദ്യമായി ഇതു ചെയ്യുന്ന ഒരാൾക്കു പരീക്ഷിച്ചുനോക്കാൻ ഏറ്റവും മെച്ചം ചെറുപയറോ അൽഫാൽഫാ വിത്തുകളോ ആണ്. അവ മുളപ്പിക്കാൻ എളുപ്പമാണ്, വളരെ രുചിയുമുണ്ട്! ഇപ്പോൾ, അത് എങ്ങനെയാണു ചെയ്യുന്നതെന്നു ഞാൻ നിങ്ങളോടു പറയട്ടെ.
സ്വന്തമായി വിത്തുകൾ മുളപ്പിക്കൽ
ഒന്നാം ദിവസം: ആദ്യം വിത്തുകൾ ശ്രദ്ധാപൂർവം കഴുകുക. എന്നിട്ട്, വിത്തിന്റെ അല്ലെങ്കിൽ പയറിന്റെ മുകളിൽ രണ്ടിഞ്ച് ഉയരത്തിൽ വെള്ളം മൂടുന്നതു വരെ പാത്രത്തിൽ വെള്ളം നിറയ്ക്കുക. വിത്തുകൾ ഏറ്റവും കുറഞ്ഞത് എട്ടുമുതൽ പത്തുവരെ മണിക്കൂർ കുതിർക്കുക. കിടക്കുന്നതിനു തൊട്ടുമുമ്പ് നിങ്ങൾക്കു വിത്തുകൾ കുതിർക്കാനിടാവുന്നതാണ്. എട്ടുമുതൽ പത്തുവരെ മണിക്കൂർ കഴിഞ്ഞ് വിത്തുകൾ വീർത്ത് തൊലി ചെറുതായി പൊട്ടും. അവ ഇപ്പോൾ മുളയ്ക്കാൻ പാകത്തിലാണ്.
രണ്ടാം ദിവസം: രാവിലെ, മൂടി ഭദ്രമായി കെട്ടിയിട്ട് പാത്രത്തിൽനിന്നു വെള്ളം ഒഴുക്കിക്കളയുക. (ഈ വെള്ളത്തിൽ ജീവകങ്ങൾ ഉള്ളതിനാൽ ഞാൻ സാധാരണമായി ഇത് ചെടികൾ നനയ്ക്കാൻ ഉപയോഗിക്കുന്നു.) പാത്രത്തിൽ വീണ്ടും വെള്ളം നിറയ്ക്കുക. ഏതാനും തവണ കുലുക്കിയിട്ട് അധികമുള്ള വെള്ളം ഒഴുകിപ്പോകത്തക്കവിധം പാത്രം തലകീഴായി വെക്കുക. മൊത്തം മൂന്നു തവണ പാത്രത്തിൽ വെള്ളം നിറച്ച്, വിത്തുകൾ കഴുകി വെള്ളം ഒഴുക്കിക്കളയുക. കുതിർത്ത വിത്തുകൾ നിങ്ങൾ ഒരു പരന്ന പാത്രത്തിലേക്കു മാറ്റിയെങ്കിൽ, നേർത്ത തുണിയുടെ മീതെ സാവധാനം വെള്ളം ഒഴിച്ചിട്ട് പാത്രം ചെരിച്ചുവെച്ച് വെള്ളം വാർക്കുക. അങ്ങനെ വിത്തുകൾ ദിവസേന രണ്ടു പ്രാവശ്യം നന്നായി കഴുകത്തക്കവണ്ണം ഈ കഴുകൽ പ്രക്രിയ വീണ്ടും ആവർത്തിക്കുക.
മൂന്നാം ദിവസം: നിങ്ങൾക്ക് ഇപ്പോൾ വിത്തുകൾ മുളയ്ക്കുന്നതു കാണാൻ കഴിയും. ദിവസേന രണ്ടു പ്രാവശ്യം അവയെ കഴുകുന്നതു തുടരുക.
നാലാം ദിവസം: മുളപ്പിച്ച വിത്തുകൾ നിങ്ങൾക്കു ഭക്ഷിച്ചു തുടങ്ങാവുന്നതാണ്! കമർപ്പ് ഉണ്ടാകാതെ, ചെറുപയർ മുളകൾ കുറേ നീളത്തിൽ വളരാൻ നിങ്ങൾക്ക് അനുവദിക്കാവുന്നതാണ്. ദിനംപ്രതി രണ്ടു തവണ കഴുകുന്നുവെന്ന് ഉറപ്പുവരുത്തിയാൽ മാത്രംമതി. മുളച്ച പയറുകൾ ഏകദേശം ഒരു മണിക്കൂർ വെയിലത്തുവെച്ചിട്ട് ഫ്രിഡിജിൽവെച്ചു തണുപ്പിക്കാവുന്നതാണ്. ആ കുരുന്നിലകൾ മനോഹരമായ ഇളം പച്ചനിറത്തിലാകും—വളരെയധികം വിശപ്പുളവാക്കുന്നതുതന്നെ!
വിജയം അനുഭവേദ്യമായതിനാൽ, മറ്റിനം ധാന്യങ്ങളും വിത്തുകളുംകൊണ്ട് പരീക്ഷണം നടത്താൻ നിങ്ങൾ ഇപ്പോൾ ആഗ്രഹിച്ചേക്കാം. ഓരോന്നും രുചിയിലും മുളയ്ക്കുന്ന സമയത്തിലും അൽപ്പം വ്യത്യസ്തമാണ്. ഉദാഹരണത്തിന്, തൊണ്ടുകളഞ്ഞ സൂര്യകാന്തി വിത്തുകൾ മുളപ്പിക്കാൻ നിങ്ങൾ ശ്രമിച്ചേക്കാം. ഈ മുളകൾ രണ്ടുദിവസത്തിനുള്ളിൽ, വെറും അര ഇഞ്ച് നീളമുള്ളപ്പോൾ, ഭക്ഷിക്കുന്നതാണ് ഏറ്റവും മെച്ചം. അതിലും കൂടുതൽ വളർന്നാൽ, അവയ്ക്ക് ഒരു കമർപ്പ് ഉണ്ടായേക്കാം.
മുളപ്പിച്ച വിത്തുകൾ വിളമ്പുന്ന വിധം
സാലഡുകളിലോ സാൻഡ്വിച്ചുകളിലോ അല്ലെങ്കിൽ പയറുകളും വിത്തുകളുംകൊണ്ടുള്ള വിഭവങ്ങളിലോ ഉൾപ്പെടുത്തി മിക്കവാറുമെല്ലാ മുളകളും പച്ചയ്ക്കു തിന്നാവുന്നതാണ്. എന്നാൽ മുളപ്പിച്ച പയറുകൾ ഭക്ഷിക്കുന്നതിനു മുമ്പ് 10 മുതൽ 15 വരെ മിനിറ്റ് ആവികയറ്റാവുന്നതാണ്. അല്ലെങ്കിൽ അൽപ്പം എണ്ണയും വെളുത്തുള്ളിയും ഉപ്പും മാത്രം ചേർത്ത് ഉലർത്തിയെടുക്കാവുന്നതാണ്. ഇതു വളരെ സ്വാദിഷ്ഠമാണ്! മുളപ്പിച്ച ഗോതമ്പും വരകും വളരെ മധുരമുള്ളതും റൊട്ടിയുടെയും മഫിൻസിന്റെയും കൂടെ ഉപയോഗിക്കാൻ ഉത്തമവുമാണ്.
അതുകൊണ്ട് വിത്തുകൾ മുളപ്പിക്കുന്നത് ആരോഗ്യകരവും ലാഭകരവുമായ ഒരു ഹോബിയാണ്. അപ്രകാരം ചെയ്യുന്നതു പുളകപ്രദവും പ്രതിഫലദായകവുമാണെന്നു നിങ്ങൾ കണ്ടെത്താൻ വളരെ നല്ല സാധ്യതയുണ്ട്. പോരാത്തതിന്, വിജയ നിരക്കു വളരെ ഉയർന്നതും ഫലം അതിരുചികരവുമാണല്ലോ!
[23-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ജാപ്പനീസ് സ്റ്റെൻസിൽ രൂപരേഖകൾ
[24-ാം പേജിലെ ചിത്രം]
ഒന്നാം ദിവസം: വിത്തുകൾ ശേഖരിച്ച് എട്ടുമുതൽ പത്തുവരെ മണിക്കൂർ വെള്ളത്തിൽ കുതിർക്കുക
[24, 25 പേജുകളിലെ ചിത്രം]
രണ്ടും മൂന്നും ദിവസങ്ങൾ: വിത്തുകൾ ദിവസേന രണ്ടു പ്രാവശ്യം നന്നായി കഴുകുക
[25-ാം പേജിലെ ചിത്രം]
നാലാം ദിവസം: മുളപ്പിച്ച വിത്തുകൾ (നേർത്ത തുണിപ്പുറത്തെ, പാർശ്വ വീക്ഷണം) ഭക്ഷിക്കാൻ പാകമാണ്!