യുവജനങ്ങൾ ചോദിക്കുന്നു . . .
മുഴു ശ്രദ്ധയും എന്റെ സഹോദരനു ലഭിക്കുന്നതെന്തുകൊണ്ട്?
“എന്റെ പ്രശ്നമിതാണ്, എന്റെ സഹോദരീസഹോദരൻമാർ നന്നായി പെരുമാറിയാലും മോശമായി പെരുമാറിയാലും അവർക്ക് വളരെയധികം ശ്രദ്ധ ലഭിക്കുന്നു. എന്നാൽ ഞാൻ അനുസരണമുള്ള കുട്ടിയായതുകൊണ്ട് എന്നെ ആരും തിരിഞ്ഞുനോക്കാറില്ല.”—18 വയസ്സുകാരി കേ.a
“എന്റെ സഹോദരീസഹോദരൻമാർക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുകയും മാതാപിതാക്കൾ അവരോട് മെച്ചമായി പെരുമാറുകയും ചെയ്യുന്നു. എനിക്കു ലഭിക്കുന്ന ശ്രദ്ധയിലധികവും ഗുണദോഷത്തിന്റെ രൂപത്തിലാണ്. അവരെയും ഗുണദോഷിക്കുന്നുണ്ടായിരുന്നെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു.”—15 വയസ്സുകാരി രൂത്ത്.
“എന്റെ ജ്യേഷ്ഠൻമാർക്കും ജ്യേഷ്ഠത്തിമാർക്കും കൂടുതൽ പദവികളും ശ്രദ്ധയും ലഭിക്കുന്നതായി എനിക്കു തോന്നുന്നു.”—13 വയസ്സുകാരൻ ബിൽ.
പിറന്നു വീഴുമ്പോൾമുതൽ നമുക്കെല്ലാവർക്കും മാതാപിതാക്കളുടെ ശ്രദ്ധ ആവശ്യമാണ്. അതിൽ നിങ്ങൾക്കുള്ള ഓഹരി കിട്ടുന്നില്ലെന്നു തോന്നുമ്പോൾ സ്വാഭാവികമായും വിഷമവും ദേഷ്യവും തോന്നിയേക്കാം. നിങ്ങളുടെ കൂടപ്പിറപ്പ്—ഏറ്റവും മൂത്തവനോ ഏറ്റവും ഇളയവനോ ഏറ്റവും നന്നായി പെരുമാറുന്നവനോ തീരെ അനുസരണംകെട്ടവനോ—എല്ലായ്പോഴും ശ്രദ്ധാവിഷയം ആകുന്നതായി തോന്നുമ്പോൾ പിന്നെ പറയുകയും വേണ്ട. ഒരുപക്ഷേ ദാവീദിനു തോന്നിയതുപോലെതന്നെ നിങ്ങൾക്കും തോന്നിയേക്കാം. അവൻ ഇങ്ങനെ എഴുതി: “മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.”—സങ്കീർത്തനം 31:12.
നിങ്ങൾക്കു കിട്ടാനാഗ്രഹിക്കുന്ന ശ്രദ്ധ സഹോദരനോ സഹോദരിക്കോ കിട്ടുന്നതു നിങ്ങളെ വേദനിപ്പിച്ചേക്കാം. എന്നാൽ നിങ്ങളോട് ആർക്കും സ്നേഹമില്ലെന്ന് ഇത് അവശ്യം അർഥമാക്കുന്നുണ്ടോ? അശേഷമില്ല. ചിലപ്പോൾ ചില കുട്ടികൾക്ക് കൂടുതലായ ശ്രദ്ധ ലഭിക്കുന്നത് അവർക്ക് അസാധാരണമായ പ്രാപ്തികളോ തുറന്നിടപെടുന്ന പ്രകൃതമോ ഉള്ളതിനാലാകാം. 11 വയസ്സുകാരനായ കെന്നത്ത് പറയുന്നു: “എന്റെ അനുജനായ ആർതർ മൂന്നാം ഗ്രേഡിലാണെങ്കിലും അവൻ അഞ്ചാം ഗ്രേഡുകാരുടെ വാദ്യവൃന്ദത്തിൽ പങ്കെടുക്കുന്നു. കൂടാതെ, അവൻ സ്പോർട്സിലും കണക്കിലും മിടുക്കനാണ്. വാസ്തവത്തിൽ, അവന് സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് കിട്ടുന്നു. ആളുകൾക്ക് എന്നെക്കാളും ഇഷ്ടം അവനെയാണെന്ന് ചിലപ്പോൾ എനിക്കു തോന്നാറുണ്ട്. എങ്കിലും അവനോടെനിക്ക് അസൂയയൊന്നുമില്ല. ഒരുപക്ഷേ അൽപ്പമുണ്ടായിരിക്കാം.”
ഏറ്റവും മൂത്തതോ ഇളയതോ ആയിരിക്കുന്നതുകൊണ്ടു മാത്രം ചില കുട്ടികൾക്കു മാതാപിതാക്കളുടെ സമയത്തിന്റെ സിംഹഭാഗവും ലഭിക്കുന്നു. യുവാവായ യോസേഫിനെക്കുറിച്ചു ബൈബിൾ പറയുന്നു: “യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേൽ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു.” (ഉല്പത്തി 37:3, 4) എന്നാൽ 18 വയസ്സുകാരനായ റ്റോഡിനു തോന്നിയത് ഏറ്റവും മൂത്തതായതുകൊണ്ട് തന്റെ സഹോദരൻ പ്രീതി പിടിച്ചുപറ്റുന്നുവെന്നാണ്. അവൻ ഇങ്ങനെ അനുസ്മരിക്കുന്നു: “ഒരിക്കൽ, സ്കൂളിൽ ഒരു പരിപാടിക്കായി ഏറ്റവും ഇഷ്ടപ്പെട്ട ഒരു ശിശുചിത്രം കൊണ്ടുവരാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. എന്റെ ചിത്രങ്ങൾ വിരലിലെണ്ണാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ചേട്ടന്റെയാകട്ടെ ഒരുപാടും. അതെന്തുകൊണ്ടായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു.”
എന്നാൽ, പലപ്പോഴും ഒരു സഹോദരനോ സഹോദരിക്കോ കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനു കാരണം അവന് അല്ലെങ്കിൽ അവൾക്ക് പ്രശ്നങ്ങളുള്ളതുകൊണ്ടായിരിക്കാം—ഒരുപക്ഷേ ആ പ്രശ്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലായിരിക്കാം. “എനിക്ക് ഏതാണ്ട് 16 വയസ്സുണ്ടായിരുന്നപ്പോൾ ചേട്ടൻ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നു,” ഇപ്പോൾ 22 വയസ്സുള്ള കസാൻഡ്ര വിശദീകരിക്കുന്നു. “താൻ യഥാർഥത്തിൽ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് ചേട്ടന് നിശ്ചയമില്ലായിരുന്നു. എന്റെ മാതാപിതാക്കളുടെ ഏതാണ്ട് മുഴു ശ്രദ്ധയും ചേട്ടന്റെമേലായിരുന്നു. അതെന്തുകൊണ്ടാണെന്ന് അന്നെനിക്ക് മനസ്സിലായില്ല. അവർ എന്നെക്കുറിച്ച് ഒട്ടും കരുതുന്നില്ലെന്നാണ് ഞാൻ വിചാരിച്ചത്. എന്നെ അവർ തഴയുന്നു എന്ന തോന്നൽ എന്നിലുളവായി, പിന്നെ സങ്കടവും ദേഷ്യവുമൊക്കെ തോന്നി.”
അവർ പക്ഷപാതം കാണിക്കുന്നതിന്റെ കാരണം
എന്നാൽ, ചിലപ്പോൾ മറകൂടാതെ പക്ഷപാതം കാണിക്കുന്നതിൽ മാതാപിതാക്കൾ കുറ്റക്കാരാണ്. ഒരു മാതാവ് ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “മോളിൽ ഞങ്ങൾ വളരെയധികം അഭിമാനം കൊള്ളുന്നത് എന്റെ മോൻ പോളിനെ വേദനിപ്പിക്കുന്നുവെന്ന് എനിക്കറിയാം. അവൻ ഞങ്ങളോട് അതേക്കുറിച്ചു നേരിട്ടു പറഞ്ഞിട്ടുണ്ട്. ‘ലിസ് എന്തെങ്കിലും പറയുമ്പോൾ മമ്മിയും ഡാഡിയും എപ്പോഴും പരസ്പരം നോക്കുന്നു.’ ആദ്യമൊക്കെ അവൻ എന്തിനെക്കുറിച്ചാണു പറയുന്നതെന്ന് ഞങ്ങൾക്കു മനസ്സിലായില്ല. ‘അവൾ എത്ര മിടുക്കിയാണല്ലേ’ എന്ന ഭാവത്തിൽ ഞങ്ങൾ എപ്പോഴും പരസ്പരം നോക്കുന്ന കാര്യമാണ് അവനീ പറയുന്നതെന്ന് പിന്നീടു ഞങ്ങൾക്കു മനസ്സിലായി. അവൻ ആ സംഗതി ഞങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിൽപ്പിന്നെ അങ്ങനെ ചെയ്യാതിരിക്കുന്നതിന് ഞങ്ങൾ ഒരു യഥാർഥ ശ്രമംതന്നെ നടത്തിയിട്ടുണ്ട്.”
എന്നാൽ, മാതാപിതാക്കൾ എന്തുകൊണ്ടാണ് പക്ഷപാതം കാണിക്കുന്നത്? അവർതന്നെ വളർന്നുവന്ന വിധം ഒരു ഘടകമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ അമ്മ വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നെങ്കിൽ അവൾക്ക് തന്റെ ഏറ്റവും ഇളയ കുട്ടിയോട് കൂടുതൽ അടുപ്പം തോന്നാം. താനറിയാതെതന്നെ അവൾ ആ കുട്ടിയുടെ പക്ഷം പിടിച്ചേക്കാം. അല്ലെങ്കിൽ തന്റേതുപോലത്തെ പ്രകൃതമോ തനിക്കുള്ള അതേ അഭിരുചിയോ ഉള്ള ഒരു കുട്ടിയോട് മാതാവിനോ പിതാവിനോ പ്രത്യേക അടുപ്പം തോന്നാവുന്നതാണ്. തങ്ങളുടെ ഇരട്ട പുത്രന്മാരായ യാക്കോബിനെയും ഏശാവിനെയും കുറിച്ച് യിസ്ഹാക്കിനും റിബെക്കയ്ക്കും തോന്നിയതെന്താണെന്നു പരിചിന്തിക്കുക. ബൈബിൾ പറയുന്നു: “കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു. ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചിപിടിച്ചിരുന്നതുകൊണ്ടു യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.”—ഉല്പത്തി 25:27, 28.
മാതാപിതാക്കൾ നിങ്ങളുടെ കൂടപ്പിറപ്പുകളിൽ ഒരാളോട് പ്രത്യേക വാത്സല്യം കാണിക്കുന്നതായി തോന്നുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?b ശാന്തവും കുറ്റപ്പെടുത്താത്തതുമായ രീതിയിൽ മാതാപിതാക്കളോട് അതേക്കുറിച്ചു സംസാരിക്കാൻ ശ്രമിക്കാവുന്നതാണ്. (സദൃശവാക്യങ്ങൾ 15:22) അവർ പറയുന്നത് ആദരപൂർവം കേൾക്കുന്നത് സംഗതികളെ അവരുടെ വിധത്തിൽ വീക്ഷിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. ഇത് നിങ്ങളുടെ നിരാശയ്ക്ക് അയവുവരുത്തിയേക്കാം. (സദൃശവാക്യങ്ങൾ 19:11, NW) ഒരു കൗമാരപ്രായക്കാരി ഇങ്ങനെ പറയുന്നു: “എന്നോടുള്ളതിലും അടുപ്പം മമ്മിക്ക് എന്റെ ആങ്ങളയോടായിരുന്നത് എന്നെ വാസ്തവത്തിൽ വിഷമിപ്പിച്ചു. ഞാൻ അതേക്കുറിച്ചു ചോദിച്ചപ്പോൾ, അവൻ പലതിലും ഡാഡിയെപ്പോലെയായതുകൊണ്ടാണ് തനിക്ക് അവനോട് അടുപ്പം തോന്നുന്നതെന്ന് മമ്മി പറഞ്ഞു. ഞാൻ പലതിലും മമ്മിയെപ്പോലെയായതുകൊണ്ട് ഡാഡിക്ക് എന്നോട് അടുപ്പമുണ്ട്. മമ്മിയും ഞാനും ഒരുപോലെയായതുകൊണ്ട് ഞങ്ങൾ തമ്മിൽ തെറ്റുന്നു. ഡാഡിയും ആങ്ങളയും ഒരുപോലെയായതുകൊണ്ട് അവർ രണ്ടുംകൂടി അടിയാണ്. ഒരിക്കൽ മമ്മി അങ്ങനെ വിശദീകരിച്ചുതന്നപ്പോൾ, വലിയ സന്തോഷമൊന്നും തോന്നിയില്ലെങ്കിൽ പോലും എനിക്കത് അംഗീകരിക്കാൻ കഴിഞ്ഞു.”
വ്യത്യസ്ത രീതിയിലുള്ള ഇടപെടൽ—അനീതിയോ?
മാതാപിതാക്കൾ എല്ലാ മക്കളോടും ഒരേപോലെ ഇടപെടാത്തത് എന്തുകൊണ്ടാണ്? ഇപ്പോൾ 18 വയസ്സുള്ള ബെത്ത് പറയുന്നു: “എന്നോടും ആങ്ങളയോടും മാതാപിതാക്കൾ ഒരുപോലെ—യാതൊരു വ്യത്യാസവും കൽപ്പിക്കാതെ—ഇടപെടേണ്ടതാണെന്ന് ഏതാണ്ട് 13 വയസ്സുള്ളപ്പോൾ എനിക്കു തോന്നിയിരുന്നു. എന്നാൽ എല്ലായ്പോഴും എന്നെയാണു ശകാരിച്ചിരുന്നത്. അവനോട് ആരും ഒന്നും പറയുകയില്ലായിരുന്നു. കാറിൽ പണിചെയ്തുകൊണ്ട് അവൻ ഡാഡിയുമൊന്നിച്ച് കൂടുതൽ സമയം ചെലവിടുകയും ചെയ്തിരുന്നു. അത് മഹാ അന്യായമായി തോന്നി.”
എന്നാൽ വ്യത്യസ്ത രീതിയിലുള്ള ഇടപെടൽ അനീതിയായിരിക്കണമെന്നു നിർബന്ധമില്ല. യേശുക്രിസ്തു തന്റെ അപ്പോസ്തലന്മാരോട് ഇടപെട്ട വിധം പരിചിന്തിക്കുക. അവൻ 12 പേരെയും സ്നേഹിച്ചിരുന്നുവെന്നതിന് രണ്ടു പക്ഷമില്ല. എങ്കിലും ചില പ്രത്യേക സംഭവങ്ങൾക്കു സാക്ഷികളാകാൻ അവൻ അവരിൽ 3 പേരേ മാത്രമേ ക്ഷണിച്ചുള്ളൂ. അവന്റെ രൂപാന്തരീകരണവും യായീറൊസിന്റെ പുത്രിയുടെ പുനരുത്ഥാനവും ആ സംഭവങ്ങളിൽ പെടുന്നു. (മത്തായി 17:1; മർക്കൊസ് 5:37) മാത്രമല്ല, യോഹന്നാൻ അപ്പോസ്തലനുമായി യേശു പ്രത്യേകിച്ചും അടുത്ത സൗഹൃദം ആസ്വദിച്ചിരുന്നു. (യോഹന്നാൻ 13:23; 19:26; 20:2; 21:7, 20) ഇത് വ്യത്യസ്ത രീതിയിലുള്ള ഇടപെടലായിരുന്നോ? തീർച്ചയായും. അത് അനീതിയായിരുന്നോ? അശേഷമല്ല. ചിലരോട് യേശുവിന് കൂടുതൽ അടുപ്പം ഉണ്ടായിരുന്നിരിക്കാമെങ്കിലും അവൻ തന്റെ മറ്റ് അപ്പോസ്തലന്മാരുടെ ആവശ്യങ്ങളെ അവഗണിച്ചില്ല.—മർക്കൊസ് 6:31-34.
സമാനമായ വിധത്തിൽ, നിങ്ങളുടെ കൂടപ്പിറപ്പുകളിലൊരാൾക്ക് പ്രത്യേക ശ്രദ്ധ ലഭിക്കുന്നത് അവന്റെ അല്ലെങ്കിൽ അവളുടെ കഴിവുകളോ വ്യക്തിത്വമോ ആവശ്യങ്ങളോ നിമിത്തമായിരിക്കാം. അവർക്കതു ലഭിക്കുന്നതു കാണുമ്പോൾ നിങ്ങൾക്കു സ്വാഭാവികമായും വിഷമം തോന്നിയേക്കാം. എന്നാൽ ചോദ്യമിതാണ്, നിങ്ങളുടെ ആവശ്യങ്ങൾ യഥാർഥത്തിൽ അവഗണിക്കപ്പെടുന്നുണ്ടോ? നിങ്ങൾക്ക് മാതാപിതാക്കളുടെ ഉപദേശമോ സഹായമോ പിന്തുണയോ ആവശ്യമുള്ളപ്പോൾ അവർ നിങ്ങളെ സഹായിക്കാൻ തയ്യാറാണോ? എങ്കിൽ നിങ്ങൾ അനീതിക്ക് ഇരയാണെന്ന് യഥാർഥത്തിൽ പറയാൻ കഴിയുമോ? മറ്റുള്ളവരോട് അവരുടെ “ആവശ്യങ്ങളനുസരിച്ച്” പെരുമാറാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (റോമർ 12:13, NW) നിങ്ങളും നിങ്ങളുടെ സഹോദരീസഹോദരൻമാരും വ്യത്യസ്ത ആവശ്യങ്ങളുള്ള വ്യക്തികളാകയാൽ മാതാപിതാക്കൾക്ക് നിങ്ങളോട് എല്ലായ്പോഴും ഒരുപോലെ ഇടപെടാൻ സാധിക്കില്ല.
അങ്ങനെ, ഒരുപോലെയുള്ള ഇടപെടൽ എല്ലായ്പോഴും നീതിപൂർവകമല്ലെന്നും നീതിപൂർവകമായ ഇടപെടൽ എല്ലായ്പോഴും ഒരുപോലെയുള്ളതല്ലെന്നും നേരത്തേ ഉദ്ധരിച്ച ബെത്ത് മനസ്സിലാക്കാനിടയായി. അവൾ പറയുന്നു: “ഞാനും എന്റെ ആങ്ങളയും വ്യത്യസ്തരായ രണ്ടാളുകളാണെന്നും ഞങ്ങളോട് വ്യത്യസ്ത രീതികളിൽ ഇടപെടേണ്ടതുണ്ടെന്നും ഞാൻ മനസ്സിലാക്കാനിടയായി. പിന്തിരിഞ്ഞുനോക്കുമ്പോൾ, കുറെക്കൂടെ ചെറുപ്പമായിരുന്നപ്പോൾ എനിക്കത് മനസ്സിലാക്കാൻ കഴിയാഞ്ഞതിൽ ഞാൻ അതിശയിക്കുന്നു. ആ പ്രായത്തിൽ ഒരുവൻ കാര്യങ്ങളെ വീക്ഷിക്കുന്ന വിധമാണ് അതിനു കാരണമെന്ന് ഞാൻ ഊഹിക്കുന്നു.”
വിവേകമുള്ളവരായിരിക്കാൻ പഠിക്കൽ
അതേ, ‘ഒരുവൻ കാര്യങ്ങളെ വീക്ഷിക്കുന്ന വിധം’ സാഹചര്യത്തോട് അയാൾ പ്രതികരിക്കുന്ന വിധത്തെ വളരെയധികം സ്വാധീനിക്കുന്നു. നിറമുള്ള കണ്ണടകൾപോലെ, കാര്യങ്ങളെ യഥാർഥമല്ലാത്ത വിധത്തിൽ കാണുന്നതിന് വികാരങ്ങൾ നിങ്ങളെ ഇടയാക്കുന്നു. മാതാപിതാക്കളുടെ ശ്രദ്ധയ്ക്കും അംഗീകാരത്തിനും വേണ്ടിയുള്ള കുട്ടികളുടെ വൈകാരികാവശ്യം ശക്തമാണ്. ഗവേഷകരായ സ്റ്റീവൻ ബാങ്കും മൈക്കൽ കാനും ഇങ്ങനെ അഭിപ്രായപ്പെടുന്നു: “വളരെ ഭിന്നരായ തങ്ങളുടെ കുട്ടികളോട് ഒരുപോലെ ഇടപെടുകയെന്ന അസാധ്യ സ്വപ്നം മാതാപിതാക്കൾക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞാൽത്തന്നെയും മാതാപിതാക്കൾ മറ്റു കുട്ടികളിൽ ആരോടെങ്കിലും പ്രത്യേക വാത്സല്യം കാട്ടുന്നതായി ഓരോ കുട്ടിക്കും തോന്നും.”
ഉദാഹരണത്തിന്, തുടക്കത്തിൽ ഉദ്ധരിച്ച മൂന്നു കുട്ടികൾ പറഞ്ഞ കാര്യം ഒന്നുകൂടെ പരിചിന്തിക്കാം. അവർ സഹോദരീസഹോദരൻമാരാണ്! എന്ന് അറിയുന്നില്ലെങ്കിൽ അവരുടെ സ്ഥിതി നിരാശാജനകമായി തോന്നും. അതേ, മറ്റുള്ളവർക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുകയാണെന്നും തന്നെ തഴയുകയാണെന്നും അവരിലോരോരുത്തരും സങ്കൽപ്പിക്കുന്നു! അതുകൊണ്ട്, മിക്കപ്പോഴും നമ്മുടെ വീക്ഷണം കുറച്ചൊക്കെ വികലമാണ്. “വിവേകമുള്ളവൻ ശാന്തമാനസ്സൻ ആകുന്നു” എന്ന് സദൃശവാക്യങ്ങൾ 17:27, (NW) പറയുന്നു. വിവേകമുള്ളവരായിരിക്കുക എന്നു പറഞ്ഞാൽ വികാരങ്ങൾക്ക് അടിമപ്പെടാതെ കാര്യങ്ങളെ അവ യഥാർഥത്തിൽ ആയിരിക്കുന്ന വിധത്തിൽ, വസ്തുനിഷ്ഠമായി വീക്ഷിക്കുക എന്നാണർഥം. മാതാപിതാക്കൾ നിങ്ങളോടെല്ലാവരോടും ഒരുപോലെയല്ല ഇടപെടുന്നതെങ്കിൽക്കൂടി നിങ്ങളുടെയെല്ലാവരുടെയും അത്യുത്തമ താത്പര്യങ്ങളാണ് തീർച്ചയായും അവരുടെ മനസ്സിലുള്ളതെന്ന് തിരിച്ചറിയാൻ വിവേകം നിങ്ങളെ സഹായിക്കും! ഇതു മനസ്സിലാക്കുന്നത് ദേഷ്യവും കാലുഷ്യവും ഉള്ളവരായിരിക്കുന്നതിൽനിന്ന് നിങ്ങളെ തടയും.
എന്നാൽ, കിട്ടേണ്ട ശ്രദ്ധ കിട്ടാത്തതായി നിങ്ങൾക്ക് ന്യായമായി തോന്നുന്നെങ്കിലെന്ത്? നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ഇത് ഉണരുക!യുടെ ഒരു ഭാവി ലക്കത്തിൽ പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
b പക്ഷപാതത്തെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഒരു ഭാവി ലേഖനം കൂടുതൽ കാര്യങ്ങൾ വിവരിക്കുന്നതായിരിക്കും.
[26-ാം പേജിലെ ചിത്രം]
വ്യത്യസ്ത രീതിയിലുള്ള ഇടപെടൽ നീതിരഹിതമായി തോന്നിയേക്കാം