യുവജനങ്ങളുടെ ദാരുണ മരണം
“ഞങ്ങളുടെ തലമുറ അന്യംനിന്നു പോകുകയാണെന്ന് എനിക്കു തോന്നുന്നു.”—ജോഹാന പി., 18 വയസ്സുള്ള ബിരുദ വിദ്യാർഥിനി, കണെറ്റിക്കട്ട്, യു.എസ്.എ.
ഓസ്ട്രേലിയയിലെ ടാസ്മാനിയ എന്ന ദ്വീപ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹോബാർട്ടിലുള്ള ഒരു കൃഷിയിടത്തിൽ രക്തം ഉറഞ്ഞുപോകുന്ന ഒരു ദൃശ്യമാണു പൊലീസുകാരെ വരവേറ്റത്. കൃഷിയിടത്തിലെ വീട്ടിനുള്ളിൽ 10-നും 18-നും ഇടയ്ക്കു പ്രായമുള്ള നാലു പെൺകുട്ടികൾ മരിച്ച നിലയിൽ കാണപ്പെട്ടു. അവരുടെ പിതാവ് ആയിരുന്നു ഘാതകൻ. തൊട്ടടുത്തുതന്നെ തലയ്ക്കു വെടിയേറ്റ നിലയിൽ അയാളും മരിച്ചു കിടപ്പുണ്ടായിരുന്നു. അയാൾ മഴുകൊണ്ട് തന്റെ വലത്തേ കൈ മുറിച്ചുകളഞ്ഞിരുന്നു. ഈ കൊലപാതകങ്ങളും ആത്മഹത്യയും ടാസ്മാനിയൻ ജനതയെ ഒന്നടങ്കം ഞെട്ടിച്ചു. അത് ആളുകളുടെ മനസ്സിൽ കുഴപ്പിക്കുന്ന ഒരു ചോദ്യം അവശേഷിപ്പിച്ചു—എന്തിന്? നിരപരാധികളായ ആ നാലു പെൺകുട്ടികൾ മരിക്കേണ്ടി വന്നത് എന്തിന്?
ബെൽജിയം ഇപ്പോഴും ഞെട്ടലിൽനിന്നു മുക്തമായിട്ടില്ല. കാരണം, അവിടെ പരോളിൽ ഇറങ്ങിയ ഒരു ബലാൽസംഗി ആറു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ ശേഷം അവരിൽ നാലു പേരെ അരുങ്കൊല ചെയ്തു. വീണ്ടും അതേ ചോദ്യം ഉയർന്നു വരുന്നു—ആ പെൺകുട്ടികൾ മരിക്കേണ്ടി വന്നത് എന്തിന്? അർജന്റീനയിലെ ചില അമ്മമാർ വിശ്വസിക്കുന്നത്, ഹീനയുദ്ധംa എന്ന് ഇപ്പോൾ അറിയപ്പെടുന്ന യുദ്ധത്തിൽ 30,000 പേർ—അധികവും തങ്ങളുടെ മക്കൾ—മരണമടഞ്ഞു എന്നാണ്. ആ ഹതാശരിൽ ചിലരെ പീഡിപ്പിക്കുകയും അവർക്കു മയക്കുമരുന്നു കൊടുക്കുകയും ചെയ്ത ശേഷം വിമാനത്തിൽ കൊണ്ടുപോയി കടലിൽ തള്ളിയിടുകയായിരുന്നു. അനേകരെയും ജീവനോടെയാണു തള്ളിയിട്ടത്. അവർ മരിക്കേണ്ടി വന്നത് എന്തിന്? അവരുടെ അമ്മമാർ ഇപ്പോഴും ഉത്തരങ്ങൾ തേടുന്നു.
1955-ൽ ലോക മാതൃ സമ്മേളനം യുദ്ധത്തിന്റെ ഫലശൂന്യതയെ അപലപിച്ചു. “ഒരു വലിയ പ്രതിഷേധം, യുദ്ധത്തിന്റെയും അതിനുള്ള തയ്യാറെടുപ്പുകളുടെയും കെടുതികളിൽ നിന്ന് തങ്ങളുടെ കൊച്ചു കുട്ടികളെയും മുതിർന്ന കുട്ടികളെയും സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന അമ്മമാരുടെ മുന്നറിയിപ്പിൻ മുറവിളി” ആണു പ്രസ്തുത സമ്മേളനമെന്നു പ്രഖ്യാപിക്കപ്പെട്ടു. വിരോധാഭാസമെന്നു പറയട്ടെ, ആ സമ്മേളനത്തിനു ശേഷം രക്തപങ്കിലമായ യുദ്ധങ്ങളിൽ കൊലചെയ്യപ്പെടുന്ന യുവജനങ്ങളുടെ സംഖ്യ ലോകവ്യാപകമായി വർധിച്ചു വരുകയാണ്—മനുഷ്യവർഗത്തിന്റെ ജീൻ സഞ്ചയത്തിനു സംഭവിക്കുന്ന കനത്ത നഷ്ടം തന്നെ.
യുവജന മരണങ്ങളുടെ നീണ്ട ചരിത്രം
ചരിത്രത്തിന്റെ ഏടുകൾ യുവജനങ്ങളുടെ രക്തത്തിൽ കുതിർന്നിരിക്കുന്നു. പ്രബുദ്ധമെന്നു പറയപ്പെടുന്ന നമ്മുടെ 20-ാം നൂറ്റാണ്ടിൽ പോലും വർഗീയവും ഗോത്രപരവുമായ പോരാട്ടങ്ങളിൽ പ്രഥമ ലക്ഷ്യം യുവജനങ്ങളാണ്. മുതിർന്നവരുടെ ദുഷ്കൃത്യങ്ങൾക്കും ദുരാഗ്രഹങ്ങൾക്കും വേണ്ടി യുവജനങ്ങൾ ജീവൻ ഒടുക്കേണ്ടി വരുന്നതായി കാണപ്പെടുന്നു.
ഒരു ആഫ്രിക്കൻ രാജ്യത്ത്, കർത്താവിന്റെ പ്രതിരോധ സേന എന്ന പേരിൽ കൗമാരക്കാർ ഒരു മത സംഘടന രൂപീകരിച്ചു. തങ്ങളിൽ വെടിയുണ്ടകൾ തറയ്ക്കുകയില്ല എന്നു വിശ്വസിക്കാൻ അവർ പഠിപ്പിക്കപ്പെട്ടിരിക്കുന്നതായി ദ ന്യൂ റിപ്പബ്ലിക്ക് റിപ്പോർട്ടു ചെയ്യുന്നു. ആ ലേഖനത്തിന്റെ “കൗമാരക്കാരുടെ പാഴ്ജീവിതം” എന്ന തലക്കെട്ട് തികച്ചും അനുയോജ്യമായിരുന്നു. പുത്രന്മാരുടെയും പുത്രിമാരുടെയും—അവർ വെടിയുണ്ട തറയ്ക്കാത്തവരൊന്നും ആയിരുന്നില്ല—വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾ യഥോചിതം ഇങ്ങനെ ചോദിക്കുന്നു: ഈ യുവജനങ്ങൾ മരിക്കേണ്ടി വന്നത് എന്തുകൊണ്ട്? എന്തിനു വേണ്ടി?
ഇതിനെല്ലാം പുറമേയാണു യുവജനങ്ങൾക്കിടയിലെ ആത്മഹത്യാ നിരക്ക്.
[അടിക്കുറിപ്പ്]
a ഹീനയുദ്ധം എന്നു വിളിക്കപ്പെടുന്ന യുദ്ധം അരങ്ങേറിയത് ഒരു പട്ടാള വിപ്ലവ സംഘത്തിന്റെ ഭരണകാലത്ത് (1976-83) ആണ്. അട്ടിമറി നടത്തിയെന്ന സംശയത്തിന്റെ പേരിൽ ആയിരക്കണക്കിന് ആളുകൾ കൊല ചെയ്യപ്പെട്ടു. മരണസംഖ്യ 10,000-ത്തിനും 15,000-ത്തിനും ഇടയ്ക്കാണെന്നു ചില കണക്കുകൾ പറയുന്നു.