യുവജനങ്ങൾ ചോദിക്കുന്നു . . .
കുറ്റം എപ്പോഴും എനിക്കായിരിക്കുന്നത് എന്തുകൊണ്ട്?
“ഡാഡിക്ക് അലർജിയുണ്ട്. പുകവലിക്കുന്ന ആളുകളോടൊപ്പം വേണം അദ്ദേഹത്തിനു ജോലി ചെയ്യാൻ. ചിലപ്പോൾ ആകെ വിഷമിച്ചായിരിക്കും അദ്ദേഹം വീട്ടിൽ തിരിച്ചെത്തുന്നത്. എന്തെങ്കിലും സാധനം അദ്ദേഹത്തിന്റെ കൈയിൽനിന്നു കളഞ്ഞുപോയാൽ അതിന് എന്നെ കുറ്റപ്പെടുത്തും. സാധനം നഷ്ടപ്പെടുത്തിയത് അദ്ദേഹമാണ് എന്നു ഞാൻ പറഞ്ഞാലോ, ആകെ ദേഷ്യമാകും. ഞാൻ അദ്ദേഹത്തെ തിരുത്താറായിട്ടില്ലെന്നു പറയും.”—ഒരു കൗമാരപ്രായക്കാരി.
ഭവനത്തിലെ ബലിയാട് നിങ്ങളാണെന്നു ചിലപ്പോൾ തോന്നാറുണ്ടോ? എന്തു കുഴപ്പം പറ്റിയാലും നിങ്ങളെ പഴിചാരുന്നതുപോലെ കാണപ്പെടാറുണ്ടോ? 14 വയസ്സുകാരി ജയയ്ക്കു തോന്നുന്നത് അങ്ങനെയാണ്. അമ്മയില്ലാത്തതുകൊണ്ട് അവളാണ് മിക്കപ്പോഴും അനുജനെയും അനുജത്തിയെയും നോക്കുന്നത്. “അവർ വഴക്കടിക്കുമ്പോൾ ഞാൻ താഴത്തെ നിലയിലായിരിക്കും,” ജയ പരാതിപ്പെടുന്നു. “തീരെ വിവരംകെട്ട രീതിയിൽ, പക്വതയില്ലാതെയാണ് അവർ പെരുമാറുന്നത്. പക്ഷേ ഡാഡി വീട്ടിൽ തിരിച്ചെത്തുമ്പോൾ എന്റെ നേരേ തട്ടിക്കയറും, അവരുടെ വഴക്കു തീർക്കാൻ ഞാൻ ചെല്ലാഞ്ഞതിന്.”
നിങ്ങളെ ലാളിച്ചു വഷളാക്കിയെന്നു മാതാപിതാക്കൾ പറയുന്നുവെന്നിരിക്കട്ടെ, അല്ലെങ്കിൽ മടിയനെന്നും അലസനെന്നും തുടങ്ങി നിങ്ങൾ ഒരിക്കലും നേരേയാകാൻ പോകുന്നില്ലെന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള പേരുകൾ നിരന്തരം വിളിക്കുന്നുവെന്നിരിക്കട്ടെ, നിങ്ങൾക്കു തെറ്റു പറ്റാൻ അവർ പ്രതീക്ഷിക്കുന്നതായിപോലും ചിലപ്പോൾ തോന്നിയേക്കാം. രാമന്റെ വീട്ടുകാർ അവനു മറവിക്കാരൻ പ്രൊഫസർ എന്നു പേരിട്ടു, അവനു തീരെ ഇഷ്ടമില്ലായിരുന്ന ഒരു പരിഹാസപ്പേര്. സ്നേഹപൂർവമാണെങ്കിൽപ്പോലും നിങ്ങളുടെ കുറവുകളെ എടുത്തുകാണിക്കുന്ന ഒരു പരിഹാസപ്പേര് വിളിക്കുന്നത് നിങ്ങൾക്കും ദേഷ്യമായിരിക്കാം. പുരോഗതി പ്രാപിക്കാൻ പ്രേരിപ്പിക്കുന്നതിനുപകരം താഴ്ത്തിക്കെട്ടുന്നതരം പേരുകൾ, കുറ്റം ചുമക്കേണ്ടതു നിങ്ങളാണെന്ന തോന്നൽ ബലപ്പെടുത്തിയേക്കാം.
പക്ഷപാതത്തിന്റെ ഫലമായിട്ടുള്ളതാണെങ്കിൽ പഴിചാരൽ വിശേഷിച്ചും വേദനാജനകമായേക്കാം. “നടുക്കത്തെ കുട്ടി ഞാനായതുകൊണ്ട് എപ്പോഴും കുറ്റം മുഴുവൻ എനിക്കാണ്,” കൗമാരപ്രായക്കാരനായ ഫ്രാങ്കി പറയുന്നു. നിങ്ങളുടെ കൂടപ്പിറപ്പുകൾ എല്ലായ്പോഴും നിഷ്കളങ്കരായി വീക്ഷിക്കപ്പെട്ടേക്കാം. എന്നാൽ എന്തെങ്കിലും കുഴപ്പം തലപൊക്കുമ്പോൾത്തന്നെ നിങ്ങളെ കുറ്റക്കാരനായി മുദ്രകുത്തിയേക്കാം.
മാതാപിതാക്കൾ കുറ്റപ്പെടുത്തുന്നതിന്റെ കാരണം
മക്കൾ തെറ്റുചെയ്യുമ്പോൾ മാതാപിതാക്കൾ അവരെ തിരുത്തുന്നതു സ്വാഭാവികം മാത്രം. ആരോഗ്യാവഹവും ക്രിയാത്മകവുമായ തിരുത്തൽ നൽകുന്നതാണ്, ദൈവഭയമുള്ള മാതാപിതാക്കൾ മക്കളെ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” വളർത്തിക്കൊണ്ടുവരുന്ന രീതികളിലൊന്ന്. (എഫെസ്യർ 6:4) എങ്കിലും, ചില സമയങ്ങളിൽ ഏറ്റവും നല്ലവരായ മാതാപിതാക്കൾപോലും അമിതമായി പ്രതികരിക്കുകയോ തെറ്റായ നിഗമനങ്ങളിലേക്ക് എടുത്തുചാടുകയോ ചെയ്തേക്കാം. യേശു ബാലനായിരുന്നപ്പോഴത്തെ ഒരു സംഭവം പരിചിന്തിക്കുക. അവനെ കാണാതെപോയതാണ് സന്ദർഭം. അവൻ ദൈവത്തിന്റെ ആലയത്തിൽ ബൈബിൾ ചർച്ചചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും മാതാപിതാക്കൾ അവനെ കണ്ടെത്തിയപ്പോൾ അവന്റെ അമ്മ ചോദിച്ചത് ഇങ്ങനെയാണ്: ‘മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു.’—ലൂക്കൊസ് 2:48.
യേശു പൂർണതയുള്ളവനായിരുന്നതുകൊണ്ട് അവൻ ദുഷ്കർമങ്ങളിൽ ഏർപ്പെടുമെന്നു ഭയപ്പെടാൻ യാതൊരു കാരണവുമില്ലായിരുന്നു. എന്നാൽ സ്നേഹസമ്പന്നരായ മറ്റേതു മാതാപിതാക്കളെയുംപോലെ, തന്റെ മകന്റെമേൽ ഉത്തരവാദിത്വമുള്ളതായി തോന്നിയതുകൊണ്ട് അവന്റെ അമ്മ തീവ്രമായി പ്രതികരിച്ചു. അവന്റെ ക്ഷേമം അപകടത്തിലാകുമെന്ന് ഒരുപക്ഷേ അവൾ ഭയന്നിരിക്കാം. ഇതുപോലെ നിങ്ങളുടെ മാതാപിതാക്കളും ചില സമയങ്ങളിൽ അമിതമായി പ്രതികരിച്ചേക്കാം. അവർ ശല്യക്കാരോ ക്രൂരരോ ആകാൻ ശ്രമിക്കുകയല്ല, മറിച്ച് അവർക്കു വാസ്തവത്തിൽ നിങ്ങളെക്കുറിച്ചു കരുതലുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.
നാം “ദുർഘടസമയങ്ങ”ളിലാണു ജീവിക്കുന്നതെന്നും തിരിച്ചറിയുക. (2 തിമൊഥെയൊസ് 3:1) കുടുംബത്തെ പോറ്റാൻ ജോലി ചെയ്യേണ്ടതുള്ളതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കൾ വളരെ സമ്മർദത്തിൻ കീഴിലായിരിക്കും. അവർ നിങ്ങളോടു പെരുമാറുന്ന വിധത്തെയും ഇതു ബാധിച്ചേക്കാം. (സഭാപ്രസംഗി 7:7 താരതമ്യം ചെയ്യുക.) ഒരു മാനസികാരോഗ്യ പ്രവർത്തക ഇപ്രകാരം അഭിപ്രായപ്പെട്ടു: “ചില കുടുംബങ്ങളിൽ, എന്തെങ്കിലുമൊരു പ്രതിസന്ധി ഉണ്ടെങ്കിൽ, പൊതുവേ നല്ലവരായ മാതാപിതാക്കൾപ്പോലും കുപിതരായി തിടുക്കത്തിൽ തീരുമാനങ്ങൾ കൈക്കൊണ്ടേക്കാം.”
ഇണ നഷ്ടപ്പെട്ട മാതാവോ പിതാവോ വിശേഷിച്ചും തങ്ങളുടെ നിരാശകളെല്ലാം മക്കളുടെ മേൽ കെട്ടിവെക്കാൻ ചായ്വു കാട്ടിയേക്കാം. കാര്യങ്ങൾ ചർച്ച ചെയ്യാൻ അവർക്ക് ഒരു ഇണയില്ലാത്തതാണു കാരണം. ഒരു മാതാവിന്റെയോ പിതാവിന്റെയോ വ്യക്തിപരമായ നിരാശകൾ നിമിത്തം ശിക്ഷയേൽക്കേണ്ടിവരുന്നത് തമാശയല്ലെന്നുള്ളതു ശരിതന്നെ. 17 വയസ്സുകാരി ലൂസി പറയുന്നു: “ഞാൻ എന്തെങ്കിലും കുറ്റം ചെയ്തിട്ടാണ് ശിക്ഷയേൽക്കുന്നതെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ അമ്മ അത്ര നല്ല മൂഡിലല്ലാത്തതുകൊണ്ടുമാത്രം ശിക്ഷയേൽക്കേണ്ടിവരുന്നതു വാസ്തവത്തിൽ കഷ്ടമാണ്.”
മറ്റൊരു ഘടകമാണ് പക്ഷപാതം. സാധാരണ ഒരു മാതാവോ പിതാവോ തന്റെ മക്കളെയെല്ലാം സ്നേഹിക്കുമെങ്കിലും ഒരു കുട്ടിയോടു പ്രത്യേക വാത്സല്യം തോന്നുന്നത് അസാധാരണമല്ല.a (ഉല്പത്തി 37:3 താരതമ്യം ചെയ്യുക.) നിങ്ങളോടു സ്നേഹം കുറവാണെന്ന തോന്നൽ അതിൽത്തന്നെ വേദനാജനകമാണ്. എന്നാൽ നിങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നതായോ കൂടപ്പിറപ്പുകൾ ചെയ്യുന്ന കാര്യങ്ങൾക്ക് മിക്കപ്പോഴും നിങ്ങളെ കുറ്റപ്പെടുത്തുന്നതായോ തോന്നുന്നെങ്കിൽ അമർഷം ഉണ്ടാകുമെന്നുള്ളതു തീർച്ചയാണ്. “എനിക്കൊരു അനുജനുണ്ട്, ഡാരൻ,” കൊച്ചു റാക്സാൻ പറയുന്നു. “അവനാണ് മമ്മിയുടെ പുന്നാരമോൻ. . . അവനൊരു കുറ്റവും ചെയ്യുകയില്ലെന്നാണു മമ്മിയുടെ വിചാരം, എല്ലായ്പോഴും എന്നെ കുറ്റപ്പെടുത്തും.”
പ്രക്ഷുബ്ധ കുടുംബങ്ങൾ
കെട്ടുറപ്പുള്ള കുടുംബങ്ങളിൽ വല്ലപ്പോഴുമൊക്കെ അനുചിതമായ കുറ്റപ്പെടുത്തലുകൾ ഉണ്ടായേക്കാം. എന്നാൽ പ്രക്ഷുബ്ധ കുടുംബങ്ങളിൽ കുറ്റപ്പെടുത്തലും നാണംകെടുത്തലും അപമാനിക്കലുമെല്ലാം നിത്യസംഭവങ്ങളായിരിക്കാം. ചില സമയങ്ങളിൽ കുറ്റപ്പെടുത്തലിന്റെ കൂട്ടത്തിൽ “കോപവും ക്രോധവും കൂറ്റാരവും ദൂഷണവും” പോലും ഉണ്ടായിരിക്കും.—എഫെസ്യർ 4:31.
മാതാപിതാക്കൾ അത്തരത്തിൽ പൊട്ടിത്തെറിക്കുന്നതിന് ഒരു കുട്ടിയെ കുറ്റപ്പെടുത്താൻ സാധിക്കുമോ? അനുസരണമില്ലാത്ത ഒരു മകനോ മകളോ മാതാപിതാക്കൾക്കു ‘വ്യസനം’ ആയിരിക്കാമെന്നതു ശരിതന്നെ. (സദൃശവാക്യങ്ങൾ 17:25) എങ്കിലും ‘നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത് [അക്ഷരീയമായി, “ദേഷ്യംപിടിപ്പിക്കാൻ ശ്രമിക്കരുത്”]’ എന്നു ബൈബിൾ പറയുന്നത് മാതാപിതാക്കളോടാണ്. (എഫെസ്യർ 6:4) എല്ലാ ക്രിസ്ത്യാനികളുടെയും കാര്യത്തിലെന്നപോലെ, ഒരു മാതാവോ പിതാവോ ‘ദോഷം സഹിക്കുന്നവരായി’ ആത്മനിയന്ത്രണം പാലിക്കണം. (2 തിമൊഥെയൊസ് 2:24) അതുകൊണ്ട് ഒരു മാതാവിനോ പിതാവിനോ ആത്മനിയന്ത്രണം നഷ്ടമാകുമ്പോൾ അവർക്കു കുട്ടികളുടെ കുറവുകളിന്മേൽ പഴിചാരാൻ സാധിക്കുകയില്ല.
ഒരു മാതാവോ പിതാവോ വൈകാരിക വേദനയോ വിഷാദമോ ആത്മാഭിമാനക്കുറവോ അനുഭവിക്കുന്നതിന്റെ തെളിവായിരിക്കാം വാക്കുകൾക്കൊണ്ടുള്ള ആക്രമണങ്ങൾ. വൈവാഹിക കലഹങ്ങൾ, മദ്യപാനം തുടങ്ങിയ പ്രശ്നങ്ങളെയും അതു സൂചിപ്പിച്ചേക്കാം. ഒരു പ്രസിദ്ധീകരണം പറയുന്നതനുസരിച്ച്, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട മാതാപിതാക്കളുടെ കുട്ടികളാണു മിക്കപ്പോഴും ബലിയാടുകളാകുന്നത്. “അവർ ചെയ്യുന്നതെല്ലാം കുറ്റമായിരിക്കും. ‘വിഡ്ഢി,’ ‘കൊള്ളരുതാത്തവൻ,’ ‘സ്വാർഥൻ’ എന്നൊക്കെ അവരെ വിളിച്ചേക്കാം. തുടർന്ന്, കുടുംബാംഗങ്ങൾ തങ്ങളുടെ സ്വന്തം വിഷമങ്ങളും പ്രശ്നങ്ങളും മറക്കുകയും പകരം ആ കുട്ടിയെ (അല്ലെങ്കിൽ കുട്ടികളെ) ‘പ്രശ്ന’മായി കണക്കാക്കുകയും ചെയ്തേക്കാം.”
അനുചിതമായ കുറ്റപ്പെടുത്തൽ കൈകാര്യം ചെയ്യൽ
ഡോ. കാത്ലീൻ മക്കോയി അഭിപ്രായപ്പെടുന്നു: “[ഒരു] കുട്ടിക്ക് പരിഹാസപ്പേരിടുന്നതും അവനെ താഴ്ത്തിക്കെട്ടുന്നതും വിമർശിക്കുന്നതും . . . ആയിരിക്കാം കൗമാരപ്രായത്തിൽ ആത്മാഭിമാനക്കുറവും വിഷാദവും ആശയവിനിമയക്കുറവും ഉളവാക്കുന്ന ഒരു ഘടകം.” അല്ലെങ്കിൽ ബൈബിൾതന്നെ പറയുന്നതുപോലെ പരുക്കൻ മട്ടിൽ പെരുമാറുന്നത് കുട്ടികളെ ‘പ്രകോപിപ്പിക്കുകയും’ ‘അധൈര്യപ്പെടാൻ’ ഇടയാക്കുകയും ചെയ്തേക്കാം. (കൊലൊസ്സ്യർ 3:21) ഒന്നിനും കൊള്ളാത്തവനാണെന്ന ചിന്ത നിങ്ങളിൽ ഉടലെടുത്തേക്കാം. നിങ്ങൾ മാതാപിതാക്കൾക്കുനേരേ നിഷേധാത്മക ചിന്തകൾ വളർത്തിയെടുത്തേക്കാം. അവരെ ഒരുതരത്തിലും പ്രസാദിപ്പിക്കാൻ സാധിക്കുകയില്ലെന്നും അതിനു ശ്രമിച്ചതുകൊണ്ട് യാതൊരു ഫലവുമില്ലെന്നും നിങ്ങൾ നിഗമനം ചെയ്തേക്കാം. കോപവും വിദ്വേഷവും നിങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നേക്കാം. ഇത് ഏതുതരത്തിലുള്ള ശിക്ഷണവും—ക്രിയാത്മകമായ വിമർശനംപോലും—തള്ളിക്കളയുന്നതിലേക്കു നയിച്ചേക്കാം.—സദൃശവാക്യങ്ങൾ 5:12 താരതമ്യം ചെയ്യുക.
നിങ്ങൾക്കിത് എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? ഇത് വലിയൊരളവോളം നിങ്ങളുടെ സാഹചര്യത്തെ ആശ്രയിച്ചിരിക്കും. എന്തുകൊണ്ട് നിങ്ങൾക്കതു വാസ്തവികമായി വിശകലനം ചെയ്തുകൂടാ? ഉദാഹരണത്തിന്, നിങ്ങളെ എപ്പോഴും കുറ്റപ്പെടുത്തുന്നുവെന്നതു സത്യമാണോ? അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ വല്ലപ്പോഴുമൊക്കെ ഒരൽപ്പം കൂടുതലായി വിമർശനം നടത്തി തെറ്റായി എന്തെങ്കിലും പറഞ്ഞുപോകുന്നതാണോ? “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു” എന്ന് ബൈബിൾ പറയുന്നു, ഇതിൽ മാതാപിതാക്കളും ഉൾപ്പെടും. (യാക്കോബ് 3:2) അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കൾ ചില്ലപ്പോഴെല്ലാം അമിതമായി പ്രതികരിക്കുകയാണെങ്കിൽത്തന്നെ നിങ്ങളും അങ്ങനെ ചെയ്യേണ്ടതുണ്ടോ? കൊലൊസ്സ്യർ 3:13-ലെ ബൈബിൾ ബുദ്ധ്യുപദേശം ഇവിടെ നന്നായി ബാധകമാക്കാൻ കഴിയും: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ.”
മാതാപിതാക്കളോടുള്ള സമാനുഭാവം ഇതു ചെയ്യാൻ നിങ്ങളെ സഹായിക്കും. സദൃശവാക്യങ്ങൾ 19:11 പറയുന്നു: “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.” ഡാഡി വീട്ടിൽ തിരിച്ചെത്തുമ്പോൾ പതിവില്ലാത്തവിധം തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യപ്പെടുകയും ചെയ്യാത്ത കാര്യത്തിനു നിങ്ങളെ കുറ്റപ്പെടുത്തുകയുമാണെങ്കിൽ അത് വലിയൊരു കാര്യമാക്കിയെടുക്കേണ്ടതുണ്ടോ? അദ്ദേഹം സമ്മർദത്തിൻകീഴിലാണെന്നും ക്ഷീണിതനാണെന്നും മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ ‘ലംഘനം ക്ഷമിക്കാൻ’ നിങ്ങളെ സഹായിച്ചേക്കും.
എന്നാൽ ചെയ്യാത്ത കുറ്റത്തിന് വല്ലപ്പോഴുമല്ല, പിന്നെയോ നിരന്തരം, നിഷ്ഠുരമായി പഴി കേൾക്കേണ്ടി വരുന്നെങ്കിലോ? നിങ്ങളുടെ സാഹചര്യത്തെ മെച്ചപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഒരു ഭാവിലേഖനത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 50-55 പേജുകൾ കാണുക.
[19-ാംപേജിലെ ചിത്രം]
ആവശ്യമായ സന്ദർഭങ്ങളിൽ തിരുത്തൽ നൽകുന്നത് ഒരു മാതാവിനെയോ പിതാവിനെയോ സംബന്ധിച്ചിടത്തോളം തെറ്റല്ല