കാബാ—അഴകാർന്ന ഒരു ആഫ്രിക്കൻ വേഷവിധാനം
ഘാനയിലെ ഉണരുക! ലേഖകൻ
കാബാ—ഘാനയുടെയും അതിന്റെ പശ്ചിമാഫ്രിക്കൻ അയൽ രാജ്യങ്ങളുടെയും മിക്കവാറും എല്ലാഭാഗത്തും അതു കാണാം. ശവസംസ്കാരങ്ങൾമുതൽ സന്തോഷകരമായ ക്രിസ്തീയ കൂടിവരവുകൾവരെയുള്ള വ്യത്യസ്ത സന്ദർഭങ്ങളിൽ അതു ധരിക്കാറുണ്ട്. കാബാ വ്യത്യസ്ത തരത്തിലും വർണങ്ങളിലുമുണ്ട്.
എന്നാൽ എന്താണീ കാബാ? അതു സ്ത്രീകളുടെ പ്രിയപ്പെട്ട ഒരു വേഷവിധാനമാണ്. കഴുത്തുമുതൽ അരക്കെട്ടുവരെ നീണ്ടുകിടക്കുന്ന ഒരു മേൽവസ്ത്രത്തെയാണ് ആ പേര് സൂചിപ്പിക്കുന്നത്. എന്നാൽ അതു മാത്രമായല്ല ധരിക്കാറ്. ഗുണമേന്മയിലുള്ള വ്യത്യാസമനുസരിച്ച് വാക്സ് പ്രിൻറ് എന്നോ ജാവാ പ്രിൻറ് എന്നോ സാധാരണമായി ഇവിടെ അറിയപ്പെടുന്ന രണ്ടു മീറ്റർ നീളമുള്ള ഒരു തുണിയും അതോടൊപ്പം ഉടുക്കുന്നു. അരയിൽ ചുറ്റുന്ന ഈ വസ്ത്രത്തിന് കണങ്കാൽവരെ ഇറക്കം വരും. ഇതിനെ ആസറ്റാം എന്നാണു വിളിക്കുന്നത്. ങ്കൂസോ എന്നു വിളിക്കുന്ന ആറടി നീളമുള്ള മറ്റൊരു തുണിയും കൂടി ചുറ്റിയാലേ ഈ വേഷം പൂർത്തിയാകൂ. ങ്കൂസോയ്ക്ക് ബഹുമുഖോപയോഗമുണ്ട്. വസ്ത്രത്തിനു ചേരുന്ന ശിരോവസ്ത്രമായും കുഞ്ഞിനെ പുറത്തു കെട്ടിവെക്കാനും അത് ഉപയോഗിക്കാവുന്നതാണ്.
കാബാ ആഫ്രിക്കയിലെ മാത്രം വസ്ത്രമാണ്. എങ്കിലും അത് ആ ഭൂഖണ്ഡത്തിലുടനീളം വിവിധ പേരുകളിൽ അറിയപ്പെടുന്നു. ലൈബീരിയക്കാർ അതിനെ ലാപ്പാ സ്യൂട്ട് എന്നു വിളിക്കുന്നു. ബെനിനിൽ അത് ജെൻവൂ ആണ്. സിയെറ ലിയോൺകാർ അതിനെ ഡോക്കറ്റ് എന്നും ലാപ്പാ എന്നും വിളിക്കുന്നു. എങ്കിലും കാബാ ആഫ്രിക്കൻ നാടുകളിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളായില്ല. ഉദാഹരണത്തിന്, ഇവിടെ ഘാനയിൽ ആകാൻഭാഷ സംസാരിക്കുന്നവർക്കിടയിൽ ഡാൻസിൻക്രാൻ സ്റ്റൈൽ സാധാരണമായിരുന്നു. രണ്ടു വ്യത്യസ്ത തുണിക്കഷണങ്ങൾ ഉൾപ്പെട്ടതായിരുന്നു അത്, ചിലപ്പോൾ അവ ഒരേ പ്രിൻറിലുള്ളവയായിരുന്നു. ഒരു കഷണം അരയിൽ ചുറ്റി അരക്കച്ചകൊണ്ട് മുറുക്കിയിരുന്നു. സാധാരണഗതിയിൽ വലുപ്പം കൂടുതലുള്ള മറ്റേ കഷണം മാറിടവും മുതുകും മൂടത്തക്കവിധം ഇടത്തെ തോളിലൂടെ ധരിച്ചിരുന്നു. ഡാൻസിൻക്രാൻ എന്നുതന്നെ വിളിക്കുന്ന അതുല്യമായ ഒരു കേശാലങ്കാര രീതിയാണ് ഈ വസ്ത്രം ധരിക്കുമ്പോൾ സാധാരണ സ്വീകരിച്ചിരുന്നത്.
എന്നാൽ, തയ്യൽമെഷീന്റെ വരവോടുകൂടി ചില ആഫ്രിക്കൻ സ്ത്രീകൾ പാശ്ചാത്യരുടെ ബ്ലൗസിനോടു സദൃശമായ വസ്ത്രങ്ങൾ നിർമിക്കാൻ തുടങ്ങി. പാശ്ചാത്യ സ്ത്രീകൾ ചെയ്തിരുന്നതുപോലെ തോളുകൾ മൂടുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒരു വിവരണമനുസരിച്ച് “തോളുകൾ മൂടുക” എന്നു പറയാൻ ചിലർക്കു ബുദ്ധിമുട്ടായിരുന്നു. അങ്ങനെ, “മൂടുക” (cover) എന്ന വാക്ക് കാബാ ആയിത്തീർന്നു.
കാബാ ഫാഷനായിത്തീരുന്നു
ഓഫീസ് ജോലിക്കാരായ സ്ത്രീകൾ മുതൽ കൃഷിക്കാരായ സ്ത്രീകൾ വരെ കാബാ ധരിക്കുന്നു. വാസ്തവത്തിൽ, അത് ഒരു കയറ്റുമതിച്ചരക്കുപോലും ആയിത്തീർന്നിരിക്കുന്നു! എങ്കിലും, അത് അപ്രകാരം ജനപ്രീതിയാർജിച്ചിട്ട് അധികം നാളായില്ല.
അതിന് ഒരു കാരണം, 40-ഓ അതിലധികമോ വർഷം മുമ്പ് ജനപ്രീതിയാർജിച്ചിരുന്ന കാബാ സ്റ്റൈലുകൾ എല്ലാ സ്ത്രീകൾക്കുമൊന്നും പിടിച്ചിരുന്നില്ല എന്നതാണ്. പണ്ടത്തെ സ്റ്റൈലുകളിൽ ചിലത് “അപഹാസ്യ”മായിരുന്നെന്ന് സാമൂഹിക പ്രവർത്തനത്തിൽനിന്നു വിരമിച്ച 62 വയസ്സുള്ള ആഗ്നെസ് ഉണരുക!യോടു പറഞ്ഞു. മറ്റുചില സ്ത്രീകൾക്കാണെങ്കിൽ ആസറ്റാമും ങ്കൂസോയും സഹിതം കാബാ ഭംഗിയായി ധരിക്കുന്നത് വളരെയധികം ക്ഷമയും കലാവാസനയും ആവശ്യമുള്ള ഒരു പണിയായിരുന്നു. ഒരു വസ്ത്രനിർമാണശാല നടത്തുന്ന എലിസബത്ത് ഇങ്ങനെ അനുസ്മരിക്കുന്നു: “ആസറ്റാമും ങ്കൂസോയും ഭംഗിയായി ധരിക്കാൻ പഠിക്കുന്നത് ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാരികൾക്കു ബുദ്ധിമുട്ടായിരുന്നു. ഞാൻ ആ കല ഇതുവരെ സ്വന്തമാക്കിയിട്ടില്ല,” അവൾ സമ്മതിച്ചുപറഞ്ഞു.
ആളുകളുടെ തരംതിരിവും ഈ വേഷവിധാനത്തിന്റെ പ്രചാരം കുറയുന്നതിനു കാരണമായി. പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രം വിദ്യാസമ്പന്നർക്കും കാബാ വിദ്യാഭ്യാസമില്ലാത്തവർക്കും വേണ്ടിയുള്ളതായിരുന്നുവെന്നാണ് അടുത്തകാലംവരെ പലരും വിചാരിച്ചിരുന്നത് എന്ന് 65 വയസ്സുള്ള സിവാ ഉണരുക!യോടു പറഞ്ഞു.
എങ്കിലും, ഒരു പുതിയ സാംസ്കാരിക അവബോധം കാബായെക്കുറിച്ച് രണ്ടാമതൊന്നു ചിന്തിക്കാൻ പല ആഫ്രിക്കൻ സ്ത്രീകളെയും പ്രേരിപ്പിച്ചിരിക്കുന്നു. ഫാഷൻ രൂപകൽപ്പനാവിദഗ്ധരും ഈ വസ്ത്രത്തിന്റെ പ്രചാരത്തിന് ഗണ്യമായ പ്രചോദനം നൽകി. അങ്ങനെ പറയാനുള്ള ഒരു കാരണം അവർ സ്ലിറ്റ് എന്നു വിളിക്കപ്പെടുന്ന നൂതനമാതൃകയിലുള്ള വസ്ത്രം വികസിപ്പിച്ചെടുത്തിരിക്കുന്നതുകൊണ്ടാണ്. കണങ്കാൽവരെ എത്തുന്ന പാവാടപോലെയുള്ള അത് ആസറ്റാമും ങ്കൂസോയും ചുറ്റാൻ ചില സ്ത്രീകൾക്കുണ്ടായിരുന്ന ബുദ്ധിമുട്ടു പരിഹരിച്ചു. കൂടാതെ, പ്രദർശനങ്ങളും ഫാഷൻ ഷോകളും കാബാ ഫാഷൻ ലോകത്തിൽ തലപ്പത്തെത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
തീർച്ചയായും, പല നാടുകളിലെയും ഫാഷൻ വസ്ത്രങ്ങളുടെ കാര്യത്തിലെന്നപോലെ കാബായുടെ ചില അത്യാധുനിക സ്റ്റൈലുകൾ അങ്ങേയറ്റം ലൈംഗികവികാരം ഉണർത്തുന്നവയാണ്. ശരീരഭാഗങ്ങൾ വെളിപ്പെടുത്തുന്ന അത്തരം വസ്ത്രങ്ങൾ “തോളുകൾപോലും മൂടുകയെന്ന കാബായുടെ ആദിമലക്ഷ്യത്തെ” തകിടംമറിക്കുന്നുവെന്ന് 69 വയസ്സുള്ള ക്ലാര പറയുന്നു. അതുകൊണ്ട്, ക്രിസ്തീയ സ്ത്രീകൾ അപ്പോസ്തലനായ പൗലൊസിന്റെ ബുദ്ധ്യുപദേശം മനസ്സിൽ പിടിക്കുന്നു: “അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.”—1 തിമൊഥെയൊസ് 2:9; 1 കൊരിന്ത്യർ 10:29.
ബുദ്ധിപൂർവകമായ തിരഞ്ഞെടുപ്പ് നടത്തുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം കാബാ അഴകാർന്നതും പ്രായോഗികവുമായ വേഷവിധാനമാണ്. പരമ്പരാഗതമായ പല ആഫ്രിക്കൻ വേഷവിധാനങ്ങളും പഴഞ്ചനായിത്തീർന്നെങ്കിലും ആഫ്രിക്കൻ സംസ്കാരത്തെയും ചുറ്റുപാടിനെയും ആകർഷകവും അഴകാർന്നതുമായ ഒരു വിധത്തിൽ പ്രതിഫലിപ്പിക്കുന്ന ഒരു വേഷവിധാനമായി കാബാ ഇന്നോളം നിലനിൽക്കുന്നു.
[24-ാം പേജിലെ ചിത്രം]
ങ്കൂസോ ഇവിടെ ശിരോവസ്ത്രമായി ഉപയോഗിച്ചിരിക്കുന്നു
[25-ാം പേജിലെ ചിത്രം]
ങ്കൂസോ, കുട്ടിയെ പുറത്തു കെട്ടിവെച്ചു കൊണ്ടുപോകാൻ ഉപയോഗിച്ചിരിക്കുന്നു