ലോകത്തെ വീക്ഷിക്കൽ
കുറിച്ചുകൊടുക്കുന്ന മരുന്നുകൾ ദുരുപയോഗം ചെയ്യുന്നു
“ഓസ്ട്രേലിയക്കാർ ഓരോ വർഷവും മരുന്നുകൾക്കായി 300 കോടി ഡോളർ ചെലവിടുന്നു. കുറിച്ചുകൊടുക്കുന്ന മരുന്നുകളോടുള്ള അവരുടെ പ്രതിപത്തി വല്ലാതെ വർധിച്ചുവരുകയാണ്” എന്ന് ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തുള്ള മെൽബണിലെ വർത്തമാനപത്രമായ ഹെറാൾഡ് സൺ റിപ്പോർട്ടു ചെയ്യുന്നു. “കുറിച്ചുകൊടുക്കുന്ന മരുന്നുകളോടുള്ള പ്രതിപത്തി നാം അറിയാതെതന്നെ നമ്മെ പിടികൂടുന്നു, അനധികൃത ഔഷധങ്ങളെപ്പോലെതന്നെ അതു നമ്മുടെ ആരോഗ്യത്തിനും ജീവിതരീതിക്കും ഹാനികരമാണ്” എന്ന് വിക്ടോറിയയിലെ ആരോഗ്യമന്ത്രി മുന്നറിയിപ്പു നൽകി. കൂടുതൽ കൂടുതൽ ആളുകൾ, അനേകം മരുന്നുകൾ കുറിച്ചുകിട്ടുന്നതിനുവേണ്ടി ‘ഡോക്ടർമാരെ സമീപിക്കുന്നു’ എന്നുള്ള റിപ്പോർട്ടിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ചില ഗുളികകൾ ഒരുമിച്ചു പൊടിച്ച് രക്തത്തിലേക്കു കുത്തിവെക്കുന്നു. ഒരു സർവേ അനുസരിച്ച്, അനധികൃതമായി വേദനസംഹാരികൾ ഉപയോഗിക്കുന്ന ആളുകളുടെ ശതമാനം 1993-ൽ 3 ആയിരുന്നത് 1995-ൽ 12 ആയി ഉയർന്നു.
റുവാണ്ടയിലെ നിഷ്കളങ്കരായ ബലിയാടുകൾ
റുവാണ്ടയിൽ അടുത്തയിടെ നടന്ന കൂട്ടക്കൊലയുടെ സമയത്ത് ലക്ഷക്കണക്കിനു സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടു. ചിലരെ ലൈംഗിക അടിമകളാക്കി വെക്കുകപോലും ചെയ്തു. പല കേസുകളിലും സ്ത്രീകളെ ബലാൽസംഗം ചെയ്തത് അവരുടെ ഭർത്താക്കന്മാരെയും ബന്ധുക്കളെയും മൃഗീയമായി കൊലപ്പെടുത്തിയ പുരുഷന്മാർ തന്നെയായിരുന്നു. ബലാൽസംഗത്തിനിരയായവരിൽ ഏതാണ്ട് 35 ശതമാനം സ്ത്രീകൾ ഗർഭിണികളായി. ചില സ്ത്രീകൾ, പ്രശ്നപരിഹാരമെന്ന നിലയിൽ ഗർഭച്ഛിദ്രത്തെയോ ശിശുഹത്യയെയോ അവലംബിച്ചു. മറ്റുള്ളവർ ശിശുക്കളെ ഉപേക്ഷിക്കുകയോ ദത്തു നൽകുകയോ ചെയ്തു. ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ശരാശരി കണക്കുകളനുസരിച്ച്, റുവാണ്ടയിൽ ആർക്കും വേണ്ടാത്ത കുട്ടികളുടെ എണ്ണം 2,000 മുതൽ 5,000 വരെ ആണ്. അവരുടെ അമ്മമാർ ആഭ്യന്തരയുദ്ധകാലത്തു ബലാൽസംഗം ചെയ്യപ്പെട്ടിരുന്നു.” ഒട്ടേറെ വിധവകളും അവരുടെ കുട്ടികളും സമുദായഭ്രഷ്ടരായിരിക്കുന്നു. “പുതിയ ഭർത്താക്കന്മാരെ കണ്ടെത്താനോ പുതിയൊരു ജീവിതം തുടങ്ങാനോ പല സ്ത്രീകൾക്കും കഴിഞ്ഞിട്ടില്ല” എന്ന് ടൈംസ് അഭിപ്രായപ്പെടുന്നു. മക്കളെ കാണുമ്പോൾ ചില അമ്മമാർക്കു തങ്ങൾ അനുഭവിച്ച നാണക്കേടിനെയും പ്രിയപ്പെട്ടവരുടെ ക്രൂരമരണത്തെയും കുറിച്ചുള്ള ഓർമകൾ നിരന്തരം തികട്ടിവരുന്നു. ഇത്തരം വേദനിപ്പിക്കുന്ന ഓർമകൾ നിമിത്തം ചില അമ്മമാർക്കു തങ്ങളുടെ കുഞ്ഞുങ്ങളോടു വാത്സല്യം കാണിക്കാൻ ബുദ്ധിമുട്ടുതോന്നുന്നു.
പാദസംബന്ധമായ പ്രശ്നങ്ങൾ
ജർമനിയിലെ ഹെൽത്ത് സർവീസ് ഓഫ് ദ ഫെഡറൽ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് എന്ന സംഘടനയുടെ കണക്കുകൾ അനുസരിച്ച്, ആ രാജ്യത്തെ പകുതിയിലേറെ പൗരന്മാർക്കു പാദസംബന്ധമായ കുഴപ്പങ്ങൾ ഉണ്ട്. “പല ആളുകളും പാദങ്ങളുടെ പരിരക്ഷയെ അവഗണിക്കുന്നു അല്ലെങ്കിൽ പാദങ്ങൾക്കു കേടുവരുത്തുന്നതോ ആരോഗ്യത്തിനു ദോഷം ചെയ്യുന്നതോ ആയ വളരെ ഇറുകിയ ഷൂസുകൾ ധരിക്കുന്നു,” നാസ്വായ്വീഷെ നോയീ പ്രെസെ റിപ്പോർട്ടു ചെയ്യുന്നു. ഉപ്പൂറ്റി പൊങ്ങിയ പാദരക്ഷകളോ പാകമല്ലാത്ത ഷൂസുകളോ ധരിക്കുന്നതുമൂലം കാൽമുട്ടുകൾക്കും നടുവിനും അല്ലെങ്കിൽ പുറത്തും വേദന ഉണ്ടാകും. ഫംഗസ് മൂലമുണ്ടാകുന്ന വളംകടി, പുഴുക്കടി പോലുള്ള രോഗങ്ങളും കൂടുതൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഡോക്ടർമാരുടെ ഫെഡറൽ അസോസിയേഷൻ ശുപാർശ ചെയ്യുന്ന ഒരു പ്രതിരോധമാർഗം, “കാൽവിരലുകൾക്കിടയിലുള്ള സോപ്പ് നന്നായി കഴുകിക്കളഞ്ഞ് അവിടം ശ്രദ്ധാപൂർവം ഉണക്കുന്നതാണ്.”
സാധനങ്ങൾ വാങ്ങിക്കൂട്ടൽ, ഒരാസക്തി
അയർലൻഡിൽ അനിയന്ത്രിതമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് “ഇപ്പോൾ ഒരു ആസക്തിയായിട്ടാണു കരുതപ്പെടുന്നത്. മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, മറ്റു ഭക്ഷണ വൈകല്യങ്ങൾ എന്നിവയെപ്പോലെതന്നെ വിദഗ്ധ സഹായം ആവശ്യമായ, ഗുരുതരമായ വൈകാരികവും മാനസികവുമായ ഒരു വൈകല്യമായി ഇതിനെ കരുതുന്നു” എന്ന് ദി ഐറിഷ് ടൈംസ് പറയുന്നു. ഈ വൈകല്യത്തിന്റെ ഇരകൾ തങ്ങൾക്ക് ആവശ്യമില്ലാത്ത വസ്തുക്കൾ വാങ്ങാൻ നല്ലൊരു തുക ചെലവാക്കിയേക്കാം. റിപ്പോർട്ടു വിശദമാക്കുന്നു: “വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുന്നതിലെ വൈകാരികോല്ലാസം ശരീരത്തിൽ ഡേപെമീൻ, സെറട്ടോണിൻ എന്നീ സ്രവങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ഒരുതരം സുഖാനുഭൂതിയുളവാക്കുന്നു.” അനിയന്ത്രിതമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവരെ സംബന്ധിച്ചിടത്തോളം, മയക്കുമരുന്ന് ആസക്തനെപ്പോലെതന്നെ ലഹരി പിടിക്കാൻ വളരെ വളരെ ബുദ്ധിമുട്ടാണ്.
“യുവ ടിവി നിരീക്ഷകരുടെ ഒരു പട”
ഇറ്റലിയിൽ 21,000 കുടുംബങ്ങളിൽ നടത്തിയ ഒരു സർവേ, ഇറ്റലിയിലെ ബഹുഭൂരിഭാഗം കുട്ടികളും ടിവി ആസക്തരാണെന്നു വെളിപ്പെടുത്തി. “യുവ ടിവി നിരീക്ഷകരുടെ ഒരു പട” പിറന്നുവീണ വർഷം മുതൽത്തന്നെ റിമോട്ട് കൺട്രോളർ ഉപയോഗിക്കാൻ പരിശീലിക്കുന്നതായി ലാ റേപ്പബ്ലീകാ വർത്തമാനപത്രം അഭിപ്രായപ്പെട്ടു. മൂന്നിനും പത്തിനും ഇടയ്ക്കു പ്രായമുള്ള ഇറ്റലിക്കാരായ 40 ലക്ഷത്തിലധികം കുട്ടികൾ ദിവസത്തിൽ രണ്ടര മണിക്കൂറിലധികം ടിവി-യുടെ മാസ്മരവലയത്തിലകപ്പെട്ട് അതിനുമുമ്പിൽ ചെലവഴിക്കുന്നു. ആറുമുതൽ എട്ടുവരെ മാസം പ്രായമുള്ള ഒട്ടേറെ കുട്ടികൾ ഉത്സുകരായ ടിവി നിരീക്ഷകരാണെന്ന വസ്തുതയിൽ മാനസികാരോഗ്യ വിദഗ്ധർ ഉത്കണ്ഠാകുലരാണ്.
സ്ത്രീകളും ആത്മഹത്യയും
“ബ്രിട്ടനിൽ വർഷം തോറും 4,500 ആത്മഹത്യകൾ നടക്കാറുണ്ട്: അഞ്ചു പുരുഷന്മാർക്ക് ഒരു സ്ത്രീ എന്നതാണ് ആത്മഹത്യാനിരക്ക്,” ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ, ആത്മഹത്യ ചെയ്യുന്ന 15-നും 24-നും ഇടയ്ക്കു പ്രായമുള്ള യുവതികളുടെ എണ്ണം കഴിഞ്ഞ നാലു വർഷമായി ശ്രദ്ധേയമാംവിധം വർധിച്ചിട്ടുണ്ട്. സതംപ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസർ ഇതിനു കാരണമായേക്കാവുന്ന സംഗതികളിലൊന്നു വിവരിക്കുന്നു: “തൊഴിൽരംഗത്തു ശോഭിക്കാൻ യുവതികൾ ആഗ്രഹിക്കുന്നു, അതേസമയം ഒരു കുടുംബിനിയുടെ ഉത്തരവാദിത്വം പേറാനും. ഇടത്തരക്കാരായ, ചെറുപ്പക്കാരികളായ മമ്മിമാർ [അമ്മമാർ] തങ്ങളുടെ തൊഴിലിൽ തുടരാൻവേണ്ടി കുട്ടികളെ നോക്കാൻ ആയമാരെ നിർത്തുന്നു. പിന്നെ അവർക്കു ദുഃഖവും കുറ്റബോധവും തോന്നുന്നു. അവരുടെ സ്വാഭാവിക ചായ്വ് അവരോടു മമ്മിമാരായിരിക്കാൻ പറയുന്നു, എന്നാൽ അവരുടെ മനസ്സ് അവരോടു ജോലി ചെയ്തു കുടുംബം പുലർത്താൻ ആവശ്യപ്പെടുന്നു.” ഈ പിരിമുറുക്കങ്ങളും സമ്മർദങ്ങളും കുമിഞ്ഞുകൂടുന്നതായിരിക്കാം അവരെ ആത്മഹത്യയിലേക്കു നയിക്കുന്നതെന്ന് പ്രൊഫസർ വിശ്വസിക്കുന്നു.
എയ്ഡ്സിന്റെ “ആഗോള അതികേന്ദ്രം”
“പാളത്തിലൂടെ ചുഴലിക്കാറ്റിനകത്തേക്കു പാഞ്ഞുപോകുന്ന ഒരു എക്സ്പ്രസ് ട്രെയിൻ” പോലെയാണ് ഇന്ത്യയെന്നും വേഗത്തിൽത്തന്നെ അത് “മനുഷ്യവർഗത്തെ ബാധിച്ചിട്ടുള്ളതിലേക്ക് ഏറ്റവും അപകടകാരിയായ ഒരു വ്യാധിയുടെ ആഗോള അതികേന്ദ്ര”മായിത്തീരുകയാണെന്നും ലണ്ടനിലെ തെയിംസ് വാലി യൂണിവേഴ്സിറ്റി നടത്തിയ ഒരു പുതിയ പഠനം പറയുന്നു. അതുപോലെ, ഇന്ത്യ പെട്ടെന്നുതന്നെ എയ്ഡ്സ് വൈറസ് ബാധിച്ച ഏറ്റവും കൂടുതൽ ആളുകളുള്ള ഒരു രാഷ്ട്രമായി മാറിയിരിക്കുന്നുവെന്ന്, അതായത്, 95 കോടി ജനങ്ങളുള്ളതിൽ 30 ലക്ഷത്തിലേറെ പേർ എയ്ഡ്സ് ബാധിതരാണെന്ന്, ഐക്യരാഷ്ട്ര എയ്ഡ്സ് പരിപാടിയുടെ തലവനായ ഡോ. പീറ്റർ പ്ജോ എയ്ഡ്സിനെക്കുറിച്ചുള്ള 11-ാമത്തെ അന്താരാഷ്ട്ര യോഗത്തിൽ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് വർത്തമാനപത്രം പറയുന്നതനുസരിച്ച്, ഇന്ത്യയിലെ ലൈംഗികശേഷിയുള്ള 22.3 കോടിയിലേറെ പുരുഷന്മാരിൽ 10 ശതമാനം വേശ്യകളെ നിത്യം സന്ദർശിക്കുന്നവരാണെന്ന് ഒരു പഠനം കണക്കാക്കുന്നു. വൻ നഗരപ്രാന്തങ്ങളിൽ വേശ്യാവൃത്തിയിലേർപ്പെടുന്നവരെ രോഗബാധിതരാണെന്നു കണ്ടാൽ സ്വന്തം ഗ്രാമങ്ങളിലേക്കു പറഞ്ഞുവിടുകയാണ് പതിവ്. രോഗത്തെക്കുറിച്ചുള്ള അജ്ഞതയും നഗരങ്ങളെ അപേക്ഷിച്ച് ചികിത്സാസൗകര്യങ്ങളുടെ കുറവും നിമിത്തം അവിടെ രോഗം അതിവേഗം പടർന്നുപിടിക്കുന്നു. 2000-ാമാണ്ടോടെ ഇന്ത്യയിൽ എച്ച്ഐവി ബാധിച്ച 50 ലക്ഷംമുതൽ 80 ലക്ഷംവരെ ആളുകൾ ഉണ്ടായിരിക്കുമെന്നും പൂർണമായി എയ്ഡ്സ് ബാധിതരായ 10 ലക്ഷം ആളുകളുണ്ടായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു.
സ്പോർട്സിലെ പരിക്കുകൾ
• “മലയിടുക്കുകളിലൂടെയുള്ള സൈക്കിൾസവാരി ഇപ്പോൾ അതിശീഘ്രം വർധിച്ചുകൊണ്ടിരിക്കുന്നു, സൈക്കിളോടിക്കുന്നവർ ആശുപത്രികളിലാകുന്നു,” കാനഡയുടെ വാൻകൂവെർ സൺ റിപ്പോർട്ടു ചെയ്യുന്നു. 1987-നും 1994-നും ഇടയ്ക്ക് മലയിടുക്കുകളിലൂടെ സൈക്കിൾസവാരി നടത്തുന്നവരുടെ എണ്ണം 512 ശതമാനമായി—15 ലക്ഷത്തിൽനിന്ന് 92 ലക്ഷമായി—ഉയർന്നുവെന്നു വർത്തമാനപത്രം റിപ്പോർട്ടു ചെയ്തു. ഊടുവഴികളിലൂടെയും മലയിടുക്കുകളിലൂടെയും തങ്ങളുടെ കഴിവിലുപരിയായി വണ്ടിയോടിക്കുന്ന അമിതോത്സാഹമുള്ള കന്നിക്കാർക്ക് സൈക്കിളിൽനിന്നുവീണു മുറിവും ചതവും പറ്റുക മാത്രമല്ല, കാൽക്കുഴ, കൈക്കുഴ, തോൾ, തോളെല്ല് എന്നിവയ്ക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു. ചില മുറിവുകൾ മാരകമല്ലെങ്കിലും നീണ്ടുനിൽക്കുന്ന ഗുരുതരമായ ഭവിഷ്യത്തുകൾ ഉളവാക്കിയേക്കാം. കൈക്കുഴയിലുള്ള എട്ടു ചെറിയ അസ്ഥികളിലൊന്നിനുണ്ടാകുന്ന ഒടിവ് എക്സ്റേയിൽ കാണാനുള്ള സാധ്യത തീരെ കുറവാണെന്നു കായിക വൈദ്യചികിത്സാ വിദഗ്ധനായ ഡോ. റൂ അവ്ലർ വിശ്വസിക്കുന്നു. അദ്ദേഹം മുന്നറിയിപ്പു നൽകുന്നു: “നിങ്ങൾ കൈകുത്തിയാണു വീഴുന്നതെങ്കിൽ അതു കാര്യമായിട്ടെടുക്കണം.” വ്യക്തിയുടെ കൈത്തണ്ടയിലെ അസ്ഥികൾ തേഞ്ഞുപോകുകയും അങ്ങനെ നിലനിൽക്കുന്ന കേടുപാടുകൾ സംഭവിക്കുകയും ചെയ്തേക്കാം.
• “ജർമനിയിൽ വർഷംതോറും 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയ്ക്ക് സ്പോർട്സ് അത്യാഹിതങ്ങൾ ഉണ്ടാകുന്നു” എന്ന് സ്യൂററ്ഡോയിച്ച് ററ്സൈററുങ് റിപ്പോർട്ടു ചെയ്യുന്നു. ബോക്കം യൂണിവേഴ്സിറ്റിയിലെ വൈദ്യശാസ്ത്ര വിദഗ്ധർ വിനോദങ്ങളിലും സ്പോർട്സുകളിലും ഏർപ്പെട്ടു പരിക്കേറ്റ 85,000 കേസുകൾ പരിശോധിച്ചിട്ടുണ്ട്. അത്തരം പരിക്കുകൾ സംബന്ധിച്ച സൂക്ഷ്മവും വിശദവുമായ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമമായിരുന്നു അത്. പരിക്കുകളിൽ ഏതാണ്ട് 50 ശതമാനവും ഫുട്ബോൾ കളിക്കാർക്കിടയിലാണ് ഉണ്ടാകുന്നത്. എങ്കിലും വിവിധ സ്പോർട്സുകളിൽ പങ്കെടുക്കുന്നവരെ കണക്കിലെടുക്കുമ്പോൾ ഫുട്ബോൾ, ഹാൻഡ്ബോൾ, ബാസ്കറ്റ് ബോൾ എന്നീ കളികളിൽ പരിക്കുകൾക്കു സമാനമായ നിരക്കുണ്ടെന്നു ഗവേഷകർ കണ്ടെത്തുകയുണ്ടായി. സ്പോർട്സ് അത്യാഹിതങ്ങളിൽ 3-ൽ ഒന്ന് കാൽക്കുഴയ്ക്കും 5-ൽ ഒന്ന് കാൽമുട്ടിനുമാണു സംഭവിക്കുന്നത്.
ഇ. കൊളൈ ഒ157:എച്ച്7 സൂക്ഷിക്കുക
“ഇ. കൊളൈയുടെ ഒരു ഭയങ്കര ഇനം ബാക്ടീരിയ ഉണ്ടാക്കുന്ന ഭക്ഷ്യവിഷബാധ . . . ലോകമെമ്പാടും വർധിച്ചുകൊണ്ടിരിക്കുന്നു,” ന്യൂയോർക്ക് ടൈംസ് മുന്നറിയിപ്പു നൽകുന്നു. “വിഷവാഹിയായ ബാക്ടീരിയയുടെ എണ്ണം വർധിക്കുന്നതുപോലെതന്നെ ലോകമെമ്പാടുമുള്ള രോഗബാധയുടെയും മരണങ്ങളുടെയും എണ്ണവും വർധിക്കുകയാണ്.” ബാക്ടീരിയയുടെ ഒ157:എച്ച്7 എന്ന ഇനം കുഴപ്പമുണ്ടാക്കുന്നതാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് 1982-ലാണ്. എന്നാൽ അതിനുശേഷം, ബാക്ടീരിയയുടെ ഈ ഇനം ഷീഗല്ല അതിസാരത്തിനു ഹേതുവായ ഷീഗ വിഷം ഉത്പാദിപ്പിക്കാൻ ഒരു പുതിയ ജീൻ സ്വീകരിച്ചിട്ടുണ്ട്. സത്വരം ചികിത്സിച്ചില്ലെങ്കിൽ അതിസാരം നിമിത്തം രക്തസ്രാവം, വൃക്കത്തകരാറ്, മരണം എന്നിവ ഉണ്ടായേക്കാം. 1993-ൽ ഐക്യനാടുകളുടെ വടക്കുപടിഞ്ഞാറു ഭാഗത്ത്, പ്രസിദ്ധമായ ഒരു ഹോട്ടൽ ശൃംഖലയിൽനിന്നു നന്നായി വേവിക്കാഞ്ഞ ഹാംബർഗർ ഭക്ഷിച്ചശേഷം 4 ആളുകൾ മരിക്കുകയും 700 ആളുകൾക്കു സുഖമില്ലാതാകുകയും ചെയ്തു. അടുത്തകാലത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലും രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഐക്യനാടുകളിൽ മാത്രം വർഷംതോറും ഇ. കൊളൈ ഒ157:എച്ച്7 2,00,000 രോഗബാധകൾക്കും 250 മുതൽ 500 വരെ മരണങ്ങൾക്കും കാരണമാകുന്നു. “രോഗബാധ മെച്ചമായി തടയുന്നതിന് ഉപഭോക്താക്കൾ ഇറച്ചി, പ്രത്യേകിച്ച് കൊത്തിനുറുക്കിയത്, വേവിച്ചതാണെന്ന് ഉറപ്പുവരുത്തുക. പിങ്ക് നിറം മാറി ഇറച്ചിക്കകത്ത് ചൂട് 155 ഡിഗ്രി ഫാരൻഹീറ്റ് ആകുന്നതുവരെ വേവിക്കുകയും വേണം,” ടൈംസ് പറയുന്നു.