നിർമലവും പ്രശംസാർഹവുമായ വസ്ത്രധാരണവും ചമയവും
1 “യഹോവയുടെ സാക്ഷികൾ വളരെ നല്ല ആളുകളാണ്! നിങ്ങൾ ദയയുള്ളവരും നന്നായി വസ്ത്രധാരണം ചെയ്യുന്നവരും ആഴമായ ബഹുമാനം കാണിക്കുന്നവരുമാണ്.” കഴിഞ്ഞ വർഷത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ സമയത്ത് ചില സഹോദരീസഹോദരന്മാർ താമസിച്ച ഒരു ഹോട്ടലിന്റെ പ്രതിനിധിയാണ് ഇങ്ങനെ പറഞ്ഞത്. മറ്റൊരു കൺവെൻഷൻ സ്ഥലത്തെ ഒരു ഹോട്ടൽ ജീവനക്കാരി അഭിപ്രായപ്പെട്ടു: “ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധത്തിലാണ് നിങ്ങൾ വസ്ത്രം ധരിക്കുന്നത് എന്നതു പ്രകടമാണ്.” അതേ, കൺവെൻഷന് എത്തുന്നവരെ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് നമ്മുടെ വസ്ത്രധാരണം ‘സുവിശേഷത്തിനു യോഗ്യമാംവണ്ണം’ ആയിരിക്കാൻ നാം ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുന്നത് സാക്ഷികളല്ലാത്തവർ നമ്മെ പ്രശംസിക്കാനും നാം ദൈവത്തിന്റെ ദാസരാണെന്നു വ്യക്തമാക്കാനും പലപ്പോഴും ഇടയാക്കിയിട്ടുണ്ട്. (ഫിലി. 1:27) നാം ഡിസ്ട്രിക്റ്റ് കൺവെൻഷനു തയ്യാറെടുക്കവേ, നമ്മുടെ വസ്ത്രധാരണത്തിനും ചമയത്തിനും മുൻകൂർ ശ്രദ്ധ കൊടുക്കുന്നത് ഉചിതമാണ്.
2 “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മല”മാകുന്നു എന്ന് ശിഷ്യനായ യാക്കോബ് എഴുതി. (യാക്കോ. 3:17) നമ്മുടെ വസ്ത്രധാരണത്തിലും ചമയത്തിലും നിർമലത പ്രതിഫലിപ്പിക്കുക എന്നത് ഒരു വെല്ലുവിളി ആയിരുന്നേക്കാം. അടക്കവും ഒതുക്കവും ഇല്ലാത്തതോ ലൈംഗിക വികാരമുണർത്തുന്നതോ വിചിത്രമോ ആയ വസ്ത്രധാരണ രീതികൾ പിൻപറ്റാൻ സാത്താന്റെ അധാർമികലോകം ആളുകളെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. (1 യോഹ. 2:15-17) അതുകൊണ്ട് വസ്ത്രധാരണവും ചമയവും സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുമ്പോൾ നാം, “ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോ”ടെ ജീവിക്കാനുള്ള ബൈബിളിന്റെ പ്രബോധനത്തിനു ചെവികൊടുക്കേണ്ടതുണ്ട്. (തീത്തൊ. 2:13) നമ്മുടെ സഹോദരങ്ങൾ, ഹോട്ടൽ-റെസ്റ്ററന്റ് ജോലിക്കാർ, മറ്റു നിരീക്ഷകർ എന്നിങ്ങനെ ആരെയും നമ്മുടെ ആകാരത്താൽ ഇടറിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുകയില്ല.—1 കൊരി. 10:32, 33.
3 മാന്യവും യോഗ്യവുമായ വസ്ത്രം: കൺവെൻഷനുവേണ്ടി തയ്യാറാകുമ്പോൾ സ്വയം ചോദിക്കുക: ‘എന്റെ വസ്ത്രധാരണം മാന്യമാണോ, അതോ അത് അനാവശ്യമായി മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുമോ? അതു മറ്റുള്ളവരുടെ വികാരങ്ങളെ ആദരിക്കുന്ന തരത്തിലുള്ളത് ആണോ? എന്റെ ബ്ലൗസ്, വളരെ ഇറക്കിവെട്ടിയതോ വളരെ ഇറക്കം കുറഞ്ഞതോ ആണോ? ഞാൻ ധരിക്കുന്ന വസ്ത്രങ്ങൾ ശരീരവടിവ് എടുത്തുകാട്ടുന്നതോ ഇറുകിയതോ ആണോ? എന്റെ വസ്ത്രം, വൃത്തിയുള്ളതും ദുർഗന്ധമില്ലാത്തതുമാണോ? ഹോട്ടലിൽ ആഹാരം കഴിക്കുമ്പോഴോ കൺവെൻഷൻ പരിപാടിക്കുശേഷം വിശ്രമിക്കുമ്പോഴോ എന്റെ വസ്ത്രവും മറ്റും ഒരു ക്രിസ്തീയ ശുശ്രൂഷകനു ചേരുന്നവിധം വൃത്തിയും വെടിപ്പുമുള്ളത് ആയിരിക്കുമോ, അതോ എന്റെ വസ്ത്രധാരണം അലസവും ഫാഷൻ പ്രദർശനം പോലുള്ളതും സന്ദർഭത്തിന് അനുയോജ്യമല്ലാത്തതും ബാഡ്ജ് കാർഡ് ധരിക്കുന്ന ഒരു കൺവെൻഷൻ പ്രതിനിധിക്കു ചേരാത്തതും ആയിരിക്കുമോ? വിശ്രമവേളകളിൽ ഞാൻ ധരിക്കുന്ന വസ്ത്രം, അനൗപചാരിക സാക്ഷീകരണം നടത്തുന്നതിൽനിന്ന് എന്നെ തടയുംവിധം നാണക്കേടുണ്ടാക്കുന്നത് ആയിരിക്കുമോ?’—റോമ. 15:2, 3; 1 തിമൊ. 2:9.
4 പക്വതയുള്ള ക്രിസ്ത്യാനികളുടെ നിർദേശങ്ങളിൽനിന്നു നമുക്കു പ്രയോജനം നേടാൻ കഴിയും. തങ്ങളുടെ വസ്ത്രധാരണത്തെ കുറിച്ച് മറ്റുള്ളവർ എന്തു വിചാരിച്ചേക്കാം എന്നതു സംബന്ധിച്ച് ഭാര്യമാർ ഭർത്താക്കന്മാരോടു ചോദിക്കണം. ക്രിസ്തീയ മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ കൗമാരപ്രായക്കാരായ മക്കളെ സഹായിക്കാനാകും. കൂടുതലായി, “ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്ന്” ആദരണീയരും പ്രായമുള്ളവരുമായ സഹോദരിമാർക്ക് ‘ചെറുപ്പക്കാരികളെ സുബോധവും നിർമലതയും’ (NW) ഉള്ളവരായിരിക്കാൻ പ്രബോധിപ്പിക്കാൻ കഴിയും. (തീത്തൊ. 2:3-5) മാന്യവും യോഗ്യവുമായ വസ്ത്രധാരണം എങ്ങനെയുള്ളതാണ് എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ചിത്രങ്ങൾ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഉണ്ട്.
5 യഹോവയ്ക്കു സ്തുതി കരേറ്റുക: ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ, പരിപാടികളിൽ പങ്കെടുക്കുന്നവർക്കു മാത്രമല്ല, നമുക്ക് എല്ലാവർക്കും യഹോവയെ സ്തുതിക്കുന്നതിനുള്ള നല്ല അവസരം പ്രദാനം ചെയ്യുന്നു. തീർച്ചയായും നമ്മുടെ ക്രിസ്തീയ നടത്തയും സംസാരവും അവനു ബഹുമതി നൽകും. എന്നാൽ പലരും ആദ്യം ശ്രദ്ധിക്കുന്നത് നമ്മുടെ വസ്ത്രധാരണവും ചമയവും ആയിരിക്കും. നിർമലവും പ്രശംസാർഹവുമായ വസ്ത്രധാരണത്താലും ചമയത്താലും നാമെല്ലാം യഹോവയ്ക്കു സ്തുതി കരേറ്റുമാറാകട്ടെ.—സങ്കീ. 148:12, 13.
[അധ്യയന ചോദ്യങ്ങൾ]
1. ഡിസ്ട്രിക്റ്റ് കൺവെൻഷനുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, നമ്മുടെ വസ്ത്രധാരണത്തിനും ചമയത്തിനും ശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ട്?
2. നിർമലതയോടെയുള്ള വസ്ത്രധാരണവും ചമയവും ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നത് എന്തുകൊണ്ട്?
3. നമ്മുടെ വസ്ത്രധാരണവും ചമയവും വിലയിരുത്താൻ ഏതു ചോദ്യങ്ങൾ സഹായിക്കും?
4. വസ്ത്രധാരണത്തിലും ചമയത്തിലും നിർമലത പ്രതിഫലിപ്പിക്കാൻ മറ്റുള്ളവർക്കു നമ്മെ സഹായിക്കാൻ കഴിയുന്നതെങ്ങനെ?
5. കൺവെൻഷൻ സമയത്ത് നമുക്ക് എല്ലാവർക്കും യഹോവയ്ക്കു സ്തുതി കരേറ്റാനാകുന്നത് ഏതു വിധത്തിൽ?
[6-ാം പേജിലെ ചതുരം]
പ്രശംസാർഹമായ വസ്ത്രധാരണത്തിനും ചമയത്തിനുമുള്ള സഹായങ്ങൾ
◼ ദൈവവചനം
◼ ആത്മപരിശോധന
◼ മറ്റുള്ളവരുടെ നിർദേശങ്ങൾ
◼ ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ