ഷഡ്പദങ്ങളുടെ പറക്കൽരഹസ്യം ചുരുളഴിഞ്ഞു
ഭാരിച്ച ശരീരവും ലോലമായ ചിറകുകളുമുള്ള ഷഡ്പദങ്ങൾക്കു പറക്കാൻ കഴിയുന്നതെങ്ങനെയെന്ന് ശാസ്ത്രജ്ഞന്മാർ ദീർഘനാളായി അത്ഭുതപ്പെട്ടിട്ടുണ്ട്. ഈ കൊച്ചു ജീവികൾ വായുഗതികത്തിന്റെ സാധാരണ തത്ത്വങ്ങളെ മറികടക്കുന്നതായി തോന്നുന്നു. ഷഡ്പദങ്ങൾ, അസാധ്യമായി തോന്നുന്ന ഈ അഭ്യാസക്കളി നടത്തുന്നതെങ്ങനെയെന്ന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലുള്ള ഗവേഷകർ ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നു.
ഷഡ്പദങ്ങളുടെ പറക്കലിനെക്കുറിച്ചു പഠിക്കാനായി ശാസ്ത്രജ്ഞന്മാർ ഒരു ഹാക് ശലഭത്തെ പരുത്തി നൂൽകൊണ്ടു കെട്ടി വിൻഡ് ടണലിനകത്തു വെച്ചു. അവർ വിഷലിപ്തമല്ലാത്ത പുക ടണലിനുള്ളിലേക്കു കടത്തിവിടുകയും ശലഭം ചിറകുകൾ അനക്കിയപ്പോൾ പുക നീങ്ങിയ വിധം ശ്രദ്ധിക്കുകയും ചെയ്തു. അടുത്തതായി അവർ ശലഭത്തിന്റെ ഒരു യന്ത്രമാതൃക നിർമിച്ചു. ശലഭത്തെക്കാൾ 10 ഇരട്ടി വലുപ്പമുള്ള അത് ചിറകുകൾ ചലിപ്പിച്ചത് 100 ഇരട്ടി സാവധാനത്തിലാണ്. ഇപ്പോൾ വ്യക്തമായി കാണാൻ കഴിയുന്ന ഫലങ്ങൾ അവർ നിരീക്ഷിച്ചു. ശലഭത്തിന്റെ ചിറക് താഴോട്ടു ചലിക്കാൻ തുടങ്ങുമ്പോൾ ചിറകിന്റെ ചുവട്ടിൽ വായുവിന്റെ ഒരു ഭ്രമിളം അഥവാ ചുഴി രൂപംകൊള്ളുന്നതായി അവർ കണ്ടെത്തി. അതിന്റെ ഫലമായി ചിറകിന്റെ മുകളിലുണ്ടാകുന്ന നിമ്നമർദം ഉത്ഥാപകം (lift) പ്രദാനം ചെയ്യുകയും അങ്ങനെ ഷഡ്പദം മുകളിലേക്കുയരുകയും ചെയ്യുന്നു. ഭ്രമിളം നിലച്ചുപോകുന്നെങ്കിൽ ശലഭത്തിന് ഉത്ഥാപകം ലഭിക്കാതാകുകയും അത് കുത്തനെ നിലംപതിക്കുകയും ചെയ്യും. എന്നാൽ, വായൂ ചുഴി ചിറകിന്റെ മുന്നരികിലൂടെ അതിന്റെ അഗ്രഭാഗത്തേക്കു നീങ്ങുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന ഉത്ഥാപകം—അത് ശലഭത്തിന്റെ ഭാരത്തിന്റെ ഒന്നര ഇരട്ടിക്കു തുല്യമാണ്—ഷഡ്പദത്തെ അനായാസം പറക്കാൻ സഹായിക്കുന്നു.
ഡെൽറ്റാ-വിങ് (ചിറകിന് ഗ്രീക്കക്ഷരമായ Δ-യോടു സാമ്യമുള്ളതുകൊണ്ട് ഇങ്ങനെ അറിയപ്പെടുന്നു) വിമാനത്തിന്റെ ചിറകഗ്രങ്ങളിൽ ഭ്രമിളം രൂപംകൊള്ളുന്നുവെന്നും അത് ഉത്ഥാപകം പ്രദാനം ചെയ്യുന്നുവെന്നും വൈമാനിക എഞ്ചിനീയർമാർക്ക് അറിയാമായിരുന്നു. എന്നാൽ, ചിറകു ചലിപ്പിക്കുന്ന ഷഡ്പദങ്ങളിൽ ഭ്രമിളം എങ്ങനെയാണ് ഉത്ഥാപകം പ്രദാനം ചെയ്യുന്നതെന്ന് ഇപ്പോൾ അവർക്കറിയാം. പ്രൊപ്പല്ലറുകളുടെയും ഹെലികോപ്റ്ററുകളുടെയും രൂപകൽപ്പനയിൽ ഈ പ്രതിഭാസം എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് ഇപ്പോൾ അവരുടെ ചിന്ത.