യുവജനങ്ങൾ ചോദിക്കുന്നു. . .
ഞാൻ ചെയ്യുന്നതൊന്നും ഒരിക്കലും വേണ്ടുവോളം നന്നാകാത്തത് എന്തുകൊണ്ട്?
“ഞാനെന്റെ പിതാവിനുവേണ്ടി ജോലി ചെയ്തപ്പോൾ അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ എനിക്കു വളരെ ബുദ്ധിമുട്ടായിരുന്നു. എനിക്കു പതിനഞ്ചു വയസ്സു മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു, ജോലിയാണെങ്കിൽ വളരെ സങ്കീർണ്ണവുമായിരുന്നു; ഞാൻ ഒരു പിഴവു വരുത്തിയപ്പോൾ, അദ്ദേഹം വിമർശിക്കുന്നവനായിത്തീർന്നു.”—റാൻഡി.
“എന്റെ അമ്മ പെരുമാറുന്നത് ഒരു പൊലീസ് ഡിറെറക്ടീവിനെപ്പോലെയാണ്—എപ്പോഴും ഞാൻ പരാജയപ്പെടുന്നതെവിടെയെന്നു നോക്കിക്കൊണ്ടിരിക്കുന്നു. എന്റെ ദൈനംദിന ജോലികൾ തീർക്കാൻ സമയം കിട്ടുന്നതിനു മുമ്പായി, പിശകുകൾ അന്വേഷിച്ചുകൊണ്ട് എന്റെ വേല അവർ പരിശോധിക്കുമായിരുന്നു.”—ക്രെയ്ഗ്.
“എന്റെ മാതാപിതാക്കൾ എപ്പോഴും എന്തിനെകുറിച്ചെങ്കിലും എന്നെ ഉപദേശിച്ചുകൊണ്ടിരിക്കും. പ്രവൃത്തിയിൽ അടുക്കും ചിട്ടയുമുള്ള ഒരുവനായി എന്നെ അവർ കാണുന്നില്ല എന്നാണ് അവർ പറയുന്നത്. സ്കൂളും വീടും സഭയും—അവർ എനിക്ക് ഒരു ഇടവേളയും തരാറില്ല.”—ജയിംസ്.
നിങ്ങൾ ചെയ്യുന്നതൊന്നും നിങ്ങളുടെ മാതാപിതാക്കളെ തൃപ്തിപ്പെടുത്താൻതക്കവണ്ണം ഒരിക്കലും വേണ്ടുവോളം നന്നാകാറില്ലെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ടോ? ഒരിക്കലും പരിശോധനയിൽനിന്നും ഒഴികഴിവു ലഭിക്കാതെ, നിരന്തരം കുററവും കുറവും നോക്കി നിങ്ങളെ ആരോ എപ്പോഴും നിരീക്ഷിക്കുന്നതിനാൽ, നിങ്ങളുടെ ഓരോ പ്രവൃത്തിയും ഒരു സൂക്ഷ്മദർശിനിക്കു കീഴെ ആണെന്നു നിങ്ങൾക്കെപ്പോഴെങ്കിലും തോന്നാറുണ്ടോ? അങ്ങനെയെങ്കിൽ, മാതാപിതാക്കളുടെ അപ്രീതിക്കു പാത്രമായാണു നിങ്ങൾ ജീവിക്കുന്നത് എന്നു നിങ്ങൾക്കു തോന്നിയേക്കാം.
നിങ്ങളുടെ അവസ്ഥ തീർത്തും ഒററപ്പെട്ട ഒന്നല്ല. ഡോ. ജോയ്സി എൽ. വൊഡ്രൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മിക്ക കൗമാരപ്രായക്കാരും പറയുന്നതനുസരിച്ച്, മാതാപിതാക്കൾ അടിക്കടി കുററം കണ്ടുപിടിക്കുന്നവരാണ് . . . നിങ്ങളുടെ മുറി വൃത്തിയായി സൂക്ഷിക്കുന്നതു മുതൽ ചവറു പുറത്തുകൊണ്ടുപോയി കളയുന്നതു വരെയും, കുളിമുറി ഉപയോഗിക്കുന്നതുമുതൽ നിങ്ങൾ വസ്ത്രം ധരിക്കുന്ന വിധംവരെയും, നിങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതുമുതൽ നിങ്ങളുടെ സ്കൂളിലെ മാർക്കു നിലവാരവും ഗൃഹപാഠവുംവരെയുള്ള സകലത്തിൻമേലും അവർ വീണ്ടും വീണ്ടും വിസ്തരിച്ചു പറഞ്ഞുകൊണ്ടിരിക്കും.” ഇത് വ്യക്തമായും നിങ്ങളെ ചിലപ്പോഴൊക്കെ പ്രകോപിപ്പിച്ചേക്കാമെങ്കിലും, അത് അവശ്യം ഒരു മോശമായ സംഗതിയല്ല. മാതാപിതാക്കൾ അവരുടെ മക്കൾക്കു ശിക്ഷണവും തിരുത്തലുകളും കൊടുക്കുന്നതു സ്വാഭാവികം മാത്രമാണ്; അവരോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു വിധമാണത്. ബൈബിൾ പ്രസ്താവിക്കുന്നതുപോലെ, “ഇഷ്ടപുത്ര”നെ ഒരു പിതാവു ശാസിക്കും.—സദൃശവാക്യങ്ങൾ 3:12.
നിങ്ങളുടെ മാതാപിതാക്കളിൽനിന്നും തിരുത്തലിന്റെതായ ഒരു വാക്കു നിങ്ങൾക്ക് ഒരിക്കലും ലഭിച്ചിട്ടില്ലെങ്കിൽ, നിങ്ങളിൽ അവർക്കു ശ്രദ്ധയുണ്ടോ എന്ന സംഗതിയിൽ നിങ്ങൾ അത്ഭുതപ്പെടില്ലേ? (സദൃശവാക്യങ്ങൾ 13:24; എബ്രായർ 12:8 താരതമ്യപ്പെടുത്തുക.) അപ്പോൾ നിങ്ങളെ നേരെയാക്കാൻ വേണ്ടുവോളം ശ്രദ്ധിക്കുന്ന മാതാപിതാക്കൾ നിങ്ങൾക്കുള്ളതിൽ നിങ്ങൾക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയും! എന്തൊക്കെയാണെങ്കിലും, നിങ്ങൾ ചെറുപ്പവും താരതമ്യേന അനുഭവജ്ഞാനമില്ലാത്തവരുമാണല്ലോ; തിരുത്തൽ ചിലപ്പോൾ ഉചിതമായിരിക്കാം. മാർഗ്ഗനിർദ്ദേശമില്ലാത്ത അവസ്ഥയിൽ, “യൌവനമോഹങ്ങൾ” നിങ്ങളെ എളുപ്പത്തിൽ കീഴടക്കിയേക്കാം.—2 തിമൊഥെയൊസ് 2:22.
അത്തരം മോഹങ്ങൾക്കു യുവാക്കളുടെമേൽ വരുത്താവുന്ന ചില പ്രശ്നങ്ങളെകുറിച്ചു ചിന്തിക്കുക. എഴുത്തുകാരനായ ക്ലെററൻ ബോർബോ പറയുന്നു: “കൗമാരപ്രായക്കാർക്ക് അപകടകരമായ ഒരു ലോകമാണിത്: മദ്യപാനവുമായി ബന്ധപ്പെട്ട വാഹന അപകടത്തിൽ ഒരോ മണിക്കൂറിലും ഒരു യുവാവു മരിക്കുന്നു; പന്തീരായിരം കൗമാരപ്രായക്കാർ ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു; പത്തു ലക്ഷം പെൺകുട്ടികൾ ഒരോ വർഷവും ഗർഭം ധരിക്കുന്നു; മുപ്പതു ലക്ഷം കുട്ടികൾ ഇന്നു മദ്യാസക്തരാണ്; ലൈംഗികമായി പകരുന്ന രോഗങ്ങൾ വ്യാപകമാണ്.” (ഹൗ ററു റേസ് പേരൻറ്സ്) തിരുത്തലിന്റെ ഒരു നിലയ്ക്കാത്ത പ്രവാഹം നിങ്ങളുടെമേൽ ചൊരിയാൻ നിങ്ങളുടെ മാതാപിതാക്കൾ ചായ്വുള്ളവരാകുന്നതിൽ അതിശയിക്കാനില്ല! ബൈബിൾ പറയുന്നതുപോലെ, “ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും . . . ഭോഷൻമാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.”—സദൃശവാക്യങ്ങൾ 1:5, 7; സദൃശവാക്യങ്ങൾ 10:17 താരതമ്യപ്പെടുത്തുക.
അതു വ്രണപ്പെടുത്തുന്നത് എന്തുകൊണ്ട്?
എന്നിരുന്നാലും, “ഏതു ശിക്ഷയും (ശിക്ഷണവും, NW) തല്ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ.” (എബ്രായർ 12:11) നിങ്ങൾ ചെറുപ്പമായതിനാൽ വിശേഷിച്ചും അത് അങ്ങനെയാണ്. എന്തൊക്കെയാണെങ്കിലും നിങ്ങളുടെ വ്യക്തിത്വം പൂർണ്ണമായി വികാസം പ്രാപിച്ചിട്ടില്ല; നിങ്ങൾ ഇപ്പോഴും വളരുകയാണ്; നിങ്ങൾ ആരെന്നു നിങ്ങൾ മനസ്സിലാക്കിവരുന്നതേയുള്ളു. അതുകൊണ്ടു ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത് ദയാപുരസരം നല്കുന്നതായാൽപ്പോലും, വിമർശനം നിങ്ങളെ നീരസപ്പെടുത്തിയേക്കാം. കൗമാരപ്രായക്കാർക്ക് “വിമർശനത്തോട് അങ്ങേയററത്തെ സംവേദനക്ഷമത”യാണുള്ളത് എന്ന് ഹൗ ററു സെർവൈവ് യൂർ അഡോലെസൻറ്സ്സ് അഡോലെസൻറ്സ് എന്ന പുസ്തകം നിഗമനം ചെയ്യുന്നു. ഒരു യുവാവു പറയുന്നതുപോലെ “വിമർശനം എന്നെ വൃണപ്പെടുത്തുന്നു.”
എന്നാൽ അതു നിങ്ങളുടെ മാതാപിതാക്കളിൽ നിന്നാകുമ്പോൾ മുറിവിനു വിശേഷിച്ചും ആഴമുള്ളതായിരിക്കാൻ കഴിയും. “മററുള്ളവരുടെ അഗീകാരമോ അല്ലെങ്കിൽ അഗീകാരമില്ലായ്മയോ” അതിലൂടെയാണ് ഒരു യുവാവ് “തന്റെ യോഗ്യതയെക്കുറിച്ചും ഒരു മനുഷ്യ വ്യക്തി എന്ന നിലയിലുള്ള തന്റെ മൂല്യത്തെക്കുറിച്ചും അഭിപ്രായം സ്വരൂപിക്കുന്നത്” എന്ന് ഹെൽപ്പിങ് യൂർ ററനേജർ വിത്ത് സ്ട്രെസ്സ് എന്ന പുസ്തകത്തിൽ ഡോ. ബെററി യംഗ്സ് നമ്മെ അനുസ്മരിപ്പിക്കുന്നു. എന്നിരുന്നാലും, തന്നെക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്തിയെടുക്കാൻ ഒരു യുവാവിനെ സഹായിക്കുന്നതിൽ ഏററവും വലിയ ഘടകം മാതാപിതാക്കൾ തന്നെയാണ്. അതിനാൽ മാതാപിതാക്കളിൽ ആരെങ്കിലും നിങ്ങളെ തിരുത്തുകയോ അല്ലെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യുന്ന വിധത്തെപ്പററി പരാതി പറയുകയോ ചെയ്യുമ്പോൾ, അതു തകർക്കുന്നതും വേദനാകരവുമായേക്കാം.
അങ്ങനെയാണെങ്കിൽപ്പോലും, നിങ്ങൾ ചെയ്യുന്നതൊന്നും ഒരിക്കലും വേണ്ടുവോളം നന്നാവുന്നില്ല എന്നോ അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ ചില പാളിച്ചകൾ ചൂണ്ടിക്കാണിച്ചു എന്നതിനാൽ മാത്രം നിങ്ങൾ ഒരു സമ്പൂർണ്ണ പരാജയമാണെന്നോ നിങ്ങൾ നിഗമനം ചെയ്യേണ്ടതുണ്ടോ? വാസ്തവത്തിൽ, എല്ലാ മനുഷ്യരും സങ്കടകരമായിത്തന്നെ പൂർണ്ണതയിൽനിന്നും വിദൂരത്താണ്. (റോമർ 3:23) തന്നെയുമല്ല, പിഴവുകൾ സംഭവിക്കുന്നതു പഠനപ്രക്രിയയുടെ ഒരു ഭാഗവുമാണ്. (ഇയ്യോബു 6:24 താരതമ്യപ്പെടുത്തുക.) നിങ്ങൾ ശരിയായതു ചെയ്യുമ്പോൾ നിങ്ങളുടെ മാതാപിതാക്കൾ മിണ്ടാതിരിക്കുകയും—നിങ്ങൾ അബദ്ധങ്ങൾ കാണിക്കുമ്പോൾ അവർ വാചാലമാവുകയും ചെയ്യുന്നതാകാം പ്രശ്നമാകുന്നത്! ഇതു മുറിപ്പെടുത്തുന്നു, എന്നാൽ നിങ്ങൾ ഒരു സമ്പൂർണ്ണ പരാജയമാണെന്ന് ഇതിനർത്ഥമില്ല. അതിനെ തുച്ഛീകരിക്കാതെയും അല്ലെങ്കിൽ അതിനാൽ കീഴ്പ്പെടുത്തപ്പെടാതെയും ന്യായയുക്തമായ വിമർശനം സംയമനത്തോടെ സ്വീകരിക്കുവാൻ പഠിക്കുക.—എബ്രായർ 12:5 താരതമ്യപ്പെടുത്തുക.
അനുചിതമായ വിമർശനം
വിമർശനം അനുചിതമാണെങ്കിൽ എന്ത്? ചില മാതാപിതാക്കൾ ന്യായയുക്തമല്ലാത്ത ഉന്നത നിലവാരങ്ങൾ തങ്ങളുടെ കുട്ടികൾക്കു വെക്കുന്നു. നിസ്സാര കാര്യങ്ങളെ ചൊല്ലി തുടർച്ചയായി വീണ്ടും വീണ്ടും വിസ്തരിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളെ പ്രകോപിപ്പിച്ചേക്കാം. പരാതിക്കു ന്യായമായ കാരണങ്ങളുള്ള മാതാപിതാക്കൾ പരുഷമായും തരംതാഴ്ത്തുന്ന വിധത്തിലും വിമർശനത്തെ ക്രമപ്പെടുത്തിയേക്കാം. മാതാപിതാക്കളുടെ “പേരു വിളിയും ശകാരവും പരിഹാസവും നാണംകെടുത്തലും കുററപ്പെടുത്തലും ഭീഷണിപ്പെടുത്തലും” എല്ലാം “കുട്ടിയുടെ ആത്മവിശ്വാസത്തിന്റെയും തന്നെക്കൊണ്ട് ഉപയോഗമുണ്ട് എന്ന ബോധത്തിന്റെയും അടിത്തറ തോണ്ടുന്ന. . . ആശയവിനിമയത്തിന്റെ വിനാശകരമായ പ്രതിരൂപങ്ങളാണ്” എന്നു കൂടെ ഡോ. ബെററി യംഗ്സ് പറയുന്നു.
അനുചിതമായ വിമർശനം ചൊരിഞ്ഞുകൊണ്ടു നീതിമാനായ ഇയ്യോബിനെ ആക്രമിച്ചപ്പോൾ, അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: “നിങ്ങൾ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാൽ എന്നെ തകർക്കുകയും ചെയ്യും?” (ഇയ്യോബു 19:2) ഇതേ വിധത്തിൽ, മാതാപിതാക്കളിലാരെങ്കിലും ഒരാൾ കൗമാരപ്രായക്കാരെ നിരന്തരം തരംതാഴ്ത്തി സംസാരിക്കുന്നതോ അല്ലെങ്കിൽ അവാസ്തവികമായി ഉന്നതമായ നിലവാരങ്ങളാൽ അളക്കുന്നതോ ഒരു യുവാവിനെ “അധൈര്യപ്പെടു”ന്നവനാകാൻ ഇടയാക്കിയേക്കാം. (കൊലൊസ്സ്യർ 3:21) കാതലീൻ മകോയിയുടെ കോപ്പിങ് വിത്ത് ററീനേജ് ഡിപ്രെഷൻ ഉറപ്പിച്ചു പറയുന്നു: “മാതാപിതാക്കളുടെ ഉന്നത പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാതെ വരുന്നത് ആത്മാഭിമാനത്തിന്റെ കാര്യമായ നഷ്ടത്തിൽ കലാശിക്കാനും പ്രത്യാഘാതമെന്നോണം കൗമാരപ്രായക്കാരിൽ അപകർഷം വരുത്തിക്കൂട്ടുകയും ചെയ്തേക്കാം.”
നിശ്ചയമായും, അത്തരം അനാരോഗ്യ വിമർശനം പലപ്പോഴും ഒരു ദൂഷിതവലയം സൃഷ്ടിക്കുന്നു: നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ കുററപ്പെടുത്തുന്നു. നിങ്ങളെക്കുറിച്ചുതന്നെ മോശമായി വിചാരിച്ചുകൊണ്ടു നിങ്ങൾ പ്രതികരിക്കുന്നു. നിങ്ങളെക്കുറിച്ചുതന്നെ നിങ്ങൾ മോശമായി വിചാരിക്കുന്നതുകൊണ്ട്, നിങ്ങളുടെ മാതാപിതാക്കൾ എന്തെങ്കിലും നിങ്ങളോടു ചെയ്യാൻ ആവശ്യപ്പെടുമ്പോൾ നിങ്ങൾ മോശമായി പ്രവർത്തിക്കാൻ ചായ്വു കാണിക്കുന്നു. ഫലമോ? കൂടുതൽ വിമർശനം!
വിമർശനത്തിനു പിന്നിൽ
ഈ വിനാശകരമായ വലയത്തെ നിങ്ങൾക്കു തടയാൻ കഴിയുന്നതെങ്ങനെ? ആദ്യമായി, മാതാപിതാക്കൾക്ക് അങ്ങനെ തോന്നുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ പരിശ്രമിക്കുക. കൂടെക്കൂടെയുള്ള അവരുടെ കുററപ്പെടുത്തൽ അല്ലെങ്കിൽ നിരന്തര വിമർശനം വാസ്തവത്തിൽ ദ്വേഷപൂർവ്വകമാണോ? അതിനു സാദ്ധ്യതയില്ല. ഡോ. ജോയ്സി എൽ. വൊഡ്രൽ ചോദിക്കുന്നു: “എന്തുകൊണ്ടാണ് കൂടെക്കൂടെ അവർ കുററപ്പെടുത്തുന്നത്? ആരും അവരെ ശ്രദ്ധിക്കുന്നില്ലെന്നതുകൊണ്ടാണ്, അല്ലെങ്കിൽ ചുരുങ്ങിയപക്ഷം തങ്ങൾ അങ്ങനെയാണെന്നു സമ്മതിക്കുന്നില്ലെന്നതുകൊണ്ടാണ് കൂടെക്കൂടെ അവർ കുററപ്പെടുത്തുന്നത്. അവരെ എത്രത്തോളം അവഗണിക്കുന്നുവോ അത്രയും കൂടുതലായി അവർ കുററപ്പെടുത്തും.” അവരുടെ പരാതികളോടു നിങ്ങൾ പ്രതികരിക്കുന്നുണ്ടെന്നു നിങ്ങളുടെ മാതാപിതാക്കൾക്കു നിങ്ങൾ വാസ്തവത്തിൽ തെളിവു നല്കുന്നുണ്ടോ? അല്ലെങ്കിൽ അവരുടെ വാക്കുകൾക്കു നിങ്ങൾ യാതൊരു ശ്രദ്ധയും കൊടുക്കുന്നില്ലേ? അങ്ങനെയെങ്കിൽ, കുററം കണ്ടുപിടിക്കലിന്റെ ആവൃത്തി കൂടിക്കൂടി വരികയും കാഠിന്യമേറിവരികയും ചെയ്താൽ അത്ഭുതപ്പെടേണ്ടതില്ല! എന്നിരുന്നാലും, സദൃശവാക്യങ്ങൾ 19:20-ലെ വാക്കുകൾ നിങ്ങളൊന്നു ബാധകമാക്കിയാൽ അത് അവസാനിച്ചേക്കുമോ? ആ വാക്യം ഇങ്ങനെ വായിക്കുന്നു: “പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊൾക.”
ചിലപ്പോൾ മാതാപിതാക്കളിൽ ആരെങ്കിലും അമിതമായി വിമർശിക്കുന്ന വ്യക്തിയായിത്തീർന്നേക്കാം, അത് നിങ്ങളുടെ ഭാഗത്തെ പ്രത്യേകിച്ചുള്ള ഏതെങ്കിലും വീഴ്ച കൊണ്ടല്ല, എന്നാൽ അദ്ദേഹമോ അല്ലെങ്കിൽ അവരോ അസുഖകരമായ മാനസികാവസ്ഥയിലായതുകൊണ്ടാകാം. നിങ്ങളുടെ മമ്മിക്ക് അന്നു ജോലിസ്ഥലത്തു ദുഷ്ക്കരമായ ഒരു ദിനമായിരുന്നോ? അപ്പോൾ നിങ്ങളുടെ മുറി വൃത്തിയല്ലാത്തതിന്റെ പേരിൽ നിങ്ങളോടു സാധാരണയിൽ കവിഞ്ഞ കടുപ്പത്തിൽ സംസാരിക്കാൻ അവർ കൂടുതൽ ചായ്വു കാണിച്ചേക്കാം. കുടുബത്തിന്റെ സാമ്പത്തിക നില അവതാളത്തിലായതുകൊണ്ടു നിങ്ങളുടെ ഡാഡി ദേഷ്യത്തിലും നിരാശയിലുമാണോ? എങ്കിൽ അയാൾ ചിന്തയില്ലാതെ അസുഖകരമായി “വാളു കൊണ്ടു കുത്തും പോലെ” സംസാരിച്ചേക്കാം. (സദൃശവാക്യങ്ങൾ 12:18) ഇത് ഉചിതമല്ലെന്നു സമ്മതിക്കാം. എന്നാൽ “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെററാതിരുന്നാൽ, . . . സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.” (യാക്കോബ് 3:2) അതുകൊണ്ടു മമ്മി അല്ലെങ്കിൽ ഡാഡി സംഘർഷപൂരിതനോ അല്ലെങ്കിൽ ആകുലചിത്തനോ ആയി കാണപ്പെടുന്നെങ്കിൽ, ചെയ്യേണ്ട ബുദ്ധിപൂർവ്വകമായ സംഗതി ശ്രദ്ധാപൂർവ്വം പെരുമാറുകയും ഏതെങ്കിലും വിമർശനം ഒഴിവാക്കുകയുമാണ്.
അപൂർണ്ണ മനുഷ്യരെന്ന നിലയിൽ, അപര്യാപ്തതാ ബോധത്താൽ മാതാപിതാക്കളും വിഷമിച്ചേക്കാം. നിങ്ങളുടെ ഭാഗത്തെ പരാജയത്തിന് അവർ പരാജയമടഞ്ഞവരാണ് എന്ന് അവരെക്കൊണ്ടു തോന്നിപ്പിക്കാൻ കഴിയും! ഡോ. വൊഡ്രൽ വിശദീകരിക്കുന്നു: “നിങ്ങൾ മോശമായ ഒരു റിപ്പോർട്ട് കാർഡ് വീട്ടിൽ കൊണ്ടുവരുമ്പോൾ, നിങ്ങളുടെ പിതാവ് ‘നീ എന്തൊരു വിഡ്ഢിയാണ്? എനിക്കു മകനായി കിട്ടിയത് ഒരു മരത്തലയനെയാണല്ലോ’ എന്നു പറഞ്ഞേക്കാം. നിശ്ചയമായും നിങ്ങളുടെ പിതാവ് നിങ്ങൾ ഒരു വിഡ്ഢി ആണ് എന്ന് യഥാർത്ഥത്തിൽ ചിന്തിക്കുന്നേയില്ല. വാസ്തവത്തിൽ അയാൾ പറയുന്നത് ഇതാണ്, ‘പഠിത്തത്തിനായി നിന്നെ ഉത്തേജിപ്പിക്കാൻ തക്കവണ്ണം ഞാൻ എന്റെ ജോലി ചെയ്യുന്നില്ലെന്നു ഞാൻ ഭയപ്പെടുന്നു.’”
അത്തരം ഭയങ്ങൾ അവാസ്തവികമായി ഉയർന്ന നിലവാരങ്ങൾ വെക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുക കൂടി ചെയ്തേക്കാം. ജയ്സൻ എന്നു പേരായ ഒരു യുവാവ് ഇങ്ങനെ വിലപിച്ചു: “ഞാൻ ചെയ്തിട്ടുള്ള യാതൊന്നും ഒരിക്കലും പ്രതീക്ഷയോളമെത്തിയില്ല. ഞാൻ നിലത്തെ ഇലകൾ വാരിക്കൂട്ടുകയാണെങ്കിൽ, അതു തീർത്തതിനു ശേഷം ഞാൻ എന്തുകൊണ്ടു ഗാരേജ് വൃത്തിയാക്കിയില്ല എന്നാണു ഡാഡിക്ക് അറിയേണ്ടത്. സ്കൂളിൽ ഞാൻ ‘ഒന്നാം നിര’യിൽ എത്തിയില്ലെങ്കിൽ എന്റെ മാതാപിതാക്കൾ ഞാൻ എന്തുകൊണ്ട് ‘ഒന്നാം നിര’യിൽ എത്തിയില്ല എന്ന് അറിയാൻ ആഗ്രഹിക്കുകയും ഞാൻ ഒരു പരാജയമാണെന്ന് എന്നോടു പറയുകയും ചെയ്യും.” എന്നാൽ ഒരു സ്കൂൾ ഉപദേഷ്ടാവു ജയ്സന്റെ മാതാപിതാക്കളോടു സംസാരിച്ചു. അപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് ഇതാണ്: “അവരുടെ മകനുവേണ്ടിയുള്ള അവരുടെ അമിതമായി ഉയർന്ന പ്രതീക്ഷകളിൽ പ്രതിഫലിക്കുന്നത് അവരുടെതന്നെ സ്വന്തം അപര്യാപ്തതാബോധവും ജീവിതവൃത്തി തിരഞ്ഞെടുക്കുന്നതിനോടും സാമ്പത്തിക നിലവാരത്തോടും ബന്ധപ്പെട്ട നിരാശയുമാണ്.”—കോപ്പിഗ് വിത്ത് ററീനേജ് ഡിപ്രെഷൻ.
നിങ്ങളുടെ കുടുംബസാഹചര്യം എന്തുതന്നെ ആയാലും, ചില സമയങ്ങളിൽ നിങ്ങളുടെ സ്വന്തം മാതാപിതാക്കൾ വിമർശിക്കുന്നവരാകാൻ ചായ്വു കാണിക്കുന്നത് എന്തുകൊണ്ടെന്ന് ഒരുപക്ഷേ നിങ്ങൾക്കു മെച്ചമായി വിലമതിക്കാൻ കഴിയും. എന്നാൽ മാതാപിതാക്കൾ നടത്തുന്ന കുററംകണ്ടുപിടിക്കൽ പ്രവൃത്തിയെ നേരിടാനുള്ള ചില വഴികളേവ? അവരുടെ വിമർശനത്തിൽനിന്നും പ്രയോജനം കിട്ടാനുള്ള വഴികളുണ്ടോ? ഈ ചോദ്യങ്ങൾ ഒരു ഭാവി ലേഖനത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും. (g92 11/22)
[10-ാം പേജിലെ ചിത്രം]
നിങ്ങൾ ഒരു കാര്യം ചെയ്യുന്നതിനെപ്പററി മാതാപിതാക്കളിലാരെങ്കിലും പരാതിപ്പെടുമ്പോൾ, അതിനു വിനാശകരമായിരിക്കാൻ കഴിയും