മാന്യമായ വസ്ത്രധാരണം ദൈവഭയത്തെ പ്രതിഫലിപ്പിക്കുന്നു
1. വരാനിരിക്കുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനോടുള്ള നമ്മുടെ വിലമതിപ്പ് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
1 താമസിയാതെ, 2003-ലെ “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ യഹോവയുടെ അതിഥികൾ ആയിരിക്കാനുള്ള പദവി നമുക്ക് ഉണ്ടായിരിക്കും. ഇത്ര സമൃദ്ധമായ ആത്മീയ വിരുന്നിനു നമ്മെ ക്ഷണിച്ചിരിക്കുന്നതിന് യഹോവയോടു നാം എത്ര കൃതജ്ഞതയുള്ളവരാണ്! നമ്മുടെ വസ്ത്രധാരണത്തിലൂടെയും ചമയത്തിലൂടെയും അവനോടുള്ള നമ്മുടെ ഭയഭക്തിയും അവൻ ചെയ്തിരിക്കുന്ന ആത്മീയ കരുതലുകളോടുള്ള നമ്മുടെ വിലമതിപ്പും പ്രകടമാക്കാൻ കഴിയും.—സങ്കീ. 116:12, 17.
2. നമ്മുടെ ശരീരം വൃത്തിയുള്ളതും വസ്ത്രധാരണം വെടിപ്പുള്ളതും ആയിരിക്കേണ്ടത് എന്തുകൊണ്ട്?
2 വെടിപ്പും ചിട്ടയുമുള്ളത്: നമ്മുടെ വസ്ത്രധാരണവും ചമയവും പരിശുദ്ധനും ചിട്ടയുള്ളവനുമായ നമ്മുടെ ദൈവത്തിന്റെ നിലവാരങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. (1 കൊരി. 14:33, NW; 2 കൊരി. 7:1) നമ്മുടെ ശരീരവും മുടിയും നഖങ്ങളുമെല്ലാം വൃത്തിയുള്ളതായിരിക്കണം, വസ്ത്രധാരണം വെടിപ്പുള്ളതായിരിക്കണം. അലക്ഷ്യമായ വസ്ത്രധാരണം ഇന്ന് സർവസാധാരണമാണ്. എന്നാൽ, ഏതെങ്കിലും ഒരു സിനിമാ താരമോ സ്പോർട്സ് താരമോ അങ്ങനെ വസ്ത്രധാരണം ചെയ്യുന്നു എന്നുള്ളത് ഒരു ക്രിസ്ത്യാനിക്ക് അതു ചെയ്യാനുള്ള കാരണം നൽകുന്നില്ല. നാം ലോകത്തിന്റെ ചില ഫാഷനുകൾ പകർത്തുന്നെങ്കിൽ, സത്യദൈവത്തെ ആരാധിക്കുന്നവരും ആരാധിക്കാത്തവരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ആളുകൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.—മലാ. 3:18.
3. നമ്മുടെ വസ്ത്രധാരണവും ചമയവും 1 തിമൊഥെയൊസ് 2:9, 10-ൽ പറഞ്ഞിരിക്കുന്നതിനോടു ചേർച്ചയിലുള്ളതാണ് എന്ന് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും?
3 ക്രിസ്തീയ ശുശ്രൂഷകർക്ക് അനുയോജ്യമായ വസ്ത്രധാരണം: ‘വിനയത്തോടും വിവേകത്തോടും കൂടെ ഉചിതമായി വസ്ത്രധാരണം ചെയ്ത് . . . ദൈവഭക്തിയുള്ള സ്ത്രീകൾക്ക് യോജിച്ചവിധം സൽപ്രവൃത്തികൾകൊണ്ട് അണിഞ്ഞൊരുങ്ങാൻ’ അപ്പൊസ്തലനായ പൗലൊസ് സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു. ക്രിസ്തീയ മേൽവിചാരകനായ തിമൊഥെയൊസിനു എഴുതിയ ലേഖനത്തിലാണ് നാം ഈ ബുദ്ധിയുപദേശം കാണുന്നത്. (1 തിമൊ. 2:9, 10, പി.ഒ.സി. ബൈബിൾ) നമ്മുടെ വസ്ത്രധാരണം മാന്യമായതാണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധാപൂർവമായ പരിചിന്തനം ആവശ്യമാണ്. വസ്ത്രധാരണം വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം, മാന്യമായിരിക്കണം—ആഡംബരപൂർണമോ മറ്റുള്ളവരിൽ ലൈംഗിക തൃഷ്ണ ഉണർത്തുന്ന വിധത്തിലുള്ളതോ ആയിരിക്കരുത്.—1 പത്രൊ. 3:3.
4, 5. ക്രിസ്തീയ സ്ത്രീപുരുഷന്മാർ എന്തു സംബന്ധിച്ച് ജാഗ്രത പാലിക്കണം?
4 കേശാലങ്കാരത്തിലും ‘പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം എന്നിവയുടെ’ ഉപയോഗത്തിലും അതിരുവിടാതിരിക്കാൻ പൗലൊസ് മുന്നറിയിപ്പു നൽകി. (1 തിമൊ. 2:10) ആഭരണങ്ങളുടെയും മേക്കപ്പിന്റെയും മറ്റ് അലങ്കാരങ്ങളുടെയും കാര്യത്തിൽ സമനില പാലിക്കുന്നത് ഒരു ക്രിസ്തീയ സ്ത്രീയെ സംബന്ധിച്ചിടത്തോളം ജ്ഞാനപൂർവകമായ ഗതിയായിരിക്കും.—സദൃ. 11:2, NW.
5 ക്രിസ്തീയ സ്ത്രീകൾക്ക് പൗലൊസ് നൽകിയ ബുദ്ധിയുപദേശം തത്ത്വത്തിൽ ക്രിസ്തീയ പുരുഷന്മാർക്കും ബാധകമാണ്. ലോകത്തിന്റെ പ്രവണതകളെ പ്രതിഫലിപ്പിക്കുന്ന ഫാഷനുകൾ ഒഴിവാക്കാൻ സഹോദരന്മാർ ശ്രദ്ധിക്കണം. (1 യോഹ. 2:16) ഉദാഹരണത്തിന്, ചില ദേശങ്ങളിൽ അമിത വലുപ്പത്തിലുള്ള, ബാഗി വസ്ത്രങ്ങൾ പ്രചാരത്തിലുണ്ട്. എന്നാൽ ദൈവത്തിന്റെ ഒരു ശുശ്രൂഷകനു ചേർന്ന വസ്ത്രധാരണമായിരിക്കില്ല അത്.
6. കൺവെൻഷനു വരുമ്പോഴും പോകുമ്പോഴും പരിപാടിയുടെ സമയത്തും അതിനു ശേഷവുമെല്ലാം വസ്ത്രധാരണത്തിലും ചമയത്തിലും നാം ഉയർന്ന നിലവാരം പുലർത്തേണ്ടത് എന്തുകൊണ്ട്?
6 പരിപാടി കഴിഞ്ഞുള്ള സമയത്ത്: പരിപാടിയുടെ സമയത്ത് മിക്ക സഹോദരീസഹോദരന്മാരും വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ നല്ല മാതൃക വെക്കുന്നു. എന്നാൽ, കൺവെൻഷൻ സ്ഥലത്തേക്കു വരുകയും തിരിച്ചുപോകുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ അല്ലെങ്കിൽ പരിപാടിക്കു ശേഷമുള്ള സമയങ്ങളിൽ ചിലർ ഇക്കാര്യത്തിൽ അശ്രദ്ധ കാണിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിപാടിയുടെ സമയത്തായാലും മറ്റു സമയങ്ങളിലായാലും നമ്മുടെ വസ്ത്രധാരണവും ചമയവും മറ്റുള്ളവർ ദൈവജനത്തെ വീക്ഷിക്കുന്ന വിധത്തെ തീർച്ചയായും സ്വാധീനിക്കുന്നുണ്ട്. നാം കൺവെൻഷൻ ബാഡ്ജ് കാർഡ് ധരിക്കുന്നതിനാൽ എപ്പോഴും ക്രിസ്തീയ ശുശ്രൂഷകർക്ക് അനുയോജ്യമായ വസ്ത്രധാരണമായിരിക്കണം നമ്മുടേത്. ഇത് മിക്കപ്പോഴും, നമ്മെ അഭിനന്ദിച്ചു സംസാരിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു, അതുപോലെ അത് നല്ല ഒരു സാക്ഷ്യം നൽകാനുള്ള അവസരവും തുറന്നുതരുന്നു.—1 കൊരി. 10:31-33.
7. നമ്മുടെ മാന്യമായ വസ്ത്രധാരണവും ചമയവും മറ്റുള്ളവരിൽ എന്തു ഫലം ഉളവാക്കിയേക്കാം?
7 സൗഹൃദം തുളുമ്പുന്ന ഒരു പുഞ്ചിരി നമ്മുടെ മുഖകാന്തി വർധിപ്പിക്കുന്നതുപോലെ മാന്യമായ വസ്ത്രധാരണവും ചമയവും നാം വഹിക്കുന്ന സന്ദേശത്തിനും നാം പ്രതിനിധാനം ചെയ്യുന്ന സംഘടനയ്ക്കും ബഹുമതി കൈവരുത്തുന്നു. ഈ വർഷത്തെ “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളുടെ സമയത്ത് നമ്മെ നിരീക്ഷിക്കാൻ ഇടയാകുന്നവർ, നാം വ്യത്യസ്തരായിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് അന്വേഷിക്കാൻ പ്രേരിതരായേക്കാം. കാലാന്തരത്തിൽ അവർ ഇങ്ങനെ പറയുകപോലും ചെയ്തേക്കാം: “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു.” (സെഖ. 8:23) നമ്മുടെ വസ്ത്രധാരണത്താലും ചമയത്താലും നമുക്ക് ഓരോരുത്തർക്കും യഹോവാഭയം പ്രകടമാക്കാം.
[5-ാം പേജിലെ ചതുരം]
വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ മാന്യത പാലിക്കുക
▪ കൺവെൻഷനു പോകുമ്പോൾ
▪ കൺവെൻഷൻ സ്ഥലത്തായിരിക്കുമ്പോൾ
▪ പരിപാടി കഴിഞ്ഞുള്ള സമയത്ത്