ഞങ്ങളുടെ വായനക്കാരിൽ നിന്ന്
സഹിഷ്ണുത എനിക്ക് 22 വയസ്സുണ്ട്. നിങ്ങൾ പ്രസിദ്ധീകരിച്ച “സഹിഷ്ണുത—ലോകം ബഹുദൂരം പോയിരിക്കുന്നുവോ?” (ജനുവരി 22, 1997) എന്ന ലേഖനപരമ്പരയ്ക്കു നന്ദി പറയാൻ ഞാനാഗ്രഹിക്കുന്നു. യുവക്രിസ്ത്യാനികൾക്കു വളരെയേറെ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതുണ്ട്. അതിരുകടന്ന മനോഭാവങ്ങൾ ഒഴിവാക്കുന്നതിനും ലോകത്തിന്റെ സമ്മർദങ്ങളെ നേരിട്ടുകൊണ്ട് യഹോവയെ സേവിക്കുന്നതിനുള്ള എന്റെ നിശ്ചയം അരക്കിട്ടുറപ്പിക്കുന്നതിനും ഈ ലേഖനങ്ങൾ എനിക്കു പ്രോത്സാഹനമായി.
എം. ബി., ഇറ്റലി
മലങ്കാക്ക “മലങ്കാക്ക—അതിനെ വ്യത്യസ്തമാക്കുന്നതെന്ത്?” (ജനുവരി 8, 1997) എന്ന വിജ്ഞാനപ്രദമായ ലേഖനം എന്നെ ഹഠാദാകർഷിച്ചു. എനിക്കു 18 വയസ്സുണ്ട്. ഞാൻ ഇവിടെ അടുത്തുള്ള ഒരു പ്രകൃതിഗവേഷണ കേന്ദ്രത്തിൽ പ്രകൃതിശാസ്ത്രവിദ്യാർഥിനിയായി ഒരു അംശകാലജോലിയിൽ പ്രവേശിച്ചതേയുള്ളൂ. ഞങ്ങൾ വളർത്തുന്ന ജീവികളുടെ കൂട്ടത്തിൽ രണ്ടു മനോഹരമായ മലങ്കാക്കകളുമുണ്ട്. അവ നിങ്ങളുടെ ലേഖനത്തിൽ വിവരിച്ചിരിക്കുന്നതുപോലെതന്നെയാണ്—ശരിക്കും സൂത്രക്കാർ. ഞാൻ ഈ ലേഖനം എന്റെ സഹപ്രവർത്തകരുമായി പങ്കുവെക്കണമെന്നു വിചാരിക്കുന്നു.
ജെ. സി., ഐക്യനാടുകൾ
നിങ്ങൾ നൽകിയ വിവരങ്ങൾ വാസ്തവികവും രസകരവുമായിരുന്നു. കാക്കവർഗത്തിൽപ്പെട്ട പക്ഷികൾ തന്ത്രശാലികളായ കള്ളന്മാരാണെന്ന് ഇവിടെ ഘാനയിൽ ഞാൻ പഠിക്കുന്ന സർവകലാശാലയിലെ എല്ലാവർക്കുമറിയാം. ഇവിടുത്തെ കാക്കകൾ എന്തും—മീൻമുതൽ സോപ്പുവരെ—മോഷ്ടിക്കുമെന്ന വസ്തുത സുവിദിതമാണ്. കാക്കകൾ, ചില കുട്ടികളുടെ ചോറ്റുപാത്രങ്ങൾ തുറന്ന് അവരുടെ ആഹാരം തിന്നതായിപ്പോലും റിപ്പോർട്ടുണ്ട്!
എഫ്. എ. എ., ഘാന
അടുക്കള രസങ്ങൾ “അടുക്കള രസകരമായിരിക്കാൻ കഴിയും” (ജനുവരി 8, 1997) എന്ന ലേഖനത്തിനു നന്ദി. അടുക്കളയിലായിരിക്കുമ്പോൾ നടത്താറുള്ള സംഭാഷണങ്ങളിൽനിന്നു ഞാനും പ്രയോജനമനുഭവിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങിന്റെയും ഉള്ളിയുടെയുമൊക്കെ തൊലി കളയുകയും മറ്റും ചെയ്യവേ, അമ്മ യഹോവയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കുകയും മുഴുഹൃദയത്തോടെ അവനെ സേവിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. അടുക്കളയിൽവെച്ചു നടത്താറുണ്ടായിരുന്ന ഇത്തരം സംഭാഷണങ്ങൾ അച്ഛൻ മതപരമായി ഞങ്ങളോട് എതിർപ്പു പ്രകടിപ്പിച്ചിരുന്ന പ്രയാസഘട്ടങ്ങളിൽ പ്രത്യേകിച്ചും മൂല്യവത്തായിരുന്നു. ഇപ്പോൾ അദ്ദേഹം യഹോവയുടെ ഒരു ദാസനായിത്തീർന്നതു കാണുന്നതിന്റെ സന്തോഷം എനിക്കും അമ്മയ്ക്കുമുണ്ട്. മാത്രമല്ല, പലതരം രുചികരമായ ആഹാരസാധനങ്ങൾ പാകം ചെയ്യാനും ഞാൻ പഠിച്ചിരിക്കുന്നു!
എ. എം. എം., ഇറ്റലി
ഞാൻ ഒരു വിനോദ വ്യവസായിയുടെ വീട്ടിൽ പാചകക്കാരിയായി ജോലി നോക്കുകയാണ്. അതുകൊണ്ട്, അടുക്കളയിൽ ജോലിചെയ്യവേ എനിക്ക് പ്രസിദ്ധരായ ചില വിനോദ വ്യവസായികളുൾപ്പെടെ പല സന്ദർശകരുമായി ആത്മീയ ഭക്ഷണം പങ്കുവെക്കാനുള്ള നിരവധി അവസരങ്ങൾ കൈവന്നിട്ടുണ്ട്. ഞാൻ ഏതാനും ബൈബിൾ സാഹിത്യങ്ങൾ അടുക്കളയിലെ ഒരു മേശവലിപ്പിൽ എപ്പോഴും കരുതും. ഒരവസരത്തിൽ ഞാൻ ഒരു സന്ദർശകനുമൊത്ത് ബൈബിൾ ചർച്ചയാരംഭിച്ചു. പിന്നീട് അദ്ദേഹം കൂടുതൽ ചർച്ചയ്ക്കായി അടുക്കളയിലേക്കു വന്നു. ഞാൻ തിരക്കിട്ട് ഒരു കോഴിയെ പൊരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം എന്റെ വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിൽനിന്നും ഉറക്കെ വായിച്ചു. അതേ, നിങ്ങൾ പറഞ്ഞതു ശരിയാണ്. അടുക്കള രസകരമായിരിക്കാൻ കഴിയും!
എ. ആർ., ഐക്യനാടുകൾ
പാപം ഏറ്റുപറയൽ ഞാനൊരു സഭാമൂപ്പനായി സേവിക്കുകയാണ്. “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ എന്റെ പാപം ഏറ്റുപറയണമോ?” (ജനുവരി 22, 1997) എന്ന ലേഖനം ഞാനെത്രമാത്രം വിലമതിച്ചെന്നു പറയാൻ ആഗ്രഹിക്കുന്നു. ഈ ലേഖനം നിരവധി യുവപ്രായക്കാരെ തങ്ങൾ മുമ്പു ചെയ്ത പാപങ്ങൾ ഏറ്റുപറയാൻ പ്രേരിപ്പിച്ചു. സ്നേഹപൂർവകമായ സഹായം ലഭിച്ച ശേഷം ഈ യുവപ്രായക്കാർ യഹോവയുമായുള്ള അവരുടെ ബന്ധം പുനഃസ്ഥാപിച്ചതു കണ്ടത് തികച്ചും സന്തോഷജനകമായിരുന്നു. തങ്ങളെത്തന്നെ ശുദ്ധരാക്കി നിലനിർത്താൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
ഒ. ബി., ഇറ്റലി
തെറ്റിനെക്കുറിച്ചു മിണ്ടാതിരിക്കുന്നതു തികച്ചും ഹാനികരമായിരിക്കാൻ കഴിയുമെന്നു തിരിച്ചറിയാൻ ലേഖനം എന്നെ സഹായിച്ചു. ഏറ്റുപറയുന്നത് ലജ്ജയോ ജാള്യതയോ ഒക്കെ ഉളവാക്കിയേക്കാം. എങ്കിലും, യഹോവയോടും നിങ്ങളുടെ മാതാപിതാക്കളോടും പാപം ഏറ്റുപറയുമ്പോൾ അത് അവരുമായി കുറെക്കൂടി ശക്തവും ഉറ്റതുമായ ബന്ധം ഉണ്ടാകാനിടയാക്കുന്നു.
ബി. കെ., ഗയാന
തക്ക സമയത്തുതന്നെയാണ് ലേഖനം വന്നത്. ഞാൻ ചെയ്ത സംഗതിയെക്കുറിച്ച് എന്റെ മാതാപിതാക്കളോടും സഭയിലെ മൂപ്പന്മാരോടും പറയേണ്ടതുണ്ടെന്നു മനസ്സിലാക്കാൻ അതെന്നെ സഹായിച്ചു. ആ ലേഖനം എനിക്കുവേണ്ടി എഴുതപ്പെട്ടതുപോലെ തോന്നി. ഒടുവിൽ, ഞാനെന്റെ പ്രശ്നങ്ങളെക്കുറിച്ച് അവരോടു പറഞ്ഞപ്പോൾ എത്രയധികം ആശ്വാസം തോന്നിയെന്നോ!
എ. എ., ഐക്യനാടുകൾ