ദൈവം—ചൂതാട്ടക്കാരനോ സ്രഷ്ടാവോ?
“പ്രകൃത്യതീതമായ ഏതുതരം തർക്കങ്ങളെയും പല ശാസ്ത്രജ്ഞന്മാരും ഇഷ്ടാനുസരണം എതിർക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. വേദാന്തപരമായ കാര്യങ്ങളെക്കുറിച്ചു പറയുകയേ വേണ്ട. ഒരു ദൈവമോ സൃഷ്ടിപരമായ ഒരു അമൂർത്ത തത്ത്വമോ . . . ഉണ്ടായിരുന്നേക്കാമെന്ന ആശയത്തെ അവർ പുച്ഛിച്ചുതള്ളുന്നു. വ്യക്തിപരമായി ഞാൻ അവരുടെ മനോഭാവത്തെ അംഗീകരിക്കുന്നില്ല,” ദക്ഷിണ ഓസ്ട്രേലിയയിലെ അഡലെയ്ഡ് യൂണിവേഴ്സിറ്റിയിലുള്ള ഗണിതഭൗതികശാസ്ത്ര പ്രൊഫസറായ പോൾ ഡേവീസ് ദൈവമനസ്സ് (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പറയുന്നു.
ഡേവീസ് ഇങ്ങനെയും പറയുന്നു: “പ്രപഞ്ചത്തിലെ നിയമങ്ങൾ, വിവിധ സങ്കീർണ ജീവരൂപങ്ങളുടെ ഉത്ഭവത്തിനു തികച്ചും അനുകൂലമാണെന്ന് ശ്രദ്ധാപൂർവമായ പഠനം സൂചിപ്പിക്കുന്നു. ജീവജാലങ്ങളുടെ കാര്യത്തിൽ, അവയുടെ അസ്തിത്വം ഭാഗ്യവശാലുള്ള അനേകം യാദൃച്ഛിക സംഭവങ്ങളെ ആധാരമാക്കിയുള്ളതാണെന്നു കാണപ്പെടുന്നു. ചില ശാസ്ത്രജ്ഞന്മാരും തത്ത്വചിന്തകരും അതിനെ തികച്ചും ആശ്ചര്യജനകമായ ഒരു സംഗതി എന്നു പാടിപ്പുകഴ്ത്തിയിരിക്കുന്നു.”
അദ്ദേഹം തുടർന്നു പറയുന്നു: “ശാസ്ത്രീയ അന്വേഷണം അജ്ഞാതമായതിലേക്കുള്ള ഒരു യാത്രയാണ്. . . . പക്ഷേ ഈ അന്വേഷണത്തിലുടനീളം പരിചിതമായ ന്യായബോധവും ക്രമവും കാണാവുന്നതാണ്. ഈ പ്രാപഞ്ചിക ക്രമത്തിനു പിന്നിൽ, അതിലോലവും ഏകോപിതവുമായ ഒരു ഐക്യത ഉളവാക്കത്തക്കവിധം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന സുനിശ്ചിതമായ ഗണിതശാസ്ത്രനിയമങ്ങൾ ഉള്ളതായി നാം കാണും. ഈ നിയമങ്ങൾക്കു സുന്ദരമായ ലാളിത്യമുണ്ട്.”
ഇപ്രകാരം പറഞ്ഞുകൊണ്ട് ഡേവീസ് ഉപസംഹരിക്കുന്നു: “പ്രപഞ്ചത്തിന്റെ സ്വഭാവം മനസ്സിലാക്കാനുള്ള കഴിവ് ഹോമോ സാപ്പിയൻസിനു മാത്രം ഉള്ളതിന്റെ കാരണം വലിയൊരു പിടികിട്ടാപ്രശ്നമാണ്. . . . നാം ഈ പ്രപഞ്ചത്തിൽ സ്ഥിതി ചെയ്യുന്നതു കേവലം യാദൃച്ഛികമോ ആകസ്മികമോ ആയ ഒരു സംഭവത്താലാണെന്ന് എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. നാം ഈ പ്രപഞ്ചവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു . . . നാം ഇവിടെ ആയിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതുതന്നെയാണ്.” എങ്കിലും ഒരു രൂപകൽപ്പിതാവ്, അതായത് ദൈവം ഉണ്ടെന്ന നിഗമനത്തിൽ ഡേവീസ് എത്തിച്ചേരുന്നില്ല. എന്നാൽ നിങ്ങളോ? മനുഷ്യവർഗം ഇവിടെയായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നോ? അങ്ങനെയെങ്കിൽ നാം ഇവിടെ ആയിരിക്കാൻ ഉദ്ദേശിച്ചത് ആരാണ്?
“പിടികിട്ടാപ്രശ്ന”ത്തിനുള്ള താക്കോലുകൾ
‘വലിയൊരു പിടികിട്ടാപ്രശ്നം’ എന്ന് ഡേവീസ് വിളിച്ചത് മനസ്സിലാക്കാൻ അപ്പോസ്തലനായ പൗലൊസ് നമുക്ക് ഒരു സൂചന നൽകുന്നു. ദൈവം തന്നെത്താൻ വെളിപ്പെടുത്തിയിരിക്കുന്നതെങ്ങനെയെന്നു പൗലൊസ് കാണിക്കുന്നു: “[അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ] സകല അഭക്ഷിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു. ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.” (റോമർ 1:18-20)a അതേ, ജീവരൂപങ്ങളുടെ അനന്തമായ വൈവിധ്യങ്ങൾ അവയുടെ അമ്പരപ്പിക്കുന്ന സങ്കീർണത, മനോജ്ഞമായ രൂപകൽപ്പന എന്നിവ മനുഷ്യൻ എന്നെങ്കിലും അറിഞ്ഞിട്ടുള്ള എന്തിനെക്കാളും ഏറെ ഉത്കൃഷ്ടമായ ഒരു പരമോന്നത ശക്തി, ബുദ്ധിശക്തി അല്ലെങ്കിൽ മനസ്സ് ഉണ്ടെന്നു തിരിച്ചറിയാൻ താഴ്മയും ഭയഭക്തിയുമുള്ള ഒരുവനെ സഹായിക്കേണ്ടതാണ്.—സങ്കീർത്തനം 8:3, 4.
ദൈവത്തെ തള്ളിക്കളയുന്നവരെ സംബന്ധിച്ചുള്ള പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ ഒരുവനു ചിന്തിക്കാൻ വകനൽകുന്നു: “ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി . . . ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാററിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.” (റോമർ 1:22, 25) “പ്രകൃതി”യെ പൂജിക്കുകയും ദൈവത്തെ തള്ളിക്കളയുകയും ചെയ്യുന്നവർ യഹോവയുടെ കാഴ്ചപ്പാടിൽ ഒരിക്കലും ജ്ഞാനികളല്ല. പരസ്പര വിരുദ്ധമായ പരിണാമസിദ്ധാന്തങ്ങളുടെ ചെളിക്കുണ്ടിൽ ആണ്ടുപോയ അവർ, സ്രഷ്ടാവിനെയും അവന്റെ സൃഷ്ടിയുടെ സങ്കീർണതയെയും രൂപകൽപ്പനയെയും അംഗീകരിക്കുന്നതിൽ പരാജയപ്പെടുന്നു.
“യാദൃച്ഛിക സംഭവങ്ങളുടെ വൻ പരമ്പര”
പൗലൊസ് ഇങ്ങനെയും എഴുതി: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രായർ 11:6) ക്ഷണവിശ്വാസമല്ല, മറിച്ച് സൂക്ഷ്മ പരിജ്ഞാനത്തെ ആധാരമാക്കിയുള്ള വിശ്വാസം, നാം എന്തുകൊണ്ടാണ് അസ്തിത്വത്തിലുള്ളതെന്നു മനസ്സിലാക്കുന്നതിലേക്കു നമ്മെ നയിക്കും. (കൊലൊസ്സ്യർ 1:9, 10) ജീവൻ സ്ഥിതി ചെയ്യുന്നത് “പത്തു ലക്ഷം ഡോളറിന്റെ ഭാഗ്യക്കുറി ഒന്നിനു പുറകേ ഒന്നായി പത്തു ലക്ഷം തവണ അടിച്ചെടുത്തതുപോലെ”യാണെന്ന് ചില ശാസ്ത്രജ്ഞന്മാർ നമ്മെ വിശ്വസിപ്പിക്കാൻ ആഗ്രഹിക്കുമ്പോഴാണ് ക്ഷണവിശ്വാസം രംഗപ്രവേശം ചെയ്യുന്നത്.
ജീവന് അനിവാര്യമായ രണ്ട് മൂലകങ്ങളുടെ—കാർബണിന്റെയും ഓക്സിജന്റെയും—രൂപീകരണത്തിലേക്കു നയിച്ച ന്യൂക്ലിയർ പ്രവർത്തനങ്ങൾ, സന്തുലിതമായ അളവിൽ ഈ മൂലകങ്ങൾ ഉത്പാദിപ്പിച്ചത് ഭാഗ്യവശാലുണ്ടായ ഒരു ആകസ്മിക സംഭവത്താൽ മാത്രമാണെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയ്ൽ സിദ്ധാന്തിച്ചു.
അദ്ദേഹം മറ്റൊരു ഉദാഹരണം നൽകുന്നു: “പ്രോട്ടോണിന്റെയും ഇലക്ട്രോണിന്റെയും സംയോജിത പിണ്ഡം പെട്ടെന്ന്, ന്യൂട്രോണിന്റെ പിണ്ഡത്തെക്കാൾ അൽപ്പം കുറവായിരിക്കുന്നതിനുപകരം കൂടുകയാണെങ്കിൽ ഫലം വിപത്കരമായിരിക്കും. . . . പ്രപഞ്ചത്തിലൊട്ടാകെ ഹൈഡ്രജൻ ആറ്റങ്ങൾ തത്ക്ഷണം വിഘടിച്ച് ന്യൂട്രോണുകളും ന്യൂട്രിനോകളും ആയിത്തീരും. ന്യൂക്ലിയർ ഇന്ധനം ഇല്ലാതായാൽ സൂര്യൻ എരിഞ്ഞമരും.” പ്രപഞ്ചത്തിലെ ശതകോടിക്കണക്കിനു നക്ഷത്രങ്ങളുടെ കാര്യത്തിലും ഇതു ബാധകമാകും.
ഹോയ്ൽ ഇപ്രകാരം ഉപസംഹരിക്കുന്നു: ‘ജീവനുള്ള പദാർഥങ്ങൾ ഉൾപ്പെടാത്ത യാദൃച്ഛിക സംഭവങ്ങളുടെ ആർഷകമായ ഒരു വൻ പരമ്പരയിലൂടെ, കാർബണീയ പദാർഥങ്ങളും തന്നിമിത്തം മനുഷ്യ ജീവനും അസ്തിത്വത്തിൽ വന്നതായി കാണപ്പെടുന്നു.’ അദ്ദേഹം പറയുന്നു: “[ജീവന് ആധാരമായ] അത്തരം ഗുണധർമങ്ങൾ ആനന്ദകരമായ യാദൃച്ഛിക സംഭവങ്ങളുടെ ഒരു ഇഴപോലെ സ്വാഭാവിക ലോകമെന്ന ഉടയാടയിൽ നെയ്തുചേർക്കപ്പെട്ടിരിക്കുന്നതുപോലെ തോന്നുന്നു. എന്നാൽ, ജീവന് അനിവാര്യമായ ഈ വിചിത്ര യാദൃച്ഛിക സംഭവങ്ങൾ വളരെയധികമുള്ളതുകൊണ്ട് അവയ്ക്കു നിദാനമായ ഒരു വിശദീകരണം ആവശ്യമുള്ളതായി തോന്നുന്നു.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “യാദൃച്ഛികമെന്നു തോന്നിക്കുന്ന ഇത്തരം ആകസ്മിക ക്രമീകരണങ്ങൾ ശരിക്കും യാദൃച്ഛികംതന്നെയായിരുന്നോ അതോ അല്ലായിരുന്നോ എന്നുള്ളതും അതുകൊണ്ടുതന്നെ ജീവൻ ആകസ്മികമായിട്ടുണ്ടായതാണോ അല്ലയോ എന്നുള്ളതും തീരുമാനിക്കുന്നതാണ് പ്രശ്നമായിരിക്കുന്നത്. അത്തരം ചോദ്യം ചോദിക്കാൻ ഒരു ശാസ്ത്രജ്ഞനും ഇഷ്ടപ്പെടില്ല, എങ്കിലും അതു ചോദിക്കേണ്ടിയിരിക്കുന്നു. ഈ ക്രമീകരണങ്ങൾ ബുദ്ധിപൂർവം ചെയ്ത മനപ്പൂർവ പ്രവൃത്തിയായിരിക്കുമോ?”
പോൾ ഡേവിസ് എഴുതുന്നു: “‘ന്യൂക്ലിയർ ഊർജതന്ത്രത്തിലെ നിയമങ്ങൾ, അവ നക്ഷത്രങ്ങൾക്കുള്ളിൽ ഉളവാക്കുന്ന ഫലങ്ങൾ കണക്കിലെടുത്ത് മനപ്പൂർവം രൂപകൽപ്പന ചെയ്യപ്പെട്ട’തുപോലെയാണെന്ന് അഭിപ്രായപ്പെടാൻ ഹോയ്ൽ പ്രേരിതനായി. കാരണം ‘യാദൃച്ഛിക സംഭവങ്ങളുടെ ഈ വൻ പരമ്പര’ അദ്ദേഹത്തിൽ അത്രയ്ക്കും മതിപ്പുളവാക്കിയിരുന്നു.” ഈ “[ഭാഗ്യവശാലുള്ള] യാദൃച്ഛിക സംഭവങ്ങളുടെ വൻ പരമ്പര”യ്ക്ക് ആരാണ് അല്ലെങ്കിൽ എന്താണ് കാരണമായിരിക്കുന്നത്? അനന്തമായ വൈവിധ്യത്തോടുകൂടിയ മനോജ്ഞമായ ലക്ഷക്കണക്കിനു സസ്യങ്ങളും ജന്തുക്കളും നിറഞ്ഞ ഈ കൊച്ചു ഗ്രഹം ഉണ്ടാക്കിയത് ആരാണ് അല്ലെങ്കിൽ എന്താണ്?
ബൈബിളിന്റെ ഉത്തരം
ഏതാണ്ട് മൂവായിരം വർഷം മുമ്പ് സങ്കീർത്തനക്കാരൻ ഭയഭക്തിയോടെ ഇപ്രകാരം എഴുതി: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു. വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു.”—സങ്കീർത്തനം 104:24, 25.
അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” (വെളിപ്പാടു 4:11) ജീവൻ, ആകസ്മിക യാദൃച്ഛികതയുടെ, ലക്ഷക്കണക്കിനു ജീവരൂപങ്ങൾ ഉളവാകുന്നതിൽ കലാശിച്ച ഏതെങ്കിലും ഒരു പ്രാപഞ്ചിക ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ പരിണതിയല്ല.
ദൈവം ‘സർവ്വവും സൃഷ്ടിച്ചു, എല്ലാം [അവന്റെ] ഇഷ്ടം ഹേതുവാൽ ഉണ്ടാകുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തു’ എന്നതാണ് ലളിതമായ സത്യം. യേശുക്രിസ്തുതന്നെയും പരീശന്മാരോട് ഇപ്രകാരം ചോദിച്ചു: ‘സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ?’ യേശുവിനു സ്രഷ്ടാവിനെ അറിയാമായിരുന്നു! യഹോവയുടെ വിദഗ്ധ വേലക്കാരനെന്നനിലയിൽ സൃഷ്ടിപ്പിന്റെ സമയത്ത് അവൻ യഹോവയുടെ അരികിലുണ്ടായിരുന്നു.—മത്തായി 19:4, 5; സദൃശവാക്യങ്ങൾ 8:22-31.
എന്നാൽ, സ്രഷ്ടാവിനെക്കുറിച്ചുള്ള ഈ അടിസ്ഥാന സത്യം ഗ്രഹിക്കാനും അംഗീകരിക്കാനും വിശ്വാസവും താഴ്മയും ആവശ്യമാണ്. ഇത് അന്ധമായ ക്ഷണവിശ്വാസമല്ല. അനുഭവവേദ്യമായ, ദൃശ്യമായ തെളിവിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണത്. അതേ, ‘[ദൈവത്തിന്റെ] നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ വെളിപ്പെട്ടുവരുന്നു.’—റോമർ 1:20.
ദൈവം സൃഷ്ടിക്രിയ നടത്തിയത് എങ്ങനെയെന്ന് നമ്മുടെ ഇപ്പോഴത്തെ പരിമിതമായ ശാസ്ത്രവിജ്ഞാനംകൊണ്ടു വിശദീകരിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട്, ജീവന്റെ ഉത്ഭവം സംബന്ധിച്ച സകലതും അറിയാനോ മനസ്സിലാക്കാനോ ഇപ്പോൾ നമുക്കു സാധിക്കുകയില്ലെന്നത് നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. യഹോവയുടെ ഈ വാക്കുകൾ അതു നമ്മെ ഓർമിപ്പിക്കുന്നു: “എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല . . . ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.”—യെശയ്യാവു 55:8, 9.
തിരഞ്ഞെടുപ്പു നിങ്ങളുടേതാണ്: ഒന്നുകിൽ ഭാഗ്യവശാൽ സംഭവിച്ച പരിണാമത്തിൽ, വിജയപൂർണമായ ഒരു പരിണതിയിലേക്കു നയിച്ച അസംഖ്യം യാദൃച്ഛിക സംഭവങ്ങളിൽ, ഉള്ള വിശ്വാസം അല്ലെങ്കിൽ ഉദ്ദേശ്യകനും സ്രഷ്ടാവും രൂപകൽപ്പിതാവുമായ യഹോവയാം ദൈവത്തിലുള്ള വിശ്വാസം. നിശ്വസ്ത പ്രവാചകൻ യഥോചിതം ഇപ്രകാരം പറഞ്ഞു: “യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.”—യെശയ്യാവു 40:28.
അപ്പോൾ, നിങ്ങൾ എന്തു വിശ്വസിക്കും? നിങ്ങളുടെ തീരുമാനം നിങ്ങളുടെ ഭാവിപ്രതീക്ഷകളിൽ ഒരു വലിയ മാറ്റമുളവാക്കും. പരിണാമത്തിലേക്ക് “ദേഹി”യെ തിരുകിക്കയറ്റാൻ കത്തോലിക്കാ ദൈവശാസ്ത്രം അതിസങ്കീർണമായ, വർണപ്പകിട്ടാർന്ന വാദഗതികൾ നടത്തിയിട്ടുണ്ടെങ്കിലും, പരിണാമം സത്യമാണെങ്കിൽ മരണം എന്നു പറയുന്നതു സമ്പൂർണ വിസ്മൃതാവസ്ഥയെ അർഥമാക്കും.b മരണത്തെ തടുക്കാനാവില്ലെന്ന വസ്തുത മനുഷ്യനു മരിക്കാത്ത ദേഹിയുണ്ടെന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല.—ഉല്പത്തി 2:7; യെഹെസ്കേൽ 18:4, 20.
ബൈബിൾ സത്യമാണെന്നും ജീവനുള്ള ദൈവമാണ് സ്രഷ്ടാവെന്നും നാം അംഗീകരിക്കുകയാണെങ്കിൽ, സന്തുലിതവും ഏകോപിതവുമായ അവസ്ഥയിലേക്കു പുനഃസ്ഥിതീകരിക്കപ്പെട്ട ഒരു ഭൂമിയിലെ നിത്യജീവനിലേക്ക്, പൂർണതയുള്ള ജീവനിലേക്ക് പുനരുത്ഥാനം ചെയ്യപ്പെടുമെന്നുള്ള വാഗ്ദത്തമുണ്ട്. (യോഹന്നാൻ 5:28, 29) നിങ്ങൾ എന്തിൽ വിശ്വാസമർപ്പിക്കും? ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന്റെ അവിശ്വസനീയ യാദൃച്ഛികതയിലോ? അതോ ഉദ്ദേശ്യത്തോടെ പ്രവർത്തിച്ച, തുടർന്നും അങ്ങനെതന്നെ പ്രവർത്തിക്കുന്ന ഒരു സ്രഷ്ടാവിലോ?c
[അടിക്കുറിപ്പുകൾ]
a വിശദമായ ഒരു ചർച്ചയ്ക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകം കാണുക.
b “ലോകത്തെ വീക്ഷിക്കൽ,” പേജ് 28-ലെ “പാപ്പാ പരിണാമത്തെ ആവർത്തിച്ചു സ്ഥിരീകരിക്കുന്നു” എന്നതു കാണുക.
c “ദൈവം ലോകത്തെ സൃഷ്ടിച്ചതുമുതൽ അവന്റെ നിത്യശക്തിയും ദിവ്യത്വവും—അവ എത്രതന്നെ അദൃശ്യമായിക്കൊള്ളട്ടെ—അവൻ സൃഷ്ടിച്ച വസ്തുക്കളിൽ ബുദ്ധിക്കു തെളിവായി അവിടെയുണ്ട്.”—റോമർ 1:20, ജെറുസലേം ബൈബിൾ.
[14-ാം പേജിലെ ആകർഷകവാക്യം]
ഭൂമിയിലെ നമ്മുടെ അസ്തിത്വം “പത്തു ലക്ഷം ഡോളറിന്റെ ഭാഗ്യക്കുറി ഒന്നിനു പുറകേ ഒന്നായി പത്തു ലക്ഷം തവണ അടിച്ചെടുത്തതുപോലെ”യാണെന്നാണ് ചില പരിണാമവാദികൾ ഫലത്തിൽ പറയുന്നത്.
[15-ാം പേജിലെ ചതുരം/ചിത്രം]
അനന്തമായ വൈവിധ്യവും രൂപകൽപ്പനയും
പ്രാണികൾ “വർഷംതോറും ശാസ്ത്രജ്ഞന്മാർ 7,000 മുതൽ 10,000 വരെ പുതിയ ഇനം പ്രാണികളെ കണ്ടെത്തുന്നു,” ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. എന്നിട്ടും, “പത്തു ലക്ഷംമുതൽ ഒരു കോടിവരെ ഇനങ്ങളെ ഇനിയും കണ്ടെത്താനുണ്ട്.” ല മോൺട് എന്ന ഫ്രഞ്ച് വർത്തമാനപത്രത്തിൽ കാത്റിൻ വിൻസൻറ് എഴുതിയ ഒരു ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് ഗാർഡിയൻ വീക്ക്ലി ഇങ്ങനെ പറയുന്നു: രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഇനങ്ങൾ, “ഏതാണ്ട് 50 ലക്ഷം മുതൽ 5 കോടി വരെ വരുന്ന . . . സാക്ഷാൽ സംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ ഏതുമല്ല.”
നമ്മെ വിസ്മയഭരിതരാക്കുന്ന പ്രാണിലോകത്തെക്കുറിച്ചു ചിന്തിക്കുക! തേനീച്ചകൾ, ഉറുമ്പുകൾ, കടന്നലുകൾ, ചിത്രശലഭങ്ങൾ, പാറ്റകൾ, ഇന്ദ്രഗോപങ്ങൾ, മിന്നാമിനുങ്ങുകൾ, ചിതലുകൾ, നിശാശലഭങ്ങൾ, ഈച്ചകൾ, ആനത്തുമ്പികൾ, കൊതുകുകൾ, ഇരട്ടവാലൻ, വിട്ടിലുകൾ, പേൻ, ചീവീടുകൾ, ചെള്ളുകൾ എന്നിവ അവയിൽ ഏതാനും മാത്രമാണ്. പട്ടികയ്ക്ക് അന്തമില്ലാത്തതുപോലെ തോന്നിക്കുന്നു!
പക്ഷികൾ 28 ഗ്രാമിൽ താഴെ തൂക്കംവരുന്ന ഒരു പക്ഷിയെക്കുറിച്ച് നാം എന്തു പറയാനാണ്? “അലാസ്കയിലെ ഉയർന്ന തലങ്ങളിലുള്ള വൃക്ഷനിരകളിൽനിന്ന് തെക്കേ അമേരിക്കയുടെ മഴക്കാടുകൾവരെ പറന്ന്, വൃക്ഷങ്ങൾ വളർന്നുനിൽക്കുന്ന ഗിരിശൃംഗങ്ങളും നഗരപ്രാന്തത്തിലെ അംബരചുംബികളായ കെട്ടിടങ്ങളും താണ്ടി അറ്റ്ലാൻറിക് സമുദ്രവും മെക്സിക്കൻ ഉൾക്കടലും മുറിച്ചുകടന്ന് അത് വർഷത്തിൽ 16,000-ത്തിലധികം കിലോമീറ്റർ ദേശാടനം നടത്തുന്നതു വിഭാവന ചെയ്യുക.” നമ്മിൽ അത്ഭുതമുണർത്തുന്ന ഈ പക്ഷി ഏതാണ്? “ബ്ലാക്ക്പോൾ വാർബ്ലർ [ഡെൻഡ്രോയ്ക്ക സ്ട്രയേറ്റ]. വാസ്തവത്തിൽ, വടക്കേ അമേരിക്കയിലെ കരപ്പക്ഷികളിൽ ഒന്നിനും പറക്കലിന്റെ കാര്യത്തിൽ ഇതിനെ വെല്ലാൻ സാധിക്കുകയില്ല.” (ബുക്ക് ഓഫ് നോർത്ത് അമേരിക്കൻ ബേർഡ്സ്) വീണ്ടും നാം ചോദിക്കണം: പ്രകൃതിയിലുണ്ടായ അസംഖ്യം യാദൃച്ഛിക സംഭവങ്ങളാണോ ഈ പക്ഷിയെ ഉളവാക്കിയത്? അതോ ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ ഒരു അത്ഭുതമാണോ ഈ പക്ഷി?
ഈ ഉദാഹരണങ്ങൾക്കു പുറമേ, എണ്ണമറ്റ ഗാനശേഖരമുള്ള പക്ഷികളുമുണ്ട്: യൂറോപ്പിലുടനീളവും ആഫ്രിക്കയുടെയും ഏഷ്യയുടെയും ഭാഗങ്ങളിലും ശ്രുതിമധുരമായ കളകൂജനത്തിനു പേരുകേട്ട രാപ്പാടി; “ഒരു ഹാസ്യാനുകരണ വിദഗ്ധനും ഹൃദിസ്ഥമാക്കിയ ഗാനശകലങ്ങൾ പാടാൻ കഴിവുള്ളതു”മായ വടക്കേ അമേരിക്കയിലെ വടക്കൻ പരിഹാസപ്പക്ഷി; “അത്ഭുതകരമായ രീതിയിൽ മറ്റു പക്ഷികളുടെ ശബ്ദങ്ങൾ അനുകരിക്കുന്ന, വളരെ ഇമ്പമുള്ള സംഗീതമുതിർക്കുന്ന” ഓസ്ട്രേലിയയിലെ അതിഗംഭീരനായ ലൈർബേർഡ്.—ലോകത്തിലെ പക്ഷികൾ, ഇംഗ്ലീഷ്.
കൂടാതെ, നിരവധി പക്ഷികളുടെ വർണത്തനിമയും ചിറകുകളുടെയും തൂവലുകളുടെയും രൂപകൽപ്പനയും ഒരുവനെ അത്ഭുതപരതന്ത്രനാക്കുന്നു. അതിനുപുറമേ, നിലത്തോ കിഴക്കാംതൂക്കായ പാറകളുടെ പ്രതലങ്ങളിലോ വൃക്ഷങ്ങളിലോ കൂടുനെയ്യാനും കൂടുകൂട്ടാനും അവയ്ക്കു കഴിവുണ്ട്. നൈസർഗികമായ അത്തരം ബുദ്ധിശക്തി താഴ്മയുള്ളവരിൽ മതിപ്പുളവാക്കേണ്ടതാണ്. അവ അസ്തിത്വത്തിൽ വന്നത് എങ്ങനെ? യാദൃച്ഛിക സംഭവത്താലോ അതോ രൂപകൽപ്പനയാലോ?
മനുഷ്യ മസ്തിഷ്കം “മസ്തിഷ്കത്തിൽ, 10 ലക്ഷം കോടിമുതൽ 100 ലക്ഷം കോടിവരെ സിനാപ്സുകൾ ഉണ്ടായിരുന്നേക്കാം. ഇവയിലോരോന്നും, വൈദ്യുത ആവേഗങ്ങളായി വന്നെത്തുന്ന സംജ്ഞകളെ രജിസ്റ്റർ ചെയ്യുന്ന ഓരോ കൊച്ചു കാൽക്കുലേറ്ററുകളായി വർത്തിക്കുന്നു.” (മസ്തിഷ്കം) നാം മസ്തിഷ്കത്തെ ഒരു നിസ്സാര വസ്തുവായിട്ടാണു കണക്കാക്കുന്നത്. എന്നാൽ തലയോട്ടിക്കകത്തു സുരക്ഷിതമായി വെച്ചിരിക്കുന്ന വിസ്മയമുളവാക്കുന്ന ഒരു പ്രപഞ്ചമാണത്. ചിന്തിക്കാനും ന്യായവാദം ചെയ്യാനും ആയിരക്കണക്കിനു ഭാഷകൾ സംസാരിക്കാനും നമ്മെ സഹായിക്കുന്ന ഈ അവയവം എങ്ങനെ ഉണ്ടായി? ഭാഗ്യവശാൽ വിജയം കൈവരിച്ച ലക്ഷക്കണക്കിനു ചൂതാട്ടങ്ങളിലൂടെയോ? അതോ ബുദ്ധിപൂർവകമായ രൂപകൽപ്പനയാലോ?
[16,17 പേജുകളിലെ രേഖാചിത്രം]
ബാഹ്യമസ്തിഷ്കത്തിന്റെ ലഘൂകരിച്ച ചിത്രം
സെൻസറി കോർട്ടക്സ്
മുഴുശരീരത്തിൽനിന്നും വരുന്ന സംവേദ ആവേഗങ്ങളെ അപഗ്രഥിക്കുന്നു
അനുകപാല പാളി
ദൃശ്യസംജ്ഞകളെ കൈകാര്യം ചെയ്യുന്നു
സെറിബെല്ലം
സന്തുലനവും ഏകോപനവും നിയന്ത്രിക്കുന്നു
പ്രിമോട്ടോർ കോർട്ടക്സ്
പേശികളുടെ ഏകോപനത്തെ നിയന്ത്രിക്കുന്നു
മോട്ടോർ കോർട്ടക്സ്
ബോധപൂർവമുള്ള ചലനങ്ങളെ നിയന്ത്രിക്കുന്നതിനു സഹായിക്കുന്നു
ഫ്രണ്ടൽ പാളി
യുക്തിയുക്തമായ ചിന്തകൾ, വികാരങ്ങൾ, സംസാരം, ചലനം എന്നിവയെ നിയന്ത്രിക്കുന്നതിൽ സഹായിക്കുന്നു
ടെമ്പറൽ പാളി
ശബ്ദത്തെ കൈകാര്യം ചെയ്യുന്നു; പഠനം, ഓർമശക്തി, ഭാഷ, വികാരങ്ങൾ എന്നിവയുടെ വിവിധ വശങ്ങളെ നിയന്ത്രിക്കുന്നു
[16-ാം പേജിലെ രേഖാചിത്രം]
ആക്സോണിന്റെ അഗ്രം
നാഡീപ്രേക്ഷകങ്ങൾ
ഡെൻഡ്രൈറ്റ്
സിനാപ്സ്
[16,17 പേജുകളിലെ രേഖാചിത്രം]
ന്യൂറോൺ
ഡെൻഡ്രൈറ്റുകൾ
ആക്സോൺ
ഡെൻഡ്രൈറ്റുകൾ
സിനാപ്സ്
ന്യൂറോൺ
ആക്സോൺ
“മസ്തിഷ്കത്തിൽ, 10 ലക്ഷം കോടിമുതൽ 100 ലക്ഷം കോടിവരെ സിനാപ്സുകൾ ഉണ്ടായിരുന്നേക്കാം. ഇവയിലോരോന്നും, വൈദ്യുത ആവേഗങ്ങളായി വന്നെത്തുന്ന സംജ്ഞകളെ രജിസ്റ്റർ ചെയ്യുന്ന ഓരോ കൊച്ചു കാൽക്കുലേറ്ററുകളായി വർത്തിക്കുന്നു.”—മസ്തിഷ്കം
[13-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Moon and planets: NASA photo