നോവുന്ന പാദങ്ങൾക്ക് സഹായം
“എന്റെ പാദങ്ങൾ പൊട്ടിപ്പൊളിയുകയാണ്!” അത് ഒരു അതിശയോക്തിയാണ്. എങ്കിലും, ഐക്യനാടുകളിൽ പാദങ്ങളുടെ വേദന ഗുരുതരമായ ഒരു പ്രശ്നമാണ്. അതായത്, അവിടെ അത് ആയിരക്കണക്കിന് പാദരോഗചികിത്സകർക്ക് ഉപജീവനമാർഗമാണ്.
അസ്ഥിശസ്ത്രക്രിയാ വിദഗ്ധനായ ഡോ. മൈക്കിൾ കൗഗ്ലിൻ താൻ 14 വർഷംകൊണ്ടു നടത്തിയ 2,000-ത്തിലധികം പാദശസ്ത്രക്രിയകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു സംഗതി കണ്ടെത്തി. അദ്ദേഹം പറയുന്നു: “എനിക്കു വിശ്വസിക്കാനായില്ല, ആ ശസ്ത്രക്രിയകൾ മിക്കതും നടത്തപ്പെട്ടത് സ്ത്രീകളിലായിരുന്നു.” പാദസംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ച് സ്ത്രീകൾക്ക് ഉണ്ടാകുന്നതെന്തുകൊണ്ടാണ്?
പാകവും ഫാഷനും പാദവും
356 സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയത്, ഏകദേശം 10-ൽ 9 പേരും വല്ലാതെ ഇറുകിയ ഷൂസ് ധരിച്ചിരുന്നുവെന്നാണ്! സ്ത്രീകളുടെ ഷൂസ് നിർമിക്കപ്പെടുന്ന വിധവും പ്രശ്നത്തിനിടയാക്കുന്നു. “ഉപ്പൂറ്റി വീതികുറച്ചും മുൻഭാഗം വീതികൂട്ടിയും ഉണ്ടാക്കുന്നതിനുള്ള സംയോജിത ചെരിപ്പച്ച് ഷൂ നിർമാതാക്കൾ മേലാൽ ഉപയോഗിക്കുന്നില്ല” എന്ന് അസ്ഥിശസ്ത്രക്രിയാ വിദഗ്ധയായ ഫ്രാൻസെസ്ക തോംസൺ വിശദീകരിക്കുന്നു.a
അതുകൊണ്ട്, ഷൂസ് ഇട്ടുനോക്കുമ്പോൾ മുൻഭാഗം നന്നായി പാകമാകുമ്പോൾ ഉപ്പൂറ്റി അയഞ്ഞിരിക്കുന്നതായും ഉപ്പൂറ്റി നന്നായി പാകമാകുമ്പോൾ മുൻഭാഗം ഇറുകിയിരിക്കുന്നതായും പല സ്ത്രീകളും കണ്ടെത്തുന്നു. മറ്റു ചിലർ മുൻഭാഗം ഇറുകിയതെങ്കിലും ഉപ്പൂറ്റി പാകമായ ഷൂസ് തിരഞ്ഞെടുക്കുന്നു. എന്തുകൊണ്ടെന്നാൽ ഉപ്പൂറ്റി പാകമല്ലാത്ത ഷൂസ് തിരഞ്ഞെടുത്താൽ ഓരോ അടി വെക്കുമ്പോഴും കാൽ ചെരിപ്പിന്റെ ഉപ്പൂറ്റിയിൽനിന്ന് തെന്നിപ്പോകും.
പാദാഗ്രം ഷൂവിന്റെ ഇടുങ്ങിയ മുൻഭാഗത്തേക്ക് കുത്തിത്തിരുകുന്നത് വളരെ അസ്വാസ്ഥ്യജനകമാണ്. അതും പോരാഞ്ഞിട്ട് രൂപകൽപ്പനാവിദഗ്ധർ ഷൂവിന്റെ ഉപ്പൂറ്റിയുടെ ഉയരം ഏതാനും സെൻറിമീറ്റർ കൂട്ടുകയും ചെയ്യുന്നു. ഉപ്പൂറ്റി ഉയർന്ന ചെരിപ്പ് ഫാഷനാണെങ്കിലും അത് മുഴു സമ്മർദവും പെരുവിരലിന്റെ അടിയിൽ ചെലുത്തുകയും അപ്പോൾത്തന്നെ വല്ലാതെ ഇടുങ്ങിയിരിക്കുന്ന ഷൂവിന്റെ മുൻഭാഗത്തേക്ക് പാദത്തെ തള്ളുകയും ചെയ്യുന്നു. “ഉപ്പൂറ്റി പൊങ്ങിയ, ആരോഗ്യാവഹമായ ഷൂ എന്നു പറയുന്ന ഒന്നില്ല” എന്ന് പാദരോഗചികിത്സകനായ ഡോ. ഡേവിഡ് ഗാരറ്റ് തറപ്പിച്ചുപറയുന്നു. ഉപ്പൂറ്റി ഉയർന്ന ചെരിപ്പ് പാദത്തിനും കണ്ണയ്ക്കും ചെറുവണ്ണത്തുടയ്ക്കും മുട്ടിനും മുതുകിനും ക്രമേണ കേടുവരുത്തുമെന്ന് ചിലർ പറയുന്നു. അവ കാലുകളിലെ പേശികളും സ്നായുക്കളും സങ്കോചിക്കുന്നതിനും ഇടയാക്കുന്നു. ഇത് പ്രത്യേകിച്ചും ഓട്ടക്കാർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കാൻ ഇടയാക്കുന്നു.
സ്ത്രീകളുടെ പാദങ്ങൾ അതനുഭവിക്കുന്ന കഷ്ടങ്ങളോട് നന്നായി പൊരുത്തപ്പെടുന്നില്ല. വാസ്തവത്തിൽ, പാദത്തിന്റെ മുൻവശത്തിനു മാത്രമേ വർഷങ്ങൾകൊണ്ടു വീതി കൂടുന്നുള്ളു—ഒരാൾക്കു പ്രായപൂർത്തിയായാലും അതിനു വികസിക്കാൻ കഴിയും. എന്നാൽ ഉപ്പൂറ്റിയുടെ കാര്യം അങ്ങനെയല്ല. “ഉപ്പൂറ്റിയിൽ ഒരസ്ഥിയേയുള്ളൂ. 14-ാം വയസ്സിലെ വലുപ്പമേ 84-ാം വയസ്സിലും അതിന് ഉണ്ടായിരിക്കൂ” എന്ന് ഡോ. തോംസൺ പറയുന്നു. ഇത്, ഉപ്പൂറ്റിമുതൽ കാൽവിരൽവരെ നന്നായി പാകമാകുന്ന ഷൂ കണ്ടെത്താനുള്ള സ്ത്രീകളുടെ ബുദ്ധിമുട്ട് വർധിപ്പിക്കുന്നു.
ഷോപ്പിങ് നുറുങ്ങുകൾ
ഷൂസിന്റെ പാകവും ഫാഷനും പ്രശ്നം സൃഷ്ടിക്കെ സ്ത്രീകൾക്ക് പാദങ്ങളുടെ വേദന എങ്ങനെ തടയാനാകും? ഉത്തരം ചെരിപ്പു കടയിൽതന്നെ തുടങ്ങുന്നു. ചില വിദഗ്ധർ പിൻവരുന്ന കാര്യങ്ങൾ നിർദേശിക്കുന്നു:
● ഷൂ വാങ്ങൽ വൈകുന്നേരമാക്കുക. അപ്പോൾ നിങ്ങളുടെ പാദങ്ങൾ അൽപ്പം ചീർത്തിരിക്കും.
● ഷൂ രണ്ടും ഇട്ടുനോക്കുക—ഒരെണ്ണം മാത്രം പോരാ.
● ഉപ്പൂറ്റി പാകമാണെന്നും ഷൂവിന്റെ മുൻഭാഗത്തിന് നീളവും വീതിയും ഉയരവും ഒക്കെ ആവശ്യത്തിനുണ്ടെന്നും ഉറപ്പുവരുത്തുക.
● കടയിലെ വളരെ മൃദുവായ പരവതാനിയിലൂടെ നടക്കുമ്പോൾ പാകമല്ലാത്ത ഷൂസുപോലും തത്കാലത്തേക്ക് സുഖകരമായി തോന്നുമെന്ന കാര്യം ഓർമിക്കുക.
● മിനുസത്തുകൽകൊണ്ടോ കൃത്രിമ പദാർഥങ്ങൾകൊണ്ടോ ഉണ്ടാക്കിയ ഷൂസ് ധരിക്കുന്നത് ഒഴിവാക്കുക. മയമുള്ള തുകലിൽനിന്നും ഊറയ്ക്കിടാത്ത ആട്ടിൻതോലിൽനിന്നും വ്യത്യസ്തമായി അവ നടക്കുമ്പോൾ വഴങ്ങിത്തരുന്നില്ല.
● ഉപ്പൂറ്റി വളരെ ഉയർന്ന ഷൂസ് വാങ്ങിക്കുമ്പോൾ കൂടുതലായി അകത്തു നിറയ്ക്കാൻ തുകൽ സോളുകൾ ഉപയോഗിക്കുക. ഉപ്പൂറ്റി ഉയർന്ന ചെരിപ്പുകൾ കുറച്ചു നേരത്തേക്കു മാത്രം ധരിക്കുക. ദിവസത്തിൽ ഇടയ്ക്കിടയ്ക്ക് ഉപ്പൂറ്റി താഴ്ന്ന ചെരിപ്പുകൾ ധരിക്കുക.
കൂടാതെ, വാങ്ങിക്കുന്ന സമയത്തുതന്നെ ഷൂസ് ഇട്ടു നടക്കാൻ സുഖമുള്ളതായിരിക്കണമെന്ന് എപ്പോഴും ഓർമിക്കുക. കുറച്ചു നാൾകൊണ്ട് ഷൂസ് വലിഞ്ഞു വികസിച്ചുകൊള്ളും എന്ന ആളുകളുടെ വിശ്വാസം ശരിയല്ല. “ഇറുകിപ്പിടിച്ചിരിക്കുന്ന ഷൂ കുറച്ചുനാളിട്ടു കഴിയുമ്പോൾ ശരിയായിക്കൊള്ളും എന്ന് വിൽപ്പനക്കാരൻ പറയുന്നത് ഒരിക്കലും വിശ്വസിക്കരുത്. അയാളുടെ വാക്കു വിശ്വസിച്ചാൽ നിങ്ങളുടെ പാദങ്ങൾ പൊട്ടും” എന്ന് ഡോ. കൗഗ്ലിൻ മുന്നറിയിപ്പു നൽകുന്നു.
മുൻഭാഗം ഇറുകിയതും ഉപ്പൂറ്റി പാകമുള്ളതും അല്ലെങ്കിൽ മുൻഭാഗം പാകമുള്ളതും ഉപ്പൂറ്റി അയഞ്ഞതും എന്നിങ്ങനെ രണ്ടു തിരഞ്ഞെടുപ്പുകളേ ഉള്ളെങ്കിലോ? ശരിയാക്കാൻ എളുപ്പമുള്ളത് ഏതാണെന്ന് നിങ്ങൾ തീരുമാനിക്കണം എന്ന് പാദരോഗചികിത്സകയായ ഡോ. ആനൂ ഗോയൽ പറയുന്നു. “രണ്ടു വിധത്തിൽ ഇതു ചെയ്യാം. ഒന്നുകിൽ, മുൻഭാഗത്തിന് ആവശ്യത്തിന് വീതിയുള്ള ഷൂസ് വാങ്ങിയിട്ട് പാഡുകൾ തിരുകി ഉപ്പൂറ്റി ശരിയാക്കാം. അല്ലെങ്കിൽ ഉപ്പൂറ്റി പാകമുള്ള ഷൂ വാങ്ങിയിട്ട് മുൻഭാഗം വലിച്ചുനീട്ടാം. എന്നാൽ സാധാരണഗതിയിൽ ഈ വിദ്യ തുകൽ ഷൂസിലേ ഫലിക്കുകയുള്ളൂ,” അവർ പറയുന്നു.
പല സ്ത്രീകളും ദിവസം 15 കിലോമീറ്റർ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് അവർ തങ്ങളുടെ പാദരക്ഷകൾ പരിശോധിക്കുന്നതു നന്നായിരിക്കും. “പാദങ്ങളെ കൂടുതൽ കരുതലോടെ പരിചരിക്കുക വഴി—പ്രത്യേകിച്ചും പാകമുള്ള ഷൂസ് ധരിക്കുകവഴി—പാദങ്ങൾക്കുണ്ടാകുന്ന മിക്ക പ്രശ്നങ്ങളും നിങ്ങൾക്കു പൂർണമായി തടയാനാകും” എന്ന് അമേരിക്കൻ ഹെൽത്ത് മാഗസിൻ പറയുന്നു.
[26-ാം പേജിലെ ചതുരം]
പാദങ്ങൾക്ക് സാധാരണ ഉണ്ടാകാറുള്ള നാലു പ്രശ്നങ്ങൾ
പെരുവിരൽവീക്കം. പെരുവിരലിന്റെ ചുവട്ടിലുണ്ടാകുന്ന വീക്കമാണിത്. പാരമ്പര്യമായി കിട്ടിയതല്ലെങ്കിൽ അതുണ്ടായത് ഇറുകിപ്പിടിച്ചതോ ഉപ്പൂറ്റി ഉയർന്നതോ ആയ ഷൂസ് ധരിച്ചതുകൊണ്ടായിരിക്കാം. ചൂടു പിടിക്കുകയോ ഐസു വെക്കുകയോ ചെയ്താൽ വേദനയ്ക്ക് തത്കാല ശമനം ലഭിക്കും. എന്നാൽ അതു പാടേ നീക്കം ചെയ്യാൻ ശസ്ത്രക്രിയ വേണം.
വളഞ്ഞ കാൽവിരലുകൾ. പാദാഗ്രത്തിൽ വളരെയധികം സമ്മർദം ചെലുത്തുന്ന ഷൂസ് ധരിക്കുന്നതുമൂലം കാൽവിരലുകൾ കീഴ്പോട്ടു മടങ്ങിനിൽക്കുന്ന അവസ്ഥ. ഈ വൈകല്യം ശരിയാക്കുന്നതിന് ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.
ആണി. ഉരസലും സമ്മർദവും കാരണം കാൽവിരലുകളിലുണ്ടാകുന്ന കോണാകൃതിയിലുള്ള തടിപ്പുകൾ. വല്ലാതെ ഇടുങ്ങിയ ഷൂസ് ധരിക്കുന്നതും ചിലപ്പോൾ ഇതിനിടയാക്കിയേക്കാം. വീട്ടുചികിത്സകൾ തത്കാല ശമനം നൽകിയേക്കാം. എന്നാൽ ഉരസലുണ്ടാക്കുന്ന വികലമായ കാൽവിരലുകൾ ശരിയാക്കാൻ സാധാരണഗതിയിൽ ശസ്ത്രക്രിയ ആവശ്യമാണ്.
തഴമ്പ്. കട്ടിയുള്ള, നിർജീവമായ ചർമപാളികൾ പാദങ്ങളെ തുടർച്ചയായ ഉരസലിൽനിന്നു സംരക്ഷിക്കുന്നു. ഇളം ചൂടുവെള്ളത്തിലും എപ്സം സോൾട്ടുകളിലും പാദം മുക്കിവെക്കുന്നത് മൃദുത്വം പ്രദാനം ചെയ്യും. എന്നാൽ അവ മുറിക്കാൻ ശ്രമിക്കരുത്, അണുബാധയുണ്ടായേക്കാം.
[അടിക്കുറിപ്പുകൾ]
a ചെരിപ്പ് ആകൃതിപ്പെടുത്തുന്നതിനുള്ള പാദത്തിന്റെ ആകൃതിയിലുള്ള അച്ചാണ് “ചെരിപ്പച്ച്.”
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Complete Encyclopedia of Illustration/ J. G. Heck