ഞങ്ങളുടെ വായനക്കാരിൽനിന്ന്
കോപം നിയന്ത്രിക്കേണ്ടത് എന്തുകൊണ്ട്? “കോപം നിയന്ത്രിക്കേണ്ടത് എന്തുകൊണ്ട്?” (ജൂൺ 8, 1997) എന്ന ലേഖനത്തിനു നന്ദി. ഞാൻ വളർന്നുവന്നത് ഒരു വലിയ കുടുംബത്തിലായിരുന്നു. ചെറുപ്പത്തിൽ ഞാൻ വീട്ടിൽവെച്ചു നിരവധി പോരാട്ടങ്ങൾക്കു സാക്ഷിയായി. എന്റെ മാതാപിതാക്കൾ വിവാഹമോചനം നേടി. അതിനു ശേഷം ചിലപ്പോഴൊക്കെ എനിക്കു കോപത്തിന്റെ വേലിയേറ്റമുണ്ടായിട്ടുണ്ട്. ഇതു തരണംചെയ്യുന്നതിന് എന്നെ സഹായിക്കാൻ അപേക്ഷിച്ചുകൊണ്ട് ഞാൻ യഹോവയോട് അഹോരാത്രം പ്രാർഥിച്ചിട്ടുണ്ട്. എനിക്കുവേണ്ടി തയ്യാറാക്കിയതെന്നു തോന്നിയ പ്രസ്തുത ലേഖനം എന്നെ അത്ഭുതപരതന്ത്രയാക്കി! പരാമർശിച്ചിരുന്ന തിരുവെഴുത്തുകളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു—ഉദാഹരണത്തിന്, എഫെസ്യർ 4:26. അവിടെ ഇങ്ങനെ പ്രസ്താവിക്കുന്നു: “സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു.” ഞാനും ഭർത്താവും ഈ വാക്യം ബാധകമാക്കിയിരിക്കുന്നു. ഈ ലേഖനത്തിന്റെയും യഹോവയുടെയും സഹായത്താൽ പ്രശ്നം തരണംചെയ്യാൻ എനിക്കു കഴിഞ്ഞിരിക്കുന്നു.
എ. ആർ. എസ്., ഐക്യനാടുകൾ
വിഭ്രാന്തിബാധയെ തരണംചെയ്യൽ “വിഭ്രാന്തിബാധയെ തരണംചെയ്യൽ” (ജൂൺ 8, 1996) എന്ന ലേഖനത്തിനു ഞാൻ യഹോവയോടു നന്ദി പറഞ്ഞേ മതിയാകൂ. ഈയിടെ എന്റെ ചേച്ചിക്ക് മാനസികവും വൈകാരികവുമായ തകർച്ച അനുഭവപ്പെട്ടു. എന്താണു കുഴപ്പമെന്നു നിർണയിക്കാൻ ഡോക്ടർമാർക്കു കഴിയാഞ്ഞതിനാൽ ചേച്ചിക്കെന്താണു സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അവസാനം, ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചേച്ചിക്ക് മാനസികവും വൈകാരികവുമായ തകർച്ച ഉണ്ടായിട്ടുണ്ടെന്നും വിഭ്രാന്തിബാധ നിമിത്തം ദുരിതമനുഭവിക്കുകയാണെന്നും കണ്ടെത്തി. യഹോവ ഞങ്ങൾക്കുവേണ്ടി കരുതുന്നുവെന്നു പ്രകടമാക്കിക്കൊണ്ട് പ്രസ്തുത ലേഖനം കൃത്യസമയത്താണ് എത്തിയത്. താനനുഭവിക്കുന്നതു യഹോവ കണ്ടിരിക്കുന്നെന്നു വ്യക്തമായി മനസ്സിലാക്കിയതിനാൽ ആ ലേഖനം വായിക്കവേ, എന്റെ സഹോദരി കരഞ്ഞുപോയി. യഹോവയെ ശക്തിയുടെയും ആശ്വാസത്തിന്റെയും യഥാർഥ സ്രോതസ്സായി താൻ കൂടെക്കൂടെ കണ്ടിരിക്കുന്നുവെന്ന് ലേഖനത്തിൽ ഉദ്ധരിച്ച ആ സഹോദരിയുടെ വാക്കുകൾ നമ്മുടെ ദൈവമായ യഹോവ വാസ്തവത്തിൽ എത്ര അത്ഭുതവാനാണെന്നു പ്രകടമാക്കുന്നു.
എ. ഇ. ഡബ്ളിയു., ദക്ഷിണാഫ്രിക്ക
“ഒരു ശിശുവിന്റെ കാതുകളിലേക്ക്” ഈ ലേഖനം (ജൂൺ 8, 1997) എന്നെ ആഴമായി സ്പർശിച്ചു. വയൽശുശ്രൂഷയിൽ ഞാൻ മിക്കപ്പോഴും യുവജനങ്ങളെ കണ്ടുമുട്ടാറുണ്ട്. അവരെ അവഗണിക്കുകയോ താഴ്ത്തിമതിക്കുകയോ ചെയ്യാതെ എല്ലായ്പോഴും ഞാൻ അവരോടു പറുദീസയെക്കുറിച്ചു സംസാരിക്കുന്നു. പ്രസ്തുത അനുഭവം പ്രസിദ്ധീകരിച്ചതിനു വളരെ നന്ദി. എന്തെന്നാൽ ശുശ്രൂഷയിൽ ഇപ്രകാരം തുടരുന്നതിന് ഇതെന്നെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ആരുടേതാണ് അടുത്തതായി ‘ഒരു ശിശുവിന്റെ കാതുകളാകാൻ’ പോകുന്നതെന്ന് ആർക്കറിയാം?
എം. ഒ. യു., നൈജീരിയ
ഈ ലേഖനം എന്നെ ശരിക്കും സ്പർശിച്ചിരിക്കുന്നു. “ബൈബിൾ സത്യങ്ങൾ പഠിക്കൽ” എന്ന ഭാഗത്ത്, ഭൂമിയെ കൈവശമാക്കുന്നതു സംബന്ധിച്ച് സങ്കീർത്തനം 37:9-ൽനിന്നു—അതും അവരുടെ പക്കലുണ്ടായിരുന്ന ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽനിന്ന്!—മനസ്സിലാക്കവേ ലവീസ് അമ്പരന്നുപോയെന്നു വായിച്ചപ്പോൾ എന്റെ കണ്ണുനിറഞ്ഞു. ഇത്തരം ജീവിത കഥകൾക്കു നന്ദി. ദയവായി ഉണരുക!യിൽ അവ തുടർന്നും ക്രമമായി പ്രസിദ്ധീകരിക്കുക.
പി. സി., ഇംഗ്ലണ്ട്
ഞങ്ങളുടെ വായനക്കാരിൽനിന്ന് ഞങ്ങൾക്കു ലഭിക്കുന്ന എല്ലാ മാസികകളും ഞാൻ വിലമതിക്കുന്നു. ജൂൺ 8, 1997 ഉണരുക!യുടെ വായനക്കാരിൽ നിന്നുള്ള അഭിപ്രായങ്ങളിൽ പുറത്താക്കലിനെക്കുറിച്ചുണ്ടായിരുന്നവ ഞാൻ വിശേഷിച്ചും ആസ്വദിച്ചു. എന്നെ പുറത്താക്കിയിട്ട് പിറ്റേവർഷം തിരിച്ചെടുത്തു. മയമില്ലാത്ത ഒരു നടപടിയായിട്ടാണ് നിരവധിയാളുകളും അതിനെ വീക്ഷിക്കുന്നത്. എന്നാൽ വാസ്തവത്തിൽ അതങ്ങനെയല്ല. എനിക്കു ലഭിച്ച ശിക്ഷണം സ്വീകരിക്കുക ക്ലേശകരമായിരുന്നെങ്കിലും തീർച്ചയായും അതു മയമില്ലാത്ത നടപടിയായിരുന്നില്ല. മൂപ്പന്മാർ എന്നെ സഹായിക്കുക മാത്രമായിരുന്നുവെന്ന് എനിക്കറിയാം. അവരുടെ സഹായം തിരസ്കരിച്ചതാണ് എന്നെ പുറത്താക്കുന്നതിൽ കലാശിച്ചത്. പുറത്താക്കപ്പെട്ടപ്പോഴാണ് യഹോവയെക്കൂടാതെയുള്ള ജീവിതം എത്ര ഏകാന്തമാണെന്നു ഞാൻ തിരിച്ചറിഞ്ഞത്. എന്റെ ജീവിത ശൈലി വെടിഞ്ഞ് യഹോവയിലേക്കു തിരിയുന്നതുവരെ നികത്താനാകാഞ്ഞ ഒരു വൻവിടവ് എന്റെ ജീവിതത്തിലുണ്ടായിരുന്നു. പുറത്താക്കിയത് എന്നെ എളിമയുള്ളവളാക്കുകയും എനിക്കു യഹോവയുടെയും അവന്റെ സ്ഥാപനത്തിന്റെയും ആവശ്യമുണ്ടെന്നു വ്യക്തമാക്കിത്തരുകയും ചെയ്തു.
എ. സി., കാനഡ
ഉണരുക! വിശിഷ്ട മാസികയായ ഉണരുക!യുടെ വരിസംഖ്യ പുതുക്കാൻ മറന്നുപോയതിൽ നിങ്ങൾ ക്ഷമിക്കണം. പ്രചോദനാത്മകവും പ്രോത്സാഹജനകവുമായ വിഷയങ്ങളോടുകൂടിയ വിജ്ഞാനപ്രദവും വിദ്യാഭ്യാസപരവും വസ്തുനിഷ്ഠവുമായ ഒരു മാസികയാണിത്. എനിക്കു നഷ്ടപ്പെട്ട ലക്കങ്ങളെല്ലാം ലഭിക്കുന്നതിനാഗ്രഹമുണ്ട്. ഒരു ലക്കംപോലും നഷ്ടപ്പെടുത്താൻ എനിക്കാവില്ല. അജ്ഞതയ്ക്കെതിരെ പോരാടാൻ ക്ഷമാപൂർവം സഹായിക്കുന്നതിനു നന്ദി.
എൻ. എസ്., ശ്രീലങ്ക