വിത്തുകൾ മുളച്ചുവളരാൻ അവ നനച്ചുകൊടുക്കണം
1. വിത്തുകൾ മുളച്ചുവളരാൻ എന്ത് ആവശ്യമാണ്?
1 നമ്മുടെ തോട്ടത്തിൽ നാം പാകുന്ന വിത്തുകൾ മുളച്ചുവരണമെങ്കിൽ അവ നനച്ചുകൊടുക്കണം. നമ്മുടെ പ്രദേശത്തെ ആളുകളുടെ ഹൃദയത്തിൽ നാം വിതച്ച വിത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്. (1 കൊരി. 3:6) മടങ്ങിച്ചെല്ലുകയും ദൈവവചനം ഉപയോഗിച്ച് അവ നനയ്ക്കുകയും ചെയ്തെങ്കിലേ സത്യത്തിന്റെ ആ വിത്തുകൾ മുളച്ചുവളർന്ന് ഫലം കായ്ക്കൂ.
2. മടക്കസന്ദർശനത്തിന് അടിസ്ഥാനമിടാവുന്നത് എങ്ങനെ?
2 ഒരു ചോദ്യം ചോദിക്കുക: അവതരണങ്ങൾ തയ്യാറാകുമ്പോൾ, മടക്കസന്ദർശനത്തിന് അടിസ്ഥാനമിടാവുന്നതും വീട്ടുകാരനിൽ ആകാംക്ഷ ജനിപ്പിക്കാൻപോന്നതുമായ ഒരു ചോദ്യവും കൂടെ കണ്ടുപിടിച്ചുവെക്കുക. സംഭാഷണത്തിനൊടുവിൽ വീട്ടുകാരനോട് ആ ചോദ്യം ചോദിക്കുക. ഉത്തരം നൽകാൻ മടങ്ങിച്ചെല്ലാമെന്നു പറയുക; ദിവസവും സമയവും വീട്ടുകാരനുമായി പറഞ്ഞൊക്കുക. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ ഏതെങ്കിലുമൊരു വിഷയത്തെ അധികരിച്ചുള്ള ചോദ്യമാണെങ്കിൽ ഒരു ബൈബിളധ്യയനംതന്നെ അവതരിപ്പിച്ചു കാണിക്കാൻ കഴിഞ്ഞേക്കുമെന്ന് പല പ്രസാധകരുടെയും അനുഭവം തെളിയിക്കുന്നു.
3. ആദ്യസന്ദർശനത്തിനുശേഷം എന്തെല്ലാം കാര്യങ്ങൾ രേഖപ്പെടുത്തിവെക്കണം?
3 രേഖയുണ്ടാക്കുക: വീട്ടുകാരൻ അനുകൂലമായി പ്രതികരിച്ചാൽ, ആദ്യസന്ദർശനം കഴിഞ്ഞ് ഇറങ്ങിയാലുടൻ പിൻവരുന്ന കാര്യങ്ങൾ രേഖപ്പെടുത്തിവെക്കാൻ മറക്കരുത്: വീട്ടുകാരന്റെ പേര്, അഡ്രസ്സ്, സന്ദർശന തീയതി, സമയം, സംസാരിച്ച വിഷയം, സമർപ്പിച്ച സാഹിത്യം എന്നിവ. ഇനി, താൻ ഏതു മതസ്ഥനാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നോ? അദ്ദേഹത്തിന് കുടുംബമുണ്ടോ? തന്റെ താത്പര്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞോ? അദ്ദേഹത്തെ ആകുലപ്പെടുത്തുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടോ? ഇങ്ങനെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിവെക്കുന്നത്, തുടർന്ന് മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ സംഭാഷണത്തിൽ ഉൾപ്പെടുത്തണമെന്നു തിട്ടപ്പെടുത്താൻ നിങ്ങളെ സഹായിക്കും. മടങ്ങിച്ചെല്ലാമെന്ന് പറഞ്ഞ സമയവും വീട്ടുകാരനോട് ചോദിച്ചിട്ടുപോന്ന ചോദ്യവും എഴുതാൻ മറക്കരുത്.
4. സന്ദേശത്തോടു താത്പര്യം കാണിച്ചവരെ കണ്ടെത്താനായില്ലെങ്കിൽ പെട്ടെന്ന് ശ്രമം ഉപേക്ഷിക്കരുതാത്തത് എന്തുകൊണ്ട്?
4 മടുത്തുപിന്മാറരുത്: ആളുകളുടെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ട സത്യത്തിന്റെ വിത്ത് ഏതുവിധേനയും ‘എടുത്തുകളയാൻ’ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സാത്താൻ. (മർക്കോ. 4:14, 15) അതുകൊണ്ട്, താത്പര്യം കാണിച്ച വ്യക്തിയെ വീട്ടിൽ കണ്ടെത്താനാകുന്നില്ലെങ്കിൽ പെട്ടെന്ന് ശ്രമം ഉപേക്ഷിക്കരുത്. ഒരുപക്ഷേ ഒരു കത്ത് അയയ്ക്കാനോ ഒരു കുറിപ്പ് എഴുതിവെച്ചിട്ടുപോരാനോ കഴിഞ്ഞേക്കും. ഒരു പയനിയർ സഹോദരി ഒരു സ്ത്രീക്ക് ഒരു അധ്യയനം തുടങ്ങിവെച്ചു. പക്ഷേ പിന്നീട് ചെന്നപ്പോഴൊന്നും ആ സ്ത്രീ വീട്ടിലില്ലായിരുന്നു. സഹോദരി അവർക്ക് ഒരു കത്തയച്ചു; ഒപ്പം ആ സ്ത്രീയെ കാണാനുള്ള ശ്രമം തുടരുകയും ചെയ്തു. ഒടുവിൽ സഹോദരിക്ക് അവരെ കണ്ടെത്താനായി. സഹോദരി അയച്ച കത്ത് കിട്ടിയെന്നും തന്റെ കാര്യത്തിൽ ഇത്രയധികം താത്പര്യമെടുത്തതിന് അതിയായ നന്ദിയുണ്ടെന്നും ആ സ്ത്രീ സഹോദരിയോടു പറഞ്ഞു. സത്യത്തിന്റെ വിത്തുകൾ ഈ വിധത്തിൽ നനച്ചുകൊടുത്താൽ, അവ മുളച്ചുവളർന്ന്, “മുപ്പതും അറുപതും നൂറും മേനി വിളവു” നൽകുന്നതുകണ്ട് സന്തോഷിക്കാൻ നമുക്കാകും.—മർക്കോ. 4:20.