ഞങ്ങളുടെ വായനക്കാരിൽ നിന്ന്
കമ്പ്യൂട്ടർ കളികൾ എനിക്കു 15 വയസ്സുണ്ട്. നിങ്ങൾ പ്രസിദ്ധീകരിച്ച “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ കമ്പ്യൂട്ടർ, വീഡിയോ കളികളിൽ ഏർപ്പെടണമോ?” (ആഗസ്റ്റ് 22, 1996) എന്ന ലേഖനത്തിനു നന്ദിപറയാൻ ഞാനാഗ്രഹിക്കുന്നു. അത്തരം കളികളുടെ ഇരുണ്ട വശങ്ങളെ അതു വെളിച്ചത്തുകൊണ്ടുവന്നു. അവയിലേർപ്പെടുന്നതിന്റെ നല്ലതും ചീത്തയുമായ വശങ്ങളെ തൂക്കിനോക്കാൻ അതു ക്രിസ്ത്യാനികളെ സഹായിക്കും.
എഫ്. ആർ., ഇന്തോനേഷ്യ
എനിക്കു 17 വയസ്സുണ്ട്. അക്രമാസക്തമായ കമ്പ്യൂട്ടർ കളികൾ എനിക്കു വലിയ ഇഷ്ടമായിരുന്നു. അവ എന്നെ ഒരുവിധത്തിലും ബാധിച്ചിട്ടില്ല എന്നാണു ഞാൻ വിചാരിച്ചിരുന്നത്. ഞാൻ അവയിൽ വല്ലാതെ ആസക്തനായിത്തീരുകയും ചെയ്തു—പ്രത്യേകിച്ച്, നിങ്ങൾ വിശദീകരിച്ച അക്രമാസക്തമായ ഇനങ്ങളിൽ. ഇപ്പോൾ ഞാൻ അക്രമവും രക്തച്ചൊരിച്ചിലും വിഷയമായിരുന്ന എന്റെ എല്ലാ കമ്പ്യൂട്ടർ ഡിസ്കുകളും നശിപ്പിച്ചുകളഞ്ഞിരിക്കുന്നു. ഫലമോ? എനിക്കു വളരെയേറെ ആശ്വാസം തോന്നുന്നു, മാത്രമല്ല പഠിക്കാനും അറിവു സമ്പാദിക്കാനും യഹോവയാം ദൈവത്തെക്കുറിച്ചു സംസാരിക്കാനും കൂടുതൽ സമയവും എനിക്കു ലഭിക്കുന്നുണ്ട്.
എസ്. എ., ഗ്രീസ്
കന്യകാത്വം “കന്യകാത്വം—എന്തുകൊണ്ട്?” (ആഗസ്റ്റ് 22, 1996) എന്ന ചെറുതെങ്കിലും വിസ്മയാവഹമായ ലേഖനത്തിനു നന്ദി. ഒരു വ്യക്തി കന്യകാത്വം കാത്തുസൂക്ഷിക്കാൻ തീരുമാനിക്കുന്നതിനെ ആളുകൾ ഒരു നല്ല സംഗതിയായി വീക്ഷിക്കാത്ത ഈ ആധുനിക നാളുകളിൽ യുവത്വവും സൗന്ദര്യവുമുള്ള ആളുകൾ യഹോവയുടെ നിലവാരങ്ങൾ കാത്തുസൂക്ഷിക്കുന്ന കാഴ്ച തികച്ചും പ്രോത്സാഹജനകമായിരുന്നു. വീണ്ടും നന്ദി!
ആർ. ഡി., ഐക്യനാടുകൾ
അമേരിക്കൻ ഇന്ത്യക്കാർ “അമേരിക്കൻ ഇന്ത്യക്കാർ—അവരുടെ ഭാവിയെന്ത്?” (സെപ്റ്റംബർ 8, 1996) എന്ന ലേഖനപരമ്പരയ്ക്കു വിലമതിപ്പു പ്രകടമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ജിജ്ഞാസയോടെ ലേഖനങ്ങൾ വായിച്ചാസ്വദിച്ചു. ഇനിയും അവ വായിക്കുകയും ചെയ്യും. പുനരുത്ഥാനത്തെക്കുറിച്ചു പ്രതിപാദിച്ച ഭാഗം എന്നെ പ്രത്യേകാൽ സ്വാധീനിച്ചു.
എസ്. ബി., ഇറ്റലി
മറ്റെല്ലാറ്റിനെക്കാളും ഈ ലേഖനങ്ങൾ എന്നെ സ്വാധീനിച്ചു. അവ ഇന്ത്യക്കാരെക്കുറിച്ചുള്ള എന്റെ വീക്ഷണം വിവേചനാപരമായിരുന്നുവെന്നും ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിലല്ലായിരുന്നുവെന്നും തിരിച്ചറിയാൻ എന്നെ സഹായിച്ചു. സ്കൂളിൽ പഠിച്ചിരുന്ന കാലം തൊട്ടേ ഞാൻ ഇന്ത്യക്കാരെ ദുരാചാരങ്ങൾക്കടിപ്പെട്ട വെറും പ്രാകൃത മനുഷ്യരായിട്ടാണു കണക്കാക്കിവന്നത്. ചരിത്ര പുസ്തകങ്ങൾ ഞങ്ങൾക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ശരിയായ വീക്ഷണം ഒരിക്കലും പ്രദാനം ചെയ്തില്ല. നിങ്ങളുടെ ലേഖനങ്ങൾ സ്വദേശികളായ അമേരിക്കക്കാരുടെ ദുരവസ്ഥയെക്കുറിച്ചു മനസ്സിലാക്കാൻ എന്നെ സഹായിച്ചു—“മനുഷ്യനു മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരമുള്ള”തിന്റെ മറ്റൊരു തെളിവ്.—സഭാപ്രസംഗി 8:9.
എം. എം., ഐക്യനാടുകൾ
സ്വദേശികളായ അമേരിക്കക്കാരുടെ ഒരു പിൻഗാമിയെന്ന നിലയിൽ ഞാൻ നിങ്ങളുടെ ലേഖനങ്ങൾ വളരെ ആകാംക്ഷയോടെയാണു വായിച്ചത്. സൃഷ്ടികളോട് ഇത്രവളരെ സ്നേഹമുള്ള ഒരു ജനത്തിനു സഹിക്കേണ്ടിവന്ന ദുരിതങ്ങൾ വായിച്ച് എന്റെ കണ്ണുനിറഞ്ഞുപോയി. ദൈവം, മുഴു മാനവജാതിക്കും നേരെ ഉണ്ടായിട്ടുള്ള എല്ലാ അനീതികളുടെയും നേർവിപരീതമായ ഒരു അവസ്ഥ കൊണ്ടുവരികയും നമുക്ക് ഒത്തൊരുമിച്ച് ഒരു പറുദീസാ ഭൂമിയിൽ ജീവിക്കുക സാധ്യമാക്കുകയും ചെയ്യുന്ന ദിവസത്തിനായി ഞാൻ എത്ര ആകാംക്ഷയോടെ നോക്കിപ്പാർക്കുന്നുവെന്നോ.
എൻ. എസ്., ഐക്യനാടുകൾ
പോംപൈ ഞാൻ അടുത്തയിടെ നിങ്ങളുടെ “പോംപൈ—സമയം നിശ്ചലമായി നിന്നിടം” (സെപ്റ്റംബർ 8,1996) എന്ന ലേഖനം വായിച്ചിരുന്നു. നന്നായി ആസ്വദിക്കുകയും ചെയ്തു. അതു നേരിട്ടു കണ്ടതുപോലെയാണ് അനുഭവപ്പെട്ടത്! എങ്കിലും ഒരു സംഗതി സംബന്ധിച്ച് വിശദീകരണം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പോംപൈ സന്ദർശിക്കുന്ന ഏതൊരുവനും “ചോളം പൊടിക്കുന്ന മില്ലുകളും” മറ്റും “ഇപ്പോഴും കാണാവുന്നതാണ്” എന്നു ലേഖനം പറഞ്ഞിരിക്കുന്നു. എനിക്കു തെറ്റു പറ്റിയെങ്കിൽ തിരുത്തണം, എങ്കിലും ചോളം അമേരിക്കൻ ഭൂഖണ്ഡത്തിൽ ഉത്ഭവിച്ച ഒരു ധാന്യമല്ലേ. ക്രിസ്റ്റഫർ കൊളംബസിന്റെ നാളുകൾവരെ യൂറോപ്യന്മാർക്ക് അതേപ്പറ്റി അറിവില്ലായിരുന്നല്ലോ?
ആർ. ഡി., ഐക്യനാടുകൾ
ഈ വിഷയത്തിൽ ഞങ്ങൾ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിൽ ക്ഷമിക്കണം. “ധാന്യം” പൊടിക്കുന്ന മില്ലുകൾ അവിടെ കാണാൻ കഴിയും എന്നു പറയുന്നതായിരുന്നു ഭേദം. രസകരമെന്നു പറയട്ടെ, “ചോളം” എന്നർഥം വരുന്ന ഇംഗ്ലീഷ് പദത്തിന് ഗോതമ്പോ ഓട്ട്സോപോലുള്ള “ഭക്ഷ്യയോഗ്യമായ ഒരു ധാന്യം” എന്നും അർഥമാക്കാൻ സാധിക്കും.—പത്രാധിപർ.
ചെറുപ്പം മുതലേ എനിക്കു പുരാതന ചരിത്രത്തിൽ വളരെയേറെ താത്പര്യമുണ്ടായിരുന്നു. പ്രത്യേകിച്ച് പോംപൈയുടെ ചരിത്രം എന്നെ എല്ലായ്പോഴും ഹഠാദാകർഷിച്ചിട്ടുണ്ട്. ആ ലേഖനം വായിച്ചപ്പോൾ, ഞാൻ ആ പട്ടണത്തിലൂടെ യാത്രചെയ്യുകയാണെന്നാണ് എനിക്കു തോന്നിയത്. ഉഗ്രനായിട്ടുണ്ട്! അനേകം പുതിയ വിശദാംശങ്ങൾ പഠിക്കാൻ എനിക്കു സാധിച്ചു. നമ്മുടെ നാളുകളായ അന്ത്യകാലവുമായി അതിനെ താരതമ്യപ്പെടുത്തിയതും എനിക്കിഷ്ടമായി. എനിക്കു സന്ദർശിക്കാൻ സാധിക്കാത്ത സ്ഥലങ്ങളെക്കുറിച്ച് അറിയാൻ എന്നെ സഹായിച്ചതിനു നന്ദി.
ജെ. എസ്. എ., ബ്രസീൽ