എപ്പോൾ മടങ്ങിച്ചെല്ലണം?
1. ശിഷ്യരാക്കൽവേലയിൽ എന്തും ഉൾപ്പെടുന്നു?
1 യഹോവയുടെ രാജ്യക്രമീകരണത്തെക്കുറിച്ച് അറിയാൻ താത്പര്യംകാണിക്കുന്ന ഏവരെയും കാണാൻ മടങ്ങിച്ചെല്ലുന്നത് ശിഷ്യരാക്കൽവേലയുടെ ഭാഗമാണ്. (മത്താ. 28:19, 20) നമ്മുടെയും താത്പര്യക്കാരുടെയും സൗകര്യം കണക്കിലെടുത്തുകൊണ്ട് എപ്പോൾ മടങ്ങിച്ചെല്ലണമെന്നു തീരുമാനിക്കാവുന്നതാണ്. ആദ്യ സന്ദർശനത്തിനുശേഷം പെട്ടെന്നുതന്നെ മടങ്ങിച്ചെല്ലേണ്ടത് എന്തുകൊണ്ടാണ്?
2, 3. എത്രയും പെട്ടെന്ന് മടങ്ങിച്ചെല്ലാൻ ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
2 പെട്ടെന്നു മടങ്ങിച്ചെല്ലേണ്ടത് എന്തുകൊണ്ട്? താത്പര്യക്കാർക്ക് രക്ഷയ്ക്കുള്ള അവസരം നിലനിൽക്കെ, ‘അടിയന്തിരതയോടെ വചനം പ്രസംഗിക്കുക’ എന്ന ഉദ്ബോധനത്തിനു ചേർച്ചയിൽ നാം പ്രവർത്തിക്കണം. താത്പര്യം കാണിച്ചവർക്ക് എത്രയും പെട്ടെന്ന് മടക്കസന്ദർശനം നടത്തുന്നതും അതിൽ ഉൾപ്പെടുന്നു.—2 കൊരി. 6:1, 2; 2 തിമൊ. 4:2.
3 താത്പര്യക്കാരുടെ ഹൃദയത്തിൽ പാകിയിട്ടുള്ള രാജ്യവിത്ത് ഏതുവിധേനയും നശിപ്പിക്കാൻ സാത്താൻ ശ്രമിക്കും. (മർക്കോ. 4:14, 15) എത്രയും പെട്ടെന്നു മടങ്ങിച്ചെല്ലുന്നെങ്കിൽ, മറ്റുള്ളവർ അവരുടെ താത്പര്യം കെടുത്തിക്കളയുന്നതിനു മുമ്പുതന്നെ, നാം നേരത്തേ നടത്തിയ ചർച്ചയുടെ ചുവടുപിടിച്ച് സംഭാഷണം തുടരാൻ എളുപ്പമായിരിക്കും.
4. ആദ്യ സന്ദർശനത്തിൽത്തന്നെ മടങ്ങിച്ചെല്ലുന്നതിനായി എന്തു ക്രമീകരണം ചെയ്യാവുന്നതാണ്?
4 നിശ്ചിത സമയം പറഞ്ഞുറപ്പിക്കുക: വീട്ടുകാരൻ ആത്മാർഥമായ താത്പര്യമുള്ള ആളാണെന്നും മടങ്ങിച്ചെല്ലുന്നതുകൊണ്ട് പ്രശ്നമൊന്നും ഉണ്ടാകില്ലെന്നും ഉറപ്പുണ്ടെങ്കിൽ ആദ്യ സന്ദർശനത്തിങ്കൽത്തന്നെ എപ്പോൾ മടങ്ങിച്ചെല്ലുമെന്ന് പറഞ്ഞുറപ്പിക്കാവുന്നതാണ്. അടുത്ത സന്ദർശനത്തിൽ ഉത്തരം നൽകാൻ ഉദ്ദേശിക്കുന്ന ഒരു ചോദ്യം ചോദിച്ചിട്ടു പോരുക. നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു രേഖ സൂക്ഷിക്കുന്നത് അതിപ്രധാനമാണ്. സാധിക്കുമെങ്കിൽ പിറ്റേന്നുതന്നെയോ തൊട്ടടുത്ത മറ്റൊരു ദിവസമോ മടങ്ങിവരട്ടെ എന്നു ചോദിക്കുക. ജോലിക്കാരനായതിനാൽ വാരാന്തത്തിൽ മാത്രമേ വീണ്ടും കണ്ടുമുട്ടാൻ സാധിക്കുകയുള്ളൂ എന്നുണ്ടെങ്കിൽ പിറ്റേ വാരാന്തത്തിൽത്തന്നെ ചെന്നു കാണാൻ ക്രമീകരിക്കുക. പ്രശ്നമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ, ആളുകൾക്ക് ശരിക്കും താത്പര്യമുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം, ഒരുപക്ഷേ, രണ്ടാമത്തെയോ മൂന്നാമത്തെയോ സന്ദർശന സമയത്തുമാത്രം ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കാൻ മൂപ്പന്മാർ നിർദേശിച്ചേക്കാം. നിങ്ങൾ പറഞ്ഞ വാക്കുപാലിക്കുക.—മത്താ. 5:37.
5. പെട്ടെന്നുതന്നെ മടങ്ങിച്ചെല്ലുന്നത് യേശു നൽകിയ, ശിഷ്യരാക്കാനുള്ള നിയോഗം നിറവേറ്റാൻ നമ്മെ എങ്ങനെ സഹായിക്കും?
5 നാം കണ്ടുകഴിഞ്ഞതുപോലെ, എത്രയും പെട്ടെന്നു മടങ്ങിച്ചെല്ലുന്നതുകൊണ്ട് പല പ്രയോജനങ്ങളാണുള്ളത്. “സമയം ചുരുങ്ങിയിരിക്കു”ന്നതിനാൽ അങ്ങനെ ചെയ്യുന്നത് വളരെ പ്രധാനമാണ്. (1 കൊരി. 7:29) രാജ്യസന്ദേശത്തോടു താത്പര്യം കാണിച്ചവരുടെ അടുക്കൽ എത്രയും പെട്ടെന്നു മടങ്ങിച്ചെന്നാൽ അത്രയും നന്ന്; അതുവഴി നിങ്ങളുടെ ശ്രമം ഫലവത്താകാനുള്ള സാധ്യത വർധിക്കുന്നു.