നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ അന്വേഷണം
ആന്റോണിയോ വീൽയാ പറഞ്ഞപ്രകാരം
ആയിരത്തെണ്ണൂറ്റിമുപ്പത്താറ്. ഏതാണ്ട് 4,000 പേരടങ്ങുന്ന ഒരു മെക്സിക്കൻ സൈന്യം, അലാമോയിലെ—200-ൽ താഴെ വരുന്ന—ടെക്സാൻ അനുകൂലികളെയെല്ലാം കൊന്നൊടുക്കി. പിന്നീട്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തെ ചൂടുപിടിപ്പിക്കാൻ “അലാമോയെ ഓർക്കുക” എന്ന പോർവിളി ഉപയോഗിച്ചിരുന്നു. സ്വാതന്ത്ര്യം പിന്നീട് അതേ വർഷംതന്നെ ലഭിക്കുകയുണ്ടായി. 1845-ൽ, ഒരിക്കൽ മെക്സിക്കോയുടെ ഭാഗമായിരുന്നത് ഐക്യനാടുകളുടെ ഭാഗമായിത്തീർന്നു. വിദ്വേഷം നിറഞ്ഞ ഒരു പ്രദേശത്ത് മെക്സിക്കോക്കാർക്കു താമസിക്കേണ്ടിവന്നു. വംശീയ ഭിന്നതകളെക്കുറിച്ചുള്ള ഓർമകൾ ആളുകളുടെ മനസ്സുകളിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു.
അലാമോ സ്ഥിതിചെയ്യുന്ന ടെക്സാസിലെ സാൻ ആന്റോണിയോയിൽനിന്ന് അധികം അകലെയല്ലാത്ത ഒരു സ്ഥലത്ത്, 1937-ലാണു ഞാൻ ജനിച്ചത്. അക്കാലത്ത് കുളിമുറികൾ, കുടിവെള്ളത്തിന്റെ പൈപ്പുകൾ എന്നിവിടങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും “വെള്ളക്കാർ മാത്രം” എന്നും “മറ്റുള്ളവർ” എന്നും എഴുതിവെച്ചിരുന്നു. “മറ്റുള്ളവർ” എന്നു പറയുന്നവരിൽ മെക്സിക്കൻ പാരമ്പര്യമുള്ള ഞങ്ങളും ഉൾപ്പെടുമെന്ന് ഞാൻ താമസിയാതെ മനസ്സിലാക്കി.
തിയേറ്ററിൽ സിനിമ കാണാൻ ചെന്നാൽ മെക്സിക്കോക്കാർക്കും കറുത്തവർക്കും ബാൽക്കണിയിൽ അല്ലാതെ പ്രധാന ഓഡിറ്റോറിയത്തിൽ ഇരിക്കാൻ അനുവാദമില്ലായിരുന്നു. പല ലഘുഭക്ഷണശാലകളിലും കടകളിലും മെക്സിക്കോക്കാർക്ക് പ്രവേശനമില്ലായിരുന്നു. ഒരിക്കൽ എന്റെ ഭാര്യ വെൽയയും അനുജത്തിയും ഒരു ബ്യൂട്ടിപാർലറിൽ ചെന്നു. “ഞങ്ങൾ ഇവിടെ മെക്സിക്കോക്കാരെ സ്വീകരിക്കാറില്ല” എന്നു പറയാനുള്ള സാമാന്യമര്യാദപോലും അതിന്റെ നടത്തിപ്പുകാർ കാട്ടിയില്ല. പകരം അവർ കളിയാക്കിച്ചിരിക്കുകയാണു ചെയ്തത്. ഒടുവിൽ വെൽയയും അനുജത്തിയും നാണംകെട്ട് അവിടെനിന്ന് ഇറങ്ങിപ്പോന്നു.
ചിലപ്പോഴൊക്കെ—സാധാരണ മദ്യപിച്ചിരിക്കുമ്പോൾ—വെള്ളക്കാർ മെക്സിക്കൻ സ്ത്രീകളെ തേടിച്ചെല്ലും. അവർ ജന്മനാതന്നെ അഴിഞ്ഞാട്ടക്കാരികളാണെന്നാണു വെള്ളക്കാരിൽ പലരും കരുതിയിരുന്നത്. ഞാൻ ചിന്തിച്ചു, ‘അവർ ഒരു കുളിമുറിയോ പൈപ്പോ ഞങ്ങളുമായി പങ്കിടുകയില്ല, പക്ഷേ അവർ മെക്സിക്കൻ സ്ത്രീകളുമായി കിടക്ക പങ്കിടും.’ ഇത്തരം അനീതികൾ ആദ്യമൊക്കെ എന്നിൽ ഒരുതരം അരക്ഷിതബോധം ഉളവാക്കി, പിന്നീട് വിരോധവും.
പള്ളികളുമായി പ്രശ്നങ്ങൾ
മതത്തിന്റെ കാപട്യം എന്നെ കൂടുതൽ രോഷംകൊള്ളിച്ചു. വെള്ളക്കാർക്കും കറുത്തവർക്കും മെക്സിക്കോക്കാർക്കുമൊക്കെ വെവ്വേറെ പള്ളികളുണ്ടായിരുന്നു. ഒരു കത്തോലിക്കനായുള്ള എന്റെ ആദ്യകുർബാനകൈക്കൊള്ളപ്പാടിന്റെ സമയത്ത് പുരോഹിതൻ എനിക്ക് ഏതാനും കവറുകൾ തന്നു, ഡാഡിക്ക് നൽകാൻ. അതിൽ തുടർന്നുള്ള ആഴ്ചകളിലെ തീയതികൾ എഴുതിയിട്ടുണ്ടായിരുന്നു. ഓരോ ആഴ്ചയും സംഭാവനയിട്ട് ഞങ്ങൾ കവർ തിരിച്ചുകൊടുക്കണമായിരുന്നു. കുറച്ചു ദിവസത്തിനുശേഷം പുരോഹിതൻ എന്നോടു പറഞ്ഞു: “ആ കവറുകൾ എനിക്ക് തിരിച്ചുകിട്ടിയിട്ടില്ലെന്ന് നിന്റെ ഡാഡിയോടു പറഞ്ഞേക്ക്.” ഡാഡിയുടെ കോപംപൂണ്ട വാക്കുകൾ എന്റെ മനസ്സിൽ മായാതെ കിടന്നു: “അവർക്കു വേണ്ടത് ഒന്നു മാത്രം—പണം!”
സുവിശേഷപ്രസംഗകർ തങ്ങളുടെ സഭകളിലെ സ്ത്രീകളെയുംകൊണ്ട് കടന്നുകളഞ്ഞുവെന്നും മറ്റുമുള്ള അപവാദങ്ങൾ സാധാരണമായിരുന്നു. അത്തരം അനുഭവങ്ങൾ നിമിത്തം ഞാൻ കൂടെക്കൂടെ ഇങ്ങനെ പറയുമായിരുന്നു: “മതത്തിന് രണ്ടു ലക്ഷ്യങ്ങളേ ഉള്ളൂ—ഒന്നുകിൽ പണം കൈക്കലാക്കുക അല്ലെങ്കിൽ സ്ത്രീകളെയുംകൊണ്ട് കടന്നുകളയുക.” അതുകൊണ്ട് യഹോവയുടെ സാക്ഷികൾ സന്ദർശിക്കാൻ വരുമ്പോഴൊക്കെ “എനിക്ക് മതം വേണമെന്നുണ്ടെങ്കിൽ ഞാൻ തന്നെത്താൻ തേടിക്കൊള്ളാം” എന്നു പറഞ്ഞുകൊണ്ട് ഞാൻ അവരെ ഓടിക്കുമായിരുന്നു.
സൈനികസേവനവും വിവാഹവും
1955-ൽ ഞാൻ യു.എസ്. വ്യോമസേനയിൽ ചേർന്നു. അവിടെ എന്റെ ജോലിയിൽ പ്രാവീണ്യം തെളിയിച്ചുകൊണ്ട്, ഒരു മെക്സിക്കോക്കാരനായിരുന്നതിന്റെ പേരിൽ എനിക്കു നിഷേധിക്കപ്പെട്ടിരുന്ന ആദരവ് നേടിയെടുക്കാനാകുമെന്നു ഞാൻ പ്രത്യാശിച്ചു. കഠിനമായി പരിശ്രമിച്ച് ഞാൻ അംഗീകാരം നേടിയെടുത്തു. കാലക്രമേണ, ഗുണനിയന്ത്രണ വിഭാഗത്തിന്റെ ചുമതല എനിക്കായി. സായുധസേനയുടെ മറ്റു വിഭാഗങ്ങളെ വിലയിരുത്തുന്ന ചുമതല ഇതിൽ ഉൾപ്പെട്ടിരുന്നു.
1959-ൽ ഞാൻ വെൽയയെ വിവാഹം ചെയ്തു. വെൽയ സ്വതവേ മതത്തോടു ചായ്വുള്ളവളായിരുന്നു. എങ്കിലും അവൾ സഹവസിച്ച എല്ലാ സഭകളും അവളെ നിരാശപ്പെടുത്തി. 1960-ൽ, വല്ലാതെ നിരാശ തോന്നിയ ഒരവസരത്തിൽ അവൾ പ്രാർഥിച്ചു: “ദൈവമേ, നീ ഉണ്ടെങ്കിൽ അതെന്നെ അറിയിക്കേണമേ. എനിക്കു നിന്നെ അറിയണം.” അതേ ദിവസം തന്നെ യഹോവയുടെ സാക്ഷികളിലൊരാൾ കാലിഫോർണിയയിലെ പെറ്റലൂമയിലുള്ള ഞങ്ങളുടെ ഭവനം സന്ദർശിച്ചു.
എന്നാൽ കുറച്ചു നാളുകൾക്കുശേഷം എന്റെ സൈനിക നിയമനത്തിൽ ഒരു മാറ്റം വന്നതുകൊണ്ട് വെൽയയ്ക്ക് സാക്ഷികളുമായുള്ള സമ്പർക്കം നഷ്ടപ്പെട്ടു. 1966-ൽ ഞാൻ വിയറ്റ്നാമിലായിരുന്നപ്പോൾ ടെക്സാസിലെ സെമിനോളിൽ വെച്ചാണ് അവൾ അവരുമായി ബൈബിളധ്യയനം പുനരാരംഭിച്ചത്. പിറ്റേ വർഷാരംഭത്തിൽ ഞാൻ വിയറ്റ്നാമിൽനിന്നു തിരിച്ചു വീട്ടിലെത്തിയപ്പോൾ കണ്ടത് അവൾ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കുന്നതാണ്. എനിക്ക് അതത്ര ഇഷ്ടമായില്ല.
എന്റെ കടുത്ത എതിർപ്പ്
മതം വെൽയയെ വഞ്ചിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുമെന്ന് ഞാൻ കരുതി. അതുകൊണ്ട്, കാപട്യത്തിന്റെ ഒരു നേരിയ കണികയെങ്കിലും ഉണ്ടെങ്കിൽ അതു തുറന്നുകാട്ടാനുള്ള ഒരു അവസരത്തിനായി കാതുകൂർപ്പിച്ച് ഞാൻ അധ്യയനത്തിനിരിക്കുമായിരുന്നു. സാക്ഷികൾ രാഷ്ട്രീയമായി നിഷ്പക്ഷരാണെന്ന് ആ സ്ത്രീ പറഞ്ഞപ്പോൾ ഞാൻ ഇടയ്ക്കുകയറി ചോദിച്ചു: “നിങ്ങളുടെ ഭർത്താവിന് എന്താണ് ജോലി?”
“അദ്ദേഹത്തിന് പരുത്തിക്കൃഷിയാണ്,” അവൾ മറുപടി നൽകി.
“അതുശരി! മിലിറ്ററി യൂണിഫാറങ്ങൾ ഉണ്ടാക്കുന്നതു പരുത്തിയിൽനിന്നാണ്. അപ്പോൾ നിങ്ങൾ യുദ്ധസംരംഭങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്!” ഗർവോടെ ഞാൻ തിരിച്ചടിച്ചു. ന്യായബോധം നഷ്ടപ്പെട്ടിരുന്ന എന്റെ സ്വരം ഉച്ചത്തിലായി.
1967 ജൂണിൽ സൈന്യത്തിലെ പുതിയൊരു നിയമനം മൂലം ഞങ്ങൾക്ക് ദൂരേക്ക്, ഉത്തര ഡാക്കോട്ടയിലെ മിനോട്ടിലേക്ക്, പോകേണ്ടിവന്നെങ്കിലും അവിടെയുള്ള സാക്ഷികൾ വെൽയയുമായി ബന്ധപ്പെട്ട് ബൈബിളധ്യയനം പുനരാരംഭിച്ചു. ബാലിശമായ രീതികളിൽ ഞാൻ എതിർക്കാൻ തുടങ്ങി. മനഃപൂർവം അധ്യയന സമയത്തുതന്നെ ഞാൻ എത്തും. വാതിൽ വലിച്ചടയ്ക്കും, അമർത്തിച്ചവിട്ടി ഗോവണി കയറിപ്പോകും, എന്റെ ബൂട്ടുകൾ ശബ്ദത്തോടെ തറയിലേക്കു വലിച്ചെറിയും, നിരവധി പ്രാവശ്യം കക്കൂസിൽ വെള്ളമൊഴിച്ചുകൊണ്ട് ശബ്ദമുണ്ടാക്കും.
വെൽയ മൃദുഭാഷിയായ, കീഴ്പെടൽ മനോഭാവമുള്ള ഒരു ഭാര്യയായിരുന്നു. എന്റെ അനുവാദമില്ലാതെ അവൾ ഒരിക്കലും ഒന്നും ചെയ്തിരുന്നില്ല. ബൈബിൾ പഠിക്കാൻ മനസ്സില്ലാമനസ്സോടെ ഞാൻ അവൾക്ക് അനുവാദം നൽകിയിരുന്നെങ്കിലും സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കുന്നത് വലിയൊരു പ്രശ്നമായിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു. യോഗങ്ങൾക്കു സംബന്ധിക്കാൻ അവർ പ്രേരിപ്പിക്കുമ്പോഴൊക്കെ അവൾ ഇപ്രകാരം പറയുമായിരുന്നു: “ഞാൻ സംബന്ധിക്കാതിരിക്കുന്നതാണ് നല്ലത്. ടോണിയെ വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”
എന്നാൽ ഒരു ദിവസം വെൽയ ബൈബിളിൽ ഇപ്രകാരം വായിച്ചു: “ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു.” (എഫെസ്യർ 4:30) “ഇതിന്റെ അർഥമെന്താണ്?” അവൾ തിരക്കി. ബൈബിളധ്യയനം നടത്തിക്കൊണ്ടിരുന്ന സാക്ഷി വിശദീകരിച്ചു: “ബൈബിൾ രചന നടന്നത് ദൈവത്തിന്റെ പരിശുദ്ധാത്മ നിശ്വസ്തതയിലാണ്. അതുകൊണ്ട് ബൈബിളനുസൃതമായി പ്രവർത്തിക്കാതിരുന്നാൽ നാം ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയായിരിക്കും. ഉദാഹരണത്തിന്, ദൈവവചനം നമ്മോടു യോഗങ്ങൾക്കു പോകാൻ ആവശ്യപ്പെടുന്നുവെന്നത് ചിലർക്ക് അറിയാമെങ്കിലും അവർ പോകുന്നില്ല.” (എബ്രായർ 10:24, 25) വെൽയയുടെ എളിയ ഹൃദയത്തെ പ്രചോദിപ്പിക്കാൻ അതു മാത്രം മതിയായിരുന്നു. അന്നുമുതൽ എന്റെ എതിർപ്പിനെ വകവെക്കാതെ അവൾ എല്ലാ യോഗങ്ങൾക്കും പോകാൻതുടങ്ങി.
ഞാൻ ആക്രോശിക്കും: “എനിക്കുള്ള അത്താഴം മേശപ്പുറത്തെടുത്തുവെക്കാതെ എങ്ങനെ നിനക്ക് വീട്ടിൽനിന്നിറങ്ങിപ്പോകാനാകും?” എനിക്കുള്ള അത്താഴം എപ്പോഴും ചൂടോടെ തയ്യാറാക്കിവെച്ചിട്ടുവേണം പോകാൻ എന്ന് വെൽയ പെട്ടെന്നുതന്നെ മനസ്സിലാക്കി. അപ്പോൾ ഞാൻ വേറെ അടവുകൾ പ്രയോഗിച്ചു: “നിനക്ക് എന്നോടും മക്കളോടും സ്നേഹമില്ല. ആ യോഗങ്ങൾക്കുവേണ്ടി നീ ഞങ്ങളെ ഇവിടെ വിട്ടിട്ടുപോകുന്നു.” ഞാൻ സാക്ഷികളുടെ വിശ്വാസങ്ങളെ ചോദ്യംചെയ്യുന്ന അവസരങ്ങളിൽ വെൽയ സൗമ്യതയോടെ പ്രതിവാദിക്കും. അപ്പോൾ ആദരവില്ലാത്ത, കീഴ്പെടാത്ത ബോക്കോണാ—“ധിക്കാരപൂർവം ഒച്ചയെടുത്തു സംസാരിക്കുന്നവൾ”—എന്ന് അവളെ വിളിച്ചുകൊണ്ട് ഞാൻ എന്റെ ബോക്കോണാ അടവ് പ്രയോഗിക്കും.
എങ്കിലും വെൽയ യോഗങ്ങളിൽ സംബന്ധിച്ചു. എന്റെ ചീത്തവിളി കേട്ട് കണ്ണീരോടെയായിരിക്കും അവൾ മിക്കപ്പോഴും വീട്ടിൽനിന്നു പോകുന്നത്. എങ്കിലും ചില തത്ത്വങ്ങളോടു ഞാൻ പറ്റിനിന്നിരുന്നു. ഞാൻ ഒരിക്കലും ഭാര്യയെ പ്രഹരിക്കുകയോ അവളുടെ പുതുവിശ്വാസം നിമിത്തം അവളെ ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുകയോ ചെയ്തില്ല. എന്നാൽ ആ യോഗങ്ങളിൽ വരുന്ന ഏതെങ്കിലുമൊരു സുമുഖൻ അവളിൽ ആകൃഷ്ടനായിരിക്കുമെന്നു ഞാൻ ഭയന്നിരുന്നു. അപ്പോഴും മതത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം ‘ഒന്നുകിൽ പണം അല്ലെങ്കിൽ സ്ത്രീ’ എന്നുതന്നെയായിരുന്നു. യോഗങ്ങൾക്കു പോകാൻ വെൽയ ഒരുങ്ങുന്നതിനിടയ്ക്ക് മിക്കപ്പോഴും ഞാൻ പരാതിപ്പെടും: “ആർക്കോവേണ്ടി അണിഞ്ഞൊരുങ്ങാൻ എന്തൊരുത്സാഹമാ, എനിക്കുവേണ്ടി അങ്ങനെ ചെയ്തുകാണാറില്ലല്ലോ.” അതുകൊണ്ട് ആദ്യമായി യോഗത്തിൽ സംബന്ധിക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ പറഞ്ഞു: “ഞാൻ വരുന്നുണ്ട്, നിന്റെ മേലൊരു കണ്ണുണ്ടായിരിക്കാൻ വേണ്ടി മാത്രം!”
എങ്കിലും എന്റെ യഥാർഥ ലക്ഷ്യം, സാക്ഷികൾക്കെതിരെ വല്ലതും കണ്ടെത്തുക എന്നതായിരുന്നു. ഞാൻ സംബന്ധിച്ച ആദ്യത്തെ യോഗത്തിൽ, “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ” വിവാഹിതരാകാവൂ എന്നതിനെക്കുറിച്ചുള്ള ഒരു പ്രസംഗമുണ്ടായിരുന്നു. (1 കൊരിന്ത്യർ 7:39) വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞാൻ അങ്ങേയറ്റം ദേഷ്യത്തോടെ പരാതിപ്പെട്ടു: “നോക്കൂ! അവർ മറ്റേവരെയുംപോലെതന്നെയാണ്—തങ്ങളുടെ വിശ്വാസത്തിലല്ലാത്തവരെ മുൻവിധിയോടെ വീക്ഷിക്കുന്നു.” വെൽയ സൗമ്യതയോടെ അഭിപ്രായപ്പെട്ടു: “പക്ഷേ അത് അവർ പറയുന്നതല്ലല്ലോ, ബൈബിളാണ് അങ്ങനെ പറയുന്നത്.” ഉടനെ മുഷ്ടി ചുരുട്ടി ഭിത്തിയിലിടിച്ചുകൊണ്ട് ഞാൻ ആക്രോശിച്ചു: “നീയൊരു ബോക്കോണാതന്നെ!” വാസ്തവത്തിൽ അവൾ പറയുന്നത് ശരിയാണെന്ന് അറിയാമായിരുന്നതുകൊണ്ട് ഞാൻ നിരാശനാകുകയായിരുന്നു.
ഞാൻ തുടർന്നും യോഗങ്ങളിൽ സംബന്ധിക്കുകയും സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുകയും ചെയ്തു. എന്നാൽ അവയിലൊക്കെ കുറ്റം കണ്ടെത്തുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാൻ യോഗങ്ങളിൽ അഭിപ്രായം പറയാൻ പോലും തുടങ്ങി—ഞാൻ ഒരു “വിവരംകെട്ട മെക്സിക്കോക്കാരൻ” അല്ലെന്നു കാണിക്കാൻവേണ്ടി മാത്രം.
നീതിക്കുവേണ്ടിയുള്ള എന്റെ അന്വേഷണം തൃപ്തയടയുന്നു
1971-ഓടെ എന്റെ സൈനികസേവനം നിമിത്തം ഞങ്ങൾക്ക് ആർകൻസസിലേക്കു താമസം മാറേണ്ടി വന്നു. ഞാൻ വെൽയയോടൊപ്പം യോഗങ്ങളിൽ സംബന്ധിച്ചുകൊണ്ടിരുന്നു. 1969 ഡിസംബറിൽ അവൾ യഹോവയോടുള്ള സമർപ്പണത്തിന്റെ പ്രതീകമായി സ്നാപനമേറ്റിരുന്നു. പിന്നീടൊരിക്കലും ഞാൻ അവളെ എതിർത്തില്ല. എന്നാൽ എന്നോടൊത്തു ബൈബിൾ പഠിക്കാൻ ഞാൻ ആരെയും അനുവദിച്ചില്ല. ബൈബിൾ പ്രസിദ്ധീകരണങ്ങൾ വായിച്ചതിന്റെ ഫലമായി എന്റെ അറിവ് വളരെയധികം വർധിച്ചിരുന്നു. എങ്കിലും അതു കേവലം ശിരോജ്ഞാനം മാത്രമായിരുന്നു—ചെയ്യുന്നതെന്തും ഏറ്റവും നന്നായി ചെയ്യണമെന്ന ആഗ്രഹത്തിന്റെ ഫലമായിരുന്നു അത്. എന്നാൽ ക്രമേണ, യഹോവയുടെ സാക്ഷികളോടൊത്തുള്ള സഹവാസം എന്റെ ഹൃദയത്തെ സ്പർശിക്കാൻ തുടങ്ങി.
ഉദാഹരണത്തിന്, സഭായോഗങ്ങളിലെ പഠിപ്പിക്കലിൽ കറുത്തവർക്കും പങ്കുണ്ടെന്നുള്ള കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. ആദ്യമൊക്കെ ഞാൻ എന്നോടുതന്നെ പറഞ്ഞു: ‘ഇതെല്ലാം അവർ രാജ്യഹാളിൽമാത്രമേ ചെയ്യുന്നുള്ളൂ.’ എന്നാൽ വലിയൊരു ബേസ്ബോൾ സ്റ്റേഡിയത്തിൽ നടന്ന ഒരു കൺവെൻഷനിൽ ഞങ്ങൾ സംബന്ധിച്ചപ്പോൾ കറുത്തവർക്ക് അവിടത്തെ പരിപാടിയിലും പങ്കുണ്ടായിരുന്നതു കണ്ട് ഞാൻ അമ്പരന്നുപോയി. സാക്ഷികൾക്കിടയിൽ വേർതിരിവ് ഇല്ലെന്നുള്ളത് എനിക്കു സമ്മതിക്കേണ്ടിവന്നു. അവർ യഥാർഥ നീതി പ്രവർത്തിക്കുന്നവരാണ്.
യഹോവയുടെ സാക്ഷികൾക്ക് പരസ്പരം യഥാർഥ സ്നേഹമുണ്ടെന്നുള്ളതും ഞാൻ വിലമതിക്കാൻ തുടങ്ങി. (യോഹന്നാൻ 13:34, 35) രാജ്യഹാൾ പണിയുന്ന അവസരത്തിൽ അവരോടൊപ്പം വേല ചെയ്തപ്പോൾ അവർ വെറും സാധാരണക്കാരായ ആളുകളാണെന്നത് എനിക്കു കാണാൻ കഴിഞ്ഞു. അവർ ക്ഷീണിക്കുന്നതും അവർക്കു തെറ്റുകൾ പറ്റുന്നതും ഞാൻ കണ്ടു. കാര്യങ്ങൾ ശരിയാകാതെ വരുമ്പോൾ അവർ പരസ്പരം അൽപ്പം നീരസത്തോടെ സംസാരിക്കുന്നതുപോലും ഞാൻ കേട്ടു. അത്തരം അപൂർണതകൾ നിമിത്തം അവരോട് അകൽച്ച തോന്നുന്നതിനുപകരം അവരുടെയിടയിൽ എനിക്കു കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെട്ടു. തെറ്റുകുറ്റങ്ങളുണ്ടെങ്കിലും എനിക്കും പ്രത്യാശയ്ക്കു വകയുണ്ടെന്നുള്ളതു ഞാൻ തിരിച്ചറിഞ്ഞു.
ഒടുവിൽ എന്റെ ഹൃദയത്തെ സ്പർശിച്ചു
1973-ൽ, പുകവലി ‘ജഡത്തിലെ കന്മഷ’മാണെന്നും സഭയിൽനിന്നു പുറത്താക്കപ്പെടാൻ തക്കവണ്ണമുള്ള ഒരു കുറ്റമാണെന്നും വീക്ഷാഗോപുരം വിവരിച്ചപ്പോഴാണ് എനിക്കു യഹോവയുമായി ഒരു ബന്ധം വളർന്നുവരുന്നുണ്ടെന്ന കാര്യം ഞാൻ ആദ്യമായി മനസ്സിലാക്കിയത്. (2 കൊരിന്ത്യർ 7:1) അന്നൊക്കെ ഞാൻ ദിവസേന ഒന്നു രണ്ടു പായ്ക്കറ്റ് സിഗരറ്റ് വലിക്കുമായിരുന്നു. പുകവലി നിർത്താൻ മുമ്പു പല പ്രാവശ്യം ശ്രമിച്ച് പരാജയപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ, പുകവലിക്കാനുള്ള പ്രേരണയുണ്ടാകുമ്പോഴൊക്കെ വൃത്തികെട്ട ആ ശീലം ഉപേക്ഷിക്കാൻ യഹോവയുടെ സഹായത്തിനായി നിശ്ശബ്ദം പ്രാർഥിക്കുമായിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തുമാറ് പിന്നീടൊരിക്കലും ഞാൻ പുകവലിച്ചിട്ടില്ല.
1975 ജൂലൈ 1-നായിരുന്നു ഞാൻ സൈനികസേവനത്തിൽനിന്നു വിരമിക്കേണ്ടിയിരുന്നത്. ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണമെങ്കിൽ ജീവിതം യഹോവയ്ക്കു സമർപ്പിക്കേണ്ടതുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നു. എന്നോടൊത്ത് ആരും ഒരു ബൈബിളധ്യയനം നടത്തിയിരുന്നില്ല. അതുകൊണ്ട് 1975 ജൂണിൽ, സൈന്യത്തിലെ ജോലി അവസാനിച്ചാലുടനെ എനിക്ക് സ്നാപനപ്പെടണമെന്ന് ഞാൻ സഭാമൂപ്പന്മാരെ അറിയിച്ചപ്പോൾ അവർ അമ്പരന്നുപോയി. പ്രസംഗവേലയിൽ പങ്കുപറ്റാനുള്ള യേശുവിന്റെ കൽപ്പന ആദ്യം ഞാൻ നിവർത്തിക്കേണ്ടതുണ്ടെന്ന് അവർ വിശദമാക്കി. (മത്തായി 28:19, 20) ജൂലൈയിൽ ആദ്യത്തെ ശനിയാഴ്ച ഞാൻ അതു ചെയ്തു. അന്നുതന്നെ ഞാൻ ഒരു മൂപ്പനെ കണ്ട് സ്നാപനാർഥികൾക്കുള്ള ബൈബിൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. മൂന്നാഴ്ചയ്ക്കുശേഷം ഞാൻ സ്നാപനമേറ്റു.
ഞാൻ സ്നാപനമേറ്റതുകണ്ട് ഞങ്ങളുടെ മൂന്നു മക്കളും—വീറ്റോ, വെനെൽഡ, വെറോനിക്ക എന്നിവർ—ആത്മീയമായി ത്വരിതഗതിയിൽ പുരോഗമിക്കാൻ തുടങ്ങി. അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൂത്തവർ രണ്ടുപേരും സ്നാപനമേറ്റു. നാലു വർഷത്തിനുശേഷം ഇളയവളും. ബൈബിൾ സത്യം അറിയുകയും എന്നാൽ അതിനനുയോജ്യമായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന പുരുഷന്മാരോട്, അവർ നടപടിയെടുക്കാതിരുന്നാലുള്ള ഭവിഷ്യത്തുകളെപ്പറ്റി മിക്കപ്പോഴും ഞാൻ പറയാറുണ്ട്. പുറത്തു പറയില്ലെങ്കിലും കുട്ടികൾ മിക്കപ്പോഴും ചിന്തിക്കുന്നത്, ‘ഡാഡിക്ക് സത്യം അത്ര പ്രാധാന്യമുള്ളതായി തോന്നുന്നില്ലെങ്കിൽ എനിക്കും അത് അത്ര പ്രാധാന്യമുള്ളതല്ല’ എന്നായിരിക്കുമെന്ന് ഞാൻ അവരോടു പറയും.
മുഴുസമയ ശുശ്രൂഷയിലേർപ്പെടുന്നു
ആർക്കൻസസിലെ മാർഷലിൽ ഞങ്ങളുടെ മുഴുകുടുംബവും പയനിയർമാരായി മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. 1979-ൽ വെൽയയും ഞാനും തുടക്കമിട്ടു. പിൻവന്ന വർഷങ്ങളിൽ, മക്കൾ ഓരോരുത്തരായി ഹൈസ്കൂളിൽനിന്നു പാസായശേഷം ഞങ്ങളോടൊത്ത് വേലയിലേർപ്പെട്ടു.
1980-കളുടെ ആരംഭത്തിൽ, തെക്കേ അമേരിക്കയിലെ ഇക്വഡോറിലുള്ള ആളുകൾക്കിടയിലെ ബൈബിൾ സത്യത്തിനുവേണ്ടിയുള്ള ദാഹത്തെ സംബന്ധിച്ച റിപ്പോർട്ടുകൾ ഞങ്ങൾ കേട്ടു. അവിടേക്കു താമസം മാറ്റാൻ ഞങ്ങൾ ലക്ഷ്യമിട്ടു. 1989-ഓടെ മക്കളെല്ലാം വളർന്ന് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായിരുന്നു. അതുകൊണ്ട്, ആ വർഷം ‘ദേശം ഒറ്റുനോക്കാൻ’ ഞങ്ങൾ ഇക്വഡോറിലേക്ക് ഒരു ഹ്രസ്വ സന്ദർശനം നടത്തി.—സംഖ്യാപുസ്തകം 13:1, 2 താരതമ്യം ചെയ്യുക.
1990 ഏപ്രിലിൽ ഞങ്ങൾ ഇക്വഡോറിലെ ഞങ്ങളുടെ പുതിയ വസതിയിൽ എത്തിച്ചേർന്നു. ഞങ്ങളുടെ സാമ്പത്തികശേഷി പരിമിതമായിരുന്നു. കാരണം എന്റെ മിലിറ്ററി പെൻഷൻ മാത്രമായിരുന്നു ഏക വരുമാനം. അതുകൊണ്ട് പണം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു. ആത്മീയമായി ഫലഭൂയിഷ്ഠമായ ഈ പ്രദേശത്തെ മുഴുസമയ ശുശ്രൂഷയുടെ ആനന്ദം ഏത് സാമ്പത്തിക ത്യാഗങ്ങളെയും മറികടക്കുന്നതായിരുന്നു. ആദ്യം ഞങ്ങൾ മാന്റയിലെ തുറമുഖനഗരത്തിലാണ് പ്രവർത്തിച്ചത്. അവിടെ ഞങ്ങളോരോരുത്തർക്കും 10 മുതൽ 12 വരെ പ്രതിവാര ബൈബിളധ്യയനങ്ങളുണ്ടായിരുന്നു. പിന്നീട് 1992-ൽ ഞാൻ ഭാര്യാസമേതം സഞ്ചാരശുശ്രൂഷകനായി സേവനമാരംഭിച്ചു. ഓരോ വാരവും ഞങ്ങൾ വ്യത്യസ്ത സഭകൾ സന്ദർശിക്കുന്നു.
നീതി സമ്പൂർണമായി സാക്ഷാത്കരിക്കപ്പെട്ടപ്പോൾ
പിന്തിരിഞ്ഞു നോക്കുമ്പോൾ, ഞാനും വെൽയയും വളർന്നുവരവേ അനുഭവിച്ച അനീതികൾ ഇപ്പോൾ ഞങ്ങളുടെ ശുശ്രൂഷയിൽ സഹായകമായി ഞങ്ങൾ കാണുന്നു. ഞങ്ങളെക്കാൾ ധനശേഷി കുറഞ്ഞവരെയോ ഞങ്ങളുടെയത്രയും പഠിപ്പില്ലാത്തവരെയോ വ്യത്യസ്തമായ വംശീയ പശ്ചാത്തലമുള്ളവരെയോ ഒരിക്കലും കുറച്ചു കാണാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. നമ്മുടെ പല ക്രിസ്തീയ സഹോദരീസഹോദരന്മാരും ഞങ്ങൾ അനുഭവിച്ചതിനെക്കാൾ നീചമായ അനീതികൾ സഹിക്കുന്നതായും ഞങ്ങൾ കാണുന്നു. എങ്കിലും അവർ പരാതിപ്പെടുന്നില്ല. വരാൻ പോകുന്ന ദൈവരാജ്യത്തിൽ അവർ തങ്ങളുടെ കണ്ണുകളെ പതിപ്പിച്ചിരിക്കുന്നു. അതുതന്നെയാണ് ഞങ്ങളും പഠിച്ചിരിക്കുന്നത്. ഈ വ്യവസ്ഥിതിയിൽ നീതി കണ്ടെത്താനുള്ള ശ്രമം ഞങ്ങൾ പണ്ടേ ഉപേക്ഷിച്ചിരിക്കുന്നു; പകരം, അനീതിക്കുള്ള ഏക പരിഹാരമായ ദൈവരാജ്യത്തിലേക്ക് ആളുകളുടെ ശ്രദ്ധയാകർഷിച്ചുകൊണ്ട് ഞങ്ങൾ ജീവിതം ചെലവിടുന്നു.—മത്തായി 24:14.
അനീതിയോട് അമിതമായി പ്രതികരിക്കുന്നവർ നമ്മുടെയിടയിൽ ഉണ്ടെങ്കിൽ, അത്തരക്കാർ ദൈവജനത്തിനിടയിൽ പൂർണത പ്രതീക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഞങ്ങൾ പഠിച്ചിരിക്കുന്നു. കാരണം, നാമെല്ലാം അപൂർണരും മോശമായ കാര്യങ്ങൾ ചെയ്യാൻ ചായ്വുള്ളവരുമാണ്. (റോമർ 7:18-20) എങ്കിലും ശരിയായ കാര്യങ്ങൾ ചെയ്യാൻ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്ന സ്നേഹസമ്പന്നരായ സഹോദരങ്ങളുടെ ഒരു ബഹുരാഷ്ട്ര സഹവാസം ഞങ്ങൾ കണ്ടെത്തിയിരിക്കുന്നുവെന്ന് ഞങ്ങൾക്കു സത്യസന്ധമായി പറയാൻ കഴിയും. എങ്ങുമുള്ള ദൈവജനത്തോടൊപ്പം ദൈവത്തിന്റെ നീതി വസിക്കുന്ന പുതിയ ലോകത്തിലേക്കു പ്രവേശിക്കാനാകുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.—2 പത്രൊസ് 3:13.
[20-ാം പേജിലെ ആകർഷകവാക്യം]
ഉടനെ മുഷ്ടി ചുരുട്ടി ഭിത്തിയിലിടിച്ചുകൊണ്ട് ഞാൻ ആക്രോശിച്ചു
[21-ാം പേജിലെ ചിത്രം]
വെൽയയോടൊത്ത്, ഞാൻ വ്യോമസേനയിൽ ചേർന്നപ്പോൾ
[23-ാം പേജിലെ ചിത്രം]
വെൽയയോടൊത്ത്, 1996-ൽ