ചെർണോബിലിലെ ദാരുണാവസ്ഥയിലും ഉറച്ച പ്രത്യാശ
യൂക്രെയിനിലെ ഉണരുക! ലേഖകൻ
ചരിത്രത്തിലെ ഏറ്റവും വലിയ ആണവനിലയ ദുരന്തമുണ്ടായതു യക്രെയിനിലെ ചെർണോബിലിലായിരുന്നു. 1986 ഏപ്രിൽ 26-ന്. “മനുഷ്യവർഗം ജീവൻ നൽകിയ ഭീമശക്തികളെ വരുതിയിൽ നിർത്താൻ അതിനിനിയും കഴിഞ്ഞിട്ടില്ല” എന്നതിന്റെ ദാരുണമായ ഓർമിപ്പിക്കലാണ് ആ ദുരന്തമെന്നു പിന്നീട് അതേ വർഷം അന്നത്തെ സോവിയറ്റ് പ്രസിഡൻറ് മിഖായേൽ ഗോർബച്ചേവ് അഭിപ്രായപ്പെടുകയുണ്ടായി.
ചെർണോബിൽ ദുരന്തത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ട്, 1987 ഫെബ്രുവരിയിലെ സൈക്കോളജി ടുഡേയുടെ ജർമൻ പതിപ്പ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ചെർണോബിലിലെ റിയാക്ടറിലുണ്ടായ ദുരന്തം . . . ആധുനിക സാങ്കേതികവികസനത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. അത് വലിയൊരളവിൽ നമ്മെ നൂറ്റാണ്ടുകളോളം ബാധിക്കുന്ന ഒരു മഹാദുരന്തമായിരുന്നു.” “ഇന്നോളം നടന്നിട്ടുള്ള ആണവപരീക്ഷണങ്ങളുടെയും ബോംബുസ്ഫോടനങ്ങളുടെയും ഫലമായുണ്ടായിട്ടുള്ളത്ര അളവിൽ ദീർഘസ്ഥായിയായ അണുപ്രസരണം ലോകത്തിലെ വായുവിലേക്കും മേൽമണ്ണിലേക്കും വെള്ളത്തിലേക്കും വ്യാപിച്ചിരിക്കുന്നു” എന്ന് ന്യൂയോർക്ക് ടൈംസ് പറയുകയുണ്ടായി.
“സോവിയറ്റ് റിയാക്ടർ ഉരുകിയതിന്റെ ഫലമായി അടുത്ത 50 വർഷത്തിനുള്ളിൽ ലോകമെമ്പാടും 60,000-ത്തോളം ആളുകൾ കാൻസർ പിടിപെട്ട് മരിക്കും . . . തന്നെയുമല്ല, 5,000 പേർക്കു ഗുരുതരമായ ജനിതക തകരാറുകൾ സംഭവിക്കും, 1,000-ത്തോളം പേർക്കു ജന്മനാ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരിക്കും” എന്ന് ഹാനോഫെർഷ ആൽജമൈനെ എന്ന ജർമൻ പത്രം മുൻകൂട്ടിപ്പറയുകയുണ്ടായി.
ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ഭയത്തിന്റെയും ഉത്കണ്ഠയുടെയും അനിശ്ചിതത്വത്തിന്റെയും ഒരു മേഘത്തെ ചെർണോബിൽ ദുരന്തം സൃഷ്ടിച്ചിരിക്കുന്നു. എന്നാൽ, ഈ ദാരുണാവസ്ഥയിലും ചിലർ ഉറച്ച പ്രത്യാശ പുലർത്തുന്നു. വിക്ടർ, ആന്ന, അവരുടെ രണ്ടു പെൺമക്കളായ യിലനാ, ആന്യാ എന്നിവരടങ്ങുന്ന റുഡ്നിക് കുടുംബത്തിന്റെ കാര്യം പരിചിന്തിക്കുക. 1986 ഏപ്രിലിൽ അവർ താമസിച്ചിരുന്നതു ചെർണോബിൽ റിയാക്ടറിൽനിന്നു മൂന്നു കിലോമീറ്ററിനുള്ളിലുള്ള പ്രിപ്പെറ്റ് എന്ന സ്ഥലത്തായിരുന്നു.
ദുരന്തദിനം
ദാരുണമായ ആ ശനിയാഴ്ച പ്രഭാതത്തിൽ, കേടുപാടു സംഭവിച്ച ആണവനിലയത്തിൽ അഗ്നിശമനപ്രവർത്തകർ നടത്തിയ വീരോചിതമായ പ്രവർത്തനം അതിലുമേറെ ദാരുണമായ അനന്തരഫലങ്ങൾ ഒഴിവാക്കി. വികിരണത്തിന്റെ ഫലമായി മണിക്കൂറുകൾക്കുള്ളിൽ ആ അഗ്നിശമനപ്രവർത്തകർ രോഗബാധിതരായി, പലരും പിന്നീട് മരിച്ചു. കത്തിക്കരിഞ്ഞ ജീവിതങ്ങൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ, 1970-കളിൽ ചെർണോബിലിൽ ഡെപ്യൂട്ടി ചീഫ് എൻജിനിയറായിരുന്ന, ഗ്രിഗറി മെഡ്വെഡഫ് ഇങ്ങനെ വിവരിക്കുന്നു: “റിയാക്ടറിനെ നഗരത്തിൽനിന്നു വേർതിരിക്കുന്ന പൈൻവൃക്ഷത്തോട്ടത്തിലാകമാനം വികിരണമേഘം വ്യാപിച്ചു. ആ കൊച്ചുവനത്തിൽ റേഡിയോ ആക്ടീവതയുള്ള ചാരമഴ പെയ്തു.” റേഡിയോ ആക്ടീവതയുള്ള അനേകം ടൺ പദാർഥം ബാഷ്പരൂപത്തിൽ അന്തരീക്ഷത്തിൽ ലയിച്ചുചേർന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു!
ശ്രദ്ധേയമെന്നു പറയട്ടെ, 40,000-ത്തിലധികം ആളുകൾ വസിക്കുന്ന പ്രിപ്പെറ്റിലെ ജനജീവിതം ആ ശനിയാഴ്ച അഭംഗുരം തുടരുന്നതായി തോന്നി. കുട്ടികൾ തെരുവുകളിൽ കളിച്ചുനടന്നു, മേയ് 1-നുള്ള സോവിയറ്റ് വിശേഷദിനാഘോഷത്തിനായി ആളുകൾ ഒരുങ്ങി. അപകടത്തെക്കുറിച്ച് എന്തെങ്കിലും അറിയിപ്പോ വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പോ ഒന്നുമുണ്ടായില്ല. ആന്ന റുഡ്നിക് മൂന്നു വയസ്സുള്ള മകൾ യിലനായെയുംകൊണ്ട് ഉലാത്തുകയായിരുന്നു. അപ്പോഴാണ് അവർ ആന്നയുടെ രണ്ടാനപ്പനെ കണ്ടുമുട്ടിയത്. അദ്ദേഹം അപകടത്തെക്കുറിച്ചു കേട്ടിരുന്നു. വികിരണബാധയുണ്ടായേക്കുമോ എന്നു സംശയിച്ച് അദ്ദേഹം അവരെ 16 കിലോമീറ്റർ അകലെയുള്ള തന്റെ ഭവനത്തിലേക്കു പെട്ടെന്നുതന്നെ വണ്ടിയിൽ കൊണ്ടുപോയി.
റേഡിയോ ആക്ടീവതയുള്ള മേഘം അന്തരീക്ഷത്തിലേക്കുയർന്ന് യൂക്രെയിനിലെ നൂറുകണക്കിനു കിലോമീറ്റർ പ്രദേശത്തും ബെലോറഷ്യയിലും (ഇപ്പോഴത്തെ ബെലാറസ്) റഷ്യയിലും പോളണ്ടിലും അതുപോലെതന്നെ ജർമനിയിലും ഓസ്ട്രിയയിലും സ്വിറ്റ്സർലൻഡിലുമൊക്കെ വ്യാപിച്ചു. പിറ്റേ തിങ്കളാഴ്ച സ്വീഡനിലെയും ഡെൻമാർക്കിലെയും ശാസ്ത്രജ്ഞർ ഉത്കണ്ഠാകുലരായി. കാരണം, ഉയർന്ന അളവിലുള്ള റേഡിയോ ആക്ടീവത അവർ രേഖപ്പെടുത്തി.
അനന്തരഫലം
സോവിയറ്റ് പട്ടാളക്കാരെയും അഗ്നിശമനപ്രവർത്തകരെയും നിർമാണവിദഗ്ധരെയും മറ്റുള്ളവരെയും ചെർണോബിലിലേക്ക് അയച്ചു. ഏതാണ്ട് 6,00,000 പേർ അടങ്ങിയ ഈ സംഘം അറിയപ്പെട്ടത് “ലിക്വിഡേറ്റേഴ്സ്” എന്നാണ്. ഇരുമ്പും കോൺക്രീറ്റും കൊണ്ട് രണ്ടു മീറ്റർ കനവും പത്തു നില ഉയരവുമുള്ള ഒരു ആവരണമുണ്ടാക്കി കേടുപറ്റിയ റിയാക്ടറിനെ അവർ മൂടി. അല്ലായിരുന്നെങ്കിൽ, യൂറോപ്പിൽ കൂടുതൽ വിപത്തുണ്ടാകുമായിരുന്നു.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ സമീപ പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. “വീടും വസ്ത്രങ്ങളും പണവും രേഖകളുമടക്കം ഞങ്ങൾക്കുണ്ടായിരുന്ന സകലതും ഉപേക്ഷിക്കേണ്ടിവന്നു,” വിക്ടർ വിശദീകരിച്ചു. “ഞങ്ങൾ അങ്ങേയറ്റം ഉത്കണ്ഠാകുലരായിരുന്നു. കാരണം, ആന്ന ഞങ്ങളുടെ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു.”
ഏതാണ്ട് 1,35,000 ആളുകൾക്കു മാറിത്താമസിക്കേണ്ടിവന്നു. റിയാക്ടറിന് 30 കിലോമീറ്റർ ചുറ്റുപാടുമുള്ള എല്ലാ വാസസ്ഥലങ്ങളും ഉപേക്ഷിക്കേണ്ടിവന്നു. റുഡ്നിക് കുടുംബം ബന്ധുക്കളോടൊപ്പം മാറിത്താമസിച്ചു. എന്നിരുന്നാലും, റുഡ്നിക് കുടുംബം തങ്ങളിലേക്കു റേഡിയോ ആക്ടീവത പകർത്തുമോ എന്ന് ഈ ബന്ധുക്കൾ ഭയന്നു. “അവർ അസ്വസ്ഥരായിരുന്നു. ഒടുവിൽ ഞങ്ങളോട് അവിടന്നു പോകാൻ ആവശ്യപ്പെട്ടു,” ആന്ന പറഞ്ഞു. ഒഴിച്ചുമാറ്റപ്പെട്ട മറ്റുള്ളവർക്കും വേദനാജനകമായ സമാന അനുഭവം ഉണ്ടായി. ഒടുവിൽ, റഷ്യയിലെ മോസ്കോയിൽനിന്ന് 170 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള കലൂഗയിൽ 1986 സെപ്റ്റംബറിൽ റുഡ്നിക് കുടുംബം താമസമുറപ്പിച്ചു.
“ഞങ്ങൾക്ക് ഒരിക്കലും തിരിച്ചുപോകാനാവില്ലെന്നു ഞങ്ങൾ ഒടുവിൽ മനസ്സിലാക്കി,” ആന്ന അഭിപ്രായപ്പെട്ടു. “ഞങ്ങൾ ജനിച്ചു വളർന്ന ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബവീട് ഞങ്ങൾക്കു നഷ്ടമായി. പൂക്കളും പുൽത്തകിടികളും അരുവിയിൽ ജലലില്ലികളുമുള്ള സുന്ദരമായ സ്ഥലമായിരുന്നു അത്. പഴങ്ങളും കൂണുകളുംകൊണ്ട് ആ വനം സമൃദ്ധമായിരുന്നു.”
യൂക്രെയിന്റെ ചാരുതയ്ക്കു മങ്ങലേൽക്കുക മാത്രമല്ല, സോവിയറ്റ് യൂണിയന്റെ ധാന്യസംഭരണി എന്ന അതിന്റെ പങ്കിനെയും ആ ദുരന്തം ബാധിച്ചു. ആ ശരത്കാലത്തു രാജ്യത്തുണ്ടായ വിളയിലധികവും മലിനീകൃതമായി. അതുപോലെ, സ്കാൻഡിനേവിയയിലെ മാനിറച്ചിയിൽ 70 ശതമാനവും ഭക്ഷ്യയോഗ്യമല്ലാത്തതായി പ്രഖ്യാപിക്കപ്പെട്ടു. കാരണം, ആ മൃഗങ്ങൾ തിന്നത് വികിരണം ബാധിച്ച കൽപ്പായലായിരുന്നു. ജർമനിയിലെ ചില ഭാഗങ്ങളിൽ മലിനീകരണത്തെ ഭയന്നു പച്ചക്കറികൾ ശേഖരിക്കാഞ്ഞതിനാൽ അവ പാടങ്ങളിൽത്തന്നെ അഴുകിപ്പോകാനിടയായി.
വികിരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ
അപകടം നടന്ന് അഞ്ചു വർഷത്തിനുശേഷം പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ കാണിക്കുന്നതു വികിരണമേറ്റവരുടെ സംഖ്യ 5,76,000 ആണെന്നാണ്. അത്തരക്കാർക്കിടയിൽ കാൻസർസംബന്ധവും അല്ലാത്തതുമായ രോഗങ്ങൾ കൂടുതലാണെന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നു. പ്രത്യേകിച്ചും യുവജനങ്ങളെ അതു ബാധിച്ചിരിക്കുന്നു. “ചെർണോബിലിൽനിന്നു കൂടിയ അളവിലുള്ള അണുപ്രസരണത്തിനു വിധേയരായ ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ 40 ശതമാനത്തിനും പ്രായപൂർത്തിയെത്തുമ്പോൾ തൈറോയ്ഡ് കാൻസറുണ്ടാകുന്നു”വെന്നു യൂറോപ്പിലെ പ്രമുഖ തൈറോയ്ഡ് വിദഗ്ധരിലൊരാൾ വിശ്വസിക്കുന്നതായി 1995 ഡിസംബർ 2-ലെ ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്തു.
ആന്ന വികിരണത്തിനു വിധേയയായതുകൊണ്ട് ഗർഭച്ഛിദ്രം നടത്തണമെന്നു ഡോക്ടർമാർ നിർബന്ധം പിടിച്ചു. വിക്ടറും ആന്നയും അതു നിരസിച്ചപ്പോൾ, ജനിക്കുന്ന കുട്ടിക്കു വൈകല്യമുണ്ടെങ്കിൽപോലും അവർ ആ കുട്ടിയെ പരിപാലിച്ചുകൊള്ളാമെന്നുള്ള ഒരു ഉടമ്പടി പത്രത്തിൽ അവർക്ക് ഒപ്പിടേണ്ടിവന്നു. ആന്യാ വൈകല്യമുള്ളവളല്ലെങ്കിലും അവൾക്കു നേത്രരോഗവും ശ്വസനസംബന്ധമായ പ്രശ്നങ്ങളും ഹൃദയ-ധമനീ രോഗങ്ങളുമുണ്ട്. അതിനു പുറമേ, ആ ദുരന്തത്തിനുശേഷം റുഡ്നിക് കുടുംബത്തിലെ മറ്റംഗങ്ങളുടെ ആരോഗ്യവും ക്ഷയിച്ചിരിക്കുന്നു. വിക്ടറിനും യിലനായ്ക്കും ഹൃദയസംബന്ധമായ കുഴപ്പങ്ങളുണ്ടായി. എന്നാൽ ആന്ന ചെർണോബിൽ രോഗിയായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന അനേകരിൽ ഒരാളാണ്.
കേടുപറ്റിയ ആണവനിലയം മുദ്രവെച്ച ലിക്വിഡേറ്റേഴ്സ് ഏറ്റവും കൂടുതൽ അണുപ്രസരണത്തിനു വിധേയരായവരിൽ പെടുന്നു. ശുചീകരണത്തിൽ സഹായിച്ച ആയിരങ്ങൾ അകാലചരമമടഞ്ഞതായി പറയപ്പെടുന്നു. അതിജീവകരായ പലർക്കും നാഡീസംബന്ധമായ കുഴപ്പങ്ങൾ മാത്രമല്ല ശാരീരിക-മനോജന്യ പ്രശ്നങ്ങളുമുണ്ട്. വിഷാദം വളരെ വ്യാപകമാണ്. ആത്മഹത്യയും സാധാരണം.
അതിജീവകരിൽ ഒരാളാണ് ആൻഷല. അവൾക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. ദുരന്തസമയത്ത് അവൾ താമസിച്ചിരുന്നത് യൂക്രെയിനിന്റെ തലസ്ഥാനമായ കിയേവിലായിരുന്നു. ചെർണോബിലിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള സ്ഥലമാണത്. എന്നാൽ പിന്നീട് റിയാക്ടറിൽ ലിക്വിഡേറ്റേഴ്സിന് സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിന് അവൾ സമയം ചെലവഴിച്ചു. സ്വെറ്റ്ലാന മറ്റൊരു അതിജീവകയാണ്. കിയേവിനടുത്തുള്ള ഇർപ്പിനിലാണു താമസം. കാൻസർ പിടിപെട്ട അവൾ ശസ്ത്രക്രിയയ്ക്കു വിധേയയായി.
പിന്തിരിഞ്ഞുനോക്കൽ
ആ മഹാ ദുരന്തം നടന്ന് പത്തു വർഷത്തിനുശേഷം 1996 ഏപ്രിലിൽ മിഖായേൽ ഗോർബച്ചേവ് ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാൻ ഞങ്ങൾ സജ്ജരായിരുന്നില്ല.” അതേസമയം, റഷ്യയുടെ പ്രസിഡൻറ് യെൽസിൻ ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്: “ഇത്രയും വലിയ, ഇത്രയും മാരക പരിണതഫലങ്ങളുള്ള, ഒഴിവാക്കാൻ ഇത്രയും ബുദ്ധിമുട്ടുള്ള ഒരു ദാരുണ സംഭവത്തെ മനുഷ്യവർഗം മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ല.”
ചെർണോബിൽ ദുരന്തത്തിന്റെ പരിണതഫലത്തെ, ഒരു ഇടത്തരം ആണവയുദ്ധത്തിന്റെ ഫലമായി ഉണ്ടാകുമായിരുന്ന വിപത്തിനോടു സയൻറിഫിക് അമേരിക്കന്റെ ജർമൻ പതിപ്പു താരതമ്യം ചെയ്തതു ശ്രദ്ധേയമാണ്. ദുരന്തത്തിന്റെ ഫലമായി മരിച്ചവരുടെ സംഖ്യ 30,000 വരുമെന്നു ചിലർ കണക്കാക്കുന്നു.
കഴിഞ്ഞ വർഷത്തെ ഒരു വാർത്താറിപ്പോർട്ടനുസരിച്ച്, അപകടത്തിന്റെ പത്താം വാർഷികത്തിലും ആ ആണവനിലയത്തിനു ചുറ്റുമുള്ള 29 കിലോമീറ്റർ പ്രദേശം മനുഷ്യജീവനു പറ്റിയതായിരുന്നില്ല. എന്നിരുന്നാലും, “ദൃഢനിശ്ചയം ചെയ്ത 647 താമസക്കാർ കൈക്കൂലി കൊടുത്ത് ഉള്ളിൽ കടക്കുകയോ ആ മേഖലയിലേക്കു പരസ്യമായി പ്രവേശിക്കുകയോ ചെയ്തു”വെന്ന് ആ റിപ്പോർട്ടു പറയുകയുണ്ടായി. അതിങ്ങനെ നിരീക്ഷിച്ചു: “ആണവനിലയത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് ആരും താമസിക്കുന്നില്ല. അതിനെ ചുറ്റിയുള്ള വേറേ 20 കിലോമീറ്റർ വരുന്ന പ്രദേശത്തേക്കാണ് ഏതാനും ശതം ആളുകൾ മടങ്ങിയിരിക്കുന്നത്.”
വ്യാപകമായ ഭയത്തിൻമധ്യേയും ഉറപ്പ്
ചെർണോബിലിനു സമീപത്ത് ഒരിക്കൽ താമസിച്ചിരുന്ന ആയിരക്കണക്കിന് ആളുകളെ സംബന്ധിച്ചിടത്തോളം ജീവിതം ദുഷ്കരമായിരുന്നു, ഇപ്പോഴും ദുഷ്കരമാണ്. ഒഴിച്ചുമാറ്റപ്പെട്ടവരെക്കുറിച്ചുള്ള ഒരു പഠനം സൂചിപ്പിക്കുന്നത് അവരിൽ 80 ശതമാനവും തങ്ങളുടെ പുതിയ ഭവനങ്ങളിൽ അസന്തുഷ്ടരാണ് എന്നാണ്. അവർ ദുഃഖിതരാണ്, ക്ഷീണിതരാണ്, സമാധാനമില്ലാത്തവരാണ്, അസ്വാസ്ഥ്യമുള്ളവരാണ്, ഏകാന്തത അനുഭവിക്കുന്നവരാണ്. ചെർണോബിൽ കേവലമൊരു ആണവ അപകടമായിരുന്നില്ല—ഞെട്ടിക്കുന്ന അളവിലുള്ള സാമൂഹികവും മനശ്ശാസ്ത്രപരവുമായ ഒരു പ്രതിസന്ധിയായിരുന്നു. ചെർണോബിൽ ദുരന്തപൂർവ, ചെർണോബിൽ ദുരന്താനന്തര എന്നിങ്ങനെയുള്ള വിശേഷണങ്ങൾ പലരും സംഭവങ്ങൾക്കു നൽകുന്നത് അതിശയമല്ല.
മറ്റു പലരിൽനിന്നും വ്യത്യസ്തമായി, റുഡ്നിക് കുടുംബം ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതു വളരെ മികച്ച വിധത്തിലാണ്. അവർ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. തത്ഫലമായി, നീതിയുള്ള പുതിയ ലോകത്തെക്കുറിച്ചു ദൈവവചനത്തിൽ കാണുന്ന വാഗ്ദത്തങ്ങളിൽ ശക്തമായ വിശ്വാസം വളർത്തിയെടുത്തു. (യെശയ്യാവു 65:17-25; 2 പത്രൊസ് 3:13; വെളിപ്പാടു 21:3, 4) 1995-ൽ വിക്ടറും ആന്നയും ജലസ്നാപനമേറ്റുകൊണ്ട് ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തി. പിന്നീട് അവരുടെ പുത്രി യിലനായും സ്നാപനമേറ്റു.
വിക്ടർ ഇങ്ങനെ വിശദീകരിക്കുന്നു: “നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെയും ഭൂമിയിലെ മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിയാൻ ബൈബിൾ പഠനം ഞങ്ങളെ പ്രാപ്തരാക്കിയിരിക്കുന്നു. ഞങ്ങൾ മേലാൽ വിഷാദമഗ്നരല്ല. കാരണം, ദൈവരാജ്യം വരുമ്പോൾ അത്തരം ഭീകരമായ ദുരന്തങ്ങൾ മേലാൽ ഉണ്ടാകുകയില്ലെന്ന് ഞങ്ങൾക്കറിയാം. ചെർണോബിലിനടുത്ത് ഞങ്ങൾ താമസിച്ചിരുന്ന ഗ്രാമം അതിന്റെ ദാരുണ അവസ്ഥയിൽനിന്നു കരകയറി അത്ഭുതകരമായ പറുദീസയുടെ ഭാഗമായിത്തീരുന്ന കാലത്തിനു വേണ്ടി ഞങ്ങൾ നോക്കിപ്പാർത്തിരിക്കുന്നു.”
നീതിയുള്ള ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുന്ന ആൻഷലയും സ്വെറ്റ്ലാനയും വികിരണം മൂലമുള്ള രോഗാവസ്ഥയിലാണെങ്കിലും അതേ വീക്ഷണമുള്ളവരാണ്. “സ്രഷ്ടാവിനെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള പരിജ്ഞാനമില്ലാത്ത ജീവിതം ദുഷ്കരമായിരിക്കും. എന്നാൽ യഹോവയുമായി അടുത്ത ബന്ധമുണ്ടായിരിക്കുന്നതു ക്രിയാത്മകമായി നിലകൊള്ളാൻ എന്നെ സഹായിക്കുന്നു. എന്റെ ആഗ്രഹം ബൈബിളിന്റെ മുഴുസമയ പ്രസംഗകയായി അവനെ സേവിക്കുന്നതിൽ തുടരുകയെന്നതാണ്” എന്ന് ആൻഷല അഭിപ്രായപ്പെട്ടു. സ്വെറ്റ്ലാന ഇപ്രകാരം കൂട്ടിച്ചേർത്തു: “എന്റെ ക്രിസ്തീയ സഹോദരീസഹോദരന്മാർ എനിക്കു വലിയൊരു സഹായമാണ്.”
“കാലവും മൂൻകൂട്ടിക്കാണാനാകാത്ത സംഭവവും” ഹേതുവായുണ്ടാകുന്ന അത്യാഹിതങ്ങൾ എവിടെ ജീവിച്ചിരുന്നാലും ഏതുതരക്കാരായിരുന്നാലും ആളുകളെ ബാധിക്കുമെന്നു ബൈബിളിന്റെ പഠനം അത്തരക്കാർക്കു വെളിപ്പെടുത്തിയിരിക്കുന്നു. (സഭാപ്രസംഗി 9:11, NW) തങ്ങളുടെ കുഴപ്പങ്ങൾ എത്ര മാരകമായിരുന്നാലും, യഹോവയാം ദൈവത്തിനു നീക്കാനാവാത്ത യാതൊരു കുഴപ്പങ്ങളുമില്ലെന്ന്, അവനു സൗഖ്യമാക്കാൻ കഴിയാത്ത യാതൊരു മുറിവുമില്ലെന്ന്, അവനു മടക്കിത്തരാൻ കഴിയാത്ത യാതൊരു നഷ്ടവുമില്ലെന്ന് ബൈബിൾ വിദ്യാർഥികൾ പഠിച്ചിരിക്കുന്നു.
ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വാസം വളർത്തിയെടുത്തുകൊണ്ടു ശോഭനമായ ഒരു പ്രത്യാശ നിങ്ങൾക്കും ഉണ്ടായിരിക്കാൻ എങ്ങനെ കഴിയും? ബൈബിൾ പുസ്തകമായ സദൃശവാക്യങ്ങളുടെ എഴുത്തുകാരൻ ഇങ്ങനെ ഉത്തരം നൽകുന്നു: “നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു ഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.” (സദൃശവാക്യങ്ങൾ 22:19) അതേ, ക്രമമായ ബൈബിളധ്യയനത്തിലൂടെ നിങ്ങൾ പരിജ്ഞാനം നേടേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിനു നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾക്കു നിങ്ങളെ സഹായിക്കാനാകും. നിങ്ങൾക്കു സൗകര്യപ്രദമായ സ്ഥലത്തും സമയത്തും ബൈബിൾ പഠിക്കുന്നതിന് അവർ ക്രമീകരണം ചെയ്യും.
[14-ാം പേജിലെ ആകർഷകവാക്യം]
“ഇത്രയും വലിയ, ഇത്രയും മാരക പരിണതഫലങ്ങളുള്ള, നീക്കം ചെയ്യാൻ ഇത്രയും ബുദ്ധിമുട്ടുള്ള ഒരു ദാരുണ സംഭവം മനുഷ്യവർഗം മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല.” റഷ്യൻ പ്രസിഡൻറ് യെൽസിൻ
[15-ാം പേജിലെ ആകർഷകവാക്യം]
ചെർണോബിൽ കേവലമൊരു ആണവ അപകടമായിരുന്നില്ല—ഞെട്ടിക്കുന്ന അളവിലുള്ള സാമൂഹികവും മനശ്ശാസ്ത്രപരവുമായ ഒരു പ്രതിസന്ധിയായിരുന്നു
[12-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Tass/Sipa Press