ക്ഷീണം—ലോറി ഡ്രൈവർമാരുടെ കാണാക്കെണി
ജർമനിയിലെ ഉണരുക! ലേഖകൻ
മണിക്കൂറുകളോളമുള്ള യാത്രയും അതോടൊപ്പം ശക്തിയേറിയ എഞ്ചിന്റെ വിരസമായ ഇരമ്പലും 14 ചക്രങ്ങൾ റോഡിൽ തിരിയുന്ന ശബ്ദവുമൊക്കെക്കൂടിയാകുമ്പോൾ ലോറി ഡ്രൈവർ ക്ഷീണിച്ചവശനാകുന്നു. ഹെഡ്ലൈറ്റുകളുടെ വെളിച്ചത്തിൽ റോഡടയാളങ്ങൾ നിശബ്ദം പിന്നിൽ മറയുന്നു. പൊടുന്നനേ ട്രെയ്ലർ ആടിയുലയുന്നു; അതു റോഡിൽനിന്നു മാറിപ്പോകാൻ തുടങ്ങിയിരിക്കുന്നു.
ഡ്രൈവർ തന്റെ സർവശക്തിയും ഉപയോഗിച്ചു സ്റ്റിയറിങ് തിരിച്ച് 40 ടൺ ഭാരമുള്ള വാഹനത്തെ റോഡിലേക്കു തിരികെ കയറ്റുന്നു. സ്ഥലകാലബോധം വന്നപ്പോൾ കഴിഞ്ഞ ഏതാനും സെക്കൻഡുകളെക്കുറിച്ച് തനിക്ക് യാതൊരോർമയും ഇല്ലാത്തതായി അയാൾ മനസ്സിലാക്കുന്നു. അയാൾ ക്ഷീണത്താൽ വലയുകയാണ്.a
ക്ഷീണത്തോടു മല്ലിട്ടുകൊണ്ടു വാഹനമോടിക്കുന്ന ഏതൊരാളും ക്ഷണനേരത്തേക്ക് ഉറക്കംതൂങ്ങിയേക്കാം. ഇന്നത്തെ തിരക്കുപിടിച്ച റോഡുകളിൽ അത് അങ്ങേയറ്റം അപകടകരമായിരിക്കാൻ കഴിയും—മറ്റു റോഡു യാത്രക്കാർക്കു പോലും. ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയിൽ 1989 ജനുവരിക്കും 1994 മാർച്ചിനും ഇടയ്ക്കുള്ള കാലയളവിൽ നടന്ന ചരക്കുവാഹന അപകടങ്ങളുടെ 35-ലധികം ശതമാനത്തിനും കാരണം വാഹനമോടിച്ചുകൊണ്ടിരുന്നപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു.
വർധിച്ച ക്ഷീണം മാന്ദ്യത്തിനിടയാക്കുകയും മദ്യത്തിന്റേതിനോടു സമാനമായ ഫലങ്ങൾ ഉളവാക്കുകയും ചെയ്യുന്നുവെന്നു ഡ്രൈവർമാരുടെ പെരുമാറ്റത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന പ്രൊഫസർ ജി. ഷ്റ്റോക്കർ ജർമൻ മാസികയായ ഫാർഷൂളിൽ പറഞ്ഞു. തീർച്ചയായും, അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ലോറി ഡ്രൈവർമാർക്കു മാത്രമല്ല മറ്റു ഡ്രൈവർമാർക്കും ബാധകമാണ്.
ക്ഷീണത്തിന്റെ കാരണങ്ങൾ
ഒരു ലോറി ഡ്രൈവർക്ക് ലോറിയോടിക്കാൻ കഴിയുന്ന പരമാവധി സമയം എത്രയെന്നു പല രാജ്യങ്ങളിലും നിയമം ശുപാർശചെയ്യുകയോ നിഷ്കർഷിക്കുകപോലുമോ ചെയ്യുന്ന സ്ഥിതിക്ക് ക്ഷീണവുമായി ബന്ധപ്പെട്ട അപകടങ്ങൾ ഇത്ര കൂടെക്കൂടെ സംഭവിക്കുന്നതെന്തുകൊണ്ടാണ്? ആദ്യംതന്നെ, ലോറി ഡ്രൈവർമാർ മൊത്തം എത്ര സമയം ജോലിചെയ്യുന്നുവെന്നു നാം നോക്കേണ്ടിയിരിക്കുന്നു. ഇതിൽ വണ്ടിയോടിക്കുന്ന സമയം മാത്രമല്ല, മറ്റു ജോലികൾ ചെയ്യാനെടുക്കുന്ന സമയവും ഉൾപ്പെടുന്നു. ഈ ജോലിസമയം മിക്കപ്പോഴും ദീർഘവും ക്രമംതെറ്റിയതുമാണ്.
മിക്ക ലോറി ഡ്രൈവർമാരും ഒരു ജോലി തീർന്നുകാണുന്നത് ആസ്വദിക്കുന്നു. അതിന്റെ അർഥം അവർ ഏതു കാലാവസ്ഥയിലും ചരക്കുകൾ ഉപഭോക്താവിന്റെ പക്കൽ എത്തിക്കുന്നുവെന്നാണ്. സഞ്ചരിക്കുന്ന ദൂരത്തിന്റെയും കയറ്റിക്കൊണ്ടുപോകുന്ന ചരക്കിന്റെയും അടിസ്ഥാനത്തിലാണ് കാര്യശേഷി അളക്കുന്നത്. അവർക്കു ശരാശരി ജോലിസമയത്തെക്കാളും വളരെയധികം മണിക്കൂർ ജോലിചെയ്യേണ്ടിവന്നേക്കാം. ജർമനിയിൽ മിക്കയാളുകളും ആഴ്ചയിൽ 40-ൽ താഴെ മണിക്കൂർ ജോലി ചെയ്യുന്നവരാണ്. എന്നാൽ പല ലോറി ഡ്രൈവർമാരും അതിന്റെ ഇരട്ടി സമയം ജോലിചെയ്യുന്നു.
മറ്റുചില രാജ്യങ്ങളിലെ അവസ്ഥയും മെച്ചമൊന്നുമല്ല. ദക്ഷിണാഫ്രിക്കയിൽ വേതനം കുറവായതുകൊണ്ട് ഡ്രൈവർമാർ കൂടുതൽ മണിക്കൂർ വാഹനമോടിച്ചു വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നു. ഇന്ത്യയിൽ ഗതാഗത കമ്പനികൾ ഡ്രൈവർമാർക്കു യാത്ര പൂർത്തിയാക്കാൻ വേണ്ടത്ര സമയം അനുവദിക്കുന്നുണ്ടെങ്കിലും വരുമാനം വർധിപ്പിക്കുന്നതിനായി പല ലോറി ഡ്രൈവർമാരും ഏറെ സമയം വണ്ടിയോടിച്ചു കൂടുതൽ ചരക്കുകൾ മറ്റു സ്ഥലങ്ങളിലെത്തിക്കുന്നതായി അവിടെനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കമ്പനിയിൽ സമയത്തു തിരിച്ചെത്തുന്നതിന് അവർക്ക് ഉറക്കമിളച്ച് വാഹനമോടിക്കേണ്ടിവരുന്നു.
യൂറോപ്യൻ യൂണിയനിൽ, നിയമം അനുവദിക്കുന്ന പരമാവധി സമയം ഉപയോഗപ്പെടുത്തിയാൽ ഒരു ലോറി ഡ്രൈവർക്ക് ആഴ്ചയിൽ 56 മണിക്കൂർ ലോറിയോടിക്കാൻ കഴിയും. എന്നാൽ പിറ്റേ ആഴ്ചയിൽ അയാൾക്കു പരമാവധി 34 മണിക്കൂറേ ജോലി ചെയ്യാൻ അനുവാദമുള്ളൂ. ചരക്കു കയറ്റാനും ഇറക്കാനും എടുക്കുന്ന സമയമുൾപ്പെടെ അയാൾ ജോലിചെയ്യുന്ന സമയം ഒരു നിരീക്ഷണ ഉപകരണം രേഖപ്പെടുത്തിവെക്കുന്നു. ഓരോ ഡ്രൈവറും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ഈ രേഖ സഹായിക്കുന്നു.
വാഹനമോടിക്കുന്ന സമയത്തിന്റെ അളവിനെ ബാധിക്കുന്ന മറ്റൊരു ഘടകം ഉടമയുടെ വീക്ഷണഗതിയാണ്. അദ്ദേഹത്തിന്റെ ലോറി ലാഭകരമായി ഉപയോഗപ്പെടുത്തേണ്ട ചെലവേറിയ ഒരു നിക്ഷേപമാണ്. സാധിക്കുമെങ്കിൽ 24 മണിക്കൂറും അതിൽ ചരക്കു കയറ്റിക്കൊണ്ടു പോകണം. ഗതാഗത കമ്പനികൾ തമ്മിലുള്ള മത്സരം വളർന്നുവരികയാണ്. കൂടുതൽ സമയം സ്വമേധയാ ജോലിചെയ്യാൻ മാനേജർമാർ ഡ്രൈവർമാരെ നിർബന്ധിക്കുകയും ചെയ്യുന്നു.
കൂടുതൽ സമയം ജോലിചെയ്യുമ്പോഴും പതിവുതെറ്റി ജോലി തുടങ്ങുമ്പോഴും ക്ഷീണം ഉണ്ടാകുന്നു. ഉദാഹരണത്തിന്, രാവിലെ ഒരുമണിക്കും നാലുമണിക്കും ഇടയ്ക്ക് ജോലി തുടങ്ങുന്നതു സാധാരണമാണ്. പല ഡ്രൈവർമാർക്കും ഊർജസ്വലതയും ഏകാഗ്രതയും ഏറ്റവും കുറവുള്ള സമയമാണത്. ഏറ്റവും കുറച്ചു സാധനങ്ങൾ കൈവശംവെക്കുന്ന കമ്പനികൾ ‘കൃത്യസമയത്ത്’ ചരക്കെത്തിക്കണമെന്നു പറയുമ്പോൾ സമ്മർദം വർധിക്കുന്നു. പറഞ്ഞൊത്ത സമയത്തുതന്നെ ഡ്രൈവർ ചരക്കുമായി ഉപഭോക്താവിന്റെ വളപ്പിൽ എത്തിയിരിക്കണം എന്നാണ് ഇതിന്റെയർഥം. തിരക്കുപിടിച്ച ഗതാഗതം, മോശമായ കാലാവസ്ഥ, റോഡ് നന്നാക്കലുകൾ എന്നിവ താമസം വരുത്തിയേക്കാമെങ്കിലും ഡ്രൈവർ എങ്ങനെയെങ്കിലും സമയത്ത് എത്തിക്കൊള്ളണം.
വാഹനമോടിക്കാൻ അനുവദനീയമായ സമയം സംബന്ധിച്ച് നിയന്ത്രണങ്ങളുണ്ടെങ്കിലും പൊലീസിന്റെ ഓർക്കാപ്പുറത്തുള്ള പരിശോധനകൾ നിയമലംഘനങ്ങൾ ഉള്ളതായി വെളിപ്പെടുത്തുന്നു. “ലോറികൾ, ബസ്സുകൾ, അപകടകരമായ ചരക്കു വാഹനങ്ങൾ എന്നിവയിലെ ഡ്രൈവർമാരിൽ ഏതാണ്ട് 8-ൽ ഒരാൾ വീതം വാഹനമോടിക്കുന്നതിനും വിശ്രമത്തിനും വേണ്ടി നിർദേശിക്കപ്പെട്ടിരിക്കുന്ന സമയത്തോടു പറ്റിനിൽക്കുന്നില്ല” എന്ന് പോലിറ്റ്സൈ ഫെർകേർ & ടെച്ച്നിക് എന്ന മാഗസിൻ പ്രസ്താവിക്കുന്നു. ഹാംബർഗിലെ ഒരു വാഹനഗതാഗത പരിശോധനയിൽ, 32 മണിക്കൂർ വിശ്രമമില്ലാതെ വണ്ടിയോടിച്ച ഒരു ലോറി ഡ്രൈവറെ പൊലീസ് കണ്ടെത്തി.
അപകടം തിരിച്ചറിയൽ
30 വർഷക്കാലം അന്തർദേശീയമായി ചരക്കു കൊണ്ടുപൊയ്ക്കൊണ്ടിരുന്ന ഒരു ദീർഘദൂര ഡ്രൈവറോടു ക്ഷീണത്തെക്കുറിച്ചു ചോദിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “അഹങ്കാരവും അമിതമായ ആത്മവിശ്വാസവും ഒരു ഡ്രൈവറെ ക്ഷീണം അവഗണിക്കുന്നതിലേക്കു നയിച്ചേക്കാം. അങ്ങനെയാണ് അപകടങ്ങളുണ്ടാകുന്നത്.” ക്ഷീണത്തിന്റെ സൂചനകൾ 22-ാം പേജിലെ ചതുരത്തിൽ കൊടുത്തിരിക്കുന്നു.
ആദ്യ മുന്നറിയിപ്പിൻ സൂചനകൾ തിരിച്ചറിയുന്നതു ജീവൻ രക്ഷിച്ചേക്കാം. ദേശീയ ഗതാഗത സുരക്ഷാ സമിതി ഐക്യനാടുകളിൽ നടത്തിയ ഒരു പഠനം ഞെട്ടിപ്പിക്കുന്ന ഒരു സ്ഥിതിവിവരക്കണക്കു വെളിപ്പെടുത്തി: 107 ഒറ്റ-ലോറി അപകടങ്ങളിൽ 62 എണ്ണത്തിനും കാരണം ഡ്രൈവർമാരുടെ ക്ഷീണമായിരുന്നു. അതുകൊണ്ട്, ഡ്രൈവർ ഉറങ്ങിപ്പോകുമ്പോൾ മുന്നറിയിപ്പു നൽകുന്ന സാങ്കേതിക സഹായമാർഗങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് ലോറി നിർമാണ വ്യവസായം വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നുണ്ട്.
ഡ്രൈവറുടെ കണ്ണ് എത്ര കൂടെക്കൂടെ അടഞ്ഞുപോകുന്നുണ്ടെന്ന് ഒരു വീഡിയോ ക്യാമറയുടെ സഹായത്താൽ നിരീക്ഷിക്കുന്ന ഒരു ഇലക്ട്രോണിക് സംവിധാനം ജപ്പാനിലെ ഒരു കമ്പനി വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. അയാൾ തന്റെ കണ്ണുകൾ അനേക തവണ പതുക്കെ അടച്ചുതുറക്കുന്നെങ്കിൽ മുൻകൂട്ടി റെക്കോർഡു ചെയ്ത ഒരു ശബ്ദം അയാൾക്ക് അപകട സാഹചര്യത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നു. വാഹനത്തിന്റെ ഗതി എത്ര സുഗമമായി നിയന്ത്രിക്കപ്പെടുന്നുവെന്ന് അളക്കുന്ന ഒരു ഉപകരണം യൂറോപ്പിലെ ഒരു കമ്പനി വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ലോറി ആടിയുലയുന്നെങ്കിൽ കാബിനിൽ ഒരു മുന്നറിയിപ്പിൻ ശബ്ദം മുഴങ്ങുന്നു. എന്നിരുന്നാലും, ഫലപ്രദമായ സഹായമാർഗങ്ങൾ ഉണ്ടാക്കിയെടുക്കാൻ സമയമെടുക്കും.
അപകടം തടയുക
ക്ഷീണം മിക്കവാറുമെല്ലാ വാഹനങ്ങളിലെയും ക്ഷണിക്കപ്പെടാത്ത, സ്വാഗതംചെയ്യപ്പെടാത്ത യാത്രക്കാരനാണ്. അതുകൊണ്ട് അതിനെ എങ്ങനെ തുരത്താമെന്നതാണ് ചോദ്യം. ചില ഡ്രൈവർമാർ കഫീനടങ്ങിയ പാനീയങ്ങൾ ലിറ്റർ കണക്കിനു കുടിക്കുന്നു. എന്നാൽ ക്ഷീണത്തിന്റെ നിർദയ കരങ്ങൾ പിന്നെയും അവരെ പിടികൂടുന്നു. വേറേ ചിലർ മറ്റ് ഉത്തേജകങ്ങളിലേക്കു തിരിയുന്നു. ഇവ ആരോഗ്യത്തിന് ഹാനികരമാണെന്നുള്ളത് എടുത്തു പറയേണ്ടതില്ലല്ലോ. മെക്സിക്കോയിലെ ചില ഡ്രൈവർമാർ ഉണർന്നിരിക്കുന്നതിനായി മുളകു (വളരെ എരിവുള്ള തരം) തിന്നുന്നു.
രാവിലെ ജോലി തുടങ്ങുന്നതിനു മുമ്പായി വേണ്ടത്ര ഉറങ്ങുന്നതു നല്ലതാണ്. ഒരു തത്ത്വമെന്ന നിലയിൽ, വണ്ടിയോടിക്കാൻ നിർദേശിക്കപ്പെട്ടിരിക്കുന്ന സമയത്തോട് ഒരാൾ പറ്റിനിൽക്കണം. അഞ്ചു മണിക്കൂർ വണ്ടിയോടിച്ചശേഷം വണ്ടിനിർത്തി വിശ്രമിക്കാൻ ദക്ഷിണാഫ്രിക്കയിലെ വിദഗ്ധർ ശുപാർശ ചെയ്യുന്നു. നീണ്ടുനിവർന്നുകിടക്കുന്ന റോഡിലൂടെ വണ്ടിയോടിക്കുമ്പോൾ ഡ്രൈവർ മനസ്സിനെ സജീവമാക്കി ജോലിയിൽ കേന്ദ്രീകരിച്ചു നിർത്തണം. ചില ഡ്രൈവർമാർ റേഡിയോ ശ്രദ്ധിക്കുകയോ സിബി റേഡിയോയിലൂടെ മറ്റു ഡ്രൈവർമാരോടു സംസാരിക്കുകയോ ചെയ്യാറുണ്ട്. യഹോവയുടെ സാക്ഷികളിലൊരാളായ ഒരു ഡ്രൈവർ ബൈബിൾ വിഷയങ്ങളടങ്ങിയ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും കാസെറ്റുകളും അതുപോലെതന്നെ ബൈബിൾ ഭാഗങ്ങളടങ്ങിയ കാസെറ്റുകളും ശ്രദ്ധിക്കുന്നു. ഈ പേജിൽ കൊടുത്തിരിക്കുന്ന ചതുരത്തിൽ മറ്റുചില നിർദേശങ്ങൾ കാണാവുന്നതാണ്.
ജീവിതച്ചെലവിനാവശ്യമായതു സമ്പാദിക്കുകയെന്നത് കൂടുതൽ കൂടുതൽ ദുഷ്കരമായിത്തീർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സമനിലയുള്ളവരായിരിക്കുക എളുപ്പമല്ല. ക്ഷീണം എന്ന കെണി ഡ്രൈവർമാർക്കു വരുത്തുന്ന അപകടത്തെ ചില കമ്പനികളും മാനേജർമാരും വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. അപ്പോൾ, ഗതാഗത വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവരും ക്ഷീണത്തെക്കുറിച്ച് ഇതുവരെ മനസ്സിലാക്കിയ കാര്യങ്ങൾ മനസ്സിൽ പിടിക്കുന്നതു നന്നായിരിക്കും. കൂടാതെ, ഡ്രൈവർമാർക്കു പലപ്പോഴും തങ്ങളുടെ സ്വന്തം പ്രവർത്തനപരിചയത്തിൽനിന്നു പ്രയോജനകരമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടായിരിക്കും. മാന്ദ്യത്തെ ചെറുത്തുനിൽക്കാൻ ഇവ മറ്റുള്ളവർക്കു സഹായകമാണ്.
ഉണർന്നിരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ശരീരം ആവശ്യപ്പെടുന്നത് അതിനു കൊടുക്കുന്നതാണ്: നിങ്ങൾ മുന്നറിയിപ്പിൻ സൂചനകൾ എന്തെങ്കിലും ശ്രദ്ധിക്കുന്നപക്ഷം വിശ്രമിക്കാൻ പറ്റിയ അടുത്ത സ്ഥലത്തു വണ്ടി നിർത്തി കുറച്ചു നേരം ഉറങ്ങുക. അതിനുശേഷം വണ്ടിയോടിക്കലിന്റെ വെല്ലുവിളി ഒരിക്കൽക്കൂടി ഏറ്റെടുക്കുക. ക്ഷീണമെന്ന കാണാക്കെണിയിൽ വീണുപോകരുത്!
[അടിക്കുറിപ്പുകൾ]
a ജർമനിയിൽ ലോറി ഓടിക്കുന്ന സ്ത്രീകളുടെ എണ്ണം കുറവായതിനാൽ ഈ ലേഖനത്തിൽ പുല്ലിംഗമാണ് ഉപയോഗിച്ചിരിക്കുന്നത്.
[22-ാം പേജിലെ ചതുരം]
സത്വര നടപടി ആവശ്യമുള്ള മുന്നറിയിപ്പിൻ സൂചനകൾ
• നിങ്ങളുടെ കണ്ണുകൾക്കു നീറ്റലനുഭവപ്പെടുകയും കൺപോളകൾ അടഞ്ഞുപോകുകയും ചെയ്യുന്നുണ്ടോ?
• നിങ്ങൾ ഭാവനയിൽ മുഴുകുകയോ ദിവാസ്വപ്നം കാണുകയോ ചെയ്യുന്നുണ്ടോ?
• റോഡിനെ വേർതിരിക്കുന്ന വരകളിലൂടെ വണ്ടിയോടിക്കേണ്ടിവരത്തക്കവിധം റോഡിനു വീതി കുറവുള്ളതായി തോന്നുന്നുണ്ടോ?
• യാത്രയുടെ ചില ഘട്ടങ്ങൾ നിങ്ങൾക്ക് ഓർക്കാൻ കഴിയാതെ വരുന്നുവോ?
• നിങ്ങൾ സ്റ്റിയറിങ്ങും ബ്രേക്കും ഉപയോഗിക്കുന്നതു സാധാരണയിലും മയമില്ലാതെയാണോ?
മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ ഒന്നിനെങ്കിലും ഉവ്വ് എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ഉടൻതന്നെ വിശ്രമിക്കേണ്ടതുണ്ടെന്നാണ് അർഥം
[23-ാം പേജിലെ ചതുരം]
ദീർഘദൂര യാത്രകളിൽ
• വേണ്ടത്ര ഉറങ്ങുക
• ഉത്തേജകങ്ങളെ ആശ്രയിക്കാതിരിക്കുക
• ക്രമമായ ഇടവേളകളിൽ വിശ്രമിക്കുക, മാംസപേശികളെ ഊർജിതപ്പെടുത്തുന്നതിന് വ്യായാമം ചെയ്യുക
• നീണ്ടുനിവർന്നുകിടക്കുന്ന റോഡുകൾ പ്രത്യേകിച്ചും അപകടകരമാണെന്നുള്ള കാര്യം മനസ്സിൽ പിടിക്കുക
• വിശന്നുപൊരിഞ്ഞ വയറുമായി യാത്ര തുടങ്ങരുത്. നല്ല ഭക്ഷണശീലങ്ങൾ—ലഘുവും ആരോഗ്യാവഹവുമായ ഭക്ഷണക്രമം—പരിശീലിക്കുക
• ധാരാളം പാനീയങ്ങൾ കുടിക്കുക, മദ്യം ഒഴിവാക്കുക