ചെരുപ്പുകളുടെ ഫാഷനുകളിലേക്ക് ഒരു കുനിഞ്ഞുനോട്ടം
ഒരു ചെരുപ്പു കടയുടെ പ്രദർശന ജനാലയിലേക്ക് അടുത്തയിടെയെങ്ങാനും നിങ്ങൾ നോക്കിയിട്ടുണ്ടോ? നിങ്ങൾ കാണുന്നതു നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. പാദുക പരിഷ്കാരങ്ങളിലെ വൈവിധ്യങ്ങൾക്കു പ്രത്യേകിച്ച് സ്ത്രീകൾക്കുള്ളവക്ക് അവസാനമില്ലാത്തതായി തോന്നും.
ഓരോ വർഷവും ഏതാണ്ട് 2,00,000 പുതിയ പാദരക്ഷാ ഡിസൈനുകൾ അമേരിക്കൻ ഐക്യനാടുകളിൽ തന്നെ ഉണ്ടാക്കുന്നു. കൂടുതൽ അല്ലെങ്കിൽപോലും അത്രയും തന്നെ എണ്ണത്തിന് യൂറോപ്യൻ ഡിസൈനർമാരും രൂപം നൽകുന്നു. എന്നാൽ വിപണിയിൽ എത്താൻ കഴിയുന്നതിനു മുമ്പുതന്നെ അവയിൽ ഏതാണ്ടു പകുതിയോളം പുറന്തള്ളപ്പെടുന്നു; ശേഷിക്കുന്ന പകുതിയിൽ ഏതാണ്ട് 25,000 എണ്ണം മാത്രം ലാഭകരമാകുന്നു. ഇപ്പോഴും അതു മനസ്സുകളെ അന്ധാളിപ്പിക്കുന്ന ഒരു സംഖ്യയാണ്. ചെരിപ്പു വാങ്ങൽ എന്നത് ചിലർക്ക് അത്രമാത്രം ഉത്സാഹജനകവും മററുചിലർക്ക് അത്രമാത്രം മടുപ്പുളവാക്കുന്നതുമായിരിക്കുന്നതിൽ അത്ഭുതമില്ല.
ചില അടിസ്ഥാന രൂപങ്ങളുടെ വൈവിധ്യങ്ങൾ
ചെരിപ്പുകളിലെ ഫാഷനുകളുടെ അനന്തമായ ഘോഷയാത്രയെപ്പററി നിങ്ങൾക്കുള്ള വികാരം എന്തുതന്നെയായാലും ഈ ആയിരക്കണക്കിനു പാദരക്ഷാഫാഷനുകൾ, യഥാർത്ഥത്തിൽ ചെരുപ്പുകളുടെ കേവലം ചുരുക്കം ചില അടിസ്ഥാന തരങ്ങളുടെ വകഭേദങ്ങൾ മാത്രമാണ് എന്ന് നിങ്ങൾ വിശ്വസിക്കുമോ?
പിൻവരുന്ന ചിത്രങ്ങൾ ചെരുപ്പുകളിലെ ഏഴ് അടിസ്ഥാന തരങ്ങൾ എന്താണ് എന്നു നിങ്ങൾക്കു വ്യക്തമായ ആശയം നൽകും. ഓക്സ്ഫോർഡ്, ബൂട്ട്, പമ്പ്, ക്ലോഗ്, മ്യൂൾ, സാൻഡൽ അഥവാ മെതിയടി, മൊക്കാസിൻ ഇവയാണവ. ഓരോ വർഷവും ആയിരക്കണക്കിന് പുതിയ ഡിസൈനുകളുടെ പ്രളയം നമുക്കു ചുററുമുണ്ടാകുന്നുണ്ടെങ്കിലും—ഫാഷൻപ്രേമികൾ ഏററവും ആധുനികമായതിൽ തങ്ങൾ നിലനിൽക്കുന്നു എന്ന് അഭിമാനം കൊള്ളുന്നുണ്ടെങ്കിലും—ഓക്സ്ഫോർഡിനുശേഷം കഴിഞ്ഞ 350 വർഷങ്ങളിൽ പാദരക്ഷകളിൽ ഒരു അടിസ്ഥാനതരം പോലും രംഗപ്രവേശം ചെയ്തിട്ടില്ല എന്നതാണ് കാര്യങ്ങളുടെ സത്യം. സാൻഡൽ അഥവാ മെതിയടി, മൊക്കാസിൻ തുടങ്ങിയ ഏററവും പഴക്കം ചെന്ന അടിസ്ഥാന തരങ്ങൾ അക്ഷരാർത്ഥത്തിൽ ആയിരക്കണക്കിനു വർഷങ്ങളോളം പിന്നോട്ടുപോകുന്നു.
ഇന്ന് സ്ത്രീകളുടെ ചെരുപ്പുകൾ വൈവിധ്യത്തിലും എണ്ണത്തിലും പുരുഷൻമാരുടേതിനേക്കാൾ ബഹുദൂരം മുന്നിലായിരിക്കുന്നു. എന്നാൽ, ഏഴു അടിസ്ഥാന തരങ്ങളും, മുഴുവൻതന്നെ പുരുഷൻമാർക്കുവേണ്ടിയും പുരുഷൻമാരാലുമാണ് രൂപസംവിധാനം ചെയ്യപ്പെട്ടത്. തീർച്ചയായും രൂപഭാവങ്ങൾ, പണിയുടെ ശൈലി, ഉപയോഗിക്കുന്ന പദാർത്ഥം ഇവക്കെല്ലാം കാലങ്ങളിലൂടെ വളരെ മാററങ്ങൾ വന്നിട്ടുണ്ട്; എന്നാൽ ഈ ചുരുക്കം അടിസ്ഥാന തരങ്ങളിൽ നിന്നാണ് എല്ലാ അഭിരുചികൾക്കും ജീവിതരീതികൾക്കും യോജിക്കത്തക്കവിധം രൂപഭാവങ്ങളിലെ ആയിരക്കണക്കിനു വകഭേദങ്ങൾ വികാസം പ്രാപിച്ചുവന്നത്. എന്നാൽ ഈ ഏഴ് അടിസ്ഥാന രൂപങ്ങൾ എങ്ങനെയാണ് രൂപംകൊണ്ടത്?
അടിസ്ഥാന തരങ്ങളെ അറിയൽ
ഈ ഏഴു തരങ്ങളിൽ ഏററവും അടുത്തകാലത്തുണ്ടായത് ഓക്സ്ഫോർഡ് ആണ്. പേര്, ഉചിതമായി ഇംഗ്ലണ്ടിലുള്ള ഓക്സ്ഫോർഡിൽ നിന്നുമുളവായി. അവിടെയാണ്, 1600കളുടെ മദ്ധ്യത്തിൽ യൂണിവേഴ്സിററി വിദ്യാർത്ഥികളുടെ ഇടയിൽ ആദ്യമായി ലേസുള്ള ഈ ഷൂ ജനപ്രീതിയാർജ്ജിച്ചത്. ഓക്സ്ഫോർഡിന്റെ മുൻഗാമിയാണ് ബൂട്ട്. ഇത് ജൻമമെടുത്തത് രണ്ടു ഭാഗം ചേർന്നുള്ള ഒരു ഘടകമായിട്ടാണ്; അടിയിൽ ഷൂവും മുകളിൽ കാലുകൾക്കുള്ള തുകലുറയുമായി ഏതാണ്ട് ഒരു ബക്കററിനോട് സദൃശമായതിനാൽ ഫ്രെഞ്ചുകാർ ഇതിനെ “വെള്ളത്തൊട്ടി” എന്നർത്ഥം വരുന്ന ബട്ട് എന്നു വിളിച്ചു എന്നാണ് ഒരു സിദ്ധാന്തം. ക്രമേണ ഈ പദം ബൗട്ട് ആവുകയും ഇംഗ്ലീഷുകാർ 11-ാം നൂററാണ്ടിൽ നോർമൻകാരിൽനിന്ന് കൈക്കൊണ്ടപ്പോൾ അവർ ഇതിനെ ബൂട്ട് എന്നു വിളിക്കുകയും ചെയ്തു.
താണ ഉപ്പൂററിയും കനം കുറഞ്ഞ അടിത്തട്ടുമായി മുൻവശം സാധാരണ രീതിയിലുള്ള ഇറക്കിവെട്ടിയ പരിഷ്കാരിയായ ഒരു ഷൂവാണ് ഇന്ന് പമ്പ്. എലിസബേത്തൻ കാലങ്ങളിലാണ് പ്രകടമായി അത് ഉപയോഗത്തിലായത്. ചിലർ അഭിപ്രായപ്പെടുന്നത് കുതിരവണ്ടിക്കൊപ്പം ഓടേണ്ടിയിരുന്ന സേവകർ അണിഞ്ഞിരുന്നതാണ്, യഥാർത്ഥത്തിൽ പമ്പുകൾ എന്നാണ്. ഇവർക്ക് കുതിരവണ്ടിയിലെ പെഡലുകൾ കാലുകൾകൊണ്ട് ചവിട്ടേണ്ടതുണ്ടായിരുന്നു. കാലക്രമത്തിൽ ഇത് വനിതകൾക്കായുള്ള ഒരു ഷൂവായി വികാസം പ്രാപിച്ചു. ഇത് ഔപചാരിക സന്ദർഭങ്ങളിലും ആഡംബരപൂർണ്ണമായ ചടങ്ങുകളിലും ആചാരപരമായി പൂർണ്ണവും മാന്യവുമായി വസ്ത്രം ധരിച്ചെത്തേണ്ട വേളകളിലും ഇവ അണിയത്തക്കവിധം ജനപ്രീതിയാർജ്ജിച്ച ഒരു പരിഷ്കാരമായിത്തീർന്നു. ഇതു മൂലം ചില വിദഗ്ദ്ധർ വിശ്വസിക്കുന്നത്, “പ്രതാപം, ആഡംബരം, പവിത്ര ഗാംഭീര്യം, മഹിമ, ആർഭാടം” തുടങ്ങിയ അർത്ഥങ്ങളുള്ള ഫ്രഞ്ചുപദമായ പോംപിൽനിന്നാണ് ഈ പേരുത്ഭവിച്ചത് എന്നാണ്.
കൂടുതൽ പഴക്കമുള്ള ക്ലോഗ് അതിന്റെ പേരു സ്വീകരിച്ചിരിക്കുന്നത് ഒരു “തടിക്കഷണം” എന്ന് അർത്ഥം വരുന്ന ഒരു ഇംഗ്ലീഷ് പദത്തിൽ നിന്നാണ്. ഇതിനു കാരണം ആദിമകാല ക്ലോഗുകൾ തടിയിൽ നിന്നു കൊത്തിയെടുക്കപ്പെട്ടവ ആയിരുന്നുവെന്നതാണ്. ഇവ ധരിച്ചിരുന്നത് കൃഷിക്കാരും തൊഴിലാളികളും ആയിരുന്നു, കാരണം ഇവ നിർമ്മിക്കുവാൻ ചെലവു കുറവായിരുന്നു. തുകലിലുള്ള മേൽപണികൾ തടിയിലോ മററു വസ്തുക്കളിലോ ഉള്ള അടിത്തട്ടിൽ ഉറപ്പിച്ചുകൊണ്ട് ഉണ്ടാക്കിയ ക്ലോഗുകൾ ഇന്ന് അനേകമാളുകൾ സന്തോഷത്തോടെ അണിയുന്നു. ക്ലോഗുകളെപ്പോലെ പിൻവശം തുറന്നതാണ് മ്യൂൾ. എന്നാൽ ഇവ കൂടുതൽ പരിഷ്കൃതവും മുറിക്കുള്ളിൽ അണിയുന്നതുമാണെന്നുള്ള വ്യത്യാസം മാത്രം. ഇതിന്റെ രൂപഘടന സുമേര്യരുടെ മുളുവിൽനിന്ന് ഉരുത്തിരിഞ്ഞതാന്നെന്ന് പരിഗണിക്കപ്പെടുന്നു. ഇത് കാലുകളിലേക്ക് എളുപ്പത്തിൽ നിരക്കിക്കടത്താവുന്ന വള്ളികളില്ലാത്ത ഒരു തരം ചെരിപ്പോ പരന്ന അടിത്തട്ടോടുകൂടിയ ഒരു തരം ഷൂവോ ആയിരുന്നു. ഇതിന്റെ ആധുനിക പതിപ്പിൽ ഉപ്പൂററി പിടിപ്പിക്കപ്പെടുകയും അത് ഒരു പരിഷ്കൃത ഷൂവായിത്തീരുകയും ചെയ്തു.
ഏഴു തരങ്ങളിൽ ഏററവും പുരാതനമായത് മെതിയടിയും (സാൻഡൽ) മൊക്കാസിനുമാണ്. ഇവ രണ്ടിൽ ഏററവും അധികം ഉപയോഗിക്കപ്പെട്ടിരുന്നത് മെതിയടിയായിരുന്നു. ബൈബിൾ കാലങ്ങളിലെ സാധാരണ പാദരക്ഷ ഇവയായിരുന്നു. ഇത് ലളിതമായി കാലുകളിൽ വള്ളികളാൽ ബന്ധിക്കപ്പെട്ട ഒരു കഷണം തടിയോ തുകലോ ആയിരുന്നു. മറുവശത്ത് മൊക്കാസിൻ വടക്കേ അമേരിക്കൻ ഇന്ത്യാക്കാർ മൂലം വിഖ്യാതമായിത്തീർന്നു. അവർ ആണ് ഇതിന് ഈ പേർ നൽകിയത്. അതിന്റെ അർത്ഥം ലളിതമായി “കാൽപ്പത്തി ഉറ” എന്നാണ്.
അടുത്ത തവണ നിങ്ങൾ ഒരു ജോഡി ചെരുപ്പു കാണുമ്പോൾ ഏഴു തരങ്ങളിൽ ഏതാണ് അത് എന്ന് നിങ്ങൾക്കു തിരിച്ചറിയാൻ കഴിയുമോ? ആദ്യ നോട്ടത്തിൽ ഇത് അത്ര ലളിതമാണെന്നു തോന്നുവാനിടയില്ല. ഇതിനു കാരണം മാറുന്ന അഭിരുചികൾക്കും പരിഷ്കാരങ്ങൾക്കുമനുസൃതമായി വർഷങ്ങളിലൂടെ ഈ അടിസ്ഥാന തരങ്ങൾ വളരെ സ്വതന്ത്രമായി കാലാനുസൃതമാക്കിയിട്ടുണ്ട് എന്നതാണ്. എന്നാൽ ഒരു സൂക്ഷ്മ പഠനം അതു ഉചിതമായി തിരിച്ചറിയുവാൻ നിങ്ങളെ പ്രാപ്തമാക്കും. ഉദാഹരണമായി ജോഗിങ്ങിനുപയോഗിക്കുന്ന ഷൂവുകൾ ഈ ഏഴു തരങ്ങളിൽ ഏതിലെങ്കിലും ഒന്നുപോലെ കാണപ്പെടുകയില്ലായിരിക്കും. എന്നാൽ വ്യത്യസ്ത വസ്തുക്കളാൽ ഉണ്ടാക്കപ്പെട്ട ഓക്സ്ഫോർഡ് അല്ലാതെ മറെറാന്നുമല്ല അത്. വനിതകളുടെ പിൻവശം തുറന്ന ഷൂ യഥാർത്ഥത്തിൽ വള്ളികൾ കൂട്ടിച്ചേർത്ത ഒരു മ്യൂൾ ആണ്. അതുപോലെ ലോഫർ അടിസ്ഥാനപരമായി കൂടുതൽ ദൃഢമായ അടിത്തട്ടു പിടിപ്പിച്ച ഒരു മൊക്കാസിൻ ആണ്.
ചെരിപ്പുകളുടെ ഫാഷനുകൾ തുടങ്ങിയതെങ്ങനെ?
നൂററാണ്ടുകളോളം പാദരക്ഷാ ഫാഷനുകൾ കർക്കശമായി, ഉന്നത കുലജാതരുടെയും ധനാഢ്യരുടെയും കൈവശാവകാശമായിരുന്നു. സാധാരണക്കാർക്ക് ചെരുപ്പുകൾ കേവലം ചെരുപ്പുകൾ മാത്രമായിരുന്നു—കാലുകൾക്ക് ആവരണവും സംരക്ഷണവും. പ്രവർത്തനക്ഷമത മാത്രമായിരുന്നു പ്രധാന കാര്യം; അവ എങ്ങനെ കാണപ്പെടുന്നു എന്നുള്ളതിന് അൽപം ശ്രദ്ധ മാത്രമെ നൽകപ്പെട്ടിരുന്നുള്ളു. ഇന്നു നാം അറിയുന്നതുപോലെ പരിഷ്കൃതമായ ചെരുപ്പുകളുടെ വ്യാപാരവും മുഴുവൻ ആശയങ്ങളും വളരെ അടുത്ത കാലത്ത് ആരംഭിച്ചതാണ്.
ചെരുപ്പുവ്യാപാരം വികസിതമാകുന്നതിനെ തടഞ്ഞ ഒരു ഘടകം, ചെരുപ്പുകൾ നൂററാണ്ടുകളോളം കൈകളാൽ ഉണ്ടാക്കപ്പെട്ടവയാണ് എന്നതാണ്. അവ നിർമ്മിക്കുവാൻ സമയമെടുത്തു; കൂടാതെ അവ ചെലവു കൂടിയതുമായിരുന്നു. ഭൂരിപക്ഷം ആളുകൾക്കും അവർക്ക് ആവശ്യമുള്ളപ്പോൾ പുതിയ ഒരു ജോഡി ചെരുപ്പുകൾ വാങ്ങുവാൻ കഴിയുകയില്ലായിരുന്നു. ഇവയെല്ലാം മാററിമറിക്കപ്പെട്ടത് 1800കളുടെ മദ്ധ്യത്തിൽ ഐക്യനാടുകളിൽ ചെരുപ്പു നിർമ്മാണ മെഷീനുകളുടെ കടന്നുവരവോടെയാണ്. ഒരു രാത്രികൊണ്ട് ഒരു കൈത്തൊഴിൽ ഒരു വ്യവസായമായി മാറി. ചെരുപ്പുകൾ വ്യാപകമായി ലഭ്യമായെന്നു മാത്രമല്ല, എളുപ്പത്തിൽ വാങ്ങുവാൻ പററുന്നവയുമായി. എന്നാലും മററു രണ്ടു സംഭവങ്ങൾ പാദരക്ഷാ പരിഷ്കാരങ്ങളെ അവയുടെ മാർഗ്ഗത്തിൽ നീങ്ങുന്നതിനു സഹായിച്ചു: 1919-ലെ വോൾസ്റെറഡ് ആക്ട് (നിരോധനം എന്നും അറിയപ്പെടുന്നു) പാസ്സാക്കിയതും സ്ത്രീകൾക്കു വോട്ടവകാശം നൽകുവാനുള്ള ഭരണഘടനാഭേദഗതിയുടെ 1920-ലെ സ്ഥിരീകരണവും.
ഈ സംഭവങ്ങൾ അമേരിക്കൻ സമൂഹത്തിൽ അഗാധമായ മാററങ്ങൾ ഉളവാക്കി. നിരോധനം പുതിയ തരം വിനോദങ്ങളെയും ഡാൻസുകളെയും സംഗീതത്തെയും ആനയിച്ചു. സ്ത്രീകൾ തങ്ങൾക്കു പുതുതായി ലഭിച്ച സ്വാതന്ത്ര്യം ഉപയോഗിച്ച് സ്വയവിമോചന പ്രവർത്തനം എന്നു വിളിക്കപ്പെട്ടതിൽ മുഴുകുകയും പുതുതും വ്യത്യസ്തവുമായ എല്ലാററിന്റെയും പിന്നാലെ പോവുകയും ചെയ്തു. സൗന്ദര്യസംവർദ്ധക വസ്തുക്കൾക്കും കൂടുതൽ ഇറക്കം കുറഞ്ഞ പാവാടകൾക്കും പുതിയ തരം കേശാലങ്കാരങ്ങൾക്കുമൊപ്പം ചെരിപ്പുകളിലെ ഫാഷനുകളോടുള്ള ഒരു ഭ്രമവും എത്തി. ധിക്കാരപരമായ “ഫ്ളാപ്പർ യുഗത്തി”ന് അതിന്റെ പേരു ലഭിച്ചത് തങ്ങളുടെ ചെരുപ്പുകളുടെ കെട്ടഴിച്ചു വിട്ടിരുന്ന ചെറുപ്പക്കാരായ സ്ത്രീകളിൽ നിന്നാണ്. അവർ നടന്നപ്പോൾ അവരുടെ ചെരുപ്പുകൾ ഉച്ചത്തിൽ “ഫ്ളാപ്പ്” ശബ്ദം ഉയർത്തുകയും അങ്ങനെ അത് സ്ത്രീകളിലേക്കും അവരുടെ ലക്ഷ്യങ്ങളിലേക്കും ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.
ഇതെല്ലാം മനോഹരവും വാങ്ങാൻ കഴിയത്തക്കതുമായ ചെരുപ്പുകളുടെ ഒരു ഭീമമായ ആവശ്യം ഉളവാക്കി. ഇത് ചെരിപ്പുനിർമ്മാണത്തിൽ ഉപയോഗിക്കപ്പെട്ട പുതിയ തരം സങ്കേതങ്ങൾക്കും നിർമ്മാണ വസ്തുക്കൾക്കും ഒപ്പം ചേർന്നപ്പോൾ അത് ഇന്നായിരിക്കുന്ന വിധത്തിൽ ചെരുപ്പുകളുടെ ഫാഷനുകളെ ഉയർത്തി വിട്ടു. ഇന്ന് ചരിത്രത്തിൽ ഇദംപ്രഥമമായി, പരിഷ്കൃതമായ ചെരുപ്പുകൾ മേലാൽ ധനാഢ്യരുടെയും ശക്തരുടെയും വിശേഷാധികാരമല്ല; മറിച്ച് ഭൂരിപക്ഷം ആളുകൾക്കും എത്താവുന്നതിനുള്ളിലാണ്.
അത്ഭുതാവഹമായി കഴിഞ്ഞ നൂററാണ്ടുകളിൽ എല്ലാം ചെരുപ്പുകളുടെ ഫാഷനുകളെയും രൂപഭാവങ്ങളെയും കുറിച്ചുള്ള ഘോഷങ്ങൾ എല്ലാം ഉണ്ടായിരുന്നെങ്കിലും ഈ ഏഴു അടിസ്ഥാന രൂപങ്ങൾ സാരവത്തായ മാററങ്ങളൊന്നുമില്ലാതെ നിലനിന്നിരിക്കുന്നു. എങ്കിലും ഇന്നു ലഭ്യമായിരിക്കുന്ന ചെരുപ്പുകളിലെ അന്തമില്ലാത്ത വൈചിത്രങ്ങളും ആയിരക്കണക്കിനു രൂപങ്ങളും ഈ വ്യവസായത്തിലുള്ളവരുടെ ചാതുര്യത്തെ തെളിയിക്കുന്നു. ഈ വിശാലമായ വൈവിധ്യങ്ങൾ, അഭിരുചികളും ഫാഷനുകളും അത്രമാത്രം മാറുന്ന കാര്യങ്ങളാണെന്നും ഇത്തരം കാര്യങ്ങളിൽ ഗതി നിയന്ത്രിക്കുന്നവരുടെ ചാപല്യങ്ങൾക്ക് ഇരകളായിത്തീരാൻ വളരെ എളുപ്പമാണെന്നും കൂടി കാണിക്കുന്നു. (g90 12⁄8)
[24-ാം പേജിലെ ചതുരം]
ചെരുപ്പുകളെക്കുറിച്ച് കുറെ പഴങ്കഥകൾ
◻ തലവേദനയകററാൻ പുരാതന ഈജിപ്ററുകാർ ഒരു സാൻഡൽ കത്തിക്കുകയും പുകശ്വസിക്കുകയും ചെയ്യുമായിരുന്നു.
◻ വയററിലുണ്ടാകുന്ന ഒരു വേദന ശമിപ്പിക്കാൻ ചില ആദിമ അമേരിക്കൻ കുടിയേററക്കാർ കിടന്നിട്ട് വയറിൻമേൽ ഭാരം കൂടിയ ഒരു ജോഡി ബൂട്ടുകൾ വെക്കുമായിരുന്നു.
◻ ഒരു കാലത്ത് ഒരു അറബിക്ക് തന്റെ ഭാര്യയെ കേവലം അവളുടെ ചെരുപ്പുകൾ കതകിനു പുറത്തേക്ക് എറിഞ്ഞുകൊണ്ട് ഉപേക്ഷിക്കാമായിരുന്നു; തേഞ്ഞുതീർന്ന ഒരു ജോഡി ചെരുപ്പുകൾ അയാൾ ഉപേക്ഷിക്കുന്നതുപോലെ തന്നെ.
◻ ഏററവും നന്നായി അറിയപ്പെടുന്ന ചെരുപ്പു കഥ സിൻഡ്രെല്ല കഥയാണെന്നതിനു സംശയമില്ല. ഈ കഥയുടെ നൂറുകണക്കിനു വകഭേദങ്ങൾ ലോകത്തിനു ചുററും ജനങ്ങളാൽ പറയപ്പെടുന്നുണ്ട്. അവയിൽ അച്ചടിച്ചിറക്കിയിരിക്കുന്നതിൽ ഏററം പുരാതനം ചൈനക്കാരുടെ പതിപ്പാണ്. ജനപ്രീതിയാർജ്ജിച്ച അതിന്റെ പടിഞ്ഞാറൻ രൂപങ്ങളേക്കാൾ ഏതാണ്ട് 800 വർഷങ്ങൾക്കു മുമ്പ് 9-ാം നൂററാണ്ടിലാണ് അത് രേഖപ്പെടുത്തപ്പെട്ടത്.
[24-ാം പേജിലെ ചിത്രങ്ങൾ]
സാൻഡൽ
പമ്പ്
ബൂട്ട്
ഓക്സ്ഫോർഡ്
ക്ലോഗ്
മ്യൂൾ
മൊക്കാസിൻ