അമിത വ്യായാമം
“വ്യായാമ പ്രസ്ഥാനത്തിന്റെ അസാധാരണ ഫലം, അത് അമിത വ്യായാമ ആസക്തരെ ഉളവാക്കുന്നു എന്നതാണ്,” ദ ടൊറന്റോ സ്റ്റാർ പറയുന്നു. അമിത വ്യായാമം സ്ത്രീപുരുഷന്മാരെ ഒരുപോലെ വലയ്ക്കുന്നുണ്ടെന്ന് സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. പുരുഷന്മാർ അമിത വ്യായാമം ചെയ്യുന്നത് വീണ്ടും യുവത്വത്തിലേക്കു മടങ്ങിവരാനായിരിക്കും, എന്നാൽ സ്ത്രീകൾ അമിത വ്യായാമം ചെയ്യുന്നത് സാധാരണഗതിയിൽ തങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള അബദ്ധധാരണകൾ നിമിത്തമായിരിക്കാം അല്ലെങ്കിൽ ഭക്ഷണക്രമക്കേടുകൾ നിമിത്തമായിരിക്കാം.
പലരും വ്യായാമം ചെയ്തുതുടങ്ങുന്നത് ശരീരസുഖവും ശരീരഭംഗിയും വർധിപ്പിക്കാനായിരിക്കും. എന്നാൽ ഒടുവിൽ, വ്യായാമം ചെയ്യാനുള്ള ആഗ്രഹംകൊണ്ടു മാത്രം അവർ അമിതമായി വ്യായാമം ചെയ്യുന്നു. “ആരോഗ്യം നിലനിർത്താനല്ലാതെ ഒരു വൈകാരിക പ്രതിബദ്ധതയുടെ പേരിൽ ചെയ്യുന്നതാണെങ്കിൽ” അത് അമിത വ്യായാമമാണെന്നതിന്റെ തെളിവാണെന്ന് സ്പോർട്സ് മനോരോഗവിദഗ്ധനും നിരവധി ഒളിമ്പിക്ക് ടീമുകളുടെ ഉപദേശകനുമായ റിച്ചാർഡ് സ്വിൻ അവകാശപ്പെടുന്നു. ഈ പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ ചികിത്സകർ വ്യായാമം രോഗികളുടെമേൽ എത്തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുന്നതെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുന്നു. കൂടുതൽ സമയവും ശ്രമവും ആവശ്യമായ ഒരു തൊഴിലുമായി മല്ലിടുന്നതോടൊപ്പം അവർക്ക് ഭവനത്തെയും കുട്ടികളെയും പരിപാലിക്കേണ്ടതുണ്ടെങ്കിൽ അമിത വ്യായാമം അവരുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കുടുംബ വൈദ്യശാസ്ത്ര പ്രൊഫസറായ ഡോ. തോമസ് ഷ്വെങ്ക് പറയുന്നതനുസരിച്ച്, “നല്ല ശരീരാരോഗ്യമുണ്ടായിരിക്കുമെങ്കിലും അവർ സാമൂഹിക-തൊഴിൽ പ്രതിബന്ധങ്ങളെയും കുടുംബകലഹങ്ങളെയും നേരിടുന്നു.”
വ്യായാമ ആസക്തരെ തിരിച്ചറിയിക്കുന്ന ബന്ധപ്പെട്ട ചില മുന്നറിയിപ്പിൻ സൂചനകൾ സ്റ്റാർ പട്ടികപ്പെടുത്തുന്നു: ‘സൈക്കിൾ സവാരി, നീന്തൽ, ഓട്ടം, അല്ലെങ്കിൽ ഭാരോദ്വഹനം എന്നിവപോലെ ഒറ്റയ്ക്കു ചെയ്യാവുന്ന വ്യായാമങ്ങൾ തിരഞ്ഞെടുക്കൽ; വ്യായാമപ്പട്ടികയിൽ മാറ്റം വരുത്താനുള്ള വൈമനസ്യം; വ്യായാമം ഒഴിച്ചുകൂടാനാവാത്തതാണെന്നും അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്നുമുള്ള തോന്നൽ; വ്യക്തിജീവിതത്തിലെ മറ്റു വശങ്ങളിൽനിന്നുള്ള വ്യതിചലനം.’
വ്യായാമമേഖലയിൽ ജോലി ചെയ്യുന്ന ആളുകൾ മിതവ്യായാമത്തിന്റെ പ്രയോജനങ്ങളെ അംഗീകരിക്കുന്നുണ്ടെങ്കിലും അമിത വ്യായാമത്തിന്റെ വിനാശക ഫലങ്ങളെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നു.—1 തിമൊഥെയൊസ് 4:8.