യുദ്ധം കുരുന്നു ജീവൻ അരിഞ്ഞുവീഴ്ത്തുന്നു
ബാല്യം സന്തോഷത്തിന്റെ ഒരു കാലമായിരിക്കണമെന്നാണു പൊതുവേയുള്ള കാഴ്ചപ്പാട്. പരിപാലിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടേണ്ട ഒരു കാലം. നിഷ്കളങ്കതയുടെ ഒരു കാലം. കുട്ടികൾ കളിക്കാനും പഠിക്കാനും വളർന്നുവലുതാകുമ്പോൾ ഉത്തരവാദിത്വബോധമുള്ളവരായിരിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ വളർത്തിയെടുക്കാനും പ്രതീക്ഷിക്കപ്പെടുന്നു. കുട്ടികൾ കൊല ചെയ്യപ്പെടാൻ പ്രതീക്ഷിക്കപ്പെടുന്നില്ല, കൊലയാളികളാകാനും. എങ്കിലും യുദ്ധകാലത്ത് അരുതാത്ത പലതും സംഭവിക്കുന്നു.
സങ്കടകരമെന്നു പറയട്ടെ, ഗോളവ്യാപകമായി യുദ്ധം വർധിച്ചുവരുന്നു. അത് കുരുന്നു ജീവൻ അപഹരിക്കുന്നു. കുട്ടികളെയും കുട്ടിക്കാലത്തെയും അതു നശിപ്പിക്കുന്നു. 1993-ൽ, 42 രാജ്യങ്ങളിൽ വലിയ സംഘട്ടനങ്ങളും വേറേ 37 രാജ്യങ്ങളിൽ രാഷ്ട്രീയ അക്രമങ്ങളും അരങ്ങേറി. ഈ 79 രാജ്യങ്ങളിലും കുട്ടികൾ ജീവിച്ചിരുന്നു.
ഇന്നത്തെ പല യുവജനങ്ങളും സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. 1995-ന്റെ അവസാനമായപ്പോഴേക്കും, യുദ്ധം തുടങ്ങിയിട്ട് അംഗോളയിൽ 30 വർഷവും അഫ്ഗാനിസ്ഥാനിൽ 17 വർഷവും ശ്രീലങ്കയിൽ 11 വർഷവും സൊമാലിയയിൽ 7 വർഷവും പിന്നിട്ടിരുന്നു. ഓരോരോ സ്ഥലങ്ങളിലും രാഷ്ട്രീയക്കാർ “സമാധാന പദ്ധതി”കളെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെ സംസാരിച്ചുവെങ്കിലും ഒന്നിനുപുറകേ ഒന്നായി അരങ്ങേറിയ യുദ്ധങ്ങൾ മനുഷ്യജീവിതത്തെ നശിപ്പിച്ചുകൊണ്ടിരുന്നു.
യുദ്ധം കുട്ടികൾക്ക് എപ്പോഴും ദ്രോഹമേ ചെയ്തിട്ടുള്ളൂ. എന്നാൽ അടുത്തകാലത്ത് യുദ്ധത്തിന്റെ സ്വഭാവത്തിനു മാറ്റം വന്നിരിക്കുന്നു. കുട്ടികൾ ഉൾപ്പെടെയുള്ള സൈനികേതര പൗരന്മാരുടെ വർധിച്ച മരണനിരക്കിനു കാരണം ഇതാണ്. 18-ഉം 19-ഉം നൂറ്റാണ്ടുകളിലും ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലും നടന്നിട്ടുള്ള ഏറ്റുമുട്ടലുകൾക്ക് ഇരയായവരിൽ പകുതിയോളം സൈനികേതര പൗരന്മാരായിരുന്നു. എന്നാൽ, 1939 മുതൽ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞവരിൽ മൂന്നിൽ രണ്ടു ഭാഗവും സൈനികേതര പൗരന്മാരായിരുന്നു. ഇതിന്റെ ഭാഗികമായ കാരണം നഗരങ്ങളിലെ കടുത്ത ബോംബുവർഷമായിരുന്നു.
1980-ഓടെ, യുദ്ധത്തിൽ മരിച്ച സൈനികേതര പൗരന്മാരുടെ എണ്ണം ഏതാണ്ട് 90 ശതമാനമായി ഉയർന്നിരുന്നു. യുദ്ധങ്ങൾ കൂടുതൽ സങ്കീർണമായിത്തീർന്നിരിക്കുന്നു എന്നതാണ് ഇതിനുള്ള ഒരു കാരണം. സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത് യുദ്ധക്കളത്തിൽവെച്ചു മാത്രമല്ലാതായിരിക്കുന്നു. രാജ്യങ്ങൾ തമ്മിലല്ല, പിന്നെയോ രാജ്യങ്ങൾക്കുള്ളിൽത്തന്നെയാണ് ഇന്ന് മിക്ക യുദ്ധങ്ങളും നടക്കുന്നത്. യുദ്ധങ്ങൾ നടക്കുന്നത് ഗ്രാമങ്ങളിലാകാം, നഗരങ്ങളിലാകാം. അക്രമവാസനയും സംശയവും നിറഞ്ഞുനിൽക്കുന്ന ഒരന്തരീക്ഷത്തിൽ തങ്ങൾ കൊല്ലുന്നതു ശത്രുക്കളെയാണോ നിരപരാധികളെയാണോ എന്നൊന്നും കൊലയാളികൾക്കു നോട്ടമില്ല.
യുദ്ധത്തിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം വലുതാണ്. ഐക്യരാഷ്ട്ര ശിശുക്ഷേമനിധി പറയുന്നതനുസരിച്ച്, കഴിഞ്ഞ പത്തു വർഷത്തിൽ മാത്രമായി 20 ലക്ഷം കുട്ടികൾ കൊല്ലപ്പെടുകയും 40 ലക്ഷംമുതൽ 50 ലക്ഷംവരെ കുട്ടികൾക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. യുദ്ധം 10 ലക്ഷത്തിലേറെ കുട്ടികളെ അനാഥരും 1 കോടി 20 ലക്ഷം കുട്ടികളെ ഭവനരഹിതരുമാക്കിയിരിക്കുന്നു. യുദ്ധം ഏതാണ്ട് ഒരു കോടി കുട്ടികൾക്ക് മാനസികക്ഷതം ഏൽപ്പിച്ചിരിക്കുന്നു.
പുസ്തകശാലകൾ യുദ്ധത്തെക്കുറിച്ചുള്ള പുസ്തകങ്ങൾക്കൊണ്ടു നിറഞ്ഞിരിക്കുന്നു. യുദ്ധങ്ങൾ എങ്ങനെ, എന്തിന് നടന്നു എന്നൊക്കെയുള്ള വിവരങ്ങൾ അവയിലുണ്ട്; എത്തരത്തിലുള്ള ആയുധങ്ങളും യുദ്ധതന്ത്രങ്ങളുമാണ് ഉപയോഗിച്ചത് എന്ന് അവ വിവരിക്കുന്നു; കൂട്ടക്കുരുതിക്ക് നേതൃത്വം നൽകിയ സൈന്യാധിപന്മാർ ആരൊക്കെയെന്ന് അവ ഓർമിപ്പിക്കുന്നു. സിനിമകൾ യുദ്ധത്തിന്റെ ആവേശത്തിമിർപ്പിനെ പെരുപ്പിച്ചുകാട്ടുകയും ദുരിതങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നു. അത്തരം പുസ്തകങ്ങളും സിനിമകളും നിഷ്കളങ്കരായ ബലിയാടുകളെക്കുറിച്ച് യാതൊന്നും പ്രതിപാദിക്കുന്നില്ലെന്നുതന്നെ പറയാം. ഭടന്മാരെന്ന നിലയിൽ കുട്ടികൾ എപ്രകാരമാണ് ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നത്, അവർ ഏറ്റവും എളുപ്പത്തിൽ ഇരകളായിത്തീരുന്നത് എങ്ങനെയാണ്, ഇന്നത്തെ കുട്ടികൾക്ക് ഒരു യഥാർഥ ശോഭന ഭാവി ആസ്വദിക്കാനാകുമെന്ന് ഞങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് എന്നിവയെക്കുറിച്ച് പിൻവരുന്ന ലേഖനങ്ങൾ ചർച്ചചെയ്യുന്നു.