50 വർഷങ്ങൾക്കു മുമ്പു ലോകത്തിന്റെ സ്ഥിതി എന്തായിരുന്നു?
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തഞ്ചിലെ ലോകാവസ്ഥ ഓർക്കാൻ മാത്രം പ്രായം നിങ്ങൾക്കുണ്ടോ? പോളണ്ടിലേക്കുള്ള നാസികളുടെ കടന്നാക്രമണത്തെത്തുടർന്ന് 1939-ൽ ജർമനിക്കെതിരെ ബ്രിട്ടനും ഫ്രാൻസുംകൂടി യുദ്ധം പ്രഖ്യാപിച്ചപ്പോൾ ആരംഭിച്ച രണ്ടാം ലോകമഹായുദ്ധത്തിൽനിന്നു കരകയറാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ ലോകം അന്ന്. അതോർക്കാനുള്ള പ്രായം നിങ്ങൾക്കില്ലെങ്കിൽ 1950-ൽ കൊറിയയിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം നിങ്ങൾ ഓർക്കുന്നുണ്ടോ? അല്ലെങ്കിൽ 1950-കളിൽ തുടങ്ങി 1975 വരെ നീണ്ടുനിന്ന വിയറ്റ്നാം യുദ്ധം? അതുമല്ലെങ്കിൽ, ഇറാക്കിന്റെ കൈയേറ്റത്തെത്തുടർന്ന് 1990-ൽ കുവൈറ്റിലുണ്ടായ യുദ്ധം?
രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ചരിത്രം നാം പരിശോധിക്കുമ്പോൾ കോടിക്കണക്കിനാളുകൾക്കു ദുരിതവും കഷ്ടപ്പാടും വരുത്തുകയും മറ്റനേകം കോടി ആളുകളുടെ ജീവൻ നശിപ്പിക്കുകയും ചെയ്ത അനേകം യുദ്ധങ്ങളെക്കുറിച്ചുകൂടി അനുസ്മരിക്കേണ്ടിവരുന്നുവെന്നത് എടുത്തുപറയേണ്ട സംഗതിയാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ? രണ്ടാം ലോകമഹായുദ്ധം അന്നത്തെ ജനങ്ങൾക്ക് എന്തു പൈതൃകമാണു അവശേഷിപ്പിച്ചത്?
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലങ്ങൾ
രണ്ടാം ലോകമഹായുദ്ധത്തിൽ ഏതാണ്ട് അഞ്ചു കോടി ജനങ്ങളുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. അതു മാത്രമോ, 1945 ആയപ്പോഴേക്കും ലക്ഷക്കണക്കിന് അഭയാർഥികളാണു യൂറോപ്പിൽ അങ്ങോളമിങ്ങോളം അലഞ്ഞുനടന്നത്, അതും, ബോംബിനിരയായ നഗരങ്ങളിലും പട്ടണങ്ങളിലുമായിരുന്ന തങ്ങളുടെ ഭവനങ്ങളിലേക്കു തിരിച്ചുചെന്ന് തകർന്നടിഞ്ഞ തങ്ങളുടെ ജീവിതം വീണ്ടും കെട്ടിപ്പടുക്കാമെന്ന ആശയിൽ. ലക്ഷക്കണക്കിനു സ്ത്രീകളും പെൺകുട്ടികളും, പ്രത്യേകിച്ചും റഷ്യയിലും ജർമനിയിലുമുള്ളവർ, ആക്രമണസേനകളാൽ ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ മാനസികാഘാതങ്ങളിൽനിന്നു മുക്തിപ്രാപിക്കാൻ ശ്രമിക്കുകയായിരുന്നു. യൂറോപ്പിൽ മിക്കയിടത്തും റേഷൻ സമ്പ്രദായം നിലവിൽ വന്നു, കാരണം ഭക്ഷണവും വസ്ത്രവും കുറവായിരുന്നു. സൈന്യത്തിൽനിന്നു പിരിച്ചുവിടപ്പെട്ട ലക്ഷക്കണക്കിനു ഭടന്മാർ ജോലിയന്വേഷിച്ചു നടക്കുകയായിരുന്നു. ലക്ഷക്കണക്കിനു വിധവമാരും അനാഥരും തങ്ങളുടെ ഭർത്താക്കൻമാരെയും മാതാപിതാക്കളെയും ചൊല്ലി ദുഃഖിച്ചു വിലപിക്കുകയായിരുന്നു.
യഹൂദർ അപ്പോഴും, തങ്ങളുടെ ലക്ഷക്കണക്കിനു സഹയഹൂദരെയും ഭാവി തലമുറകളെ ഉത്പാദിപ്പിക്കാനുള്ള അവരുടെ സാധ്യതകളെയും തുടച്ചുനീക്കിയ കൂട്ടക്കൊലയുടെ യാഥാർഥ്യം ഉൾക്കൊള്ളാൻ ശ്രമിക്കുകയായിരുന്നു. യുദ്ധത്തിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ എന്നിവിടങ്ങളിൽനിന്നും മറ്റു പല ദേശങ്ങളിൽനിന്നുമുള്ള ലക്ഷക്കണക്കിനാളുകൾ കശാപ്പു ചെയ്യപ്പെട്ടു. ലോകശക്തികളുടെയും അവയുടെ ഭരണകർത്താക്കളുടെയും രാഷ്ട്രീയ, വാണിജ്യ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വൈവിധ്യമാർന്ന സാധ്യതകളുള്ള ജീനുകളുടെ ഒരു വൻ സഞ്ചയംതന്നെ നഷ്ടപ്പെടുത്തേണ്ടിവന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ നിരവധി രാജ്യങ്ങൾ തീർത്തും തകർന്നടിഞ്ഞുപോയിരുന്നു. അതുകൊണ്ട് തങ്ങളുടെ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുക എന്നതായിരിക്കേണ്ടിയിരുന്നു അവരുടെ മുൻഗണന. യുദ്ധം കഴിഞ്ഞും അനേകം വർഷങ്ങളോളം യൂറോപ്പിൽ ഭക്ഷ്യക്ഷാമം തുടർന്നു. ഔദ്യോഗികമായി പറഞ്ഞാൽ രണ്ടാം ലോകമഹായുദ്ധത്തിൽ സ്പെയിൻ പങ്കെടുത്തില്ലെങ്കിലും അവിടത്തെ ആഭ്യന്തരയുദ്ധവും (1936-39) വാണിജ്യ നിരോധനങ്ങളും നിമിത്തം ആ രാജ്യം വല്ലാതെ ബാധിക്കപ്പെട്ടു, കാരണം 1952 ജൂൺ വരെ അവിടെ റേഷൻ കാർഡ് സമ്പ്രദായമുണ്ടായിരുന്നു.
വിദൂരപൂർവദേശത്താണെങ്കിൽ, ജപ്പാൻകാരുടെ ക്രൂരകൃത്യങ്ങൾ അതിനിരയായ ബർമാക്കാരുടെയും ചൈനാക്കാരുടെയും ഫിലിപ്പീൻസുകാരുടെയും മറ്റു പൂർവദേശക്കാരുടെയും മനസ്സുകളിൽ അപ്പോഴും മായാതെ കിടന്നു. ഐക്യനാടുകൾ വിജയം വരിച്ച ഒരു രാഷ്ട്രമായിരുന്നെങ്കിലും അവർക്കു 3,00,000 പട്ടാളക്കാരെയാണു നഷ്ടപ്പെട്ടത്, അതിൽ പാതിയും പസഫിക്ക് യുദ്ധമേഖലകളിൽ വച്ചായിരുന്നു. ജപ്പാനിലാണെങ്കിൽ, ദാരിദ്ര്യവും ക്ഷയരോഗവും റേഷൻ ഭക്ഷ്യവസ്തുക്കൾക്കായുള്ള നീണ്ട നിരകളും സാമാന്യജനത്തിന്റെ ഭാഗധേയമായിത്തീർന്നു.
പ്രവർത്തിക്കുന്നതിനുള്ള ചർച്ചിലിന്റെ ആഹ്വാനം
യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ സമാപനത്തോടനുബന്ധിച്ച് 1945 മേയ് 13-നു ബ്രിട്ടീഷ് ജനതയോടു നടത്തിയ തന്റെ വിജയാഘോഷപ്രസംഗത്തിൽ, പ്രധാനമന്ത്രി വിൻസ്ററൺ ചർച്ചിൽ ഇങ്ങനെ പ്രസ്താവിച്ചു: “നമ്മുടെ എല്ലാ കഷ്ടപ്പാടുകളും പ്രശ്നങ്ങളും അവസാനിച്ചിരിക്കുന്നു എന്ന് ഈ രാത്രിയിൽ പറയാൻ കഴിഞ്ഞിരുന്നെങ്കിലെന്നു ഞാൻ ആശിച്ചു പോകുകയാണ്. . . . ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മഹത്തായ ആദർശങ്ങൾക്കുവേണ്ടി ത്യാഗങ്ങളനുഷ്ഠിക്കാൻ മാനസികവും ശാരീരികവുമായി ഇനിയും ശ്രമങ്ങൾ നടത്താൻ നിങ്ങൾ ഒരുങ്ങിയിരിക്കണം . . . എന്നും ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകേണ്ടിയിരിക്കുന്നു.” ദീർഘദർശിയായിരുന്ന അദ്ദേഹം കമ്മ്യുണിസത്തിന്റെ വ്യാപനത്തെ മുൻകൂട്ടിക്കണ്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു: “യൂറോപ്പ് ഭൂഖണ്ഡത്തിൽ ‘സ്വാതന്ത്ര്യം,’ ‘ജനാധിപത്യം,’ ‘വിമോചനം’ എന്നീ വാക്കുകൾ നാം മനസ്സിലാക്കിയിരിക്കുന്ന ശരിയായ അർഥത്തിൽനിന്നു വളച്ചൊടിക്കപ്പെടുന്നില്ലെന്നു നമ്മൾ ഇനിയും ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു.” എന്നിട്ട് അദ്ദേഹം ഇങ്ങനെയൊരു ഉത്തേജനാത്മകമായ ആഹ്വാനം മുഴക്കി: “വേല മുഴുവൻ തീർത്ത് മുഴു ലോകവും സുരക്ഷിതവും ശുദ്ധവുമായിത്തീരുന്നതുവരെ നിർഭയരായി, അചഞ്ചലരായി, അജയ്യരായി മുന്നോട്ട്.”—ചെരിച്ചെഴുത്ത് ഞങ്ങളുടേത്.
യുദ്ധങ്ങളുടെയും മരണത്തിന്റെയും അര നൂറ്റാണ്ട്
“1945-ൽ ഐക്യരാഷ്ട്രങ്ങൾ സ്ഥാപിതമായശേഷം ലോകത്തിനു ചുറ്റും നടന്ന 100-ലധികം വൻ പോരാട്ടങ്ങൾ ഏതാണ്ടു രണ്ടു കോടി ജനങ്ങളെ സംഹരിച്ചു” എന്ന് 1992-ൽ ഒരു പ്രസംഗത്തിൽ യുഎൻ സെക്രട്ടറി ജനറൽ ബൂട്രോസ് ബൂട്രോസ്-ഖാലി സമ്മതിച്ചു. മരണനിരക്കു പിന്നെയും ഉയർത്തിക്കൊണ്ട് വേൾഡ് വാച്ച് മാസിക ഇങ്ങനെ പ്രസ്താവിച്ചു: “ചരിത്രത്തിൽ, സമാധാനം ഏറ്റവും കുറവായിരുന്ന നൂറ്റാണ്ട് ഇതായി മാറിയിരിക്കുന്നു.” അതേ ഉറവിടം ഒരു ഗവേഷകൻ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കുന്നു: “മാനുഷ ചരിത്രത്തിൽ കഴിഞ്ഞ നൂറ്റാണ്ടുവരെയുള്ള യുദ്ധങ്ങളിലെല്ലാംകൂടി കൊലചെയ്യപ്പെട്ടിട്ടുള്ളതിനെക്കാൾ കൂടുതൽ ആളുകൾ ഈ നൂറ്റാണ്ടിലെ യുദ്ധങ്ങളിൽത്തന്നെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 2.3 കോടിയോളം കൊല നടന്നതു രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ്.”
എന്നാൽ ഇതിലും വ്യത്യസ്തമായ ഒരു കണക്കാണു ദ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തത്: “രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഗോളത്തിനു ചുറ്റും ഏകദേശം 160 യുദ്ധങ്ങൾ നടന്നിട്ടുണ്ട്, തത്ഫലമായി 70 ലക്ഷം പട്ടാളക്കാരും 3 കോടി സാധാരണക്കാരും മരണമടഞ്ഞു. ഇതിനു പുറമേയാണു മുറിവേറ്റവരും ബലാത്സംഗം ചെയ്യപ്പെട്ടവരും അഭയാർഥികളാക്കപ്പെട്ടവരും.” കഴിഞ്ഞ 50 വർഷങ്ങളിൽ ലോകത്തെങ്ങും നടന്ന അക്രമാസക്ത കുറ്റകൃത്യങ്ങൾക്കിരയായ ലക്ഷക്കണക്കിനാളുകളെ ഈ കണക്കുകളിലെങ്ങും ഉൾപ്പെടുത്തിയിട്ടില്ലെന്നോർക്കണം!
ഇന്ന്, 1995-ൽ, തീരാപ്പകമൂലമുള്ള മാരകമായ യുദ്ധങ്ങൾക്കു യാതൊരു കുറവുമില്ല. അതിലെല്ലാം കൊല്ലപ്പെടുന്നതു മരണത്തെ മുന്നിൽക്കണ്ട് യുദ്ധത്തിനിറങ്ങുന്ന സൈനികർ മാത്രമല്ല, പിന്നെയോ ആഫ്രിക്കയിലും ബാൾക്കൻസിലും മധ്യപൂർവ ദേശത്തും റഷ്യയിലുമുള്ള ആയിരക്കണക്കിനു സാമാന്യ ജനങ്ങൾകൂടെയാണ്.
1945 കഴിഞ്ഞിട്ട് ഇന്നിപ്പോൾ 50 വർഷം പിന്നിട്ടിരിക്കുന്നു. എന്നാൽ “മുഴുലോകവും സുരക്ഷിതവും ശുദ്ധവു”മാണെന്നു പറയാൻ കഴിയുമോ? ഭൂമി പാർക്കാൻ പറ്റിയതും സുരക്ഷിതവുമായ ഒന്നാക്കാനുള്ള ലക്ഷ്യത്തിൽ മനുഷ്യവർഗം എന്തു പുരോഗതിയാണു വരുത്തിയിരിക്കുന്നത്? 50 വർഷംകൊണ്ട് നാം എന്താണു പഠിച്ചത്? മൂല്യങ്ങൾ, സന്മാർഗതത്ത്വങ്ങൾ, സദാചാരസംഹിത എന്നിങ്ങനെ തികച്ചും പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളിൽ മനുഷ്യവർഗം പുരോഗതി നേടിയിട്ടുണ്ടോ? അടുത്ത രണ്ടു ലേഖനങ്ങൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. നാലാമതൊരു ലേഖനം നമ്മുടെ ഈ ഗോളമാം ഗ്രാമത്തിൽ നമുക്കുള്ള ഭാവി പ്രതീക്ഷകളെക്കുറിച്ചു ചർച്ച ചെയ്യും.
[4-ാം പേജിലെ ചതുരം]
രണ്ടാം ലോകമഹായുദ്ധാനന്തര സ്മരണകൾ
ഇപ്പോൾ 60-ലധികം വയസ്സു പ്രായമുള്ള ഒരു ഇംഗ്ലീഷുകാരൻ അനുസ്മരിക്കുന്നു: “’40-കളുടെ ഒടുവിൽ ഞങ്ങളുടെ വീട്ടിൽ ടെലിവിഷൻ ഇല്ലായിരുന്നു. ഞങ്ങളുടെ ഭാവനയിലെ ഏറ്റവും വലിയ നേരമ്പോക്ക് റേഡിയോ ആയിരുന്നു. ഞാൻ അപ്പോഴും സ്കൂളിലായിരുന്നതിനാൽ വായനയും ഗൃഹപാഠവും കാരണം എനിക്കു നല്ല തിരക്കായിരുന്നു. ഞാൻ സിനിമക്കു പോയതു മാസത്തിൽ ഒന്നോ മറ്റോ മാത്രമായിരുന്നു. ശനിയാഴ്ചതോറും എന്റെ ഇഷ്ടപ്പെട്ട ഫുട്ബോൾ ടീമിനെ കാണാൻ ഞാൻ നിരവധി മൈലുകൾ താണ്ടിയതു സൈക്കിൾ ചവുട്ടിയായിരുന്നു. താരതമ്യേന ചുരുക്കംചില കുടുംബങ്ങൾക്കേ കാറോ ഫോണോ ഉണ്ടായിരുന്നുള്ളൂ. ബ്രിട്ടനിലെ മറ്റായിരങ്ങളെപ്പോലെ ഞങ്ങൾക്കും പ്രത്യേകം കുളിമുറിയില്ലായിരുന്നു. കക്കൂസ് പുറത്തായിരുന്നു; കുളിത്തൊട്ടി അടുക്കളയിലും, അതു കുളിമുറിയായും ഉപയോഗിച്ചു. യുദ്ധകാലത്തു ഞങ്ങൾ വിശപ്പടക്കിയതു മുട്ടപ്പൊടി, പാൽപ്പൊടി, ഉരുളക്കിഴങ്ങുപൊടി എന്നിങ്ങനെയുള്ള നിർജലീകരിച്ച ഭക്ഷ്യവസ്തുക്കൾ പാകം ചെയ്തായിരുന്നു. ഓറഞ്ചും വാഴപ്പഴവുമൊക്കെ വിശിഷ്ടഭോജ്യങ്ങളെന്നപോലെ വല്ലപ്പോഴുമേ ഉണ്ടായിരുന്നുള്ളൂ. അവ പച്ചക്കറിക്കടയിൽ വരുമ്പോഴോ, തങ്ങളുടെ വിഹിതത്തിനായി ക്യൂ നിൽക്കുന്നതിനു സകലരും ഓട്ടം തുടങ്ങും. അനേകം സ്ത്രീകൾ ആയുധനിർമാണശാലകളിൽ ജോലി ചെയ്യേണ്ടിവന്നു. ടിവി-യും വീഡിയോയും കമ്പ്യൂട്ടറും സൈബർസ്പേസും ഫാക്സ് വാർത്താവിനിമയവും ശൂന്യാകാശയാത്രയും ജനിറ്റിക് എൻജിനിയറിങ്ങും നിറഞ്ഞ ഒരു ഭാവി ലോകത്തെക്കുറിച്ച്, ഇത്ര അവിശ്വസനീയമായ മാറ്റത്തെക്കുറിച്ച്, ജനങ്ങൾ സ്വപ്നം കാണുക പോലും ചെയ്തിരുന്നില്ല.”