ഞങ്ങളുടെ വായനക്കാരിൽനിന്ന്
സൗഹൃദം “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കു സുഹൃത്തുക്കളെ നിലനിർത്താൻ കഴിയാത്തതെന്തുകൊണ്ട്?” എന്ന ലേഖനത്തെപ്രതി ഞാൻ എന്റെ ആത്മാർഥമായ നന്ദി നിങ്ങളെ അറിയിക്കട്ടെ. (മേയ് 22, 1996) ഈ ലേഖനം എന്നെ എത്രമാത്രം സഹായിച്ചുവെന്നു നിങ്ങൾക്കു സങ്കൽപ്പിക്കാൻപോലുമാകില്ല. പ്രതിബന്ധങ്ങളുണ്ടായാൽപ്പോലും നിലനിൽക്കുന്ന സൗഹൃദം ആസ്വദിക്കാൻ സാധിക്കുമെന്നു മനസ്സിലാക്കാൻ അതെന്നെ സഹായിച്ചു. ചിലപ്പോഴൊക്കെ, തെറ്റിദ്ധാരണകൾ മാറ്റുന്നതിനു നാം വൈകുമ്പോൾ നമുക്കു സുഹൃത്തുക്കളെ നഷ്ടമാകുന്നു. ഈ ലേഖനം പ്രസ്തുത വിഷയത്തിലുള്ള എന്റെ ബലഹീനതയോടു പോരാടാൻ എന്നെ സഹായിച്ചു.
എ. എം. പി., ബ്രസീൽ
ലേഖനം കൃത്യസമയത്തുതന്നെയാണു ലഭിച്ചത്. മൂന്നു മാസംമുമ്പ് ഒരു പെൺകുട്ടിയുമായുണ്ടായിരുന്ന എന്റെ വിലപ്പെട്ട സൗഹൃദം തണുത്തുപോകാനാരംഭിച്ചു. ഞങ്ങൾ അന്യോന്യം തീരെ സംസാരിക്കുകയില്ലാത്ത ഘട്ടത്തോളം എത്തി. ലേഖനം വന്നപ്പോൾ, ഞാനും എന്റെ സുഹൃത്തും അതു വായിച്ച് ഞങ്ങളുടെ പെരുമാറ്റം മൗഢ്യമാണെന്നു തിരിച്ചറിഞ്ഞു. ഞങ്ങൾ കാര്യങ്ങൾ തുറന്നു പറയുകയും, എല്ലാ തെറ്റിദ്ധാരണകളും പരിഹരിക്കുകയും ചെയ്തു. ഇപ്പോൾ ഞങ്ങളുടെ സൗഹൃദത്തിന് ഒരു പുത്തൻ ഉണർവുണ്ട്.
എൻ. റ്റി., ഇറ്റലി
അഗ്നിപർവത വിപത്ത് 1991-ൽ ഉണ്ടായ പിനറ്റ്യൂബൊ അഗ്നിപർവത സ്ഫോടനത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ ഞാനോർമിക്കുന്നു. എങ്കിലും, “ലാഹാറുകൾ—പിനറ്റ്യൂബൊ അഗ്നിപർവതത്തിന്റെ അനന്തരഫലം” (മേയ് 22, 1996) എന്ന ലേഖനം വായിക്കുന്നതുവരെ ഞാനതു മറന്നുകളഞ്ഞിരുന്നു. ഞാനതിനു മുമ്പൊരിക്കലും ലാഹാറുകളെക്കുറിച്ചു കേട്ടിരുന്നില്ലാഞ്ഞതിനാൽ ഈ ലേഖനം വളരെ ആകർഷകമാണെന്നു കണ്ടെത്തി. ഒരു ലാഹാർ ഒഴുക്കിലകപ്പെട്ടിട്ടുകൂടി ഗാർസിയാ കുടുംബം കാണിച്ച ധൈര്യവും സഹായമനസ്ഥിതിയും പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു.
എസ്. എഫ്., കാനഡ
ലേഖനം എന്നെ ആഴത്തിൽ സ്പർശിച്ചു. പ്രയാസ സാഹചര്യങ്ങളിലായിരുന്നിട്ടുപോലും ആത്മീയ കാര്യങ്ങളിലുള്ള തങ്ങളുടെ തീക്ഷ്ണത നിലനിർത്തിയ നമ്മുടെ ക്രിസ്തീയ സഹോദരങ്ങളുടെ അനുഭവങ്ങൾ വളരെ ഹൃദയസ്പർശിയായിരുന്നു. ഇതെനിക്കു ചെറിയ പ്രശ്നങ്ങൾ നിമിത്തം ക്രിസ്തീയ യോഗങ്ങൾ മുടക്കുകയോ പ്രസംഗവേലയിൽ പങ്കുപറ്റുന്നതിനു വിഘ്നം വരുത്തുകയോ ചെയ്യാതിരിക്കുന്നതിനുള്ള പ്രോത്സാഹനമായി ഉതകി. ആ ലേഖനത്തിനു നന്ദി!
എസ്. ഡി., ഇറ്റലി
എന്റെ ഭർത്താവോ ഞാനോ ഒരിക്കലും ലാഹാറുകളെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. എന്നാലിപ്പോൾ ഞങ്ങൾ അതെത്രമാത്രം അപകടകരമാണെന്നു തിരിച്ചറിയുന്നു. ഫിലിപ്പീൻസിലുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും അവരെ സഹായിക്കാൻ സാധിച്ചവർക്കും വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നുവെന്ന് അവർ അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
സി. എ. ബി., ഗ്വാട്ടിമാലാ
ഹരിതവെളിച്ചം “നിങ്ങൾ എപ്പോഴെങ്കിലും ഒരു ഹരിതവെളിച്ചം കണ്ടിട്ടുണ്ടോ?” (മേയ് 22, 1996) എന്ന ലേഖനം ഞാൻ വായിച്ചുതീർന്നതേയുള്ളൂ. ഏതാനും വർഷം മുമ്പ്, അലാസ്കയിലെ വെളിമ്പ്രദേശങ്ങൾക്കു മീതെകൂടി പറക്കവെ, സെക്കൻറിന്റെ ഒരംശം മാത്രം ദൈർഘ്യമുണ്ടായിരുന്ന നീലയും പച്ചയും കൂടിയ ഒരു വെളിച്ചമുണ്ടായതു കണ്ടു ഞാൻ വിസ്മയാധീനനായി. ഇതിനെ സംബന്ധിച്ച വിശദീകരണം നൽകുന്ന ഒരു ലേഖനവും ഇതുവരെ ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല. അത് എന്റെ സങ്കൽപ്പം മാത്രമായിരുന്നുവെന്നു ഞാൻ ചിലപ്പോഴൊക്കെ വിചാരിച്ചിരുന്നു!
ജി. സി., അലാസ്ക
വിഭ്രാന്തിബാധ “വിഭ്രാന്തിബാധയെ തരണംചെയ്യൽ” (ജൂൺ 8, 1996) എന്ന ലേഖനത്തെപ്രതിയുള്ള എന്റെ നന്ദി പ്രകാശിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു. ആറു വർഷത്തോളം അത്തരം ബാധ നിമിത്തം ഞാൻ യാതന അനുഭവിച്ചു. ഒരു വർഷം ഒരു പയനിയറായി (മുഴുസമയ സുവിശേഷക) സേവനം അനുഷ്ഠിച്ചതിനു ശേഷം ഇത്തരം ബാധകൾ തരണം ചെയ്യാനുള്ള ശേഷിയില്ലാതിരുന്നതിനാൽ എനിക്ക് അതു നിർത്തേണ്ടിവന്നു. ഞാൻ കാഴ്ചയ്ക്ക് ആരോഗ്യവതിയായിരുന്നതിനാൽ അടുത്ത സുഹൃത്തുക്കൾക്കു പോലും അതു മനസ്സിലായിരുന്നില്ല എന്നത് എത്ര വേദനാജനകമായിരുന്നെന്നോ. ഈ ലേഖനം വായിച്ചപ്പോൾ എനിക്കെത്രമാത്രം സന്തോഷം തോന്നിയെന്നു വിശദീകരിക്കുക പ്രയാസമാണ്.
ഒ. എസ്., ഉക്രെയിൻ
എട്ടു വർഷം ഞാൻ ഒരു മുഴുസമയ ശുശ്രൂഷകയായി സേവിച്ചിരിക്കുന്നു. എന്നാൽ നിരവധി വർഷങ്ങളായി, ഞാൻ ഒന്നിനും കൊള്ളാത്തവളാണെന്ന തോന്നൽ എനിക്കനുഭവപ്പെടുകയും വളരെയേറെ ഉത്കണ്ഠാകുലയാകുകയും ചെയ്യാറുണ്ടായിരുന്നു. എനിക്കനുഭവപ്പെട്ടതിനോടു സമാനമായ രോഗലക്ഷണങ്ങളെ സംബന്ധിച്ച് ഈ ലേഖനത്തിൽ വായിച്ചപ്പോൾ, ഞാൻ പെട്ടെന്നുതന്നെ ഇതിലുള്ള നിർദേശങ്ങൾ ബാധകമാക്കാൻ തുടങ്ങി. ഇപ്പോൾ എന്റെ ചിന്തകൾ മെച്ചപ്പെടാൻ തുടങ്ങിയിരിക്കുന്നു, ഹൃദയം ശാന്തവുമാണ്.
കെ. എം., തായ്ലൻഡ്
ഞാൻ വിഭ്രാന്തിബാധയ്ക്കുള്ള വൈദ്യചികിത്സയ്ക്കു വിധേയമായി, എനിക്കു സഹായം ലഭിക്കുകയും ചെയ്തു. എങ്കിലും, ‘ആത്മീയ ബലഹീനതയോ അലസതയോ എന്നെ ബാധിച്ചിരിക്കുന്നുവോ?’ എന്ന ചോദ്യം എന്നെ നിശബ്ദം പീഡിപ്പിക്കാറുണ്ടായിരുന്നു. ഈ ലേഖനം വായിച്ചപ്പോൾ എന്റെ ചുമലിൽനിന്നു വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെ അനുഭവപ്പെട്ടു.
പി. പി., ഫിൻലൻഡ്