യുവജനങ്ങൾ ചോദിക്കുന്നു . . .
റേവുനൃത്തം നിരുപദ്രവകരമായ വിനോദമോ?
“കൈകൾ വിരിച്ചുപിടിച്ച് നൃത്തംചെയ്യവേ, സംഗീതം ശരീരത്തിൽ പടർന്നുകയറവേ, ഇതര നർത്തകർ ഉത്തേജനം പകരുന്നതായി എനിക്കനുഭവപ്പെടുന്നു. അത് വികാരാതിരേകത്തിന്റേതായ ഒരനുഭൂതിയുളവാക്കുന്നു.”—ജീന.
ഒരു റേവുനൃത്തത്തിൽ പങ്കെടുക്കുന്നതിന്റെ രോമാഞ്ചജനകമായ അനുഭൂതിയെ ജീന വർണിക്കുന്നത് അപ്രകാരമാണ്. മിക്കപ്പോഴും രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഈ നൃത്തപരിപാടി ആദ്യം ജനപ്രീതിയാർജിച്ചത് ബ്രിട്ടനിലായിരുന്നു, 1980-കളിൽ. എന്നാൽ ഇപ്പോൾ ബെൽജിയം, കാനഡ, ജർമനി, ഇന്ത്യ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഐക്യനാടുകൾ എന്നിവയുൾപ്പെടെ ഗോളത്തിന്റെ എല്ലാഭാഗങ്ങളിലും അവ സ്ഥാനംപിടിച്ചിരിക്കുന്നു.
രാവുമുഴുവൻ നീളുന്ന, ഉന്മാദംപൂണ്ട നൃത്തത്തിനായി ആളുകൾക്ക് കൂടിവരാൻ കഴിയുന്ന നിശാക്ലബ്ബുകൾ, ഉപേക്ഷിക്കപ്പെട്ട പാണ്ടികശാലകൾ, കൊയ്ത്തുകഴിഞ്ഞ പാടങ്ങൾ എന്നിങ്ങനെ എവിടെയും റേവുനൃത്തങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. “റേവുനൃത്തം ക്രമേണ നിശാക്ലബ്ബുകളുടെ സ്ഥാനം കയ്യടക്കുകയാണ്. ഇപ്പോൾ യുവജനങ്ങൾക്ക് അതാണു ഹരം,” ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽനിന്നുള്ള സൺഡേ ടൈംസ് മാഗസിനിൽ ആഡം ലെവിൻ എഴുതി. “നിങ്ങളുടെ കൗമാരപ്രായക്കാരായ കുട്ടികൾ അവയെക്കുറിച്ച് ഇതുവരെ സൂചിപ്പിച്ചിട്ടില്ലെങ്കിൽ നിങ്ങൾ തമ്മിൽ ആശയവിനിമയത്തിന്റെ അഭാവമുണ്ടെന്നർഥം,” അദ്ദേഹം കൂട്ടിച്ചേർത്തു.
റേവുനൃത്തത്തിലേക്കൊരു എത്തിനോട്ടം
ചിലപ്പോൾ, റേവുനൃത്തങ്ങൾ സംഘടിപ്പിക്കപ്പെടുന്ന സ്ഥലം അതു നടത്തുന്ന ദിവസംവരെ വെളിപ്പെടുത്താതെ രഹസ്യമാക്കിവെക്കാറുണ്ട്. എന്നുവരികിലും ദീപങ്ങൾ അത്യുജ്ജ്വല പ്രകാശം പൊഴിക്കുമ്പോൾ, താളാത്മക ടെക്നോ സംഗീതം ആരംഭിക്കുമ്പോൾ എങ്ങുനിന്നെല്ലാമോ ഡസൻകണക്കിന്, ആയിരക്കണക്കിന് വിചിത്ര വേഷധാരികളായ യുവജനങ്ങൾ സന്നിഹിതരായേക്കാം. “ഏകീകൃതരായ ഒരുകൂട്ടം ആളുകൾ ചുറ്റും നൃത്തംചെയ്ത് സംഗീതത്തിന്റെ താളത്തിനൊത്ത് തങ്ങളുടെ ക്രോധം അഴിച്ചുവിടുന്നതുപോലെയാണത്,” ഒരു രണ്ടാംവർഷ കോളെജ് വിദ്യാർഥിനിയായ കെയ്റ്റി പറയുന്നു.
എന്നിരുന്നാലും, കേവലമൊരു നൃത്തത്തെക്കാൾ കവിഞ്ഞതാണ് റേവുനൃത്തം. അതൊരു സംസ്കാരമാണ്, അഥവാ റേവുനൃത്തപ്രേമികൾ വിളിക്കാനിഷ്ടപ്പെടുന്നതുപോലെ, ഒരു “അരങ്ങ്” ആണ്. വംശം, ദേശീയത, ലൈംഗികാഭിലാഷം എന്നീ വ്യത്യാസങ്ങളില്ലാതെ, റേവുനൃത്തങ്ങളുടെ അടിസ്ഥാന തത്ത്വങ്ങൾ സമാധാനം, സ്നേഹം, ഐക്യം, ആദരവ് തുടങ്ങിയവയാണെന്നാണ് പൊതുവേയുള്ള വെപ്പ്. “ഈ കൂടിവരവുകളിൽവെച്ച് സംസ്കാരങ്ങൾ കൂട്ടിക്കലർത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു,” നൃത്ത സംഗീതത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു കടയുടമ പറയുന്നു. “ഒരുമ എന്ന ലക്ഷ്യം സഫലീകരിക്കാനുള്ള ഫലപ്രദമായ ഒരു മുഖാന്തരമാണ് കൂട്ടായി നൃത്തം ചെയ്യുന്നത്,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഉത്കൃഷ്ടമെന്നു തോന്നുന്ന ഇത്തരം ആശയങ്ങളുടെ വീക്ഷണത്തിൽ നിങ്ങളിങ്ങനെ ചോദിച്ചേക്കാം, ‘റേവുനൃത്തത്തിലെന്താ കുഴപ്പം?’ എന്നാൽ, നിങ്ങൾ പരിചിന്തിക്കേണ്ടിയിരിക്കുന്ന മറ്റൊരു വശം കൂടി റേവുനൃത്തത്തിനുണ്ട്.
റേവുനൃത്തത്തിന്റെ അധമവശം
റേവുനൃത്തങ്ങളിൽ ഒട്ടുംതന്നെ മദ്യം ഉപയോഗിക്കുന്നില്ലെന്നാണ് ചിലർ അവകാശപ്പെടുന്നത്. എന്നാൽ മയക്കുമരുന്നുകളുടെ കാര്യം അതല്ല. “മയക്കുമരുന്നുകൾ ഇത്രമാത്രം ലഭ്യമല്ലായിരുന്നെങ്കിൽ റേവുനൃത്തങ്ങൾ ഇത്ര പെട്ടെന്നു ജനരജ്ഞകമാകുമായിരുന്നോയെന്ന് ഒരുവൻ ചിന്തിച്ചുപോകും,” റേവു നർത്തകനായ ബ്രയാൺ സമ്മതിച്ചു പറയുന്നു. “അവ കൂടാതെ റേവുനൃത്തങ്ങൾ നിലവിൽ വരുമായിരുന്നോയെന്നുതന്നെ അനേകർ ചിന്തിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മരിജ്വാനയും എൽഎസ്ഡി-യും ചില റേവുനൃത്തങ്ങളിൽ സുലഭമാണെങ്കിലും അത്തരക്കാർക്കു പ്രിയം, സാധാരണമായി ‘എക്സ്റ്റസി’ എന്നറിയപ്പെടുന്ന എംഡിഎംഎ ആണെന്നു തോന്നുന്നു. എക്സ്റ്റസി താരതമ്യേന സുരക്ഷിതമാണെന്ന് ഉപഭോക്താക്കൾ അവകാശപ്പെടുന്നു. അത് രാത്രി മുഴുവൻ നൃത്തംചെയ്യാൻ ഉത്തേജനമേകുകയും സുഖാനുഭൂതിപകരുകയും മാത്രമേ ചെയ്യുന്നുള്ളൂ എന്ന് അവർ വാദിക്കുന്നു. എന്നിരുന്നാലും, “വിശപ്പ്, ഉറക്കം, മാനസികാവസ്ഥ, ആവേശം, കൂടാതെ മറ്റു മാനസിക ധർമങ്ങൾ എന്നിവയുടെമേൽ എക്സ്റ്റസി നീണ്ടുനിൽക്കുന്നതും ഹാനികരവുമായ ഫലങ്ങൾ ചെലുത്തിയേക്കാ”മെന്ന്, “ജനപ്രീതിയാർജിച്ച മയക്കുമരുന്ന് മസ്തിഷ്കത്തെ അപകടത്തിലാക്കിയേക്കാം” എന്ന തലക്കെട്ടിൻ കീഴിൽ ദ ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. എന്നാലതു മാത്രമല്ല തിക്തഫലങ്ങൾ. “എക്സ്റ്റസി നിമിത്തം ചിലർ മരണമടഞ്ഞിട്ടുണ്ട്. അത് സാധാരണയളവിൽ ഉപയോഗിച്ചവരുടെപോലും ഹൃദയത്തിന്റെയോ കരളിന്റെയോ പ്രവർത്തനം അപകടത്തിലാകുകയോ ബോധക്ഷയം അനുഭവപ്പെടുകയോ ചെയ്ത നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്” എന്ന് ഡോ. ഹോവാർഡ് മകിനി പ്രസ്താവിക്കുന്നു. അപ്പോൾ നല്ല കാരണത്താൽത്തന്നെയാണ് ഡോ. സിൽവാൻ ഡി മിറോൻഡോ ഇങ്ങനെ പറയുന്നത്: “എക്സ്റ്റസി ഉപയോഗിക്കുന്ന റേവുനൃത്തക്കാർ മരണത്തിനൊപ്പമാണു നൃത്തംചവിട്ടുന്നത്.”
ഹെർബൽ ആസിഡ്, ആക്സിലറേഷൻ, ഹെർബൽ എക്സ്റ്റസി, റഷ് തുടങ്ങിയ ജൈവ മയക്കുമരുന്നുകൾപോലും ഉപദ്രവകാരികളായേക്കാം. ഉദാഹരണത്തിന്, ജൈവ മയക്കുമരുന്നായ ആക്സിലറേഷൻ ചില പ്രത്യേക സാഹചര്യങ്ങളിൽ ഹൃദയാഘാതത്തിനോ മരണത്തിനോപോലും ഇടവരുത്തിയേക്കാമെന്ന് പറയപ്പെടുന്നു.
റേവുനൃത്തങ്ങളിൽ ഉപയോഗിക്കുന്ന മയക്കുമരുന്നുകൾ ഹാനികരമല്ലെന്ന് ഇനിയും ശാഠ്യം പിടിക്കുന്നവർ പരിചിന്തിക്കേണ്ടതായ മറ്റൊരു ഘടകം കൂടിയുണ്ട്. എക്സ്റ്റസിയെന്ന രൂപേണ വിറ്റഴിച്ച മയക്കുമരുന്നുകളുടെ 90 ശതമാനവും എക്സ്റ്റസി അല്ലെന്ന് കാനഡക്കാരനായ യാൻ ബിഗ്സ് എന്ന കുറ്റാന്വേഷകൻ അഭിപ്രായപ്പെടുന്നു. “അതിൽ കൂടുതലും പിസിപി-യോ അപകടകരമായ മറ്റ് മയക്കുമരുന്നുകളോ ആണ്. ഇത്തരം മയക്കുമരുന്നു വിൽക്കുന്നവരാകട്ടെ, തത്ത്വദീക്ഷയില്ലാത്തവരും. മയക്കുമരുന്നിന്റെ കരാള ഹസ്തം ഇരയെ വരിഞ്ഞുമുറുക്കാൻ തുടങ്ങുമ്പോഴേക്കും അവർ സ്ഥലംവിട്ടിരിക്കും,” അദ്ദേഹം പറയുന്നു.a
ചില റേവുനൃത്തങ്ങളിൽ മയക്കുമരുന്നുകൾ ഉപയോഗിക്കാറില്ലായിരിക്കാമെന്നു സമ്മതിക്കുന്നു. എന്നാൽ, റേവുനൃത്തത്തിന് സന്നിഹിതരാകുന്നവരിൽ ആരെങ്കിലും, അനേകരും അല്ലെങ്കിൽ ഭൂരിഭാഗവും ഒരു നിയമവിരുദ്ധ പദാർഥത്തിന്റെ സ്വാധീനത്തിൻ കീഴിൽ ആയിരിക്കുമോയെന്നത് മുൻകൂട്ടിപ്പറയുക മിക്കപ്പോഴും അസാധ്യമാണെന്ന് റേവ് നർത്തകർപോലും സമ്മതിക്കും.
റേവുനൃത്തം യഥാർഥത്തിൽ നിങ്ങൾക്കുള്ളതോ?
സംഗീതവും നൃത്തവും അതിൽത്തന്നെ തെറ്റല്ല, ആനന്ദപ്രദമായ സമയം ഉണ്ടായിരിക്കാനാഗ്രഹിക്കുന്നതും അനുചിതമല്ല. എന്താണെങ്കിലും, “ചിരിപ്പാൻ ഒരു കാലം; . . . നൃത്തംചെയ്വാൻ ഒരു കാലം” ഉണ്ട് എന്നു ബൈബിൾ പറയുന്നുണ്ടല്ലോ. (സഭാപ്രസംഗി 3:4) അത് ഇങ്ങനെയും അനുശാസിക്കുന്നു: “നിന്റെ യൗവനത്തിൽ സന്തോഷിക്ക.” (സഭാപ്രസംഗി 11:9) അതേ, നിങ്ങൾ ആനന്ദിക്കാൻ സ്രഷ്ടാവ് ആഗ്രഹിക്കുന്നു! എന്നാൽ, “സർവ്വലോകവും ദുഷ്ടന്റെ [പിശാചായ സാത്താന്റെ] അധീനതയിൽ കിടക്കുന്നു”വെന്നതു നിങ്ങൾ ഓർമിക്കണം. (1 യോഹന്നാൻ 5:19) അതുകൊണ്ട്, ഈ ലോകം പാടിപ്പുകഴ്ത്തുന്ന പല വിനോദരൂപങ്ങളും അനാരോഗ്യകരമായ ഘടകങ്ങളാൽ മിക്കപ്പോഴും മലീമസമാണെന്ന വസ്തുത നിങ്ങളെ അത്ഭുതപ്പെടുത്തേണ്ടതില്ല.
ഉദാഹരണത്തിന്, റേവുനൃത്തങ്ങളിൽ സംബന്ധിക്കുന്നവരെക്കുറിച്ച് ചിന്തിക്കുക. ‘ജഡത്തിലെയും ആത്മാവിലെയും സകല കൻമഷവും നീക്കി തങ്ങളെത്തന്നേ വെടിപ്പാക്കാ’നുള്ള ബൈബിളിന്റെ അനുശാസനം പിൻപറ്റുന്നവരാണോ അവർ? (2 കൊരിന്ത്യർ 7:1) റേവ് നർത്തകർ സമാധാനവും സ്നേഹവും ഐക്യവുമൊക്കെ ഉയർത്തിപ്പിടിച്ചേക്കാമെന്നതു ശരിതന്നെ. എന്നാൽ “ഉന്നതത്തിൽനിന്നുള്ള ജ്ഞാനം” ‘സമാധാനപൂർണ്ണം’ മാത്രമല്ല “ശുദ്ധവു”മാണ്. (യാക്കോബ് 3:15, 17, പിഒസി ബൈബിൾ) നിങ്ങൾ സ്വയം ഇങ്ങനെ ചോദിക്കുക, ‘റേവുനൃത്തങ്ങളിൽ പതിവായി പങ്കെടുക്കുന്നവരുടെ ധാർമികത ദൈവവചനമായ ബൈബിളിലെ നിലവാരങ്ങൾക്കു നിരക്കുന്നതാണോ? “ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായ”വരോടൊത്തു രാത്രിമുഴുവൻ ചെലവഴിക്കാൻ ഞാനാഗ്രഹിക്കുന്നുവോ?’—2 തിമൊഥെയൊസ് 3:4, 5; 1 കൊരിന്ത്യർ 6:9, 10; യെശയ്യാവു 5:11, 12 താരതമ്യം ചെയ്യുക.
പരിഗണനയർഹിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളാണവ. എന്തെന്നാൽ പൗലൊസ് എഴുതി: “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:33, NW) ദൈവനിയമങ്ങളോട് അവമതിപ്പ് പ്രകടിപ്പിക്കുന്നവരോടൊത്തു തുടർച്ചയായി സഹവസിക്കുന്നത് ആത്യന്തികമായി ആപത്ത് വിളിച്ചുവരുത്തും. കാരണം, ബൈബിൾ പ്രസ്താവിക്കുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”—സദൃശവാക്യങ്ങൾ 13:20.
മിക്ക റേവുനൃത്തങ്ങളും, യഥാർഥത്തിൽ മയക്കുമരുന്നുപയോഗിക്കാനുള്ള കൂടിവരവുകളാണെന്നതാണ് വസ്തുത. പങ്കെടുക്കുന്നവർ ദാരുണമായ ഭവിഷ്യത്തുകൾ കൊയ്യുകയും ചെയ്തേക്കാം. ഉദാഹരണത്തിന്, നിയമവിരുദ്ധമായി സംഘടിപ്പിച്ചതിനാലോ മയക്കുമരുന്നുകൾ ലഭ്യമായിരുന്നതിനാലോ ചില റേവുനൃത്തങ്ങൾ പൊലീസ് റെയ്ഡിനെത്തുടർന്ന് നിരോധിക്കപ്പെട്ടിട്ടുണ്ട്. നിയമം അനുസരിക്കാത്ത അത്തരക്കാരിലൊരാളായി എണ്ണപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുമോ? (റോമർ 13:1, 2) നിയമലംഘനം നടക്കുന്നില്ലെങ്കിൽപോലും “ലോകത്താലുള്ള കളങ്കം പററാതവണ്ണം” അത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ നിങ്ങൾക്കാകുമോ? (യാക്കോബ് 1:27) വെറിക്കൂത്ത്, അഥവാ “കുടിച്ചുകൂത്താട്ടങ്ങൾ” (NW) ബൈബിൾ കുറ്റംവിധിക്കുന്നതുകൊണ്ട്, ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ ശുദ്ധമായ ഒരു മനസ്സാക്ഷി കാത്തുകൊള്ളാൻ റേവുനൃത്തത്തിൽ പങ്കെടുക്കുന്നതു നിങ്ങളെ പ്രാപ്തരാക്കുമോ?—ഗലാത്യർ 5:21; 2 കൊരിന്ത്യർ 4:1, 2; 1 തിമൊഥെയൊസ് 1:18, 19.
റേവുനൃത്തങ്ങളുടെ അപകടം സംബന്ധിച്ചു ക്രിസ്ത്യാനികൾ ജാഗ്രതയുള്ളവരായിരിക്കണമെന്നതു വ്യക്തമാണ്. എന്നാൽ നിരാശപ്പെടേണ്ട. എന്തെന്നാൽ നിങ്ങൾക്കാസ്വദിക്കാൻ കഴിയുന്ന മറ്റനേകം വിനോദങ്ങളുണ്ട്. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികളുടെ ഇടയിലെ അനേകം കുടുംബങ്ങൾ ആരോഗ്യാവഹമായ കൂടിവരവുകൾ ക്രമീകരിക്കാറുണ്ട്.b ശ്രദ്ധാപൂർവകമായ ആസൂത്രണവും മേൽനോട്ടവുംമൂലം പങ്കെടുക്കുന്ന എല്ലാവരും ആത്മീയവും ശാരീരികവുമായി നവോൻമേഷമുള്ളവരാകുന്നു. കൂടുതൽ പ്രധാനമായി, പരിപുഷ്ടിപ്പെടുത്തുന്ന സഹവാസം, തന്റെ ജനം ആമോദിക്കണമെന്ന് ഇച്ഛിക്കുന്ന “സന്തുഷ്ട ദൈവ”മായ യഹോവയെ പ്രീതിപ്പെടുത്തുന്നു.—1 തിമൊഥെയൊസ് 1:11, NW; സഭാപ്രസംഗി 8:15.
[അടിക്കുറിപ്പുകൾ]
a വിചിത്ര മാനസികദൃശ്യങ്ങൾ ഉണർത്തുന്നതിനുവേണ്ടി ചിലപ്പോൾ നിയമവിരുദ്ധമായി ഉപയോഗിക്കാറുള്ള ഒരു ബോധഹാരിയാണ് പിസിപി (ഫിൻസൈക്ലിഡിൻ).
b കൂടുതൽ വിവരത്തിന് 1992 നവംബർ 15-ലെ വീക്ഷാഗോപുരത്തിന്റെ 15-20 പേജുകളും 1997 മേയ് 22-ലെ ഉണരുക!യുടെ 8-10 പേജുകളും കാണുക.
[26-ാം പേജിലെ ചതുരം]
ടെക്നോ എന്താണ്?
ലളിതമായി പറഞ്ഞാൽ, ഇലക്ട്രോണിക് നൃത്തസംഗീതമാണ് ടെക്നോ. ഇതിൽ അനേകം ശൈലികളുണ്ട്. മിക്ക ആളുകളും ടെക്നോയെ താളാത്മകമായ ഒന്നായി വർണിക്കും. കാരണം ഒരു മിനിറ്റിൽ 115 മുതൽ 160 വരെ താളങ്ങൾ പകരാൻ ഇതിനാകും.
“ടെക്നോയുമായി പരിചിതരാകാത്തവർക്ക് അത്, ദന്തഡോക്ടറുടെ കസേരയിലിരിക്കുമ്പോൾ കേൾക്കുന്ന ഡെന്റൽ ഡ്രില്ലിന്റെ ശബ്ദവും സൊദോമും ഗൊമോരയും നശിപ്പിക്കപ്പെട്ട രാത്രിയിലേതെന്നു തോന്നിക്കുന്ന ശബ്ദവും ഇടകലർന്നതുപോലിരിക്കും,” ദി യൂറോപ്യൻ പ്രസ്താവിക്കുന്നു. എന്നാൽ, ചില ശ്രോതാക്കൾ ടെക്നോയുടെ ഇടമുറിയാത്ത താളങ്ങളാൽ വശീകരിക്കപ്പെടുന്നു. “ഈ സംഗീതം അപരിമിത സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും വികാരം എന്നിലുളവാക്കുന്നു,” 18-കാരിയായ ക്രിസ്റ്റിന പ്രസ്താവിക്കുന്നു. അങ്ങനെതന്നെയാണ് സോണിയയ്ക്കും അനുഭവപ്പെടുന്നത്. അവൾ അനുസ്മരിക്കുന്നു, “ആദ്യമൊക്കെ ടെക്നോ സംഗീതം എനിക്കൊട്ടും പിടിച്ചില്ല. എന്നാലത് കേൾക്കുന്തോറും ഇമ്പകരമായിത്തീരുന്നു. ഉച്ചത്തിൽവെച്ചാൽ അതിന്റെ മുഴങ്ങുന്ന താളങ്ങളിൽ മയങ്ങിവീണതുതന്നെ. നിങ്ങൾ യാന്ത്രികമായി ചലിക്കും. ശ്രദ്ധിക്കാത്തപക്ഷം, നിങ്ങളുടെ മുഴു ശരീരവും താളത്തിന്റെ ചൊൽപ്പടിയിലാകും.” 19-കാരിയായ ഷേർലിയെ സംബന്ധിച്ചിടത്തോളം ടെക്നോയിൽ ഇതിലുമധികം ഉൾപ്പെട്ടിരിക്കുന്നു. “അത് കേവലമൊരു സംഗീതത്തിലും കവിഞ്ഞതാണ്. വസ്ത്രത്തിലൂടെയും ഭാഷയിലൂടെയും പ്രകടിപ്പിക്കപ്പെടുന്ന മുഴുജീവിതരീതിയുമാണത്.”
“കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധി”ക്കാൻ ക്രിസ്ത്യാനികൾ ആഗ്രഹിക്കുന്നു. (എഫെസ്യർ 5:9) അതുകൊണ്ട്, മറ്റേതൊരു സംഗീതത്തിലുമെന്നപോലെ ടെക്നോയുടെ കാര്യത്തിലും അവർ ജാഗ്രതയുള്ളവരായിരിക്കണം. ടെക്നോയോടു കൂടുതൽ ആകർഷിക്കപ്പെടുന്നെന്നു കണ്ടെത്തുന്നപക്ഷം സ്വയം ചോദിക്കുക: ‘ഈ സംഗീത ശൈലി എപ്രകാരമാണ് എന്നെ ബാധിക്കുന്നത്? ഇതെന്നിൽ സന്തുഷ്ടിയും സ്വസ്ഥതയും സമാധാനവുമാണോ ഉളവാക്കുന്നത്? അതോ ഒരുപക്ഷേ, കോപവും അധാർമികചിന്തകളും ഇളക്കിവിട്ടുകൊണ്ട് അതെന്നെ ആകുലചിത്തനാക്കുന്നുവോ? ഈ സംഗീത ശൈലിയോടുള്ള എന്റെ ആകർഷണം അത് ഉയർത്തിപ്പിടിക്കുന്ന ജീവിതരീതിയിലേക്ക് എന്നെ അടുപ്പിക്കുമോ? ഈ സംഗീതം ശ്രവിക്കാനോ ഇതിനൊത്തു നൃത്തംചെയ്യാനോവേണ്ടി ഒരു റേവുനൃത്തത്തിൽ പങ്കെടുക്കത്തക്കവണ്ണം ഞാൻ പ്രലോഭിതനാകുമോ?’
സംഗീതത്തോടുള്ള നിങ്ങളുടെ അഭിരുചി എന്തായിരുന്നാലും, നിങ്ങൾക്കും നിങ്ങളുടെ സ്വർഗീയ പിതാവിനും മധ്യേ കയറിപ്പറ്റാൻ അതിനെ ഒരിക്കലും അനുവദിക്കരുത്. അതാണ് വാസ്തവത്തിൽ ഏറ്റവും പ്രധാനം.