ടാസ്മാനിയ, കൊച്ചു ദ്വീപ്, അസാധാരണ കഥ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
“ദക്ഷിണ സമുദ്രത്തിൽ ഞങ്ങൾ ആദ്യമായി കണ്ടെത്തിയ ദ്വീപെന്ന നിലയിലും മറ്റൊരു യൂറോപ്യൻ രാജ്യത്തിനും ഇതേപ്പറ്റി അറിവില്ലാത്തതിനാലും ബഹുമാനപ്പെട്ട ഗവർണർ ജനറലിനോടുള്ള ആദരസൂചകമായി ഞങ്ങൾ ഇതിന് അന്റോണീ വാൻ ഡീമെൻസ്ലൻറ് എന്നു നാമകരണം ചെയ്തിരിക്കുന്നു.” 1642 നവംബർ 25-ന് ഡച്ചുകാരനായ ആബൽ ടാസ്മാൻ ഓസ്ട്രേലിയയുടെ രണ്ടാമത്തെ പഴക്കമേറിയ ഭരണപ്രദേശമായ ടാസ്മാനിയ ദ്വീപു കണ്ടെത്തിയതിന്റെ പിറ്റേന്നു പറഞ്ഞതാണ് ഈ വാക്കുകൾ.a ആളുകളെയൊന്നും കണ്ടില്ലെങ്കിലും ദൂരെ തീ കത്തുന്നതിന്റെ പുകയും അടുത്തുള്ള വൃക്ഷങ്ങളിൽ 1.5 മീറ്റർ ഇടവിട്ട് കുത വെട്ടിയിരിക്കുന്നതും ടാസ്മാൻ ശ്രദ്ധിച്ചു. ആ കുതവെട്ടിയത് ആരായിരുന്നാലും, ഒന്നുകിൽ അവർക്ക് ഒരു അസാധാരണ രീതിയിലുള്ള മരംകയറ്റമാണ് ഉണ്ടായിരുന്നത്, അല്ലെങ്കിൽ അവർ ആജാനുബാഹുക്കളായിരിക്കണം എന്ന് അദ്ദേഹം എഴുതി! വാസ്തവത്തിൽ ആ കുതവെട്ടിയിരുന്നതു മരംകയറ്റത്തിനു വേണ്ടിയായിരുന്നു.
അതിനുശേഷം, ഫ്രഞ്ചുകാരനായ മാര്യോൻ ഡ്യൂഫ്രെനും ഇംഗ്ലീഷുകാരനായ റ്റോബയസ് ഫർനോയും അവിടം സന്ദർശിക്കുന്നതുവരെ 130 വർഷത്തോളം വാൻ ഡീമെൻസ്ലൻറ് സമുദ്ര പര്യവേക്ഷകരുടെ സഞ്ചാരചരിത്രങ്ങളിൽനിന്ന് അപ്രത്യക്ഷമായി. 1777-ൽ ക്യാപ്റ്റൻ ജെയിംസ് കുക്ക് അവിടെ എത്തിച്ചേരുകയും ഡ്യൂഫ്രെനെപ്പോലെ, അവിടുത്തെ അസാധാരണപ്രകൃതമുള്ള ആദിവാസികളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. എങ്കിലും, അദ്ദേഹത്തിന്റെ സന്ദർശനം ഒരു ദുരന്തത്തിന്റെ തുടക്കമായിരുന്നു: “ചില ജനതകൾക്ക് [കുക്ക്] സംസ്കാരത്തിലേക്കും മതത്തിലേക്കുമുള്ള വഴി തുറന്നുകൊടുത്തു [എങ്കിലും] ഈ വംശത്തിന് [ആദിവാസികൾക്ക്] അദ്ദേഹം മരണത്തിന്റെ മുന്നോടിയായിരുന്നു” എന്ന് ടാസ്മാനിയയുടെ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ജോൺ വെസ്റ്റ് പറയുന്നു. അത്തരമൊരു ദുഃഖകരമായ അനന്തരഫലത്തിലേക്കു നയിച്ചതെന്തായിരുന്നു?
ടാസ്മാനിയ “സാമ്രാജ്യത്തിന്റെ ജയിലു”കളിൽ ഒന്നായിമാറുന്നു
നാടുകടത്തലോ രാജ്യഭ്രഷ്ടോ ആയിരുന്നു ബ്രിട്ടീഷ് ശിക്ഷാരീതി. അങ്ങനെ, ടാസ്മാനിയ ബ്രിട്ടന്റെ ശിക്ഷാകോളനികളിലൊന്നായിത്തീർന്നു. 1803 മുതൽ 1852 വരെ ഏകദേശം 67,500 പുരുഷന്മാരും സ്ത്രീകളും കുട്ടികളുംപോലും—ചിലർക്കു വെറും ഏഴു വയസ്സേയുണ്ടായിരുന്നുള്ളൂ—പ്രാർഥനാ പുസ്തകങ്ങൾ മോഷ്ടിച്ചതുമുതൽ ബലാൽസംഗംവരെയുള്ള കുറ്റങ്ങളെപ്രതി ഇംഗ്ലണ്ടിൽനിന്നു ടാസ്മാനിയയിലേക്കു നാടുകടത്തപ്പെട്ടു. എന്നാൽ, കുറ്റവാളികളിൽ മിക്കവരും കുടിയേറ്റക്കാർക്കുവേണ്ടിയോ ഗവണ്മെൻറ് പദ്ധതികളിലോ ജോലി ചെയ്തു. “10 ശതമാനത്തിൽ താഴെ ആളുകൾ മാത്രമേ . . . എപ്പോഴെങ്കിലും ശിക്ഷാനടപടികൾക്കുള്ള സ്ഥലം കണ്ടുള്ളൂ, മാത്രമല്ല അതു കണ്ടിട്ടുള്ള മിക്കവരും വളരെ ചുരുങ്ങിയ കാലമേ അവിടെ കഴിഞ്ഞുള്ളൂ” എന്നു ദി ഓസ്ട്രേലിയൻ എൻസൈക്ലോപീഡിയ പറയുന്നു. ടാസ്മാൻ ഉപദ്വീപിലെ പോർട്ട് ആർതറായിരുന്നു ശിക്ഷാനടപടികൾക്കുള്ള പ്രധാന സ്ഥലം. എന്നാൽ നിയന്ത്രിക്കാൻ ഏറ്റവും പ്രയാസമുള്ള കുറ്റവാളികളെ “പീഡനത്തിനു ഖ്യാതി നേടിയ ഇട”മെന്ന പേരിൽ ചിരപ്രതിഷ്ഠ നേടിയ മാക്ക്വാറീ ഹാർബറിലേക്ക് അയച്ചിരുന്നു. തുറമുഖത്തിന്റെ വീതികുറഞ്ഞ പ്രവേശനകവാടം നരകകവാടങ്ങൾ എന്ന ഭീകരമായ പേരും സമ്പാദിച്ചു.
ഇതാണ് ഓസ്ട്രേലിയ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഡോ. റൂഡോൾഫ് ബ്രാഷ് ഈ അവികസിത കോളനിയുടെ മറ്റൊരു മുഖത്തെക്കുറിച്ചു വിശദീകരിക്കുന്നു—അതിന്റെ ആത്മീയത, അതായത് അതിന്റെ അഭാവം. അദ്ദേഹം എഴുതുന്നു: “ഓസ്ട്രേലിയയിലെ [ടാസ്മാനിയ ഉൾപ്പെടെ] മതം തുടക്കംമുതൽതന്നെ അവഗണിക്കപ്പെടുകയും അലക്ഷ്യമാക്കപ്പെടുകയും ചെയ്തിരുന്നുവെന്നു മാത്രമല്ല ഭരണകൂടം അതിനെ പരമാവധി ചൂഷണം ചെയ്യുകയും ചെയ്തു. കോളനി സ്ഥാപിച്ചപ്പോൾ പ്രാർഥന നടത്തിയില്ല, മാത്രമല്ല ഓസ്ട്രേലിയൻ മണ്ണിൽവെച്ചു നടന്ന ആദ്യത്തെ കുർബാനയാകട്ടെ സർവസംഗതികളും നടന്നുകഴിഞ്ഞുണ്ടായ ഒരു പിൻബുദ്ധിയായിരുന്നു.” വടക്കേ അമേരിക്കയിലെ പിൽഗ്രിമുകൾ പള്ളികളുണ്ടാക്കിയപ്പോൾ “ഓസ്ട്രേലിയയിലെ ആദ്യത്തെ കുടിയേറ്റക്കാർ പള്ളിയിൽ ഹാജരാകുന്നതിന്റെ മടുപ്പിൽനിന്നു രക്ഷപ്പെടാൻ തങ്ങളുടെ ആദ്യത്തെ പള്ളിക്കു തീവെച്ചു” എന്നു ടാസ്മാനിയയുടെ ചരിത്രം പറയുന്നു.
അതിനോടകം തന്നെ ദുഷിച്ചുപോയിരുന്ന ധാർമികത റമ്മിന്റെ ധാരാളിത്തംകൂടിയായപ്പോൾ കൂടുതൽ വഷളായി. സാധാരണക്കാരനും സൈനികനും ഒരുപോലെ, “സമ്പത്തു നേടിക്കൊടുക്കുന്നതിനുള്ള സുനിശ്ചിത മാർഗമായിരുന്നു” റമ്മെന്നു ചരിത്രകാരനായ ജോൺ വെസ്റ്റ് പറയുന്നു.
എന്നാൽ, ഭക്ഷണത്തിനു ചിലപ്പോഴൊക്കെ വല്ലാതെ ദൗർലഭ്യമനുഭവപ്പെട്ടിരുന്നു. ഇത്തരം സമയങ്ങളിൽ ആദിവാസികൾ കുന്തംകൊണ്ടു വേട്ടയാടിയതുപോലെ സ്വതന്ത്രരായ കുറ്റവാളികളും കുടിയേറ്റക്കാരും തോക്കുകൾകൊണ്ടു വേട്ടയാടി. സ്വാഭാവികമായും പ്രശ്നങ്ങൾ വർധിച്ചു. വർഗത്തെപ്രതി വെള്ളക്കാർക്കുണ്ടായിരുന്ന ദുരഭിമാനവും റമ്മിന്റെ ധാരാളിത്തവും ഒരുതരത്തിലും പൊരുത്തപ്പെടാനാകാത്ത സാംസ്കാരിക വ്യത്യാസങ്ങളും ഈ സ്ഫോടനാത്മകമായ സങ്കീർണതകൾ വർധിപ്പിച്ചു. യൂറോപ്യന്മാർ അതിർത്തികൾ രേഖപ്പെടുത്തി വേലികൾ കെട്ടി; ആദിവാസികൾ വേട്ടയാടുകയും ഊരുചുറ്റിനടന്നു സമ്പാദിക്കുകയും ചെയ്തു. സ്ഫോടനത്തിന് ഒരു തീപ്പൊരിമാത്രം മതിയായിരുന്നു.
ഒരു വംശം അപ്രത്യക്ഷമാകുന്നു
തീപ്പൊരിയുണ്ടായത് 1804-ലാണ്. വേട്ടയാടിക്കൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾക്കൊള്ളുന്ന ആദിവാസികളുടെ ഒരു വലിയ സംഘത്തിനു നേരേ യാതൊരു പ്രകോപനവും കൂടാതെ ലെഫ്റ്റനൻറ് മൂർ നയിച്ച ഒരു സായുധസംഘം വെടിവെച്ചു. അവരിൽ വളരെയേറെപ്പേരെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. അങ്ങനെ, “കറുത്തവരുടെ യുദ്ധം”—വെടിയുണ്ടകൾക്കെതിരെ കുന്തങ്ങളും കല്ലുകളും പ്രയോഗിച്ചുള്ളത്—ആരംഭിച്ചു.
ഒട്ടുമിക്ക യൂറോപ്യന്മാർക്കും ആദിവാസികളുടെ ഈ കൂട്ടക്കൊലയോടു യോജിപ്പുണ്ടായിരുന്നില്ല. ഗവർണർ സർ ജോർജ് ആർതറിന് അങ്ങേയറ്റം തീവ്രവേദനതോന്നിയതിനാൽ ‘ഗവൺമെൻറിന്റെ ഭാഗത്തുനിന്നു സംഭവിച്ച പിഴവുകൾ നിമിത്തം ആദിവാസികളുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ട കഷ്ടതകൾക്കു നഷ്ടപരിഹാരമെന്ന നിലയിൽ’ എന്തു ചെയ്യാനും താൻ ഒരുക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അങ്ങനെ അദ്ദേഹം അവരെ “ഒരുമിച്ചു ചേർക്കുന്നതിനും” “സംസ്കാരമുള്ളവരാക്കിത്തീർക്കുന്നതിനും” വേണ്ടിയുള്ള ഒരു പരിപാടിക്കു തുടക്കംകുറിച്ചു. “കറുത്ത അതിർരേഖകൾ” എന്നു വിളിക്കപ്പെട്ട ഒരു പ്രചരണപരിപാടിയിലൂടെ ഏകദേശം 2,000 പട്ടാളക്കാരും കുടിയേറ്റക്കാരും കുറ്റവാളികളും ഒത്തൊരുമിച്ച് കാട്ടുപ്രദേശങ്ങളിൽനിന്ന് ആദിവാസികളെ തേടിപ്പിടിക്കാനും സുരക്ഷിത സ്ഥലത്തു പുനരധിവസിപ്പിക്കാനുമുള്ള ശ്രമം നടത്തി. പക്ഷേ ആ പ്രസ്ഥാനം അമ്പേ പരാജയപ്പെട്ടു; അവർക്കാകെ കണ്ടുപിടിക്കാനായത് ഒരു സ്ത്രീയെയും ഒരാൺകുട്ടിയെയും മാത്രമായിരുന്നു. പിന്നീട്, പ്രമുഖ മെഥഡിസ്റ്റുകാരനായ ജോർജ് എ. റോബിൻസണിന്റെ നേതൃത്വത്തിൽ കുറെക്കൂടി അനുനയത്തോടെയുള്ള ഒരു സമീപനം കൈക്കൊണ്ടു, അതു ഫലിക്കുകയും ചെയ്തു. ആദിവാസികൾ അദ്ദേഹത്തെ വിശ്വസിക്കുകയും ടാസ്മാനിയയ്ക്കു വടക്കുള്ള ഫ്ളിന്റേഴ്സ് ദ്വീപിൽ പുനരധിവസിപ്പിക്കാം എന്ന അദ്ദേഹത്തിന്റെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്തു.
ഒരു ഓസ്ട്രേലിയൻ ചരിത്രം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ മാർജരാ ബർണാഡ്, റോബിൻസണിന്റെ നേട്ടത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “വാസ്തവത്തിൽ, അദ്ദേഹത്തിന് അതേപ്പറ്റി അറിവില്ലായിരുന്നെങ്കിൽക്കൂടി ആ അനുനയത്തിന് ഒരു യൂദാസ് സ്പർശം ഉണ്ടായിരുന്നു. നിർഭാഗ്യവാന്മാരായ തദ്ദേശീയരെ ബാസ്സ് കടലിടുക്കിലെ ഫ്ളിന്റേഴ്സ് ദ്വീപിൽ മാറ്റിത്താമസിപ്പിച്ചു. രക്ഷാകർത്താവായി റോബിൻസണും അവരുടെ കൂടെയുണ്ടായിരുന്നു. ഊർജസ്വലതയും ആരോഗ്യവും ക്ഷയിച്ച് അവർ മരിച്ചു.” തോക്കുകൾ അവശേഷിപ്പിച്ചവരെ അടിച്ചേൽപ്പിക്കപ്പട്ട ജീവിതരീതിയും ഭക്ഷണശീലങ്ങളും മുട്ടുകുത്തിച്ചു. ഒരു പുസ്തകം പറയുന്നതനുസരിച്ച് “തനി ടാസ്മാനിയൻ ആദിവാസിയെന്നു പറയാമായിരുന്ന അവസാനത്തെ വ്യക്തി 1905-ൽ ഹോബാർട്ടിൽവെച്ചു മരണമടഞ്ഞ ഫാന്നി കാക്രൻ സ്മിത്ത് ആയിരുന്നു.” വിദഗ്ധർക്ക് ഇതേപ്പറ്റി വിഭിന്ന അഭിപ്രായങ്ങളുണ്ട്. 1876-ൽ ഹോബാർട്ടിൽവെച്ചു മരിച്ച ട്രൂഗാനീനി എന്ന സ്ത്രീയാണെന്നാണു ചിലരുടെ അഭിപ്രായം. മറ്റുചിലർ 1888-ൽ കങ്കാരൂ ദ്വീപിൽവെച്ചു മരിച്ച വേറൊരു സ്ത്രീയാണെന്ന് അഭിപ്രായപ്പെടുന്നു. ടാസ്മാനിയൻ ആദിവാസികളുടെ സങ്കരവർഗത്തിൽപ്പെട്ട പിൻഗാമികൾ ഇപ്പോഴും ജീവിച്ചിരിക്കുകയും തൃപ്തികരമായ ജീവിതം നയിക്കുകയും ചെയ്യുന്നു. മനുഷ്യവർഗത്തിന്റെ തുടർന്നുകൊണ്ടിരിക്കുന്ന ചൂഷണങ്ങളുടെ പട്ടികയിൽ ഈ സംഭവത്തെ യഥോചിതം “രാജ്യത്തിലെ ഏറ്റവും വലിയ ദുരന്തം” എന്നു വിളിച്ചിരിക്കുന്നു. കൂടാതെ ഇത് “മനുഷ്യനു മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരമു”ണ്ട് എന്ന ബൈബിളധിഷ്ഠിത സത്യത്തെ അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്യുന്നു.—സഭാപ്രസംഗി 8:9.
ടാസ്മാനിയയിലെ വൈരുദ്ധ്യമാർന്ന ദൃശ്യങ്ങൾ
ഇന്ന്, ഏതെങ്കിലും കാഴ്ചബംഗ്ലാവുകളോ ഗ്രന്ഥശാലകളോ തടവറകളുടെ അവശിഷ്ടങ്ങളോ സന്ദർശിക്കുന്നെങ്കിലല്ലാതെ ഈ മനോഹരമായ ദ്വീപിനു നേരിടേണ്ടിവന്ന അഗ്നിപരീക്ഷണങ്ങളെക്കുറിച്ചു നിങ്ങൾ അറിയാനുള്ള സാധ്യത തുലോം തുച്ഛമാണ്. റോം, സാപൊറോ, ബോസ്റ്റെൺ എന്നീ സ്ഥലങ്ങൾ ഭൂമധ്യരേഖയിൽനിന്ന് എത്രമാത്രം വടക്കു സ്ഥിതിചെയ്യുന്നുവോ അത്രതന്നെ ദൂരം തെക്കായിട്ടാണ് ടാസ്മാനിയ സ്ഥിതിചെയ്യുന്നത്. ദ്വീപിന്റെ ഒരു ഭാഗവും കടലിൽനിന്ന് 115 കിലോമീറ്ററിലേറെ അകലത്തിലല്ലെങ്കിലും, അതിന്റെ ചരിത്രത്തിലെന്നപോലെ ഭൂമിശാസ്ത്രത്തിലും വ്യക്തമായ വൈരുദ്ധ്യങ്ങളുണ്ട്.
ടാസ്മാനിയയുടെ മൊത്തം വിസ്തീർണത്തിൽ, 44 ശതമാനം വനവും 21 ശതമാനം ദേശീയ പാർക്കുമാണ്. ഇത്തരം അനുപാതങ്ങൾ അപൂർവമാണ്! ദ ലിറ്റിൽ ടാസ്സീ ഫാക്റ്റ് ബുക്ക് പറയുന്നതനുസരിച്ച് “പശ്ചിമ ടാസ്മാനിയയുടെ ലോക പൈതൃക മേഖല ലോകത്തിലെ നശിപ്പിക്കപ്പെടാത്ത വലിയ മിതോഷ്ണ വനപ്രദേശങ്ങളിൽ ഒന്നാണ്.” മഴയും മഞ്ഞും ശേഖരിക്കുന്ന തടാകങ്ങളും നിറയെ ട്രൗട്ട് മത്സ്യങ്ങൾ ഉള്ള നദികളും വെള്ളച്ചാട്ടങ്ങളും പെൻസിൽ പൈൻ, യൂക്കാലിപ്റ്റസ്, മിർട്ടിൽസ്, ബ്ലാക്ക്വുഡ്, സാസ്സാഫ്രാസ്, ലെതർവുഡ്, സീലറി-ടോപ്പ്ഡ് പൈൻ, ഹ്വോൻ പൈൻ തുടങ്ങി പലതരത്തിലുള്ള വൃക്ഷങ്ങൾ നിറഞ്ഞ വനങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നു. മധ്യ-പശ്ചിമ പീഠഭൂമിയുടെ ഉയർന്ന സമതലങ്ങളിലെ വൃക്ഷങ്ങൾക്കിടയിലൂടെയുള്ള മനോഹരമായ കാഴ്ചകളും മിക്കപ്പോഴും മഞ്ഞുമൂടിക്കിടക്കുന്ന കൊടുമുടികളും പ്രകൃതി സ്നേഹികളെ വീണ്ടും വീണ്ടും അവിടേക്കാകർഷിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല.
എന്നാൽ “ലോക പൈതൃക” സംരക്ഷണം യാതൊരെതിർപ്പും കൂടാതെ നേടിയെടുത്തതല്ല. എന്നുതന്നെയല്ല, ഇപ്പോഴും പരിസ്ഥിതി സംരക്ഷണവാദികൾ ഖനനത്തിനും കടലാസ് നിർമാണത്തിനും ജലവൈദ്യുതി-ഊർജോത്പാദനത്തിനും വേണ്ടി വാദിക്കുന്നവർക്കെതിരെ പ്രക്ഷോഭം തുടരുന്നു. ഖനനം നടന്നുകൊണ്ടിരിക്കുന്ന പട്ടണമായ ക്വീൻസ്ടൗണിന്റെ ചന്ദ്രോപരിതലസമാന ഭൂപ്രദേശം പ്രകൃതിവിഭവങ്ങൾ വിവേകശൂന്യമായി ചൂഷണം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകളെ അസുഖകരമാംവിധം ഓർമിപ്പിക്കുന്നു.
തദ്ദേശീയ മൃഗങ്ങൾക്കും ദ്രോഹം സഹിക്കേണ്ടി വന്നിട്ടുണ്ട്—പ്രത്യേകിച്ചും തവിട്ടുനിറമുള്ള ഒരു സഞ്ചിമൃഗമായ തൈലസൈന് അല്ലെങ്കിൽ ടാസ്മാനിയൻ കടുവയ്ക്ക്. അതിന്റെ മുതുകിലും പൃഷ്ഠഭാഗത്തുമുള്ള കറുത്ത വരകളാണ് അതിനു കടുവ എന്ന പേരു നേടിക്കൊടുത്തത്. നിർഭാഗ്യകരമെന്നു പറയട്ടെ, മെലിഞ്ഞു നാണംകുണുങ്ങിയായ ഈ മാംസഭോജി കോഴികളെയും ആടുകളെയും പിടിച്ചുതിന്നുമായിരുന്നു. അതുകൊണ്ട് അതിനെ കൊല്ലുന്നവർക്ക് ഒരു പാരിതോഷികം പ്രഖ്യാപിച്ചു, 1936-ഓടെ അതിനു വംശനാശം സംഭവിച്ചു.
ടാസ്മാനിയയിൽ മാത്രം കാണപ്പെടുന്ന മറ്റൊരു സഞ്ചിമൃഗമായ ടാസ്മാനിയൻ ഡെവിളിന് ഇപ്പോഴും വംശനാശം സംഭവിച്ചിട്ടില്ല. അഞ്ചുമുതൽ എട്ടുവരെ കിലോഗ്രാം തൂക്കമുള്ള ഈ ശക്തനായ ശവംതീനിക്ക് തന്റെ ശക്തിയേറിയ താടിയെല്ലുകളും പല്ലുകളുമുപയോഗിച്ച് ഒരു ചത്ത കങ്കാരുവിനെ മുഴുവൻ—തലയോട്ടിയുൾപ്പെടെ—തിന്നുതീർക്കാൻ സാധിക്കും.
കുറിയവാലൻ ഷിയർവാറ്റർ അല്ലെങ്കിൽ മട്ടൺബേർഡ് എന്നറിയപ്പെടുന്ന പക്ഷിയുടെ കാര്യത്തിലും ടാസ്മാനിയ പ്രശസ്തമാണ്. ടാസ്മാനിയൻ കടലിനു മുകളിലൂടെ ദേശാടനമാരംഭിച്ച് പ്രായോഗിക ബുദ്ധിയുപയോഗിച്ചു പസഫിക്കുവഴി ഭൂപ്രദക്ഷിണം നടത്തി അത് അതിന്റെ പഴയ മണൽമാളത്തിൽ മടങ്ങിയെത്തുന്നു—അതിന്റെ രൂപകൽപ്പിതാവും സ്രഷ്ടാവുമായവനു നിശ്ചയമായും മഹത്ത്വം കരേറ്റുമാറുള്ള ഒരു അനന്യസാധാരണ കൃത്യംതന്നെ.
അതിന്റെ പ്രജനന സ്ഥലങ്ങളായ നിശാതാവളങ്ങളുടെ അടുത്തുതന്നെ മറ്റൊരു പക്ഷി ജീവിക്കുന്നു, വെള്ളത്തിനടിയിലൂടെ “പറക്കുന്ന” ഒന്ന്—കണ്ടാലാരുമിഷ്ടപ്പെടുന്ന, ഒരു കിലോഗ്രാം തൂക്കമുള്ള, ചെറിയ കൊക്കുകളോടുകൂടിയ ഒരു തൂവൽക്കെട്ട്—മാലാഖപ്പെൻഗ്വിൻ. പെൻഗ്വിനുകളുടെ കൂട്ടത്തിൽ നന്നേ ചെറിയതെങ്കിലും ഏറ്റവും ബഹളക്കാരൻ ഇവനാണ്! അതിന്റെ ചേഷ്ടകളും പാട്ടും സാന്ദ്രതയിൽ വ്യത്യസ്തത പുലർത്തുന്നു, ചിലപ്പോഴൊക്കെ ആകെ വെകിളിപിടിച്ചതുപോലെ ഉച്ചസ്ഥായിയിലെത്തുന്നു. പ്രണയകാലത്ത് ഒരു ജോഡി, അന്യോന്യമുള്ള തങ്ങളുടെ അടുപ്പം ഉറപ്പിക്കുന്നതിനുവേണ്ടി ചിലപ്പോൾ ഒരു യുഗ്മഗാനംപോലും പാടിയേക്കാം. എങ്കിലും സങ്കടകരമെന്നു പറയട്ടെ, അനേകമെണ്ണം മീൻപിടിത്തക്കാരുടെ ചാളവലയിൽ കുടുങ്ങിയോ എണ്ണതൂകലിന്റെ ഫലമായോ ഭക്ഷണമെന്നു വിചാരിച്ചു പ്ലാസ്റ്റിക്ക് കഷണങ്ങൾ വിഴുങ്ങുന്നതിനാലോ പട്ടികളും അലഞ്ഞുതിരിയുന്ന പൂച്ചകളും പിടിക്കുന്നതിനാലോ ചത്തുപോകുന്നു.
ദ്വീപിന്റെ കുറെക്കൂടി പ്രശാന്തമായ മുഖം
മധ്യപീഠഭൂമിയുടെ അറ്റത്തുനിന്നു വടക്കുഭാഗത്തേക്കോ കിഴക്കുഭാഗത്തേക്കോ നോക്കുകയാണെങ്കിൽ നിങ്ങൾക്കു ടാസ്മാനിയയുടെ കുറെക്കൂടി സുന്ദരമായ മറ്റൊരു മുഖം കാണാൻ സാധിക്കും. ചോക്കലേറ്റ് നിറമാർന്ന ഉഴുതുമറിച്ച പാടങ്ങൾ; വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴകളും തോടുകളും; ഇരുവശങ്ങളിലും നിരനിരയായി വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച പാതകൾ; അങ്ങിങ്ങ് പൊട്ടുകൾപോലെ മേയുന്ന ചെമ്മരിയാടുകളും കന്നുകാലികളുമുള്ള മരതകപ്പച്ചയാർന്ന മേച്ചിൽപ്പുറങ്ങൾ. വടക്കൻ പട്ടണമായ ലിലീഡേയ്ലിനടുത്ത്, ജനുവരിമാസത്തിൽ കർപ്പൂരവള്ളിപ്പാടങ്ങൾ മുഴുവൻ പൂക്കുമ്പോൾ ഈ ഉൾനാടൻ വർണപ്പൊലിമയിൽ നീലലോഹിതവർണം കൂടിക്കലരുന്നതോടൊപ്പം ഹൃദയഹാരിയായ സുഗന്ധവും പ്രസരിക്കുന്നു.
ടാസ്മാനിയയ്ക്ക് ആപ്പിൾ ദ്വീപ് എന്നു പേരു നേടിക്കൊടുത്ത ആപ്പിൾത്തോട്ടത്തിൽനിന്ന് ഏറെ അകലെയല്ലാതെ, ഡെർവെൻറ് നദിക്കിരുവശത്തുമായി, തലസ്ഥാന നഗരിയായ ഹോബാർട്ട് നഗരം സ്ഥിതിചെയ്യുന്നു. അതിന്റെ ജനസംഖ്യ ഏകദേശം 1,82,000 ആണ്. 1,270 മീറ്റർ ഉയരമുള്ള ഭീമൻ വെല്ലിങ്ടൺ പർവതം അതിന്റെ സ്ഥലത്തിന്റെ ഭൂരിഭാഗവും കയ്യടക്കിയിരിക്കുന്നു. മിക്ക സമയത്തും മഞ്ഞിൻ മകുടമണിഞ്ഞു കിടക്കുന്ന പർവതത്തിനു മുകളിൽ നിന്ന്, ഒരു തെളിഞ്ഞ പകൽസമയത്തു നോക്കിയാൽ പട്ടണത്തിന്റെ ഒരു വിഹഗവീക്ഷണം ലഭിക്കുന്നു. 1803-ൽ ലെഫ്റ്റനൻറ് ജോൺ ബോവനും 35 കുറ്റവാളികളടങ്ങുന്ന 49 പേരുടെ സംഘവും ആദ്യമായി റിസ്ഡൺ കോവിൽ തീരമണഞ്ഞപ്പോഴത്തെതിനെക്കാൾ ഹോബാർട്ട് വളരെയേറെ പുരോഗമിച്ചിരിക്കുന്നു. കാൻവാസ് പായകളും കിരുകിരുക്കുന്ന തടികളും ഉള്ള കപ്പലുകളുടെ കാലം പൊയ്പോയിരിക്കുന്നു എന്നതു സത്യമാണ്. എങ്കിലും, വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന, സിഡ്നിയിൽനിന്നു ഹോബാർട്ടുവരെയുള്ള ആവേശജനകമായ കളിവള്ള മത്സരത്തിൽ നിറപ്പകിട്ടാർന്ന കപ്പൽപ്പായകളും ചലനതടസ്സങ്ങൾ പരമാവധി കുറയ്ക്കുംവിധം രൂപകൽപ്പനചെയ്യപ്പെട്ട ഉടലുമുള്ള കളിവള്ളങ്ങൾ ആർപ്പിടുന്ന ആൾക്കൂട്ടത്തെ കടന്ന് ഹോബാർട്ടിന്റെ ഹൃദയഭാഗത്തേക്കു പായുമ്പോൾ നാം വീണ്ടും ആ പഴയകാലത്തിലെത്തിച്ചേരുന്നു.
പീഡനത്തിന്റെ ദേശം ആത്മീയ പറുദീസയാകുന്നു
ലോൺസെസ്റ്റണിൽ നടന്ന 1994-ലെ “ദൈവഭയ” ഡിസ്ട്രിക്റ്റ് കൺവെൻഷനിലെ 2,447 പ്രതിനിധികളിലൊരുവനായ ജെഫ്രി ബട്ടർവർത്ത് തന്റെ ഓർമകൾ അയവിറക്കുന്നു: “ടാസ്മാനിയയിൽ മൊത്തം 40 സാക്ഷികളിലേറെയില്ലാതിരുന്ന നാളുകൾ ഞാനോർക്കുന്നു.” ഇപ്പോൾ ഏകദേശം 26 സഭകളും 23 രാജ്യഹാളുകളുമുണ്ട്.
“പക്ഷേ അവസ്ഥകൾ എല്ലായ്പോഴും അനുകൂലമായിരുന്നില്ല,” ജെഫ് കൂട്ടിച്ചേർക്കുന്നു. “ഉദാഹരണത്തിന്, പണ്ട് 1938-ൽ ടോം കിറ്റോയും റോഡ് മക്ക്വില്ലിയും ഞാനും മുമ്പിലും പുറകിലുമായി പരസ്യങ്ങൾ തൂക്കിയിട്ടുകൊണ്ട് ‘വസ്തുതകളെ അഭിമുഖീകരിക്കുക’ എന്ന ബൈബിളധിഷ്ഠിത പ്രസംഗത്തെക്കുറിച്ചു പരസ്യപ്പെടുത്തുകയായിരുന്നു. വ്യാജമതത്തെ നിർദാക്ഷിണ്യം തുറന്നുകാട്ടിക്കൊണ്ട് ലണ്ടനിൽനിന്നു റേഡിയോ ശൃംഖലവഴിയുള്ള ഒരു സംപ്രേക്ഷണമായിരുന്നു അത്. ഞാൻ മറ്റുള്ളവരുടെ അടുത്തു തിരിച്ചെത്തിയപ്പോൾ അവരെ ഒരു സംഘം ചെറുപ്പക്കാർ ചേർന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസ് കൈയുംകെട്ടി നോക്കി നിന്നതേയുള്ളൂ! അവരെ സഹായിക്കാനായി ഞാൻ ഓടിച്ചെന്നെങ്കിലും എന്നെ അടിച്ചു താഴെയിട്ടു. എന്നാൽ ഒരു മനുഷ്യൻ എന്നെ ഷർട്ടിന്റെ പുറകുവശത്തു കൂട്ടിപ്പിടിച്ച് അവിടെനിന്നു വലിച്ചുമാറ്റി. എന്നെ അടിക്കുന്നതിനു പകരം ആ മനുഷ്യൻ ഉറക്കെ വിളിച്ചുപറഞ്ഞു: ‘അവരെ വെറുതെ വിടൂ!’ എന്നിട്ട് അദ്ദേഹം എന്നോടായി പതുക്കെപ്പറഞ്ഞു: ‘പീഡിപ്പിക്കപ്പെടുക എന്നാലെന്താണെന്ന് എനിക്കറിയാം, സുഹൃത്തേ. ഞാനൊരു അയർലൻഡുകാരനാണ്.’”
ആ പഴയകാലത്തെ പയനിയർമാരെ യഹോവ അനുഗ്രഹിച്ചു, കാരണം ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത 4,52,000 പേരുള്ള ദ്വീപിന്റെ എല്ലാ കോണിലും എത്തിച്ചേർന്നിരിക്കുന്നു. പഴയ കുറ്റവാളികളുടെ അനേകം പിൻമുറക്കാരും ആദിവാസികളും ഒരു ശുദ്ധീകരിക്കപ്പെട്ട ഭൂമിയിലേക്ക്, ആ ക്രൂരമായ പഴയനാളുകളിൽ അന്യായമായി കൊലചെയ്യപ്പെട്ട—കറുത്തവരും വെളുത്തവരുമായ—എല്ലാവരെയും തിരികെ സ്വാഗതം ചെയ്യാൻ നോക്കിപ്പാർത്തിരിക്കുന്നു. കാരണം ബൈബിൾ ഇപ്രകാരം ഉറപ്പു നൽകുന്നു, “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:15) ആ മാറ്റം സമ്പൂർണമായിരിക്കുമെന്നതിനാൽ “മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.”—യെശയ്യാവു 65:17.
[അടിക്കുറിപ്പ്]
a 1855 നവംബർ 26-നാണ് ടാസ്മാനിയ എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചത്. ഏറ്റവും പഴക്കമേറിയ സംസ്ഥാനം ന്യൂ സൗത്ത് വെയിൽസ് ആണ്.
[25-ാം പേജിലെ ചിത്രങ്ങളും ഭൂപടങ്ങളും]
മുകളിൽ: ക്രാഡിൽ പർവതവും ഡോവ് തടാകവും
മുകളിൽ വലത്ത്: ടാസ്മാനിയൻ ഡെവിൾ
താഴെ വലത്ത്: തെക്കുപടിഞ്ഞാറൻ ടാസ്മാനിയയിലെ മഴവനം
ടാസ്മാനിയ
ഓസ്ട്രേലിയ
[കടപ്പാട്]
Tasmanian devil and map of Tasmania: Department of Tourism, Sport and Recreation – Tasmania; Map of Australia: Mountain High Maps® Copyright © 1995 Digital Wisdom, Inc.