പാഠം 2
വാക്കുകൾ വ്യക്തമായി പറയൽ
ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിന് നിങ്ങൾ വ്യക്തമായി സംസാരിക്കേണ്ടതുണ്ട്. നിങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യം താത്‌പര്യജനകം, എന്തിന്, വളരെ ഗൗരവം അർഹിക്കുന്നതു പോലും, ആയിരിക്കാം. എന്നാൽ നിങ്ങളുടെ വാക്കുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അവയിലധികവും പാഴായിപ്പോകുകയേ ഉള്ളൂ.
ശരിയായി മനസ്സിലാകാത്ത സംസാരം ആളുകളെ പ്രചോദിപ്പിക്കില്ല. ഒരു വ്യക്തിക്ക് ഉറച്ച ശബ്ദമുണ്ടായിരിക്കാം, അദ്ദേഹം പറയുന്നത് അനായാസം കേൾക്കാൻ കഴിയുമായിരിക്കാം. എങ്കിലും, വാക്കുകൾ കൂട്ടിക്കുഴച്ചാണ് അദ്ദേഹം സംസാരിക്കുന്നതെങ്കിൽ, വേണ്ട നടപടി എടുക്കാൻ അതു മറ്റുള്ളവരെ പ്രേരിപ്പിക്കില്ല. ഒരു അന്യ ഭാഷ സംസാരിക്കുന്നതു പോലെയായിരിക്കും അത്, കേൾക്കുന്നവർക്കു യാതൊന്നും മനസ്സിലാകില്ല. (യിരെ. 5:15) ബൈബിൾ നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടെക്കു ആർ ഒരുങ്ങും? അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാററിനോടു സംസാരിക്കുന്നവർ ആകുമല്ലോ.”—1 കൊരി. 14:8, 9.
സംസാരത്തെ അവ്യക്തമാക്കുന്നത് എന്ത്? വായ് വേണ്ടത്ര തുറക്കാത്തതാകാം ഒരുപക്ഷേ അതിനു കാരണം. താടിയിലെ പേശികൾ അയയ്‌ക്കാതെ, ചുണ്ട് കാര്യമായി ചലിപ്പിക്കാതെ ആണു സംസാരിക്കുന്നതെങ്കിൽ പുറത്തു വരുന്നതു പതിഞ്ഞ ശബ്ദത്തിലുള്ള വാക്കുകൾ ആയിരിക്കാം.
വളരെ വേഗത്തിൽ സംസാരിക്കുമ്പോഴും പറയുന്നതു മനസ്സിലാക്കാൻ ബുദ്ധിമുട്ടു നേരിട്ടേക്കാം. സംസാരം റെക്കോർഡ് ചെയ്‌ത ഒരു കാസെറ്റ്, പ്ലേ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതിലും വേഗത്തിൽ പ്ലേ ചെയ്യുന്നതുപോലെയാണ് അത്. വാക്കുകൾ ഉച്ചരിക്കുന്നുണ്ടെങ്കിലും കാര്യമായ ഒരു പ്രയോജനവും ഉണ്ടാകുന്നില്ല.
ചിലരുടെ കാര്യത്തിൽ സംസാരം അവ്യക്തമായിത്തീരുന്നത്, ഭാഷണാവയവങ്ങളുടെ ഘടനയിലുള്ള തകരാറുകൊണ്ടാണ്. എന്നാൽ അത്തരമൊരു പ്രശ്‌നം ഉള്ളവർക്കു പോലും ഈ പാഠത്തിലെ നിർദേശങ്ങൾ ബാധകമാക്കുകവഴി, വളരെയേറെ മെച്ചപ്പെടാൻ കഴിയും.
എങ്കിലും, പലപ്പോഴും സംസാരം അവ്യക്തമായിത്തീരുന്നത് വാക്കുകൾ കൂട്ടിക്കുഴച്ച്, അതായത് മനസ്സിലാക്കാൻ ബുദ്ധിമുട്ടാകുമാറ് ഇടയ്‌ക്കു നിറുത്തലില്ലാതെ, പറയുന്നതുകൊണ്ടാണ്. പദാംഗങ്ങളോ (syllables) പ്രധാനപ്പെട്ട ലിപികളോ പരപ്രത്യയങ്ങളോ വിട്ടുകളയുന്നത് ഇതിൽ ഉൾപ്പെട്ടേക്കാം. ഒരു വ്യക്തി വിവേചനാരഹിതമായി വാക്കുകൾ കൂട്ടിക്കുഴച്ചു പറയുമ്പോൾ കേട്ടിരിക്കുന്നവർക്ക് ചില ആശയങ്ങളും പദപ്രയോഗങ്ങളും ഒക്കെ പിടികിട്ടിയേക്കാമെങ്കിലും മറ്റുള്ളവ അവർ ഊഹിച്ചു കണ്ടുപിടിക്കേണ്ടിവരും. അതുകൊണ്ട് വ്യക്തമായി സംസാരിക്കുന്നതിലെ പരാജയം ഒരു വ്യക്തിയുടെ പഠിപ്പിക്കലിന്റെ ഫലപ്രദത്വത്തെ പ്രതികൂലമായി ബാധിക്കും.
വ്യക്തമായി സംസാരിക്കേണ്ട വിധം. വാക്കുകൾ വ്യക്തമായി പറയുന്നതിന് ഒഴിച്ചുകൂടാനാകാത്ത ഒരു സംഗതിയാണ് നിങ്ങളുടെ ഭാഷയിലെ വാക്കുകളുടെ ഘടന മനസ്സിലാക്കുന്നത്. മിക്ക ഭാഷകളിലും വാക്കുകൾ പദാംഗങ്ങളാൽ നിർമിതമാണ്. പദാംഗങ്ങളാകട്ടെ, ശബ്ദത്തിന്റെ ഒറ്റയത്‌നംകൊണ്ട് ഉച്ചരിക്കുന്ന അഥവാ ഒരൊറ്റ യൂണിറ്റായി ഉച്ചരിക്കുന്ന ഒന്നോ അതിലധികമോ ലിപികൾ ചേർന്നുണ്ടാകുന്നവയാണ്.a പദാംഗങ്ങൾ ഉള്ള ഭാഷകളിൽ, സംസാരിക്കുന്ന സമയത്ത് സാധാരണഗതിയിൽ ഓരോ പദാംഗവും ഉച്ചരിക്കുന്നതായിരിക്കും, എല്ലാ പദാംഗത്തിനും ഒരേ അളവിലുള്ള ഊന്നൽ അല്ല കൊടുക്കുന്നതെങ്കിലും. സംസാരത്തിന്റെ വ്യക്തത വർധിപ്പിക്കാൻ, വേഗം കുറച്ച് ഓരോ പദാംഗവും പരമാവധി നന്നായി ഉച്ചരിക്കുക. ഇതു കേൾക്കുമ്പോൾ അമിത കൃത്യതയ്‌ക്കുവേണ്ടി ശ്രമിക്കുന്നതുപോലെ ആദ്യം തോന്നിയേക്കാം. എന്നാൽ പരിശീലനംകൊണ്ട്, നിങ്ങൾ ക്രമേണ ഒഴുക്ക് വീണ്ടെടുക്കുന്നതായിരിക്കും. ഒഴുക്കിനു വേണ്ടി നിങ്ങൾ ചില വാക്കുകൾ, അവയ്‌ക്ക് ഇടയിൽ കാര്യമായ അല്ലെങ്കിൽ ഒട്ടും നിറുത്തൽ കൊടുക്കാതെ പറയും എന്നതിനു സംശയമില്ല. എന്നാൽ വാക്കുകളുടെ അർഥം അസ്‌പഷ്ടമാകുന്നെങ്കിൽ ഇത് ഒഴിവാക്കണം.
ഒരു മുന്നറിയിപ്പ്: വ്യക്തമായി സംസാരിക്കാനുള്ള പ്രാപ്‌തി നട്ടുവളർത്തുന്നതിന് നിങ്ങൾക്ക് അമിത കൃത്യതയോടെ സംസാരിച്ചും വായിച്ചും പരിശീലിക്കാവുന്നതാണ്. എന്നാൽ, അങ്ങനെ സംസാരിക്കുന്നത് അനുദിന സംഭാഷണത്തിന്റെ ഒരു ഭാഗമാക്കരുത്. കേൾക്കുന്നവർക്കു കൃത്രിമത്വവും അസ്വാഭാവികതയും തോന്നാൻ അത് ഇടയാക്കും.
നിങ്ങളുടെ സംസാരം പതിഞ്ഞ ശബ്ദത്തിൽ ഉള്ളതാണെങ്കിൽ തല ഉയർത്തി, താടി നെഞ്ചിൽനിന്ന് അകത്തിപ്പിടിച്ചു സംസാരിക്കാൻ പഠിക്കുക. ബൈബിളിൽനിന്നു വായിക്കുന്ന സമയത്ത്, സദസ്സിനെ നോക്കിയിട്ട് ബൈബിളിലേക്കു നോക്കുമ്പോൾ തല അധികം കുനിക്കേണ്ടി വരാത്തവിധം ബൈബിൾ വേണ്ടത്ര ഉയർത്തിപ്പിടിക്കുക. ഇത് വാക്കുകൾ തടസ്സം കൂടാതെ പുറത്തേക്കു വരാൻ സഹായിക്കും.
പിരിമുറുക്കത്തിന് അയവുവരുത്താൻ പഠിക്കുന്നതും നിങ്ങളുടെ സംസാരത്തിന്റെ വ്യക്തത മെച്ചപ്പെടുത്തും. മുഖ പേശികളിലെയോ ശ്വസനത്തെ നിയന്ത്രിക്കുന്ന പേശികളിലെയോ പിരിമുറുക്കം സംസാര പ്രക്രിയയെ ഹാനികരമായി ബാധിക്കുമെന്ന കാര്യം സ്‌പഷ്ടമാണ്. അത്തരം പിരിമുറുക്കം മനസ്സ്, സ്വനാവയവങ്ങൾ (vocal organs), ശ്വാസ നിയന്ത്രണം എന്നിവയുടെ ഏകോപിതമായ പ്രവർത്തനത്തിന്—സുഗമവും സ്വാഭാവികവും ആയി നടക്കേണ്ട ഒരു പ്രക്രിയ—തടസ്സം സൃഷ്ടിക്കുന്നു.
തലച്ചോറിൽനിന്നുള്ള നിർദേശത്തോടു തത്‌ക്ഷണം പ്രതികരിക്കുന്നതിനു താടിയിലെ പേശികൾ അയവുള്ളതായിരിക്കേണ്ടതുണ്ട്. ചുണ്ടുകളും അയവുള്ളതായിരിക്കണം. വായിലും തൊണ്ടയിലും ഉത്ഭവിക്കുന്ന പല ശബ്ദങ്ങൾക്കും അവസാന മിനുക്കുപണികൾ വരുത്താൻ പോന്നവിധം, വേഗത്തിൽ വികസിക്കാനും സങ്കോചിക്കാനും അവ സജ്ജമായിരിക്കേണ്ടതുണ്ട്. താടിയും ചുണ്ടുകളും അയവുള്ളതല്ലെങ്കിൽ വായ് ശരിക്കു തുറക്കില്ല. അപ്പോൾ ശബ്ദം പല്ലുകൾക്കിടയിലൂടെ പുറത്തേക്കു വരാൻ നിർബന്ധിതമാകും. ഇത് സംസാരം പരുഷവും പതിഞ്ഞ ശബ്ദത്തിലുള്ളതും അസ്‌പഷ്ടവും ആയിത്തീരാൻ ഇടയാക്കും. എന്നിരുന്നാലും, താടിയും ചുണ്ടുകളും അയവുള്ളതാക്കണമെന്നു പറയുമ്പോൾ അവ തീരെ തളർത്തിയിട്ട് വാക്കുകൾ അവ്യക്തമായിത്തീരുമാറ് സംസാരിക്കണമെന്നല്ല അർഥം. താടിയും ചുണ്ടുകളും അയവുള്ളതാക്കുമ്പോൾ തന്നെ സംസാരം സ്‌ഫുടമായിരിക്കാൻ ശ്രദ്ധിക്കണം.
ഉറക്കെ വായിക്കുന്നത് നിങ്ങളുടെ പ്രശ്‌നം വിലയിരുത്തുന്നതിനു സഹായകമായേക്കും. അത്ഭുതകരമായ ഭാഷണാവയവങ്ങൾ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതു സൂക്ഷ്‌മമായി നിരീക്ഷിക്കുക. ഭാഷണ ശബ്ദങ്ങൾ തടസ്സം കൂടാതെ പുറത്തുവരത്തക്ക വിധം നിങ്ങൾ വായ് വേണ്ടത്ര തുറക്കുന്നുണ്ടോ? നാം സംസാരിക്കുമ്പോൾ ഏറ്റവും സജീവമായിരിക്കുന്ന ഒരു അവയവം നാവ് ആണെങ്കിലും, നമ്മുടെ സംസാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന അവയവം അതു മാത്രമല്ല എന്ന് ഓർമിക്കണം. കഴുത്ത്, കീഴ്‌ത്താടി, ചുണ്ടുകൾ, മുഖത്തെയും തൊണ്ടയിലെയും പേശികൾ ഇവയെല്ലാം ഇതിൽ ഒരു പങ്കുവഹിക്കുന്നുണ്ട്. മുഖപേശികൾ ചലിപ്പിക്കാതെയാണോ നിങ്ങൾ സംസാരിക്കുന്നത്? അങ്ങനെയെങ്കിൽ, നിങ്ങളുടെ സംസാരം അവ്യക്തമായിരിക്കാൻ വളരെ സാധ്യതയുണ്ട്.
ഒരു ടേപ്പ് റിക്കോർഡർ ഉണ്ടെങ്കിൽ നിങ്ങളുടെ സ്വാഭാവികമായ സംസാരം, ഉദാഹരണത്തിന് വയൽശുശ്രൂഷയിൽ നിങ്ങൾ ഒരു വ്യക്തിയോട് എങ്ങനെ സാധാരണ സംസാരിക്കുമോ അത്തരത്തിലുള്ള സംസാരം, റിക്കോർഡ് ചെയ്യുക. ടേപ്പ് ഓൺ ചെയ്‌തുവെച്ചിട്ട് മിനിട്ടുകളോളം ഇങ്ങനെ സംഭാഷണ ശൈലിയിൽ സംസാരിക്കുക. റിക്കോർഡു ചെയ്‌ത ആ സംസാരം കേൾക്കുന്നത്, ചില വാക്കുകൾ വ്യക്തമായി പറയുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അതു കൃത്യമായി മനസ്സിലാക്കാൻ നിങ്ങളെ സഹായിച്ചേക്കാം. വാക്കുകൾ കൂട്ടിക്കുഴച്ചോ പതിഞ്ഞ ശബ്ദത്തിലോ കുറുക്കിയോ പറയുന്ന സന്ദർഭങ്ങൾ ശ്രദ്ധിച്ച് അങ്ങനെ സംഭവിക്കുന്നതിന്റെ കാരണം കണ്ടുപിടിക്കാൻ ശ്രമിക്കുക. മുകളിൽ ചർച്ച ചെയ്‌ത കാര്യങ്ങൾ ബാധകമാക്കുന്നതിലൂടെ സാധാരണഗതിയിൽ ആ പ്രശ്‌നം പരിഹരിക്കാൻ കഴിയും.
നിങ്ങൾക്കു സംസാര വൈകല്യമുണ്ടോ? വായ് ഇപ്പോൾ തുറക്കുന്നതിനെക്കാൾ അൽപ്പം കൂടെ തുറന്നു സംസാരിക്കുന്നത് ഒരു ശീലമാക്കുക. അതുപോലെതന്നെ വാക്കുകൾ കൂടുതൽ ശ്രദ്ധിച്ചു പറയാൻ ശ്രമിക്കുക. ശ്വാസം വലിക്കുന്ന സമയത്ത് ശ്വാസകോശങ്ങളിൽ വായു നിറയാൻ അനുവദിക്കുക, സാവധാനം സംസാരിക്കുക. ഇങ്ങനെ ചെയ്യുന്നത്, കൂടുതൽ വ്യക്തതയോടെ സംസാരിക്കാൻ സംസാര വൈകല്യങ്ങളുള്ള പലരെയും സഹായിച്ചിട്ടുണ്ട്. കൊഞ്ഞയുണ്ടെങ്കിൽ പദങ്ങളിലെ സ പോലെയുള്ള ശബ്ദങ്ങൾ ഉച്ചരിക്കുന്ന സമയത്ത് നാക്ക് മുൻനിര പല്ലുകളിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ പ്രശ്‌നം പൂർണമായി മാറിക്കിട്ടിയില്ലെങ്കിലും നിരാശപ്പെടരുത്. മോശെ സാധ്യതയനുസരിച്ച് സംസാര വൈകല്യമുള്ള ആളായിരുന്നു. എന്നാൽ യഹോവ ഇസ്രായേൽ ജനത്തിന്റെയും ഈജിപ്‌തിലെ ഫറവോന്റെയും പക്കൽ സുപ്രധാനമായ സന്ദേശങ്ങൾ എത്തിക്കാൻ അവനെ തിരഞ്ഞെടുത്തു എന്ന കാര്യം ഓർമിക്കുക. (പുറ. 4:10-12) നിങ്ങൾക്കു മനസ്സൊരുക്കമുണ്ടെങ്കിൽ അവൻ നിങ്ങളെയും ഉപയോഗിക്കും. ശുശ്രൂഷയിൽ നിങ്ങൾ വിജയം കൊയ്യാൻ തക്കവണ്ണം അവൻ നിങ്ങളെ അനുഗ്രഹിക്കും.
[അടിക്കുറിപ്പ്]
a ഉദാഹരണത്തിന്, “സാധാരണം” എന്ന പദത്തിൽ സാ, ധാ, ര, ണം എന്നിങ്ങനെ നാലു പദാംഗങ്ങൾ ഉണ്ട്.