മാറ്റെറ—അതുല്യ ഗുഹാവസതികളുടെ നഗരം
ഇറ്റലിയിലെ ഉണരുക! ലേഖകൻ
ഏതാണ്ട് 50 വർഷം മുമ്പ്, ഈ വിചിത്ര വസതികൾ ഡാന്റെയുടെ “നരകം” പോലെയായിത്തീർന്നിരിക്കുന്നതായി ചിലർക്കു തോന്നി. ഇത്, അധികാരികൾ അവിടെനിന്ന് ആളുകളെ കുടിയൊഴിപ്പിക്കുന്നതിനുള്ള കൽപ്പന പുറപ്പെടുവിക്കുന്നതിലേക്കു നയിച്ചു. ഭാഗികമായി പുനരധിവസിപ്പിക്കപ്പെട്ട ആ വസതികളിപ്പോൾ, ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) സംരക്ഷണയിലുള്ള ലോക സാംസ്കാരിക പ്രകൃതി പൈതൃകത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു.
നാം എന്തിനെക്കുറിച്ചാണു സംസാരിക്കുന്നത്? കാലത്തിന്റെ നീരൊഴുക്കിൽ അവ ഇത്തരം വ്യത്യസ്ത പ്രതികരണങ്ങൾ ഉളവാക്കിയിരിക്കുന്നത് എന്തുകൊണ്ട്? ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ലളിതം: ഇറ്റലിയുടെ ‘ബൂട്ടിന്റെ’ ഉപ്പൂറ്റിക്ക് തൊട്ടുമുകളിലായുള്ള, ദക്ഷിണ ഇറ്റലിയിലെ മാറ്റെറയിലുള്ള സാസി (ഇറ്റാലിയൻ ഭാഷയിൽ അക്ഷരാർഥത്തിൽ, പാറകൾ). എന്നാൽ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കിട്ടാൻ നാം അവ എന്താണെന്നു മാത്രമല്ല അവയുടെ ചരിത്രവും അൽപ്പം മനസ്സിലാക്കിയിരിക്കണം. ഞങ്ങൾ സാസി സന്ദർശിക്കുമ്പോൾ ഞങ്ങളോടൊപ്പം വന്ന് അവയെക്കുറിച്ച് ചില കാര്യങ്ങൾ പഠിക്കരുതോ?
എഴുത്തുകാരനായ ഗ്വീഡോ പ്യോവേനെ പറയുന്നതനുസരിച്ച്, “അങ്ങേയറ്റം വിസ്മയമുണർത്തുന്ന ഇറ്റാലിയൻ പ്രകൃതിവിലാസങ്ങളിൽപ്പെട്ട” സാസി “അനന്യസാധാരണ സൗന്ദര്യ”ത്താൽ അനുഗൃഹീതമായ ഒരു നഗരംതന്നെയാണെന്നു പറയാം. ഒരു സമ്പൂർണദൃശ്യം ലഭിക്കുന്നതിനായി നാം അഗാധമായ ഒരു മലയിടുക്കിനു മുകളിലുള്ള ഒരു പ്രാകൃതിക നിരീക്ഷണസ്ഥാനത്തേക്കു പോകുന്നു. ഈ മലയിടുക്കിന് എതിർവശത്തായി നമ്മുടെ മുമ്പിലാണ് മാറ്റെറ നഗരം. വേനലിലെ ഉജ്ജ്വല പ്രകാശത്തിൽ, പാറമേൽ പറ്റിച്ചേർന്നിരിക്കുന്ന വീടുകൾ നാം കാണുന്നു; അവ ഒന്നിനു മുകളിലൊന്നായി പണിതിരിക്കുന്നതുപോലെ തോന്നിക്കുന്നു. അവയ്ക്കിടയിലുള്ള ഇടുങ്ങിയ റോഡുകൾ മലയിടുക്കിന്റെ അടിവാരത്തിലേക്കു നീണ്ടുപോകവേ പരസ്പരം കെട്ടുപിണയുന്നു. അവ, ഏതാണ്ട് ഒരു കൂറ്റൻ അണ്ഡാകാരനടനശാലയുടെ പടികൾപോലെ തോന്നിക്കുന്നു. പാറയിൽ കാണുന്ന മാളങ്ങൾ വീടുകളാണ്, അല്ലെങ്കിൽ ആയിരുന്നു. ചുരുക്കത്തിൽ ഇവയാണ് സാസി—പാറ വെട്ടിയുണ്ടാക്കിയ ഗുഹാവസതികളുടെ ഒരു നഗരം!
വിചിത്രമായ ഒരന്തരീക്ഷം
ഗതാഗതത്തിരക്കും ശബ്ദകോലാഹലങ്ങളും നിറഞ്ഞ ആധുനിക നഗരം കടന്നുവേണം സാസിയിൽ—മാറ്റെറയിലെ പുരാതന നഗരമധ്യത്തിൽ—എത്താൻ. പഴയനഗരത്തിലേക്കു പ്രവേശിക്കുമ്പോൾ കാലചക്രം പുറകോട്ടു തിരിയുന്നതുപോലെ തോന്നും. ഏതൽക്കാലത്തെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ, ഗതകാല പ്രതിച്ഛായകൾക്കു ക്രമേണ വഴിമാറിക്കൊടുക്കുന്ന വിചിത്രമായ ഒരന്തരീക്ഷത്തിലേക്കു നാം കടന്നുചെല്ലുന്നു.
ഏതെങ്കിലും ഗുഹാവാസികൾ പുറത്തേക്കു വരുമെന്നു പ്രതീക്ഷിക്കേണ്ട. പുരാതന ഗുഹകൾ നമുക്കു മേലാൽ കാണാൻ സാധിക്കുകയില്ല. കാരണം, അവയ്ക്കു മുമ്പിലായി വിവിധ യുഗങ്ങളിലെ—മധ്യകാലഘട്ടം, 17-ാം നൂറ്റാണ്ട്, ആധുനികകാലഘട്ടം എന്നിവയിലെ—രീതികളിൽ നിർമിച്ചിരിക്കുന്ന, പൂമുഖങ്ങൾ ചുണ്ണാമ്പുകല്ലുകൾകൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്ന, ഭാഗികമായി മാത്രം പണികഴിപ്പിച്ചിരിക്കുന്ന കെട്ടിടങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു. മുമ്പോട്ടു പോകവേ നമ്മുടെ കൺമുമ്പിൽ കാഴ്ചകൾ മാറിമറയുന്നു.
പുരാവസ്തു ഗവേഷകർ പറയുന്നതനുസരിച്ച് ഏതാനും സഹസ്രാബ്ദങ്ങൾക്കുമുമ്പ് നാടോടികൾ, സാധ്യതയനുസരിച്ച് ആട്ടിടയന്മാർ ആ പ്രദേശത്ത് വാസമുറപ്പിച്ചിരുന്നു. ഇവിടെ അങ്ങിങ്ങായുണ്ടായിരുന്ന നിരവധി ഗുഹകൾ പ്രകൃതിശക്തികളിൽനിന്നും ഹിംസ്രജന്തുക്കളിൽനിന്നും അഭയമേകിയിരുന്നു. താമസിയാതെ പല ഗുഹകളിലും ആൾത്താമസം തുടങ്ങി. അക്കാലംമുതൽ അവിടെ ആളുകൾ തുടർച്ചയായി താമസം തുടങ്ങിയെന്ന് പുരാവസ്തുഗവേഷകരുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു.
എങ്കിലും, സാസിയിൽ ജനവാസമുണ്ടായതു കാലക്രമേണയാണ്. ഗ്രീക്ക്-റോമൻ കാലങ്ങളിൽ പർവതശിഖരത്തിന്റെ ഉച്ചിയിൽ ഒരു ചെറിയ പ്രദേശത്ത്, ഇന്നു കാണുന്ന പഴയ നഗരകേന്ദ്രത്തിൽ, ആളുകൾ അധിവസിച്ചിരുന്നു. റാഫായെലേ ജൂറാ ലൊങ്ഗോ ഇപ്രകാരം എഴുതുന്നു: ആ പുരാതന കാലങ്ങളിൽ സാസി, “ആൾത്താമസമില്ലാത്ത രണ്ട് താഴ്വരകളായിരുന്നു. നഗരത്തിന്റെ ഏറ്റവും പഴയ ഭാഗം പണിതിരിക്കുന്ന ആ പർവതശിഖരത്തിന്റെ വശത്ത്, അഗാധമായ ഒരു മലയിടുക്കിന് അഭിമുഖമായി പടർന്നുകിടന്നിരുന്ന, രണ്ട് നിമ്നപ്രദേശങ്ങൾ; ആൾത്താമസമില്ലായിരുന്നെങ്കിലും . . . അവിടെ സസ്യത്തഴപ്പുണ്ടായിരുന്നു.” മധ്യകാലഘട്ടത്തിന്റെ ആരംഭംമുതൽ, മൃദുവായ ചുണ്ണാമ്പുപാറകൾ ക്രമീകൃതമായി കുഴിച്ചതിന്റെയും കുഴിക്കലിന്റെ ഫലമായി ലഭിച്ച പാറക്കല്ലുകൾ ഉപയോഗിച്ച് റോഡുകൾ, കവലകൾ, വീടുകൾ എന്നിവ നിർമിച്ചതിന്റെയും ഫലമായി സാസി അതിന്റെ തനതായ രൂപം കൈക്കൊള്ളാൻ തുടങ്ങി.
മൃഗങ്ങളെ പാർപ്പിക്കാനും പാൽക്കട്ടിയുടെ ഉത്പാദനം ഉൾപ്പെടെ കന്നുകാലിവളർത്തലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർവഹിക്കാനും വീടുകളും സ്ഥലങ്ങളും ആവശ്യമായിരുന്നു. എങ്കിലും പ്രധാന തൊഴിൽ കൃഷിയായിരുന്നു. സാസിയിൽനിന്നു നോക്കിയാൽ കാണാവുന്ന ആ അഗാധമായ മലയിടുക്കിന്റെ വശങ്ങളിൽ വെട്ടിയുണ്ടാക്കിയ വീതിയേറിയ തിട്ടകളിൽ പച്ചക്കറിത്തോട്ടങ്ങൾ നട്ടുപിടിപ്പിച്ചു. ആ തിട്ടകളുടെ അടയാളങ്ങൾ ഇന്നും കാണാം. സാമൂഹിക ജീവിതം മിക്കവാറും ചുറ്റുവട്ടങ്ങളിൽ—ചുറ്റിലും നിരവധി വീടുകളുള്ള അങ്കണങ്ങളിൽ—കേന്ദ്രീകൃതമായിരുന്നു.
ഒരു നല്ല ജലസംഭരണ സംവിധാനം
സാസിയുടെ ചരിത്രം, മനുഷ്യൻ ഒരേസമയം പാറയോടും ജലത്തോടും നടത്തിയ പോരാട്ടവും അതുമായുള്ള അവന്റെ സഹജീവനവുമാണെന്നു പറയാവുന്നതാണ്. വെള്ളപ്പൊക്കമല്ലായിരുന്നെങ്കിലും മഴവെള്ളം മലയിടുക്കിന്റെ വശങ്ങളിലൂടെ ഒഴുകവേ, വളരെ കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ തിട്ടയിലെ കൃഷിയുംകൂടെ ഒഴുക്കിക്കൊണ്ടുപോയി. അതുകൊണ്ട് തോടുവെട്ടി മഴവെള്ളം തിരിച്ചുവിടേണ്ടതിന്റെയും അതു സംഭരിച്ചുവെക്കേണ്ടതിന്റെയും ആവശ്യകത സാസി നിവാസികൾ കണ്ടു.
എന്നാൽ അത് എങ്ങനെ, എവിടെ സംഭരിച്ചുവെക്കും? വെള്ളം അകത്തേക്കോ പുറത്തേക്കോ കടക്കാത്ത രീതിയിൽ തിട്ടകളിൽ ജലസംഭരണികൾ കുഴിച്ചു. തോടുകളുടെയും ചാലുകളുടെയും ഒരു സംവിധാനം ലഭ്യമായ മഴവെള്ളമെല്ലാം ഈ ജലസംഭരണികളിലെത്തിച്ചു. ആദ്യകാലങ്ങളിൽ, ഇവ കൃഷിയോടു ബന്ധപ്പെട്ട കാര്യങ്ങൾക്കുവേണ്ടി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. വാസ്തുശിൽപ്പിയായ പൈയെട്രോ ലാവുറേയാനോ പറയുന്നതനുസരിച്ച് അവയുടെ എണ്ണം, “നിവസിത ഗുഹകളെക്കാളോ കുടിവെള്ളത്തിനാവശ്യമായ ജലസംഭരണികളെക്കാളോ അധികമായിരുന്നു” എന്നത് “സാസിയിൽ ആദ്യകാലങ്ങളിൽ ജലസേചനത്തിനായി ഒരു നല്ല ജലസംഭരണ സംവിധാനംതന്നെ ഉണ്ടായിരുന്നുവെന്ന്” തെളിയിക്കുന്നു.
ഈ സംവിധാനം ആവശ്യത്തിനു കുടിവെള്ളവും പ്രദാനം ചെയ്തു. ജനസംഖ്യ വർധിച്ചതോടെ കുടിവെള്ളത്തിന്റെ ആവശ്യവും വർധിച്ചു. ഇക്കാരണത്താൽ, വിദഗ്ധമായ ഒരു സംവിധാനത്തിനു രൂപം നൽകി. ഒരേ നിരയിലും വ്യത്യസ്ത നിരകളിലുമുള്ള സംഭരണികൾ അന്യോന്യം ബന്ധപ്പെടുത്തി. “കൂറ്റൻ വാറ്റുശാലകളുടെ സംവിധാനംപോലെ അവ, ഒരു സംഭരണിയിൽനിന്നു മറ്റൊന്നിലേക്കു കടന്നുപോകുമ്പോൾ ജലത്തെ ക്രമാനുഗതമായി ശുദ്ധീകരിച്ചു.” പിന്നീട്, സാസിയിലുണ്ടായിരുന്ന അസംഖ്യം കിണറുകളിലൊന്നിൽനിന്ന് വെള്ളം വലിച്ചുകയറ്റുകയായി. ഈ കിണറുകളിൽ ചിലതിന്റെ വക്കുകൾ ഇന്നും കാണാം. ഒരു ഊഷരഭൂമിയിൽ ദുർലഭമായേ ഇത്രയേറെ ജലം കാണാറുള്ളൂ.
പാറയിൽ ഒരു വീട്
പടിക്കെട്ടുകളിറങ്ങി നാം അമ്പരപ്പുളവാക്കുന്ന ഇടുങ്ങിയ തെരുവുകളിലൂടെ പോകവേ ഈ പുരാതന ചുറ്റുവട്ടങ്ങളെല്ലാം ചിട്ടയോടെ അവരോഹണക്രമത്തിൽ പണിതുയർത്തിയിരിക്കുന്നതായി മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ നാം പലപ്പോഴും ഒരു വീടിന്റെ തറയിലൂടെ നടക്കുമ്പോൾ അതു താഴത്തെ തട്ടിലുള്ള വീടിന്റെ മേൽക്കൂരയായിരിക്കും. ചില സ്ഥലങ്ങളിൽ ഒന്നിനുമീതെ ഒന്നായി, വീടുകളുള്ള പത്തു നിരകളുണ്ട്. ഇവിടെ മനുഷ്യൻ പാറകളുമായി അടുത്ത സമ്പർക്കത്തിൽ കഴിയുന്നു. 13-ാം നൂറ്റാണ്ടിൽ ഔദ്യോഗിക രേഖകൾ ഈ ചുറ്റുവട്ടങ്ങളെ “സാസി” എന്നു വിളിച്ചു.
ഒരു വീടിനുമുമ്പിൽ എത്തുമ്പോൾ നാം നിൽക്കുന്നു. ശ്രദ്ധയോടെ പണിതിരിക്കുന്ന താരതമ്യേന ആധുനികമായ അതിന്റെ പൂമുഖം നമ്മെ തെറ്റിദ്ധരിപ്പിക്കരുത്. കാരണം, അടുത്തകാലത്തു പണിത, ചുണ്ണാമ്പുകല്ലുകൊണ്ടുള്ള ഒരു കവാടം ആദ്യത്തേതിന്റെകൂടെ ചേർത്തിട്ടുണ്ട്. ഇത് ഒരു സാധാരണ സാസി വീടാണ്. കവാടം കടന്ന് നിരനിരയായുള്ള പടികളിറങ്ങി നാം ഒരു വലിയ മുറിയിലേക്കു പ്രവേശിക്കുന്നു. മിക്ക ഗാർഹിക കാര്യങ്ങളും ഒരിക്കൽ നടന്നിരുന്നത് ഇവിടെയാണ്. പിന്നെയും പടവുകളിറങ്ങി നാം രണ്ടാമതൊരു മുറിയിലേക്കു പ്രവേശിക്കുന്നു. അതിനുകീഴെ വേറൊരു മുറിയുണ്ട്. ചില മുറികൾ പഴയ ജലസംഭരണികളായിരുന്നു. അവ ഇപ്പോൾ വാസയോഗ്യമായിരിക്കുന്നു.—വെള്ളം അകത്തേക്കു കടന്നിരുന്ന മുകളിലുള്ള ദ്വാരം അടച്ചുകളഞ്ഞു. എന്നിട്ട് തിട്ടയുടെ പാർശ്വത്തിൽ ഒരു പ്രവേശനദ്വാരം വെട്ടിയുണ്ടാക്കി. ഉള്ളിലെ മുറികൾ ഒരിക്കൽ ചുമട്ടുമൃഗങ്ങളെ പാർപ്പിക്കാൻ മാത്രമാണ് ഉപയോഗിച്ചിരുന്നത്. കവാടത്തിനടുത്തുള്ള മുറികളിലാണ് കുടുംബാംഗങ്ങൾ താമസിച്ചിരുന്നത്. വാതിലിനുമുകളിലുള്ള ഒരു വലിയ ദ്വാരത്തിലൂടെയാണ് അകത്തേക്ക് വായുവും വെളിച്ചവും ലഭിച്ചിരുന്നത്. സാസി നിവാസികൾ മേലാൽ തങ്ങളുടെ വീടുകളിൽ ചുമട്ടുമൃഗങ്ങളെ പാർപ്പിക്കുന്നില്ലെന്ന കാര്യം എടുത്തുപറയേണ്ടതില്ലല്ലോ!
പല വീടുകളും തെരുവുനിരപ്പിൽനിന്നു താഴെയാണ്. കാരണം? കവാടങ്ങളും ചില ഗുഹാവസതികളും അൽപ്പം ചെരിച്ചാണു വെട്ടിയിരുന്നത്. സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്താൻ വേണ്ടിയായിരുന്നു അത്. തണുപ്പുകാലത്ത് സൂര്യൻ ചക്രവാളത്തിൽ മറയാറാകുമ്പോൾ അതിന്റെ കിരണങ്ങൾ വീടിനകത്തേക്കു കടന്നുവരികയും അങ്ങനെ അതു വീടിനെ ദീപ്തമാക്കുകയും ചൂടാക്കുകയും ചെയ്തിരുന്നു; വേനലിലാകട്ടെ സൂര്യകിരണങ്ങൾ കവാടംവരെ മാത്രമേ എത്തുമായിരുന്നുള്ളൂ, അങ്ങനെ വീടിനകം കുളിർമയും ഈർപ്പവുമുള്ളതായി നിലകൊണ്ടു. നാം സന്ദർശിക്കുന്ന ഗുഹയുടെ പുറംചുമരിൽ നിരവധി “തട്ടുക”ളോടുകൂടിയ കൊത്തുപണികളുള്ള ഒരു പൊത്തു കാണുന്നു. അത് ഒരു സൂര്യഘടികാരമാണ്, വർഷത്തിലുടനീളമുള്ള സൂര്യന്റെ ചലനം സൂചിപ്പിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ടത്. പുറത്തേക്കുവരുമ്പോൾ നമുക്കു വിചിത്രമായ ഒരനുഭവമാണ് ഉണ്ടാകുന്നത്. ഗുഹയ്ക്കകത്തെ കുളിർമമൂലം പുറത്തെ വേനൽച്ചൂട് നാം വിസ്മരിച്ചിരിക്കുന്നു!
അപക്ഷയവും പുനരുദ്ധാരണവും
അന്തരീക്ഷം വിചിത്രമാണെന്നതിനുപുറമേ സാസി ഏറെ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. നൂറ്റാണ്ടുകളോളം അവ ഒത്തൊരുമയുള്ള, താരതമ്യേന പ്രവർത്തനക്ഷമമായ ഒരു നഗരകേന്ദ്രമായി നിലനിന്നെങ്കിലും 18-ാം നൂറ്റാണ്ടിൽ അവ ചില മാറ്റങ്ങൾക്കു വിധേയമായി. പുതിയ കെട്ടിടങ്ങളും തെരുവുകളും ജലവിതരണ സംവിധാനത്തിന്റെ ക്ഷമതയ്ക്കു ഭംഗമേൽപ്പിച്ചു. പാഴ്വസ്തുക്കൾ ക്രമമായി പുറന്തള്ളുന്നതിൽ ഇത് പ്രശ്നങ്ങൾ സൃഷ്ടിച്ചു. തത്ഫലമായി, രോഗങ്ങൾ വർധിച്ചു. അതിനുപുറമേ, പ്രദേശത്തെ സാമ്പത്തികവ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ സാസിയിലെ വളർന്നുകൊണ്ടിരുന്ന കർഷകകുടുംബങ്ങൾക്കിടയിൽ ദാരിദ്ര്യം വർധിക്കുന്നതിനിടയാക്കി.
ഒരിക്കൽ മനോഹരമായിരുന്ന ഈ പ്രദേശത്തിന്റെ പടിപടിയായുള്ള അപക്ഷയം ഒഴിവാക്കാനാകാത്തതുപോലെ കാണപ്പെട്ടു. അതുകൊണ്ട് പ്രശ്നം പൂർണമായും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ 1950-കളുടെ ആരംഭത്തിൽ സാസിയിൽനിന്ന് ആളുകളെ കുടിയൊഴിപ്പിക്കാനുള്ള ഔദ്യോഗിക തീരുമാനമുണ്ടായി. അവിടുത്തെ 15,000-ത്തിലധികം വരുന്ന നിവാസികളെ സംബന്ധിച്ചിടത്തോളം അതു ശരിക്കും വേദനാജനകമായ ഒരനുഭവമായിരുന്നു, വിശേഷിച്ച് സാമൂഹികമായ കാഴ്ചപ്പാടിൽ. കാരണം അയൽപക്കങ്ങളുമായി അവർ കെട്ടിപ്പടുത്തിരുന്ന സ്നേഹബന്ധം അറ്റുപോയി.
എങ്കിലും ഈ അതുല്യ പട്ടണം നഷ്ടപ്പെടുത്താൻ പാടില്ലാത്തതാണെന്നു പലരും വിശ്വസിച്ചു. അങ്ങനെ, കാര്യക്ഷമമായ ഒരു പുനരുദ്ധാരണവേലയുടെ ഫലമായി ഇന്ന് സാസി സാവധാനം പൂർവസ്ഥിതി കൈവരിക്കാനും പുനരധിവസിക്കപ്പെടാനും തുടങ്ങിയിരിക്കുന്നു. ഇന്ന്, പല വിനോദസഞ്ചാരികളും സാസിയിലെ പുരാതന കവലകളിലെയും കെട്ടുപിണഞ്ഞുകിടക്കുന്ന തെരുവുകളിലെയും അന്തരീക്ഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. ലോകത്തിന്റെ ഈ ഭാഗത്തേക്ക് നിങ്ങൾ എപ്പോഴെങ്കിലും വരികയാണെങ്കിൽ, പാറയിൽനിന്നു വളർന്നുവന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള ഈ നഗരം സന്ദർശിക്കാൻ കുറച്ചു സമയം കണ്ടെത്തരുതോ?
[16,17 പേജുകളിലെ ചിത്രങ്ങൾ]
1. മാറ്റെറയിലെ സാസിയുടെ ഒരു സമ്പൂർണദൃശ്യം; 2. ഇടതുവശത്ത് മുമ്പിലായി കിണറുള്ള “ചുറ്റുവട്ടങ്ങൾ;” 3. ഒരു സാധാരണ വീടിന്റെ ഉൾവശം; 4. ഒരു സൂര്യഘടികാരമായി ഉപയോഗിച്ചുകൊണ്ടിരുന്ന പൊത്ത്; 5. ജലസംഭരണികളിലേക്ക് ഒരിക്കൽ ജലം വഹിച്ചുകൊണ്ടുപോയിരുന്ന തോടുകൾ