ദാരിദ്ര്യം—‘കൊട്ടിഘോഷിക്കപ്പെടാത്ത അടിയന്തിരത’
“ആഗോളതപനം, ഓസോൺ പാളികൾ, സമുദ്ര മലിനീകരണം എന്നിവയെക്കുറിച്ച് ഉച്ചത്തിലുള്ള പ്രഖ്യാപനങ്ങൾ നാം കേൾക്കുന്നു,” ഐക്യരാഷ്ട്രങ്ങളുടെ ഉപദേശകനായ ഡോ. മെക്ബൂബ് വൽഹാക് പറഞ്ഞു. എന്നാൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ആഗോളതപനവും കൊട്ടിഘോഷിക്കപ്പെടുന്ന മറ്റുപല അടിയന്തിര കാര്യങ്ങളും നിമിത്തം ഇതുവരെ ആരും മരിച്ചിട്ടില്ല. [അതേസമയം] കൊട്ടിഘോഷിക്കപ്പെടാത്ത അടിയന്തിര കാര്യങ്ങൾ വികസ്വര രാജ്യങ്ങളിൽ ദിവസേന ഒട്ടേറെ മരണങ്ങൾക്കു കാരണമാകുന്നു.” കൊട്ടിഘോഷിക്കപ്പെടാത്ത ആ അടിയന്തിര കാര്യങ്ങളിലൊന്നിനെക്കുറിച്ച് ഡോ. വൽഹാക് അഭിപ്രായപ്പെട്ടു. “ദാരിദ്ര്യമാണ് വാസ്തവത്തിൽ ഏറ്റവും വലിയ കൊലയാളി.” അതെങ്ങനെ?
ദിവസേന ഒരു ഡോളർ അല്ലെങ്കിൽ അതിൽ താഴെവരുന്ന വരുമാനംകൊണ്ട് ഉപജീവനം കഴിക്കുന്ന, ലോകമെമ്പാടുമുള്ള 130 കോടി ജനങ്ങളിൽ പലരെയും സംബന്ധിച്ചിടത്തോളം ദാരിദ്ര്യം മരണകരമായ ഒരു വിപത്തായി തീരുന്നു. വർഷംതോറും 1 കോടി 80 ലക്ഷംവരെ ആളുകൾ “ദാരിദ്ര്യസംബന്ധമായ കാരണങ്ങൾ” മൂലം മരണമടയുന്നതായി യുഎൻ ക്രോണിക്കിൾ എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. ഇതു ഞെട്ടിക്കുന്ന സംഖ്യയാണ്! ദൃഷ്ടാന്തത്തിന്, ഓസ്ട്രേലിയയിലെ മുഴു ജനങ്ങളും, അതായത്, ഏതാണ്ട് 1 കോടി 80 ലക്ഷം ജനങ്ങൾ ഒരു വർഷം പട്ടിണി കിടന്നാൽ പ്രത്യക്ഷപ്പെടുന്ന ശ്രദ്ധയാകർഷിക്കുന്ന തലക്കെട്ടുകളെക്കുറിച്ച് ഓർത്തുനോക്കൂ! എങ്കിലും, ദരിദ്രരായ കോടിക്കണക്കിന് ആളുകളുടെ മരണങ്ങൾ “ചർച്ചാവിഷയമല്ലാതെ പോകുന്നു”വെന്ന് ഒരു യുഎൻ റേഡിയോ പ്രക്ഷേപണം അഭിപ്രായപ്പെട്ടു. ഇതു വാസ്തവത്തിൽ, ഒരു ‘കൊട്ടിഘോഷിക്കപ്പെടാത്ത വിപത്ത്’ ആണ്.
ഈ നിശ്ശബ്ദതയെ ഭേദിക്കുന്നതിനായി, സാമൂഹിക വികസനത്തിനുവേണ്ടിയുള്ള ആദ്യത്തെ ലോക ഉച്ചകോടിയിൽ പങ്കെടുത്ത, 117 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ലോകത്തിലെ ദാരിദ്ര്യ പ്രശ്നം നിർമാർജനം ചെയ്യാനുള്ള വഴികളെക്കുറിച്ചു സംസാരിച്ചു. “നൂറ്റമ്പതു വർഷംമുമ്പ് ലോകം അടിമത്തത്തിനെതിരെ ഒരു കുരിശുയുദ്ധം നടത്തി,” ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായ എയിംസ് ഗുസ്റ്റാവ് ഓർമിപ്പിച്ചു. “ഇന്ന് കൂട്ടദാരിദ്ര്യത്തിനെതിരെ നമ്മൾ ഒരു കുരിശുയുദ്ധം നടത്തണം.” ഈ ഉത്കണ്ഠ എന്തുകൊണ്ടാണ്? ദാരിദ്ര്യം, “നിരാശയെയും അസ്ഥിരതയെയും ഊട്ടിവളർത്തുന്നതായും അതു നമ്മുടെ ലോകത്തെ അപകടത്തിലാക്കുന്നതായും” അദ്ദേഹം മുന്നറിയിപ്പു നൽകി.
എങ്കിലും, പ്രതിനിധികൾ ദാരിദ്ര്യം നിർമാർജനം ചെയ്യാനുള്ള വഴികൾ ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ, ദിവസേന ദരിദ്രകുടുംബങ്ങളിൽ ജനിച്ചുകൊണ്ടിരിക്കുന്ന ശിശുക്കളുടെ എണ്ണത്തിന്റെ കണക്കെടുക്കുന്ന ഒരു ‘ദരിദ്ര ഘടികാരം’ ആഗോള ദാരിദ്ര്യം സംബന്ധിച്ച സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണെന്നു കാണിച്ചു. ഒരാഴ്ച നീണ്ടുനിന്ന ഉച്ചകോടിയുടെ സമയത്ത്, ഏതാണ്ട് 6,00,000 നവജാത ശിശുക്കൾ ദരിദ്രരുടെ പട്ടികയിലേക്കു നിരന്തരം കൂട്ടിച്ചേർക്കപ്പെട്ടതായി സമ്മേളന സ്ഥലത്തു പ്രദർശിപ്പിച്ചിരുന്ന ഘടികാരം സൂചിപ്പിച്ചു. ഉച്ചകോടിയുടെ സമാപന ദിവസത്തിന്റെ അന്ത്യത്തിൽ ഘടികാരം എടുത്തുമാറ്റി. എന്നാൽ യഥാർഥത്തിൽ സ്പെത്ത് അഭിപ്രായപ്പെട്ടതുപോലെ “ഘടികാരത്തിന്റെ സൂചി മുമ്പോട്ടു ചലിക്കുന്നു.” ഇപ്പോൾ ചോദ്യം ഇതാണ്, അതു ശ്രദ്ധ പിടിച്ചുപറ്റുമോ?