ഞങ്ങളുടെ വായനക്കാരിൽനിന്ന്
വിവാഹമോചനം “കുട്ടിയുടെ സംരക്ഷണാവകാശം—സമനിലയുള്ള വീക്ഷണമെന്ത്?” (ഡിസംബർ 8, 1997) എന്ന ലേഖന പരമ്പരയോടുള്ള ആഴമായ വിലമതിപ്പു പ്രകടിപ്പിക്കാനാണു ഞാൻ ഇത് എഴുതുന്നത്. എന്റെ വിവാഹമോചനത്തിനു ശേഷം, ഞങ്ങളുടെ പുത്രിയുമായി എന്റെ മുൻ ഭർത്താവിന് എത്രമാത്രം ബന്ധം ഉണ്ടായിരിക്കണം എന്നു നിശ്ചയിക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങളുണ്ടായിരുന്നു. അവർ തമ്മിലുള്ള സമ്പർക്കം കഴിവതും കുറയ്ക്കണം എന്നായിരുന്നു എന്റെ പുതിയ ഭർത്താവിന്റെ അഭിപ്രായം. എന്നാൽ മാതാപിതാക്കളുടെയോ രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടെയോ താത്പര്യങ്ങൾക്കല്ല മറിച്ച്, കുട്ടിയുടെ ക്ഷേമത്തിനു പ്രഥമ സ്ഥാനം കൊടുത്തുകൊണ്ട് ഉണരുക! ഈ പ്രശ്നം പരിഹരിച്ചു.
എൽ. സി., വെയിൽസ്
എന്റെ മകൾ, അവളുടെ ഡാഡിയോടൊപ്പം താമസിക്കണമെന്നു കോടതി തീരുമാനിച്ചപ്പോൾ, ആകെ ഉണ്ടായിരുന്ന ഒരു കുഞ്ഞിനെയാണ് എനിക്കു നഷ്ടപ്പെട്ടത്. അതുകൊണ്ട് പ്രസ്തുത ലേഖനം എനിക്കുവേണ്ടി എഴുതിയതാണെന്നു തോന്നി. യഹോവ നമുക്കു “തൽസമയത്തു ഭക്ഷണം” പ്രദാനം ചെയ്യുന്നുവെന്ന് അറിയുന്നത് ഒരു അനുഗ്രഹമാണ്.—മത്തായി 24:45.
ഡി. ബി., സ്വിറ്റ്സർലൻഡ്
കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ള ഒരു കേസിൽ ഞാൻ രണ്ടുവർഷമായി ഉൾപ്പെട്ടിരുന്നതിനാൽ, ഉണരുക!യുടെ മുഖപേജ് കണ്ടപ്പോൾ കരഞ്ഞുകൊണ്ട് ഞാൻ യഹോവയ്ക്കു നന്ദികൊടുത്തു. അതു വൈകാരിക പ്രക്ഷുബ്ധത നിറഞ്ഞ ഒരു അനുഭവമായിരുന്നു. നിങ്ങൾ ഈ വിഷയം അവതരിപ്പിച്ച പ്രബോധനാത്മകവും സുചിന്തിതവുമായ രീതി ഞാൻ ശരിക്കും വിലമതിക്കുന്നു.
എ. എഫ്., ഐക്യനാടുകൾ
ഞാൻ ഒരു കുട്ടിയായിരിക്കേ എന്റെ മാതാപിതാക്കൾ വിവാഹമോചനം നേടി. രണ്ടുപേരെയും ഒഴിവാക്കാനാവാത്ത അവസ്ഥ നിമിത്തം എനിക്കു വളരെ പ്രയാസം നേരിട്ടു. അതുകൊണ്ട് ഈ വിഷയത്തെ കുറിച്ചുള്ള ലേഖനം എനിക്ക് എത്ര പ്രിയങ്കരമായിരുന്നു എന്നു നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയും. ഈ പ്രശ്നത്തെ കുട്ടികളുടെ വീക്ഷണകോണിൽനിന്ന് അവതരിപ്പിച്ചതിൽ എനിക്ക് അതിയായ നന്ദിയുണ്ട്.
കെ. ഡി., യൂഗോസ്ലാവിയ
ആൽപ്സിലെ പാർക്കുകൾ “ആൽപ്സിലെ ദേശീയ പാർക്കുകളുടെ മനോഹാരിത” (നവംബർ 22, 1997) എന്ന ലേഖനത്തിനു വളരെ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തുറന്നു പറഞ്ഞാൽ, പ്രകൃതിയെ കുറിച്ച് ഇതിനു മുമ്പ് വന്ന ലേഖനങ്ങൾ ഞാൻ വായിച്ചിരുന്നതേയില്ല. എന്നാൽ പ്രസ്തുത ലേഖനത്തിലെ മനോഹരമായ ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ അതു വായിക്കാൻ തീരുമാനിച്ചു. പ്രകൃതിയെ കുറിച്ചുള്ള രസകരമായ എത്രയെത്ര ലേഖനങ്ങൾ ഞാൻ വായിക്കാതെ വിട്ടുകളഞ്ഞു എന്നു മനസ്സിലാക്കിയത് ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ മാത്രമാണ്.
റ്റി. എം., യൂക്രെയിൻ
സ്വവർഗരതി “ബൈബിളിന്റെ വീക്ഷണം: ക്രിസ്ത്യാനികൾ സ്വവർഗരതിക്കാരെ വെറുക്കണമോ?” എന്ന ലേഖനത്തോടു കൂടിയ 1997 ഡിസംബർ 8 ലക്കം ഉണരുക! ലഭിച്ചപ്പോൾ ഞാൻ സന്തോഷത്താൽ മതിമറന്നു. ആ ലേഖനം വളരെ നന്നായി തയ്യാറാക്കിയതായിരുന്നു. പ്രശ്നങ്ങൾ ഉളവാക്കിയേക്കാവുന്ന ഒരു വിഷയം അത് സമനിലയോടെ കൈകാര്യം ചെയ്തു.
എൽ. ഡബ്ളിയു., ഐക്യനാടുകൾ
വിരസത “നിങ്ങൾക്കു ജോലിയിൽ വിരസത അനുഭവപ്പെടുന്നുവോ?” (ഡിസംബർ 22, 1997) എന്ന ലേഖനത്തിന്റെ ഒരു പ്രതി ഞാൻ എന്റെ മേലുദ്യോഗസ്ഥയ്ക്കു കൊടുത്തു. അതു വളരെ ഉത്കൃഷ്ടമായിരുന്നെന്ന് പിറ്റേന്നു രാവിലെ, അവർ എന്നോടു പറഞ്ഞു. അവർ അത് എന്റെ ചില സഹ ജോലിക്കാർക്കു കൈമാറുകയും ഒരു പ്രതി വിശ്രമ മുറിയിൽ ഇടുകയും ചെയ്തു. നിങ്ങൾ ആ ലേഖനം പ്രസിദ്ധീകരിച്ചത് കൃത്യസമയത്തുതന്നെ!
വി. എൽ., ഐക്യനാടുകൾ
താത്പര്യജനകമായ ഈ വിവരത്തിനു നന്ദി. 17 വയസ്സുള്ള ഞാൻ ഒരു മുഴുസമയ ജോലിക്കാരിയാണ്. എന്റെ ജോലി എപ്രകാരം കൂടുതൽ ഉന്മേഷകരമാക്കാം എന്നതു സംബന്ധിച്ച് പ്രസ്തുത ലേഖനം വിശിഷ്ടമായ ഉപദേശം പ്രദാനം ചെയ്തു. നന്ദി!
ഇ. എ., ഇറ്റലി
പ്രസ്തുത ലേഖനത്തിനു വളരെ നന്ദി. ഇപ്പോൾ ഞാൻ ഒരു തൊഴിൽ പരിശീലനത്തിന്റെ രണ്ടാം വർഷത്തിലാണ്. ഒട്ടും ആസ്വാദ്യകരമല്ലാത്ത ആ തൊഴിൽ ചെയ്യുന്നതു തികച്ചും മുഷിച്ചിലാണ്. എന്റെ ജോലിയിൽ വീണ്ടും സന്തോഷം കണ്ടെത്താൻ ആ ലേഖനം സഹായിച്ചു.
ഐ. എഫ്., ജർമനി
റേവുനൃത്തം 19 വയസ്സുകാരിയായ ഞാൻ ടെക്നോ സംഗീതം ശരിക്കും ആസ്വദിച്ചിരുന്നു. എന്നാൽ “യുവജനങ്ങൾ ചോദിക്കുന്നു . . . റേവുനൃത്തം നിരുപദ്രവകരമായ വിനോദമോ?” (ഡിസംബർ 22, 1997) എന്ന ലേഖനം ഞാൻ ആസ്വദിച്ചു. ഇത്തരം സംഗീതത്തെ ഇത്ര കൃത്യമായി വിവരിക്കുന്ന ഒരു ലേഖനം ഞാൻ മുമ്പെങ്ങും കണ്ടിട്ടേയില്ല. “റേവുനൃത്തം യഥാർഥത്തിൽ നിങ്ങൾക്കുള്ളതോ?” എന്ന ഭാഗത്തിനു ഞാൻ പ്രത്യേകം നന്ദി പറയുന്നു. ലളിതവും ന്യായയുക്തവുമായ ഒരു നിഗമനത്തിൽ എത്താൻ ആ ലേഖനത്തിലെ തിരുവെഴുത്തുകളും ചോദ്യങ്ങളും എന്നെ സഹായിച്ചു.
എ. പി., സ്ലോവേനിയ