മാനംമുട്ടെ ഒരു ഗോവണി
ഫിലിപ്പീൻസിലെ ഉണരുക! ലേഖകൻ
അതിന്റെ ഭാഗങ്ങൾ നീളത്തോടു നീളം വെച്ചാൽ ചൈനയിലെ വന്മതിലിന്റെ പത്തിരട്ടി വരുമത്രേ. ചിലരുടെ അഭിപ്രായപ്രകാരം, ആ നീളം 20,000 കിലോമീറ്റർ, അതായത്, ഭൂമിയുടെ ചുറ്റളവിന്റെ പകുതിയോളം വരും. ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്ന് അതിനെ വിളിക്കുന്നവരുമുണ്ട്. എന്നിരുന്നാലും, ഫിലിപ്പീൻസിലെ ഈ ഗംഭീര ദൃശ്യത്തെ കുറിച്ചു പലരും കേട്ടിട്ടു പോലുമില്ല. എന്താണത്? മാനംമുട്ടെയുള്ള ഈ ഗോവണി കൊർഡിലെറാ സെൻട്രാൽ പ്രദേശത്തെ നെൽപ്പാടങ്ങളാണ്. ലൂസോൺ മലനിരകളിലെ മനോഹരമായ ഈ തട്ടുനിലങ്ങൾ (തട്ടുകളായി തിരിച്ച പാടങ്ങൾ) മനുഷ്യന്റെ രൂപകൽപ്പനാപാടവത്തിന്റെ വിസ്മയകരമായ ഒരു ഉദാഹരണമാണ്.
ഇവിടത്തെ നിലങ്ങൾ ഇങ്ങനെ തട്ടുകളായി തിരിച്ച് ഉണ്ടാക്കിയിരിക്കുന്നത് എന്തിനാണ്? കൊർഡിലെറാ പ്രദേശത്തെ പർവതങ്ങൾ സാധാരണ ഗതിയിൽ കൃഷി ചെയ്യാൻ പറ്റാത്ത വിധം ചെങ്കുത്തായ ചെരിവുകൾ ഉള്ളവയാണ്. എന്നാൽ പ്രാചീന കാലത്തെ കൃഷിക്കാർ അവിടെ കൃഷി ചെയ്യുന്നതിനെ ഒരു വെല്ലുവിളിയായി എടുത്തു. 1,200 മീറ്ററോ അതിൽ കൂടുതലോ ഉയരത്തിലായി, ഹരിതാഭമായ ഈ കുന്നിൻചെരിവുകളിൽ ആയിരക്കണക്കിനു തട്ടുനിലങ്ങൾ അവർ വെട്ടിയുണ്ടാക്കി. ചില ഭാഗങ്ങളിൽ ഒന്നിനു മുകളിൽ മറ്റൊന്നായി ഇത്തരത്തിലുള്ള 25-ഓ 30-ഓ ചിലപ്പോൾ അതിൽ കൂടുതലോ തട്ടുകൾ ഉണ്ടാക്കിയിരിക്കുന്നതിനാൽ ഒറ്റ നോട്ടത്തിൽ ആകാശത്തേക്കുള്ള ഒരു ഗോവണിയാണോ എന്നു തോന്നിപ്പോകും. വെള്ളം കെട്ടിനിറുത്തി കൃഷി ചെയ്യുന്ന ഈ പാടങ്ങളുടെ അരികുകളിൽ വരമ്പുകൾ തീർത്ത് അവ കല്ലുകൾകൊണ്ട് ഉറപ്പിക്കുന്നു. ഇവിടെയുള്ള മിക്ക പാടങ്ങളിലും നെല്ലാണ് കൃഷി ചെയ്യുന്നത്. പർവതച്ചെരിവിന്റെ പ്രത്യേകത അനുസരിച്ചാണ് ഈ പാടങ്ങളുടെ ആകൃതിയും, ചിലത് ഉള്ളിലേക്കു വളഞ്ഞിട്ടാണ്, മറ്റു ചിലത് പുറത്തേക്കു തള്ളിയും.
നിലം തട്ടുകളായി തിരിച്ചു കൃഷി ചെയ്യുന്ന രീതി ഫിലിപ്പീൻസിൽ മാത്രമല്ല ഉള്ളത്. മറ്റു പല രാജ്യങ്ങളിലും, പ്രത്യേകിച്ച് ദക്ഷിണ പൂർവേഷ്യയിലും തെക്കേ അമേരിക്കയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും, ഈ രീതി കാണാം. എന്നാൽ ഫിലിപ്പീൻസിലെ ഈ നെൽപ്പാടങ്ങൾ പല വിധങ്ങളിലും പ്രത്യേകത ഉള്ളവയാണ്. അന്താരാഷ്ട്ര നെല്ലുഗവേഷണ കേന്ദ്രത്തിലെ മാരിയോ മോവിലോൺ ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “ഫിലിപ്പീൻസിലെ തട്ടുനിലങ്ങൾ മറ്റു രാജ്യങ്ങളിൽ ഉള്ളവയെക്കാൾ വളരെ വലുതാണ്. കൊർഡിലെറാ പർവതപ്രദേശത്ത് മിക്കയിടത്തും ഇത്തരം തട്ടുനിലങ്ങൾ കാണാം.” ഇഫുഗാവു പ്രവിശ്യയിലാണ് ഇവ ഏറെയും ഉള്ളത്. ഈ വയലുകളുടെ എണ്ണം ആരിലും മതിപ്പുളവാക്കും. പർവതച്ചെരിവുകളിൽ വെട്ടിയുണ്ടാക്കിയിരിക്കുന്ന അവ പർവതങ്ങളുടെ സ്വാഭാവിക ഭംഗിക്കു മാറ്റു കൂട്ടുന്നു.
ഒരു ലോകാത്ഭുതമോ?
ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്ന് അതിനെ വിളിക്കുന്നത് അതിശയോക്തി ആയിരിക്കുമോ? നമുക്കു വസ്തുതകൾ പരിശോധിക്കാം: ഒരുപക്ഷേ ഈ തട്ടുനിലങ്ങൾ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കാർഷിക സംരംഭം ആയിരിക്കാം. ഇഫുഗാവുവിലെ തട്ടുനിലങ്ങളെ ‘ലോക പൈതൃക പട്ടികയിൽ’ ഉൾപ്പെടുത്താൻ ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടന 1995 ഡിസംബറിൽ തീരുമാനിച്ചു. അതിന്റെ ഫലമായി, ഈ തട്ടുനിലങ്ങൾക്കു ചരിത്രപരവും സാംസ്കാരികവുമായി വലിയ പ്രാധാന്യമുള്ള താജ്മഹൽ, ഇക്വഡോറിലെ ഗാലപ്പഗസ് ദ്വീപുകൾ, ചൈനയിലെ വന്മതിൽ, കംബോഡിയയിലെ അംഗോർ വാത്ത് എന്നിവയ്ക്കു തുല്യമായ സ്ഥാനം ലഭിക്കുന്നു. എന്നാൽ ഈജിപ്തിലെ പിരമിഡുകൾ പോലുള്ള പ്രാചീന നിർമിതികളിൽനിന്നു വ്യത്യസ്തമായി ഈ തട്ടുനിലങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് അടിമകളെ ഉപയോഗിച്ചല്ല. മറിച്ച്, ഒരു സമൂഹത്തിന്റെ കൂട്ടായ യത്നത്തിന്റെ ഫലമാണ് അത്. മാത്രമല്ല, അത് ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഒരു അവസ്ഥയിലുമല്ല, ഇഫുഗാവു നിവാസികൾ ഇപ്പോഴും അവിടം കൃഷിക്കായി നന്നായി ഉപയോഗിക്കുന്നു.
ഈ തട്ടുനിലങ്ങൾ സന്ദർശിക്കുകയാണെങ്കിൽ, അവയുടെ മനോഹാരിത നിങ്ങൾക്കു വ്യക്തിപരമായി അനുഭവിച്ചറിയാൻ കഴിയും. ഏതാനും ചതുരശ്ര മീറ്റർ മുതൽ 10,000 ചതുരശ്ര മീറ്റർ വരെ വിസ്താരമുള്ള ഈ തട്ടുനിലങ്ങളിൽ ആളുകൾ പണിയെടുക്കുന്നതു നിങ്ങൾക്കു കാണാം. നാടൻപാട്ടിന്റെ ശീലുകൾ പാടിക്കൊണ്ട് ചിലർ വെള്ളം കിനിഞ്ഞിറങ്ങാനായി വടികൊണ്ട് വയലിലെ ചേറിൽ കുത്തുന്നു. വേറെ ചിലർ ഞാറു നടുന്നു. മറ്റു ചിലരാകട്ടെ വിളഞ്ഞ നെല്ലു കൊയ്യുകയാണ്. നെൽച്ചെടികൾ വളരുന്ന സമയത്ത് ഇവിടം സന്ദർശിച്ചാൽ, ഈ തട്ടുനിലങ്ങൾ പച്ചയുടെ നിറഭേദങ്ങൾകൊണ്ട് മനോഹരമായിരിക്കുന്നതു കാണാം.
ചെളിയിൽ വളരുന്ന തരം നെൽച്ചെടികൾക്കു ധാരാളം വെള്ളം ആവശ്യമാണ്. അതിനാൽ വിപുലമായ ജലസേചന സംവിധാനങ്ങൾ ഇവിടെയുണ്ട്. മലഞ്ചെരുവിലെ അരുവികളിൽനിന്നുള്ള വെള്ളം സങ്കീർണമായ കനാൽ ശൃംഖലകൾ വഴിയും മുളംതണ്ടുകൾ വഴിയും ഓരോ തട്ടുനിലത്തിലേക്കും ഒഴുക്കിവിട്ടുകൊണ്ടിരിക്കുന്നു. ഈ തട്ടുനിലങ്ങൾ ജീവനറ്റ ഒരു സ്മാരകമല്ല, ജീവിക്കുന്ന ഒരു അത്ഭുതമാണ്!
അവ ഉണ്ടാക്കിയത് ആർ?
ആയിരക്കണക്കിനു വരുന്ന, തട്ടുകളായി തിരിച്ച ഈ നിലങ്ങൾ അത്ര പെട്ടെന്നൊന്നും, ഒരുപക്ഷേ ഏതാനും വർഷങ്ങൾകൊണ്ടു പോലും, പണിയുക സാധ്യമല്ല എന്നു വ്യക്തമാണ്. ആധുനിക ഉപകരണങ്ങളോ യന്ത്രങ്ങളോ ഇല്ലാതെയാണ് അവ പണിതിരിക്കുന്നത് എന്ന് ഓർക്കണം. അതുകൊണ്ട് നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ ഈ തട്ടുനിലങ്ങളുടെ നിർമാണം തുടങ്ങിയിരിക്കും എന്നു വിശ്വസിക്കപ്പെടുന്നു.
ഇവയുടെ നിർമാണം ഏകദേശം 2,000 വർഷം മുമ്പ് ആരംഭിച്ചതാണെന്നു പോലും ചില പുരാവസ്തുശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. വടക്കൻ ഇന്തോ-ചൈനയിൽ നിന്നും ഇന്തൊനീഷ്യയിൽ നിന്നും ലൂസോണിലേക്കു കുടിയേറിപ്പാർത്തവരാണ് ഇവ നിർമിക്കുകയും തട്ടുനിലങ്ങളിൽ വെള്ളം കെട്ടിനിർത്തി അതിൽ കൃഷി ചെയ്യുന്ന സമ്പ്രദായം അവിടെ എത്തിക്കുകയും ചെയ്തതെന്ന് നരവംശശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നു. ആദ്യം അവർ കുറെ തട്ടുനിലങ്ങൾ ഉണ്ടാക്കി. കാലാന്തരത്തിൽ, പുതിയ തട്ടുനിലങ്ങൾ അവയോടു ചേർക്കപ്പെട്ടു.
അവിടേക്കുള്ള സന്ദർശനം
നമുക്ക് ഈ തട്ടുനിലങ്ങളിലേക്ക് ഒരു സാങ്കൽപ്പിക യാത്ര നടത്താം. ആദ്യം നമ്മൾ മനിലയിൽനിന്ന് എയർക്കണ്ടീഷൻ ചെയ്ത ഒരു ബസിൽ ഇഫുഗാവുവിലെ ബാനാവെ എന്ന പട്ടണത്തിലേക്കു പോകുന്നു. ഒമ്പതു മണിക്കൂർ നേരത്തെ യാത്രയ്ക്കു ശേഷം നാം ഇപ്പോൾ പട്ടണത്തിൽ എത്തിയിരിക്കുകയാണ്. ഇവിടെനിന്ന് ലക്ഷ്യസ്ഥാനത്തെത്താൻ പല മാർഗങ്ങളുണ്ട്. വേണമെങ്കിൽ നടന്നുപോകാം, അല്ലെങ്കിൽ ട്രൈസിക്കിളിൽ പോകാം, അതുമല്ലെങ്കിൽ സന്ദർശകരെ കൊണ്ടുപോകുന്ന ജീപ്നിയിൽ പോകാം. താത്പര്യവും നല്ല ആരോഗ്യവും ഉണ്ടെങ്കിൽ, പർവതപ്രദേശത്തേക്കുള്ള ഇടവഴികളിൽ ഒന്നിലൂടെ നമുക്കു കയറിപ്പോകാം. അങ്ങനെയാകുമ്പോൾ, തട്ടുനിലങ്ങളുടെ അതിമനോജ്ഞമായ ചില ദൃശ്യങ്ങളും ഈ മനുഷ്യനിർമിത വിസ്മയത്തിന്റെ വിശാലതയും നമുക്ക് അടുത്തു കാണാൻ കഴിയും.
ബറ്റാഡ് എന്ന ഗ്രാമത്തിലേക്കുള്ള യാത്ര ഒരു ജീപ്നിയിൽ ആകാം. 12 കിലോമീറ്റർ അകലെയുള്ള അവിടെ എത്താൻ പരുക്കൻ മലമ്പാതകളിലൂടെ ഒരു മണിക്കൂർ ജീപ്നിയിൽ യാത്ര ചെയ്യണം. പിന്നീടുള്ള യാത്ര നടന്നാണ്. പർവതച്ചെരുവിലെ സസ്യപ്പടർപ്പുകൾക്കിടയിലൂടെ നടന്ന് നാം ഒടുവിൽ ഉയരം കൂടിയ രണ്ടു പർവതങ്ങൾക്കു നടുവിലുള്ള ഒരു സ്ഥാനത്ത് എത്തുന്നു. (ഇവിടെ എത്താൻ പക്ഷേ ഒരു കുറുക്കുവഴിയുണ്ട്, കുത്തനെ ഉള്ള കയറ്റമായതിനാൽ മലകയറ്റം ശീലിച്ചിരിക്കുന്നവർക്കു മാത്രമേ അതു ശുപാർശ ചെയ്യുന്നുള്ളൂ.) ആ മലമുകളിൽനിന്നു ചെറിയൊരു ഇടവഴിയിലൂടെ താഴേക്കിറങ്ങി നമ്മൾ ബറ്റാഡിൽ എത്തുന്നു.
പർവതപ്രദേശത്തെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഏതാനും മണിക്കൂർ നടന്നാൽ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്താം. ഇവിടെയാണ് തട്ടുനിലങ്ങൾ നമ്മുടെ കണ്ണുകൾക്കു വിരുന്നൊരുക്കുന്നത്. ബറ്റാഡ് ഉള്ളിലേക്കു തള്ളിനിൽക്കുന്ന ഒരു പർവതച്ചെരുവിൽ ആയതിനാൽ, ഇവിടത്തെ തട്ടുനിലങ്ങൾ അർധവൃത്താകൃതിയിൽ ഉള്ളിലേക്കു വളഞ്ഞിരിക്കുന്നു. അവിടെ ഒന്നിനു മുകളിൽ ഒന്നായി സ്ഥിതി ചെയ്യുന്ന ഈ തട്ടുനിലങ്ങൾ കണ്ടാൽ ആകാശത്തേക്കുള്ള ഒരു ഗോവണിയാണെന്നു തോന്നും. ബറ്റാഡ് എന്ന ആ ഗ്രാമത്തോട് അടുക്കുമ്പോൾ, പഴയ രീതിയിൽ പണികഴിപ്പിച്ച ഇഫുഗാവു വീടുകൾ കാണാം. ഗ്രാമത്തിൽ അങ്ങിങ്ങായി കാണുന്ന അവ പുല്ലു മൂടിയ കൂറ്റൻ കൂണുകൾ പോലെ തോന്നിക്കും.
ആളുകൾ സൗഹൃദ മനസ്കരാണ്. പാടത്ത് പണിയെടുക്കുന്നവർ നാം കടന്നുപോകുമ്പോൾ അഭിവാദ്യം ചെയ്യുന്നു. തട്ടുനിലങ്ങളുടെ ഉയർത്തിക്കെട്ടിയ കൽത്തിട്ടയുടെ വക്കിലൂടെ അവിടത്തുകാർ അനായാസം നടന്നുനീങ്ങുന്നതു കണ്ടാൽ അതിശയം തോന്നും. അവർ അതിലൂടെയാണ് ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പോകുന്നത്. ചിലർ, യഥാസ്ഥാനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കുത്തുകല്ലിലൂടെ ഒരു മലയാടിന്റെ ചാതുര്യത്തോടെ ഒരു തട്ടിൽനിന്ന് അടുത്ത തട്ടിലേക്കു കയറിപ്പോകുന്നു. അടുത്തു നിരീക്ഷിച്ചാൽ അവർ നഗ്നപാദരാണെന്നു കാണാം, അവർക്കു ചുറ്റും പർവതത്തിലെ മനോഹരമായ വയലുകളും. അതേ, പ്രകൃതിയും മനുഷ്യനും കൈകോർത്തു നിൽക്കുന്ന ഒരു അസാധാരണ ദൃശ്യം!
ഇവിടത്തെ പ്രത്യേകതകൾ ആകർഷകമായി തോന്നുന്നുണ്ടോ? എങ്കിൽ, നിങ്ങൾ ഫിലിപ്പീൻസ് സന്ദർശിക്കുന്നപക്ഷം മാനംമുട്ടെ നിൽക്കുന്ന ഈ ഗോവണി കാണാനുള്ള അവസരം പാഴാക്കരുത്. ആർക്കും അത്ര പെട്ടെന്നൊന്നും മറക്കാനാകാത്ത ഒരു അത്ഭുതമാണ് അത്.
[18-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
തട്ടുനിലങ്ങളെ സംരക്ഷിക്കൽ
ഇപ്പോൾ നിലവിലുള്ള തട്ടുനിലങ്ങൾ വളരെ മനോഹരങ്ങളാണെങ്കിലും, അവയുടെ നിലനിൽപ്പ് അപകടത്തിലാണ്. പർവത നിവാസികളുടെ പുതിയ തലമുറയ്ക്ക് നെൽക്കൃഷി ചെയ്യാൻ മടിയാണ്. അവർ മറ്റു പല മേഖലകളിലുമാണു തൊഴിൽ തേടുന്നത്. അതിന്റെ ഫലമായി ഈ നിലങ്ങളിലെ പണിക്ക് തൊഴിൽപരിചയം ഉള്ളവരെ കിട്ടാൻ ബുദ്ധിമുട്ടായി തീർന്നേക്കും.
അന്താരാഷ്ട്ര നെല്ലുഗവേഷണ കേന്ദ്രത്തോടു ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇഫുഗാവു നിവാസിയായ ആറോറാ ആമായാവു മറ്റൊരു അപകടത്തെ കുറിച്ച് ഉണരുക!യോടു പറഞ്ഞു: “ഈ തട്ടുനിലങ്ങളിൽ എപ്പോഴും വെള്ളം ഉണ്ടായിരിക്കണം, എന്നാൽ വനനശീകരണത്തിന്റെ ഫലമായി ഇപ്പോൾ ഇവിടെ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.” ഇവിടത്തെ ജലശേഖരം തീർന്നാൽ തട്ടുനിലങ്ങൾ വരണ്ടുപോകും.
പ്രകൃതി വിപത്തുകളുടെ ഫലമായും ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. 1990-ൽ ഉണ്ടായ ഭൂകമ്പത്തിൽ മണ്ണിടിഞ്ഞ് ഈ തട്ടുനിലങ്ങളുടെ പല ഭാഗങ്ങളും തകർന്നുപോയി.
തട്ടുനിലങ്ങൾ നശിക്കുന്നതു തടയാനായി നടപടികൾ സ്വീകരിച്ചുവരികയാണ്. ‘ഇഫുഗാവു തട്ടുനില കമ്മീഷൻ’ രൂപീകരിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഉണ്ടായത് 1996-ലാണ്. എന്താണ് അതിന്റെ ഉദ്ദേശ്യം? ഇവിടത്തെ തട്ടുനിലങ്ങളും ജലശേഖരവും ഈ പ്രദേശത്തിന്റെ സംസ്കാരവും പരിരക്ഷിക്കുകയും നശിച്ചുപോയ പ്രദേശങ്ങൾ പുനരുദ്ധരിക്കുകയും ചെയ്യുക എന്നതാണ്.
ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടന (യുനെസ്കോ) ഈ തട്ടുനിലങ്ങളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ അതു പരിരക്ഷിക്കാനുള്ള കൂടുതലായ ഒരു ബാധ്യത ഫിലിപ്പീൻസ് ഗവൺമെന്റിന്റെ മേൽ വന്നിരിക്കുകയാണ്. മനിലയിലുള്ള യുനെസ്കോ ഓഫീസിലെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടറായ ജിൻ റ്റ്വാസോൺ പറയുന്ന പ്രകാരം, “ഈ തട്ടുനിലങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി യുനെസ്കോ സാങ്കേതികവും സാമ്പത്തികവുമായ സഹായവും നൽകിയേക്കാം.”
[16-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
കൊർഡിലെറാ സെൻട്രാൽ
[17-ാം പേജിലെ ചിത്രം]