യുവജനങ്ങൾ ചോദിക്കുന്നു . . .
പക്ഷപാതത്തെ എനിക്കെങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും?
“എന്റെ അനുജത്തി എന്നെക്കാൾ രണ്ടു വയസ്സിന് ഇളപ്പമാണ്. അവൾക്കാണ് എല്ലാ ശ്രദ്ധയും ലഭിക്കുന്നത്. . . . അതു ന്യായമാണെന്ന് എനിക്കു തോന്നുന്നില്ല.”—വീണ.a
നിങ്ങളുടെ സഹോദരനോ സഹോദരിക്കോ എത്രയധികം ശ്രദ്ധ ലഭിക്കുന്നുവോ നിങ്ങൾ അത്രയധികം അവഗണിക്കപ്പെടുന്നതായി തോന്നിയേക്കാം. തന്നെയുമല്ല, ശ്രദ്ധേയമായ കഴിവുകളുള്ളവരോ ഗുരുതരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരോ അല്ലെങ്കിൽ താത്പര്യങ്ങളിലും വ്യക്തിത്വ സവിശേഷതകളിലും മാതാപിതാക്കളോടു സമാനത പുലർത്തുന്നവരോ ആയ കൂടപ്പിറപ്പുകൾ നിങ്ങൾക്കുണ്ടെങ്കിൽ അൽപ്പമെങ്കിലും ശ്രദ്ധ ലഭിക്കാൻ കഠിനശ്രമംതന്നെ വേണ്ടിവന്നേക്കാം! എത്രമാത്രം അതിനെക്കുറിച്ചു ചിന്തിക്കുന്നുവോ അത്രയധികം വേദനയും കോപവും നിങ്ങൾക്കു തോന്നിയേക്കാം.b
എന്നിരുന്നാലും, ബൈബിൾ മുന്നറിയിപ്പു നൽകുന്നു: “ക്ഷോഭിച്ചോളൂ; പക്ഷേ പാപം ചെയ്യരുത്. നിങ്ങളുടെ കിടക്കകളിൽ വച്ചു ഹൃദയംകൊണ്ടു സംവദിക്കുക; മൗനം പാലിക്കുക.” (സങ്കീർത്തനം 4:4, ഓശാന ബൈബിൾ) നിങ്ങൾ അസ്വസ്ഥനോ കോപിഷ്ഠനോ ആയിരിക്കുമ്പോൾ പിന്നീടു ഖേദം തോന്നിയേക്കാവുന്ന എന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ വളരെയധികം സാധ്യതയുണ്ട്. തന്റെ സഹോദരനായ ഹാബെലിനു ദൈവമുമ്പാകെ ഉണ്ടായിരുന്ന സ്വീകാര്യനില നിമിത്തം കയീൻ എപ്രകാരം അസ്വസ്ഥനായിത്തീർന്നുവെന്നോർക്കുക. ദൈവം അവനു മുന്നറിയിപ്പു നൽകി: “പാപം വാതില്ക്കൽ [പതുങ്ങി] കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം.” (ഉല്പത്തി 4:3-16) കയീൻ തന്റെ വികാരങ്ങളെ കീഴടക്കുന്നതിൽ പരാജിതനായി. ഫലം വിനാശകരമായിരുന്നു!
തീർച്ചയായും നിങ്ങൾ കയീനെപ്പോലെ ഒരു കൊലപാതകിയായിത്തീരുന്നതിന്റെ വക്കിലെത്തിയിട്ടില്ലായിരിക്കാം. എങ്കിലും, പക്ഷപാതത്തിനു മോശമായ ചിന്തകളും വികാരങ്ങളുമുണർത്താൻ കഴിയും. അതുകൊണ്ട് ആപത്തുകൾ നിങ്ങളുടെ വാതിൽക്കൽ പതുങ്ങിക്കിടക്കുകയായിരിക്കാം! അവയിൽ ചിലത് എന്തൊക്കെയാണ്? ഈ അവസ്ഥയെ കീഴടക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കും?
നാവിനെ നിയന്ത്രിക്കുക!
ബീനയ്ക്ക് 13 വയസ്സുണ്ടായിരുന്നപ്പോൾ, മാതാപിതാക്കൾ തന്റെ സഹോദരനോടു പക്ഷപാതം കാണിക്കുന്നതായും തന്നോട് ന്യായരഹിതമായി പെരുമാറുന്നതായും അവൾക്കു തോന്നി. അവളിങ്ങനെ ഓർമിക്കുന്നു: “അമ്മയും ഞാനും പരസ്പരം വല്ലാതെ ഒച്ചവെക്കുമായിരുന്നു. പക്ഷേ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലായിരുന്നു. അമ്മ പറയുന്നതു ഞാനൊരിക്കലും ശ്രദ്ധിച്ചിരുന്നില്ല. ഞാൻ പറയുന്നത് അമ്മയും. അതുകൊണ്ടുതന്നെ ഞങ്ങൾക്കു യാതൊന്നും നേടാനും കഴിഞ്ഞില്ല.” ബഹളം കൂട്ടുന്നത് മോശമായ അവസ്ഥയെ കൂടുതൽ വഷളാക്കുകയേയുള്ളുവെന്നു നിങ്ങളും മനസ്സിലാക്കിയിരിക്കാം. എഫെസ്യർ 4:31 പറയുന്നു: “എല്ലാ കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.”
നിങ്ങളുടെ വീക്ഷണം വ്യക്തമാക്കുന്നതിന് ആക്രോശിക്കേണ്ട ആവശ്യമില്ല. ശാന്തമായ സമീപനം സാധാരണഗതിയിൽ കൂടുതൽ ഫലപ്രദമാണ്. സദൃശവാക്യങ്ങൾ 25:15 ഇങ്ങനെ പറയുന്നു: “ദീർഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു; മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.” അതുകൊണ്ട് മാതാപിതാക്കൾ പക്ഷപാതം കാണിക്കുന്നതായി തോന്നുന്നെങ്കിൽ, അലറുകയോ ആരോപണങ്ങളുന്നയിക്കുകയോ ചെയ്യാതിരിക്കുക. അനുയോജ്യമായ ഒരു അവസരത്തിനുവേണ്ടി കാത്തിരുന്ന് സൗമ്യമായി, ആദരവോടുകൂടി അവരോടു സംസാരിക്കുക.—സദൃശവാക്യങ്ങൾ 15:23 താരതമ്യം ചെയ്യുക.
മാതാപിതാക്കളുടെ കുറവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നെങ്കിൽ അല്ലെങ്കിൽ അവർ ‘ന്യായരഹിതമായി’ പെരുമാറുന്നുവെന്നു കുറ്റപ്പെടുത്തുന്നെങ്കിൽ നിങ്ങൾ അവരെ അകറ്റിക്കളയുകയോ ആരോപണങ്ങളെ ചെറുക്കാൻ അവരെ പ്രേരിപ്പിക്കുകയോ മാത്രമേ ചെയ്യുകയുള്ളൂ. അതിനു പകരം അവരുടെ ചെയ്തികൾ നിങ്ങളെ എങ്ങനെ ബാധിച്ചു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. (‘നിങ്ങളെന്നെ അവഗണിക്കുമ്പോൾ എനിക്കു വല്ലാതെ വിഷമം തോന്നാറുണ്ട്,’ എന്നതുപോലെ.) സാധ്യതയനുസരിച്ച്, അവർ നിങ്ങളുടെ വികാരങ്ങളെ കൂടുതൽ ഗൗരവപൂർവം പരിഗണിച്ചേക്കും. കൂടാതെ “കേൾപ്പാൻ വേഗത”യുള്ളവരായിരിക്കുക. (യാക്കോബ് 1:19) നിങ്ങളുടെ കൂടപ്പിറപ്പിനു കൂടുതൽ ശ്രദ്ധ നൽകുന്നതിന് നിങ്ങളുടെ മാതാപിതാക്കൾക്ക് ഒരുപക്ഷേ ന്യായമായ കാരണങ്ങളുണ്ടായിരിക്കാം. ഒരുപക്ഷേ നിങ്ങൾക്കറിയില്ലാത്ത പ്രശ്നങ്ങൾ അവനുണ്ടായിരിക്കാം.
പക്ഷേ, കോപിഷ്ഠനായിരിക്കുമ്പോൾ പൊട്ടിത്തെറിക്കാനോ, പരുഷമായി സംസാരിക്കാനോ നിങ്ങൾ ചായ്വുള്ളവനാണെങ്കിലെന്ത്? സദൃശവാക്യങ്ങൾ 25:28 “ആത്മസംയമം ഇല്ലാത്ത പുരുഷ”നെ ‘മതിൽ ഇല്ലാത്ത’ പട്ടണത്തോടു താരതമ്യപ്പെടുത്തിയിരിക്കുന്നു. അയാൾ തന്റെ സ്വന്തം അപൂർണമായ ചായ്വുകൾക്ക് അധീനനാകാൻ സാധ്യതയുണ്ട്. അതേസമയം നിങ്ങളുടെ വികാരങ്ങളടക്കാനുള്ള കഴിവ് യഥാർഥ ശക്തിയുടെ തെളിവാണ്! (സദൃശവാക്യങ്ങൾ 16:32) അങ്ങനെയെങ്കിൽ, നിങ്ങളുടെ വികാരങ്ങൾ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിനുമുമ്പ് ശാന്തനാകുന്നതുവരെ, ഒരുപക്ഷേ അടുത്ത ദിവസംവരെ എന്തുകൊണ്ടു നിങ്ങൾക്കു കാത്തിരുന്നുകൂടാ? അത്തരമൊരു അവസ്ഥ ഒഴിവാക്കുന്നതിനുള്ള ഒരു മാർഗമെന്നനിലയിൽ, ഒന്നു നടക്കാൻ പോകുന്നതോ അൽപ്പം വ്യായാമം ചെയ്യുന്നതോ സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. (സദൃശവാക്യങ്ങൾ 17:14) നാവിനെ നിയന്ത്രിക്കുന്നതിനാൽ വേദനിപ്പിക്കുന്നതോ വിവേകശൂന്യമോ ആയ എന്തെങ്കിലും പറയുന്നത് ഒഴിവാക്കാൻ നിങ്ങൾക്കു കഴിയും.—സദൃശവാക്യങ്ങൾ 10:19; 13:3; 17:27.
തന്ത്രപരമായ അനുസരണക്കേട്
ഒഴിവാക്കേണ്ട മറ്റൊരു കെണിയാണ് അനുസരണക്കേട്. തന്റെ കൊച്ചനുജൻ കുടുംബബൈബിളധ്യയനം അലങ്കോലപ്പെടുത്തിയാലും അവനെ ഒരിക്കലും ശിക്ഷിക്കാറില്ലെന്നു പതിനാറു വയസ്സുകാരിയായ മീനയുടെ ശ്രദ്ധയിൽപ്പെട്ടു. പക്ഷപാതം കാണിക്കുന്നതായിട്ടാണ് അവൾക്കു തോന്നിയത്. ഇതിൽ നീരസം തോന്നിയ അവൾ അധ്യയനത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചുകൊണ്ട് “സമരം” തുടങ്ങി. നിങ്ങളോട് അന്യായം കാണിച്ചെന്നു തോന്നിയ ഏതെങ്കിലും അവസരത്തിൽ നിശ്ശബ്ദമായ അവഗണനയോ നിസ്സഹകരണമോ പ്രതിഷേധം കാണിക്കാനുള്ള ഉപാധിയായി നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടോ?
അങ്ങനെയെങ്കിൽ, അത്തരം തന്ത്രപരമായ സമരമുറകൾ നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യാനുള്ള ബൈബിൾ കൽപ്പനയ്ക്കു കടകവിരുദ്ധമാണെന്നു തിരിച്ചറിയുക. (എഫെസ്യർ 6:1, 2) മാത്രമല്ല, അനുസരണക്കേട് മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധത്തിനു തുരങ്കംവെക്കുകയും ചെയ്യുന്നു. മാതാപിതാക്കളുമായി പ്രശ്നം തുറന്നു ചർച്ച ചെയ്യുകയാണ് മെച്ചം. സദൃശവാക്യങ്ങൾ 24:26 “നേരുള്ള ഉത്തരം പറയുന്നവൻ” മറ്റുള്ളവരുടെ ബഹുമാനം നേടിയെടുക്കുന്നുവെന്നു പറയുന്നു. മീന തന്റെ അമ്മയുമായി പ്രശ്നം ചർച്ചചെയ്തപ്പോൾ അവർ ഒരു പരസ്പര ധാരണയിലെത്തിച്ചേർന്നു. അങ്ങനെ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി.
ഒറ്റപ്പെടലിന്റെ അപകടം
പക്ഷപാതത്തെ നേരിടാനുപയോഗിക്കുന്ന മറ്റൊരു ആപത്കരമായ വിധമാണ് കുടുംബത്തിൽനിന്ന് അകലുകയോ ശ്രദ്ധയ്ക്കുവേണ്ടി അവിശ്വാസികളിലേക്കു തിരിയുകയോ ചെയ്യുന്നത്. കമലിന്റെ കാര്യത്തിൽ ഇതാണു സംഭവിച്ചത്: “ഞാനെന്റെ കുടുംബത്തിൽനിന്ന് സ്വയം ഒറ്റപ്പെടുകയും സ്കൂളിലെ ലൗകിക സുഹൃത്തുക്കളിലേക്കു തിരിയുകയും ചെയ്തു. എനിക്കു കാമുകന്മാർപോലും ഉണ്ടായിരുന്നു. പക്ഷേ എന്റെ മാതാപിതാക്കൾക്ക് അതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. എങ്കിലും, എന്റെ പോക്ക് ശരിയല്ലെന്ന് അറിയാമായിരുന്നതിനാൽ പിന്നീട് വളരെയേറെ വിഷാദവും കുറ്റബോധവും എനിക്കനുഭവപ്പെട്ടു. ആ സാഹചര്യത്തിൽനിന്നു രക്ഷപ്പെടണമെന്നു ഞാനാഗ്രഹിച്ചു, പക്ഷേ മാതാപിതാക്കളോട് അതേപ്പറ്റി പറയാൻ ഒരു മാർഗവും എന്റെ മുമ്പിൽ തെളിഞ്ഞില്ല.”
നിങ്ങളുടെ കുടുംബത്തിൽനിന്നും സഹവിശ്വാസികളിൽനിന്നും സ്വയം ഒറ്റപ്പെടുത്തുന്നത് അപകടകരമാണ്—പ്രത്യേകിച്ചു നിങ്ങൾ അസ്വസ്ഥനും ശരിയാംവിധം ചിന്തിക്കാൻ അപ്രാപ്തനും ആയിരിക്കുമ്പോൾ. സദൃശവാക്യങ്ങൾ 18:1 മുന്നറിയിപ്പു നൽകുന്നു: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.” ഈ സമയങ്ങളിൽ മാതാപിതാക്കളെ സമീപിക്കാൻ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ സദൃശവാക്യങ്ങൾ 17:17-ൽ പറഞ്ഞിരിക്കുന്നതുപോലുള്ള ഒരു സുഹൃത്തിനെ നേടാൻ ശ്രമിക്കുക. “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.” സാധാരണഗതിയിൽ അത്തരം ‘ഒരു യഥാർഥ സ്നേഹിതനെ’ ഏറ്റവും എളുപ്പം കണ്ടെത്താൻ കഴിയുന്നത് സഭയിലെ പക്വതയുള്ളവരുടെ ഇടയിലാണ്.
കമൽ അവൾക്കാവശ്യമുണ്ടായിരുന്ന സമയത്ത് ‘ഒരു യഥാർഥ സ്നേഹിതനെ’ കണ്ടെത്തി: “സർക്കിട്ട് മേൽവിചാരകൻ [സഞ്ചാര ശുശ്രൂഷകൻ] ഞങ്ങളുടെ സഭയെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ശുശ്രൂഷയിലേർപ്പെടാൻ എന്റെ മാതാപിതാക്കൾ എന്നെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹവും ഭാര്യയും തികച്ചും യാഥാർഥ്യബോധമുള്ളവരായിരുന്നു. അവരെന്നിൽ യഥാർഥ താത്പര്യം കാണിച്ചു. എനിക്ക് അവരുമായി മനസ്സുതുറന്നു സംസാരിക്കാൻ കഴിഞ്ഞു. അവരെന്നെ കുറ്റപ്പെടുത്തുമെന്ന ഭയം എനിക്കുണ്ടായില്ല. ഒരുവൻ ഒരു ക്രിസ്ത്യാനിയായി വളർത്തപ്പെട്ടു എന്നതുകൊണ്ടു മാത്രം അയാൾ കുറ്റമറ്റ വ്യക്തിയായിരിക്കണമെന്ന് അർഥമില്ലെന്ന് അവർക്കറിയാമായിരുന്നു.” അവരുടെ പ്രോത്സാഹനവും പക്വതയാർന്ന ബുദ്ധ്യുപദേശവും മാത്രമായിരുന്നു കമലിനു വേണ്ടിയിരുന്നതും!—സദൃശവാക്യങ്ങൾ 13:20.
ഈർഷ്യയുടെ അപകടം
സദൃശവാക്യങ്ങൾ 27:4 മുന്നറിയിപ്പു നൽകുന്നു: “ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ [“അസൂയയുടെ,” NW] മുമ്പിലോ ആർക്കു നില്ക്കാം?” പ്രീതിക്കു പാത്രമായ ഒരു കൂടപ്പിറപ്പിനോടുള്ള ഈർഷ്യയും അസൂയയും ചില യുവജനങ്ങളെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളിലേക്കു നയിച്ചിട്ടുണ്ട്. ഒരു സ്ത്രീ ഇങ്ങനെ ഏറ്റുപറയുന്നു: “എനിക്കു ചെറുപ്പത്തിൽ കട്ടികുറഞ്ഞ്, ഉള്ളില്ലാത്ത ചെമ്പിച്ച മുടിയാണുണ്ടായിരുന്നത്. അതേസമയം എന്റെ സഹോദരിക്ക് അരക്കെട്ടിനു താഴെവരെ എത്തുന്ന നല്ല ഉള്ളുള്ള മനോഹരമായ സ്വർണ മുടിയുണ്ടായിരുന്നു. അച്ഛനെപ്പോഴും അവളുടെ മുടിയെ പുകഴ്ത്തിപ്പറയാറുണ്ടായിരുന്നു. അദ്ദേഹം അവളെ തന്റെ ‘റാപുൺസേൽ’ എന്നാണു വിളിച്ചിരുന്നത്. ഒരു രാത്രി അവളുറങ്ങിക്കിടക്കുമ്പോൾ ഞാൻ അമ്മയുടെ തയ്യൽക്കത്രിക എടുത്ത് ഒച്ചയുണ്ടാക്കാതെ അവളുടെ കിടക്കയുടെ അടുത്തുചെന്ന് എനിക്കു സാധിച്ചിടത്തോളം മുടി മുറിച്ചുകളഞ്ഞു.”—അഡെൽ ഫാബറിന്റെയും ഇലേൻ മസ്ലിഷിന്റെയും ശത്രുതയില്ലാത്ത കൂടപ്പിറപ്പുകൾ (ഇംഗ്ലീഷ്).
ബൈബിൾ ഈർഷ്യയെ ദുഷ്ടമായ “ജഡത്തിന്റെ പ്രവൃത്തിക”ളിലൊന്നായി തിരിച്ചറിയിച്ചിരിക്കുന്നതിൽ യാതൊരത്ഭുതവുമില്ല. (ഗലാത്യർ 5:19-21; റോമർ 1:28-32) എന്നിരുന്നാലും, “ഈർഷ്യ കാണിക്കാനുള്ള ചായ്വ്” നമ്മിലെല്ലാവരിലുമുണ്ട്. (യാക്കോബ് 4:5, NW) അതുകൊണ്ട്, കൂടപ്പിറപ്പിനെ കുഴപ്പത്തിൽ ചാടിക്കുന്നതിനോ അവനു ചീത്തപ്പേരുണ്ടാക്കുന്നതിനോ ഏതെങ്കിലുമൊക്കെ വിധത്തിൽ അവനെ താഴ്ത്തിക്കെട്ടുന്നതിനോ ശ്രമിക്കുന്നെങ്കിൽ ഈർഷ്യ വാസ്തവമായും ‘വാതിൽക്കൽ പതുങ്ങിക്കിടക്കുകയായിരിക്കാം,’ നിങ്ങളുടെമേൽ ആധിപത്യമുറപ്പിക്കാൻ ശ്രമിച്ചുകൊണ്ട്!
അത്തരം ദ്രോഹകരമായ വികാരങ്ങൾ നിങ്ങളുടെ മനസ്സിൽ ഗൂഢമായി നിലനിൽക്കുന്നുവെന്നു മനസ്സിലാക്കുന്നെങ്കിൽ നിങ്ങളെന്തു ചെയ്യണം? ഒന്നാമതായി ദൈവത്തോട് അവന്റെ ആത്മാവിനുവേണ്ടി പ്രാർഥിച്ചുനോക്കുക. ഗലാത്യർ 5:16 ഇങ്ങനെ പറയുന്നു: “ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല.” (തീത്തൊസ് 3:3-7 താരതമ്യം ചെയ്യുക.) കൂടപ്പിറപ്പിനോടുള്ള നമ്മുടെ യഥാർഥ വികാരമെന്തെന്നു വിലയിരുത്താനും അതു നമ്മെ സഹായിച്ചേക്കാം. നീരസമൊക്കെയുണ്ടെങ്കിലും നിങ്ങൾക്ക് അവനോട് അൽപ്പംപോലും സ്നേഹമില്ലെന്നു തീർത്തു പറയാൻ കഴിയുമോ? കൊള്ളാം, തിരുവെഴുത്തുകൾ “സ്നേഹം സ്പർദ്ധിക്കുന്നില്ല” എന്നു നമ്മോടു പറയുന്നു. (1 കൊരിന്ത്യർ 13:4) അതുകൊണ്ട് നിഷേധാത്മകവും ഈർഷ്യയുണർത്തുന്നതുമായ കാര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കാതിരിക്കുക. അവനോ അവൾക്കോ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ശ്രദ്ധ നിങ്ങളുടെ മാതാപിതാക്കളിൽനിന്നു ലഭിക്കുന്നുണ്ടെങ്കിൽ അവരോടൊത്തു സന്തോഷിക്കാൻ ശ്രമിക്കുക.—റോമർ 12:15 താരതമ്യം ചെയ്യുക.
മാതാപിതാക്കളുമായുള്ള നിങ്ങളുടെ സംഭാഷണവും ഈ വിഷയത്തിൽ സഹായകമായേക്കാം. നിങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് അവർക്കു ബോധ്യംവന്നാൽ കൂടപ്പിറപ്പിനോടു തോന്നുന്ന ഈർഷ്യപൂണ്ട ചിന്തകൾ ഒഴിവാക്കാൻ അതു നിങ്ങളെ വളരെയേറെ സഹായിച്ചേക്കാം. എന്നാൽ വീട്ടിൽ കാര്യങ്ങൾ മെച്ചപ്പെടുന്നുമില്ല, പക്ഷപാതം തുടരുകയും ചെയ്യുന്നെങ്കിലെന്ത്? കോപാകുലനാകുകയോ ആക്രോശിക്കുകയോ മാതാപിതാക്കളോടു മത്സരിക്കുകയോ ചെയ്യരുത്. സഹായമനസ്ഥിതിയും അനുസരണ മനോഭാവവും കാണിക്കുന്നതിൽ തുടരാൻ ശ്രമിക്കുക. അത്യാവശ്യമെങ്കിൽ ക്രിസ്തീയസഭയിലെ പക്വതയുള്ളവരിൽനിന്നും സഹായമാവശ്യപ്പെടുക. എല്ലാറ്റിനും മീതെ, യഹോവയാം ദൈവവുമായി അടുത്ത ബന്ധം പുലർത്തുക. സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ ഓർമിക്കുക: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും”—സങ്കീർത്തനം 27:10.
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാറ്റിയിരിക്കുന്നു.
b 1997 ഒക്ടോബർ 22 ലക്കം ഉണരുക!യിലെ “മുഴു ശ്രദ്ധയും എന്റെ സഹോദരനു ലഭിക്കുന്നതെന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
[19-ാം പേജിലെ ചിത്രം]
നിങ്ങൾ അവഗണിക്കപ്പെട്ടതായി തോന്നുന്നുവെന്നു വിശദീകരിക്കുന്നത് ഒരുപക്ഷേ പ്രശ്നം പരിഹരിച്ചേക്കാം