‘അത്യന്തം സമയക്ലിപ്തതയുള്ള പ്രവർത്തനലയം’
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
മനുഷ്യന്റെ സംസാരപ്രാപ്തി ഒരു അത്ഭുതമാണ്. നെഞ്ച്, തൊണ്ട, താടി, നാവ്, ചുണ്ട് എന്നിവിടങ്ങളിലെ 100-ഓളം പേശികൾ ഒത്തുചേർന്ന് എണ്ണമറ്റ വ്യത്യസ്ത ശബ്ദങ്ങൾ ഉത്പാദിപ്പിക്കുന്നു. ഓരോ പേശിയും നൂറുകണക്കിനുമുതൽ ആയിരക്കണക്കിനുവരെ തന്തുക്കളുടെ ഓരോ കെട്ടാണ്. ഒരു ഓട്ടക്കാരന്റെ കാലുകളിലെ പേശികളെ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായതിലുമധികം മസ്തിഷ്ക കോശങ്ങൾ ഈ പേശീതന്തുക്കളെ നിയന്ത്രിക്കുന്നുണ്ട്. ചെറുവണ്ണത്തുടയിലെ പേശിയിലുള്ള 2,000 തന്തുക്കളെ പ്രവർത്തിപ്പിക്കാൻ ഒരു നാഡീകോശം മതി. എന്നാൽ, സ്വനപേടകത്തെ നിയന്ത്രിക്കുന്ന നാഡീകോശങ്ങൾ രണ്ടോ മൂന്നോ പേശീതന്തുക്കളെ മാത്രമേ പ്രവർത്തിപ്പിക്കുന്നുള്ളൂ.
നിങ്ങൾ ഉച്ചരിക്കുന്ന ഓരോ പദത്തിനും അല്ലെങ്കിൽ ചെറിയ പ്രയോഗത്തിനും തനതായ മാതൃകയിലുള്ള പേശീചലനങ്ങളുണ്ട്. “നിങ്ങൾക്കു സുഖമാണോ?” പോലെയുള്ള ഒരു പ്രയോഗം ഉച്ചരിക്കുന്നതിനാവശ്യമായ സകല വിവരങ്ങളും നിങ്ങളുടെ മസ്തിഷ്കത്തിലെ സംസാര നിയന്ത്രണ ഭാഗത്തു സംഭരിക്കപ്പെട്ടിരിക്കുന്നു. ഓരോ പദവും അല്ലെങ്കിൽ പദപ്രയോഗവും ഉച്ചരിക്കുന്നതിന് മസ്തിഷ്കം അനന്യവും വഴങ്ങാത്തതുമായ പടിപടിയായുള്ള പേശീ പ്രവർത്തനക്രമം ഉപയോഗിക്കുന്നുവെന്നാണോ ഇതിന്റെ അർഥം? അല്ല. സംസാരപ്രാപ്തികൾ അതിലും വളരെയേറെ വിസ്മയാവഹമാണ്. ഉദാഹരണത്തിന് വായിൽ ഒരു പരുവുള്ളതു കാരണം നിങ്ങൾക്കു തനതായ വിധത്തിൽ വാക്കുകൾ ഉച്ചരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നു സങ്കൽപ്പിക്കുക. നിങ്ങളറിയാതെതന്നെ മസ്തിഷ്കം സംസാരം സാധ്യമാക്കുന്ന പേശികളുടെ ചലനത്തെ അനുരൂപപ്പെടുത്തുന്നു. അങ്ങനെ നിങ്ങളുടെ സാധാരണ സംസാരരീതിയോട് പരമാവധി അടുത്തുവരത്തക്ക രീതിയിൽ വാക്കുകൾ ഉച്ചരിക്കുന്നതിന് നിങ്ങൾക്കു കഴിയുന്നു. ഇതു മറ്റൊരു അത്ഭുത സത്യത്തിലേക്കു വിരൽചൂണ്ടുന്നു.
“ഹലോ” പോലെയുള്ള ലളിതമായ ഒരു അഭിവാദന വാക്കിന് വളരെയധികം കാര്യങ്ങൾ അറിയിക്കാൻ കഴിയും. സംസാരിക്കുന്നയാൾ സന്തോഷവാനാണോ ആവേശഭരിതനാണോ മുഷിപ്പ് അനുഭവപ്പെടുന്നവനാണോ ധൃതിയിലാണോ നീരസത്തിലാണോ ദുഃഖത്തിലാണോ ഭയത്തിലാണോ എന്നൊക്കെ അയാളുടെ സ്വരം വിളിച്ചറിയിക്കുന്നു. കൂടാതെ അത് അത്തരം വൈകാരിക അവസ്ഥകളുടെ ഏറ്റക്കുറച്ചിലുകളെയും വെളിപ്പെടുത്തുന്നു. വ്യത്യസ്തങ്ങളായ അനേകം പേശികളുടെ പ്രവർത്തനതോതും നേരിയ സമയ വ്യതിയാനവും അനുസരിച്ച് ഒരൊറ്റ പദത്തിന്റെതന്നെ അർഥം വ്യത്യാസപ്പെടാം.
“നാം ഒരു സെക്കൻഡിൽ ഏതാണ്ട് 14 ശബ്ദങ്ങൾ സുഖകരമായി ഉച്ചരിക്കുന്നു. അത് നാവ്, ചുണ്ട്, താടിയെല്ല്, സംസാര സംവിധാനത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങൾ എന്നിവയെ വെവ്വേറെ ചലിപ്പിക്കുമ്പോൾ നിയന്ത്രിക്കാൻ കഴിയുന്നതിന്റെ ഇരട്ടി വേഗമാണ്. സംസാരിക്കുമ്പോൾ അവയെല്ലാം ഒരുമിച്ചു പ്രവർത്തിക്കുന്നു. വിദഗ്ധ ടൈപ്പിസ്റ്റുകളുടെയും സംഗീതക്കച്ചേരിയിലെ പിയാനോ വായനക്കാരുടെയും വിരലുകൾപോലെയാണ് അപ്പോൾ അവ പ്രവർത്തിക്കുന്നത്. അവയുടെ ചലനങ്ങൾ അത്യന്തം സമയക്ലിപ്തതയുള്ള പ്രവർത്തനലയമായി ഒരുമിക്കുന്നു” എന്ന് ഡോ. വില്യം എച്ച്. പുർകിൻസ് സ്റ്റട്ടെറിങ് പ്രിവന്റഡ് എന്ന തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നു.
ചില പക്ഷികൾക്ക് മനുഷ്യന്റെ സംസാരശബ്ദങ്ങൾ ഒരു പരിധിവരെ അനുകരിക്കാനാകും. എന്നാൽ മനുഷ്യൻ സംസാരിക്കുന്നതുപോലെ സംസാരിക്കുന്നതിനായി ഒരു ജന്തുവിന്റെയും മസ്തിഷ്കം പ്രോഗ്രാം ചെയ്യപ്പെട്ടിട്ടില്ല. കുരങ്ങൻമാരെക്കൊണ്ട് സംസാരശബ്ദങ്ങൾ വ്യക്തമായി ഉച്ചരിപ്പിക്കുന്നതിൽ ശാസ്ത്രജ്ഞന്മാർ പരാജയപ്പെട്ടിരിക്കുന്നതിൽ അതിശയമില്ല. സംസാരപ്രാപ്തിയെ “‘ഒരു പാട്ട് കേട്ടപാടെ’ പിയാനോയിൽ വായിക്കുന്ന ഒരു അസാധാരണ വ്യക്തി”യോട് ഉപമിക്കാൻ കഴിയുമെന്ന് നാഡീജീവശാസ്ത്രജ്ഞനായ റൊനാൾഡ് നെറ്റ്സെൽ പറയുന്നു. നിഘണ്ടുനിർമാതാവായ ലൂറ്റ്വിച്ച് ക്യേലർ ഇപ്രകാരം നിഗമനം ചെയ്യുന്നു: “മനുഷ്യന്റെ സംസാരപ്രാപ്തി ഒരു രഹസ്യമാണ്; ഒരു ദിവ്യ ദാനമാണ്, ഒരു അത്ഭുതമാണ്.”