മാറിവരുന്ന മനോഭാവങ്ങൾ ഉയർത്തുന്ന പുതിയ ചോദ്യങ്ങൾ
“ലൈംഗികവിപ്ലവം,” “ലൈംഗികവിസ്ഫോടനം,” “ധാർമികവിപ്ലവം.” ഇത്തരം പദങ്ങൾ ലൈംഗികത സംബന്ധിച്ച് മാറിവരുന്ന മനോഭാവങ്ങളെ പരസ്യപ്പെടുത്തി, വിശേഷിച്ച് 1960-കളുടെ മധ്യത്തിലും അതിനുശേഷമുള്ള വർഷങ്ങളിലും. പലരും “സ്വതന്ത്ര ലൈംഗികത” എന്ന മുദ്രാവാക്യം സ്വീകരിച്ചു. വ്യക്തികൾ വിവാഹവും ചാരിത്ര്യവും തള്ളിക്കളയുന്ന ജീവിതരീതിയായിരുന്നു അതിന്റെ സവിശേഷത.
“ഒരു പ്രവൃത്തി ചെയ്തശേഷം അതു നല്ലതെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ അതാണ് ധാർമികത. ഒരു പ്രവൃത്തി ചെയ്തശേഷം അതു മോശമാണെന്നു തോന്നുന്നെങ്കിൽ അതാണ് അധാർമികത” എന്ന എഴുത്തുകാരനായ ഏർണസ്റ്റ് ഹെമിങ്വേയുടെ പ്രസ്താവന, ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും സംതൃപ്തിയുടെയും വാഗ്ദാനങ്ങളിൽ കുടുങ്ങിപ്പോയവരുടെ മനോഭാവത്തെ നന്നായി സംക്ഷേപിക്കുന്നു. ഈ തത്ത്വചിന്തയുടെ സ്വീകാര്യത, ഒന്നിലധികം പങ്കാളികളുമായുള്ള ഹ്രസ്വകാല ലൈംഗികബന്ധങ്ങളെ ന്യായീകരിച്ചു. ഇത്തരം ബന്ധങ്ങളിലൂടെ സ്ത്രീപുരുഷന്മാർ തങ്ങളുടെ ലൈംഗികത പരീക്ഷിച്ചുനോക്കി. ലൈംഗിക “സംതൃപ്തി”ക്ക് അതിരുകളില്ലായിരുന്നു. ഇതേ ദശകത്തിൽത്തന്നെ പുറത്തിറക്കിയ ഗർഭനിരോധന ഗുളികകൾ, വിലക്കുകളില്ലാത്ത ലൈംഗിക പരീക്ഷണത്തിനു കൂടുതൽ പ്രചോദനമേകി.
എന്നാൽ, എയ്ഡ്സും മറ്റു ലൈംഗികരോഗങ്ങളും ഇത്തരം കുത്തഴിഞ്ഞ ജീവിതരീതിയുടെ മുഖമുദ്രയായിമാറി. സദാചാരബോധമില്ലാത്ത ഒരു തലമുറയുടെ ലൈംഗിക മനോഭാവങ്ങളുടെ അടിത്തറയിളകി. ഏതാനും വർഷങ്ങൾക്കുമുമ്പ് ടൈം മാഗസിനിൽ, “’80-കളിലെ ലൈംഗികത—വിപ്ലവം സമാപിച്ചിരിക്കുന്നു” എന്ന തലക്കെട്ടു പ്രത്യക്ഷപ്പെട്ടിരുന്നു. മുഖ്യമായും, പല അമേരിക്കക്കാർക്കും പിടിപെട്ട വ്യാപകമായ ലൈംഗികരോഗങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ പ്രസ്താവന. ലോകമെമ്പാടുമുള്ള എയ്ഡ്സ് രോഗികളുടെ എണ്ണം ഞെട്ടിക്കുന്ന സംഖ്യയിലെത്തിയിരിക്കുന്നു. ഏതാണ്ട് മൂന്നു കോടി!
ലൈംഗികരോഗങ്ങളെക്കുറിച്ചുള്ള ഭയം, ഹ്രസ്വകാല ലൈംഗികബന്ധങ്ങൾ സംബന്ധിച്ച പലരുടെയും മനോഭാവങ്ങളിൽ കുറെക്കൂടെ മാറ്റം വരുത്തി. ഒരു വിനോദമാഗസിനായ യുഎസിന്റെ 1992 ലക്കം, ഒരു ഗവൺമെൻറ് സർവേയെക്കുറിച്ചു റിപ്പോർട്ടു ചെയ്യവേ ഇപ്രകാരം പറഞ്ഞു: “എയ്ഡ്സിനോടും മറ്റു ലൈംഗികരോഗങ്ങളോടുമുള്ള ഭയം മൂലം അവിവാഹിതരായ 68 ലക്ഷത്തോളം സ്ത്രീകൾ തങ്ങളുടെ ലൈംഗിക സ്വഭാവങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നു.” ലേഖനം പറയുന്നതനുസരിച്ച്, വ്യക്തമായ സന്ദേശം ഇതാണ്: “ലൈംഗികത ഒരു നിസ്സാര സംഗതിയല്ല. തീക്കളിയാണ്.”
പ്രക്ഷുബ്ധമായ ഈ ദശകങ്ങൾ, ലൈംഗികബന്ധങ്ങളോടുള്ള മനോഭാവങ്ങളെ ഏതു വിധത്തിലാണു ബാധിച്ചിരിക്കുന്നത്? സമീപ ദശകങ്ങളിലെ സ്വതന്ത്ര ലൈംഗികതയാൽ സവിശേഷമാക്കപ്പെട്ട, വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെയുള്ള എടുത്തുചാട്ടത്തിൽനിന്നും ’80-കളിലെ ലൈംഗികരോഗങ്ങൾ സംബന്ധിച്ച കയ്പേറിയ യാഥാർഥ്യങ്ങളിൽനിന്നും എന്തെങ്കിലും പാഠം പഠിച്ചിട്ടുണ്ടോ? പൊതുവിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലൈംഗിക വിദ്യാഭ്യാസം, തങ്ങളുടെ ലൈംഗികപ്രാപ്തികളെ വിജയകരമായി കൈകാര്യം ചെയ്യാൻ യുവതീയുവാക്കളെ സഹായിച്ചിട്ടുണ്ടോ? ലൈംഗികതയോടുള്ള ഇക്കാലത്തെ മാറ്റം വന്ന മനോഭാവങ്ങളുടെ വെല്ലുവിളിയെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്?