നിങ്ങളുടെ മനോഭാവത്തെ സ്വാധീനിക്കുന്നത് എന്ത്
ഏതാണ്ട് 2,700 വർഷം മുമ്പ് ഒരു നിശ്വസ്ത എഴുത്തുകാരൻ ചിന്തോദ്ദീപകമായ ഈ പഴമൊഴി എഴുതി: ‘ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു.’ (സദൃശവാക്യങ്ങൾ 10:23) ഈ വാക്കുകളുടെ സത്യത, ലൈംഗികവിപ്ലവം ആരംഭിച്ചതുമുതൽ വെളിവായിരിക്കുന്നു. എയ്ഡ്സിനെക്കുറിച്ചുള്ള ഭീതി പരക്കുന്നതിനുമുമ്പ്, ലൈംഗികത ഒരു ‘കായികവിനോദമാണെന്നും ഭവിഷ്യത്തുകൾ എന്തുതന്നെയായാലും ലൈംഗിക തൃഷ്ണ ശമിപ്പിക്കണമെന്നു’മുള്ള ഒരു മനോഭാവമാണു നിലവിലുണ്ടായിരുന്നത്. ഈ മനോഭാവത്തിനു മാറ്റം വന്നിട്ടുണ്ടോ? ഇല്ലെന്നുതന്നെ പറയാം.
ലൈംഗികതയോടുള്ള ഇന്നത്തെ ആസക്തി, ഇപ്പോഴും “സ്ത്രീലമ്പടൻ”മാരെയും ‘കല്യാണവീരൻ’മാരെയും “ലൈംഗിക ആഭാസൻ”മാരെയും ഉളവാക്കിക്കൊണ്ടിരിക്കുന്നു. ധാർമികത ഒരു വ്യക്തിപരമായ കാര്യമാണെന്നും ഒന്നിലധികം പങ്കാളികളുമായുള്ള സ്വതന്ത്ര ലൈംഗികത ഒരു സാധാരണ സംഗതിയാണെന്നും അവർ വാദിക്കുന്നു. (6-ാം പേജിലെ ‘ലൈംഗിക ജീവിതരീതികൾ’ എന്ന ചതുരം കാണുക.) പ്രായപൂർത്തിയായവർ പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗികവേഴ്ച ‘ആർക്കും ദോഷം ചെയ്യുകയില്ല’ എന്ന് അവർ അവകാശപ്പെടുന്നു. 1964-ൽ, ഐയ്യോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സമുദായശാസ്ത്രജ്ഞനായ ഐറ റൈസ് ഇതിനെ “പ്രേമപൂർവമുള്ള അനുവാദാത്മകത” എന്നു വർണിച്ചു.
സ്കോട്ട്ലൻഡിലെ എഡിൻബർഗിലുള്ള ആംഗ്ലിക്കൻ ബിഷപ്പിനും സമാന ചിന്താഗതിയാണുള്ളതെന്നു തോന്നുന്നു. കാരണം, മനുഷ്യന് ഒന്നിലധികം കാമുകീകാമുകന്മാർ ഉണ്ടായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ലൈംഗികതയും ക്രിസ്ത്യാനിത്വവും സംബന്ധിച്ച ഒരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: “ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ, നമ്മുടെ ലൈംഗികാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താനുള്ള വഴികൾ തേടാൻ തക്കവണ്ണം ഒരു ലൈംഗിക തൃഷ്ണ അവൻ നമുക്കു നൽകിയിട്ടുണ്ടെന്നുള്ളത് അവനറിയാം. അനുവാദാത്മകതയുടെ ജീനുകളെ അവൻ നമുക്കു നൽകിയിരിക്കുന്നു. തങ്ങളുടെ സഹജവാസനകൾക്കനുസൃതമായി പ്രവർത്തിച്ചവരെ കുറ്റപ്പെടുത്തുന്നതു സഭയെ സംബന്ധിച്ചിടത്തോളം തെറ്റായിരിക്കുമെന്നു ഞാൻ കരുതുന്നു.”
അത്തരമൊരു വീക്ഷണഗതി ആരോഗ്യാവഹമാണോ? സ്വതന്ത്ര ലൈംഗികതയ്ക്ക് ഒടുക്കേണ്ടിവരുന്ന വില എന്തായിരിക്കും? ഒന്നിലധികം ലൈംഗിക പങ്കാളികളുമായുള്ള ഹ്രസ്വകാല ബന്ധങ്ങൾ സംതൃപ്തിയും സന്തുഷ്ടിയും കൈവരുത്തുന്നുണ്ടോ?
ലൈംഗികരോഗങ്ങൾ ലോകമൊട്ടാകെ പടർന്നുപിടിച്ചിരിക്കുന്നതും വിശേഷിച്ച് കൗമാരപ്രായക്കാർക്കിടയിലെ കോടിക്കണക്കിനുവരുന്ന അവിഹിത ഗർഭധാരണങ്ങളും ഇത്തരമൊരു തത്ത്വശാസ്ത്രത്തിന്റെ പരാജയത്തിനു സാക്ഷ്യം വഹിക്കുന്നു. ന്യൂസ്വീക്ക് മാഗസിൻ പറയുന്നതനുസരിച്ച്, വർഷംതോറും ഐക്യനാടുകളിൽ മാത്രം ഏതാണ്ട് 30 ലക്ഷം കൗമാരപ്രായക്കാരെ ലൈംഗികരോഗങ്ങൾ പിടികൂടുന്നു. ഇതിനുപുറമേ, “പരസ്പര സമ്മതത്തോടെ ബന്ധപ്പെടുന്ന ഈ പ്രായപൂർത്തിയായവ”രിൽ പലരും “വാത്സല്യമില്ലാത്ത”വരായി അല്ലെങ്കിൽ മിക്കപ്പോഴും തങ്ങളുടെ വേഴ്ചയുടെ ഫലമായിട്ടുണ്ടാകുന്ന അജാത ശിശുവിനോട് കർത്തവ്യബോധം ഇല്ലാത്തവരായി കാണപ്പെടുന്നു. അതുകൊണ്ട് അവർ വേഗത്തിൽ ഗർഭം അലസിപ്പിക്കാനുള്ള വഴികൾ തേടുന്നു. (2 തിമൊഥെയൊസ് 3:3) അങ്ങനെ അമ്മയിൽനിന്നു ക്രൂരമായി പറിച്ചെറിയപ്പെടുമ്പോൾ ഈ അജാതശിശുവിന് ഒടുക്കേണ്ടിവരുന്ന വില അതിന്റെ ജീവനാണ്. യുവ മാതാവിനാകട്ടെ, ഇതുമൂലം ജീവിതകാലം മുഴുവൻ അവളെ വേട്ടയാടുന്ന തരത്തിലുള്ള ആഴമായ വിഷാദവും കുറ്റബോധവും അനുഭവപ്പെട്ടേക്കാം.
ലൈംഗികവിപ്ലവത്തിന്റെ ഫലമായി ’90-കളുടെ മധ്യത്തിൽ ബ്രിട്ടനിൽ മാത്രമായി പ്രതിവർഷം 2,000 കോടി ഡോളർ വീതം ചെലവായതായി ഡോ. പാട്രിക്ക് ഡിക്സൻ കണക്കുകൂട്ടി. പ്രേമത്തിന്റെ ഉയരുന്ന വില (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ, എയ്ഡ്സ് ഉൾപ്പെടെയുള്ള ലൈംഗികരോഗങ്ങളുടെ ചികിത്സാ ചെലവും വിവാഹമോചനത്തോടു ബന്ധപ്പെട്ട ചെലവും മാതാവോ പിതാവോ തനിച്ച് മക്കളെ വളർത്തിക്കൊണ്ടുവരുമ്പോൾ സമൂഹത്തിനുണ്ടാകുന്ന ചെലവും കുടുംബങ്ങളെയും കുട്ടികളെയും ചികിത്സാവിധേയമാക്കുന്നതിനുള്ള പണച്ചെലവുമെല്ലാം രേഖപ്പെടുത്തിക്കൊണ്ടാണ് ഡോ. ഡിക്സൻ ഈ സംഖ്യയിൽ എത്തിച്ചേർന്നത്. കാനഡയിലെ ഒരു വർത്തമാനപത്രമായ ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്തതനുസരിച്ച് ഡോ. ഡിക്സൻ ഇപ്രകാരം ഉപസംഹരിക്കുന്നു: “നമുക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്ത ലൈംഗിക ബന്ധങ്ങളിലെ ഒരു വിപ്ലവം, ലൈംഗിക കുഴപ്പങ്ങൾ, ദുരന്തം, ഏകാന്തത, വൈകാരിക വേദന, അക്രമം, ദുഷ്പെരുമാറ്റങ്ങൾ എന്നിവ നിമിത്തം താറുമാറായ ഒരു ലോകത്തു പലരെയും തളച്ചിട്ടിരിക്കുന്നു.”
എന്നാൽ, ലൈംഗികാസക്തിയും ഹ്രസ്വകാല ബന്ധങ്ങളോടുള്ള ആഭിമുഖ്യവും കണക്കുബോധിപ്പിക്കേണ്ടതില്ലാത്ത സ്വതന്ത്ര ലൈംഗികതയ്ക്കു വേണ്ടിയുള്ള പിടിവാശിയും തുടരുന്നതെന്തുകൊണ്ടാണ്? ഇക്കഴിഞ്ഞ മൂന്നു ദശകങ്ങളിൽ ഇത്ര വ്യക്തമായ തിക്തഫലങ്ങൾ കൊയ്യേണ്ടിവന്നിട്ടും ഈ നശീകരണ ആസക്തിക്കു വഴിമരുന്നിടുന്നത് എന്താണ്?
അശ്ലീല മാധ്യമങ്ങൾ ലൈംഗികതയെ വികലമാക്കുന്നു
ലൈംഗികാസക്തിക്കു വഴിമരുന്നിടുന്ന ഒരു ഘടകമായി അശ്ലീല മാധ്യമത്തെ പരാമർശിച്ചിരിക്കുന്നു. ലൈംഗിക ആസക്തനെന്ന് ഏറ്റുപറഞ്ഞ ഒരു വ്യക്തി ദ ടൊറന്റോ സ്റ്റാർ എന്ന വർത്തമാനപത്രത്തിൽ ഇപ്രകാരം എഴുതുന്നു: “ഞാൻ അഞ്ചു വർഷംമുമ്പ് പുകവലിയും രണ്ടു വർഷംമുമ്പ് മദ്യപാനവും നിറുത്തി. എന്നാൽ, ലൈംഗികതയോടും അശ്ലീല കാര്യങ്ങളോടുമുള്ള ആസക്തി തരണം ചെയ്യുന്നതിനോളം ബുദ്ധിമുട്ട് എനിക്കു ജീവിതത്തിൽ മറ്റൊരു കാര്യത്തിലും അനുഭവപ്പെട്ടിട്ടില്ല.”
സ്ഥിരമായി അശ്ലീല കാര്യങ്ങൾ വായിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കൗമാരപ്രായക്കാർ ലൈംഗിക പെരുമാറ്റങ്ങൾ സംബന്ധിച്ച് വികലമായൊരു വീക്ഷണഗതി വളർത്തിയെടുക്കുമെന്നും അയാൾ ഉറച്ചു വിശ്വസിക്കുന്നു. അവർ ലൈംഗിക ഭാവനകളനുസരിച്ചു ജീവിക്കുന്നു. യഥാർഥ ബന്ധങ്ങൾ സങ്കീർണവും പ്രയാസങ്ങൾ നിറഞ്ഞതുമാണെന്ന് അവർക്കു തോന്നുന്നു. ഇതുമൂലം ഒറ്റപ്പെട്ടു ജീവിക്കാനുള്ള പ്രവണതയും മറ്റു പ്രശ്നങ്ങളും ഉളവാകുന്നു. നിലനിൽക്കുന്ന സ്നേഹബന്ധങ്ങൾ വാർത്തെടുക്കുന്നതിൽ അനുഭവപ്പെടുന്ന പ്രയാസമാണ് ഏറ്റവും വലിയ പ്രശ്നം.
വിനോദലോകം ലൈംഗികതയെ ചൂഷണം ചെയ്യുന്നു
നിയമപരമായും അല്ലാതെയും ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടായിരിക്കുന്നതുൾപ്പെടെ, കുത്തഴിഞ്ഞ ജീവിതരീതിയാണ് വിനോദലോകത്തുള്ളവർ പരക്കെ നയിക്കുകയും പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്യുന്നത്. വെള്ളിത്തിരയിൽ പ്രദർശിപ്പിക്കപ്പെടുന്ന സ്നേഹശൂന്യമായ, തരംതാഴ്ന്ന ലൈംഗികവേഴ്ചകൾ ലൈംഗികാസക്തിയെ ആളിക്കത്തിക്കുന്നു, അങ്ങനെ ഈ തലമുറയ്ക്ക് മാനവലൈംഗികതയെക്കുറിച്ചു വികലമായ ഒരു കാഴ്ചപ്പാടു ലഭിക്കുന്നു. വിനോദമാധ്യമങ്ങൾ മിക്കപ്പോഴും വിവാഹബാഹ്യ ലൈംഗികതയെ സ്നേഹബന്ധത്തോടു വ്യാജമായി തുലനം ചെയ്യുന്നു. വിനോദലോകത്തിലെ താരങ്ങളെ ആരാധിക്കുന്നവർക്ക് കാമവും സ്നേഹവും തമ്മിലോ ഹ്രസ്വകാല പ്രേമബന്ധങ്ങളും ദീർഘകാല പ്രതിബദ്ധതയും തമ്മിലോ മിഥ്യയും യാഥാർഥ്യവും തമ്മിലോ വേർതിരിവു കൽപ്പിക്കാൻ സാധിക്കാത്തതായി തോന്നുന്നു.
അതുപോലെതന്നെ, പരസ്യ ലോകം ലൈംഗികതയെ ഒരു വിപണന ഉപാധിയായി ചൂഷണം ചെയ്തിരിക്കുന്നു. ലൈംഗികത, “ഒരു ഉത്പന്നത്തിലേക്കു ശ്രദ്ധയാകർഷിക്കാനുള്ള അമൂർത്ത വസ്തുവായി” മാറിയിരിക്കുന്നുവെന്ന് ഒരു ലൈംഗിക ചികിത്സകൻ പറഞ്ഞു. പരസ്യക്കാർ ലൈംഗികതയെ ചൂഷണം ചെയ്ത് ലൈംഗിക പ്രകടനങ്ങളെ ഒരു അഭിലഷണീയ ജീവിതത്തോടു ബന്ധപ്പെടുത്തിയിരിക്കുന്നു. എങ്കിലും കുടുംബ ബന്ധങ്ങൾ (ഇംഗ്ലീഷ്) എന്ന പത്രിക പറയുന്നതുപോലെ ഇത് 20-ാം നൂറ്റാണ്ടിലെ മറ്റൊരു “വികലമായ ലൈംഗിക വീക്ഷണ”മാണ്.
മാറിക്കൊണ്ടിരിക്കുന്ന ധർമങ്ങൾ മനോഭാവങ്ങളെ വളച്ചൊടിക്കുന്നു
മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പരിതഃസ്ഥിതിയും 1960-ൽ ഗർഭനിരോധന ഗുളികകൾ വിപണിയിൽ ഇറക്കിയതും ലക്ഷക്കണക്കിനു സ്ത്രീകളുടെ ലൈംഗിക പെരുമാറ്റങ്ങളിൽ മാറ്റം വരുത്തി. ഈ ഗുളിക, സ്ത്രീകൾക്കു പുരുഷന്മാരുമായി ഒരു സാങ്കൽപ്പിക ലൈംഗിക സമത്വം—മുമ്പൊരിക്കലും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ലൈംഗിക സ്വാതന്ത്ര്യം—നൽകുകയുണ്ടായി. അനാവശ്യ ഗർഭധാരണങ്ങളെക്കുറിച്ചുള്ള ഭയമില്ലാതെ പുരുഷന്മാരെപ്പോലെ അവർക്കും ഇപ്പോൾ ഹ്രസ്വകാല ബന്ധങ്ങൾ പരീക്ഷിച്ചുനോക്കാമെന്നായി. തങ്ങളുടെ ലൈംഗിക വിമോചനത്തിൽ മതിമറന്ന് സ്ത്രീപുരുഷന്മാർ സ്വാഭാവിക കുടുംബങ്ങളെയും ലൈംഗിക ധർമങ്ങളെയും നാമാവശേഷമാക്കുന്ന ഘട്ടത്തോളം എത്തിച്ചിരിക്കുന്നു.
അത്തരം ആളുകളെക്കുറിച്ച് ഒന്നാം നൂറ്റാണ്ടിലെ ഒരു ബൈബിളെഴുത്തുകാരൻ ഇങ്ങനെ പറഞ്ഞു: ‘അവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും ദ്രവ്യാഗ്രഹത്താൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമാണ്. അവർ നേർവഴി വിട്ടു തെറ്റിപ്പോയി.’—2 പത്രൊസ് 2:14, 15.
വിദ്യാലയങ്ങളിലെ ലൈംഗിക വിദ്യാഭ്യാസം
“ലൈംഗിക വിദ്യാഭ്യാസ കോഴ്സുകളാലും ജനനനിയന്ത്രണത്തെക്കുറിച്ച് തങ്ങൾക്കുണ്ടെന്ന് കൗമാരപ്രായക്കാർ അവകാശപ്പെടുന്ന അറിവിനാലും അളക്കപ്പെടുന്ന വിജ്ഞാനം” അവിവാഹിതരായ കൗമാരപ്രായക്കാർക്കിടയിൽ കണ്ടുവരുന്ന ഗർഭധാരണ നിരക്കിന്മേൽ ഒരു ഫലവുമുളവാക്കിയിട്ടില്ല എന്ന് അവിവാഹിതരായ 10,000 പെൺകുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ ഒരു യു.എസ്. പഠനം വെളിപ്പെടുത്തി. ചില പൊതുവിദ്യാലയങ്ങൾ തങ്ങളുടെ വിദ്യാർഥികൾക്കു സൗജന്യമായി ഗർഭനിരോധന ഉറകൾ നൽകിക്കൊണ്ട് ഈ സാംക്രമിക പ്രവണതയ്ക്കെതിരെ പ്രതികരിക്കുന്നു. എങ്കിലും ഈ നടപടി ചൂടുപിടിച്ച ഒരു സംവാദവിഷയമാണ്.
കാൽഗരി ഹെറാൾഡ് പത്രം അഭിമുഖം നടത്തിയപ്പോൾ 17-കാരിയായ ഒരു ഹൈസ്കൂൾ വിദ്യാർഥിനി ഇപ്രകാരം പറഞ്ഞു: ‘ഹൈസ്കൂളുകളിലെ കൗമാരപ്രായക്കാരിൽ ഭൂരിഭാഗവും, 12 വയസ്സുള്ള ചില കുട്ടികൾപ്പോലും, ലൈംഗികബന്ധത്തിലേർപ്പെടുന്നുണ്ടെന്നുള്ളതാണു സത്യം.’
സ്നേഹവും പ്രതിബദ്ധതയും എന്താണ്?
സ്നേഹം, വിശ്വാസം, വിലപ്പെട്ട സഖിത്വം എന്നൊക്കെ പറയുന്നത് ഒരു നൈമിഷിക ലൈംഗികാകർഷണത്തിന്റെയോ ലൈംഗിക വികാരങ്ങളുടെ ശമനത്തിന്റെയോ സ്വാഭാവിക ഉത്പന്നങ്ങളല്ല. ലൈംഗികബന്ധം ഒന്നുകൊണ്ടുമാത്രം യഥാർഥ സ്നേഹം ഉളവാകുന്നില്ല. നിലനിൽക്കുന്ന ഒരു ബന്ധം കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധരായ, പരസ്പരം കരുതുന്ന രണ്ടു വ്യക്തികളുടെ ഹൃദയങ്ങളിലാണ് സ്നേഹവും അടുപ്പവും അങ്കുരിക്കുന്നത്.
ഹ്രസ്വകാല ബന്ധങ്ങൾ, ഒടുവിൽ ഒരുവനെ അരക്ഷിതാവസ്ഥയിലും ഏകാന്തതയിലും ഒരുപക്ഷേ എയ്ഡ്സ്പോലുള്ള ഒരു ലൈംഗികരോഗം പിടിപെട്ട അവസ്ഥയിലും കൊണ്ടെത്തിക്കുന്നു. സ്വതന്ത്ര ലൈംഗികതയ്ക്കുവേണ്ടി വാദിക്കുന്നവരെ 2 പത്രൊസ് 2:19-ലെ വാക്കുകളാൽ വർണിക്കാൻ സാധിക്കും: “തങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മററവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.”
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സാമൂഹിക ഉത്തരവാദിത്വ സമിതി 1995 ജൂണിൽ, “കൊണ്ടാടേണ്ട ഒന്ന്” എന്ന തലക്കെട്ടോടെ ഒരു റിപ്പോർട്ടു പുറത്തിറക്കി. ടൊറന്റോ സ്റ്റാർ പറഞ്ഞതനുസരിച്ച്, ബൈബിൾ ബുദ്ധ്യുപദേശത്തിനു നേർവിപരീതമായി, “‘പാപത്തിൽ ജീവിക്കൽ’ എന്ന വാചകം മായ്ച്ചുകളയാനും വിവാഹിതരാകാതെ ഒരുമിച്ചു പാർക്കുന്നവർക്കെതിരെയുള്ള സഭയുടെ മനോഭാവത്തെ മാറ്റാനും” സമിതി സഭയെ പ്രേരിപ്പിച്ചു. ‘എല്ലാവർക്കും തങ്ങളുടെ ജീവിതത്തിൽ ദൈവസാന്നിധ്യം ദർശിക്കേണ്ടതിന്, ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിക്കുന്നവരെ സഭകൾ സ്വാഗതം ചെയ്യണമെന്നും അവർ പറയുന്നതു ശ്രദ്ധിക്കണമെന്നും അവരിൽനിന്നു പഠിക്കണമെന്നും’ റിപ്പോർട്ടു ശുപാർശ ചെയ്തു.
അത്തരം മതനേതാക്കന്മാരെ യേശു എന്തു വിളിക്കുമായിരുന്നു? “കുരുടൻമാരായ വഴികാട്ടികൾ” എന്നു വിളിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. അത്തരം വഴികാട്ടികളെ പിന്തുടരുന്നവരുടെ കാര്യമോ? അവൻ ന്യായവാദം ചെയ്തു: ‘കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും.’ “വ്യഭിചാരം,” “പരസംഗം” എന്നിവ ‘മനുഷ്യനെ അശുദ്ധനാക്കുന്ന’ കാര്യങ്ങളിൽ പെടുന്നുവെന്ന് യേശു വ്യക്തമായി പറഞ്ഞുവെന്നതിൽ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല.—മത്തായി 15:14, 18-20.
ലൈംഗികതയെ വികലമാക്കുന്ന, ചൂഷണം ചെയ്യുന്ന ഇത്തരം ഘടകങ്ങളുള്ളപ്പോൾ ഒരു വ്യക്തിക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക്, ലൈംഗികാസക്തിയിൽനിന്ന് എങ്ങനെ മോചനം നേടാൻ സാധിക്കും? സന്തുഷ്ടി നിറഞ്ഞ, നിലനിൽക്കുന്ന ബന്ധങ്ങളുടെ രഹസ്യം എന്താണ്? ഭാവിക്കുവേണ്ടി തയ്യാറാകുന്നതിൽ യുവാക്കളെ സഹായിക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും എന്നതിനെക്കുറിച്ചുള്ളതാണ് അടുത്ത ലേഖനം.
[5-ാം പേജിലെ ആകർഷകവാക്യം]
ഐക്യനാടുകളിൽ മാത്രം പ്രതിവർഷം ഏതാണ്ട് 30 ലക്ഷം കൗമാരപ്രായക്കാരെ ലൈംഗികരോഗങ്ങൾ പിടികൂടുന്നു
[6-ാം പേജിലെ ചതുരം]
ലൈംഗിക ജീവിതരീതികൾ
സ്ത്രീലമ്പടന്മാർ (Attraction Junkies): പ്രേമബന്ധത്തിലേർപ്പെടാൻ അവർ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് കമ്പം തീരുമ്പോൾ അവർ മറ്റൊരു ബന്ധം തേടി പോകുന്നു. ന്യൂയോർക്ക് സ്റ്റേറ്റ് സൈക്ക്യാട്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. മൈക്കിൾ ലീബവിറ്റ്സ് ആണ് ഈ പദത്തിനു രൂപം നൽകിയത്.
കല്യാണവീരന്മാർ: വിവാഹം, വിവാഹമോചനം, പുനർവിവാഹം എന്നീ നിയമപരമായ നടപടികൾ ഉൾപ്പെടുത്തിക്കൊണ്ടുതന്നെ ഒന്നൊന്നായി പ്രേമബന്ധങ്ങളിലേർപ്പെടുന്ന ആളുകളെ സമുദായശാസ്ത്രജ്ഞന്മാർ തിരിച്ചറിയിക്കുന്നത് ഈ പേരിനാലാണ്.
ലൈംഗിക ആഭാസന്മാർ: ഒന്നിലധികം ലൈംഗിക പങ്കാളികളുമായി ബന്ധപ്പെട്ടുകൊണ്ട് തങ്ങളുടെ ലൈംഗിക ശൗര്യം പ്രകടിപ്പിക്കാൻ അവർ ശ്രമിക്കുന്നുവെന്ന് കുടുംബങ്ങളെക്കുറിച്ചു പഠനം നടത്തുന്നവനും അംഗീകരിക്കപ്പെട്ട ലൈംഗിക ചികിത്സകനുമായ ലൂതർ ബേക്കർ അഭിപ്രായപ്പെടുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ വിശേഷിപ്പിക്കാനും ഈ പദം ഇപ്പോൾ ഉപയോഗിക്കാറുണ്ട്.
[7-ാം പേജിലെ ചിത്രം]
അശ്ലീല മാധ്യമങ്ങൾ ആസക്തി ഉളവാക്കുകയും ലൈംഗിക സ്വഭാവം സംബന്ധിച്ച വികലമായ ഒരു കാഴ്ചപ്പാടിലേക്കു നയിക്കുകയും ചെയ്യുന്നു