ശുചിത്വം യഹോവയ്ക്കു മഹത്ത്വം കൈവരുത്തുന്നു
1 “പുരുഷന്മാർ എല്ലാവരും വൃത്തിയുള്ളവരും ടൈ ധരിച്ചവരുമാണ്. സ്ത്രീകൾ വിനയത്തോടെ അതേസമയം ആകർഷകമായി വസ്ത്രധാരണം ചെയ്തിരിക്കുന്നു.” മറ്റൊരു നിരീക്ഷകൻ, ഒരു സെക്യൂരിറ്റി ഗാർഡ്, ഇപ്രകാരം പറഞ്ഞു: “അവർ സത്സ്വഭാവികളും ആദരവും വൃത്തിയും വെടിപ്പും ഉള്ളവരുമാണ്. വളരെ ആകർഷകമായ ഒരു കാഴ്ചയാണ് അത്. ദുഷിച്ച ഈ ലോകത്തിലെ വൃത്തികേടുകൾ നീക്കം ചെയ്യുന്നതിൽ നിങ്ങൾ വിജയിച്ചിരിക്കുന്നു.” ഏതു ജനക്കൂട്ടത്തെ കുറിച്ചുള്ള വർണനകളാണ് ഇവയൊക്കെ? ഒരു രാഷ്ട്രീയ ജാഥ? ഒരു ക്രിക്കറ്റ് കളി? ഒരു വിവാഹ സൽക്കാരവേള? ഒന്നുമല്ല! കഴിഞ്ഞ വർഷം ഒരു വലിയ ഡിസ്ട്രിക്റ്റ് കൺവെൻഷനു വേണ്ടി കൂടിവന്ന ഒരു കൂട്ടം സഹോദരീസഹോദരന്മാരെ കുറിച്ചുള്ളതാണ്.
2 നമ്മെ സംബന്ധിച്ചുള്ള എത്ര നല്ല സാക്ഷ്യം! നമ്മുടെ സഹോദരവർഗത്തെക്കുറിച്ചുള്ള ഈ അനുമോദന വാക്കുകളിൽ നാം നന്ദിയുള്ളവരല്ലേ? തീർച്ചയായും, ആ നല്ല റിപ്പോർട്ടിന് ഇടയാക്കും വിധം സ്റ്റേഡിയം ഒരുക്കുന്നതിലും മാതൃകാ യോഗ്യമായ നടത്ത കാഴ്ചവെക്കുന്നതിലും കൂടിവന്ന എല്ലാവർക്കും ഒരു പങ്കുണ്ടായിരുന്നു. മറ്റുള്ളവരിൽനിന്നെല്ലാം നമ്മെ വേർതിരിച്ചു കാണിക്കുന്ന നമ്മുടെ വ്യത്യസ്തമായ നടത്ത ലോകമെമ്പാടും പ്രശസ്തമാണ്. (മലാ. 3:18) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, യഹോവയിൽ നിന്നുള്ള ഈ കൽപ്പന നാം പിൻപറ്റുന്നു: “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.”—1 പത്രൊ. 1:16.
3 “അശുദ്ധ”മായതിനെ വിശുദ്ധമാക്കലോ? കൺവെൻഷനുവേണ്ടി നാം ഉപയോഗിക്കുന്ന സ്ഥലങ്ങൾ സാധാരണഗതിയിൽ അനേകവർഷങ്ങളായി ശരിയായ വിധത്തിൽ ഉപയോഗിക്കാതെ, അക്രമത്താൽ നശിപ്പിക്കപ്പെട്ട്, ചപ്പുചവറുകളും മറ്റും കുന്നുകൂടി കിടക്കുന്ന അവസ്ഥയിലായിരിക്കും. കക്കൂസുകളും ചമയമുറിയും മറ്റു സൗകര്യങ്ങളും നമ്മുടെ വിശുദ്ധ ദൈവത്തിന്റെ നിലവാരങ്ങൾക്ക് അടുത്തെങ്ങും എത്തുന്നുണ്ടാവില്ല. പകരം, അവ മിക്കപ്പോഴും ഈ വ്യവസ്ഥിതിയുടെ “അശുദ്ധ” ദൈവത്തെ നന്നായി പ്രതിഫലിപ്പിക്കുന്നു. (2 കൊരി. 4:4) ഈ അവസ്ഥ മാറ്റാൻ നമുക്ക് എന്തു ചെയ്യാനാകും?
4 കൊച്ചി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ കൺവെൻഷൻ തുടങ്ങുന്നതിനു രണ്ടു-മൂന്നു ദിവസം മുമ്പുതന്നെ, പ്രസ്തുത നഗരങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു വിധത്തിൽ കൺവെൻഷൻ സ്ഥലം ഒരുക്കുന്നതിന് ആയിരത്തിലധികം സ്വമേധയാ സേവകരെ വീതം ആവശ്യമുണ്ട്. കൺവെൻഷൻ ദിവസങ്ങളിൽ കക്കൂസുകൾ വൃത്തിയാക്കാനും ഗാലറികൾ അടിച്ചുവാരാനും മറ്റ് അത്യാവശ്യ ജോലികൾ ചെയ്യാനുമൊക്കെ നൂറുകണക്കിന് വേറെയും സഹോദരങ്ങളെ നിയമിക്കുന്നതായിരിക്കും. യഹോവയെ മഹത്ത്വീകരിക്കുന്നതിനുള്ള ഈ പ്രത്യേക അവസരത്തിൽ പങ്കെടുക്കാൻ തക്കവണ്ണം ജോലിക്ക് ഉപയോഗിക്കാൻ പറ്റിയ ഒരു ജോടി വസ്ത്രംകൂടി കൊണ്ടുവരാൻ മറക്കരുത്.
5 മുൻവർഷങ്ങളിൽ നമ്മൾ തറ അടിച്ചുവാരി തുടയ്ക്കുകയും കസേരകൾ തുടയ്ക്കുകയും ചെയ്യുന്നതുകൊണ്ട് തൃപ്തിപ്പെട്ടിരുന്നു. എന്നാൽ ഈ വർഷം കൺവെൻഷൻ സ്ഥലത്തിന്റെ ഓരോ മുക്കും മൂലയും നമ്മുടെ വിശുദ്ധ ദൈവത്തിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ നാം ആഗ്രഹിക്കുന്നു. ഇതിൽ എല്ലാവർക്കും പങ്കുപറ്റാൻ കഴിയും. ചപ്പുചവറുകൾ കണ്ടാൽ അവ എടുത്ത് ചവറ്റുകുട്ടയിൽ ഇടണമെന്നു കുട്ടികളോടു പറയാവുന്നതാണ്. ഏതെങ്കിലും ലായനികൾ ഒഴികിക്കിടക്കുന്നതായോ എന്തെങ്കിലും പൊട്ടിക്കിടക്കുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ശുചീകരണ ഡിപ്പാർട്ടുമെന്റിനെ വിവരം അറിയിക്കാവുന്നതാണ്. സഹോദരങ്ങൾ കക്കൂസും മറ്റും ഏറ്റവും വൃത്തിയായി കഴുകിയിട്ട ശേഷം, അത് അപ്രകാരം തന്നെ സൂക്ഷിക്കാൻ നമുക്ക് ഓരോരുത്തർക്കും പ്രത്യേകം ശ്രദ്ധിക്കാവുന്നതാണ്.
6 വസ്ത്രധാരണവും ചമയവും: അത് എന്തു സൂചിപ്പിക്കുന്നു? വർഷങ്ങളായി നമ്മുടെ സഹോദരങ്ങൾ വൃത്തിയായും മാന്യമായും വസ്ത്രധാരണം ചെയ്യുന്നതിൽ നല്ല മാതൃക വെച്ചിട്ടുണ്ട്. കൺവെൻഷന് ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിക്കുന്ന രീതി എല്ലാവർക്കുമുണ്ട്. സഹോദരിമാർ സാരിയോ സൽവാർ-കമ്മീസോ പാവാടയോ എന്തുതന്നെ ധരിച്ചാലും വസ്ത്രധാരണത്തിൽ അവർ പ്രകടമാക്കുന്ന മാന്യതയെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. ഈ ലോകത്തിന്റെ ഏറ്റവും പുതിയ ഫാഷൻ അനുസരിച്ച് വസ്ത്രധാരണം ചെയ്യാതിരുന്നുകൊണ്ട് ചെറുപ്പക്കാർ പ്രകടമാക്കുന്ന നല്ല മാതൃകയ്ക്ക് അവരും പ്രശംസ അർഹിക്കുന്നു. (റോമ. 12:2) ഈ നിലവാരങ്ങൾ നിലനിറുത്തുന്നതിലൂടെ നാം വാസ്തവത്തിൽ “ദൈവത്തെ മഹത്വപ്പെടു”ത്താൻ ആഗ്രഹിക്കുന്നു എന്നു പ്രകടമാക്കുന്നു.—1 പത്രൊ. 2:12.
7 വസ്ത്രധാരണത്തെ കുറിച്ചു ചിന്തിക്കുമ്പോൾ, മുംബൈ കൺവെൻഷനു കസേരകൾ ഉണ്ടായിരിക്കില്ല എന്ന കാര്യം മനസ്സിൽ പിടിക്കുക. അതുകൊണ്ട് സ്റ്റേഡിയത്തിലെ സ്റ്റെപ്പുകളിൽ സൗകര്യപൂർവം ഇരിക്കാൻ സാധിക്കുന്ന വിധത്തിൽ വേണം വസ്ത്രധാരണം ചെയ്യാൻ. ഒരു പുൽപ്പായോ ചെറിയ കുഷനോ വേണമെങ്കിൽ കൊണ്ടുവരാവുന്നതാണ്. കൊച്ചിയിലും വളരെയധികം പേർ ഇൻഡോർ സ്റ്റേഡിയത്തിൽ കൂടിവരുന്നതിനാൽ സുഖപ്രദമായ വസ്ത്രം ധരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതു നന്നായിരിക്കും.
8 ഈ വർഷത്തെ “തീക്ഷ്ണ രാജ്യഘോഷകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ നാം “[നമ്മുടെ] ദൈവമായ യഹോവെക്കു വിശുദ്ധജനമായിരിക്കുമെ”ന്നു തെളിയിക്കാൻ ആവശ്യമായതെല്ലാം നമുക്കു ചെയ്യാം. തത്ഫലമായി ഉളവാകുന്ന നല്ല ധാരണ യഹോവയ്ക്കു കൂടുതലായ ‘പുകഴ്ചയും കീർത്തിയും മാനവും’ കൈവരുത്തും.—ആവ. 26:19.
[6-ാം പേജിലെ ചതുരം]
യഹോവയെ മഹത്ത്വപ്പെടുത്താവുന്ന വിധം:
■ കൺവെൻഷൻ സ്ഥലം വൃത്തിയാക്കാൻ സ്വമേധയാ മുന്നോട്ടു വരിക.
■ എല്ലാം ശുചിയായി സൂക്ഷിക്കുന്നതിൽ സഹകരിക്കുക.
■ ദൈവത്തിന്റെ ശുശ്രൂഷകർക്കു യോജിച്ച വിധത്തിലുള്ളതും സുഖകരവുമായ വസ്ത്രം ധരിക്കുക.